Home Latest നിന്റെ ജീവിതമാണ് മോനെ നീ ആലോചിച്ചു ഒരു തീരുമാനം എടുക്കു നീ എന്ത് തീരുമാനിച്ചാലും അച്ഛൻ...

നിന്റെ ജീവിതമാണ് മോനെ നീ ആലോചിച്ചു ഒരു തീരുമാനം എടുക്കു നീ എന്ത് തീരുമാനിച്ചാലും അച്ഛൻ കൂടെ ഉണ്ട്… Part – 21

0

Part – 20 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന – ലക്ഷിത

കാളിന്ദി Part – 21

ഒരുപാട് നേരത്തെ ചർച്ചകൾക്കും തർക്കങ്ങൾക്കും ശേഷം കിട്ടുവിനെ ജീവിതത്തിൽ വീണ്ടും കൂട്ടുന്നതിനെ കുറിച്ച് ഒരു തീരുമാനം എടുക്കാനുള്ള അവസരം ജിത്തുവിന് വിട്ടു കൊടുത്തു ശിവദാസൻ മാറി നിന്നു

നിർമലക്ക് ആ തീരുമാനം തീരെ ഇഷ്ടപ്പെട്ടില്ലെങ്കിലും  ഭർത്താവിന്റെ വാക്കിനെ എതിർത്തു അവർ ഒന്നും പറയാനാകാതെ ദേഷ്യത്തിൽ അകത്തേക്ക് പോയി വേണുവും ഉദയനും പ്രതീക്ഷയോടെ ജിത്തിനെ നോക്കി അവൻ എന്ത് പറയണം എന്നറിയാതെ നിന്നു.
“നിന്റെ ജീവിതമാണ് മോനെ നീ ആലോചിച്ചു ഒരു തീരുമാനം എടുക്കു നീ എന്ത് തീരുമാനിച്ചാലും അച്ഛൻ കൂടെ ഉണ്ട് ”
ശിവദാസൻ അവനോട്‌ പറഞ്ഞു.

മനസ്സിൽ ആലോചിച്ചു കണ്ടെത്തിയ തീരുമാനം പറയാനായി അവൻ മുഖം ഉയർത്തി പ്രതീക്ഷയോടെ തന്നെ നോക്കി ഇരിക്കുന്ന ഉദയന്റെ മുഖം കാൺകെ അവൻ  മുഖം മാറ്റി എങ്കിലും മകളുടെ ജീവിതത്തിനു വേണ്ടി യാചനയോടെ തന്റെ മുന്നിൽ നിൽക്കുന്ന അയാളെ കണ്ടില്ലെന്നു നടിക്കാൻ അവനായില്ല അയാൾ തന്റെ മുഖത്തേക്ക് നോക്കി കണ്ണുകൾ കൊണ്ട് യാചിക്കുകയാണോ എന്നവന് തോന്നി
“മോനെ നീ അവളെ കൈ വെടിയരുത് ”
ഉദയൻ എഴുന്നേറ്റു അടുത്ത് വന്നു അവന്റെ കൈകളിൽ പിടിച്ചു കൊണ്ടു പറഞ്ഞു ആ പിതാവിന്റെ യാചാനയിൽ ഒരിക്കൽ കൂടി തന്റെ ജീവിതത്തിലേക്കു അവളെ കൂട്ടാൻ അവൻ മനസുകൊണ്ട് തയ്യാറെടുത്തു

“ഇല്ല അച്ഛന് വേണ്ടി ”
ജിത്തു പതിയെ പറഞ്ഞു കൊണ്ട് അകത്തേക്ക് കയറി പോയി അവന്റെ വാക്കുകൾ ഉദയനും വേണുവിനും സന്തോഷം പകർന്നു
“എന്നാൽ അങ്ങനെ ആകട്ടെ അവരുടെ ജീവിതം അവരുടെ തീരുമാനം”

ശിവദാസൻ ആരോടെന്ന് ഇല്ലാതെ പറഞ്ഞു അനുകൂലമായ തീരുമാനം ഉണ്ടായതിൽ സന്തോഷിച്ചു അടുത്ത ദിവസം കിട്ടുവിനെ ജിത്തു വീട്ടിൽ നിന്നും കൂട്ടി കൊണ്ട് വരാം  എന്ന് തീരുമാനിച്ചു അവർ പോയി കിട്ടുവിനോട് ഈ വാർത്ത ഉദയൻ പറഞ്ഞപ്പോൾ അവൾക്ക് അത്ഭുതമാണ് തോന്നിയത് ജിത്തുവിൽ നിന്നും അകലാൻ മാനസികമായി അവൾ തീരുമാനം എടുത്തിരുന്നു. അച്ഛന്റെ വാക്കുകൾ കേട്ട് ഒന്നും മിണ്ടാതെ അവൾ നിന്നു. അത്ഭുതവും അമ്പരപ്പും അല്ലാതെ മനസെന്തു കൊണ്ട് സന്തോഷിക്കുന്നില്ല എന്നോർത്തുകൊണ്ട് അവൾ  അകത്തേക്ക് പോയി. ജിത്തുവും കിട്ടുവും ഉള്ള പ്രശ്നങ്ങൾ ഒക്കെ പറഞ്ഞു തീർത്തു നാളെ അവളെ കൂട്ടി കൊണ്ട് പോകാൻ ജിത്തു വരുന്നു എന്ന വാർത്ത കല്ലുവിനു സന്തോഷം തോന്നി ഒപ്പം ചെറിയൊരു ആശങ്കയും ജിത്തിനെ അഭിമുഖീകരിക്കാനുള്ള പേടി ആ സമയം ഇവിടുന്ന് കുറച്ചു നേരം മാറി നിൽക്കാം എന്ന്‌ ഓർത്ത് അവൾ സമാധാനിക്കാൻ ശ്രമിച്ചു.

അന്ന് രാത്രി ഉറക്കമില്ലാതെ കല്ലുവും ശിവയും വെളുക്കുവോളം സംസാരിച്ചിരുന്നു. കിട്ടുവിനും ഉറക്കമില്ലാത്ത രാത്രി ആയിരുന്നു അത് രാത്രി മുഴുവൻ പലതും ആലോചിച്ചു മനസ്സിൽ കണക്കുകൾ കൂട്ടി കിഴിച്ചു മുറിയിൽ ഉലാത്തി കൊണ്ടിരുന്നു പുലരിയിൽ ഉറച്ച തീരുമാനത്തോടെ തെളിഞ്ഞ മുഖത്തോടെ അവൾ എഴുന്നേറ്റു കുളിച്ചു അമ്പലത്തിലേക്ക് പോയി ശ്രീദേവിയെ കൂടി അവൾ കൂടെ കൂട്ടി  കല്ലുവും ശിവയും എഴുന്നേറ്റ് വന്നു ശ്രീദേവിയെ കാണാത്തതു കൊണ്ട് അടുക്കള ഭരണം അവർ രണ്ടു പേരും  ഏറ്റെടുത്തു ബ്രേക് ഫാസ്റ്റ് ഉണ്ടാക്കികൊണ്ടിരുന്നപ്പോൾ ആണ് കിട്ടുവും ശ്രീദേവിയും  തിരിച്ചെത്തിയത് കിട്ടുവിന്റെ വേഷവും മുഖത്തെ തെളിച്ചവും കണ്ട് അവർ അന്തിച്ചു നോക്കി നിന്നു ചുവന്ന കരയുള്ള സെറ്റ് സാരി ഉടുത്തു നിൽക്കുന്ന അവളെ കാണാൻ നല്ല ഭംഗി ആയിരുന്നു കണ്ണിനു ചുറ്റും ഉള്ള കറുപ്പ് വലയങ്ങൾ കണക്കിലെടുത്താൽ പോലും അവളുടെ മുഖത്തെ തെളിച്ചം ആരെയും അത്ഭുതപ്പെടുത്തി കല്ലു അവളെ തന്നെ നോക്കി നിന്നു അങ്ങനെ ഒരു വേഷത്തിൽ അവളെ കാണുന്നത് ആദ്യമായിട്ടായിരുന്നു.

ശിവ അവളെ തട്ടി വിളിച്ചപ്പോൾ ആണ് ഏതോ ഓർമ്മയിൽ മുങ്ങിപോയ കല്ലു ഉണർന്നത് ശിവ കൂട്ടുവിനും ശ്രീദേവിക്കും ഉദയനും വേണ്ടി ബ്രേക്ഫാസ്റ്റ് വിളമ്പി. ഉദയൻ നിർബന്ധിച്ചു കല്ലുവിനെയും ശിവയെയും കൂടെ ഇരുത്തി എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു ഉച്ചയൂണ് എല്ലാവരും ചേർന്നു ഉണ്ടാക്കി ജിത്തു വരാറായി എന്ന് ഉദയൻ വന്നു പറഞ്ഞപ്പോൾ മുതൽ കല്ലുവിന് ഒരു അസ്വസ്ഥത തോന്നി തുടങ്ങി ഓടി ഒളിക്കാൻ ഒരിടം ഓർത്ത് അവൾ കൈവിരൽ നഖം കടിച്ചു തീർത്തു അത് നോക്കി ഇരുന്ന ശിവ അവളെയും കൊണ്ടു പുറത്തേക്ക് ഇറങ്ങി. പണ്ടത്തെ കാര്യങ്ങളും പറഞ്ഞു രണ്ട് പേരും കൂടി പറമ്പിലൂടെ നടന്നു. ആ പഴയ സുഖമുള്ള ഓർമകളിൽ മുഴുകി നടക്കുമ്പോൾ കല്ലു എല്ലാ പ്രശ്നങ്ങളെയും മറക്കാൻ ശ്രമിച്ചു. എല്ലാം ഓർമിപ്പിക്കാൻ എന്ന പോലെ ജിത്തിന്റെ കാർ ഗേറ്റ് കടന്നു വരുന്നത് കണ്ടു.

മുറ്റത്തേക്കുള്ള പടിക്കെട്ടുകൾക്ക് താഴെ കാർ പാർക്ക്‌ ചെയ്തു ഇറങ്ങി  അവൻ പടികൾ കയറി പോയി ശിവയും കല്ലുവും അത് നോക്കി നിന്നു.അവൻ അകത്തേക്ക് പോയത് കണ്ടു അവർ തിരിഞ്ഞു നടന്നു. പടർന്നു പന്തലിച്ച പറങ്കിമാവിന്റെ തണലിൽ കല്ലു ഇരുന്നു ശിവ പേരയിൽ വിളഞ്ഞു നിൽക്കുന്ന  പേരക്കകളെ എറിഞ്ഞു വീഴ്ത്താനുള്ള ശ്രമത്തിലാണ്. അവളുടെ ഓരോ ശ്രമങ്ങളും പരാജയപ്പെടുന്നത് കണ്ടു കല്ലു ഒരു ചിരിയോടെ അവളെ തന്നെ നോക്കി ഇരുന്നു ഞാൻ അങ്ങനെ ഒന്നും തോറ്റു പിൻ മാറുന്ന ടൈപ്പ് അല്ലെന്ന ഭാവത്തിൽ ശിവ തന്റെ ശ്രമം തുടർന്നു കൊണ്ടിരിന്നു. ആ സമയത്താണ് കിട്ടു അവിടേക്കു വന്നത് കിട്ടുവിനെ കണ്ട് കല്ലു എഴുന്നേറ്റ് നിന്നു അവളുടെ പിന്നാലെ ജിത്തു കൂടി ഉണ്ടോന്ന് അവൾക്കു തോന്നി ആ അവളുടെ കണ്ണുകൾ പിന്നിലെ വഴിയിലേക്ക് നീളുന്നത് കണ്ട് കിട്ടു ചിരിച്ചു കിട്ടുവിന്റെ ചിരി കണ്ട് അവൾ വല്ലാതായി.
“ഞാൻ ഇറങ്ങുവാ നിങ്ങളെ അവിടെ ഒന്നും കണ്ടില്ല അതാ “.

കിട്ടു ശിവയെയും കല്ലുവിനെയും മാറി മാറി നോക്കി കൊണ്ട് പറഞ്ഞു ശിവ അതിന് മറുപടി ആയി ശിവ  ഒന്ന് ചിരിച്ചു കല്ലുവും ചിരിച്ചെന്നു വരുത്തി
“കല്ലു മോളേ”
കിട്ടു അവളുടെ കൈകൾ കവർന്നു കൊണ്ടു വിളിച്ചു ആ വിളി കേട്ട് കല്ലു ഞെട്ടി അവളെ നോക്കി കിട്ടു അവളുടെ മുഖത്തു തന്നെ നോക്കി കൊണ്ട് നിന്നു

“നീ ഈ വിളിക്കുന്ന വിളിയിൽ എപ്പോഴെങ്കിലും ആത്മാർത്ഥ ഉണ്ടായിരുന്നോ “എന്ന് ചോദിക്കാൻ അവൾക്ക് തോന്നി പക്ഷേ കിട്ടുവിന്റെ ഇപ്പോഴത്തെ അവസ്ഥ ഓർത്തു വാക്കുകളെ പുറത്തേക്കു വരാതെ തടഞ്ഞു കൊണ്ടു അവൾ ഒന്ന് നിശ്വസിച്ചു കിട്ടു കല്ലുവിന്റെ മുഖത്തേക്ക് തന്നെ നോക്കി അൽപ്പ നേരം നിന്നു കൈകൾ കൊണ്ടും കല്ലുവിന്റെ  മുഖം പിടിച്ചടുപ്പിച്ചു നെറ്റിയിൽ അമർത്തി ചുംബിച്ചു അവളുടെ ആ പ്രവർത്തിയിൽ കല്ലു ഞെട്ടി  എന്താ നടക്കുന്നത് എന്ന് മനസിലാവാതെ ശിവ കണ്ണു മിഴിച്ചു.

“ഞാനായി നഷ്ടപ്പെടുത്തിയ എല്ലാ സന്തോഷവും നിനക്ക് ഞാൻ തിരികെ തരും കല്ലു എങ്ങനെയും ”
കിട്ടു മനസ്സിൽ പറഞ്ഞു കൊണ്ട് അവളെ വിട്ടു മാറി നിറഞ്ഞ കണ്ണുകൾ തുടച്ചു അവളുടെ ആ ഭാവം കണ്ട് കല്ലുവിന്റെയും കണ്ണുകൾ നിറഞ്ഞു കിട്ടു ഒന്നും പറയാതെ തിരിച്ചു നടന്നു  കല്ലു നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടക്കാൻ മറന്ന്  അവൾ പോകുന്നതും നോക്കി നിന്നു. ശിവ കല്ലുവിന്റെ അടുത്ത് വന്നു അവളുടെ തോളിൽ പിടിച്ചു. കല്ലു മുഖം തിരിച്ചു അവളെ നോക്കി അവൾ ഒന്നും ഇല്ലെന്ന് കണ്ണു ചിമ്മികാണിച്ചു. അവരാ നിൽപ്പ് തുടർന്നപ്പോൾ ജിത്തുവിന്റെ കാർ ഗേറ്റ് കടന്നു പോയി കല്ലു കാറ്‌ പോകുന്നത് മരങ്ങൾക്കിടയിലൂടെ നോക്കി നിന്നു

“കല്ലു… ഡി… നീ എന്നെ ഒന്ന് സഹായിക്കാൻ നോക്ക് ‘”
പേരയിലേക്ക് വലിഞ്ഞു കേറാൻ നോക്കുന്നതിനിടയിൽ ശിവ വിളിച്ചു പറഞ്ഞു കല്ലു തിരിഞ്ഞു നോക്കി അവളുടെ പ്രവർത്തി കണ്ട് ചിരിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു. ശിവ പേരമരത്തിന്റെ മുകളിലേക്ക് വലിഞ്ഞു കയറി ഒന്ന് രണ്ടു വിളഞ്ഞ പേരക്കകൾ പൊട്ടിച്ചെടുത്തു കല്ലുവിന് നേർക്ക് ഇട്ടു കൊടുത്തു കല്ലു അത് പിടിച്ചെടുത്തു.ശിവ പതിയെ ഇറങ്ങി അവളുടെ കയ്യിൽ നിന്നും ഒരെണ്ണം വാങ്ങി തിന്നാൻ തുടങ്ങി
“കല്ലു….”
ശബ്ദം കേട്ട് രണ്ടു പേരും തല ചരിച്ചു നോക്കി

“അയ്യോ അനന്തു ഏട്ടൻ.”
ശിവ പിറു പിറുത്തു കൊണ്ട് പറഞ്ഞു
ശിവ കൂടി അവിടെ നിൽക്കുന്നത് കണ്ട് അനന്ദു തിരികെ നടക്കാൻ ഒരുങ്ങി
“അതേ എന്നെ കണ്ടിട്ടാ തിരികെ പോണതെങ്കിൽ അത് വേണ്ട ഞാൻ മാറി തന്നേക്കാം”
അവൾ അനന്ദുവിന്റെ നേർക്ക് നോക്കി ചുണ്ട് കോട്ടി കൊണ്ട് അവനെ കടന്നു മുറ്റത്തേക്ക് കയറി പോയി. ശിവയുടെ കുശുമ്പ് കുത്തിയുള്ള പോക്ക് കണ്ട് കല്ലു ചിരിച്ചു കൊണ്ട് അനന്ദുവിന്റെ അടുത്തേക്ക് ചെന്നു. അനന്ദുവും ശിവ പോകുന്നത് നോക്കി ചിരിയോടെ നിന്നു പിന്നെ കല്ലുവിന്റെ നേർക്ക് തിരിഞ്ഞു
“നീ വന്നിട്ട് എന്താ വീട്ടിലേക്ക് വരാതിരുന്നേ?”
അനന്ദു അവളോട് ചോദിച്ചു അവന്റെ വാക്കുകളിൽ ഗൗരവം കലർന്നിരുന്നു
“അത്..അപ്പക്ക് ഇഷ്ടായില്ലെങ്കിലൊന്ന് വിചാരിച്ച് ”
കല്ലു മടിച്ചു മടിച്ചു പറഞ്ഞു
“കൊള്ളാം നിന്റെ അപ്പയെ നിനക്കറിയില്ലേ കല്ലു ദേഷ്യം ഒക്കെ കുറച്ചു നേരത്തേക്കേ ഉണ്ടാകൂ നീ വന്നോന്നു സംസാരിച്ചാൽ എല്ലാ പിണക്കോം തീരും ”

അനന്ദു ചിരിയോടെ പറഞ്ഞു
“ഞാൻ വരാം അനന്ദു ഏട്ടാ”
“ഉം”
അവൻ ഒന്ന് തല കുലുക്കിയിട്ട് മുറ്റത്തേക്ക് നടന്നു
“അനന്ദു ഏട്ടാ…”
കല്ലുവിന്റെ വിളി കേട്ട് അവൻ തിരിഞ്ഞു നിന്നു
“ശിവ എന്നോട് ഒരു കാര്യം പറഞ്ഞു..അവള് ഒരു പാവാ അനന്ദു ഏട്ടാ…..ഏട്ടനു..”
“അത് ശെരി ആകില്ല കല്ലു ഒരു ദൈവ നിഷേധിപെണ്ണാ അവള് അതാ എനിക്ക് ഏറ്റവും ദേഷ്യം അവളോട് ”
കല്ലുവിനെ പറഞ്ഞു പൂർത്തികരിക്കാൻ അനുവദിക്കാതെ അവൻ പറഞ്ഞു അതിന് മറുപടി ആയി കല്ലു ഒന്ന് ചിരിച്ചു

“അതിന് അവളെ കുറ്റം പറയാൻ പറ്റില്ല അനന്ദു ഏട്ടാ”
അവളെന്താ പറഞ്ഞു വരുന്നതെന്ന് മനസിലാവാതെ അനന്ദു അവളെ തന്നെ നോക്കി
“അവൾടെ അച്ഛന്റെ സ്വഭാവം അറിയാല്ലോ ചെറുപ്പത്തിൽ ഒക്കെ ചെറിയച്ഛൻ വൈകുന്നേരം കുടിച്ചിട്ട് വന്നു ഗീതന്റിയെയും ശിവയെയും ഉപദ്രവിക്കുമായിരുന്നുന്ന് അറിയാലോ ”
അനന്ദു അതേ എന്ന് തലയാട്ടി
“അന്നൊക്കെ അവള് വീട്ടിനകത്തു കിടന്നുറങ്ങുന്നത് നേരം വെളുക്കണ സമയത്താ അത് വരെ പിടിന്റെ പിന്നാമ്പുറത്തെ വിറക് പുരയിലോ ആട്ടിൻ കൂട്ടിലോ പേടിച്ച് അവൾ ഒളിച്ചിരിക്കും ചെറിയച്ഛൻ ഉറങ്ങി കഴിയുമ്പോഴാ ഗീതാന്റി അവളെ വീട്ടിലേക്കു കൂട്ടി കൊണ്ട് വരുന്നത്.”

അനന്ദു മനസ്സിലോർത്തു ഇരുട്ടിൽ പേടിച്ചരണ്ട കണ്ണുകളുമായി ഒളിച്ചിരിക്കുന്ന ചെറിയ പെൺ കുട്ടിയെ
“അന്നൊക്കെ അവൾ ദൈവത്തോട് പ്രാർഥിച്ചിരുന്നത് ഒരു ദിവസം എങ്കിലും പേടി ഇല്ലാതെ വീട്ടിനുള്ളിൽ കിടന്നു ഉറങ്ങാൻ പറ്റണേന്നാ അത് പോലും നടത്തി തരാൻ പറ്റാത്ത ദൈവങ്ങളും ആയി ഇനി കൂട്ടില്ലെന്നു അവൾ കുറച്ചു മുതിർന്നപ്പോ തീരുമാനം എടുത്തു അമ്മയും അച്ഛനും ഒക്കെ പറഞ്ഞു തിരുത്താൻ നോക്കി നടന്നില്ല അതാ അവൾ അങ്ങനെ ”
അനന്ദുവിന് അത് കേട്ട് വിഷമം വന്നു അങ്ങനെ പറയണ്ടായിരുന്നു എന്ന് തോന്നി
അവൻ ഒന്നും മിണ്ടാതെ മുറ്റത്തേക്ക് നടന്നു ശിവയുടെ കാര്യം ഓർത്ത് അവനു വിഷമം തോന്നി മുറ്റത്തേക്ക് കയറിയപ്പോൾ ഉമ്മറത്തിണ്ണയിൽ ഇരുന്നു പേരക്ക കടിച്ചു പറിക്കുന്ന അവളെ കണ്ട് പൊട്ടി വന്ന ചിരി അവൻ കടിച്ചു പിടിച്ചു അത്രയും നേരം മനസ്സിൽ അവളോട്‌ ഉണ്ടായ സഹതാപവും സ്നേഹവും എല്ലാം ആവിയായി പോയി അവളെ കപട ഗൗരവത്തിൽ ഒന്ന് ചുഴിഞ്ഞു നോക്കിയിട്ട് നടന്നു പോയി ശിവ ചുണ്ട് കോട്ടി തിരുഞ്ഞിരുന്നു കാറിലേക്ക് കയറി ഇരുന്നു കാർ സ്റ്റാർട്ട്‌ ചെയ്തു ശിവയെ നോക്കി ഒന്ന് രണ്ട് നിമിഷങ്ങൾ കൂടി ഇരുന്നു അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു

(തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here