Home Latest അപ്പൊ ആ ഹരന്റെ കാര്യമോ..? അയാളെന്തിനാ നമ്മളോടങ്ങിനെയൊരു നുണ പറഞ്ഞേന്ന് അറിയണ്ടേ..? Part – 12

അപ്പൊ ആ ഹരന്റെ കാര്യമോ..? അയാളെന്തിനാ നമ്മളോടങ്ങിനെയൊരു നുണ പറഞ്ഞേന്ന് അറിയണ്ടേ..? Part – 12

0

Part – 11 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Sai Bro

ഉടലുണ്ട് തലയില്ല  Part -12

“പക്ഷെ എന്തിനായിരിക്കും ഹരൻ ഈ ശിൽപ്പം ഒറീസ്സയിലുള്ള മാർവാടിക്ക് കൊടുത്തു എന്ന് നമ്മളോട് നുണ പറഞ്ഞത്..? ”

“അതെന്തിനാണെന്നു ഹരന്റെ വായിൽ നിന്ന് തന്നെ വരട്ടെഡാ ശംഭു.. ഒരുപക്ഷെ അയാൾക്കും ഒരു കഥ പറയാനുണ്ടാകും.. !!”

💀💀💀💀💀💀💀💀💀💀💀💀💀💀💀

“ഇത്രേം പാടുപെട്ട് ആ തലയോട്ടി കണ്ടെത്തിയിട്ടും നീ അത് അവിടെ തന്നെ വെച്ചിട്ട് പോന്നത് എന്തിനാന്നാ എനിക്ക് മനസിലാവാത്തത്.. ” വീട്ടിലേക്ക് തിരികെ പോരുന്ന വഴിക്ക് കാറിൽ ഇരുന്നുകൊണ്ട് ശംഭു പിറുപിറുക്കുന്നത് കേട്ട് ഞാൻ അവനെ ഒന്നു നോക്കി.

“രാവുണ്ണിനായരുടെ ആ തല ഞാൻ പിന്നെ വീട്ടിൽ കൊണ്ടൊന്ന് പൂജാ മുറിയിൽ സൂക്ഷിച്ചു വെക്കണാരുന്നോ..? ”

“അതല്ലഡാ, എന്നാലും… ” ശംഭു എന്താ പറയണ്ടേ എന്നറിയാതെ കൈകൂട്ടി തിരുമ്മുന്നത് കണ്ട് ഞാനൊന്ന് ചിരിച്ചു..

“ഡാ ശംഭു, പൊറപ്പെട്ടു പോയീന്ന് ഈ നാടുമുഴുവൻ വിശ്വസിക്കുന്ന ഒരു മനുഷ്യന്റെ തലയോട്ടി കൊണ്ടുവന്ന് സ്വന്തം കയ്യിൽ വെക്കാൻ മാത്രം മന്ദബുദ്ധിയൊന്നുമല്ല ഞാൻ.. നീ ഇന്നലെ എന്നോട് പറഞ്ഞപോലെ രാവുണ്ണിനായർ കടംമൂത്ത് നാടുവിട്ടുപോയി, നമ്മളും ഇനി മുതൽ അങ്ങനെ കരുതിയാൽ മതി.. ”

“അപ്പൊ ആ ഹരന്റെ കാര്യമോ..? അയാളെന്തിനാ നമ്മളോടങ്ങിനെയൊരു നുണ പറഞ്ഞേന്ന് അറിയണ്ടേ..? ”

“വേണമല്ലോ, നമുക്കത് നാളെ പകൽ അയാളോട് തന്നെ ചോദിക്കാം.. എന്തായാലും ഈ രാത്രിയിൽ ഹരൻ സുഖമായി കിടന്നുറങ്ങട്ടെ.. ” ആക്‌സിലേറ്ററിൽ കാലമർത്തികൊണ്ട് ഞാനത് പറയുമ്പോൾ ശംഭു പിന്നെയൊന്നും മിണ്ടിയില്ല..

ശംഭുവിനെ ഇറക്കി തിരികെ വീട്ടിലെത്തി ഒരു കുളി പാസ്സാക്കിയതിന് ശേഷം കട്ടിലിൽ അങ്ങനെ നീണ്ടുനിവർന്നു കിടക്കുമ്പോൾ ഞാൻ മൊബൈലിൽ അൽപ്പം മുൻപേ എടുത്ത ആ ഫോട്ടോ ഒന്ന് നോക്കി.. ഹരന്റെ പണിശാലയിലെ ചില്ലുകൂടിനകത്തു ആറടി ഉയരമുള്ള പിച്ചള പ്രതിമയിൽ പല്ലിളിച്ചുകൊണ്ടിരിക്കുന്ന ആ തലയോട്ടി.. ! ഇത്രയും നാളും എന്റെ ഉറക്കം കളഞ്ഞ അതിനെ ഒന്നുകൂടെ സൂക്ഷിച്ചു നോക്കിയതിന് ശേഷം വാട്സാപ്പ് തുറന്ന് പാർവ്വതിക്ക് ഞാനൊരു മെസ്സേജ് അയച്ചിട്ടു..

“നാളെ ഒന്ന് കാണണം.. ലവ് യു ഡിയർ.. ”

അതിന് മറുപടിക്ക് കാക്കാതെ മൊബൈൽ മാറ്റി വെച്ച് കണ്ണടച്ചു ഉറങ്ങാൻ ശ്രമിക്കുമ്പോൾ ഞാനൊരു കാര്യം മനസ്സിൽ ഉറപ്പിച്ചിരുന്നു..

‘നാളത്തോടെ എല്ലാ പ്രശ്നങ്ങളും അവസാനിപ്പിക്കണം.. ‘

💀💀💀💀💀💀💀💀💀💀💀💀💀💀💀

പിറ്റേന്ന് രാവിലെതന്നെ ശംഭുവും ഞാനും ഹരന്റെ വീട്ടിൽ എത്തിയത് കണ്ട് അയാളൊന്ന് അമ്പരന്നു..

“എന്തുപറ്റി ശേഖർ? വീണ്ടും ഇങ്ങോട്ടേക്കൊരു വരവ്..? ” ഹരൻ അത് ചോദിക്കുമ്പോൾ ഞാനൊന്ന് പുഞ്ചിരിച്ചുകൊണ്ട് സ്വീകരണമുറിയിലെ സെറ്റിയിലേക്ക് ചാഞ്ഞിരുന്നു..

“ഇന്നലെ രാത്രി ഞാനും ശംഭുവും കൂടി ഒറീസ്സ വരെ ഒന്ന് പോയി.. ” ഞാനത് പറയുമ്പോൾ ഹരൻ കാര്യം മനസിലാവാതെ കണ്ണുമിഴിച്ചു..

“താൻ എന്തൊക്കെയാ ഈ പറയുന്നേ ശേഖറെ, ഇന്നലെ രാത്രി നിങ്ങൾ ഒറീസ്സയിലേക്ക് പോയെന്നോ..? ”

“ആന്നേ, ഞങ്ങൾ ഒറീസ്സയിൽ ചെന്ന് ആ മാർവാടിയെ കണ്ട് അയാളുടെ കയ്യിലുള്ള പിച്ചളപ്രതിമയുടെ ഒരു ഫോട്ടോയും എടുത്തു അപ്പൊ തന്നെ തിരിച്ചു ഇങ്ങോട്ട് പൊരേം ചെയ്തു.. അല്ലേടാ ശംഭു..? ” ഞാൻ ശംഭുവിനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അത് പറഞ്ഞപ്പോൾ അവൻ ഇരുകൈകളും മുകളിലേക്കുയർത്തി നടുനിവർത്തുന്നത് പോലെ ഒന്ന് അഭിനയിച്ചു..

” ഒറ്റ രാത്രികൊണ്ട് കാറിൽ ഒറീസ്സവരെ പോയി വന്നത് കൊണ്ടാവണം വല്ലാത്ത ക്ഷീണം.. ന്നാലും സാരല്യ, പോയ കാര്യം നടന്നല്ലോ.. അത് മതി.. ”

അതെല്ലാം കേട്ട് മറുപടിയൊന്നും പറയാതെ ഹരൻ ഞങ്ങളെ ഇരുവരെയും മാറിമാറി നോക്കി പകച്ചുനിൽക്കുന്നത് കണ്ട് ഞാൻ വീണ്ടും സംസാരിക്കാൻ ആരംഭിച്ചു..

“മാർവാടി കയ്യിലെ ഭിക്ഷാടനമൂർത്തിയുടെ ആ ശില്പം കണ്ടപ്പോ ഞങ്ങൾക്കൊരു സംശയം, ഇത് തന്നെയാണോ ഹരൻ ആ മാർവാടിക്ക് കൊടുത്തതെന്ന്.. ആ സംശയം തീർക്കാനാ ഞങ്ങൾ നേരെ ഇങ്ങോട്ട് വന്നത്.. ദേ ഈ ഫോട്ടോയിൽ കാണുന്നത് തന്നെയല്ലേ ശശിചേട്ടൻ അന്ന് ഹരന് പിച്ചളയിൽ പണിത് തന്ന ആ ശില്പം..? ”

അത് പറഞ്ഞുകൊണ്ട് പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്ത് ഇന്നലെ രാത്രി ഹരന്റെ പണിശാലയിൽ വച്ചെടുത്ത പിച്ചള പ്രതിമയുടെ ഫോട്ടോ ഗാലറിയിൽ നിന്ന് സെലക്ട്‌ ചെയ്തു ഹരന് നേരെ നീട്ടിയിപ്പോൾ അയാൾ എന്റെ കയ്യിൽ നിന്ന് മൊബൈൽ വാങ്ങി ആ ചിത്രത്തിലേക്ക് തറച്ചുനോക്കി.. താൻ പിടിക്കപെട്ടിരിക്കുന്നു എന്നുള്ള ഭാവം ആ മുഖത്തു മിന്നിമറയുന്നത് ഞാൻ ആകാംക്ഷയോടെ കണ്ടുനിന്നു..

“ഇനീപ്പോ ഞങ്ങള് ചോയ്ക്കാതെ തന്നെ താൻ സത്യം പറയുന്നതല്ലേ നല്ലത്..? ”

ശംഭു ഭീഷണി കലർന്ന സ്വരം ഉയർത്തി അത് പറയുമ്പോൾ ഹരൻ മൊബൈലും കയ്യിൽ പിടിച്ചു ഒരു തളർച്ചയുടെ തൊട്ടടുത്തുള്ള കസേരയിലേക്ക് ചാഞ്ഞു..അല്പനേരത്തിന് ശേഷം അയാൾ എന്തോ പറയാനുറച്ചെന്നവണ്ണം മുഖമുയർത്തി ഞങ്ങളെ ഇരുവരെയും നോക്കി..

“അന്ന് എന്റെ നിർബന്ധപ്രകാരം ശശി പണിതീർത്ത ഭിക്ഷാടനമൂർത്തിയുടെ അതിമനോഹരമായ പിച്ചളവിഗ്രഹം ഈ വീട്ടിലെ സ്വീകരണമുറിയിൽ തന്നെയാണ് ഞാൻ ആദ്യം കൊണ്ട് വെച്ചത്.. ഞാൻ പണിത മറ്റ് ശില്പങ്ങളെല്ലാം ശശിയുടെ കരവിരുതിന് മുൻപിൽ ഒന്നുമല്ലാതായിപോയി എന്ന് അൽപ്പം അസൂയയോടെ ഞാനന്ന് മനസിലാക്കി.. അത്രയും മനോഹരമായിരുന്നു ആ ശിൽപ്പം. പക്ഷെ ഒന്നുകൂടി സൂക്ഷിച്ചു നോക്കിയപ്പോൾ അതിൽ ഒരു കുറവുള്ളത് ഞാൻ കണ്ടു.ഭിക്ഷാടനമൂർത്തിയായ ഭൈരവൻ ഭിക്ഷയാചിച്ചു നടന്നിരുന്നത് ബ്രഹ്മദേവന്റെ തലയോട്ടിയും കയ്യിലേന്തിയായിരുന്നു എന്നാണ് സങ്കല്പം. പക്ഷെ അങ്ങനെയൊരു തലയോട്ടി ആ ശിൽപ്പത്തിൽ ഉണ്ടായിരുന്നില്ല.. അതൊരു വലിയ കുറവായി എനിക്ക് തോന്നിയതുകൊണ്ട് തന്നെ ശശിയോട് ഞാനാ കാര്യം സൂചിപ്പിച്ചു..താനത് ശ്രദ്ധിച്ചിരുന്നില്ലെന്നും പെട്ടെന്ന് തന്നെ ഒരു തലയോട്ടി പണിത് തരാമെന്നും എനിക്കുറപ്പ് നൽകിയ ശശി രണ്ട് ദിവസത്തിനുള്ളിൽ ഒരു തലയോട്ടിയുമായി വന്ന് അതാ ശില്പത്തിന്റെ ഇടത്തെ കയ്യിൽ വെക്കുകയും ചെയ്തു. ”
അത്രയും പറഞ്ഞുകൊണ്ട് ഹരൻ ഒന്ന് നെടുവീർപ്പുതിർത്തപ്പോൾ ഞാനും ശംഭുവും പരസ്പരം ഒന്ന് നോക്കി..

“രണ്ടാഴ്ച്ചകഴിഞ്ഞ് ഇവിടിരിക്കുന്ന ശില്പങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന പൊടി തൂത്തു കളഞ്ഞുകൊണ്ടിരിക്കുന്നതിനിടെ ഞാനെന്റെ ശേഖരത്തിലെ ഏറ്റവും അമൂല്യമായ ശില്പത്തിനുമരുകിലെത്തി.അതിന്റെ കയ്യിലിരിക്കുന്ന ആ വെളുത്ത തലയോട്ടിയിൽ പറ്റിപിടിച്ചിരിക്കുന്ന പൊടി തുടച്ചുമാറ്റികൊണ്ടിരിക്കെ ഞാനൊരു കാര്യം മനസിലാക്കി. താൻ പണിതീർത്ത ആ തലയോട്ടിയിൽ ശശി തന്റെ പേരെഴുതാൻ വിട്ടുപോയിരിക്കുന്നു. ഒരു ശില്പിയെ സംബന്ധിച്ചിടത്തോളം അയാൾ നിർമ്മിച്ച ശിൽപ്പത്തിൽ തന്റെ പേര് ചാർത്തുക എന്നത് ഏറ്റവും മഹത്തായ കാര്യമാണെന്ന് എനിക്കറിയാവുന്നത് കൊണ്ട് അത് ശശിയെ ഓർമ്മിപ്പിക്കാൻ വേണ്ടി ഞാൻ അവന്റെ വീട്ടിലേക്ക് ചെന്നു.. പക്ഷെ ഞാനെത്ര നിർബന്ധിച്ചിട്ടും അവൻ ആ തലയോട്ടിയിൽ തന്റെ പേര് രേഖപെടുത്താൻ കൂട്ടാക്കാതിരുന്നപ്പോൾ എനിക്കും വാശിമൂത്തു. അങ്ങിനെയാണെങ്കിൽ ഭിക്ഷാടനമൂർത്തിയുടെ പിച്ചള ശില്പം തിരികെ കൊണ്ടുവരുമെന്ന് ഞാൻ കടുപ്പിച്ചു പറഞ്ഞപ്പോളാണ് നിവർത്തിയില്ലാതെ അവനൊരു രഹസ്യം എന്നോട് തുറന്ന് പറഞ്ഞു. ”

ചേട്ടൻ പറഞ്ഞ ആ രഹസ്യം എന്താണെന്ന് ഞങ്ങളോട് പറയാൻ മടിയുള്ളത് പോലെ ഹരൻ അല്പനേരത്തേക്ക് മിണ്ടാതെ തലതാഴ്ത്തി ഞങ്ങൾക്ക് മുൻപിൽ അങ്ങനെ ഇരിക്കുന്നത് കണ്ടാവാം ശംഭുവിന് ദേഷ്യം വന്നത്..

” ഈ ശേഖറിന്റെ വീടിന്റെ മച്ചിൻമുകളിൽ തലയില്ലാത്ത ഒരു അസ്ഥികൂടം കിടപ്പുണ്ട് , അതിന്റെ തലയാണ് ശശിചേട്ടൻ പ്രതിമയിൽ വെച്ച് തനിക്ക് തന്നത്, ഇതല്ലേ ഇത്രക്ക് വല്യ രഹസ്യം..? താനത് പറയാതിരുന്നിട്ടും കാര്യമില്ല, ഞങ്ങള് രണ്ട്പേരും അതൊക്കെ എപ്പോഴേ കണ്ടുപിടിച്ചതാ.. അല്ലേ അളിയാ..? ” ശംഭു മുന്നിൽ ഇരിക്കുന്ന ഹരനെ പുച്ഛിച്ചുകൊണ്ട് എന്നോടത് ചോദിക്കുമ്പോൾ ഞാനവനെ ദേഷ്യത്തിൽ ഒന്ന് നോക്കി..

“നിന്നോടിതൊക്കെ ഇവിടെ പറയാൻ ആരെങ്കിലും പറഞ്ഞോ ശംഭു..? ഇത്രേം പറഞ്ഞ സ്ഥിതിക്ക് ഹരൻ തന്നെ പറയട്ടെ ബാക്കീം.. ” എന്റെ സംസാരം കേട്ട് ശംഭു വേഗം വാ അടച്ചുവെച്ചു..

“ആ പിച്ചള ശില്പത്തിൽ സ്ഥാപിച്ചിരിക്കുന്നത് ഡമ്മി തലയോട്ടി അല്ലെന്നും അത് തന്റെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണക്കാരനായ രാവുണ്ണിനായർ എന്നയാളുടെ യഥാർത്ഥ തലയോട്ടിയാണെന്നും ശശി പറഞ്ഞറിയുമ്പോൾ ഞാൻ ഞെട്ടിതെറിച്ചു. ആ നിമിഷം എനിക്കത് പോലീസിൽ അറിയിക്കാമായിരുന്നു, പക്ഷെ എന്റെ ആത്മാർത്ഥ സുഹൃത്തിനെ കൊലക്കുറ്റത്തിന് ജയിലിലേക്കയക്കാൻ അന്നെനിക്ക് മനസ്സുവന്നില്ല. ഈ സംഭവങ്ങളൊന്നും പുറംലോകം അറിയില്ലെന്ന് ശശിക്ക് വാക്ക് കൊടുത്തതിനു ശേഷം വീട്ടിൽ മടങ്ങിയെത്തിയ ഞാൻ സ്വീകരണമുറിയിൽ നിന്ന് ആ ശില്പമെടുത്തു പണിശാലയിലേക്ക് മാറ്റി സ്ഥാപിച്ചു. അതവിടെ സുരക്ഷിതമായിരിക്കുന്നിടത്തോളം കാലം ശശിക്കും മറ്റ് പ്രശ്നങ്ങൾ ഉണ്ടാവില്ലെന്ന് ഞാൻ കരുതി..”

“അങ്ങനെയാണെങ്കിൽ ഹരന് ആ ശിൽപ്പത്തെകുറിച്ച് എന്നെ അറിയിക്കാതിരിക്കാമായിരുന്നില്ലേ..? ” പക്ഷെ അത് ചെയ്യാതെ ഇന്നലെ ഇവിടേക്ക് എന്നെ വിളിച്ചു വരുത്തി അങ്ങിനെയൊരു ശിൽപ്പം ചേട്ടൻ പണിതു തന്നിരുന്നു എന്ന വിവരം എന്തിനാണ് നിങ്ങൾ എന്നോട് പറഞ്ഞത്..? ” ഞാനാ സംശയം ചോദിക്കുമ്പോൾ അയാൾ കസേരയിൽ നിന്ന് പതിയെ എഴുന്നേറ്റു..

“ഈയിടെ ഒരമ്പലത്തിലെ ചതുപ്പിൽ നിന്ന് ഒരു ഡമ്മി അസ്ഥിക്കൂടവും തലയോട്ടിയും കിട്ടിയിരുന്നു എന്ന വാർത്ത ഞാൻ ന്യൂസിൽ കണ്ടിരുന്നു. അന്ന് തന്നെയായിരുന്നു ശശിയുടെ ആത്മഹത്യയും.അപ്പോഴേ ഞാനൊരു അപകടം മണത്തിരുന്നു. അതിന് ശേഷം ആ വീട്ടിലേക്ക് വന്നപ്പോൾ ചേട്ടൻ നിർമ്മിച്ചിരുന്ന തലയോട്ടികളെ കുറിച്ച് ശേഖർ എന്നോട് സംശയത്തോടെ ചോദിച്ചത് കേട്ടപ്പോൾ ഞാനൊന്ന് ഞെട്ടി.രാവുണ്ണിനായരുടെ തലയില്ലാത്ത ഉടൽ വീടിന്റെ മച്ചിനുമുകളിൽ സൂക്ഷിച്ചിരുന്ന കാര്യവും ശശി എന്നോട് പറഞ്ഞിരുന്നു. ശേഖർ അബദ്ധവശാൽ അത് കണ്ടെത്തികാണുമോ എന്ന് ഞാൻ സംശയിച്ചു. താൻ ആ തലയോട്ടി അന്വേഷിച്ചിറങ്ങിയാൽ അത് കൂടുതൽ അപകടമാവും എന്ന് തോന്നിയപ്പോഴാണ് ശശി ഒരു തലയോട്ടി അടക്കമുള്ള ശിൽപ്പം എനിക്ക് നിർമ്മിച്ച് തന്നിരുന്നു എന്ന സത്യവും അതിനോടൊപ്പം ഞാനത് ഒറീസ്സയിലുള്ള മാർവാടിക്ക് വിറ്റു എന്ന കള്ളവും തന്നെ ഞാൻ അറിയിച്ചത്. തലയോട്ടിക്ക് പിറകെയുള്ള തന്റെ അന്വേഷണം അതോടെ അവസാനിക്കുമെന്ന് ഞാൻ കണക്കുകൂട്ടി..”

അത്രയും പറഞ്ഞുകൊണ്ട് ഹരൻ ഡൈനിങ് ടേബിളിലെ ജഗ്ഗിൽ നിന്ന് ഒരു ഗ്ലാസ് വെള്ളമെടുത്തു കുടിച്ച ശേഷം എനിക്കരുകിലേക്ക് നടന്നുവന്നു..

“പക്ഷെ ശേഖറേ, തന്നെ ഞാൻ അണ്ടർ എസ്റ്റിമേറ്റ് ചെയ്തു.. ഈ തലയിൽ ഇത്രയും ബുദ്ധി ഉണ്ടാകുമെന്ന് ഞാൻ കരുതിയില്ല.. ”

ഹരന്റെ ആ പുകഴ്ത്തൽ കേട്ട് കസേരയിലേക്ക് ഞാനൊന്ന് ചാഞ്ഞിരിക്കുമ്പോൾ അരികിലിരുന്ന ശംഭു ഹരനെ നോക്കി വീണ്ടും ആ വെടി പൊട്ടിച്ചത്..

” അതൊക്കെ അവിടെ നിക്കട്ടെ, ശശി ചേട്ടനെ രക്ഷിക്കാൻ വേണ്ടി താൻ ആ ഉടൽ എവിടെ കൊണ്ടോയി ഒളിപ്പിച്ചു എന്നുകൂടെ ഇപ്പൊ തന്നെ പറഞ്ഞേക്ക്..? ”

തുടരും.
Sai Bro.

LEAVE A REPLY

Please enter your comment!
Please enter your name here