Part – 9 വായിക്കാൻ ഇവിടെ Click ചെയ്യുക.
ഓർമ്മ മാത്രം Part – 10
രചന : Anu Kalyani
പറഞ്ഞുതീരുന്നതിന് മുമ്പ് അവന്റെ ബോധം പോയിരുന്നു……
അവനെ കിടക്കയിൽ കിടത്തി അവൾ മുറിയിലേക്ക് പോയി….
ഫോൺ എടുത്ത് മീരയുടെ നമ്പർ ഡയൽ ചെയ്തു….
“ഹലോ……”
“ഹലോ മീര… ഞാൻ നന്ദു ആണ്….”
“എന്താടി…. നിനക്ക് ഉറക്കം ഒന്നും ഇല്ലെ…”
“മീര എനിക്ക് ബാക്കി പറഞ്ഞ് താ….”
“നീ കിടന്നുറങ്ങ് കൊച്ചെ…. ബാക്കി ഒക്കെ നാളെ പറയാം……”
ഉറക്കച്ചടവോടെ പറഞ്ഞ് മീര കോൾ കട്ടാക്കി…..
നന്ദൂന്റെ കണ്ണുകളെ നിദ്രാദേവി കടാക്ഷിച്ചില്ല…
എന്നത്തേയും പോലെ അന്നും സംശയങ്ങളും ഉത്തരങ്ങളും മനസിൽ യുദ്ധം ചെയ്യുകയായിരുന്നു…..
🛑🛑🛑
ജനലിലൂടെ വന്ന പ്രകാശം കണ്ണുകളിൽ പതിഞ്ഞപ്പോഴാണ് അഭി ഉണർന്നത്….
രാത്രിയിൽ നന്ദൂന്റെ കൂടെ സംസാരിച്ചത് ഓർത്തപ്പോൾ അവൻ വേഗത്തിൽ എഴുന്നേറ്റു….
താഴെ ഇറങ്ങുന്നതിന് മുന്പ് നന്ദൂന്റെ മുറിയിൽ എത്തി നോക്കി…..
പാതി ചാരിയ റൂമിൽ അവൾ ഇല്ലായിരുന്നു..
“അമ്മേ…. നന്ദു എവിടെ….”
അവളെ കാണാതെ അവൻ എല്ലാ ഇടവും തിരഞ്ഞു….
“രാവിലെ മുതലെ മീരയുടെ വീട്ടിൽ കൊണ്ടുവിടുമോ, എന്നും ചോദിച്ച് അച്ഛന്റെ പിന്നാലെ ആയിരുന്നു….
രണ്ടു പേരും അങ്ങോട്ട് പോയിട്ടുണ്ട്….”
പറഞ്ഞുതീരും മുൻപേ കോളിംഗ് ബെൽ അടിച്ചു….
“അച്ഛാ നന്ദു എവിടെ…..”
അച്ഛനെ ഒറ്റയ്ക്ക് കണ്ട് അവൻ വെപ്രാളത്തിൽ ചോദിച്ചു….
“അവൾ കുറച്ച് കഴിഞ്ഞ് വരാമെന്ന് പറഞ്ഞു…..”
അഭി പതിയെ അവളുടെ മുറിയിൽ കയറി…
ആകെ അലങ്കോലമായി കിടക്കുന്ന മുറിയിൽ നിന്നും തുറന്ന് വച്ച ഡയറി അവൻ കൈയിലെടുത്തു….
എന്നോ എഴുതിയ അക്ഷരങ്ങൾ അവനെ വിളിക്കുന്നത് പോലെ തോന്നി….
‘ഞാൻ ഇതുവരെയും ഒരാളെയും
ഇത്ര സ്നേഹിച്ചിട്ടില്ല……
ഇങ്ങനെ സ്നേഹിക്കുവാനുള്ള കഴിവ്
എനിക്കുണ്ടെന്നു തന്നെ
എനിക്കറിയുമായിരുന്നില്ല….
അതുകൊണ്ട്… ഈ നിമിഷത്തെ
ഞാൻ നശിപ്പിക്കില്ല…..’
(കടപ്പാട്-മാധവിക്കുട്ടി)
വെളുത്ത താളിലെ ചുവന്ന വരികൾ വായിച്ച് മുഴുവിപ്പിക്കാൻ അവന്റെ കണ്ണുനീർ സമ്മതിക്കുന്നുണ്ടായിരുന്നില്ല….
പശ്ചാത്താപത്തിന്റെ ഉപ്പുജലം അക്ഷരങ്ങളെ മറച്ചുതുടങ്ങിയിരുന്നു…
🛑🛑🛑
“മീര, നിനക്ക് മദറിനെ അറിയാമോ….”
“ഓർഫനേജിൽ നിന്റെ കൂടെയുണ്ടായിരുന്ന സ്ത്രീ ആണെന്ന് തോന്നുന്നു…
അവർ ഒരു പ്രാവശ്യം നിന്നെ കാണാൻ വന്നിട്ടുണ്ട്…..
വേറെ ഒന്നും അറിയില്ല…..”
തന്റെ ജീവിതത്തിൽ മദറിന് അതിൽ കൂടുതൽ പ്രാധാന്യം ഉണ്ടെന്ന് നന്ദുവിന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു…..
ആ പേര് കേൾക്കുമ്പോൾ തന്നെ ഉള്ളിലെവിടെയോ ഒരു ഊർജ്ജം ലഭിക്കുന്നത് പോലെ…..
“അഭി തിരികെ പോയതിന് ശേഷം എന്താ ഉണ്ടായത്….”
“അവൻ പിന്നെ വന്നിരുന്നു, ഒരു പ്രാവശ്യം..
നീയുമായിട്ടുള്ള വിവാഹം പെട്ടെന്ന് നടത്തണം എന്ന് പറഞ്ഞ്….
അന്ന് അവന്റെ അച്ഛനും അമ്മയും നിന്നോട് സമ്മതം ചോദിച്ചപ്പോൾ, അവരോട് സമ്മതം മൂളി,ദേ ഇതുപോലെ നീ എന്നെ കാണാൻ ഓടി വന്നിരുന്നു…..”
🛑🛑🛑
“നന്ദു, നീ ശരിക്കും ആലോചിച്ചിട്ടാണോ..
വിവാഹത്തിന് സമ്മതിച്ചത്….”
തലതാഴ്ത്തി ഇരിക്കുന്ന അവളുടെ ഉള്ളിൽ നിന്നും നേർത്ത ഒരു മൂളൽ മാത്രം പുറത്തേക്ക് വന്നു…..
“ഇപ്പോഴും നിനക്ക് സമയമുണ്ട്….
അവന്റെ സ്വഭാവത്തിനോട് നിനക്ക് പൊരുത്തപ്പെടാൻ കഴിയുമോ…
നന്നായി ചിന്തിക്ക്…..”
മീരയുടെ ചോദ്യങ്ങൾക്ക് അവൾക്ക് ഉത്തരം ഇല്ലായിരുന്നു….
“ഞാനൊന്ന് ചോദിച്ചോട്ടെ നന്ദൂ….
പതിനേഴാമത്തെ വയസിൽ നീ എടുത്ത പക്വത ഇല്ലാത്ത ഒരു തീരുമാനം ആയിരുന്നില്ലേ നിങ്ങളുടെ ഈ ബന്ധം….
എന്നെങ്കിലും അവൻ നിന്നെ പൂർണമായും വിശ്വസിച്ചിട്ടുണ്ടോ….. അല്ലെങ്കിൽ അവൻ നിന്നെ പൂർണമായും സ്നേഹിക്കുന്നുണ്ടെന്ന്
നീ വിശ്വസിക്കുന്നുണ്ടോ……”
ഒന്ന് നിർത്തി അവൾ മൗനയായി ഇരിക്കുന്ന നന്ദുവിനെ നോക്കി….
“അവന് നിന്നോട് സ്നേഹം ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല…..
സ്നേഹം ഉള്ളിടത്ത് വിശ്വാസം ഉണ്ടാകും…
അല്ലാതെ ഇതുപോലെ…….”
“മീര… പ്ലീസ്…നിർത്ത്…..
ശരിയാണ് അവൻ എന്നെ വഴക്ക് പറയാറുണ്ട്…തല്ലിയിട്ടുണ്ട്…..
പക്ഷേ ഒരിക്കലും അവൻ എന്നെ സ്നേഹിച്ചിട്ടില്ലെന്ന് ഞാൻ പറയില്ല….
കാരണം അവന്റെ സ്നേഹം ഞാൻ അനുഭവിച്ചതാണ്…..
പിന്നെ… വിശ്വാസം…..
പ്രണയഭരിതമായ ജീവിതത്തിൽ ഉണ്ടാകുന്ന നൊമ്പരമാണിത്……
ഞാൻ അവനെക്കാൾ കൂടുതൽ മറ്റാരെയും സ്നേഹിക്കാൻ പാടില്ല എന്ന അവന്റെ വാശി…ആ വാശിയെ തന്നെയാണ് ഞാൻ സ്നേഹിക്കുന്നതും……”
“ഇത് വാശി അല്ല….പൊസസീവ്നസ് ആണ്..”
“സ്നേഹം ഉള്ളിടത്താണ് മീര പൊസസീവ്
ഉണ്ടാകുന്നത്…..
അവന്റെ ആ പൊസസീവിനോട് തന്നെയാണ് എന്റെ പ്രണയവും…. അന്നത്തെ ആ സംഭവത്തിന് ശേഷം അവൻ എന്നെ വിളിച്ചതേ ഇല്ലായിരുന്നു….
ഒരു രാത്രി അവന്റെ ഓർമ്മകൾ എന്നെ ഉറക്കം കെടുത്തിയപ്പോൾ, അവന്റെ ഫോട്ടോ നോക്കി സമയം കൊന്നുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു അവന്റെ കോൾ വന്നത്….
അന്നെനിക്ക് അവനോട് മിണ്ടാൻ വാക്കുകൾ ഇല്ലായിരുന്നു….
പറയാൻ വന്നത് ഒക്കെ തൊണ്ടയിൽ കുരുങ്ങിയ പോലെ…..
മറുവശത്തും അത് തന്നെ ആയിരുന്നു….പൂർണ നിശബ്ദത…..
സ്തംഭരാക്കിയ ആ നിശബ്ദതയ്ക്കൊടുവിൽ അടക്കിപ്പിടിച്ച പ്രണയം അണപൊട്ടിയൊഴുകുക ആയിരുന്നു………”
🛑🛑🛑
“കല്ല്യാണത്തിന് സമ്മതിച്ചെങ്കിലും നിന്റെ മുഖം ഒരിക്കൽ പോലും തെളിഞ്ഞുകണ്ടിട്ടില്ല..
നീയും അഭിയും പിന്നീട് അധികം ഒന്നും സംസാരിക്കില്ലെങ്കിലും നിങ്ങൾ തമ്മിൽ വല്ലാത്തൊരു ആത്മബന്ധം ഉള്ളത് പോലെ എനിക്ക് തോന്നിയിട്ടുണ്ട്…….
കല്ല്യാണം ഉറപ്പിച്ച് രണ്ട് മാസം കഴിഞ്ഞാണ് നീ ഇന്റർവ്യൂന് വേണ്ടി അവന്റെ അടുത്തേക്ക് പോയത്…..
അതിന് ശേഷം എന്താണ് ഉണ്ടായതെന്ന് എനിക്കും അറിയില്ല…..”
“അത് ആർക്കായിരിക്കും അറിയാവുന്നത്…”
“നീ എന്നെ ട്രെയിനിൽ വച്ച് വിളിച്ചിരുന്നു….
പക്ഷേ പിന്നെ നിന്നെ തിരിച്ച് വിളിച്ചപ്പോൾ ഒക്കെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു….
അഭിയെ വിളിച്ചപ്പോഴാ അറിഞ്ഞത് നീ അവനോട് വഴക്കിട്ട് പോയി എന്ന്…..
നിന്നെ തിരികെ വിളിക്കാൻ ഇറങ്ങുവാണെന്നും പറഞ്ഞു……….
പിന്നെ അവന്റെ കോൾ വന്നത് നിന്നെ കാണുന്നില്ല എന്ന് പറഞ്ഞാണ്…..
കരച്ചിലിന്റെ ഇടയിൽ അവനാ വാക്കുകൾ പറഞ്ഞൊപ്പിച്ചത് ഇപ്പഴും എന്റെ ചെവിയിൽ ഉണ്ട്……”
എല്ലാം കേട്ട് കഴിയുമ്പോഴും അവൾക്ക് ഒരു ഭാവവ്യത്യാസവും ഇല്ലായിരുന്നു…..
“നന്ദൂ…..നീ എന്താ ഒന്നും പറയാത്തത്….”
അവളുടെ ഇരിപ്പും ഭാവവും കണ്ട് മീര ചെറിയ പരിഭവത്തോടെ ചോദിച്ചു….
“എനിക്ക് അറിയണം മീര…. എന്നെ ഈ അവസ്ഥയിൽ ആക്കിയത് ആരാണെന്ന്…”
അവളുടെ ശബ്ദത്തിന് കനം ഏറിയിരുന്നു….
“പക്ഷേ എങ്ങനെ……”
“അറിയില്ല……”
നിർവികാരത നിറഞ്ഞ മുഖത്ത് എന്തോ അറിയാനുള്ള ആകാംക്ഷ ആയിരുന്നു……
🛑🛑🛑
നന്ദു വരുന്നതും കാത്ത് അവളെ നോക്കി നിൽക്കുകയായിരുന്നു അഭി…..
അവളുടെ അസാന്നിധ്യം അവനെ വീർപ്പുമുട്ടിക്കുന്നത് പോലെ തോന്നി…..
അവളുടെ കൈപ്പടയിൽ എഴുതിയ മായം ചേർക്കാത്ത പ്രണയാക്ഷരങ്ങൾ, അവനോട് അവൾക്കുള്ള സ്നേഹത്തിന്റെ ആഴം മനസിലാക്കി കൊടുക്കുകയായിരുന്നു…
താഴെ നിന്ന് അവളുടെ ശബ്ദം ഒഴുകി വന്നതും അവൻ അങ്ങോട്ടേക്ക് നടന്നു….
“നന്ദു……”
ടീച്ചറമ്മയുടെ കൂടെ സംസാരിക്കുന്ന നന്ദുവിനെ അവൻ ആർദ്രമായി വിളിച്ചു….
പിറകിൽ വാതിലിൽ ചാരി നിന്ന് നോക്കുന്ന അഭിയെ അവൾ കണ്ണെടുക്കാതെ നോക്കി..
മീരയിലൂടെ, തനിക്ക് അവനോട് ഉണ്ടായിരുന്ന സ്നേഹത്തിന്റെ അളവ് എത്രയാണെന്ന് അവൾ മനസിലാക്കിയിരുന്നു…..
“എന്തായിരുന്നു മീരയുടെ വീട്ടിൽ……”
തെല്ല് നേരത്തെ മൗനത്തിനു ശേഷം അവൻ അവളോടായി ചോദിച്ചു…..
“ഏയ്… വെറുതെ പോയതാ……”
ചെറിയ ചിരിയോടെ അവൾ പുറത്തേക്ക് ഇറങ്ങി…..
ആ ഉത്തരത്തിൽ അവൻ സംതൃപ്തനല്ലായിരുന്നു…..
കേട്ടറിഞ്ഞ, വായിച്ചറിഞ്ഞ തന്റെ ഭൂതകാലം അവളുടെ ഉറക്കം കെടുത്തി…..
പതിയെ പതിയെ നേർത്ത ഉറക്കത്തിലേക്ക് വഴുതി നീങ്ങി…
ചുരുണ്ടുകൂടി കിടക്കുന്ന അവളെ ആരോ കട്ടിലിൽ നിന്നും താഴേക്ക് തള്ളി ഇട്ടു….
പിടഞ്ഞെഴുന്നേൽക്കാൻ തത്രപ്പെടുമ്പോഴേക്കും കാലിൽ വലിച്ച് അയാളുടെ മുഖത്തോട് അവളുടെ മുഖം ചേർത്തു….
ഉയർന്ന ശബ്ദത്തിൽ അലറി കരയുന്നുണ്ടായിരുന്നു, പക്ഷേ ശബ്ദം പുറത്ത് വന്നില്ല….
ഇരുണ്ട വെളിച്ചത്തിൽ ഇരുട്ടിൽ മറഞ്ഞുനിന്നിരുന്ന ആ മനുഷ്യരൂപം പതിയെ പതിയെ വെളിച്ചത്തിലേക്ക് വന്നു….
ആ രൂപം കണ്ട് അവളുടെ കണ്ണുകൾ വിടർന്നു….
ചുണ്ടിൽ വിയർപ്പ് കണങ്ങൾ പൊടിഞ്ഞു…
അവന്റെ കയ്യിലെ വലിയ ഇരുമ്പ് വടികൊണ്ട് അവളുടെ തലയിൽ ആഞ്ഞടിച്ചു….
താൻ സ്വപ്നം കണ്ടതാണെന്ന് വിശ്വസിക്കാൻ അവൾക്ക് കഴിഞ്ഞില്ല….
അതിന് കുറേ സമയം വേണ്ടി വന്നു….
ആ സ്വപ്നം, ഒരു സ്വപ്നം മാത്രം ആകണെ എന്ന് അവൾ ഉള്ളുരുകി പ്രാർത്ഥിക്കുമ്പോഴും…
അതിൽ ഒളിഞ്ഞിരിക്കുന്ന പൊരുൾ അറിയാൻ വെപ്രാളപ്പെടുന്നുണ്ടായിരുന്നു…..
🛑🛑🛑
“നീ എന്തൊക്കെയാ ഈ പറയുന്നത് നന്ദൂ.”
നന്ദൂന്റെ വാക്കുകൾ കേട്ട് ദേഷ്യത്തിൽ മീര അവൾക്ക് നേരെ തിരിഞ്ഞു…..
“ഇല്ല മീര, ഇത് ചിലപ്പോൾ എന്റെ സംശയം മാത്രം ആവാം…
പക്ഷേ ഞാൻ എന്നും കാണാറുള്ള സ്വപ്നത്തിൽ, ഇരുട്ടിൽ നിന്ന ആ രൂപം ഇന്നലെ വെളിച്ചത്തിൽ വന്നെങ്കിൽ അതിന് എന്തെങ്കിലും ഒരു കാരണം ഉണ്ടാവില്ലെ…
“ഓർമ്മ പോയപ്പോൾ നിനക്ക് ഭ്രാന്തായോ…
അഭി അങ്ങനെ ചെയ്യുമെന്ന് നിനക്ക് തോന്നുന്നുണ്ടോ…. എന്തൊക്കെ ആയാലും അവൻ ഒരിക്കലും ഇത് ചെയ്യുമെന്ന് ഞാൻ വിശ്വസിക്കില്ല……”
“മീര…. ”
മീരയുടെ ശബ്ദം അവൾ കേൾക്കുന്നുണ്ടായിരുന്നില്ല…..
എങ്ങോട്ടോ നോക്കി ശില പോലെ നിൽക്കുന്ന നന്ദുവിനെ മീര ദേഷ്യത്തോടെ നോക്കി….
“ഫുഡ് ഡെലിവറി ചെയ്യുന്ന ഒരാളാണ് എന്നെ ഹോസ്പിറ്റലിൽ എത്തിച്ചതെന്നാണ് , അന്ന് ആ നേഴ്സ് പറഞ്ഞത്….
അഭി എന്നെ കാണാൻ പോകുവാണെന്നല്ലെ, നീ വിളിച്ചപ്പോൾ പറഞ്ഞത്….
അങ്ങന ആണെങ്കിൽ അത് ചിലപ്പോൾ അവൻ തന്നെ ആയിക്കൂടാ എന്നുണ്ടോ….”
“പക്ഷേ അഭി….അവൻ, അതും നിന്നോട്….”
“എനിക്ക് അറിയില്ല മീര…..
പക്ഷേ, ഞാൻ ആ ദിവസത്തെ കുറിച്ച് പറയുമ്പോൾ അവന്റെ മുഖത്തെ വെപ്രാളം ഞാൻ ശ്രദ്ധിക്കാറുണ്ട്..
ചിന്തകൾ കാട് കയറുന്നുണ്ടായിരുന്നു…..
“അഭി ആണിത് ചെയ്തതെങ്കിൽ ഉറപ്പായിട്ടും അവൻ ഇതിന്റെ ശിക്ഷ അനുഭവിക്കണം…..”
ദേഷ്യവും ദുഃഖവും കാരണം മീരയുടെ മുഖം ചുവന്നു തുടുത്തു…..
“പക്ഷേ എങ്ങനെ കണ്ടുപിടിക്കും….”
“വരുൺ……..”
കുറച്ച് നേരത്തെ മൗനത്തിനു ശേഷം മീരയുടെ ചുണ്ടുകൾ അനങ്ങി….
“വരുണോ…..”
“അഭിയും വരുണും ഒരുമിച്ച് ആയിരുന്നു താമസിച്ചത്…..
അവനോട് ചോദിക്കാം……”
“പക്ഷേ അവൻ ഇപ്പോൾ എവിടെയാണ്….”
“അവൻ മുംബൈയിൽ ഉണ്ടാകും….”
മീരയുടെ മുഖത്ത് എന്തെന്നില്ലാത്ത ഒരു ഭാവം ആയിരുന്നു….
സത്യം അറിയാൻ എത്രദൂരവും പോകാൻ അവൾ ഒരുക്കമായിരുന്നു……
തുടരും….