Home Latest ഞാൻ.. അനന്തുവേട്ടനോടുള്ള ദേഷ്യത്തിൽ സമ്മതം ന്ന് പറഞ്ഞു പോയതാ.. അല്ലാതെ.. Part – 10

ഞാൻ.. അനന്തുവേട്ടനോടുള്ള ദേഷ്യത്തിൽ സമ്മതം ന്ന് പറഞ്ഞു പോയതാ.. അല്ലാതെ.. Part – 10

0

Part – 9 വായിക്കാൻ ഇവിടെ Click ചെയ്യുക.

യാദവം Part – 10

രചന : രജിഷ അജയ് ഘോഷ്

ബാലയുടെ കണ്ണുകൾ അനന്തുവിലേക്ക് നീണ്ടു ..
അവൻ്റെ വിളറിയ മുഖവും തോറ്റുള്ള നിൽപ്പും കാൺകെ ആവേശത്തോടെയവൾ പറഞ്ഞു ..

“എനിക്ക് സമ്മതാണ്.. ”

ആരുടെയും മുഖത്ത് നോക്കാതെ അകത്തേക്ക് നടക്കുമ്പോൾ തല കുമ്പിട്ടു നിൽക്കുന്ന അനന്തുവിൻ്റെ മുഖമായിരുന്നു മനസ്സിൽ .. ചുണ്ടിൽ അറിയാതെ ചിരി വിരിഞ്ഞു ..

✨✨✨✨✨✨✨✨✨✨✨✨✨

എന്താ ഇപ്പോ സംഭവിച്ചത്.. മുറിയിൽ എത്തിയിട്ടും  അൽപനേരം വേണ്ടി വന്നവൾക്ക് ചിന്തകളെ നിയന്ത്രിക്കുവാൻ.. കഴിഞ്ഞ സംഭവങ്ങൾ ഓർക്കവേ താൻ ചെയ്ത തെറ്റിൻ്റെ ആഴം മനസ്സിലാക്കുകയായിരുന്നവൾ.. തൻ്റെ വാശി .. ദേഷ്യം …അതിനു വേണ്ടി മാത്രം യദുവിൻ്റെ താത്പര്യം പോലും അറിയാതെ സമ്മതം പറഞ്ഞിരിക്കുന്നു ..

അയാളെന്നല്ല.. ആരായാലും ആ സമയത്ത് താനങ്ങനെതന്നെ പറഞ്ഞേനെ .. അനന്തുവേട്ടൻ്റെ നിശബ്ദത അത്രമേൽ തന്നെ ഹരം പിടിപ്പിച്ചിരുന്നു.. അയാൾക്കു മുന്നിൽ ജയിക്കണം അത്രയേ കരുതിയുള്ളൂ..

“മാമ്മേ.. “ബാലയുടെ വിളി കേട്ട് ശേഖരൻ അവൾക്കരികിലേക്ക് വന്നു.

“എന്താ മോളെ.. ”

“ഞാൻ.. അനന്തുവേട്ടനോടുള്ള ദേഷ്യത്തിൽ സമ്മതം ന്ന് പറഞ്ഞു പോയതാ.. അല്ലാതെ വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടേ ഇല്ല .. മാമ്മ സൗദാമ്മയോട് സംസാരിക്കണം ..വെറുതെ അവരെക്കൂടി വിഷമിപ്പിക്കേണ്ട..”ബാല പറഞ്ഞു.

“മോളെ.. എന്നായാലും നിനക്കൊരു ജീവിതം വേണ്ടെ ..സൗദാമിനിക്കും യദുവിനും എല്ലാമറിയാവുന്നതല്ലേ .. അത് കൊണ്ട് മോളിതിന് സമ്മതിക്കണം.. എൻ്റെ കാലം കഴിഞ്ഞാൽ പിന്നെ നിനക്കും മോൾക്കുമാരാ ഉണ്ടാവാ.. നന്ദൻ പറയുന്നതായി കരുതിയാ മതി.. മോള് സമ്മതിക്കണം.. “സ്നേഹത്തോടെ അവളെ നോക്കിയയാൾ പറഞ്ഞു.

” പക്ഷേ.. മാമ്മേ യദുവേട്ടനെ ഞാനങ്ങനെയൊന്നും കണ്ടിട്ടില്ല .. അല്ലേലും അയാളുടെ സമ്മതമറിയാതെ ഞാൻ പറഞ്ഞതേ തെറ്റാ.. അതൊന്നും ശരിയാവില്ല മാമ്മേ.. അയാൾക്കും അയാളുടേതായ ഇഷ്ടങ്ങളുണ്ടാവും.. കടപ്പാടിൻ്റെയും പണത്തിൻ്റെയും കണക്കു പറഞ്ഞൊരിക്കലും ആ ഇഷ്ടങ്ങളെ നമ്മൾ വിലയ്ക്ക് വാങ്ങിക്കൂടാ..”

“യദു നല്ല പയ്യനാമോളെ.. നല്ല ചുറുചുറുക്കുള്ള ചെറുപ്പക്കാരൻ ,എല്ലാവർക്കും പ്രിയപ്പെട്ടവൻ .. പിന്നെ സമ്മതത്തിൻ്റെ കാര്യം.. അവന് സമ്മതക്കുറവൊന്നുമില്ല എന്ന് പറഞ്ഞിട്ടാ പോയത്.. മാമ്മേടെ കുട്ടി വെറുതേ ഓരോന്നോർത്ത് വിഷമിക്കേണ്ട..” അവളുടെ തോളിൽ തട്ടിക്കൊണ്ട് ശേഖരൻ പറഞ്ഞു.

“എന്നാലും..” ബാല പറഞ്ഞു തുടങ്ങിയതും “ഒരെന്നാലുമില്ല.. അച്ഛൻ പറയുന്നതായിട്ട് കരുതിയാ മതി.. ” എന്നും പറഞ്ഞയാൾ തിരിഞ്ഞു നടന്നിരുന്നു ..

ഓർക്കും തോറും തല പെരുക്കുന്നത് പോലെ തോന്നി ബാലയ്ക്ക് .. യദുവേട്ടന് ഒരു കുട്ടിയെ ഇഷ്ടമാണെന്ന് മൃദു പറഞ്ഞതോർമ്മ വന്നു.
എന്നിട്ടും അമ്മ പറഞ്ഞ വാക്കിനു വേണ്ടി മാത്രം സമ്മതം പറഞ്ഞതാവും .. കുറ്റബോധം കൊണ്ട് അവളുടെ മനസ്സ് നീറി…

യദുവേട്ടനെ എന്നും ദേഷ്യത്തോടെയേ നോക്കിയിട്ടേയുള്ളൂ.. വഴക്കാളി ചെക്കൻ എന്നേ ദേഷ്യത്തോടെ പറയാറുള്ളൂ.. ആ മുഖത്തേക്ക് ശ്രദ്ധിക്കാറെ ഇല്ലായിരുന്നു ..ഒരിക്കൽ കേളേജിൽ
അനന്തുവേട്ടനോടൊപ്പം പോവുമ്പോൾ വഴിയരികിൽ നിൽക്കുന്നത് കണ്ടിരുന്നു.. ആ നോട്ടം തങ്ങളിലേക്ക് നീണ്ടപ്പോൾ അഹങ്കാരത്തോടെ  ഒന്നുകൂടി അനന്തുവേട്ടനോട് ചേർന്നിരുന്നു.. അയാളുടെ ഭാര്യയാവുക എന്നത് ചിന്തിക്കാനേ വയ്യെന്നവൾ ചിന്തിച്ചു…
അല്ലെങ്കിലും തൻ്റെ ജീവിതം എപ്പോഴും പെട്ടെന്നാണ് മാറിമറിയാറെന്നോർത്തു .. അനാഥയായതും… അമ്മയായതും എല്ലാം ഓർമ്മയിൽ തെളിഞ്ഞു വന്നു…
✨✨✨✨✨✨✨✨✨✨✨✨✨✨✨
പി ജി ക്ലാസെല്ലാം തീരാറായിരുന്നു .. ഇനി വിരലിലെണ്ണാവുന്ന ദിനങ്ങൾ മാത്രം.. ഒരു ദിവസം ക്ലാസ്സിലിരിക്കുമ്പോൾ പ്യൂൺ വിശ്വേട്ടൻ വന്നു പറഞ്ഞു ” ശ്രീബാലയെ പ്രിൻസിപ്പൽ വിളിക്കുന്നെ”ന്ന്..
പ്രിൻസിയുടെ റൂമിലെത്തുമ്പോൾ കണ്ടു സംസാരിച്ചിരിക്കുന്ന ശേഖരമാമ്മയെ…
എന്തെന്ന ഭാവത്തിൽ നോക്കിയതും
” ശ്രീബാല യു ക്യാൻ ഗോ നൗ.. ” എന്ന് പ്രിൻസിപ്പൽ പറഞ്ഞിരുന്നു.

പുറത്തിറങ്ങിയതും, ” മാമ്മേ എന്തിനാ എന്നെക്കൂട്ടാൻ വന്നത്..”ബാല സംശയത്തോടെ ശേഖരൻ്റെ മുഖത്തേക്ക് നോക്കി.

” അത് .. നമ്മുടെ ലച്ചുമോൾക്ക് ഒരപകടം ഉണ്ടായെന്ന് ഫോൺ വന്നു.. മോള് വാ.. വണ്ടീല് നന്ദനും സുജേം ഉണ്ട്.. “ശേഖര മാമ്മ പറയുന്നത് കേട്ട് ബാല ഞെട്ടി..

കാറിലിരിക്കുന്ന അച്ഛനുമമ്മയ്ക്കും അരികിലേക്ക് ഓടുകയായിരുന്നു. അവളെ കണ്ടതും സുജാതയുടെ കരച്ചിൽ ഉയർന്നു കേട്ടു .
“ഒന്നൂല്ല.. ഒന്നൂല്ലമ്മേ ..” അമ്മയെ ചേർത്തു പിടിച്ചു.. കണ്ണുകൾ അനുസരണയില്ലാതെ പെയ്യുന്നുണ്ട്.. മനസ്സിലാകെ വല്ലാത്ത ഭയം നിറയുന്നുണ്ട്..

“ബാലമോളെ ലച്ചൂന് എന്തോ ആക്സിഡൻറായി എന്ന് … നമുക്കൊന്നു പോയി നോക്കാം.. ” അച്ഛൻ പറഞ്ഞപ്പോൾ അവളൊന്നു തലയാട്ടി.. കാറിലിരിക്കുമ്പോൾ വല്ലാത്തൊരവസ്ഥയായിരുന്നു. കരയുന്ന അമ്മയെ ചേർത്തു പിടിച്ചിരുന്നവൾ.. എല്ലാവരും മൗനമായിരുന്നു.

രാത്രി ഏറെ വൈകി കോയമ്പത്തൂരിലെ ഗംഗ ഹോസ്പിറ്റലിനു മുന്നിൽ ചെന്നിറങ്ങുമ്പോൾ ഭയം തോന്നുന്നുണ്ടായിരുന്നവൾക്ക്. കാഷ്വാൽറ്റിയിൽ അന്വോഷിച്ചപ്പോൾ അവർ എവിടേക്കോ വിളിച്ചു ചോദിക്കുന്നത് കേട്ടു .. എന്താണെന്ന് മാത്രം മനസ്സിലായില്ല.. ഒടുവിൽ ഐ സി യു വിലാണെന്ന് മാത്രം പറഞ്ഞു. വ്യക്തമായൊന്നും തന്നെ അവർ പറഞ്ഞില്ല..അറിയാത്ത നാട്ടിൽ അവൾക്കെന്തു സംഭവിച്ചെന്നറിയാതെ പകച്ചു നിന്ന നിമിഷങ്ങളായിരുന്നു അത്…

ഐ സി യുവിന് മുന്നിൽ നേരം വെളുക്കുവോളം ഇരുന്നു ..
ഒടുവിൽ ഡോക്ടറെക്കാണാൻ നന്ദനും ശേഖര മാമ്മയ്ക്കും അനുവാദം ലഭിച്ചു. ഡോക്ടറെ കണ്ടു തിരിച്ചിറങ്ങിയ അച്ഛൻ്റെ അവസ്ഥ കണ്ട് ബാല അയാൾക്കരികിലേക്ക് ചെന്നു .

“എന്താച്ഛാ ഡോക്ടർ പറഞ്ഞെ..” ആകുലതയോടെ ചോദിച്ചിട്ടും അയാൾ മറുപടിയൊന്നും പറഞ്ഞില്ല..

” ശേഖരമാമ്മേ.. എന്താ രണ്ടാളും ഒന്നും പറയാത്തത്.. എന്താ ലച്ചൂട്ടിക്ക് പറ്റിയത്..” അവൾ വീണ്ടും ചോദിക്കുന്നുണ്ടായിരുന്നു .. മുപടി ലഭിക്കാതിരുന്നപ്പോൾ പെട്ടന്നുണ്ടായ ഉൾപ്രേരണയാൽ ഡോക്ടറുടെ റൂമിലേക്ക് ബാല കയറി…

അയാളിൽ നിന്നും കിട്ടിയ മറുപടി അവളെ തകർത്തു കളഞ്ഞു.. അയാൾ പറഞ്ഞ വാക്കുകൾ അവൾ വീണ്ടും വീണ്ടും ഉരുവിട്ടു. റേപ്പ്.. അവൾ… തൻ്റെ കുഞ്ഞനിയത്തി ക്രൂരമായ് റേപ്പ് ചെയ്യപ്പെട്ടിരിക്കുന്നു .. അവൾ ഇപ്പോൾേ ബോധമില്ലാതെ ഐ സി യുവിനുള്ളിൽ കിടക്കുന്നു ..അച്ഛനും അമ്മയും എങ്ങനെ  സഹിക്കും..
പൊട്ടിപ്പൊട്ടിക്കരയുന്ന അമ്മയെ കണ്ടപ്പോൾ അവളും കരഞ്ഞു.. ഈശ്വരാ..എൻ്റെ കുഞ്ഞ്..ഒരാപത്തും കൂടാതെ എനിക്കവളെ തിരികെതരണെ എന്നമ്മ ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു ..

പോലീസ് വന്നു.. എന്തെല്ലാമോ ചോദിച്ചു കൊണ്ടിരുന്നു.. അവർ പറയുന്നതെല്ലാം കേട്ടു നിൽക്കുന്ന നന്ദനെ കാണുമ്പോൾ ബാലയ്ക്ക് വല്ലാത്ത സങ്കടം തോന്നി.

ഐ സി യു വിനുള്ളിൽ കയറി ലച്ചൂട്ടിയെ കണ്ടപ്പോൾ തന്നെ സുജാതയുടെ ബോധം മറഞ്ഞിരുന്നു… അത്രമേൽ ആ അമ്മ മനസ്സ് തകർന്നിരിക്കുന്നു.
ഇത് തൻ്റെ ലച്ചൂട്ടിയാണോ എന്നു തോന്നി ബാലയ്ക്ക് … മുഖത്ത് മുറിപ്പാടുകൾ കാണാം.. ചുണ്ടെല്ലാം തടിച്ചു വീർത്തിരിക്കുന്നു .. മുഖമാകെ നീരുവന്ന് വീർത്തതുപോലെ .. അവളെ നോക്കവേ ഹൃദയം നിലയ്ക്കുന്നതു പോലെ തോന്നി ബാലയ്ക്ക് ..
ഇത്രയും ക്രൂരമായ് ആക്രമിക്കാൻ മനുഷ്യന് എങ്ങനെ കഴിയുന്നു…

ദിവസങ്ങൾ കൊഴിഞ്ഞു പോയ്ക്കൊണ്ടിരുന്നു… പോലീസ് അന്വേഷണം നടക്കുന്നുണ്ട്.. കോളേജിൽ കുട്ടികൾ ശ്രീലക്ഷ്മിയ്ക്ക് നീതിയാവശ്യപ്പെട്ട് സമരങ്ങൾ നടത്തുന്നു .. ഇതൊന്നുമറിയാതെ മരണത്തിനും ജീവിതത്തിനുമിടയിലുള്ള നൂൽപ്പാലത്തിൽ അവൾ മാത്രം പോരാടിക്കൊണ്ടിരുന്നു..

ഒരാഴ്ച്ചയ്ക്ക് ശേഷം ലച്ചൂട്ടി മരുന്നുകളോട് പ്രതികരിക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് ഡോക്ടർ പറഞ്ഞു. എവിടെയോ പ്രതീക്ഷയുടെ പുതിയ നാമ്പുകൾ വിടർന്നു തുടങ്ങിയിരിക്കുന്നു ..

“എന്തായാലും കുറച്ചു നാൾ ഹോസ്പിറ്റലിൽ തന്നെ തുടരേണ്ടി വരും അത് കൊണ്ട് മോള് വീട്ടിലേക്ക് പോണം.. അച്ഛനും അമ്മയും ഇവിടെ നിൽക്കാം .. അവിടെപ്പോയിട്ട് സുഭദ്രയ്ക്കൊപ്പം നിന്നാ മതി.. ” നന്ദൻ ബാലയോട് പറഞ്ഞു.
” ഞാനൂടി ഇവിടെ നിക്കാമച്ചാ .. അവിടെ പോയാലും എനിക്കൊരു സമാധാനോം ഉണ്ടാവില്ല.” ബാല പറഞ്ഞു.

” വേണ്ട മോളെ.. അടുത്താഴ്ച്ച മോൾക്ക് എക്സാമല്ലേ.. അതിന് പഠിക്കണ്ടേ.. ശേഖരൻ മോളെ കൊണ്ടാക്കും എന്നിട്ട് അവനിങ്ങ് തിരിച്ച് പോരും.. ” അയാൾ പറഞ്ഞതും അച്ഛൻ തീരുമാനിച്ചുറപ്പിച്ചു എന്ന് ബാലയ്ക്ക് മനസ്സിലായി..

മനസ്സില്ലാ മനസ്സോടെ ശേഖരമാമ്മയ്ക്കൊപ്പം ഇറങ്ങുമ്പോൾ നിറഞ്ഞ കണ്ണുകളോടെ അച്ഛനേം
അമ്മേം ഒന്നു കൂടി തിരിഞ്ഞു നോക്കി.. പ്രസരിപ്പോടെ ഓടി നടന്നവർക്ക് പെട്ടന്ന് പ്രായമായ തു പോലെ തോന്നി.. മനസ്സിൻ്റെ വേദന മുഖത്താകെ നിഴലിച്ച് കാണാം..

ബാലയെ സുഭദ്ര അമ്മായിടെ വീട്ടിൽ ആക്കി ശേഖരൻ കോയമ്പത്തൂർക്ക് തിരിച്ചു പോയി.
വൈകിട്ട് അനന്തു വിളിച്ച് അവളെ ആശ്വസിപ്പിച്ചു .. ലീവ് കിട്ടുമെങ്കിൽ വരാൻ നോക്കാമെന്നവൻ പറഞ്ഞു. അനന്തുവേട്ടൻ്റെ ശബ്ദം കേട്ടപ്പോൾ ആശ്വാസം തോന്നി ബാലയ്ക്ക് .. എക്സാമിനുള്ളത് പഠിച്ചു തുടങ്ങി..

എക്സാം തുടങ്ങി ..ലച്ചൂട്ടിയ്ക്ക് നേരിയ മാറ്റമുണ്ടെന്ന് അച്ഛൻ പറഞ്ഞപ്പോൾ ഒരു പ്രതീക്ഷ തോന്നി ബാലയ്ക്ക്.. അനന്തുവേട്ടൻ എന്നും വിളിക്കും..

അന്ന് എക്സാം കഴിഞ്ഞ് വന്ന ശേഷം അച്ഛനെ വിളിച്ചിട്ട് കിട്ടിയില്ല..
” അച്ഛനിന്ന് വിളിച്ചോ അമ്മായി “ചായ കുടിക്കുന്നതിനിടയിൽ സുഭദ്രയോട് ബാല ചോദിച്ചു.
” ഉം.. ” അമർത്തിയൊന്നു മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ലവർ..
” ഞാൻ വിളിച്ചിട്ട് കിട്ടുന്നില്ല .. വിളിച്ചിട്ടെന്താ പറഞ്ഞെ..” അവൾ വീണ്ടും ചോദിച്ചു..
“എന്തു പറയാൻ.. പെൺമക്കളെ കണ്ട നാട്ടിൽ പഠിപ്പിക്കാൻ വിട്ടിട്ട് ബാക്കിയുള്ളോന്കൂടി പുറത്തിറങ്ങി നടക്കാൻ വയ്യാതായി.. ” അമ്മായിയുടെ സ്വരം ദേഷ്യത്താൽ മുറുകിയിരുന്നു ..അതും പറഞ്ഞവർ പുറത്തേക്ക് പോയപ്പോൾ അവരുടെ ദേഷ്യത്തിൻ്റെ കാരണമറിയാതെ പകച്ചു നിന്നു ബാല…

സുഭദ്ര അമ്മായീൻ്റെ ഭർത്താവ് അശോകൻ മാമന് ഒപ്പം വീട്ടിലേക്ക് നടക്കുമ്പോൾ വഴിയിൽ  കണ്ട കണ്ണുകളിൽ എല്ലാം തന്നോടുള്ള സഹതാപം നിറഞ്ഞു നിൽക്കുന്നതായവൾക്ക് തോന്നി..
“എന്തിനാ മാമ്മേ ഇവരെല്ലാം നമ്മുടെ വീട്ടിൽ വന്നേക്കുന്നേ.. ”
വീടിനു പരിസരത്ത് അങ്ങിങ്ങായി ആളുകൾ നിൽക്കുന്നത് കണ്ടവൾ ചോദിച്ചു..അടക്കിപ്പിടിച്ചുള്ള സംസാരങ്ങളും പല കണ്ണുകളും ദയനീയമായി തന്നിലേക്ക് നീളുന്നത് കണ്ടപ്പോൾ അവളുടെ ഉള്ളിൽ വല്ലാത്ത ഭയം തോന്നി.. ലച്ചൂട്ടിക്ക് എന്തെങ്കിലും… അകത്തേക്ക് കയറുംതോറും ശ്വാസം നിലയ്ക്കുന്നത് പോലെ തോന്നി.. മുറിയിൽ കയറി കട്ടിലിൽ ഇരുന്നു .. ആരെയെങ്കിലും കെട്ടിപ്പിടിച്ച് കരയാൻ തോന്നി..

മോളെ.. എന്നു വിളിച്ചു കൊണ്ട് നളിനി വന്നവളെ ചേർത്തു പിടിച്ചപ്പോൾ വല്ലാത്തൊരാശ്വാസത്തോടെ അവരെ കെട്ടിപ്പിടിച്ചവൾ..

“എൻ്റെ… എൻ്റെ ലച്ചൂട്ടിക്ക് എന്താ പറ്റിയേ.. “കൊച്ചു കുഞ്ഞിനെ പോലവൾ അവരോട് ചോദിച്ചു..

“ഒന്നൂല്ല മോളെ.. അവൾക്കൊന്നും പറ്റിയില്ല.. ” അവരുടെ ശബ്ദം ഇടറിയിരുന്നു ..

” പിന്നെന്തിനാ എല്ലാരും വന്നേക്കുന്നേ.. പറയ്.. എന്തായാലും പറയ്.. ”

” അത് .. മോളെ.. ” വാക്കുകൾ കിട്ടാതെ അവർ ബുദ്ധിമുട്ടി..

പുറത്ത് നിന്നും ആംബുലൻസിൻ്റെ ശബ്ദം കേട്ടതും ബാല ചാടിയെഴുന്നേറ്റിരുന്നു.. ലച്ചൂട്ടി.. ൻ്റെ ലച്ചൂട്ടി.. ശബ്ദം പുറത്തേക്ക് വരാതെ തൊണ്ടയിൽ തന്നെ കുരുങ്ങി നിന്നു.. ചേർത്തു പിടിച്ച നളിനിയുടെ കൈകൾ തട്ടിമാറ്റി പുറത്തേക്ക് ഓടുമ്പോൾ കൂടപ്പിറപ്പിനെ ഒന്നു കാണാനുള്ള തിടുക്കമായിരുന്നു .. ഉമ്മറത്തെത്തിയതും ആംബുലൻസിൽ നിന്നും പുറത്തിറക്കുന്ന വെള്ളപുതപ്പിച്ച ബോഡി കണ്ടപ്പോൾ ചുമരിൽ ചാരി നിന്നു.. ആരെല്ലാമോ ചേർന്നവളെ ചേർത്തു പിടിച്ചിരുന്നു.. ശ്വാസം പിടിച്ച് കണ്ണനക്കാതെ തനിക്കരികിലേക്ക് വരുന്ന വെള്ളത്തുണിക്കെട്ടിലേക്ക് മാത്രം നോക്കവെ  മറ്റുള്ളവരെ തള്ളിയവൾ
” അമ്മേ……..” എന്നു അലറിക്കൊണ്ട് ഓടിയിരുന്നു ..
പിന്നിലായി വരുന്ന മറ്റൊരു വെള്ളപുതപ്പിച്ച ശരീരം കൂടി കാണവെ ബോധം മറഞ്ഞവൾ പിന്നിലേക്ക് മറഞ്ഞിരുന്നു.. വീഴുന്നതിനു മുൻപേ ആരോ അവളെ താങ്ങിപ്പിടിച്ചിരുന്നു…

തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here