Home Latest എനിക്കൊരു തെറ്റുപറ്റിപ്പോയി.. ആ ഒരു തെറ്റുതിരുത്താൻ എത്ര നാളായി നിൻ്റെ പിന്നാലെ നടക്കുന്നു ഞാൻ.. Part...

എനിക്കൊരു തെറ്റുപറ്റിപ്പോയി.. ആ ഒരു തെറ്റുതിരുത്താൻ എത്ര നാളായി നിൻ്റെ പിന്നാലെ നടക്കുന്നു ഞാൻ.. Part – 9

0

Part – 8 വായിക്കാൻ ഇവിടെ Click ചെയ്യുക.

യാദവം Part – 9

രചന : രജിഷ അജയ് ഘോഷ്

“അച്ഛാ.. ഇത്തവണ ഓണത്തിന് നമുക്ക് ടൗണിൽ പോയി ഡ്രെസ്സെടുക്കാട്ടോ .. എനിക്കെന്തായാലും രണ്ടു മൂന്നെണ്ണം വാങ്ങണം..ഉത്രാടത്തിനും തിരുവോണത്തിനും പിന്നെ അവിട്ടത്തിനുമൊക്കെ കോടി തന്നെ ഇടണം.” ലച്ചൂട്ടി കാര്യമായി പറയുന്നുണ്ട്..
” അവിട്ടം മാത്രാക്കണ്ട.. ചതയത്തിനൂടി ഉള്ളത് വാങ്ങാം.. ” അടുക്കളയിൽ നിന്നും അമ്മ ഉമ്മറത്തെത്തിയിരുന്നു ..
ഓർമ്മകൾ വിങ്ങലായ് മനസ്സിനെ നോവിച്ചപ്പോൾ ബാലയുടെകണ്ണുകളിൽ കണ്ണുനീർ ചാലുകൾ സൃഷ്ടിച്ചിരുന്നു..

✨✨✨✨✨✨✨✨✨✨✨✨✨✨✨

ബാല രാവിലെ  എഴുന്നേറ്റുനോക്കുമ്പോൾ വേദൂട്ടി നല്ല ഉറക്കമാണ് .. പുതപ്പിച്ച് കിടത്തി അരികിൽ തലയണ കൊണ്ട് തടയും വച്ച് കുളിക്കാൻ പോയി..
തിരിച്ചു വരുമ്പോൾ മോൾകണ്ണും തുറന്നു് കിടപ്പുണ്ട് ..

“അമ്മേടെ വേദമോള് എണീറ്റോ ..ന്നിട്ടെന്താ ഇന്ന് അമ്മേനേ വിളിക്കാത്തത്.. ” പതിയെ അവൾക്കരികിലായ് ഇരുന്നു കൊണ്ട് ചോദിച്ചു..

“അമ്മേ.. ൻ്റെ ഉപ്പായി ഇറ്റ് തരോ.. “വേദൂട്ടിയാണ്

“ആഹാ.. അതിന് പല്ലു തേക്കണം..കുളിക്കണം.. എന്നാല് മാത്രേ പുതിയ ഉപ്പായി ഇടാൻ പറ്റൂള്ളൂ.”
ബാല മോളെ  എഴുന്നേൽപ്പിച്ച് കൊണ്ട് പറഞ്ഞു ..

” നിക്ക് പല്ല് ചേച്ചണ്ട .. കുച്ചണ്ട..” വേദൂട്ടി ചിണുങ്ങാൻ തുടങ്ങി ..
ഒടുവിൽ കയ്യും കാലും പിടിച്ചിട്ടാണ് കുറുമ്പി സമ്മതിച്ചത് ..
കുളി കഴിഞ്ഞ് പട്ടുപാവാടയും ഇട്ട് ചന്തം നോക്കുന്ന തിരക്കിലാണ് വേദൂട്ടി. കണ്ണെഴുതാനും പൊട്ടു തൊടാനുമൊക്കെ അവൾക്കു പിന്നാലെ ഓടി നടക്കുന്നുണ്ട് ബാല..കവിളിൽ ഒരു കുഞ്ഞിപ്പൊട്ടും കൂടി തൊട്ട ശേഷം കുഞ്ഞിനെ വാരിയെടുത്ത് കവിളിൽ അമർത്തി മുത്തിയവൾ..

“ഇപ്പൊ അമ്മേടെ വേദൂട്ടി സുന്ദരിയായല്ലോ.. ”
താടിയിൽ പിടിച്ചു കൊണ്ട് ബാലപറഞ്ഞതും സന്തോഷം കൊണ്ട് ബാലയുടെ കവിളിൽ നിറയെ കുഞ്ഞുമ്മകൾ നൽകിയിരുന്നുവേദമോൾ..

കുഞ്ഞുപാവാടയും പൊക്കിപ്പിടിച്ച് ഹിമയിട്ട പൂക്കളത്തിന് ചുറ്റും കുറച്ച് നേരം നടന്നിട്ട് ഇരുന്നും ചരിഞ്ഞുമൊക്കെ നോക്കുന്നുണ്ട് വേദൂട്ടി..
പിന്നെ എന്തോ മനസ്സിലായെന്ന പോലെ അതിൽ നിന്നും കുറച്ച് പൂക്കൾ വാരി സ്വന്തമായൊരു കുഞ്ഞു പൂക്കളം ഉണ്ടാക്കാൻ തുടങ്ങിയപ്പോഴാണ് ഹിമ അതിലേ വന്നത്..

“അയ്യോ..എൻ്റെ പൂക്കളം നാശാക്കീലോ.. കുറുമ്പീ നിനക്ക് വച്ചിട്ടുണ്ട് ഞാൻ .. ” ഹിമ പറഞ്ഞതും കുഞ്ഞിച്ചുണ്ടുകൾ കൂർപ്പിച്ച് കരയാൻ തുടങ്ങിയിരുന്നു .. അതു കണ്ടതും
“ഇമേൻ്റെ വാവച്ചി കരയണ്ട ട്ടോ.. വേദൂട്ടിക്ക് പൂവിടണോ.. “ഹിമ ചോദിച്ചു.

“ഉം .. “സന്തോഷത്തോടെ തലയാട്ടി..
രണ്ടാളും കൂടി ഒരു കുഞ്ഞു പൂക്കളംകൂടി ഉണ്ടാക്കി.

ചായ കുടിച്ചു കഴിഞ്ഞപ്പോഴാണ് “മോളെന്താ പുതിയത് ഉടുക്കാത്തെ..” നളിനി അമ്മായി ചോദിച്ചത് ..

“വെറുതെ എന്തിനാ അമ്മായി ..പുറത്തൊന്നും പോണില്ലല്ലോ .. “ബാല ഉത്സാഹമില്ലാതെ പറഞ്ഞു.

” അതു പറ്റില്ല.. ചേച്ചിയത് ഉടുത്തേ പറ്റൂ.. ” ഹിമ നിർബന്ധത്തോടെ പറഞ്ഞപ്പോഴാണ് മനസ്സില്ലാ മനസ്സോടെയവൾ മുറിയിൽ കയറിയത്..

നളിനി അമ്മായി തന്നെ സെറ്റും മുണ്ടും ഉടുപ്പിച്ചു..
‘ഇതിനീ കുഞ്ഞിക്കമ്മലൊന്നും ചേരില്ലാ’ന്നും പറഞ്ഞ് വലിയൊരു ജിമിക്കി കൊണ്ടുവന്നു ഹിമ.
കണ്ണെഴുതാനും പൊട്ടു തൊടാനുമൊക്കെ അവൾക്കായിരുന്നു നിർബന്ധം.

“ഇപ്പൊ ബാലേച്ചിയെ കാണാൻ സുജാമ്മയെ പോലെത്തന്നെ ഉണ്ട് ലേ .. അമ്മേ.. ” ഹിമ ബാലയെ നോക്കി പറഞ്ഞതും
“ഈ പെണ്ണിൻ്റെയൊരു നാവ് .. ദൃഷ്ടി കിട്ടേണ്ടാ എൻ്റെ കുട്ടിക്കെ “ന്നും പറഞ്ഞ് വിരൽ കൊണ്ട് കൺകോണിൽ നിന്നും കൺമഷിയെടുത്ത് ചെവിക്ക് പിന്നിലായ് തൊട്ടിരുന്നു അമ്മായി.
കണ്ണാടിക്കു മുൻപിൽ നിന്നപ്പോൾ ഒരു നിമിഷം സ്വയം നോക്കി നിന്നു ബാല..

എത്രയോ നാളുകളായി ചമയങ്ങളേതുമില്ലാതെയായിട്ട് .. ചുരിദാറും ഒരു കുഞ്ഞു മാലയും കുഞ്ഞിക്കമ്മലും കറുത്തൊരു ചെറിയ പൊട്ടും അതാണ് സ്ഥിരമായുള്ള വേഷം..
തനിക്ക് ഇങ്ങനെയും ഒരു മുഖമുണ്ടെന്നോർക്കവേ
ചെറുചിരിയവളിൽ വിടർന്നു ..

അമ്മായിക്കൊപ്പം കഷ്ണങ്ങൾ നുറുക്കിയും അട പായസ്സത്തിന് തേങ്ങ ചിരവിയും അടുക്കളയിൽ തന്നെ കൂടി ബാല.. പായസമുണ്ടാക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ മുതൽ
” നിച്ച് പാച്ചം വേനം .. ” എന്നും പറഞ്ഞ് നടക്കുകയാണ് വേദൂട്ടി…

കളിച്ച് ചിരിച്ച് നടക്കുന്ന വേദൂട്ടിയെ കാണെ ഒത്തിരി സന്തോഷം തോന്നിയിരുന്നു ബാലയ്ക്ക് ..താനും അവളും മാത്രമായിരുന്ന ലോകത്ത് നിന്നുമുള്ള മാറ്റം അവളിൽ ഏറെ പ്രസരിപ്പ് ഉണ്ടാക്കിയതുപോലെ തോന്നിയവൾക്ക്..

ഉച്ചയ്ക്ക് വാഴയിലയിൽ നിറയെ കറികളുമായ് സദ്യ വിളമ്പി.. എല്ലാവരും ഒരുമിച്ചിരുന്നാണ് കഴിക്കുന്നത് .. “നിച്ചും.. എലേ വേനം .. ” എന്നും പറഞ്ഞ് വേദൂട്ടിയും ഇരുന്നു. വായിൽ വെക്കുന്നതിൽ അധികവും ഇലയിലേക്ക് തന്നെ വീഴുന്നുണ്ട്..
ബാലവാരിക്കൊടുക്കാൻ നോക്കുമ്പോഴേക്കും “നാൻ കയിച്ചും..” എന്നു പറഞ്ഞ് തലതിരിക്കുകയാണ് വേദമോൾ.

ഭക്ഷണശേഷം ഉമ്മറത്തിരുന്ന് ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് സൗദാമ്മയും യദുവും വരുന്നത് കണ്ടത്.
ബാലയെ കണ്ടപ്പോൾ സൗദാമ്മ അത്ഭുതത്തോടെ നോക്കുന്നുണ്ട്..
” സുജാത തന്നെ .. മോൾക്ക് നന്നായി ചേരുന്നുണ്ട് ഈ വേഷം ട്ടോ..” സൗദാമ്മ പറഞ്ഞു .

“ഈ അമ്മായിം ഹേമേം കൂടെ വെറുതേ.. ” ചിരിച്ചു കൊണ്ട് ബാല പറഞ്ഞു. യദുവിനെ നോക്കിയപ്പോൾ അവനും അമ്പരപ്പോടെ നോക്കുന്നത് കണ്ടു…

” പണ്ടൊക്കെ ഓണത്തിൻ്റന്ന് ഊണും കഴിഞ്ഞ് എല്ലാവരും കുടുംബക്കാരുടെ അടുത്തും അയൽപക്കത്തുമൊക്കെ പോകുന്നത് പതിവാ.. ഇന്നാർക്കും അതിനൊന്നും നേരമേയില്ല.. ”
ശേഖരമാമ്മയാണ്.

” അതല്ലേ ശേഖരേട്ടാ ഞങ്ങൾ വന്നത്.. ബാലമോള് വന്നന്ന് ഒരു നോട്ടം കണ്ടതാ .. ഇന്നെന്തായാലും കുറച്ചു നേരം മിണ്ടീം പറഞ്ഞുമൊക്കെ ഇരിക്കാലോ.. ” സൗദാമ്മ പറഞ്ഞു..

വേദൂട്ടി യദുവിനെ കണ്ടപ്പോൾ ഓടി അടുത്തെത്തി..
“ആഹാ.. പാവാടയൊക്കെയിട്ട് കുഞ്ഞൂസ് വല്യ കുട്ടിയായല്ലോ.. ” എന്നു യദു പറഞ്ഞപ്പോൾ സന്തോഷത്തോടെ അവൻ്റെ നേരെ കൈകൾ നീട്ടി..
എടുത്തൊരു ഉമ്മ കൊടുത്തപ്പോൾ ചോദിക്കാതെ തന്നെ യദുവിൻ്റെ രണ്ടു കവിളിലും മാറി മാറി ഉമ്മകൾ നൽകി ..

നളിനി അമ്മായിയും സൗദാമ്മയും നാട്ടിലെ പരദൂഷണങ്ങൾ ചെറുതായി പറയുന്നുണ്ട്..
ബാലയും ഹേമയും അതും കേട്ടിരുന്നു.. ഹേമ ഇടയ്ക്ക് അമ്മായിക്കിട്ട് പാരയും വയ്ക്കും.

യദുവും ശേഖരമാമ്മയും കൃഷി സംബന്ധമായ ചർച്ചയിലാണ് .. വിത്തിടലും ഞാറുപറിയും എന്തിനേറെ കൊയ്ത്തുവരെ അഞ്ചു മിനിട്ടിൽ തീർത്തവർ.. ഇത് കേട്ട്” ഇത്ര പെട്ടന്ന് നെല്ലും പാകമായോ” എന്ന് ഹേമ പറയുന്നത് കേട്ട് ബാല ചിരിച്ചപ്പോൾ നളിനിയവളെ നോക്കി പേടിപ്പിച്ചു..

“ബാല മോളെ കുഞ്ഞുറങ്ങീട്ടോ..”ശേഖരമാമ്മ വിളിച്ചപ്പോൾ എണീറ്റ് ചെന്ന് നോക്കിയപ്പോൾ കണ്ടത് യദുവിൻ്റെ കൈയിൽ കിടന്നുറങ്ങുന്ന വേദൂട്ടിയെയാണ് ..

“കളിച്ചോണ്ടിരുന്നതാ.. ഇടയ്ക്കുറങ്ങിപ്പോയി.. “യദു പറഞ്ഞു.

” ഉച്ചകഴിഞ്ഞ് ഒരുറക്കം പതിവുള്ളതാ.. ” എന്നും പറഞ്ഞ് ബാലയവളെയും എടുത്ത് തോളിലിട്ട് മുറിയിലേക്ക് പോയി.
മോളെക്കിടത്തി പതിയെ അവൾക്കരികിൽ കിടന്നൂ.. ചെറുതായൊന്നു മയങ്ങിയവൾ..

പുറത്ത് നിന്നാരുടെയോ ഉച്ചത്തിലുള്ള സംസാരം കേട്ടാണവൾ ഉണർന്നത്.. എഴുന്നേറ്റിരുന്ന് കാതു കൂർപ്പിച്ചപ്പോഴാണ് ശബ്ദത്തിൻ്റെ ഉടമയെ തിരിച്ചറിഞ്ഞത്.. ” അനന്തുവേട്ടൻ..”ഞെട്ടലോടെ ചുണ്ടുകൾ സ്വയം ഉരുവിട്ടു..

“എനിക്കവളെ കാണണം..” വീണ്ടും ഉറക്കെ പറയുന്നുണ്ട്..

” നീയിപ്പോ പോവാൻ നോക്ക് അനന്തൂ .. പിന്നെ കാണാമവളെ.. “ശേഖരമാമ്മയുടെ ശബ്ദം കേട്ടു .

“ഇല്ല .. കണ്ടു സംസരിച്ചിട്ടേ അനന്തു പോവൂ.. ” ഉറക്കെ പറയുന്നതു കേട്ടിട്ടും കുറച്ചു നേരം കൂടി കട്ടിലിൽത്തന്നെ ഇരുന്നു .. ബഹളം കൂടി വന്നപ്പോൾ തന്നെക്കാണാതെ അനന്തു പോവില്ലെന്ന് ബാലയ്ക്ക് മനസ്സിലായി ….

” എന്താ മാമ്മേ ഇവിടെ” ഉമ്മറത്തെ വാതിൽക്കൽ നിന്നും ബാലയുടെ ശബ്ദം കേട്ടു .. എല്ലാ കണ്ണുകളും അവളിലേക്കായി. അവളെക്കണ്ടതും അനന്തുവിൻ്റെ കണ്ണുകൾ വിടർന്നു ..

“കുറച്ചു നേരായി വന്നിട്ട്.. മോളെ കാണണംന്നു പറഞ്ഞ് ബഹളം വയ്ക്കായിരുന്നു .. “ശേഖര മാമ്മ അവളോടായ് പറഞ്ഞു.

“ഇനി എന്താ നിങ്ങൾക്ക് പറയാനുള്ളത്..”ബാല അനന്തുവിനെ നോക്കി അൽപം കനപ്പിച്ചുതന്നെ ചോദിച്ചു. മണ്ണിലുറക്കാത്ത അവൻ്റെ കാലുകൾ അവളിൽ ദേഷ്യമുളവാക്കി..

” ശ്രീക്കുട്ടീ.. നിന്നെക്കാണാൻ വന്നതാ.. നീയില്ലാതെ വയ്യെനിക്ക് .. നീയിവിടെ തിരിച്ച് വന്നെന്നറിഞ്ഞപ്പോൾ വല്ലാത്ത സന്തോഷായെനിക്ക്.. “വല്ലാത്തൊരുന്മാദത്തോടെ പറയുന്നവനെ കാൺകെ അവളിൽ പുച്ഛം നിറഞ്ഞു നിന്നു..

“മദ്യപിച്ച് ബഹളം വയ്ക്കാൻ നാണമില്ലെ നിങ്ങൾക്ക് .. എൻ്റെ അച്ഛനുമമ്മയും അനിയത്തീം ഉറങ്ങുന്ന ഈ മണ്ണിലേക്ക് .. എൻ്റെ സ്വന്തം വീട്ടിലേക്കാണ് ഞാൻ വന്നത്.. അതൊരിക്കലും നിങ്ങളെയോ ,നിങ്ങടെ അമ്മയെയോ കാണാനല്ല..ഇനിയൊരിക്കലും കണെണ്ടന്ന് പറഞ്ഞതല്ലേ ഞാൻ .. “ബാല ഉറപ്പിച്ച് പറഞ്ഞു.

“മദ്യപിച്ചത് ശരിയാ.. അത് നിൻ്റെ മുൻപിൽ വരാനുള്ള ധൈര്യത്തിന് വേണ്ടിയാ.. എനിക്കൊരു തെറ്റുപറ്റിപ്പോയി.. ആ ഒരു തെറ്റുതിരുത്താൻ എത്ര നാളായി നിൻ്റെ പിന്നാലെ നടക്കുന്നു ഞാൻ.. ഒരിക്കൽ .. ഒരിക്കൽ അത്രമേൽ സ്നേഹിച്ചതല്ലേ നമ്മൾ.. ക്ഷമിച്ചൂടെ നിനക്കെന്നോട്.. ” അവൻ്റെ സ്വരം വല്ലാതെ താണിരുന്നു…

”  സ്നേഹിച്ചിരുന്നു.. ഒരുപാട് സ്നേഹിച്ചിരുന്നു.. ഇപ്പോൾ അതിൻ്റെ ഇരട്ടിയായി വെറുക്കുന്നുമുണ്ട്..
ഇനിയൊരിക്കലും ചേർക്കാനാവാത്ത വിധം നിങ്ങളെന്നിൽ നിന്നും അകന്നു പോയി.. ” ഉറച്ചു സ്വരത്തിൽ അവളത് പറയുമ്പോൾ കണ്ണുകൾ ജ്വലിക്കുന്നുണ്ടായിരുന്നു ..

“വെറുതെ പറയ്യാ.. എനിക്കറിയാം. നിനക്കൊരിക്കലും എന്നെ മറക്കാൻ കഴിയില്ലെന്ന് ..
എന്നോളം നീയാരെയും സ്നേഹിച്ചിട്ടില്ലെന്ന് .. ” അനന്തു വീണ്ടും പറഞ്ഞു..

“എൻ്റെയുള്ളിലെ നിങ്ങളെന്നോ മരിച്ചു കഴിഞ്ഞു .. എൻ്റെ മോൾ മാത്രേയുള്ളൂ ഇപ്പോഴെൻ്റെ മനസ്സിൽ .. ”

“എങ്കിൽ .. എങ്കിലെന്താ നീ വിവാഹം കഴിക്കാത്തത്..” അനന്തു വിടാനുള്ള ഭാവമില്ല..
ബാല ഒന്നും മിണ്ടാതെ നിന്നു..

“നിനക്ക് കഴിയില്ല ശ്രീക്കുട്ടീ.. അനന്തുവില്ലാതെ നീയില്ലെന്ന് എനിക്കറിയാം.. മതിയീ വാശി .. എൻ്റെ കൂടെ വന്നൂടെ നിനക്ക്.. ” അനന്തുവിൻ്റെ സംസാരം കേട്ടതും..

“എൻ്റെ മോളെയും എന്നെയും മനസ്സിലാക്കുന്ന ഒരാൾ വന്നാൽ അയാൾക്ക് മുൻപിൽ ഞാനെൻ്റെ കഴുത്ത് നീട്ടും.. അതൊരിക്കലും നിങ്ങളാവില്ല.. ” വാശിയോടവൾ പറഞ്ഞു ..

” തന്തയാരെന്നറിയാത്ത കുഞ്ഞിൻ്റെ അച്ഛനാവാൻ ഒരുത്തനും വരില്ലെടീ.. എല്ലാമറിഞ്ഞാൽ ആരും വരില്ല.. ” അവൻ ദേഷ്യത്തോടെ പറഞ്ഞു.. ബാലയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു ..

” അനന്തൂ… മതി നിർത്ത്.. നീ എന്തിനാ വെറുതെയാ പാവത്തിനെ വീണ്ടും
നോവിക്കണത്..”
ശേഖരമാമ്മ ഇടയിൽ കയറി പറഞ്ഞു..

“അല്ലേലും ആരു വരാനാ ഇവൾടെ കൊച്ചിന് അച്ഛനായി .. ” ശേഖരമ്മാമ്മ പറഞ്ഞത് കേൾക്കാത്ത മട്ടിൽ അനന്തു പുച്ഛത്തോടെ പറഞ്ഞു.

“ബാലമോള് സമ്മതിച്ചാൽ എൻ്റെ യദൂട്ടൻ വിവാഹം കഴിക്കും ഇവളെ… ” അതുവരെ എല്ലാം കേട്ടുനിന്ന
സൗദാമിനി ബാലയ്ക്കരുകിലെത്തി അവളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു.

എല്ലാവരുമൊന്ന് ഞെട്ടി.. യദു ഞെട്ടലോടെ അമ്മയെ നോക്കി..

” സൗദാമിനി ആലോചിച്ചിട്ടാണോ ഈ പറയണേ.. ” ശേഖരമ്മാമ്മ അമ്പരപ്പോടെ ചോദിച്ചു..

“ഉം ..ആലോചിച്ചിട്ട് തന്നെയാ ശേഖരേട്ടാ.. ഒരു തെറ്റും ചെയ്യാതെ ബാലമോള് ഉരുകിത്തീരുന്നത് കണ്ടാൽ നന്ദൻ്റേം സുജേൻ്റേം ആത്മാക്കൾ സഹിക്കില്ലാ.. ഒരുപാട് സഹായിച്ചിട്ടുണ്ടവരെന്നെ..
പണമായിട്ടും അല്ലാണ്ടുമൊക്കെ .. മറക്കാൻ പാടില്ലൊരിക്കലും ഞാനും എൻ്റെ മകനുമതൊന്നും.
ഞാൻ പറഞ്ഞാൽ യദൂട്ടനത് കേൾക്കും.” സൗദാമിനിയമ്മ പറഞ്ഞു.

ബാല ഒരു നിമിഷം തറഞ്ഞു നിന്നു.. അനന്തു വേട്ടനോടുള്ള വാശിയ്ക്ക് പറഞ്ഞതാണ്. അറിയാതെ കണ്ണുകൾ യദുവിലേക്ക് നീണ്ടു.. അവനിലെ ഭാവം എന്താണെന്നവൾക്ക് മനസ്സിലായില്ല..
“മോളെന്താ ഒന്നും പറയാത്തത്..” അവളുടെ മുഖഭാവം ശ്രദ്ധിച്ചു കൊണ്ട്  സൗദാമിനി ചോദിച്ചു.

” ഞാൻ.. എനിക്ക് .. “എന്തു പറയണമെന്നറിയാതെ ഒരു നിമിഷം തറഞ്ഞു നിന്നു പോയവൾ..
അനന്തുവിൻ്റെ ശബ്ദവും നിലച്ചിരുന്നു…
ബാലയുടെ കണ്ണുകൾ അനന്തുവിലേക്ക് നീണ്ടു ..
അവൻ്റെ വിളറിയ മുഖവും തോറ്റുള്ള നിൽപ്പും കാൺകെ ആവേശത്തോടെയവൾ പറഞ്ഞു ..

“എനിക്ക് സമ്മതാണ്.. ”

ആരുടെയും മുഖത്ത് നോക്കാതെ അകത്തേക്ക് നടക്കുമ്പോൾ തല കുമ്പിട്ടു നിൽക്കുന്ന അനന്തുവിൻ്റെ മുഖമായിരുന്നു അവളുടെ മനസ്സിൽ ..

തുടരും..

LEAVE A REPLY

Please enter your comment!
Please enter your name here