Home Latest അവസാനമായ് നെറ്റിയിൽ ഒരു ചുംബനവും നൽകി ലച്ചൂട്ടിയെ എന്നെന്നേക്കുമായ് യാത്രയാക്കുമ്പോൾ ബാലയിൽ കരയാൻ കണ്ണുനീർ ബാക്കിയില്ലെന്ന്...

അവസാനമായ് നെറ്റിയിൽ ഒരു ചുംബനവും നൽകി ലച്ചൂട്ടിയെ എന്നെന്നേക്കുമായ് യാത്രയാക്കുമ്പോൾ ബാലയിൽ കരയാൻ കണ്ണുനീർ ബാക്കിയില്ലെന്ന് തോന്നി.. Part – 12

0

Part – 11 വായിക്കാൻ ഇവിടെ Click ചെയ്യുക.

യാദവം Part – 12

രചന : രജിഷ അജയ് ഘോഷ്

“എന്താ എല്ലാവർക്കും വേണ്ടത്.. ഒന്നു പേവ്വോ എല്ലാരും.. ” അവളുടെ ശബ്ദം ഉയർന്നു.. മുഖം ചുളിച്ചു കൊണ്ട് എല്ലാവരും പുറത്തിറങ്ങിയതും സൗദാമിനി അവളെ ചേർത്തു പിടിച്ചു..

“സൗദാമ്മേ.. “കരച്ചിലോടെയവൾ അവരുടെ നെഞ്ചിലേക്ക് വീണു..

ഒടുവിൽ അവസാനമായ് നെറ്റിയിൽ ഒരു ചുംബനവും നൽകി ലച്ചൂട്ടിയെ എന്നെന്നേക്കുമായ് യാത്രയാക്കുമ്പോൾ ബാലയിൽ കരയാൻ കണ്ണുനീർ ബാക്കിയില്ലെന്ന് തോന്നി..

കുഞ്ഞ് നിർത്താതെ കരഞ്ഞപ്പോൾ നളിനി അമ്മായി ഡോക്ടർ നൽകിയ എതോ പൊടി കലക്കി നൽകുന്നത് കണ്ടു.. വിശപ്പു മാറിയപ്പോൾ കരച്ചിൽ നിർത്തി പതിയെ ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു കുറുമ്പിപ്പെണ്ണ്… അവൾക്കരികിലായ്
മടക്കിവച്ച കാൽമുട്ടിൽ മുഖവും ചേർത്തിരിക്കുന്നുണ്ട് ബാല .. കളി ചിരികൾ മാത്രം നിറഞ്ഞു നിന്നിരുന്ന വീട്ടിലെ മരണഗന്ധം അവളെ വല്ലാതെ ശ്വാസം മുട്ടിക്കുന്നത് പോലെ തോന്നി.

തോളിൽ കരസ്പർശമേറ്റപ്പോഴാണവൾ തലയുയർത്തിയത് .. സുഭദ്രയായിരുന്നു അത്..
ഒന്നും പറയാതെ ഇരിക്കുന്നവളെ നോക്കി സംസാരിച്ചു തുടങ്ങിയത് സുഭദ്ര തന്നെയാണ്..

” അനന്തു നിന്നോട് സംസാരിച്ചിരുന്നോ.”

“ഉം .. “വെറുതെയൊന്നു മൂളി ബാല..

“എന്നിട്ടെന്തു തീരുമാനിച്ചു… ” സുഭദ്രയുടെ ശബ്ദം കേട്ടു .

“എൻ്റെ തീരുമാനം അനന്തുവേട്ടനോട് പറഞ്ഞിട്ടുണ്ട്.. ” അവൾ എങ്ങോ നോക്കി പറഞ്ഞു.

” അങ്ങനെയാണെങ്കിൽ എനിക്ക് അവന് വേണ്ടി വേറെ പെണ്ണിനെ കണ്ടെത്തേണ്ടി വരുമല്ലോ.” അവരുടെ സ്വരം മുറുകിയിരുന്നു ..

” ആവാം.. എനിക്കതിൽ എതിർപ്പൊന്നുമില്ല.. “ബാല പറഞ്ഞു.

“എന്തിനാ ഈ പിഴച്ചുണ്ടായതിന് വേണ്ടി സ്വന്തം ജീവിതം വേണ്ടാന്ന് വെക്കുന്നത്..” ഉറങ്ങിക്കിടക്കുന്ന  കുഞ്ഞിനെ നോക്കിയവരത് പറയവെ ബാല ചാടി എഴുന്നേറ്റിരുന്നു…

“എൻ്റെ അനിയത്തീടെ കുഞ്ഞാ ഇത്.. ഒന്നിനു വേണ്ടിയും ഇവളെ ഉപേക്ഷിക്കാൻ കഴിയില്ലെനിക്ക്.
സ്വന്തം കൂടെപ്പിറപ്പിനെ വാക്കുകളാൽ നോവിച്ച് മരണത്തിലേക്ക് തള്ളിവിട്ട നിങ്ങൾക്ക് എന്നെ മനസ്സിലാവില്ല.. നിങ്ങളൊന്നു സ്നേഹത്തോടെ സംസാരിച്ചിരുന്നെങ്കിൽ ആശ്വസിപ്പിച്ചിരുന്നെങ്കിൽ അച്ഛനും അമ്മയും എനിക്കൊപ്പം ഉണ്ടായിരുന്നേനെ… അൽപ്പം വൈകിയാണെങ്കിലും നിങ്ങളുടെ മകനെയും എനിക്ക്മനസ്സിലായി.. ഇനിയീ ബന്ധവും പറഞ്ഞ് ആരും വരണ്ട
ഇങ്ങോട്ട്.. “ബാലയുടെ ശബ്ദം ഉയർന്നിരുന്നു… സുഭദ്ര പുറത്തേക്ക് പോയി..

പുറത്ത് നിന്നും കുഞ്ഞിനെക്കുറിച്ചുള്ള സംസാരങ്ങൾ കേൾക്കുമ്പോൾ സമനില
തെറ്റുന്നതവൾ അറിഞ്ഞു .. പലർക്കും കുഞ്ഞ് ആരെപ്പോലെയാണ് .. വെളുത്തതാണോ, കറുത്തതാണോ..ഇനിയവൾ എങ്ങനെ വളരും.. അങ്ങനെ ഒരു പാട് ചോദ്യങ്ങളാണ്..

“മാമ്മേ.. എനിക്കിവിടെ നിക്കാൻ വയ്യ.. നമുക്ക് എങ്ങോട്ടെങ്കിലും പോവാം.. ” ശേഖരമാമ്മയെ നോക്കി ദയനീയമായവൾ പറഞ്ഞു ..

“ഈ രാത്രീലോ.. അതുംഈ പൊടിക്കുഞ്ഞിനെയും കൊണ്ട് .. നാളെ നേരം വെളുത്തിട്ട് ആലോചിക്കാം, ഇപ്പൊ മോള് പോയുറങ്ങ്… “ശേഖരൻ അവളെ പറഞ്ഞയക്കാൻ ശ്രമിച്ചു.

“ഇല്ല മാമ്മേ ഇനിയും ഇവിടെ നിന്നാൽ ഭ്രാന്തു പിടിക്കുമെനിക്ക് .. പോവാം നമുക്ക്.. പ്ലീസ് മാമ്മേ..”
അവൾ വല്ലാതെ നിർബന്ധം പിടിച്ചു.

“മോളെ.. അത് .. ” ശേഖരമാമ്മ പറയാൻ തുടങ്ങിയതും…
” എല്ലാവരുടെയും കുത്തു വാക്കുകൾ കേട്ട് എൻ്റെ മോള് വളരണ്ട മാമ്മേ…അവളുടെ ജനനകഥ ആരുമറിയേണ്ട .. ശ്രീബാലയുടെ മകളായവൾ വളർന്ന് മതി .. അതിനിവിടെ നിന്നും പോയേ മതിയാവൂ..മാമ്മ എന്നെ സഹായിക്കണം.. ” ബാലയുടെ വാക്കുകൾ ഉറച്ചതായിരുന്നു ..

ഒടുവിൽ ജനിച്ചു വളർന്ന വീടും പ്രിയപ്പെട്ടവർ
ഉറങ്ങുന്ന മണ്ണും വിട്ട് ആ രാത്രിയിൽ കുഞ്ഞിനെയും പൊതിഞ്ഞ് പിടിച്ച് ഇറങ്ങുമ്പോൾ ബാലയാകെ തകർന്നിരുന്നു.. എങ്ങോട്ടെന്നെറിയാതെ കാറിൻ്റെ പിൻസീറ്റിൽ കണ്ണുകളടച്ചിരുന്നവൾ..

“മോളെ.. ഇറങ്ങി വാ ..” നളിനി അമ്മായി വിളിച്ചപ്പോളാണവൾ കണ്ണു തുറന്നത്. എവിടെയെന്നറിയാതെ ശേഖരമാമ്മയെ നോക്കി.

“കോഴിക്കോട്ടെ ചന്ദ്രശേഖരൻ്റെ വീടാണ് .. ഇവിടെ ആരും താമസമില്ല.. തൽക്കാലം ഇവിടെ നിൽക്കാം .. “ശേഖരമാമ്മ പറഞ്ഞു.
ശേഖരമ്മാമ്മയുടെ അനിയനാണ് ചന്ദ്രശേഖരൻ. ആള് കുടുംബമായി വിദേശത്താണ്..

ഒരുതരം മരവിപ്പോടെ മുറിക്കുള്ളിൽ മാത്രം ബാല ഒതുങ്ങിയ ദിവസങ്ങൾ .. നളിനി അമ്മായി കുഞ്ഞിനെ കുളിപ്പിക്കുമ്പോഴും ഉറക്കുമ്പോഴും പോലും മറ്റേതോ ലോകത്തായിരുന്നവൾ..

പതിയെ പതിയെ കുഞ്ഞിച്ചുണ്ടിൽ വിരിയുന്ന ചിരികൾ കാണുമ്പോൾ അവളും പതിയെ ചിരിച്ചു തുടങ്ങി .. കുഞ്ഞ് കരയുമ്പോൾ ഓടി അടുത്തെത്തി അവളെ വാരിയെടുത്ത് തുടങ്ങി .. പതിയെ അവൾ വേദമോളുടെ അമ്മയായി മാറിയിരുന്നു ..

വെറുതെ അടച്ചിരിക്കേണ്ടെന്ന് പറഞ്ഞ് പി ജി കംപ്ലീറ്റ് ചെയ്യാൻ ശേഖരമാമ്മ നിർബന്ധിച്ചു.. വേദൂട്ടിയെ നളിനി അമ്മായിയെ ഏൽപ്പിച്ച് എക്സാമെഴുതി…വേദൂട്ടിയ്ക്ക് ഒരു വയസ്സാവുന്നത് വരെ നളിനി അമ്മായി ഒപ്പമുണ്ടായിരുന്നു…

കെച്ചിയിൽ SBIൽ ജോലി റെഡിയായപ്പോൾ അവിടെത്തന്നെ ഫ്ലാറ്റെടുത്തു .. മോളെ ഡേ കെയറിലാക്കി ജോലിക്ക് പോയ് തുടങ്ങി ..
✨✨✨✨✨✨✨✨✨✨✨✨✨✨

പഴയ ഓർമ്മകൾ വീണ്ടും മനസ്സിനെ തളർത്തിയപ്പോൾ ഒരിക്കലും തിരിച്ചു വരരുതായിരുന്നെന്നവൾക്ക് തോന്നി..
ശേഖരമാമ്മയെ ധിക്കരിക്കാൻ വയ്യ.. അച്ഛൻ്റെ അഭാവം അറിയിക്കാതെ എന്നും താങ്ങായും തണലായും കൂടെ നിന്നയാളാണ് ..

പക്ഷേ.. യദുവേട്ടൻ…
അച്ഛനോടുള്ള സ്നേഹത്തിൻ്റെയും കടപ്പാടിൻ്റെയും പേരിൽ അയാൾ തൻ്റെ കഴുത്തിൽ താലികെട്ടുമായിരിക്കും..പക്ഷേ ഒരിക്കലും സ്നേഹിക്കില്ല.. അയാൾക്ക്‌ മറ്റൊരു കുട്ടിയെ ഇഷ്ടമാണ് താൻ കാരണം അതും തകരും.. സൗദാമ്മയെ കാണണം.. സംസാരിക്കണം.. മനസ്സിലുറപ്പിച്ച് ബാല മുറിയിൽ നിന്നുമിറങ്ങി..

ഉമ്മറത്തേക്കിറങ്ങിയപ്പോൾ ധൃതിയിൽ വരുന്ന ശേഖരമാമ്മയെ കണ്ടു.. മുഖത്ത് നിറഞ്ഞ ചിരിയുണ്ട്..
” ശേഖരേട്ടാ.. പോയ കാര്യമെന്തായി.. ”
ബാലയെന്തെങ്കിലും ചോദിക്കുന്നതിന് മുന്നേ നളിനിയുടെ ശബ്ദം കേട്ടു ..

“നാളുകൾ തമ്മിൽ നല്ല ചേർച്ചയാ.. 10 ൽ 8 പൊരുത്തമുണ്ട്.. “സന്തോഷത്തോടെ ശേഖരമാമ്മ പറഞ്ഞു..

” ആണോ.. തീയതി കുറിച്ച് കിട്ടിയോ.. ” നളിനിയുടെ വാക്കുകളിൽ ആകാംക്ഷ നിറഞ്ഞു നിന്നു..

” കിട്ടി.. പക്ഷേ.. ഇനി അധികം ദിവസമില്ല.. ഒന്നുകിൽ നാളെക്കഴിഞ്ഞ് അല്ലെങ്കിൽ പത്തു ദിവസം കഴിഞ്ഞ് .. ഞായറാഴ്ച്ച ..പിന്നെ കന്നി മാസമല്ലേ.. ” ശേഖരമാമ്മ പറയുന്നതൊന്നും മനസ്സിലാവാതെ നിന്നു ബാല..

“എന്തൊക്കെയാ മാമ്മയീ പറയണേ.. എനിക്കൊന്നും മനസ്സിലായില്ലാ.. “ബാല സംശയം മറച്ചു വച്ചില്ല..

“ബാലക്കുട്ടീടെ കല്യാണക്കാര്യം തന്നെ.. അല്ലാതെന്താ.. ” നളിനി അമ്മായിയാണ് മറുപടി പറഞ്ഞത്.

” ഇത്ര പെട്ടന്നോ.. എനിക്കൊന്നു കൂടി ആലോചിക്കണം മാമ്മേ.. ” അവൾ പറഞ്ഞു ..
” ഇനി ഒന്നും ആലോചിക്കണ്ട എൻ്റെ കുട്ടി.. ഇതു പോലെ എല്ലാമറിയുന്നൊരാൾ ഇനി വരില്ല.. യദുക്കുട്ടൻ മോളേം കുഞ്ഞിനേം നന്നായി നോക്കും .. മാമയ്ക്കുറപ്പുണ്ട് മോളെ.. ” അവളുടെ തലയിൽ വാത്സല്യത്തോടെ തലോടിക്കൊണ്ടയാൾ പറഞ്ഞു.
ആ സ്നേഹത്തിനും കരുതലിനും മുൻപിൽ മറുത്തൊന്നും പറയാൻ കഴിയാതെ നിശബദയായവൾ..

അച്ഛനും അമ്മയും ലച്ചൂട്ടിയും ഉറങ്ങുന്നത് നോക്കി നിന്നവൾ.. അസ്ഥിത്തറയിൽ തിരിതെളിച്ചു.. “ഇതിനായിരുന്നോ വിളിച്ചു വരുത്തിയത്.. ഞാൻ കാരണം മറ്റൊരാളുടെ ജീവിതംകൂടി തകരുമോ എന്നാണെൻ്റെ പേടി.. എന്തിനാ വീണ്ടും ഇങ്ങനൊരു പരീക്ഷണം..അറിയില്ലെനിക്ക് …” ഒരുപാട് നേരം അവിടെ നിന്നവൾ..

തിരികെ വീട്ടിലെത്തുമ്പോൾ പിന്നിൽ നിന്നും ഹിമയുടെ ശബ്ദം കേട്ടു ..
“ബാലേച്ചീ .. യദുവേട്ടനുമായുള്ള കല്യാണം തീരുമാനിച്ചൂലേ.. യദുവേട്ടൻ ഇന്നാട്ടിലെ ഒരു കുഞ്ഞു ഹീറോയല്ലേ.. ബാലേച്ചിക്ക് നന്നായി ചേരും.. ” ഹിമ ചിരിയോടെ പറയുന്നത് കേട്ടപ്പോൾ അവൾക്കൊരു മങ്ങിയ ചിരിയും സമ്മാനിച്ച് അകത്തേക്ക് നടന്നു…

വേദൂട്ടി അപ്പോഴേക്കും ” അമ്മേ.. ” എന്നു നീട്ടി വിളിച്ചു അടുത്തെത്തിയിരുന്നു.. അവളെ വാരിയെടുത്ത് നെറ്റിയിലൊന്ന് മുത്തിയിട്ട് മുറിയിലേക്ക് നടന്നവൾ..
കട്ടിലിലിരുന്ന് കളിക്കുന്ന കുഞ്ഞിനെ കാണുമ്പോൾ ഒരായിരം ചോദ്യങ്ങൾ മനസ്സിൽ ഉയരുന്നുണ്ടായിരുന്നു.. താൻഅനന്തുവേട്ടനോടുള്ള
വാശിക്കു സമ്മതിച്ചതാണ്.. യദുവേട്ടൻ എന്തിനാവും സമ്മതിച്ചത് .. അമ്മയ്ക്ക് വേണ്ടിയാവും.. എന്നാലും വേദൂട്ടിയെ മകളായി കാണാനയാൾക്ക് കഴിയുമോ..

“വേദൂട്ടീ.. വാ കുളിക്കാം.. ” എന്നു പറഞ്ഞപ്പോഴേ ഓടാൻ തുടങ്ങിയ വേദമോൾക്ക് പിന്നാലെ ഓടി ബാല ഉമ്മറത്തെത്തിയതും മുൻപിൽ നിൽക്കുന്നവരെ കണ്ട് കാലുകൾ നിശ്ചലമായി.. സൗദാമ്മയും യദുവേട്ടനും .. മുഖത്തേക്ക് നോക്കാനൊരു മടി തോന്നി..

“രണ്ടാളും കൂടി ഓടി കളിക്കുവാണോ.. ” സൗദാമിനി
ചോദിച്ചു..

” കുളിക്കാൻ വിളിച്ചപ്പോ ഓടീതാ കുറുമ്പി.. “ബാല പറഞ്ഞു.. വേദക്കുട്ടി ഓടിച്ചെന്ന് യദുവിന് നേരെ കൈനീട്ടി.. അവനെടുത്തു പിടിച്ചതും
“നാന് കുച്ചൂല്ല.. അമ്മ കുച്ചോ ..” മുഖം വീർപ്പിച്ച് പിടിച്ചു കൊണ്ട് ബാലയോടു പറഞ്ഞു കാന്താരി ..

” കുളിച്ചാലല്ലേ സുന്ദരിയാവാൻ പറ്റൂ.. സുന്ദരിയായാലല്ലേ റ്റാ റ്റാ പോവോൻ പറ്റൂള്ളൂ.. ”
സൗദാമ്മ സ്നേഹത്തോടെ പറഞ്ഞതും

“കുച്ചാല് മാമ റ്റാ റ്റാ കൊന്തോവോ..” യദുവിനെ നോക്കി അടുത്ത ചോദ്യം വന്നു..

“ആ കൊണ്ടോവാലോ… “യദു പറഞ്ഞതും
“ന്നാ.. കുച്ചാം ” എന്നും പറഞ്ഞ് ബാലയ്ക്ക് നേരെ കൈ നീട്ടിയവൾ..

” ഇരിക്ക്.. ഞാൻ മാമ്മയെ വിളിക്കാം” എന്ന് പറഞ്ഞ് കുഞ്ഞിനെയും എടുത്ത് ബാലതിരിഞ്ഞ് നടന്നു..

“മോളോടു സംസാരിക്കാനുണ്ട്.. കുഞ്ഞിനെ കുളിപ്പിച്ചിട്ടു വാ.. ” സൗദാമ്മ പറഞ്ഞപ്പോൾ വരാമെന്ന് പറഞ്ഞ് നടന്നവൾ..

കുളിച്ച് ഉടുപ്പിട്ടതും വേദൂട്ടി ഓടി യദുവിനടുത്തെത്തി.. മടിയിൽ കയറിയിരുന്ന് റ്റാ റ്റാ പോവാൻ ബഹളം തുടങ്ങിയിരുന്നു ..

“ബാലമോൾക്ക് എത്ര ദിവസത്തെ ലീവുണ്ട് .. ” സൗദാമ്മയാണ്

“നാളെ തിരിച്ചു പോവാംന്ന് കരുതിയാ വന്നത്.. വ്യാഴാഴ്ച്ച മുതൽ ജോലിക്ക് കയറണം..” ബാല പറഞ്ഞു..

“ശേഖരേട്ടൻ പറഞ്ഞു മോൾക്ക് പെട്ടെന്നായതിൻ്റെ വിഷമമുണ്ടെന്ന് .. ഒരാഴ്ച്ചയല്ലേ ഉള്ളൂ.. മോളെന്തിനാ വിഷമിക്കണെ സൗദാമ്മയ്ക്ക് മോളെയറിയാം .. പിന്നെ യദുക്കുട്ടനെ ചെറുപ്പം മുതലേ മോൾക്കറിയാവുന്നതല്ലേ ..” സൗദാമ്മ പറയുമ്പോൾ ബലയൊന്നു യദുവിനെ പാളി നോക്കി..

ഫോണിലെന്തോ നോക്കി ഞാനീ നാട്ടുകാരനെയല്ലെന്ന മട്ടിൽ ഇരുപ്പാണ് കക്ഷി.
വേദൂട്ടി പോവാം.. ന്ന് ഇടക്കിടെ പറയുന്നുണ്ട്..

“ഇന്നുച്ചയ്ക്ക് ശേഷം ഡ്രസ്സെടുത്ത് വച്ചാലോ.. മോള് പോയാപ്പിന്നെ ശനിയാഴ്ച്ചയല്ലേ വരൂ.. ” സൗദാമിനി പറഞ്ഞു..

” അത് .. നിങ്ങളെല്ലാരും കൂടി പോയെടുത്താ മതി.. ”
ബാല പറഞ്ഞു.

“മോളും കൂടി ഉണ്ടെങ്കിൽ ഇഷ്ടമുള്ളത് എടുക്കാലോ.. ” നളിനി പ്രതീക്ഷയോടെ അവളെ നോക്കി..

” പ്ലീസ് അമ്മായി .. നിർബന്ധിക്കല്ലേ .. എനിക്കങ്ങനെ പ്രത്യേകിച്ച് ഇഷ്ടങ്ങളൊന്നുമില്ല.. അമ്മായി എടുത്താ മതി.. “ബാല വീണ്ടും പറഞ്ഞപ്പോൾ “ന്നാ അങ്ങനെ ചെയ്യാം ലേ യദുക്കുട്ടാ..” യദുവിനെ നോക്കി ചോദിച്ചു..

“ഉം .. “വെറുതെയൊന്നു മൂളിയിട്ട്
” കൂഞ്ഞു നമുക്ക് പുറത്ത് പോവാ “മെന്നു പറഞ്ഞ് വേദൂട്ടിയെ എടുത്ത് മുറ്റത്തേക്ക് പോയവൻ..

തിരികെ പോവുമ്പോൾ കൊണ്ടു പോവാനുള്ളതെല്ലാം ബാഗിലേക്ക് വയ്ക്കുന്നതിനിടയിൽ ശേഖരമാമ്മ വരുന്നത് കണ്ടു ..

” ഞായറാഴ്ച്ചത്തേക്കാണ് തീരുമാനിച്ചത്.. മോൾടെ ഒഴിവു നോക്കി വന്നാ മതി.. പിന്നെ രാവിലെ കൊണ്ടാക്കാൻ യദുക്കുട്ടൻ വരും… ” മാമ്മ പറഞ്ഞു തീരും മുൻപേ ” അയാളെന്തിനാ വെറുതെ ബുദ്ധിമുട്ടണെ .. ട്രെയിനിന് പോയിക്കോളാം.. ” ഈർഷ്യയോടെ ബാല പറഞ്ഞു..

“ബാലേ..”ശേഖരമാമ്മയുടെ സ്വരം ഉയർന്നിരുന്നു.

“ഒരാഴ്ച്ചകഴിഞ്ഞാൽ അവൻ നിൻ്റെ ഭർത്താവാണ് .. അയാള് എന്നൊക്കെ പറയാമോ.. ” ശേഖര മാമ്മ പറഞ്ഞപ്പോഴാണവൾ അതോർത്തത്..
എത്രയൊക്കെ പറഞ്ഞിട്ടും മനസ്സിലാവാത്ത മനസ്സിനെ പറഞ്ഞു പഠിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നവൾ..

തുടരും..

LEAVE A REPLY

Please enter your comment!
Please enter your name here