Home Latest സ്വപ്നം കാണുന്നത് ഒക്കെ അകന്നിരിക്കുമ്പോൾ പോരെ… അടുത്ത് ഉണ്ടാകുമ്പോഴും വേണൊ…. Part – 9

സ്വപ്നം കാണുന്നത് ഒക്കെ അകന്നിരിക്കുമ്പോൾ പോരെ… അടുത്ത് ഉണ്ടാകുമ്പോഴും വേണൊ…. Part – 9

0

Part – 8 വായിക്കാൻ ഇവിടെ Click ചെയ്യുക.

ഓർമ്മ മാത്രം Part – 9

രചന : Anu Kalyani

“ആന്റി അഭി എവിടെ…..”

രാവിലെ കോളിംഗ് ബെൽ അടിക്കുന്നത് കേട്ടാണ് അഭിയുടെ അമ്മ വാതിൽ തുറന്നത്.
മുന്നിൽ നിൽക്കുന്ന ആളെ ഒരു പരിചയവും ഇല്ലായിരുന്നു…..
വലിയൊരു ബാഗും കയ്യിൽ ഒരു ജാക്കറ്റ് ഊരി പിടിച്ചിട്ടുണ്ട്…..

“ആരാ മനസിലായില്ല…..”

“ഓഹ് സോറി….. ഞാൻ വരുൺ, അഭിയുടെ കൂടെയാണ് വർക്ക് ചെയ്യുന്നത്….
അവിടെ ഒരുമിച്ചായിരുന്നു താമസം…..”

“അഭി പറഞ്ഞിട്ടുണ്ട്…..മോൻ കയറി ഇരിക്ക്, ഞാൻ അവനെ വിളിക്കാം….”
അഭിയുടെ മുറിയിൽ കയറി ഉറങ്ങിക്കിടക്കുന്ന അവനെ അവർ വിളിച്ചെഴുന്നേൽപ്പിച്ചു….

“എന്താ അമ്മേ…..”

“നിന്റെ കൂടെ ജോലി ചെയ്യുന്ന ആ കുട്ടി ഇല്ലെ…വരുൺ,അവൻ താഴെ വന്നിട്ടുണ്ട്….”

“ആര് വരുണോ…..”

ആ പേര് കേട്ടപ്പോൾ അവൻ ഉറക്കത്തിൽ നിന്നും ചാടി എഴുന്നേറ്റു….
മുകളിൽ നിന്നും താഴെ സോഫയിൽ ഇരുന്നു അച്ഛനോട് സംസാരിക്കുന്ന വരുണിനെ നോക്കി, അത്ഭുതത്തോടെ താഴേക്ക് ഇറങ്ങി.

“വരുൺ…..”

അഭിയെ കണ്ടതും അവൻ ഓടി ചെന്ന് അവനെ കെട്ടിപ്പിടിച്ചു…..

“നീ എന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ….”

“നീ ഇല്ലാതെ അവിടെ നിൽക്കാൻ തോന്നിയില്ല, ഞാനും ലീവ് എടുത്തു…
രണ്ട് ദിവസം വീട്ടിൽ നിന്നു… പിന്നെ നേരെ ഇങ്ങോട്ടേക്ക്…..”

മറുപടി എന്നോണം അഭി അവന്റെ ബേഗ് അഴിച്ചെടുത്ത് മുകളിലേക്ക് കയറി…

“വാ മുറി കാണിച്ച് തരാം….”

“അല്ല…. എവിടെ നിന്റെ ആള്…. നന്ദു….”

“അവള് മുറിയിൽ ഉണ്ട്…..”

“വഴിയെ പരിചയപ്പെട്ടോളാം……”

കിടക്കയിലേക്ക് മലർന്ന് കിടന്ന് അവൻ പറഞ്ഞു…..
🛑🛑🛑
“നന്ദു എഴുന്നേറ്റില്ലെ…. അവള് ഇങ്ങനെ ലേറ്റ് ആവാറില്ലല്ലോ……”

രാവിലെ ഭക്ഷണം കഴിക്കുമ്പോൾ ആയിരുന്നു ടീച്ചറമ്മ പറഞ്ഞത്….

“ഞാൻ നോക്കിയിട്ട് വരാം….”

അഭി എഴുന്നേൽക്കാൻ തുടങ്ങുമ്പോഴേക്കും വരുൺ എഴുന്നേറ്റു….

“ഞാൻ വിളിക്കാം…. ആൾക്ക് ഒരു സർപ്രൈസ് ആവട്ടെ….”

അഭി അവനെ തടയാൻ നോക്കുന്നതിന് മുമ്പെ അവൻ മുകളിലേക്ക് ഓടി….

മേശയിൽ തലവെച്ച് എതോ ലോകത്തെന്ന പോലെ പുറത്തേക്ക് നോക്കി ഇരിക്കുകയാണ് നന്ദു….
കരുതലിന്റെ വീർപ്പുമുട്ടിക്കുന്ന കരങ്ങൾ കറുത്ത നിഴലായി തന്നെ പിന്തുടരുന്നത്, അവളെ ശ്വാസം മുട്ടിക്കുന്നത് പോലെ തോന്നി…..
മനസ് മരവിച്ചിരുന്നു……എന്നോ മനസിൽ മുളപൊട്ടിയ നിഷ്കളങ്കമായ പ്രണയം ഇന്ന് പിഴുത് മാറ്റാനാവാത്ത വിധം വേരുറപ്പിച്ചു കഴിഞ്ഞിരുന്നു…..
പക്ഷേ ഇടയ്ക്ക് തോന്നിപ്പോകുന്നുണ്ട് ആ കരങ്ങളെ അടർത്തി മാറ്റി ഉള്ള് തുറന്ന് ഒന്ന് പറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്…..

തലയിലൂടെ ഒലിച്ചിറങ്ങിയ തണുത്ത വെള്ളം അവളെ ചിന്തയിൽ നിന്നും ഉണർത്തി…
തന്റെ മുന്നിൽ ജഗ് പിടിച്ച് നിൽക്കുന്ന അപരിചിതനെ കണ്ട് പിന്നോട്ട് നീങ്ങിയതും
അടുക്കി വച്ചിരുന്ന പുസ്തകങ്ങൾ താഴേക്ക് വീണു….

“ഹേയ് നന്ദു… its me വരുൺ…..”
ആ പേര് കേട്ടപ്പോൾ അവളുടെ പേടി അലിഞ്ഞു തുടങ്ങിയിരുന്നു…..
പക്ഷേ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി നിന്നു…. ശബ്ദം പുറത്തേക്ക് വരാത്തത് പോലെ…..

“താഴെ എല്ലാവരും തന്നെ നോക്കി ഇരിപ്പാണ്.. വേഗം വാ….”

അവളുടെ നിൽപ്പ് കണ്ട് കൂടുതൽ ഒന്നും ചോദിക്കാതെ അവൻ ചിരിയോടെ താഴേക്ക് ഇറങ്ങി….

ഒന്ന് ശ്വാസം വലിച്ച് വിട്ടുകൊണ്ട് അവളും പിന്നാലെ നടന്നു….

അഭിയെ നോക്കാതെ അവൾ ടീച്ചറമ്മയുടെ അരികിൽ ഇരുന്നു….
അവന്റെ കണ്ണുകൾ അവളിലേക്ക് പലതവണ ചെന്നിരുന്നു….

“മോളെന്താ ഇന്ന് വൈകിയത്…..”

“ഏയ് വൈകിയത് ഒന്നും അല്ല ആന്റി…
ഞാൻ ചെല്ലുമ്പോൾ ദിവാസ്വപ്നം കണ്ട് ഇരിക്കുന്നതാ കണ്ടത്…..”

മറുപടി പറയാൻ തുടങ്ങുന്നതിന് മുമ്പ് വരുൺ ഉത്തരം കൊടുത്തിരുന്നു….

“സ്വപ്നം കാണുന്നത് ഒക്കെ അകന്നിരിക്കുമ്പോൾ പോരെ… അടുത്ത് ഉണ്ടാകുമ്പോഴും വേണൊ….”

ഒരീണത്തിൽ കളിയാക്കി അച്ഛൻ പറഞ്ഞപ്പോൾ അഭി തലയുയർത്തി നന്ദുവിനെ നോക്കി…
എല്ലാവർക്കും വേണ്ടി വരുത്തി തീർത്ത പോലെ വരണ്ട ചിരിയോടെ അവൾ തലകുനിച്ചു….

🛑🛑🛑
“അഭി… നീയും നന്ദൂം തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ…..”

മുറ്റത്തെ മരത്തണലിൽ ഇരുന്ന് സംസാരിക്കുകയായിരുന്നു അഭിയും വരുണും….

“ഏയ് അങ്ങനെ ഒന്നും ഇല്ല…..”

മരച്ചുവട്ടിലെ പെറുക്കിയെടുത്ത ചെറിയ കല്ലുകൾ ഉള്ളം കൈയിൽ നിന്നും താഴേക്ക് വിതറി…

“നീ പറഞ്ഞ് കേട്ടിട്ടുള്ള നന്ദു ഇങ്ങനെ അല്ല..
തമ്മിൽ സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങൾ ആണെങ്കിൽ അത് സോൾവ് ചെയ്യുന്നതല്ലേ നല്ലത്…..”

“മ്മ്….”

അവനെ നോക്കാതെ അഭി വെറുതെ അലസമായി മൂളി…..

“ഞാൻ പറഞ്ഞൂന്നെ ഉള്ളൂ….”

മുറിയിൽ എവിടെയും നന്ദു ഇല്ലായിരുന്നു…
കുറേ തിരിഞ്ഞപ്പോൾ ആണ് അടുക്കളയിൽ ടീച്ചറമ്മയുടെ കൂടെ ചിരിയോടെ സംസാരിക്കുന്നവളെ കണ്ടത്….
അവളുടെ ചുണ്ടിലെ ചിരി അവനിലേക്കും പടർന്നു…
അവളുടെ നോട്ടം വാതിൽക്കൽ നിൽക്കുന്ന അവനിൽ എത്തിയതും പൊടുന്നനെ ആ ചിരി മാഞ്ഞു….

“അമ്മേ.. നമുക്ക് ഒന്ന് പുറത്ത് പോയാലോ..”

അമ്മയുടെ തോളിലൂടെ കയ്യിട്ട് നന്ദുവിനെ അവൻ പാളി നോക്കി…
അവളുടെ മുഖത്ത് ഭാവമാറ്റം ഒന്നും തന്നെ ഇല്ല….

“ഞാൻ വരുന്നില്ല….നിങ്ങൾ പോയിട്ട് വാ….”

പറഞ്ഞുകൊണ്ട് അവർ നന്ദൂന് നേരെ തിരിഞ്ഞു…

“ഞാനും ഇല്ല അമ്മേ…. എനിക്ക് കുറച്ച് നോട്ട്സ് കംപ്ലീറ്റ് ചെയ്യാനുണ്ട്…..”

എന്തെങ്കിലും ചോദിക്കുന്നതിന് മുമ്പെ അവൾ അവിടെ നിന്നും പോയി…

“ഇവൾക്കിതെന്ത് പറ്റി… ഇത്രയും നേരം ഇവിടെ ചിരിച്ചോണ്ട് നിന്നതാ…..”

അമ്മയുടെ ആശങ്ക കേട്ട് അവൻ ഒന്ന് ചിരിച്ചതേ ഉള്ളൂ…
അവൾ പോകുന്ന വഴിയെ അവന്റെ കണ്ണുകളും  പോയി…..

പുസ്തകത്തിൽ കണ്ണും നട്ട് അലസമായി കിടക്കുന്ന മുടിയിഴകളെ വിരലുകളിൽ കൊളുത്തിവലിക്കുകയാണ് നന്ദു…
വാതിൽ അടക്കുന്ന ശബ്ദം കേട്ട് തിരിഞ്ഞു..
തന്റെ നേർക്ക് വരുന്ന അഭിയെയും ലോക്ക് ചെയ്ത വാതിലിലേയ്ക്കും അവൾ മാറി മാറി നോക്കി….

“എന്താ……”

“നീ എന്തെ വരില്ലെന്ന് പറഞ്ഞത്…..”

“കാരണവും ഞാൻ പറഞ്ഞിരുന്നല്ലോ….”

“അത് നുണ ആണെന്ന് അറിയാം….”

“അതെ നുണയാണ്….
നീ എപ്പോഴൊക്കെ എന്നെയും കൂട്ടി പുറത്ത് പോയിട്ടുണ്ടോ, അന്നൊക്കെ എന്തെങ്കിലും ഒക്കെ പ്രശ്നവും ഉണ്ടാക്കിയിട്ടുണ്ട്….
അതുകൊണ്ട് തന്നെയാ വരുന്നില്ലാന്ന് പറഞ്ഞത്…..”

ഉറച്ച ശബ്ദത്തിൽ പറഞ്ഞുനിർത്തുമ്പോഴും അവന്റെ മുഖത്ത് ചിരി ആയിരുന്നു…

“ഇന്ന് അങ്ങനെ ഒന്നും ഉണ്ടാവില്ല…..”

അതിന് പുച്ഛത്തോടെയുള്ള ചിരി ആയിരുന്നു മറുപടി….

അവളുടെ അരികിലേക്ക് അവൻ നടന്നടുക്കുമ്പോൾ പതിയെ അവളും പിറകോട്ട് നീങ്ങി….

“നന്ദു…പ്രോമിസ്…. നീ വാ…..”

“നമുക്ക് ഒരു കാര്യം ചെയ്യാം…. ഏതെങ്കിലും വുമൺസ് കോളേജിലൊ അല്ലെങ്കിൽ വല്ല ഗേൾസ് ഓർഫനേജിലൊ പോകാം….
അതാകുമ്പോൾ പെൺകുട്ടികൾ മാത്രം അല്ലെ ഉണ്ടാവൂ…. എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ എന്ന് എനിക്കും ഭയക്കാതെ നിൽക്കാം….”

ആ ചോദ്യം കേട്ട് അവൻ പെട്ടെന്ന് നിന്നു…
പിന്നെ അവളുടെ രണ്ട് കൈയിലും പിടിക്കാനായി കൈ ഉയർത്തിയതും,അവൾ അവന്റെ നെഞ്ചിൽ തള്ളാൻ തുടങ്ങി…
ആ കൈകൾ പെട്ടെന്ന് തന്നെ അവന്റെ കൈകുള്ളിൽ അവൻ ബലമായി പിടിച്ചു വച്ചു…. അവളുടെ ദേഷ്യം കെട്ടടങ്ങിയപ്പോൾ
അവൻ പതിയെ തന്റെ നെഞ്ചോട് ചേർത്തു പിടിച്ചു…
അവളുടെ കണ്ണീര് അവന്റെ ഹൃദയത്തെ നനയിപ്പിച്ച് തുടങ്ങിയിരുന്നു….

“നന്ദു….ഇനി ഞാൻ ശ്രദ്ധിച്ചോളാം…. നീ ഇങ്ങനെ മിണ്ടാതെ നിൽക്കല്ലേ…..”

ഒന്നിനും അവൾക്ക് ഉത്തരം ഇല്ലായിരുന്നു…
അവന്റെ തലോടൽ ഏറ്റ് ചാഞ്ഞ് നിൽക്കുമ്പോഴും ചെറിയ ഒരു കനൽ ഉള്ളിൽ എരിഞ്ഞുതുടങ്ങിയിരുന്നു……

“നന്ദു….. കരഞ്ഞത് മതി….
നീ വേഗം റെഡിയാവാൻ നോക്ക്….”

കൈക്കുമ്പിളിൽ എടുത്ത അവളുടെ മുഖത്ത് നിന്നും ഒഴുകി ഇറങ്ങുന്ന കണ്ണീര് അവൻ തുടച്ചു….
നെറുകയിൽ പതിയെ ചുണ്ടമർത്തി…
കവിളിൽ ചെറുചിരിയോടെ തട്ടി മുറിവിട്ടിറങ്ങി…..

പുറത്ത് വലിയ ഫെസ്റ്റ് നടക്കുന്നുണ്ടായിരുന്നു….
വഴിയോരങ്ങളിലെ കാഴ്ചകൾ കണ്ട് നടക്കുമ്പോഴും അവന്റെ വിരലുകൾ അവളെ കോർത്ത് പിടിച്ചിരുന്നു….

“എന്തായാലും രണ്ട് പേരും പ്രോബ്ലം സോൾവ് ആക്കിയല്ലോ…..”

തിരിച്ചുള്ള യാത്രയിൽ ചിരിയോടെ പറയുന്ന വരുണിനെ നന്ദു ആശ്ചര്യത്തോടെ നോക്കി..
അഭി അവളെ നോക്കി കണ്ണിറുക്കി ചിരിച്ചു…

കുറേ നാളുകൾക്ക് ശേഷം വീണ്ടും പഴയ അഭിയെ കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു നന്ദു….
പക്ഷേ ആ സന്തോഷം കുറച്ച് സമയത്തേക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ….
🛑🛑🛑
“പിന്നീട് എന്താ സംഭവിച്ചത്”….

മീര പറഞ്ഞു നിർത്തിയപ്പോൾ നന്ദു ആകാംക്ഷയോടെ ചോദിച്ചു…..

മീര അതിന് അവളോട് ഒന്നും മറുപടി പറഞ്ഞില്ല…..
കൈവരിയിൽ നിന്ന് എഴുന്നേറ്റ് അവൾ നടക്കാൻ തുടങ്ങി….
അവളുടെ വാക്കുകൾക്ക് കാതോർത്ത് നന്ദൂം പിന്നാലെ നടന്നു….

“നിനക്ക് വിശക്കുന്നില്ലേ നന്ദൂ…..”

വീടിന് പുറക് വശത്തെ ചാഞ്ഞു നിൽക്കുന്ന പേര കൊമ്പ് ഒടിച്ച് പഴുത്ത് ചുവന്ന പേരയ്ക്ക പറിച്ചെടുത്ത് നന്ദൂന് നേരെ നീട്ടി…
അത് വാങ്ങി അവൾ പതിയെ കഴിച്ചു തുടങ്ങി…..

“നന്ദു.. നാളത്തെ ദിവസത്തിന് ഒരു പ്രത്യേകത ഉണ്ട്….”

എന്താണെന്ന അർത്ഥത്തിൽ അവൾ മീരയെ നോക്കി…

“നാളെ അഭിയുടെ പിറന്നാൽ ആണ്…..”

നന്ദു മീരയെ തന്നെ നോക്കി ഇരിക്കുകയാണ്….

“ഒരു പിറന്നാൾ ദിവസം ആയിരുന്നു അഭിയും നീയും തമ്മിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന ആ ചെറിയ വലിയ പ്രശ്നം എല്ലാവരും അറിഞ്ഞത്…..”

ബാക്കി എന്തെന്ന് അറിയാനുള്ള ആകാംക്ഷ ആയിരുന്നു നന്ദുവിന്റെ മുഖത്ത്….

വന്ന വഴിയെ തിരിച്ച് നടക്കുന്ന മീരയുടെ പിറകെ അവളും മൗനമായി നടന്നു….

മനസ്സ് ശാന്തമല്ല, ശൂന്യമായ മനസിൽ, ഓർമ്മകൾ കനൽ കോരിയിടുമ്പോൾ  ചുറ്റും ഉള്ളതൊന്നും മനസിലാക്കാൻ കഴിയുന്നില്ലായിരുന്നു…..

ചെറുതായി മഴ ചാറി തുടങ്ങി…. വേഗത്തിൽ പോകുന്ന വണ്ടിയിൽ, കാറ്റിന് കൂട്ടായി ചാറ്റൽമഴയും ഉണ്ട്….
വെയിലിനും മഴയ്ക്കും ഇടയിൽ ആശങ്കകൾ നിറയ്ക്കുന്ന ചാറ്റൽമഴ…..

അഭി പുറത്ത് അവരെ നോക്കി നിൽപ്പുണ്ട്….
ഗെയ്റ്റിന് വെളിയിൽ നന്ദൂനെ ഇറക്കി മീര പോയി….

“എവിടായിരുന്നു……”

“വെറുതെ മീരയുടെ കൂടെ പുറത്ത് പോയി…”

അഭിയുടെ നേരെ നോക്കാതെ പറഞ്ഞുകൊണ്ട് അകത്ത് കയറി….
അവൾ പറഞ്ഞത് കള്ളം ആണെന്ന് അവന് മനസ്സിലായിരുന്നു…..

പിറ്റേന്ന് രാവിലെ ഉണർന്നപ്പോൾ അവൾ ആദ്യം ഓർത്തത് മീര ഇന്നലെ പറഞ്ഞതായിരുന്നു…..
ഇന്ന് അഭിയുടെ പിറന്നാൾ ആണ്….

താഴേക്ക് ഇറങ്ങുമ്പോൾ എല്ലാം പതിവ് പോലെ ആയിരുന്നു….
എല്ലാദിവസവും ഉള്ളതുപോലെ, പിറന്നാളിന്റെ കാര്യം പോലും ആരും പറയുന്നത് കേട്ടില്ല….
രാത്രി ആയിട്ടും അവിടെ ഒരു രീതിയിലുള്ള ആഘോഷവും ഉണ്ടായില്ല……

“നന്ദു…..”

വാതിൽക്കൽ നിൽക്കുന്ന അഭിയെ അവൾ തിരിഞ്ഞു നോക്കി….
അവന്റെ കയ്യിലെ കവർ അവൾക്ക് നേരെ നീട്ടി….
ഒന്നും പറയാതെ അവിടെ നിന്നും പോയി…

കവറുമായി കിടക്കയിൽ ഇരുന്ന് അവൾ അത് തുറന്നു…
സിം കാർഡും ഫോണും ആയിരുന്നു അതിൽ….
അവൾക്ക് അറിയാവുന്ന പേരുകൾ മാത്രം ആയിരുന്നു സേവ് ചെയ്തത്…
ഇതുവരെ അറിഞ്ഞിട്ടില്ലാത്ത മറ്റൊരു പേര് കൂടി ഉണ്ടായിരുന്നു…

‘മദർ’

അവളാ പേര് പതിയെ ഉരുവിട്ടു….
എവിടെയൊ കേട്ടത് പോലെ…ആ നമ്പറിലേക്ക് തന്നെ നോക്കി നിന്നു…….

ബാൽക്കണിയിൽ നിന്ന്  പുകവലിച്ച് ഊതുന്ന അഭിയുടെ അരികിലേക്ക് അവൾ പോയി…മദ്യത്തിന്റെ ഗന്ധം അവിടെ പരക്കുന്നുണ്ട്… അവനരികിൽ അവനോടൊപ്പം പുറത്തേക്ക് നോക്കി നിന്നു….
അഭി പതിയെ തന്റെ അടുത്ത് നിൽക്കുന്ന നന്ദൂനെ നോക്കി….
ഏറെ നാളുകൾക്ക് ശേഷം വീണ്ടും ആ പഴയ നന്ദൂനെ കണ്ടത് പോലെ അവന് തോന്നി…
എന്തിനോ വേണ്ടി അവന്റെ കണ്ണുകളിൽ തെളിനീര് പൊടിഞ്ഞു….

“ഇന്ന് അഭിയുടെ പിറന്നാൾ ആണൊ….”

“മ്മ്…..”

എങ്ങോട്ടോ നോക്കി അവൾ ചോദിച്ചപ്പോൾ അവൻ മൂളുക മാത്രം ചെയ്തു…..

“ആരാ പറഞ്ഞത്……”

എരിയുന്ന സിഗരറ്റ് വീണ്ടും വലിച്ച് വിട്ടുകൊണ്ട് അവൻ അവൾക്ക് നേരെ തിരിഞ്ഞു…..

“മീര……”

അവന്റെ ചുണ്ടുകളിൽ ഒരു വരണ്ട ചിരി പടർന്നു….

“എല്ലാം പറഞ്ഞൊ…..”

“ഇല്ല…………”

പകുതി വലിച്ച സിഗരറ്റ് അവൻ അവൾക് നേരെ നീട്ടി…
അത്ഭുതത്തോടെ അവൾ അവനെയും സിഗരറ്റും മാറി മാറി നോക്കി..
അവന്റെ ദൃഷ്ടി ്് മറ്റെങ്ങൊ ആയിരുന്നു…
പെട്ടെന്ന് അവൻ അവളെ നോക്കി…
അവളുടെ ആശ്ചര്യം നിറഞ്ഞ മിഴികൾ കണ്ട് ചിരിയോടെ അവൻ സിഗരറ്റ് പുറത്തേക്ക് എറിഞ്ഞു…..

“എനിക്ക് ഭ്രാന്തായിരുന്നു നന്ദൂ.., എന്റെ ചില നേരത്തെ സ്വഭാവം കാരണം എനിക്ക് ഉണ്ടായ ഏറ്റവും വലിയ നഷ്ടമാണ് നീ…..
ഇടയ്ക്ക് എനിക്ക് തന്നെ തോന്നിയിട്ടുണ്ട് ഞാൻ abnormal ആണെന്ന്…..”

“എന്ത് കൊണ്ടാണ് അഭിയുടെ birthday കുറിച്ച് ഇവിടെ ആരും ഒന്നും സംസാരിക്കാത്തത്……”

ഉള്ളിലെ സംശയം മറച്ച് വെച്ച് അവൾ അവനോടായി ചോദിച്ചു….

“നമുക്ക് ഇവിടെ ഇരിക്കാം….”

അവൻ നിലത്ത് ചുമരിനോട് ചേർന്ന് ഇരുന്നു, അരികിലായി അവളും….
ചിരിയോടെ പഴയ ഓർമ്മകൾ പറഞ്ഞു തുടങ്ങി…..
🛑🛑🛑

“Happy birthday dear…..”

രാവിലെ അഭി എഴുന്നേൽക്കുമ്പോൾ കണ്ടത്, തന്റെ മുന്നിൽ ചെറിയൊരു കവറുമായി നിൽക്കുന്ന നന്ദുവിനെ ആണ്…
കണ്ണ് തിരുമ്മി അവൻ ആ കവറ് വാങ്ങി.,.

“എന്താ രണ്ടാളും രാവിലെ തന്നെ റൊമാൻസ് ആണൊ…അതോ അടുത്ത വഴക്ക് ആണോ…..”

വരുൺ അഭിയുടെ കയ്യിൽ നിന്ന് കവർ എടുത്ത് തുറന്നു….

“ഇതെന്താ ഗിഫ്റ്റ് ഒക്കെ….”

“ഇന്ന് അഭിയുടെ പിറന്നാൾ ആണ്….”

“ആണോടാ…..”

“മ്മ്……”
പറഞ്ഞുകൊണ്ട് അവൻ ബാത്റൂമിൽ കയറി..

“ഹേയ് നന്ദു… നമുക്ക് ഒരു പാർട്ടി കൊടുത്താലോ അഭിയ്ക്ക്…..”

“അതൊക്കെ എല്ലാ വർഷവും ടീച്ചറമ്മയും കേണലും കൊടുക്കാനുള്ളതാആ…..”

കുറച്ച് നേരം ചിന്തിച്ചതിന് ശേഷം പുറത്തിറങ്ങിയ നന്ദുവിന്റെ മുന്നിൽ പോയി നിന്നു….

“നിന്റെ ഫോൺ ഒന്ന് തന്നെ…..”

“എന്തിനാ….”

“ഒന്നും ഇല്ലാടോ… അവനൊരു സർപ്രൈസ് കൊടുക്കാനാ……”

വരുണിന്റെ കയ്യിൽ ഫോൺ കൊടുത്ത് അവൾ താഴെ ഇറങ്ങി….
അടുക്കളയിൽ ടീച്ചറമ്മ തിരക്കിലാണ്…

“മോള് കോളേജിൽ പോകുന്നില്ലേ…..”

“മ്മ്.  വൈകിട്ട് മീരയെയും സഞ്ജൂനെയും കൂട്ടീട്ട് വരാം…..”

വൈകിട്ട് വീട്ടിലേക്ക് എത്തുമ്പോൾ എല്ലാവരും എല്ലാം ഒരുക്കി വെച്ചിരിന്നു…
ആഘോഷങ്ങൾ എല്ലാ കഴിഞ്ഞ് ഉമ്മറത്തിരുന്ന് ഇരിക്കുകയായിരുന്നു എല്ലാവരും….

സംസാരിക്കുന്നതിനിടയിൽ നന്ദൂന്റെ ഫോൺ റിംഗ് ചെയ്തത്…
‘മദർ’ എന്ന് ഡിസ്പ്ലേയിൽ തെളിഞ്ഞു…
തുറന്ന ചിരിയോടെ അവൾ ഫോൺ എടുത്ത് മുകളിലേക്ക് കയറി….

കളിയും ചിരിയും നിറഞ്ഞ അഭിയുടെ മുഖം പെട്ടെന്ന് മാറി….
അവന്റെ ഐഡിയിൽ ടാഗ് ചെയ്ത നന്ദൂന്റെയും അവന്റെയും ഫോട്ടോയും വീഡിയോയും കണ്ട് ദേഷ്യം കൊണ്ടവന്റെ ഞരമ്പുകൾ തെളിഞ്ഞുവന്നു……

അരികിൽ വച്ചിരുന്ന കസേര കാല്കൊണ്ട് തട്ടിത്തെറിപ്പിച്ച് അവന് മുകളിലേക്ക് കയറി.
പിറകിൽ നിന്നും ആരും വിളിക്കുന്നത് ഒന്നും അവൻ കേട്ടിരുന്നില്ല…

“നന്ദൂ…..”

മുറിയിൽ മദറിനോട് സംസാരിച്ചിരുന്ന അവൾ അവന്റെ അലർച്ചയിൽ ഒന്ന് ഞെട്ടി…

“എന്താ……..”

ദേഷ്യം കൊണ്ട് ചുവന്ന് തുടുത്ത മുഖം കണ്ട് അവൾക്ക് നല്ല പേടി തോന്നി…

“എന്താ പറ്റിയത്…..”

അഭിയുടെ പിന്നാലെ വന്ന അച്ഛനോടും അമ്മയോടും എന്നപോലെ അവൾ ചോദിച്ചു..

“എന്താ ഇത്……”

ഉയർത്തി പിടിച്ച ഫോണിൽ തെളിഞ്ഞുകാണുന്ന ഫോട്ടോയും വീഡിയോയും കണ്ടപ്പോൾ അറിയാതെ തന്നെ ഉള്ളം ഒന്ന് വിറച്ചു…..

“ഇത്….. ഞാനല്ല…..എനിക്ക്…. ഒന്നും അറിയില്ല….”

വിക്കി വിക്കി പറഞ്ഞു തുടങ്ങും മുമ്പ് അവന്റെ കൈപ്പത്തി അവളുടെ മുഖത്ത് പതിഞ്ഞു….

“നീ അല്ലെങ്കിൽ പിന്നെ ഇത് ആരാ നിന്റെ ഐഡിയിൽ പോസ്റ്റ് ചെയ്തത്….”

“അഭി…. ഞാൻ പറയുന്നത് വിശ്വസിക്ക്…..”

“നിന്നോട് ഞാൻ പലവട്ടം പറഞ്ഞതാ, എനിക്ക് ഇത് പോലുള്ള ചീപ്പ് ഷോ ഒന്നും ഇഷ്ടമല്ലെന്ന്…..
നമ്മൾ തമ്മിൽ ഇഷ്ടമാണെന്ന് ഞാനും നീയും മാത്രം അറിഞ്ഞാൽ മതി… അത് ഇതുപോലെ നാട്ടുകാരെ അറിയിക്കേണ്ട കാര്യം ഇല്ല….”

അഭിയുടെ ശബ്ദത്തിൽ പതറി നിൽക്കുമ്പോൾ വീണ്ടും നന്ദൂന്റെ ഫോൺ റിംഗ് ചെയ്തു…
അറ്റന്റ് ചെയ്യാൻ നോക്കുന്നതിന് മുമ്പെ അവൻ ഫോൺ വാങ്ങി നിലത്ത് ശക്തിയോടെ എറിഞ്ഞു….
ഒരു നിമിഷം എല്ലാവരും ഒരുപോലെ സ്തംഭിച്ചു നിന്നു….

“അഭി….”

പിറകിൽ നിന്ന് കേണലിന്റെ ശബ്ദം ഉയർന്നപ്പോൾ,അവൻ പുറത്തേക്ക് ഇറങ്ങി…
മുറിയിൽ കയറാൻ തുടങ്ങിയ അവനെ വരുൺ തടഞ്ഞു…..

“ആ ഫോട്ടോയും വീഡിയോയും പോസ്റ്റ് ചെയ്തതിനാണൊ നീ ഇത്രയും ശബ്ദം ഉണ്ടാക്കിയത്…..
എന്നാൽ കേട്ടോളൂ… അത് പോസ്റ്റ് ചെയ്തത് ഞാനാണ്, ഇന്ന് രാവിലെ നന്ദൂന്റെ ഫോണിൽ നിന്ന്……
അവളൊന്നും അറിഞ്ഞിട്ടില്ല……
നിനക്ക് ഒരു സർപ്രൈസ് ആവട്ടെ എന്ന് വിചാരിച്ച് ചെയ്തതാണ്…..
പക്ഷേ ഇതിപ്പോ ഞങ്ങൾക്ക് സർപ്രൈസ് ആയിപ്പോയി……”

“അഭി.. ഇതിനൊക്കെ എന്തിനാ ഇങ്ങനെ പ്രശ്നം ഉണ്ടാക്കുന്നത്….
നിങ്ങൾ തമ്മിൽ ഇഷ്ടത്തിലാണെന്ന് ഒട്ടുമിക്ക പേർക്കും അറിയാം…
പിന്നെ… ഇതൊക്കെ എല്ലാവരും ചെയ്യുന്നതല്ലേ……”

സഞ്ജൂം വരുണും അങ്ങനെ പറഞ്ഞിട്ടും അവന്റെ ദേഷ്യത്തിന് ഒരു കുറവും ഇല്ല..

“ഇത് എന്റെയും അവളുടെയും കാര്യം ആണ്…
അതിൽ ആരും ഇടപെടേണ്ട…..
ആരും…..”

എല്ലാവരോടുമായി പറഞ്ഞ് അവൻ മുറിയിൽ കയറി കതകടച്ചു….

“നന്ദു…. സോറി….. ഇങ്ങനെ ഒന്നും ഉണ്ടാകും എന്ന് വിചാരിച്ചില്ല…..”

വരുൺ ്് നന്ദൂന്റെ അരികിൽ ചെന്നു….

അവൾക്ക് മറുപടി ഒന്നും ഇല്ലായിരുന്നു…..
ആരും പരസ്പരം ഒന്നും സംസാരിക്കാതെ കുറേ നേരം ഇരുന്നു…..
പതിയെ എല്ലാവരും ആ മുറി വിട്ടിറങ്ങുമ്പോൾ ശക്തിയോടെ കതക് അടച്ച് അവൾ നിലത്ത് ഊർന്നിറങ്ങി….
കവിളിനെ ചുട്ട്പൊള്ളിക്കുന്ന നീര് ഒഴുകി കൊണ്ടിരുന്നു…….
🛑🛑🛑
ശ്വാസം അടക്കിപ്പിടിച്ച് അവൾ അഭിയുടെ വാക്കുക്കായി   കാതോർത്തു…

“എന്നിട്ട്…..”

“എന്നിട്ട്….. എന്നിട്ട്…..”

അവന്റെ വാക്കുകൾ കുഴയുന്നുണ്ട്……

“രാവിലെ എല്ലാവരും ഉണരുന്നതിന് മുമ്പ് ഞാനും വരുണും തിരിച്ചു പോയി…
നിന്നോട് വന്ന് സംസാരിക്കണം എന്നൊക്കെ തോന്നിയിരുന്നു…… അതിന് വേണ്ടി വാതിൽക്കൽ വരെ എത്തിയിട്ടും ഉണ്ട്…
പക്ഷേ എന്തോ എന്റെ ഈഗോ ഒന്നിനും സമ്മതിച്ചില്ല….. മുറ്റത്തിറങ്ങിയിട്ടും ഞാൻ വെറുതെ ബാൽക്കണിയിൽ തിരിഞ്ഞു നോക്കി…. നീ അവിടെ ഉണ്ടായിരുന്നില്ല….”

അവന്റെ കാലുകൾ ഇടറുന്നുണ്ട്… ഇടയ്ക്കിടെ വേച്ച് വേച്ച് ചുമരിൽ താങ്ങി നിൽക്കുകയായിരുന്നു….

“ഞാൻ പിന്നെ ഇങ്ങോട്ട് വരാറെ ഇല്ലായിരുന്നു… വല്ലപ്പോഴും മാത്രം ഒന്നോ രണ്ടോ ദിവസം വന്ന് നിൽക്കും…

പക്ഷേ നിന്നെ ഞാൻ എപ്പോഴും ഫോളോ ചെയ്തിരുന്നു…. നിന്റെ ഇൻസ്റ്റാഗ്രാം, ഫെയ്സ്ബുക്ക്, വാട്സ് ആപ്പ് ഒക്കെ ഞാൻ നോക്കി ഇരിക്കും…..

എന്നോ ഒരിക്കൽ ദാ ഇതുപോലെ ബോധം ഇല്ലാത്ത ഒരു ദിവസം ആണ് നിന്നെ ഞാൻ ഫോൺ ചെയ്തത്… അന്ന് നീ കോൾ അറ്റൻഡ് ചെയ്തിട്ട് ഹലോ എന്ന് പറയാതെ നിന്ന ഒരു നിമിഷം ഉണ്ട്….
നമ്മൾ തമ്മിൽ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് ആ വാക്കുകൾ ഇല്ലാത്ത ഒരു നിമി നേരം കൊണ്ട് മനസിലാക്കാൻ കഴിയും….”

കാല് തെന്നി വീഴാൻ തുടങ്ങിയ അവനെ അവൾ താങ്ങി പിടിച്ചു….
അവൻ കലങ്ങിയ കണ്ണുകളുമായി അവളെ നോക്കി ചിരിച്ചു…..

“ഞാൻ വിചാരിച്ചത്, എന്റെ ആ സ്വഭാവം നീ ഒരു പരിധി വരെ ഇഷ്ടപ്പെട്ടിരുന്നു എന്നാണ്…
എന്നാൽ പിന്നീട് എനിക്ക് മനസ്സിലായി നീ എന്നെ ശരിക്കും സഹിക്കുക ആയിരുന്നു…

പക്ഷേ….. പക്ഷേ… അന്നും ഇന്നും എന്നും എനിക്ക് നിന്നെ ഒരുപാട് ഇഷ്ടാണ് നന്ദൂ…..
ഇനിയിപ്പോ നീ എന്നെ വെറുത്താലും നിന്നെ അല്ലാതെ വേറൊരാളെ എനിക്ക് സ്നേഹിക്കാൻ കഴിയില്ല………..

തുടരും…

LEAVE A REPLY

Please enter your comment!
Please enter your name here