Home Latest കേണലിന്റെ പെരുമാറ്റത്തിൽ എന്തൊക്കെയോ പൊരുത്തക്കേടുകൾ ഉള്ളത് പോലെ എനിക്ക് തോന്നി…. Part -7

കേണലിന്റെ പെരുമാറ്റത്തിൽ എന്തൊക്കെയോ പൊരുത്തക്കേടുകൾ ഉള്ളത് പോലെ എനിക്ക് തോന്നി…. Part -7

0

Part – 6 വായിക്കാൻ ഇവിടെ Click ചെയ്യുക.

ഓർമ്മ മാത്രം Part – 7

രചന : Anu Kalyan

കതകിൽ തട്ടുന്ന ശബ്ദം കേട്ടപ്പോഴാണ് ഉറക്കം ഞെട്ടിയത്…കേണൽ ആയിരുന്നു…
അങ്ങനെ ഒരു പതിവ് ഇല്ലാത്തത് കൊണ്ട്, വേറെ എന്തൊ കാര്യം ഉണ്ടെന്ന് തോന്നി….

“ഇന്നലെ ഉറങ്ങാൻ ലേറ്റ് ആയിരുന്നൊ….”
” മ്മ് …കുറച്ച്….”
“എഴുന്നേൽക്കാൻ വൈകിയത് കൊണ്ട് ഞാൻ വെറുതെ ചോദിച്ചതാ….”

കേണലിന്റെ പെരുമാറ്റത്തിൽ എന്തൊക്കെയോ പൊരുത്തക്കേടുകൾ ഉള്ളത് പോലെ എനിക്ക് തോന്നി….
ആ മുഖത്ത് പതിവില്ലാത്ത ഒരു ഗൗരവം ഉണ്ടായിരുന്നു…..
മുറി മുഴുവൻ കണ്ണോടിച്ച്, പതിയെ എന്റെ അരികിലേക്ക് വന്നു, തലയിലൂടെ വിരലോടിച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങി….
എന്തൊ ആ മനസ്സിൽ ഉണ്ട്, എന്ത്കൊണ്ടൊ അത് അദ്ദേഹം പറയുന്നില്ലെന്ന് മാത്രം…..
അഭിയുടെ മുറിയുടെ പുറത്ത് കുറച്ച് നേരം നിൽക്കുന്നത് കണ്ടു, പക്ഷേ അവനെ വിളിച്ചുണർത്തിയില്ല…..

“നിന്റെ മുറിയിലെ ബൾബ് കത്തുന്നില്ലെ….”

ഭക്ഷണം കഴിക്കുമ്പോൾ ആയിരുന്നു കേണൽ അഭിയോട് അങ്ങനെ ചോദിച്ചത്…

“ഉണ്ട്…….”
“മുറിയിൽ വേറെ എന്തെങ്കിലും പ്രശ്നമുണ്ടോ….”

കേണലിന്റെ ചോദ്യങ്ങൾക്ക് അഭി ഉത്തരം കൊടുക്കുമ്പോഴും അങ്ങനെ ഒരു ചോദ്യം കേട്ട് എല്ലാവർക്കും അത്ഭുതം ആയിരുന്നു…

“പിന്നെ എന്തിനാ നീ രാത്രിയിൽ നന്ദൂന്റെ മുറിയിൽ പോയത്….”

ഒരു നിമിഷം അഭിയും ഞാനും നിശ്ചലമായി..
ടീച്ചറമ്മ രണ്ടുപേരെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു, അതറിയാമായിട്ടും ഞാൻ അങ്ങോട്ടേക്ക് നോക്കിയില്ല….
കുറ്റബോധം കാരണം തലയുയർത്താൻ കഴിയാത്തത് പോലെ…..

“അത്…. അത് ഞാൻ ഒരു ബുക്ക് വാങ്ങാൻ”

വിക്കി വിക്കി അഭി പറയുന്നത് കേട്ട് കേണൽ എന്റെ നേരെ നോക്കി….

“ആണോ മോളെ…..?”
ഞാനും അതെ എന്നർത്ഥത്തിൽ യാന്ത്രികമായി തലയാട്ടി…

പറഞ്ഞതൊന്നും വിശ്വസിച്ചിട്ടില്ലെന്ന് ആ മുഖത്ത് നിന്നും മനസ്സിലാക്കാം….
പിന്നെ എനിക്കവിടെ ഇരിക്കാൻ തോന്നിയില്ല.എഴുന്നേറ്റ് പോകുമ്പോഴും ടീച്ചറമ്മയുട് കണ്ണുകൾ എന്റെ നേരെ ആയിരുന്നു….

“നന്ദു….”

പിറകിൽ കേണലിന്റെ ശബ്ദം കേട്ടു….

“ഇനി എന്താ നിന്റെ പ്ലാൻ…..”
“എനിക്ക് പിജി ചെയ്യണം….”

“നിന്റെയൊ…..”

പ്ലേറ്റിൽ വിരലോടിക്കുന്ന അഭിയുടെ നേരെ തിരിഞ്ഞു….

“ഞാൻ ജോലിക്ക് ശ്രമിക്കുന്നുണ്ട്….”
“അന്ന് കഴിഞ്ഞ ഇന്റർവ്യൂ എന്തായി….”
പറഞ്ഞു തീരുന്നതിനു മുൻപ് അടുത്ത ചോദ്യവും വന്നിരുന്നു…
“അത് അവർ വിളിക്കാം എന്നാ പറഞ്ഞത്”
എല്ലാം കഴിഞ്ഞ് കേണലും ടീച്ചറമ്മയും എഴുന്നേറ്റ് പോകുമ്പോൾ ഞാനും അഭിയും മാത്രമായിരുന്നു അവിടെ അവശേഷിച്ചത്….
പരസ്പരം ഒന്നും പറയാൻ ഉണ്ടായിരുന്നില്ല…

“അഭി……”

ബാൽക്കണിയിൽ നിൽക്കുകയായിരുന്നു അവൻ…..

“നന്ദു……..”

“അഭി, അവർക്ക് രണ്ടാൾക്കും എല്ലാം അറിയാം…..”

“മ്മ്… എനിക്കും തോന്നി…..”

“ഇനി എന്താ….. നമുക്ക് എല്ലാം തുറന്ന് പറഞ്ഞാലോ…..”

അവൻ കുറച്ച് നേരം ചിന്തിക്കുന്നത് കണ്ടു…
റിംഗ് ചെയ്യുന്ന ഫോൺ എടുത്ത് അകത്തേക്ക് പോകുന്ന അവനെ നോക്കി അവിടെത്തന്നെ നിന്നു….
തിരിച്ച് വന്നവൻ എന്നെ ചുറ്റി വരിഞ്ഞു….
പെട്ടെന്ന് ആയത് കൊണ്ട് ഞാൻ അല്പം പേടിച്ച് പോയി…

“എന്താ അഭി,ആരാ വിളിച്ചെ….”

“എനിക്ക്…. എനിക്ക് ജോലി കിട്ടി….

അടുത്താഴ്ച പോകണം, മുംബൈയിൽ…..”

“മുംബൈയിലോ……”

പൊടുന്നനെ  അവൻ നിശബ്ദനായി…

“വാ നന്ദു… നമുക്ക് ഇപ്പോ തന്നെ എല്ലാം അച്ഛനോടും അമ്മയോടും പറയാം….”

“ഇപ്പഴോ…..”

എന്റെ കയ്യിൽ പിടിച്ച് താഴേക്ക് ഇറങ്ങുമ്പോൾ രണ്ട് പേരും സോഫയിൽ ഇരിക്കുകയായിരുന്നു….

“അച്ഛാ….. എനിക്ക് ജോലി കിട്ടി…. അടുത്താഴ്ച ജോയിന്റ് ചെയ്യണം…”

ഗൗരവം നിറഞ്ഞ് നിന്നിരുന്ന അവരുടെ മുഖം പെട്ടെന്ന് തെളിഞ്ഞു…. രണ്ട് പേരുടെയും കണ്ണുകൾ വിടർന്നു…. ചിരിയോടെ അവർ എഴുന്നേറ്റു….

“എനിക്ക് വേറൊരു കാര്യം പറയാനുണ്ട്….”

അവന്റെ കയ്യിലെ വിറയൽ എന്റെ കയീലേക്കും പടർന്നു….

“എന്ത് കാര്യം…..”

രണ്ട് പേരെയും അർത്ഥം വച്ച് നോക്കുകയായിരുന്നു….
എന്റെ തല താണ് തന്നെ ഇരുന്നു, എനിക്ക് അവരെ ഫെയ്സ് ചെയ്യാൻ ബുദ്ധിമുട്ട് ഉള്ളത് പോലെ തോന്നി…..

“ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ്…..”

മറുപടി ഒന്നും കേൾക്കാതെ ആയപ്പോൾ മെല്ലെ തലയുയർത്തി..
ഒരു ഭാവമാറ്റവും ഇല്ലാതെ രണ്ടാളും ഞങ്ങളെ നോക്കി നിൽക്കുന്നതാണ് കണ്ടത്..

“അതുകൊണ്ട്…..”

അഭിയുടെ വാക്കുകൾ കേട്ട് ,കുറുകിയ കണ്ണുകളുമായി ടീച്ചറമ്മ ഞങ്ങളുടെ അടുത്തേക്ക് വന്നു….

“കല്ല്യാണം കഴിക്കാൻ സമ്മതിക്കണം….”

“ആദ്യം നീ പോയി ജോലിയൊക്കെ ചെയ്ത് നേരെ നിൽക്ക്, എന്നിട്ട് ആലോചിക്കാം കല്ല്യാണത്തെ കുറിച്ചൊക്കെ….”

അവന്റെ ചുമലിൽ തട്ടി കേണലത് പറയുമ്പോൾ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു നിന്നിരുന്നു…..
അത് കണ്ടാവണം ടീച്ചറമ്മ എന്റെ കയ്യിൽ അമർത്തി പിടിച്ചു….
നെറ്റിയിൽ പതിയെ ചുംബിച്ചു….
മുറിയിൽ കയറി കതകടച്ചു….
അതുവരെ പിടിച്ച് വച്ചിരുന്ന സങ്കടം അപ്പോഴേക്കും അണപൊട്ടിയൊഴുകാൻ തുടങ്ങി… മനസ്സ് കൊണ്ട് അത്രയും സന്തോഷിക്കേണ്ട ദിവസം എന്റെ കണ്ണ് അനുസരണ ഇല്ലാതെ ഒഴുകി കൊണ്ടിരുന്നു..
അതിഥിയായി എത്തിയ വീട്ടിൽ മരുമകളായി മാറാൻ പോവുകയാണ്…..
🛑🛑🛑

ഫോണിൽ നോക്കി സമയം കൊന്നുകൊണ്ടിരിക്കുമ്പോഴാണ് , കതകിൽ തട്ടുന്ന ശബ്ദം കേട്ടത്…
സമയം 12.30കഴിഞ്ഞിരുന്നു….എന്തായിരിക്കും കാര്യം എന്ന് വിചാരിച്ച് വേഗം വാതിൽ തുറന്നു….

“എന്താ അഭി….”
“നീ എന്താ ഉറങ്ങാത്തത്….”
“ഉറക്കം വന്നില്ല….”

അലസമായി ഞാൻ മറുപടി പറയുമ്പോൾ അവന്റെ കണ്ണുകൾ ഗൗരവം നിറഞ്ഞ ഭാവമായിരുന്നു…..

“അല്ല.. അഭി എന്താ ഉറങ്ങാത്തത്….”
“നിന്റെ ഇൻസ്റ്റാഗ്രാമിലെ പച്ച ലൈറ്റ് കണ്ട് വന്നതാ ഞാൻ….”

പറഞ്ഞു കൊണ്ട് എന്റെ കയ്യിൽ നിന്നും ഫോൺ എടുത്ത് കിടക്കയിൽ പോയി ഇരുന്നു….
അവന്റെ പിന്നാലെ ചെന്ന് തോളിൽ തലചായിച്ച് ഫോണിലേക്ക് നോക്കി….

“നീ എന്താ നോക്കുന്നെ അഭി….”

“നിനക്ക് വേറെ കാമുകൻ ഉണ്ടോന്ന് നോക്കുവാ…..”

“ഓഹോ എന്നാ മോൻ നോക്കി കണ്ടുപിടിക്ക്….”

അതും പറഞ്ഞ് ഞാൻ കിടന്നു….
കുറച്ച് കഴിഞ്ഞ് നോക്കുമ്പോഴും അവൻ ഫോണും നോക്കി അതേ ഇരിപ്പായിരുന്നു…

“ഇത്തിരി പൊസസീവ് ആണല്ലേ….”
“ഇത്തിരി അല്ല…. നല്ല പൊസസീവ് ആണ്…”

പറഞ്ഞുകൊണ്ട് ഫോൺ കിടക്കയിൽ വച്ച് അവൻ പുറത്തേക്ക് പോയി…
ഒരുവേള എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി… എന്നെ അവൻ പൂർണമായും ഉള്ള് തുറന്ന് സ്നേഹിക്കുന്നുണ്ടോ, ഉണ്ടെങ്കിൽ തന്നെ അവനെന്നെ പൂർണമായും വിശ്വസിക്കുന്നുണ്ടോ…..
മനസിലാക്കാൻ കഴിയുന്നില്ല അഭീ നിന്നെ….
🛑🛑🛑
ഇന്നാണ് അഭി മുംബൈയിൽ പോകുന്ന ദിവസം, കഴിഞ്ഞ ആറ് വർഷങ്ങളിൽ അവനെ കാണാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ല….
ആറ് മാസങ്ങൾ കഴിയാതെ തിരിച്ച് വരാൻ കഴിയില്ലെന്നാണ് അഭി പറഞ്ഞത്….
അറിയില്ല അവനെ കാണാതെ ഞാൻ എത്രമാത്രം വേദനിക്കാൻ പോകുന്നുവെന്ന്….

“നന്ദു…..”

ഓരോന്ന് ചിന്തിച്ച് ഇരിക്കുമ്പോഴാണ് അഭി വന്നത്.

“നീ എന്താ ഈ ചിന്തിച്ച് കൂട്ടുന്നത്….”

എന്റെ ചിന്തകൾക്ക് അപ്പുറം ആണ് വരാൻ പോകുന്ന വിരഹം എന്ന് അവൻ യാത്ര പറയാൻ വന്നപ്പോഴാണ് മനസ്സിലായത്….
എത്ര പിടിച്ച് നിന്നിട്ടും കണ്ണുനീർ തുള്ളികൾ നിലയ്ക്കാതെ ഒഴുകി കൊണ്ടിരുന്നു…..

“നന്ദു…….. വെറുതെ സെന്റി അടിക്കാതെ, കണ്ണ് തുടച്ചെ…..”

ആ വിരലുകൾ തന്നെ എന്റെ കവിളിലൂടെ ഒലിച്ചിറങ്ങുന്ന ഉപ്പുജലത്തെ തുടച്ച് കളഞ്ഞു.
അവൻ പോകുമ്പോൾ ആ വീട്ടിൽ ഞാൻ ഏറെക്കുറെ തനിച്ചായത് പോലെ തോന്നി….
ഒരുകാലത്ത് എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ടീച്ചറമ്മയെക്കാൾ സ്ഥാനം അവന് ഇപ്പോൾ ഉള്ളത് പോലെ….
അവന്റെ കാന്തീകമഢലത്തിൽ നിന്നും പുറത്തിറങ്ങാൻ കഴിയാത്ത വിധം ഞാൻ അവനിൽ അകപ്പെട്ടിരിക്കുന്നു…..

പിന്നീട് മുഴുവൻ കാത്തിരിപ്പായിരുന്നു,അവൻ വിളിക്കാറുള്ള രാത്രികൾക്ക് വേണ്ടി…..

“അഭി…. നാളെ മുതൽ ക്ലാസ് തുടങ്ങും…..”

“കോളേജിൽ പോകുന്നത് ഒക്കെ കൊള്ളാം…
മുമ്പത്തെ പോലെ കുറേ അവൻമാരൊക്കെ പിറകെ വരാൻ ഉണ്ടാകും, അവരോടൊക്കെ എന്തെങ്കിലും സംസാരിക്കാൻ പോയീന്ന് ഞാൻ അറിഞ്ഞാൽ,അടി കൊള്ളുന്നത് നിനക്ക് ആയിരിക്കും….”

അവന്റെ മുഖം മാറിയത് മനസിലായെങ്കിലും അതൊരു തമാശയായി മാത്രം കാണാനാണ് എനിക്കിഷ്ടം…..
കാരണം എന്റെ ഉള്ളിൽ അവനെക്കാൾ വലിയൊരു സ്ഥാനം ഇപ്പോൾ മറ്റാർക്കും ഇല്ല…….. എന്റെ ടീച്ചറമ്മ പോലും അത്രയും ഉയരത്തിൽ അല്ലെന്ന് തോന്നുന്നു……
🛑🛑🛑
അടുത്ത പേജുകളൊക്കെ കാലിയായിരുന്നു..
അവൾ ഒരുതരം ആവേശത്തോടെ പേജുകൾ വേഗത്തിൽ മറിക്കാൻ തുടങ്ങി…
പക്ഷേ അതിലൊന്നും അക്ഷരങ്ങൾ ഇല്ലായിരുന്നു….
ഡയറി മടക്കിവെച്ച് അവൾ അലമാരയുടെ നേരെ ഓടി….അടുക്കി വച്ചിരുന്ന പുസ്തകങ്ങൾ ഒക്കെ വേഗത്തിൽ മറിച്ചു…
ഒടുവിൽ എല്ലാം തിരഞ്ഞ് തളർന്ന് ചുവരിലൂടെ താഴേക്ക് ഊർന്നിറങ്ങി….
നെറ്റിത്തടത്തിൽ നിന്നും വിയർപ്പ് കണങ്ങൾ മൂക്കിൻ തുമ്പിലൂടെ ഒലിച്ചിറങ്ങി….

വായിച്ച് തീർത്ത അവളുടെ ഭൂതകാലം ആ കണ്ണുകളിൽ കനംപിടിച്ച് കിടക്കുന്നുണ്ട്….
ഇനി അതിന്റെ ബാക്കി എവിടെ നിന്ന് അറിയും എന്ന ഭയം അവളിൽ അസ്വസ്ഥത ഉണ്ടാക്കി…..
രാത്രിമഴയുടെ ഭയാനകമായ മൂളൽ ഭൂമിയിൽ നിന്നും പ്രതിധ്വനിക്കുന്നുണ്ട്….
നൊമ്പരം തളം കെട്ടി നിൽക്കുന്ന കണ്ണുകളിൽ കണ്ണുനീരിന് സ്ഥാനം നഷ്ടപ്പെട്ടിരുന്നു….
അവിടെ തന്നെ കുറിച്ച് അറിയാനുള്ള ആകാംക്ഷ ആയിരുന്നു…..

ഇല്ല താൻ നേരിട്ട് കണ്ടിട്ടുള്ള അഭിയെ അല്ല, ഡയറിയിൽ കണ്ടത്….
അവൻ നിഷ്കളങ്കതയുടെ മൂടുപടം അണിഞ്ഞ് തന്റെ മുന്നിൽ അഭിനയിക്കുന്നതാണൊ,അതൊ ആ സ്വഭാവത്തിൽ നിന്നും പൂർണ്ണമായും മാറിയതാണൊ…

രാവിലെ എഴുന്നേറ്റ് അവൾ കണ്ണാടിയുടെ മുന്നിൽ നിന്നു…
എന്തൊക്കെയോ തീരുമാനിച്ചത് ഉറപ്പിച്ചത് പോലെ ഒന്ന് ശ്വാസം വലിച്ച് വിട്ടുകൊണ്ട് പുറത്തേക്ക് ഇറങ്ങി…
അഭിയുടെ മുറിയിൽ കയറി…
“അഭി എനിക്കൊന്ന് മീരയെ വിളിച്ച് തരാമോ…”
ഫോണിൽ നോക്കി ഇരിക്കുന്ന അഭി അവളുടെ ശബ്ദം കേട്ട് നോക്കി….
അവളുടെ കണ്ണുകളിലെ മൂർച്ച അവൻ നോക്കി നിന്നു…..
മുന്പ് ഒരിക്കലും കാണാത്ത ഒരുതരം ധൈര്യം അവളുടെ മുഖത്ത് ഉണ്ടായിരുന്നു…..

മീരയെ ഡയൽ ചെയ്ത് അഭി അവൾക്ക് കൊടുത്തു….
ഹലോ അഭി….
മറുതലയ്ക്കൽ നിന്ന് മീരയുടെ ശബ്ദം കേട്ടു…

“മീര ഞാൻ നന്ദന ആണ്… എനിക്ക് ഒന്ന് കാണണം…”

അത്രയും പറഞ്ഞ് അവൾ അവന് നേരെ ഫോൺ നീട്ടി….
അഭിയോട് ഒന്നും പറയാതെ പുറത്ത് ഇറങ്ങി..
അഭിക്ക് അപ്പോഴും
അവളുടെ മാറ്റം വിശ്വാസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല…
തുടരും…

LEAVE A REPLY

Please enter your comment!
Please enter your name here