Home Latest അഭി ആണിത് ചെയ്തതെങ്കിൽ ഉറപ്പായിട്ടും അവൻ ഇതിന്റെ ശിക്ഷ അനുഭവിക്കണം… Part – 11 (അവസാന...

അഭി ആണിത് ചെയ്തതെങ്കിൽ ഉറപ്പായിട്ടും അവൻ ഇതിന്റെ ശിക്ഷ അനുഭവിക്കണം… Part – 11 (അവസാന ഭാഗം)

0

Part – 10 വായിക്കാൻ ഇവിടെ Click ചെയ്യുക.

ഓർമ്മ മാത്രം Part – 11 അവസാന ഭാഗം

രചന : Anu Kalyani

ചിന്തകൾ കാട് കയറുന്നുണ്ടായിരുന്നു…..

“അഭി ആണിത് ചെയ്തതെങ്കിൽ ഉറപ്പായിട്ടും അവൻ ഇതിന്റെ ശിക്ഷ അനുഭവിക്കണം…..”

ദേഷ്യവും ദുഃഖവും കാരണം മീരയുടെ മുഖം ചുവന്നു തുടുത്തു…..

“പക്ഷേ എങ്ങനെ കണ്ടുപിടിക്കും….”

“വരുൺ……..”

കുറച്ച് നേരത്തെ മൗനത്തിനു ശേഷം മീരയുടെ ചുണ്ടുകൾ അനങ്ങി….

“വരുണോ…..”

“അഭിയും വരുണും ഒരുമിച്ച് ആയിരുന്നു താമസിച്ചത്…..
അവനോട് ചോദിക്കാം……”

“പക്ഷേ അവൻ ഇപ്പോൾ എവിടെയാണ്….”

“അവൻ മുംബൈയിൽ ഉണ്ടാകും….”

മീരയുടെ മുഖത്ത് എന്തെന്നില്ലാത്ത ഒരു ഭാവം ആയിരുന്നു….
സത്യം അറിയാൻ എത്രദൂരവും പോകാൻ അവൾ ഒരുക്കമായിരുന്നു……

🛑🛑🛑

“അഭി…. ഞാനും മീരയും നാളെ ഒരിടം വരെ പോകും……”

ലാപ്പിൽ മുഖം പൂഴ്ത്തി ഇരിക്കുന്ന അഭി അവളുടെ നേർത്ത സ്വരം കേട്ട് തലയുയർത്തി…..

“എങ്ങോട്ട്…..”

അവന്റെ ആശ്ചര്യം നിറഞ്ഞ മുഖം അവൾ കൂർപ്പിച്ച കണ്ണുകളോടെ നോക്കി….ആ കണ്ണുകൾ എന്തോ ഒളിപ്പിക്കുന്നുണ്ടായിരുന്നു…..

“ഞാൻ ടീച്ചറമ്മയോടും കേണലിനോടും പറഞ്ഞിട്ടുണ്ട്…..
രാവിലെ ചിലപ്പോൾ അഭി എഴുന്നേൽക്കുന്നതിന് മുമ്പ് തന്നെ പോകും…..”

തിരിഞ്ഞു നടന്നവൾ എന്തോ ഓർത്ത്  നിന്നു….

“പിന്നെ ,എന്തിനാ പോകുന്നതെന്ന് അവരോട് പറഞ്ഞിട്ടില്ല…
എല്ലാം വന്നിട്ട് പറയാം……”

എന്തെങ്കിലും ചോദിക്കുന്നതിന് മുമ്പെ അവൾ മുറി വിട്ടിറങ്ങി…..

അവൻ ആകെ അസ്വ്സ്ഥതനായി…..
അരുതാത്തത് എന്തോ സംഭവിക്കാൻ പോകുന്നു എന്ന് ആരോ വിളിച്ചു പറയുന്നത് പോലെ……
മൂടി വച്ച രഹസ്യം അവന്റെ ഉറക്കം കെടുത്തി….
ഫോൺ എടുത്ത് മീരയെ ഡയൽ ചെയ്തു….
റിംഗ് ചെയ്ത കോൾ പെട്ടെന്ന് തന്നെ മറുപുറത്ത് നിന്നും കട്ടായി……

രാവിലെ ഉണരുമ്പോഴേക്കും നന്ദു പോയിരുന്നു….
നഷ്ടമാകാൻ പോകുന്ന പ്രണയത്തെ പറ്റി ചിന്തിച്ച് അവന്റെ കവിളിലൂടെ ചൂട് ദ്രാവകം ഒലിച്ചിറങ്ങി….

🛑🛑🛑
എയർപോർട്ടിൽ നിന്ന് ഇറങ്ങി,അവർ ഒരു ടാക്സിയിൽ വരുണിന്റെ ഓഫീസ് ലക്ഷ്യമാക്കി നീങ്ങി…..
അവളുടെ മനസ് പോലെ വിരസമായിരുന്നു ആ പ്രഭാതവും…..
കണ്ണുകളിൽ ഉറക്കക്ഷീണം അലതല്ലി….
പതിയെ ആ കൺപോളകൾ അടഞ്ഞു….

നിറഞ്ഞ ചിരിയോടെ, വെളുത്ത പുകമയത്തിന് അപ്പുറത്ത് നിന്നും തന്നെ മാടി വിളിക്കുന്ന സ്ത്രീയെ അവൾ ആത്മസംതൃതിയോടെ നോക്കി….
എന്തോ തിരിച്ച് കിട്ടിയ ആവേശത്തോടെ അവൾ ആ സ്ത്രീയുടെ അരികിലേക്ക് വേഗത്തിൽ ഓടി…..
ആരെയോ തട്ടി ആഴത്തിലുള്ള ഗർത്തത്തിൽ പാറി വീഴുമ്പോഴും ആ സ്ത്രീ അതേ ചിരിയോടെ അവളെ നോക്കി നിന്നു…

അവൾ പെട്ടെന്ന് ഞെട്ടി ഉണർന്നു….
ചലിക്കുന്ന ടാക്സിയിൽ തലചായിച്ച് ഉറങ്ങുകയായിരുന്നു താൻ……
ആ സ്ത്രീയുടെ മുഖം താൻ മുമ്പ് എവിടെയോ കണ്ടിട്ടുണ്ട്, എവിടെ ആണെന്ന് മാത്രം ഓർമ വരാത്തത് പോലെ….

ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന ബിൽഡിംഗിന്റെ മുന്നിൽ ടാക്സി നിർത്തി…..
മീരയുടെ പിറകെ മരപ്പാവ പോലെ നടക്കുകയാണ് അവൾ…..

ഓഫീസിൽ നിന്ന് ഒരു പെൺകുട്ടിയോട് മീര എന്തൊക്കെയോ പറയുന്നുണ്ട്…
ആ പെൺകുട്ടി അവരോട് പിറകെ വരാൻ ആവശ്യപ്പെട്ടു….
വിശാലമായ ഒരു മുറിയിൽ ഇരുത്തി ചിരിയോടെ മുറിവിട്ടിറങ്ങി…..

“ഹേയ് മീര….താനെന്താഡൊ ഒരു മുന്നറിയിപ്പും ഇല്ലാതെ…..”

അകത്തേക്ക് കയറി വന്ന പുരുഷശബ്ദം കേട്ട് നന്ദു കണ്ണുകൾ ഉയർത്തി….
വരുണിന്റെ നോട്ടം നന്ദുവിൽ പതിച്ചതും ആ മുഖത്ത് വല്ലാത്തൊരു നൊമ്പരം പടർന്നു…

“നന്ദൂ…..”

ഇടറിയ ശബ്ദത്തിൽ അവൻ അവളുടെ അരികിലേക്ക് നടന്നു….
നന്ദൂന്റെ മനസ് ശൂന്യം ആയിരുന്നു….
കേട്ടറിഞ്ഞ ആ മനുഷ്യരൂപത്തോട് ചോദിക്കാൻ സൊരുക്കൂട്ടി വച്ചിരുന്നത് ഒക്കെ തൊണ്ടക്കുഴിയിൽ കുരുങ്ങിയത് പോലെ…..

“വരുൺ….
ഞങ്ങൾ വന്നത്, ഒരു കാര്യം അറിയാനാണ്……”

നന്ദൂന്റെ അരികിലേക്ക് നടന്നു നീങ്ങിയ അവന്റെ കാലുകൾ മീരയുടെ ശബ്ദം കേട്ട് നിശ്ചലമായി….
എന്തെന്ന അർത്ഥത്തിൽ അവൻ അവളെ തിരിഞ്ഞു നോക്കി…..

“ഞങ്ങൾക്ക് അറിയേണ്ടത് സത്യം മാത്രം ആണ്…..
അതിന് വേണ്ടിയാണ് ഞങ്ങൾ ഇത്രയും ദൂരം വന്നത്…..”

അവരുടെ മനസ്സിൽ ഉള്ളത് എന്താണെന്ന് അവന് ഏകദേശം മനസിലായി…..
അവൻ വീണ്ടും നന്ദുവിൽ ദൃഷ്ടി ഊന്നി…..

“എന്നെ ഈ അവസ്ഥയിൽ ആക്കിയത് അഭി ആണോ….”

അവളുടെ ഉള്ളിൽ നിന്നും പുറത്ത് വന്ന ശക്തമായ ശബ്ദം അവനെ ഒരു നിമിഷം ഞെട്ടിച്ചു…..

എന്ത് പറയണമെന്ന് അവനറിയില്ലായിരുന്നു,
ഒരു വശത്ത് ജീവന് തുല്യം സ്നേഹിക്കുന്ന സുഹൃത്ത്….മറുവശത്ത് നിഷ്കളങ്കമായ ഒരു പെൺകുട്ടി….

നെറ്റിയിലൂടെ വിരലോടിച്ച് അവൻ ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നു….
കൈകൾ ജനൽകമ്പിയിൽ പിടി മുറുകി….

“അവനെ നമ്മൾ ജയിലിൽ കയറ്റാനൊന്നും പോകുന്നില്ല….
സത്യം അറിയാൻ വേണ്ടി മാത്രം……
പ്ലീസ് വരുൺ……”

മീരയുടെ കൈ അവന്റെ തോളിൽ പതിഞ്ഞു…

വരുൺ മൗനയായി നിൽക്കുന്ന നന്ദുവിനെ നോക്കി….

“എന്തിനാ… എപ്പോഴാ…. എന്നൊന്നും എനിക്ക് അറിയണ്ട….
യെസ് ഓർ നോ…..”

അവളുടെ മുഖത്ത് നോക്കി കള്ളം പറയാൻ അവന്റെ മനസ് സമ്മതിച്ചിരുന്നില്ല….

മുഖം വെട്ടിച്ച് അവൻ വീണ്ടും പുറത്തേക്ക് നോക്കി നിന്നു…
ചുട്ട് പൊള്ളുന്ന വെയിലിൽ  അങ്ങ് ദൂരെ നഗരത്തിലൂടെ നടക്കുന്ന ഒരു ഭ്രാന്തിയെ അവൻ കണ്ടു….ആ ഭ്രാന്തിയ്ക്ക് നന്ദുവിന്റെ മുഖം ആയിരുന്നു…..
‘yes or no’
ആ ശബ്ദം ചെവിയിൽ അലതല്ലി….

“യെസ്……”

കണ്ണുകൾ ഇറുകെ അടച്ച് അവനത് പറയുമ്പോൾ നന്ദുവിന്റെ മുഖത്ത് ഒരു ചിരി വിരിഞ്ഞു….
നിറഞ്ഞു തൂവിയ കണ്ണിലെ കണ്ണീര് അവിടെ തന്നെ തങ്ങി നിന്നു….

“നന്ദു… പക്ഷേ, അവൻ മനഃപൂർവം ചെയ്തതല്ല….. അന്ന് അവന് ഒട്ടും ബോധം ഇല്ലായിരുന്നു…..”

കൈകൾ ഉയർത്തി മതി എന്നർത്ഥത്തിൽ കാണിച്ചുകൊണ്ട് അവൾ പുറത്തേക്ക് ഇറങ്ങി….

“മീര…. ഞാൻ പറഞ്ഞില്ലേ,അവൻ വേണം എന്ന് വിചാരിച്ചല്ല…..
അവളെ കാണാതായ രണ്ടാഴ്ച അവനനുഭവിച്ച മാനസികസമ്മർദ്ദം ഞാൻ കണ്ടതാണ്…..
ഒടുവിൽ ജീവിതം അവസാനിപ്പിക്കാൻ നോക്കുമ്പോഴായിരുന്നു, ഹോസ്പിറ്റലിൽ നിന്ന് വിളിച്ചത്……”

“തീരുമാനം എടുക്കേണ്ടത് നന്ദു ആണ്…..
അവൾ ഇപ്പോൾ പഴയ നന്ദു അല്ല….
അവൾക്ക് അഭിയെ പറഞ്ഞറിവെ ഉള്ളൂ…..”

അതും പറഞ്ഞ് മീര നടന്നകലുമ്പോൾ അവന് നോക്കി നിൽക്കാനെ കഴിഞ്ഞുള്ളൂ…

തിരികെ ഉള്ള യാത്രയിൽ നന്ദു ഗാഢമായ ചിന്തയിൽ ആയിരുന്നു…
എന്നും താങ്ങായി ഉണ്ടാവും എന്ന് വിശ്വസിച്ച ആൾ….. അല്ലെങ്കിൽ അങ്ങനെ നിന്നിരുന്ന ആൾ….
ഇരുളിന്റെ നോക്കി ഇരിക്കുമ്പോൾ ഏകാന്തതയും നിഴലും മാത്രം ആണ് തനിക്ക് കൂട്ടെന്ന് അവൾക്ക് തോന്നി….
അവളോട് ഒന്നും ചോദിക്കാൻ മീരയ്ക്കും
തോന്നിയില്ല…..

വീടിന് മുന്നിൽ ചെന്നിറങ്ങുമ്പോൾ, ആദ്യമായി അവിടെ ചെല്ലുന്ന പ്രതീതി ആയിരുന്നു അവൾക്ക്….

വാതിൽ തുറന്ന് തന്ന ടീച്ചറമ്മയെ അവൾ കെട്ടി പിടിച്ചു….

“എന്ത് പറ്റി മോളെ…..”

അവർ വെപ്രാളത്തിൽ ചോദിക്കുമ്പോൾ…
ഉത്തരം ഒന്നും പറയാതെ മുറിയിലേക്ക് കയറി…..

തണുത്ത വെള്ളം ശരീരത്തിൽ പതിയുമ്പോൾ, അവളിൽ ഒരു നിശ്ചയദാർഢ്യം ഉടലെടുത്തിരുന്നു….
തലയ്ക്ക് പിറകിലെ ഉണങ്ങിയ മുറിവിൽ വിരലുകൾ ചലിപ്പിച്ചു….
അത് പൂർണമായും മാറികഴിഞ്ഞു…
പക്ഷേ ഹൃദയത്തിന്റെ മുറിവിൽ നിന്നും വീണ്ടും രക്തം വാർന്ന് തുടങ്ങിയിരുന്നു….

ബാൽക്കണിയിൽ നിന്നും… വീട്ടിലേക്ക് വരുന്ന നന്ദുവിനെ അഭി കാണുന്നുണ്ടായിരുന്നു….
അവളുടെ മുന്നിൽ പോയി നിൽക്കാനുള്ള ധൈര്യം അവനില്ലായിരുന്നു….
ഹൃദയം പൊട്ടി നുറുങ്ങുന്നത് പോലെ അവന് തോന്നി….
ചുമരിലൂടെ ഊർന്നിറങ്ങി നിലത്തു മലർന്ന് കിടന്നു…
അവന്റെ ഓർമ്മകൾ ദിവസങ്ങൾ പിറകോട്ട് നീങ്ങി…..

🛑🛑🛑

മുംബെയിലെ ഓഫീസിൽ താൻ ആദ്യമായി പരിചയപ്പെട്ട ആ പെൺകുട്ടി….
യൗവനത്തിന്റെ സൗന്ദര്യവും പ്രസരിപ്പും ആവോളം ഉള്ളവൾ….
‘സ്നേഹ’
ഓഫീസിലെ എല്ലാവരുടെയും കണ്ണുകൾ അവളിലായിരുന്നു…..

ബിസിനസ് ടൂറിന് വേണ്ടി ബോസ് പോയപ്പോൾ ആണ്,അവൾ കൈകാര്യം ചെയ്തിരുന്ന ഫയലുകളിലെ ക്രമക്കേട് അവൻ കണ്ടെത്തിയത്….

നന്ദൂനെ കൂട്ടാൻ റെയിൽവേ സ്റ്റേഷനിൽ പോകുമ്പോൾ ആണ് അഭിയുടെ ഫോൺ നിർത്താതെ റിംഗ് ചെയ്തത്….

“ഹലോ….”

“ഹലോ… അഭിനവ്… ഞാൻ സ്നേഹ ആണ്….., എനിക്ക് ഒന്ന് കാണാൻ പറ്റുമോ..”

“സോറി സ്നേഹ… ഞാൻ ആ ഫയലിന്റെ കാര്യം ഉറപ്പായിട്ടും ബോസിനോട് പറയും…
ഒരു ഒത്തുതീർപ്പിന് ആണെങ്കിൽ കാണണമെന്നില്ല….”

“ഏയ് അതിനല്ല… വേറെ ഒരു കാര്യമാണ്…”

“ഇപ്പോൾ എന്തായാലും പറ്റില്ല…. വൈകിട്ട് നോക്കാം….”

റെയിൽവേ സ്റ്റേഷനിൽ അഭിയെ കാത്ത് നിൽക്കുന്ന നന്ദുവിനെ കണ്ടതും അവൻ ഫോൺ കട്ട് ചെയ്ത് അവളുടെ അടുത്ത് വണ്ടി നിർത്തി….

“നിന്റെ ഫോൺ എവിടെ…..”

കാറിലിരുന്ന് പുറത്തെ കാഴ്ചകൾ കാണുകയായിരുന്നു നന്ദു….

“അത് ട്രയിനിൽ വച്ച് മിസ്സായി….. അതുകൊണ്ടാണ് ഞാൻ നിന്നെ ബൂത്തീന്ന് വിളിച്ചത്….”

“ഇന്റർവ്യൂവിന് വേണ്ട ഫയലൊക്കെ എടുത്തില്ലെ…..”

“ആഹ്… ഉണ്ട്….”

ബേഗ് തുറന്നവൾ ഒരു ഫയലെടുത്ത്, അഭിയുടെ കയ്യിൽ കൊടുത്തു….

“ഇത് നിന്റെ കയ്യിൽ വെച്ചോ…. ഞാൻ ചിലപ്പോൾ എവിടേലും കൊണ്ട് കളയാൻ ചാൻസ് ഉണ്ട്….”

ലഗേജ് എടുത്ത് അഭി നന്ദുവിന്റെ മുന്നിൽ നടന്നു….
അവളുടെ കൈയിൽ ഒരു ചാവി കൊടുത്തു..

“ഇതാണ് നിന്റെ ഫ്ലാറ്റ്….”

“അപ്പോൾ അഭിയോ…..”

അവൾ പരിഭവത്തോടെ ചോദിച്ചു….

“ഞാൻ മുകളിലെ ഫ്‌ലോറിൽ ഉണ്ടാകും…
കാണണം എന്ന് തോന്നുമ്പോൾ അങ്ങോട്ട് വന്നോ…..”

കുസൃതി ചിരിയോടെ അവിടെ നിന്നും ഇറങ്ങി….

അഭി മുറിയിലെത്തി ഫ്രഷ് ആയപ്പോൾ ആരോ കോളിംഗ് ബെൽ അടിച്ചു….
ചുണ്ടിൽ ചിരി വിരിഞ്ഞു…
വാതിൽ തുറന്നപ്പോൾ  അവൻ ഒട്ടും പ്രതീക്ഷിക്കാത്ത ആളായിരുന്നു..

“നീ എന്താ ഇവിടെ…..”

അവന്റെ ചോദ്യത്തിന് ഉത്തരം നൽകാതെ സ്നേഹ അകത്തേക്ക് കയറി….

“ചോദിച്ചത് കേട്ടില്ലേ….”

അവന്റെ ശബ്ദം ഉയർന്നപ്പോൾ അവൾ തിരിഞ്ഞ് അവനഭിമുഖമായി നിന്നു…

“ലുക്ക് അഭിനവ്…. താൻ ആ കാര്യം ബോസിനോട് പറയരുത്…..”

അവളുടെ സംസാരം കേട്ട് അവൻ മുഖം വെട്ടിച്ചു….
അവന്റെ ആ പ്രവർത്തി കണ്ട് അവൾ അവനെ അനുനയിപ്പിക്കാൻ എന്നോണം
അവനോട് കൂടുതൽ ചേർന്ന് നിന്നു….

“സ്നേഹ… എനിക്ക് പറയാനുള്ളത് ഞാൻ നേരത്തെ പറഞ്ഞുകഴിഞ്ഞു….”

അവളുടെ കൈ തട്ടിമാറ്റി അവൻ പറയുമ്പോഴും അവൾ വീണ്ടും വീണ്ടും അവനോട് അടുത്തുകൊണ്ടിരുന്നു….

അവളുടെ സൗന്ദര്യത്തിലും മത്ത് പിടിപ്പിക്കുന്ന ഗന്ധവും ഒരു നിമിഷം അവനെ മോഹിപ്പിച്ചെങ്കിലും എന്തോ ഓർത്തത് പോലെ അവൾ ശക്തിയിൽ പിറകോട്ട് തള്ളി..

നിലത്ത് വീണ അതേ ഊക്കിൽ അവളെഴുന്നേറ്റ് ദേഷ്യം കൊണ്ട് വിറയ്ക്കുന്ന അവന്റെ ചുണ്ടുകളിൽ ചുണ്ട് ചേർത്തു…

പെട്ടെന്ന് ആയിരുന്നു വാതിൽ തുറന്നത്….
അവളെ അകറ്റി നിർത്തുന്നതിന് മുമ്പ് നന്ദു അകത്തേക്ക് കയറി…
ആ കാഴ്ച കണ്ട് അവളൊരു മെഴുക് പ്രതിമ പോലെ നിന്നു….
ഉള്ളിൽ ഉരുകി ഒലിച്ചിറങ്ങുന്ന വേദന കണ്ണിലൂടെ പുറത്ത് വന്നു….

“നന്ദു…..”

അഭി വിളിച്ചുകൊണ്ട് അവളുടെ അരികിലേക്ക് നീങ്ങുമ്പോഴേക്കും വാതിൽ ശക്തിയോടെ അടച്ച് അവൾ പുറത്തിറങ്ങി…

സ്നേഹയെ രൂക്ഷമായി നോക്കി അഭി അവളുടെ മുടിക്കുത്തിൽ പിടിച്ചു…
ആ നോട്ടത്തിൽ അവൾ പേടിച്ച് പിറകിലേക്ക് നീങ്ങി….

“ഞാൻ തിരിച്ച് വരുമ്പോൾ നിന്നെ ഇവിടെ കണ്ടാൽ… ജീവനോടെ കത്തിക്കും ഞാൻ…”

നന്ദുവിന്റെ പിന്നാലെ വേഗത്തിൽ അവനും നടന്നു….
അവന്റെ ശബ്ദം പിറകിൽ നിന്ന് കേട്ടെങ്കിലും അവൾ തിരിഞ്ഞു നോക്കീയില്ല.
അകത്ത് കയറി വാതിൽ അടക്കുന്നതിന് മുമ്പ് അവൻ തള്ളി കയറി….

“നന്ദു… പ്ലീസ്… ഞാൻ പറയുന്നത് വിശ്വസിക്ക്….”

അവളുടെ നോട്ടം അവന്റെ നെഞ്ചിൽ തറച്ച് കയറുന്നത് പോലെ തോന്നി…
ഭ്രാന്ത് കയറിയത് പോലെ അവൾ ഓടി വന്ന് അവന്റെ മുഖത്ത് ആഞ്ഞ് തല്ലി…
വിയർത്തു കുളിച്ച ഷർട്ടിൽ പിടിച്ച് അവൾ അവനെ പിടിച്ചു വലിച്ചുകൊണ്ടിരുന്നു..

“ഞാൻ കണ്ടത് ഒന്നും സത്യം അല്ല എന്നാണൊ,അഭി പറയാൻ പോകുന്നത്…

നിനക്ക് എന്തും ആകാം അല്ലേ….?
ഞാൻ ആരോടെങ്കിലും സംസാരിച്ചാൽ….
ചിരിച്ചാൽ… ഒക്കെ കുറ്റം ആണ്…
എന്തീന് എന്നെ ആരെങ്കിലും നോക്കിയാൽ പോലും ഞാനാണ് തെറ്റ്കാരി……
എന്നിട്ട്…. നിനക്ക് ഇവിടെ എന്തും ആകാല്ലെ…”

അവളവന്റെ ഷർട്ടിൽ വലിച്ച്കൊണ്ടെ ഇരുന്നു…..

“നന്ദു…. പ്ലീസ്…..”

“വേണ്ട… ഒന്നും പറയണ്ട… എനിക്ക് ഒന്നും കേൾക്കുകയും വേണ്ട….
ഞാൻ വിളിച്ച് പറയും… എല്ലാം എല്ലാവരോടും…
ഇപ്പോ ഇവിടെ വച്ച് നമുക്ക് പിരിയാം…..”

“നന്ദൂ……”

വീണ്ടും അവളുടെ അരികിലേക്ക് വന്ന അഭിയെ അവൾ ശക്തിയിൽ പുറത്തേക്ക് തള്ളി…..

വാതിൽ അടച്ച് ഉച്ചത്തിൽ കരഞ്ഞു…
ആ കരച്ചിൽ മറുപുറം ഇരുന്ന് അവനും കേൾക്കുന്നുണ്ടായിരുന്നു……

“അഭി… നിനക്ക് ഇതെന്ത് പറ്റി…. നന്ദു വന്നില്ലെ….”

ജോലി കഴിഞ്ഞ് മുറിയിലെത്തിയ വരുൺ കാണുന്നത്, മദ്യപിച്ച് ബോധമില്ലാതെ കിടക്കുന്ന അഭിയെ ആയിരുന്നു…..
മലർന്ന് കിടക്കുന്ന അവന് ചുറ്റും കാലിയായ മദ്യക്കുപ്പികൾ കാണാം….

പതിയെ എഴുന്നേറ്റ് വേച്ച് വേച്ച് നടക്കുന്ന അഭിയെ വരുൺ താങ്ങി പിടിച്ചു…
അവന്റെ കൈ തട്ടിമാറ്റി അഭി ചുമരിനോട് ചേർന്ന് നടന്ന് നന്ദുവിന്റെ അരികിൽ എത്തി…

“നന്ദു…. വാതിൽ തുറക്ക്…..”

മുറിഞ്ഞുവീണ പോലെ ആ ശബ്ദം കേട്ടിട്ടും അവൾ വാതിൽ തുറന്നില്ല…..

തുടരെ തുടരെ ഉള്ള ശബ്ദം കേട്ട് അവൾ ദേഷ്യത്തിൽ കതക് തുറന്നു…

“നന്ദു……”

അവളെ കണ്ടതും അവൻ അവളുടെ ദേഹത്ത് തെന്നി വീണു….
അവനെ അടർത്തി മാറ്റി നടക്കാൻ തുടങ്ങിയ അവളുടെ കൈയിൽ പിടിച്ച് തന്റെ ദേഹത്ത് ചേർത്ത് നിർത്തി…

“നന്ദു…. നിനക്ക് ശരിക്കും എന്നെ വേണ്ടേ…
നമ്മൾ പിരിയാൻ പോകുവാണൊ….”

“അതെ… ഇനിയും നിന്നെ സഹിക്കാൻ എനിക്ക് ആവില്ല…..”

അവനെ തള്ളി മാറ്റാൻ ശ്രമിക്കുന്തോറും അവന്റെ പിടി മുറുകി വന്നു…
അവന്റെ കണ്ണുകളിൽ വല്ലാത്തൊരു ഭാവം ആയിരുന്നു…
അത് അവളിൽ ഭയം ഉണ്ടാക്കി….
പതിയെ അവന്റെ ചുണ്ടുകൾ അവളിലേക്ക് അടുത്തു….

“അഭി  വേണ്ട പ്ലീസ്…… വിട്….”

വയറിൽ വലിഞ്ഞു മുറുകിയ കൈകൾ അടർത്തി മാറ്റാൻ ശ്രമിച്ചു കൊണ്ട് അവൾ പറഞ്ഞു.അവന്റെ ഭാവമാറ്റം അവളിലെ പേടിയുടെ അളവ് കൂട്ടിക്കൊണ്ടിരുന്നു….

“അതെന്താടീ വേണ്ടാത്തെ…..”

മാറ്റാൻ ശ്രമിക്കുന്തോറും അവ ശക്തിയിൽ അമർന്ന് ശ്വാസം കിട്ടാതെ പിടയാൻ തുടങ്ങി.അടക്കിപ്പിടിച്ച കൈകളിൽ നിന്നും കുതറി മാറി, ആ ഇരുമുറി വീടിനുള്ളിൽ നിന്ന് അവൾ ഓടുമ്പോൾ,പിറകെ വരുന്ന അവന്റെ സാമീപ്യം അവളറിയുന്നുണ്ടായിരുന്നു.
വീണ്ടും ബലിഷ്ഠമായ കരങ്ങൾ തന്നെ പൊതിഞ്ഞു.

“നിനക്ക് എന്താ ഇപ്പോൾ എന്നെ വേണ്ടാത്തത്….പറയെടീ….”

മുഖം അവളുടെ കഴുത്തിടുക്കിൽ ആഴ്ന്നിറങ്ങി, ശക്തിയോടെ അവനെ പിറകിലേക്ക് തള്ളി.തിരിഞ്ഞ് ഓടാൻ ശ്രമിക്കുമ്പോൾ തലയ്ക്ക് പിറകിൽ ശക്തമായൊരു അടി വീണു.ബോധം പോകുമ്പോഴും അവൻ  അവളിലേക്ക് ആർത്തിയോടെ ആഴ്ന്നിറങ്ങി..
അവളുടെ തലയിലൂടെ ഒലിച്ചിറങ്ങിയ വഴുവഴുപ്പുള്ള വെള്ളം അവൻ അറിയുന്നില്ലായിരുന്നു…..

ബോധം വരുമ്പോൾ തന്റെ അരികിൽ കിടക്കുന്ന നന്ദൂനെ അവൻ നോക്കി…
കുറച്ച് നേരം മുമ്പ് നടന്ന കാര്യങ്ങൾ ഓർമ വന്നപ്പോൾ അവൻ എഴുന്നേറ്റു…

“നന്ദു….”

അവളുടെ കവിളിൽ തട്ടി അവൻ പതിയെ വിളിച്ചു…
അവൾക്ക് ബോധം ഇല്ലായിരുന്നു….

പേടിയോടെ അവൻ പിടഞ്ഞെഴുന്നേറ്റു….
അവന് നേരെ നിൽക്കാൻ കഴിയുന്നില്ലായിരുന്നു…..
അവളെ താങ്ങി എടുത്ത് നടക്കാൻ നോക്കിയതും അവനവിടെ തെന്നി വീണു…
അവളുടെ മുറിവിൽ വീണ്ടും അടി കിട്ടിയതും അവളിൽ നിന്നും നേർത്ത തേങ്ങൽ പുറത്തേക്ക് വന്നു……

വാതിൽ തുറന്ന് അഭി വരുണിനെ വിളിക്കാനായി ഓടി…
ഓടുന്നതിനിടയിൽ അവൻ പലപ്പോഴും വീണുകൊണ്ടിരുന്നു…..

വാതിലിൽ ശബ്ദം കേട്ട് വരുൺ പുറത്തേക്ക് വന്നു…
ചുമരിൽ താങ്ങി നിൽക്കുന്ന അഭിയെ കണ്ട് വെപ്രാളത്തിൽ അവനെ പിടിച്ചു….

അഭിയും വരുണും നന്ദൂന്റെ മുറിയിൽ എത്തുമ്പോൾ അവളവിടെ ഇല്ലായിരുന്നു….

ആകെ തകർന്ന് നിൽക്കുന്ന അഭിയുടെ ബോധം അപ്പോഴേക്കും പൂർണമായും പോയിരുന്നു…

പിന്നീട് തിരച്ചിൽ ആയിരുന്നു….
നന്ദൂനെ തേടി….

രണ്ടാഴ്ച കൊണ്ട് ആകെ മാറി പോയിരിക്കുന്നു അഭി….
അവളടുത്തില്ലാതിരുന്നപ്പോൾ ആണ് അവളുടെ സ്നേഹം എത്രയാണെന്ന തിരിച്ചറിവ് അവനിൽ ഉണ്ടാക്കിയത്…
🛑🛑🛑

സൂര്യരശ്മികൾ മുഖത്ത് പതിഞ്ഞപ്പോൾ അഭി കണ്ണുകൾ വലിച്ച് തുറന്നു….
താഴെ ഇറങ്ങാൻ അവന്റെ മനസ് സമ്മതിച്ചിരുന്നില്ല……
ഗെയ്റ്റിന് വെളിയിൽ മീരയുടെ ബൈക്ക് വരുന്നത് കണ്ടു….
അതിൽ കയറി നന്ദൂം കൂടെ പോയി…

നന്ദു എവിടെയാണ് പോയതെന്ന് ചോദിക്കാൻ അവന് തോന്നിയില്ല….
ഭക്ഷണം കഴിച്ച് വീണ്ടും മുറിയിൽ കയറി ഇരുന്നു….
താഴെ നന്ദൂന്റെ ശബ്ദം കേൾക്കാം….
ആ ശബ്ദം അവന്റെ ചെവിയിൽ ആയിരം കൂരമ്പുകൾ തറച്ച് കയറുന്നത് പോലെ തോന്നി….

പതിയെ അവൻ ബാൽക്കണിയിൽ പോയി നിന്നു…
അവിടെ ആയിരുന്നു പലരാത്രികളിലും അവർ ഒരുമിച്ച് സമയം കൊന്നിരുന്ന സ്ഥലം…

“അഭി….”

പിറകിൽ നന്ദു ഉണ്ടെന്ന് അവൻ മനസിലായി…

അവളും അവനെ പോലെ കൈവരിയിൽ പിടിച്ച് പുറത്തേക്ക് നോക്കി…

“വരുൺ വിളിച്ചിരുന്നോ……”

“മ്മ്…..”

അവനൊന്ന് മൂളി….
അവരെ തലോടി ഇളം തെന്നൽ കടന്ന് പോയി….

“ഞാൻ എന്ത് കൊണ്ടായിരിക്കും അഭി…
പരാതി ഒന്നും ഇല്ലെന്ന് പറഞ്ഞത്….”

“നിന്റെ ടീച്ചറമ്മയെയും കേണലിനെയും വിഷമിപ്പിക്കേണ്ട എന്ന് വിചാരിച്ച് ആവും…”

“അത് മാത്രം ആയിരിക്കുമോ….”

“അല്ല….. അത് എനിക്ക് നന്നായി അറിയാം നന്ദൂ…..
ഞാനാണ് നിന്നെ മനസിലാക്കാൻ വൈകിയത്…..”

“ഞാൻ പോകുകയാണ് അഭി…..”

“എങ്ങോട്ട്…..”

“ഞാൻ വളർന്ന സ്ഥലത്തേക്ക്….
എന്റെ പഠനം മാത്രം ആണ് ടീച്ചറമ്മ സ്പോൺസർ ചെയ്യുന്നത്…..”

“നന്ദൂ……”

“പ്രതി നീയാണെങ്കിൽ പരാതി കൊടുക്കണം എന്ന് മനസിൽ ഉറപ്പിച്ചു തന്നെയാ മുംബൈയിൽ പോയത്…
പക്ഷേ…. ഇപ്പോഴും…ആരോ മനസിന്റെ കോണിൽ നിന്ന് വിളിച്ച് പറയുന്നത് പോലെ…
നീ എന്നും എന്റെ ആരോ ആണെന്ന്….”

ഹൃദയത്തിൽ മുറിവുണ്ടാക്കുന്ന വാക്കുകൾ കേൾക്കുമ്പോഴും അത് പ്രകടിപ്പിക്കാതെ അവൻ പുഞ്ചിരിയോടെ നിന്നു…..

“പോട്ടേ…….”

വാതിൽക്കൽ എത്തി അവൾ തിരിഞ്ഞു നിന്നു…

“വെർജിനിറ്റി എന്ന് പറയുന്നത് ഒരു നേർത്ത പാളിയിൽ ആണെന്ന് വിശ്വസിക്കുന്ന ആളൊന്നും അല്ല ഞാൻ….

പക്ഷേ നിനക്ക് ഒരിക്കലെങ്കിലും എല്ലാം തുറന്ന് പറയാമായിരുന്നു…..

ഞാൻ കേട്ടറിഞ്ഞ അഭിയെ അല്ല ഞാൻ കണ്ടിട്ടുള്ളത്….
അതുകൊണ്ട് തന്നെ നിന്നെ എനിക്ക് വെറുക്കാൻ കഴിയുന്നില്ല….പൊറുക്കാനും…..

ഓർമ്മ എന്ന് പറയുന്നത് അത്ര ചെറിയ കാര്യമല്ല….. ചിലപ്പോൾ എന്റെ ഓർമ്മ നഷ്ടമായില്ലെങ്കിൽ ഞാൻ എന്നും നിന്നോടൊപ്പം കാണുമായിരുന്നു…..”

നേർത്ത സ്വരത്തിൽ പറഞ്ഞ് അവൾ താഴേക്ക് ഇറങ്ങി…

“പോകരുതെന്ന് ഒരു പ്രാവശ്യം എങ്കിലും പറഞ്ഞു നോക്കാമായിരുന്നില്ലെ അഭി….”

സഞ്ജൂന്റെ കൈ അഭിയുടെ തോളിൽ പിടിച്ചു..

“അവൾ പഴയ നന്ദു അല്ല….”
മൗനം ആയിരുന്നു കുറച്ച് സമയം…

“നിനക്ക് അറിയാമോ സഞ്ജൂ… അവൾക്ക് എന്നോട് സ്നേഹത്തെക്കാൾ കൂടുതൽ ഭയമായിരുന്നു…..

എന്നോടുള്ള സ്നേഹം പോലും ഭയത്തിൽ നിന്ന് വന്നതാണ്….
ഇവിടെ നിന്ന് എല്ലാവരെയും വിട്ട് പോകേണ്ടി വരുമോ എന്ന ഭയത്തിൽ നിന്നും…..”

ഓർഫനേജിന്റെ മുന്നിൽ നന്ദൂനെ ഇറക്കി മീര അവളെ നോക്കി….

“നിനക്ക് എങ്ങനെ കഴിയുന്നു അഭിയോട് ക്ഷമിക്കാൻ…..”

“നീ കേട്ടിട്ടില്ലേ മീര…
Every saint has past, and every sinner has a future……

എനിക്കുറപ്പുണ്ട്… എന്റെ മനസ് പൂർണമായും അവനോട് ക്ഷണിക്കുന്ന ഒരു നാൾ വരും…
അന്ന് അവൻ എന്നെ തേടി വരും…..
പുതിയ ഒരു മനുഷ്യൻ ആയിട്ട്……

മീരയോട് യാത്ര പറഞ്ഞ് നടന്നകലുന്ന നന്ദുവിനെ അവൾ നോക്കി നിന്നു…
നന്ദുവിന്റെ മുഖത്ത് നിർവൃതി ആയിരുന്നു…
എവിടെയും തോറ്റ് കൊടുക്കില്ല എന്ന നിശ്ചയദാർഢ്യവും…..

ഇപ്പുറം… അവളുടെ ഓർമ്മകളും പേറി നിൽക്കുകയാണ് അഭി….
പാപത്തിന്റെ പ്രായശ്ചിത്തം ചെയ്യാൻ അവന്റെ മനസ് തുടിച്ചു കൊണ്ടിരുന്നു….

ഭൂതകാലത്തിന്റെ മനോഹരമായ ഓർമ്മകൾ അവനെ മുന്നോട്ട് ജീവിക്കാൻ പ്രേരിപ്പിച്ചുകൊണ്ടിരുന്നു……
ഓർമ്മകൾ നഷ്ടമായ,അവളുടെ ഓർമ്മകൾ ആയിരുന്നു അവന്റെ ഉള്ളിൽ….

അവസാനിച്ചു…

എല്ലാവരും എനിക്ക് വേണ്ടി രണ്ട് വരി കുറിക്കുക……..
എല്ലാം പാർട്ടിനും സപ്പോർട്ട് തന്ന എല്ലാവരോടും ഒത്തിരി ഒത്തിരി സ്നേഹം…

LEAVE A REPLY

Please enter your comment!
Please enter your name here