Home Abhijith Unnikrishnan ഒരു തരി കൂടി എന്റെ മനസ്സിൽ വിശ്വാസം ബാക്കി ഉള്ളതുകൊണ്ട് പറയാ, ദൈവത്തെ ഓർത്ത് എന്റെ...

ഒരു തരി കൂടി എന്റെ മനസ്സിൽ വിശ്വാസം ബാക്കി ഉള്ളതുകൊണ്ട് പറയാ, ദൈവത്തെ ഓർത്ത് എന്റെ മോൻ അതിനെ കൈവിട്ട് ഒറ്റക്ക്‌ നിറുത്തരുത്… Part – 1

0

പ്രിയം 2.0 (ഭാഗം – ഒന്ന് )

രചന : Abhijith Unnikrishnan

ഉണ്ണി ആശുപത്രിയിൽ എത്തുമ്പോൾ ഗായത്രി ഐ സി യുവിന് മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു, അവനെ കണ്ടപ്പോൾ അടുത്തേക്ക് വന്ന് മുഖത്തേക്കൊന്ന് നോക്കി..
നീ എന്താ ഇത്രയും വൈകിയത്..ഡോക്ടർ ഇപ്പോൾ വന്നിട്ട് പോയതേയുള്ളൂ കുറച്ച് സീരിയസ്സാണെന്നാ പറഞ്ഞത്..

ഉണ്ണിയൊന്നും മിണ്ടിയില്ല, ഗായത്രി അവനെ ഒന്ന് കൂടി നോക്കിയിട്ട് അകത്തേക്ക് കയറി കണ്ടോളാൻ പറഞ്ഞു..

ഉണ്ണിയൊന്ന് അമാന്ധിച്ചു നിന്നെങ്കിലും സാവധാനം ഐ സി യുവിന്റെ വാതിൽ തുറന്ന് അകത്തേക്ക് കയറി, ബെഡ്ഡിൽ അച്ഛമ്മ കണ്ണടച്ചു കിടക്കുന്നുണ്ടായിരുന്നു, ഉണ്ണിയെ കണ്ടപ്പോൾ നേഴ്സ് എഴുന്നേറ്റ് അരികിലേക്ക് വന്നു, ഉണ്ണി അച്ഛമ്മയുടെ കയ്യിലൊന്ന് തൊട്ടു നോക്കി, അച്ഛമ്മയൊന്ന് ഞെട്ടിയപോലെ കണ്ണുകൾ പതുക്കെ തുറന്നു, ഉണ്ണിയെ കണ്ടപ്പോൾ കണ്ണ് നിറയാൻ തുടങ്ങി, അവന്റെ കൈ മുറുക്കെ പിടിച്ചു കൊണ്ട് വിറക്കാൻ തുടങ്ങി, നഴ്സിനോട് മാസ്ക് എടുക്കാൻ അച്ഛമ്മ കൈകൊണ്ട് കാണിച്ചു, അവർ ഉണ്ണിയെയൊന്ന് നോക്കിയിട്ട്..
അയ്യോ അത് കുറച്ച് ബുദ്ധിമുട്ടാ, ഇപ്പോൾ തന്നെ ഡോക്ടർ കുറെയധികം ശ്രമിച്ചിട്ടാ ഈ അവസ്ഥയിലാക്കിയത്..

ഉണ്ണി അച്ഛമ്മയുടെ മുഖത്തിനരുകിലായി തലതാഴ്ത്തിയിരുന്നു, ഉണ്ണി അടുത്ത് വന്നപ്പോൾ അച്ഛമ്മക്ക് അടക്കി വെച്ചിരുന്ന സങ്കടം തേങ്ങി വരാൻ തുടങ്ങി, മാസ്കിനുള്ളിലൂടെ വിങ്ങിയ ശബ്ദത്തിൽ സംസാരിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു…
വിശ്വസിച്ച് കൈപിടിച്ചു തന്നതല്ലേ മോനെ…

ഉണ്ണിയുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു, അച്ഛമ്മ അവനെ തന്നെ നോക്കികൊണ്ടിരുന്നു..
ഞാൻ പറഞ്ഞില്ലേ അതൊരു പാവാ പൊട്ടത്തരത്തിന് എന്തേലും വിളിച്ചു പറയുമെന്നല്ലാതെ മനസ്സിൽ ഒന്നുമുണ്ടാവില്ല, ഇതൊക്കെ അറിയാമായിരുന്നിട്ടും മോന് അതിനോട് അങ്ങനെ ചെയ്യണായിരുന്നോ, എനിക്ക് തന്ന വാക്ക് ഉണ്ണി പാലിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു…

ഉണ്ണിയുടെ കയ്യിലുള്ള പിടുത്തം മുറുകി വരുന്നത് പോലെ തോന്നി, അവനൊന്ന് പെട്ടെന്ന് നഴ്സിനെ നോക്കി, അവർ പെട്ടെന്ന് പുറത്തേക്കോടി, നിറഞ്ഞൊഴുകുന്ന കണ്ണീരിനിടയിലും അച്ഛമ്മ ഉണ്ണിയെ തന്നെ നോക്കി…
ഒരു തരി കൂടി എന്റെ മനസ്സിൽ വിശ്വാസം ബാക്കി ഉള്ളതുകൊണ്ട് പറയാ, ദൈവത്തെ ഓർത്ത് എന്റെ മോൻ അതിനെ കൈവിട്ട് ഒറ്റക്ക്‌ നിറുത്തരുത് അച്ഛമ്മയുടെ അവസാനത്തെ ആഗ്രഹമായി കണക്കാക്കിയാൽ മതി..

വാക്കുകൾ മുറിഞ്ഞു പോവുന്നുണ്ടായിരുന്നു, ഉണ്ണി തിരിഞ്ഞ് വാതിലേക്ക് ഡോക്ടർ വരുന്നുണ്ടോ നോക്കികൊണ്ടിരുന്നു,വീണ്ടും വാക്കുകൾ കാതിൽ അലയടിക്കാൻ തുടങ്ങി..
ഇതിൽ കൂടുതൽ കെഞ്ചാൻ അച്ഛമ്മക്ക് കഴിയില്ല അതുകൊണ്ട്..

വാക്കുകൾ മുഴുമിക്കും മുമ്പേ ഉണ്ണിയുടെ കയ്യിലെ മുറുക്കം അയഞ്ഞു , ഉണ്ണി പെട്ടെന്ന് അച്ഛമ്മയുടെ മുഖത്തേക്ക് ഞെട്ടി തിരിഞ്ഞു നോക്കി, ആ കണ്ണുകളിലെ തിളക്കം നഷ്ടപ്പെട്ടിരുന്നു,ഉണ്ണിക്ക് തലചുറ്റുന്നത് പോലെ തോന്നി, കണ്ണെടുക്കാതെ മുഖത്തേക്ക് തന്നെ നോക്കി കൊണ്ടിരുന്നു, നെഞ്ചിൽ വീണ് കരയാൻ തുടങ്ങി, ഇനി തിരിച്ചൊരു മറുപടി അച്ഛമ്മയിൽ നിന്നുണ്ടാവില്ലെന്ന് ഉണ്ണിക്ക് തോന്നി, എഴുന്നേറ്റ് പാദങ്ങളിൽ തൊട്ട് വാതിൽ തുറന്ന് പുറത്തേക്കിറങ്ങി, സൈഡിലെ ചുമരിലൂടെ പിടിച്ച് പുറത്തേക്ക് നടന്ന് കൊണ്ടിരുന്നു, ഗായത്രി ഉണ്ണിയുടെ അരികിലേക്ക് വന്ന് തോളിൽ തൊട്ടു..
കുഴപ്പമൊന്നുമില്ലല്ലോ…

ഉണ്ണി എന്തെങ്കിലും പറയുന്നതിന് മുമ്പേ ഡോക്ടർ ഓടി വന്ന് വാതിൽ തുറന്ന് അകത്തേക്ക് കയറിപ്പോയി, ഗായത്രി പെട്ടെന്ന് ഉണ്ണിയെ നോക്കികൊണ്ട്..
എന്താ സംഭവിച്ചത്…

അവൻ കരഞ്ഞുകലങ്ങിയ കണ്ണുകൾ കൊണ്ട് ഗായത്രിയുടെ കയ്യിൽ പിടിച്ചു..
പോയി….

ഗായത്രി ഉണ്ണിയുടെ നെഞ്ചിലേക്ക് ചാഞ്ഞു…
അവളെ അനാഥയാക്കിയല്ലോടാ നീ…

ഉണ്ണി ഗായത്രിയെ ചേർത്തുപിടിക്കുമ്പോഴും കണ്ണുകൾ കൊണ്ട് പ്രിയയെ തിരയുന്നുണ്ടായിരുന്നു, ചുമരിൽ ചാരി കണ്ണടച്ചു കിടക്കുന്ന അവളെ കണ്ടപ്പോൾ ഉണ്ണി ഗായത്രിയിലെ പിടി വിട്ട് അരികിലേക്ക് നടന്നു, അവളുടെ മുന്നിലായി മുട്ടുകുത്തിയിരുന്നിട്ട് മുഖത്തേക്ക് നോക്കി, പ്രിയ അവളുടെ നിറഞ്ഞൊഴുകുന്ന കണ്ണീർ തുടച്ചിട്ട്..
എന്നെ ജീവിക്കാൻ അനുവദിക്കോ പ്ലീസ്..

ഉണ്ണി അവളോടൊന്നും പറയാൻ നിൽക്കാതെ പുറത്തേക്ക് നടന്നു, പാർക്കിങ്ങിലെ മരച്ചുവട്ടിലിരുന്ന് തലയിടിക്കാൻ തുടങ്ങി…
പോയി….
സങ്കടം കൊണ്ട് കണ്ണടച്ചപ്പോൾ സന്തോഷത്തോടെ ജീവിച്ചിരുന്ന ആ പഴയ നിമിഷങ്ങൾ ഓർമ്മയിലേക്ക് വരാൻ തുടങ്ങി……..
————————————————————

ഗായത്രി മടിയിൽ കിടന്നിരുന്ന ഉണ്ണിയെയും പ്രിയയെയും തട്ടി വിളിച്ചു..
രണ്ട് പേരും സുഖായിട്ട് ഉറങ്ങാണോ, എന്റെ കാല് വേദനിച്ചിട്ട് വയ്യ എഴുന്നേറ്റേ..

ഉണ്ണി കണ്ണ് തുറന്ന് ഗായത്രിയെ നോക്കി..
എടത്തിയമ്മ കഥ അവസാനിച്ചൂ പറഞ്ഞിട്ടല്ലേ ഞാൻ ഉറങ്ങിയത്..

ഉണ്ണി തമാശ കളിക്കാതെ എഴുന്നേൽക്ക് എനിക്ക് വിശന്നിട്ട് വയ്യ…

ഉണ്ണി തലതിരിച്ച് അരികിൽ കണ്ണടച്ചു കിടക്കുന്ന പ്രിയയെ തട്ടി..
ഹലോ ഡ്യൂട്ടിക്ക് സമയമായി എഴുന്നേൽക്ക് ഡോക്ടർ വിളിക്കുന്നു..

പ്രിയ പെട്ടെന്ന് കണ്ണ് തുറന്ന് ചുറ്റിലും നോക്കി, ഉണ്ണി ചിരിക്കുന്നത് കണ്ടപ്പോൾ..
കളിയാക്കിയതാണോ…

ഏയ് നീ ഹോസ്പിറ്റലിൽ ഇങ്ങനെ തന്നെയാണോന്ന് പരീക്ഷിച്ചു നോക്കിയതാ..

ആ ഇങ്ങനെ തന്നെയാ നിനക്ക് നഷ്ടമുണ്ടോ..

അല്ല അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കാ നിന്നെയൊക്കെ ആരാ ജോലിക്കെടുത്തെ..

പ്രിയ ഗായത്രിയെയൊന്ന് നോക്കിയിട്ട് ഉണ്ണിക്കിട്ടൊരു കൊട്ട് കൊടുത്തു..
ചേച്ചി അടുത്തുള്ളത് കൊണ്ട് രക്ഷപെട്ടു ഇല്ലേൽ പറഞ്ഞു തരായിരുന്നു..

ഉണ്ണി മടിയിൽ നിന്നെഴുന്നേറ്റ് പ്രിയയെ വലിച്ചു..
അങ്ങനെ നീ മാത്രം കിടക്കണ്ട..

ആ… കൈ വേദനിക്കുന്നു..
പ്രിയ എഴുന്നേറ്റ് കൈ തഴുകി കൊണ്ട്..
എന്തിനാടാ ദുഷ്ടാ ഏത് നേരവും എന്നെ ഇങ്ങനെ ഉപദ്രവിക്കുന്നെ…

ഓ നീ എന്നെ തിരിച്ചു ചെയ്യുന്നതിനൊന്നും കണക്കില്ല ഞാനൊന്ന് തൊട്ടാൽ നിനക്ക് വേദനിച്ചു..

അത് പിന്നെ സിറിഞ്ച് മാത്രം തൊടുന്ന പൂ പോലത്തെ മൃദുവായ കൈകൾ കൊണ്ടല്ലേ നിന്നെ തൊടുന്നെ, പിന്നെ എങ്ങനെ നിനക്ക് വേദനിക്കും..

സംസാരത്തിനിടയിൽ ഗായത്രി ഭക്ഷണമെടുത്ത് വെച്ച് കഴിക്കാൻ തുടങ്ങി, ഉണ്ണി പെട്ടെന്ന് അരികിലേക്കിരുന്നു..
വിളിക്കരുത് ട്ടോ..

ഗായത്രിയൊന്ന് ചിരിച്ചു..
ഞാൻ പറഞ്ഞില്ലേ എനിക്ക് വിശക്കുന്നെന്ന്..

പ്രിയ ഉണ്ണിയുടെ കൂടെയിരുന്നിട്ട് ഓരോന്നായി വിളമ്പാൻ തുടങ്ങി ഇടയിൽ അവനെയൊന്ന് തട്ടിയിട്ട്…
കഴിക്കൂ ചോറും കറികളും വാരി വാരി കഴിക്കൂ..

ഗായത്രി വീണ്ടും ചിരിച്ചു..
ഹോ എന്താ സ്നേഹം, മോതിരമിട്ടിട്ടേയുള്ളൂന്ന് ഇടക്ക് ആലോചിക്കണട്ടോ..

ഉണ്ണി ഗായത്രിയെ നോക്കിയിട്ട് പ്രിയയോട്…
ആ താലി കാണിക്കണ്ടാട്ടോ..

ഏയ് ഇല്ല എത്ര പവനാ ചോദിച്ചാൽ പറഞ്ഞു കൊടുക്കുന്നതിൽ തെറ്റുണ്ടോ..

ഉണ്ണി അവളെയൊന്ന് നോക്കിയിട്ട് കഴിക്കാൻ തുടങ്ങി..
ഇതിനെ കെട്ടണ്ടായിരുന്നു..

പ്രിയ വീണ്ടുമൊന്ന് തട്ടി..
ഞാൻ കേട്ടു…

മൂവരും ഭക്ഷണം കഴിച്ച് എഴുന്നേറ്റു, ഗായത്രി മുകളിലെ മുറിയിലേക്ക് പോവാൻ വേണ്ടി തിരിഞ്ഞപ്പോഴാണ് ഉണ്ണി പ്രിയയുടെ അടുത്ത് തന്നെ നിൽക്കുന്നത് കണ്ടത്, അടുത്തേക്ക് ചെന്ന് രണ്ട് പേരെയുമൊന്ന് സൂക്ഷിച്ചു നോക്കി..
എന്താ ഒരു കള്ളലക്ഷണം…

ഒന്നുമില്ലല്ലോ..
ഉണ്ണി പെട്ടെന്ന് മറുപടി പറഞ്ഞു …

ഇല്ലെങ്കിൽ കൊള്ളാം..
ഗായത്രി മുറിയിലേക്ക് നടക്കാൻ വേണ്ടി തിരിഞ്ഞു, പെട്ടെന്ന് നിന്നിട്ട്..
അതേയ് ഞാൻ വീണ്ടും ഓർമ്മിപ്പിക്കുന്നു മോതിരം മാറിയിട്ടേയുള്ളൂ, ഇനി കല്യാണം എന്നൊരു പരിപാടി കൂടി ബാക്കിയുണ്ട്, താലിയൊക്കെ കെട്ടണ്ടേ അതൊക്കെ കഴിഞ്ഞിട്ട് പോരെ…

പ്രിയയൊന്ന് ചിരിച്ചു..
ഒന്ന് പോ അവിടുന്ന് ഇനി ചേച്ചിയായിട്ട് അവന് ഓരോ ഐഡിയ പറഞ്ഞു കൊടുക്കണ്ട…

ഗായത്രിയും ചിരിച്ചിട്ട് മുകളിലേക്ക് പോയി, ഉണ്ണി അവളെയൊന്ന് തോണ്ടി..
വാ നമ്മുക്ക് ഉറങ്ങാൻ പോവാ..

പ്രിയ ഉണ്ണിയെയൊന്ന് നോക്കി..
ഉറങ്ങാൻ നിന്റെ കൂടെ…

എന്തേ പിടിച്ചില്ലേ…

പ്രിയ അരികിലേക്ക് വന്നിട്ട്..
വരുന്നില്ല പോടാ…

ഉണ്ണി പെട്ടെന്ന് അവളെ ചേർത്ത് മുറുക്കിപിടിച്ചു..
രാവിലെ തൊട്ട് കാണുന്നതാ എന്നെ ഇട്ട് കളിയാക്കുന്നത്..

ആ വേദനിക്കുന്നു… നീ എന്ത് ദുഷ്ടനാടാ..
പ്രിയ അരയിൽ ചുറ്റിയിരുന്ന കൈ അഴിക്കാൻ നോക്കികൊണ്ട് പറഞ്ഞു..

ഉണ്ണി അവളെ തന്നെ നോക്കികൊണ്ടിരുന്നു..
വാ ഞാൻ വീടൊക്കെ കാണിച്ചു തരാം..

അയ്യോ വേണ്ട… വേണ്ടാത്തോണ്ടാ..

ഉണ്ണി പിടുത്തം വിട്ടിട്ട് അവളെയൊന്ന് ചിരിച്ചുകാണിച്ചു, പ്രിയ അരികിലേക്ക് വന്ന് ചുണ്ടിലൊരു ഉമ്മ കൊടുത്തിട്ട്..
പോയി കിടന്നുറങ്ങടോ… ബാക്കിയുള്ളവന്റെ സമയം മെനകെടുത്താൻ ഞാൻ എന്തൊക്കെയോ പ്രതീക്ഷിച്ചു..

എടി നിന്നെ ഞാൻ..
ഉണ്ണി പിടിക്കാൻ തുനിഞ്ഞപ്പോഴേക്കും പ്രിയ അച്ഛമ്മയുടെ മുറിയിൽ കയറി വാതിലടച്ചു, പെട്ടെന്നൊന്ന് തുറന്നിട്ട് ഉണ്ണിയോട്..
പറയാൻ മറന്നു ഗുഡ് നൈറ്റ്..

ഉണ്ണി അവളോടൊന്ന് ചിരിച്ചിട്ട്…
ഒരു ഉമ്മ കൂടി തരോ..

പോടാ… ഞാനെന്താ നിന്റെ ഭാര്യയാണോ ചോദിക്കുമ്പോഴൊക്കെ വന്ന് മുത്തമിടാൻ…

ആവുമ്പോഴെങ്കിലും കിട്ടോ..

അത് അപ്പോഴല്ലേ നോക്കാം..

ഉണ്ണി അവളെ കൈകൊണ്ട് കാണിച്ചിട്ട് മുകളിലേക്ക് പോയി..

പിറ്റേ ദിവസം രാവിലെ…

മുറ്റത്ത് കൂടി നടക്കുമ്പോഴാണ് രതീഷ് വീട്ടിൽ നിന്ന് വരുന്നത് കണ്ടത്, അടുത്തെത്തിയപ്പോൾ ഉണ്ണിയൊന്ന് രതീഷിനെ അടിമുടി നോക്കി..
എങ്ങോട്ടാ അണിഞ്ഞൊരുക്കിയിട്ട്…

അപ്പോൾ നമ്മുക്ക് പെണ്ണുകാണാൻ പോവണ്ടേ…

ഉണ്ണി കാര്യം മനസ്സിലാവാതെ..
ഏട്ടൻ എന്തൊക്കെയാ പറയുന്നത് എന്റെ കല്യാണമൊക്കെ ഉറപ്പിച്ചില്ലേ..

രതീഷോന്ന് ഉണ്ണിയെ നോക്കി..
തമാശയാണോ അനിയാ… മര്യാദക്ക് വന്ന് അവളെ എനിക്ക് കെട്ടിച്ചു തരുന്നുണ്ടോ..

ആരെ രശ്മിയെ പെണ്ണുകാണാൻ പോവുന്ന കാര്യമാണോ, നീ അവളെ ദിവസോം കാണുന്നില്ലേ അതുപോരെ…

രതീഷ് അരികിലേക്ക് വന്നു..
നടക്കോ ഇല്ലേ…

ഉണ്ണി അവനെയൊന്ന് നോക്കിയിട്ട്..
നടക്കില്ല കാർ എടുത്ത് പോവാം..

നിന്നെ ഹെലികോപ്റ്ററിൽ വേണേലും കൊണ്ടുപോവാം, എന്റെ കൂടെ ഒന്ന് വന്നാ മതി…

ഉണ്ണി എന്തേലും മറുപടി പറയുന്നതിന് മുന്നേ അകത്തു നിന്ന് വിളി വന്നു..

രതീഷ് പുറകിലേക്ക് നോക്കി…
ഇവള് നിന്നെ ഭരിക്കാൻ തുടങ്ങിയോ..

ഉണ്ണി അരികിലേക്ക് വരുന്ന പ്രിയയെ കണ്ട്…
ഇവളോ…. അവള് ഭരിക്കട്ടെന്നേ… അവൾക്കുള്ളതല്ലേ…

അടുത്തെത്തിയ പ്രിയ ഉണ്ണിയെ ഒന്ന് തട്ടിയിട്ട്..
അകത്തേക്ക് വരോ ഒരു പ്രധാനപെട്ട കാര്യം പറയാനുണ്ട്…

( തുടരും)

LEAVE A REPLY

Please enter your comment!
Please enter your name here