Home Latest വെള്ള പൊതിഞ്ഞ പ്രിയപ്പെട്ടവരുടെ ശരീരങ്ങൾ കാണവെ വീണ്ടും കുഴഞ്ഞു വീണിരുന്നു… Part – 11

വെള്ള പൊതിഞ്ഞ പ്രിയപ്പെട്ടവരുടെ ശരീരങ്ങൾ കാണവെ വീണ്ടും കുഴഞ്ഞു വീണിരുന്നു… Part – 11

0

Part – 10 വായിക്കാൻ ഇവിടെ Click ചെയ്യുക.

യാദവം Part – 11

രചന : രജിഷ അജയ് ഘോഷ്

ശ്വാസം പിടിച്ച് കണ്ണനക്കാതെ തനിക്കരികിലേക്ക് വരുന്ന വെള്ളത്തുണിക്കെട്ടിലേക്ക് മാത്രം നോക്കവെ മറ്റുള്ളവരെ തള്ളിയവൾ
” അമ്മേ……..” എന്നു അലറിക്കൊണ്ട് ഓടിയിരുന്നു ..
പിന്നിലായി വരുന്ന മറ്റൊരു വെള്ളപുതപ്പിച്ച ശരീരം കൂടി കാണവെ ബോധം മറഞ്ഞവൾ പിന്നിലേക്ക് മറഞ്ഞിരുന്നു.. വീഴുന്നതിനു മുൻപേ ആരോ അവളെ താങ്ങിപ്പിടിച്ചിരുന്നു…

വെള്ളത്തുള്ളികൾ ശക്തിയായി മുഖത്ത്
പതിച്ചപ്പോഴാണവൾ കണ്ണുകൾ വലിച്ച് തുറന്നത്..
തനിക്കു ചുറ്റും കൂടിയവരെ കണ്ടപ്പോഴാണ് കഴിഞ്ഞ നിമിഷങ്ങൾ മനസ്സിലൂടെ ഓടി മറഞ്ഞത്.
കണ്ടതെല്ലാം ഉറക്കത്തിൽ കണ്ട സ്വപ്നങ്ങൾ മാത്രമാവണേ എന്നു പ്രാർത്ഥിച്ചെങ്കിലും പുറത്ത് നിന്നുമുയരുന്ന പൊട്ടിക്കരച്ചിലുകളും തേങ്ങലുകളും ചന്ദനത്തിരിയുടെ മണവും എല്ലാം സത്യമാണെന്ന് വീണ്ടും തെളിയിക്കുന്നുണ്ടായിരുന്നു ..

അരികിൽ നളിനി അമ്മായിയെ കണ്ടപ്പോൾ ദയനീയമായി ആ മുഖത്തേക്ക് നോക്കി …
കരയാനാവാത്ത വിധം തകർന്നിരിക്കുന്ന ബാലയെ അവർ ചേർത്തു പിടിച്ചിരുന്നു.. ” പാവം കുട്ടി.. ഒറ്റക്കായിപോയല്ലോ.. ഒന്നിനാണെങ്കിൽ ബോധോം ഇല്ല .. ” അടക്കിപ്പിടിച്ച ആരോ അടക്കിപ്പിടിച്ച സ്വരത്തിൽ പറയുന്നത് കേട്ടു .. അച്ഛനും അമ്മയും തന്നെ തനിച്ചാക്കിപ്പോയി എന്നത് വിശ്വസിക്കാനാവാതെ അവൾ തളർന്നിരുന്നു. എന്താവും സംഭവിച്ചത്.. എന്തിനാ തന്നേം ലച്ചൂട്ടിയേം വിട്ടവർ പോയത്..

വീണ്ടും ഒന്നൂടെ കാണണം എന്നവൾ വാശി പിടിച്ചപ്പോൾ ആരെല്ലാമോ താങ്ങിപ്പിടിച്ചവളെ കൊണ്ടു പോയി .. വെള്ള പൊതിഞ്ഞ പ്രിയപ്പെട്ടവരുടെ ശരീരങ്ങൾ കാണവെ വീണ്ടും കുഴഞ്ഞു വീണിരുന്നു…
സംസ്കാരത്തിനു സമയമായപ്പോഴും അവൾക്കു ബോധമില്ലായിരുന്നു .. ആരെല്ലാമോ
എഴുന്നേൽപിച്ച് പുറത്ത് കൊണ്ടുവന്നു.. നിർവികാരതയോടെ പറയുന്നതെല്ലാം ചെയ്തു.. ഒടുവിൽ സ്വസ്ഥമായുറങ്ങാൻ അച്ഛനും അമ്മയും ഇറങ്ങുമ്പോഴും കണ്ണുകൾ തുറന്നവൾ ഇരുന്നു ..ഒരിറ്റു കണ്ണുനീർ പോലും വീഴ്ത്താതെ.. ആ ഇരിപ്പ് കണ്ട് ‘ഒന്നു കരയുവെങ്കിലും ചെയ്യ് മോളെ..’ എന്നു പറഞ്ഞവരെ നോക്കിയവൾ
പുച്ഛിച്ചു ..

മനുഷ്യത്വം നഷ്ടപ്പെട്ടവരാൽ കടിച്ചുകീറപ്പെട്ട അനിയത്തിയുടെ ശരീരത്തിൽ ഒരു കുരുന്നു ജീവൻ്റെ തുടിപ്പുകൾ കൂടി വളരുന്നുണ്ടെന്നറിഞ്ഞാണ് അച്ഛനും അമ്മയും സ്വയം ജീവിതം അവസാനിപ്പിച്ചതെന്ന് പുറത്താരോ സ്വകാര്യമായ് പറയുന്നതവളുടെ കാതുകളിൽ പതിച്ചു ..

ഒന്നും പറയാതെ തന്നെ തനിച്ചാക്കിയ അച്ഛനോടും അമ്മയോടും അടങ്ങാത്ത ദേഷ്യം തോന്നിയവൾക്ക്..
ആളുകൾ പോയിട്ടും മുറിയിലെ കട്ടിലിൻ്റെ ഓരത്തായി എങ്ങോ നോക്കിയിരുന്നവൾ..
✨✨✨✨✨✨✨✨✨✨✨✨

അടുത്ത ദിവസം ശേഖരമാമ്മയ്ക്കൊപ്പം അവളും ലച്ചുവിനെക്കാണാൻ കോയമ്പത്തൂർക്ക് ഇറങ്ങി .. എല്ലാവരും കുറച്ച് ദിവസം വീട്ടിലിരിക്കാൻ നിർബന്ധിച്ചിട്ടും അവൾ സമ്മതിച്ചില്ല..

ശ്രീലക്ഷ്മിയുടെ നിലയിൽ മാറ്റം വന്നതോടെ അവളെ റൂമിലേക്ക് മാറ്റി.. പക്ഷേ അവൾ ബാലയെ തിരിച്ചറിഞ്ഞിരുന്നില്ല .. തന്നെ ഭയത്തോടെ മാത്രം നോക്കുന്ന ലച്ചൂട്ടിയെ കാണവെ നിസ്സഹായയായി നിന്നു ബാല..
അനന്തുവിൻ്റെ ഫോൺ വിളികൾ മാത്രമായിരുന്നു ബാലയ്ക്ക് ആശ്വാസം ..

ദിവസങ്ങളും മാസങ്ങളും കഴിയവെ ലച്ചൂട്ടിയുടെ മെലിഞ്ഞ ശരീരത്തിലെ വയർ വീർത്തു വരുന്നത് കാണവെ ബാലയുടെ ഹൃദയവും നീറിപ്പുകഞ്ഞു ..
ഇടയ്ക്ക് ശാന്തയായ് ഇരിക്കുന്നവൾ പെട്ടന്ന് വയലൻറാവും..കൺമുന്നിൽ കാണുന്നതെല്ലാം എറിഞ്ഞുടക്കും.പുറത്തേക്കോടാൻ ശ്രമിക്കും..
എപ്പോഴും കാണുന്നതു കൊണ്ട് ബാലയോട് സ്നേഹം കാണിക്കുമെങ്കിലും ഒരിക്കലും സ്വന്തം ചേച്ചിയാണെന്നവൾ തിരിച്ചറിഞ്ഞതേയില്ല…

അന്ന് രാത്രി ഉറക്കത്തിനിടയിൽ ലച്ചുവിൻ്റെ ഉറക്കെയുള്ള നിലവിളി കേട്ടാണ് ബാല ഞെട്ടിയുണർന്നത്.. വീർത്തുന്തിയ വയറിൽ പിടിച്ചവൾ അലറിക്കരഞ്ഞു…

“ലച്ചൂട്ടി..മോളെ.. വേദനിക്കുന്നുണ്ടോ..” വെപ്രാളത്തോടെ ബാല ചോദിക്കവേ..

“ദേ .. ഇവിടെ അനങ്ങുന്നു.. ആരോ പിടിച്ച് വലിക്കുന്നു .. ” പൊക്കിളിനടുത്തേക്ക് തൊട്ടു കൊണ്ടവൾ നിഷ്ക്കളങ്കമായ് പറഞ്ഞവൾ വീണ്ടും കരഞ്ഞു തുടങ്ങിയിരുന്നു ..

“എവിടെ നോക്കട്ടെ.. “ബാല പതിയെ വയറിലേക്ക് കൈവച്ചതും കുഞ്ഞനങ്ങി…

“ദാ .. പിന്നേം അനങ്ങി.. “പേടിച്ചരണ്ട മുഖവുമായ് പറയുന്നവളെ നോക്കവെ, പതിയെ ചേർത്തു പിടിച്ചു..

“ഇവിടെ ഒരു കുഞ്ഞാവയുണ്ട്.. ആ കുഞ്ഞാവ അനങ്ങിയതാണ് .. ” അവളുടെ വയറിലേക്ക് കൈ വച്ച് ബാല പറഞ്ഞതും അത്ഭുതം കൊണ്ടാകണ്ണുകൾ വിടർന്നിരുന്നു..

“ശരിക്കും ണ്ടോ..” വിശ്വാസം വരാതെ വീണ്ടും ചോദിച്ചവൾ..

“ശരിക്കും ഉണ്ട്…”ബാല പറഞ്ഞതും വീണ്ടും അടുത്ത ചോദ്യം വന്നു..

“എപ്പഴാ കുഞ്ഞാവ എൻ്റെ കൂടെ കളിക്കാൻ വരാ ..”

“വരും.. കുറച്ചു ദിവസം കൂടി കഴിഞ്ഞ് വരും.. ഇപ്പൊ നമുക്ക് ഉറങ്ങാം.. എന്നാലല്ലേ കുഞ്ഞാവക്കും ഉറങ്ങാൻ പറ്റു.. ” വാത്സല്യത്തോടെ ബാലപറഞ്ഞു..

“ന്നാ.. ഉറങ്ങാം.. വാവ വന്നിട്ട് കളിക്കാം.. ” കൈ വയറിൽ വച്ചവൾ പറഞ്ഞു.

ഏറെ നാളുകൾക്ക് ശേഷം ലച്ചൂട്ടിയെ കെട്ടിപ്പിടിച്ചു കിടന്നവൾ.. ബാലയുടെ കൈവിരലുകൾ അവളുടെ നെറുകിൽ വാത്സല്യത്തോടെ തലോടി..അവളുടെ മുഖത്തെ മുറിവുകൾ ഉണങ്ങിയിരുന്നു ..പാടുകൾ മാത്രം അവശേഷിച്ചു… മനസ്സ് മാത്രം കൈവിട്ട് പോയിരുന്നു ,ഒരിക്കലും തിരിച്ചുപിടിക്കാനാവാത്ത വിധം ..

പിന്നീടുള്ള ദിവസങ്ങളിൽ ലച്ചൂട്ടി ശാന്തയായിരുന്നു.
കുഞ്ഞാവയ്ക്ക് വേണ്ടിയാണെന്നു പറഞ്ഞാൽ മടികൂടാതെ ഭക്ഷണം കഴിക്കും.. നന്നായ് ഉറങ്ങും..

ശേഖരമാമ്മ എന്നും അവർക്ക് നിഴലായ് കൂടെത്തന്നെ ഉണ്ടായിരുന്നു..സുഭദ്ര അമ്മായി തന്നെ വിളിക്കാറെ ഇല്ലായെന്ന് വേദനയോടെ ബാല ഓർത്തു. ഒരു ദിവസം അതിനെക്കുറിച്ച് ശേഖര മാമ്മയോട് പറഞ്ഞപ്പോഴാണ് അച്ഛൻ മരിക്കുന്നതിൻ്റെ തലേ ദിവസം അമ്മായിയെ വിളിച്ചതും .. അച്ഛൻ്റെ വളർത്തുദോഷം കാരണമാണ് മകൾ നശിച്ചുപോയത് എന്നും ഇനി മകൾ പ്രസവിക്കുന്ന കുഞ്ഞിനെയും കൂടി കൊണ്ട് വന്ന് മനുഷ്യനെ നാണം കെടുത്തരുതെന്നും പുറത്തിറങ്ങി നടക്കാൻ വയ്യാതായെന്നും എല്ലാം പറഞ്ഞതായ് അറിഞ്ഞത്..
സ്വന്തം സഹോദരിതന്നെ  ഇത്രമോശമായ് പറയുമ്പോൾ നാട്ടുകാർ എന്തു പറയും എന്ന ഒരു നിമിഷത്തെ ചിന്തയിൽ ആ അച്ഛനുമമ്മയും അൽപ്പം വിഷത്തിൽ സ്വയം ജീവനൊടുക്കിയപ്പോൾ അനാഥമായത് രണ്ടു പെൺകുട്ടികളായിരുന്നു .. അമ്മായി അച്ഛനെ ആശ്വസിപ്പിച്ചിരുന്നെങ്കിൽ ഒന്നും സാരമില്ലെടാ.. നിനക്ക് ഞങ്ങളൊക്കെയില്ലേ.. എന്നൊരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ഒരു പക്ഷേ അച്ഛനുമമ്മയും ഇന്നും ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നേനെ… നാട്ടിൻ പുറത്ത്കാരനായ അച്ഛന് മറ്റുള്ളവർക്ക് മുൻപിൽ തല കുനിക്കേണ്ടി വരുന്നതിനെ പറ്റി ചിന്തിക്കാൻ കഴിഞ്ഞു കാണില്ല..വേദനയോടെ ബാല ചിന്തിച്ചു ..

ലച്ചുവിന് ഡേറ്റടുക്കുന്തോറും ബാലയ്ക്കുള്ളിൽ ഭയവും കൂടി വന്നു.. അവളുടെ ശരീരം വളരെ വീക്കാണ്…

ഡോക്ടർ നടക്കണം എന്നു പറഞ്ഞപ്പോൾ വീർത്തുന്തിയ വയറും താങ്ങിപ്പിടിച്ച് കുഞ്ഞാവേ.. എന്നും വിളിച്ച് മുറിക്കുള്ളിൽ നടക്കുന്ന ലച്ചൂട്ടിക്കൊപ്പം ബാലയും നടന്നു..

അന്നുറക്കത്തിൽ ലച്ചൂട്ടി ഉറക്കെ നിലവിളിച്ചപ്പോൾ കുഞ്ഞനങ്ങിയതാവും എന്നാണ് കരുതിയത്… എന്നാൽ നിർത്താത്തെയുള്ള കരച്ചിൽ കൂടി വന്നപ്പോൾ ഭയം മനസ്സിനെ പിടിമുറുക്കിയിരുന്നു..
അവളെ ചേർത്ത് പിടിച്ച് ഫോണെടുത്ത് നേഴ്സിനെ വെപ്രാളത്തോടെ വിളിച്ചിരുന്നു ബാല..

” നോവുന്നു.. വല്ലാതെ നോവുന്നു.. ദാ.. ഇവിടെ.. ഇവിടേം.. “വയറിലേക്ക് കൈവച്ച് പറയുന്ന ലച്ചൂട്ടിയെ കെട്ടിപ്പിടിച്ച് കരഞ്ഞു ബാല..

നേഴ്സുമാർ വന്നവളെ ലേബർ റൂമിലേക്ക് കൊണ്ടുപോവുമ്പോൾ ” വാവയെ കൂട്ടി വരാട്ടോ .. ” എന്ന് നോവിനിടയിലും പറയുന്നവളെ നിസ്സഹായതയോടെ നോക്കി നിന്നു….
ശേഖര മാമ്മയ്ക്കൊപ്പം ലേബർ റൂമിനു വെളിയിലിരിക്കുമ്പോൾ ഭയത്താൽ ബാലയുടെ കൈകാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു…

ചെറിയ മുറിവുകൾക്ക് പോലും വല്ലാതെ കരയുന്നവളാണ് .. ഈ വേദന അവളെങ്ങനെ താങ്ങും .. അല്ലെങ്കിലും ഇതിലും ക്രൂരമായ വേദനയല്ലേ അവൾ അനുഭവിച്ചത് .. നാലഞ്ചുപേർ ചേർന്ന് ക്രൂരമായ് ബലാൽസംഗത്തിന് ഇരയാക്കപ്പെട്ടവൾ.. ആ ഷോക്കിൽ സ്വയം ആരെന്നറിയാത്ത വിധം മനസ്സ് കൈവിട്ടുപോയവൾ.. ബാലയുടെ ചിന്തകളിൽ ലച്ചൂട്ടി മാത്രമായിരുന്നു ..

ലേബർ റൂമിലേക്ക് നേഴ്സുമാരും ഡോക്ടർമാരും ഓടുന്നത് കണ്ടപ്പോൾഭയം തോന്നിയവൾക്ക്… ധൈര്യത്തിനായി ശേഖരമാമ്മയുടെ കൈയ്യിൽ
ഇറുകെപ്പിടിച്ചിരുന്നു..

” ശ്രീലക്ഷ്മിയ്‌ക്കൊപ്പം ആരാ ഉള്ളത്..” നേഴ്സിൻ്റെ ശബ്ദം കേട്ടതും ചാടിയെഴുന്നേറ്റവൾ..

അത് കണ്ടതും “സംഗീത് ഡോക്ടർ വിളിക്കുന്നുണ്ട് ” എന്നു പറഞ്ഞു നേഴ്സ് അകത്തേക്ക് കയറി..
ശേഖര മാമ്മയ്ക്കൊപ്പം അകത്തേക്ക് കയറുമ്പോൾ എന്തെന്നില്ലാത്ത പേടി തോന്നി.. സംഗീത് ഡോക്ടറാണ് ശ്രീലക്ഷ്മിയെ ചികിത്സിക്കുന്നത്. അവളെക്കുറിച്ചെല്ലാം ഡോക്ടർക്കറിയാം.. ആൾ മലയാളിയായതുകൊണ്ട് ബാലയ്ക്കും കാര്യങ്ങളെല്ലാം ചേദിച്ചറിയാൻ എളുപ്പമായിരുന്നു.

“സാർ..ഇതാണ് ശ്രീലക്ഷ്മിയുടെ ബൈസ്റ്റാൻഡേഴ്സ്…” നേഴ്സ് പറഞ്ഞതും ഡോക്ടർ അവരെ നോക്കി ഇരിക്കാൻ പറഞ്ഞു.

” ഡോക്‌ടർ… എൻ്റെ ലച്ചൂട്ടി.. ” വേവലാതിയോടെ ബാല ചോദിച്ചതും

” അത് പറയാനാണ് വിളിച്ചത്…
ശ്രീബാലയ്ക്കറിയാലോ ശ്രീലക്ഷ്മിയുടെ ബോഡി വളരെ വീക്കാണെന്ന്.. തുടക്കം മുതലേ അങ്ങനെയായത് കൊണ്ടാണ് നമുക്ക് അബോർട്ട് ചെയ്യാൻ കഴിയാതിരുന്നത് .. ” പാതി പറഞ്ഞയാൾ നിർത്തവെ ബാലയുടെ ഹൃദയം പടപടാ മിടിക്കാൻ തുടങ്ങി ..

“സോറീ.. ശ്രീബാലാ ..എനിക്ക്.. എനിക്കവളെ രക്ഷിക്കാൻ കഴിഞ്ഞില്ല… ബ്ലീഡിങ്ങ് വല്ലാതെ കൂടുതലായിരുന്നു.” ശബ്ദം താഴ്ത്തി ഡോക്ടർ സംഗീത് പറയുന്നത് കേൾക്കവെ അവൾ ഇരുന്ന ചെയറിൽ നിന്നും താഴേക്ക് ഊർന്നിരുന്നു..

“മോളെ.. ബാല മോളെ.. “ആരോ കുലുക്കി വിളിച്ചപ്പോളാണവൾ കണ്ണുകൾ വലിച്ചു തുറന്നത്..
മുന്നിൽ ശേഖര മാമ്മയെ കണ്ടപ്പോൾ അലറിക്കരഞ്ഞു..

“മാമ്മേ..ലച്ചൂട്ടിയും പോയി .. എനിക്കാരുമില്ല.. ഞാൻ തനിച്ചായിപ്പോയല്ലോ.. ” അയാളുടെ ഷർട്ടിൽ പിടിച്ചുലച്ചവൾ…

“മോളെ… ദൈവം നമ്മുടെ ലച്ചുമോളെ വിളിച്ചൂന്ന് മാത്രം കരുതിയാൽ മതീ.. ഒരായുസ്സിൻ്റെ വേദന അനുഭവിച്ചിട്ടല്ലേ പാവം പോയത്.. എന്നിട്ടും ബാല മോളെ തനിച്ചാക്കീട്ടില്ല അവൾ.. “ശേഖരമാമ്മ പറയുന്നത് കേട്ടവൾ തലയുയർത്തി അയാളെ നോക്കി..

“അതേ മോളെ.. പെൺ കുഞ്ഞാണ് .. ഡോക്ടർ അത് പറയുന്നതിന് മുൻപേ തന്നെ മോള് മയങ്ങി വീണിരുന്നു.. “മാമ്മയുടെ വാക്കുകൾ കേട്ട് അവൾക്ക് ആ സങ്കടങ്ങൾക്കിടയിലും താൻ തനിച്ചല്ലെന്ന ആശ്വാസം തോന്നി..

“എനിക്ക് .. എനിക്ക് കാണണം കുഞ്ഞിനെ. .” ബെഡ്ഡിൽ നിന്നും ചാടിയിറങ്ങുമ്പോഴേക്കും കാലുകൾ വേച്ചുപോയിരുന്നു…

വെളുത്ത ടർക്കിയിൽ പൊതിഞ്ഞ ചോരക്കുഞ്ഞിനെ ശേഖരമാമ്മ അവളുടെ കൈയ്യിലേക്ക് നൽകുമ്പോൾ അവളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു… കണ്ണുകൾ ഇറുകെയടച്ച് ,കൈകൾ ചുരുട്ടിപ്പിടിച്ചുറങ്ങുന്ന കുഞ്ഞിനെ കാണവെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു .. ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു ..
കുഞ്ഞിനെ നെഞ്ചോട് ചേർത്ത് ഇനിയെന്തെന്നറിയാതെ കണ്ണുകൾ അടച്ചിരുന്നവൾ..
ഫോൺ തുടരെ തുടരെ ശബ്ദിച്ചപ്പോഴാണ് അതെടുത്തത്..

“അനന്തുവേട്ടാ…. ലച്ചൂട്ടീ അവൾ .. അവൾ പോയി. ”
ഒരു വിധത്തിൽ പറഞ്ഞൊപ്പിക്കുമ്പോഴേക്കും കരഞ്ഞുപോയിരുന്നു…

” ശ്രീക്കുട്ടി.. നീയിങ്ങനെ കരയാതെ.. ” അവൻ പറഞ്ഞു..

” അനന്തുവേട്ടൻ ഒന്നിങ്ങു വരുമോ.. തനിച്ചു വയ്യെനിക്ക് … നോക്ക് അനന്തുവേട്ടാ… പൂച്ചക്കുഞ്ഞിനെപ്പോലെ കണ്ണടച്ചുറങ്ങുന്ന വാവ .. അവൾ വിശന്നു കരയില്ലേ… അമ്മയെ തേടില്ലേ.. ഞാനൊറ്റയ്ക്ക് എന്തുചെയ്യും… പ്ലീസ് അനന്തുവേട്ടാ.. ഒന്നിങ്ങു വാ.. “ബാല പ്രതീക്ഷയോടെയവനെ വിളിച്ചു.

കുറച്ചു നേരത്തെ നിശബ്ദതയ്ക്ക് ശേഷം അവൻ
പതിയെ പറഞ്ഞു..
” ശ്രീക്കുട്ടീ..  ഞാനൊരു കാര്യം പറയാം.. ആദ്യം കേൾക്കുമ്പോൾ നിനക്ക് സങ്കടം തോന്നും.. നീ ശരിക്കും ആലോചിച്ച് നോക്കൂ.”

“എന്താന്ന് പറയ്.. “ബാല അക്ഷമയോടെ ചോദിച്ചു..

“നമുക്ക്.. നമുക്കീ കുഞ്ഞിനെ വല്ല ഓർഫനേജിലോ ഏൽപ്പിക്കാം.. മാസാമാസം കുഞ്ഞിന്ന് ആവശ്യമായ പണവും നൽകാം .. വലുതാവുമ്പോൾ പഠിക്കാൻ ആവശ്യമുള്ളതെല്ലാം ചെയ്യാം.. അങ്ങനെയാവുമ്പോൾ നമ്മുടെ ജീവിതത്തിൽ..” അനന്തു പറഞ്ഞു തീർക്കുന്നതിന് മുൻപേ തന്നെ”മതി… നിർത്ത്…” മറുതലയ്ക്കൽ ബാലയുടെ സ്വരം ഉയർന്നിരുന്നു..

“നമ്മുടെ ജീവിതത്തിൽ ശല്യമാവില്ലേന്ന് അല്ലെ…നിങ്ങൾ .. നിങ്ങളത്രയും ദുഷ്ടനായിരുന്നോ?” കിതപ്പോടെയവൾ ചോദിച്ചു.
” ശ്രീക്കുട്ടീ.. കുഞ്ഞിനെയും കൂട്ടി വന്നാൽ അമ്മ കല്യാണത്തിന് സമ്മതിക്കില്ലാ.. അതോണ്ടാ ഞാൻ പറയണേ.. ” അനന്തു വീണ്ടും പറഞ്ഞു.

“ഇവൾ എൻ്റെ ചോരയാ.. എൻ്റെ ലച്ചൂട്ടി നൊന്തു പ്രസവിച്ച കുഞ്ഞ്.. ഈ കുഞ്ഞിനെ ഉപേക്ഷിച്ച് എനിക്കൊരു ജീവിതം വേണ്ട… മതി.. എല്ലാം ഇവിടെ അവസാനിപ്പിക്കാം.. ഇനിയൊരിക്കലും കാണണ്ട എനിക്കു നിങ്ങളെ ..” കിതപ്പോടെ പറഞ്ഞവസാനിപ്പിച്ച് ഫോൺ ഓഫാക്കിയവൾ..

‘ വേണ്ട.. ആരും വേണ്ട.. എനിക്ക് നീ മാത്രം മതി.. ”
കുഞ്ഞി നെറ്റിയിൽ ചുണ്ടമർത്തിയവൾ.. എത്രയൊക്കെ നിയന്ത്രിച്ചിട്ടും കണ്ണുകൾ അനുസരണയില്ലാതെ പെയ്തു കൊണ്ടിരുന്നു..

ഹോസ്പിറ്റലിലെ ഫോർമാലിറ്റീസെല്ലാം തീർത്ത്  ലച്ചൂട്ടിയുടെ ജീവനില്ലാത്ത ശരീരത്തിനൊപ്പം ആംബുലൻസിൽ ഇരിക്കുമ്പോൾ അവളിൽ ഒരു തരം നിർവികാരതമാത്രമായിരുന്നു .. കുഞ്ഞിനെ പൊതിഞ്ഞ് നെഞ്ചോടു ചേർത്ത് പിടിച്ച് എങ്ങോ കണ്ണും നട്ടിരിക്കുന്ന ബാലയെ കാണുമ്പോൾ ശേഖരന് വല്ലാത്ത ഭയം തോന്നി..

“മോളെ.. ” അയാൾ വിളിച്ചപ്പോൾ അവളൊന്നു ഞെട്ടി..

“മാമ്മേ.. വീട്ടിലെത്തിയാൽ ഉടനെ തന്നെ
ലച്ചൂനെ അടക്കണം.. എല്ലാവർക്കും ഇനിയുംകാഴ്ച്ച വസ്തുവായ് എൻ്റെ കുട്ടികിടക്കണ്ട..” ഉറച്ച ശബ്ദത്തോടെ ബാല പറഞ്ഞു…

വീട്ടിലേക്കുള്ള വഴിയിൽ നിറയെ ആളുകളായിരുന്നു.. ആംബുലൻസിൽ നിന്നും ഇറങ്ങുമ്പോൾത്തന്നെ കണ്ടു എല്ലാ കണ്ണുകളും തൻ്റെ കയ്യിലെ കുരുന്നിലേക്ക് നീളുന്നത് .. ആരെയും നോക്കാതെ കുഞ്ഞിനെ ഒന്നുകൂടി തന്നിലേക്ക് ചേർത്ത് പിടിച്ച് വെപ്രാളത്തോടെ മുറിയിലേക്ക് പാഞ്ഞു..

“മോളെ..നിക്ക് .. ” നളിനിയമ്മായി പിന്നാലെ ഓടി വന്നൂ..
മുറിക്കുള്ളിലും ആളുകൾ ഒരു അത്ഭുത ജീവിയെ നോക്കുന്നത് പോലെ കുഞ്ഞിനെ എത്തി നോക്കുന്നത് കണ്ടപ്പോൾ ബാലയുടെ നിയന്ത്രണം വിട്ടിരുന്നു..

“എന്താ എല്ലാവർക്കും വേണ്ടത്.. ഒന്നു പേവ്വോ എല്ലാരും.. ” അവളുടെ ശബ്ദം ഉയർന്നു.. മുഖം ചുളിച്ചു കൊണ്ട് എല്ലാവരും പുറത്തിറങ്ങിയതും സൗദാമിനി അവളെ ചേർത്തു പിടിച്ചു..

“സൗദാമ്മേ.. “കരച്ചിലോടെയവൾ അവരുടെ നെഞ്ചിലേക്ക് വീണു..

തുടരും..

LEAVE A REPLY

Please enter your comment!
Please enter your name here