Home Latest തലചെരിക്കാതെ ശംഭു യാന്ത്രികമായി അത് പറയുമ്പോഴാണ് അവന്റെ മുൻപിലെ ആ വസ്തുവിലേക്ക് എന്റെ ശ്രദ്ധ പതിഞ്ഞത്.....

തലചെരിക്കാതെ ശംഭു യാന്ത്രികമായി അത് പറയുമ്പോഴാണ് അവന്റെ മുൻപിലെ ആ വസ്തുവിലേക്ക് എന്റെ ശ്രദ്ധ പതിഞ്ഞത്.. Part – 11

0

Part – 10 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Sai Bro

ഉടലുണ്ട് തലയില്ല Part – 11

“ഒരു തലയോട്ടിയും കയ്യിലേന്തി ഭിക്ഷയാചിച്ചു നടക്കുന്ന ഭൈരവനെ അഥവാ സാക്ഷാൽ ശിവഭഗവാനെയാണ് ഭിക്ഷാടനമൂർത്തി എന്ന പേരിൽ അറിയപെടുന്നത്..! അങ്ങിനെയുള്ള ഭിക്ഷാടനമൂർത്തിയുടെ ശില്പമാണ് ചേട്ടൻ പിച്ചളയിൽ പണിത് ഹരന് കൊടുത്തത്.രാവുണ്ണിനായരുടെ തലയോട്ടി എവിടെയാണെന്ന് ഇപ്പൊ നിനക്ക് മനസ്സിലായോ ശംഭു..? ”

എന്റെ ആ ചോദ്യം കേട്ട് ശംഭു ഒരു നിമിഷം ഒന്നും മിണ്ടാതെ വായുംതുറന്ന് ഒറ്റ ഇരുപ്പങ്ങിനെ ഇരിക്കുന്നത് കണ്ട് ഞാൻ കാർ സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ടെടുത്തു..

“അളിയാ, ഇതെങ്ങോട്ടാ നീ പോണേ? ” പകപ്പോടെ ശംഭു അത് ചോദിക്കുമ്പോൾ ഞാനവനെ നോക്കാതെ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധിച്ചു കൊണ്ട് ചോദിച്ചു..

“രാവുണ്ണിനായരുടെ തലയോട്ടി കണ്ടെത്തേണ്ടത് നിന്റെയും കൂടി ആവശ്യമാണെന്നല്ലേ കൊറച്ചു മുൻപേ നീ എന്നോട് പറഞ്ഞത്..? ”

“അതൊക്കെ ശര്യാ, പക്ഷെ നീയിപ്പോ ഈ പോക്ക് ഒറീസ്സയിലേക്കാണോ പോണേ ശേഖറെ..? ”

“ആണെങ്കിൽ നീ എന്റെ കൂടെ വരില്ലേ..? ”

“അതല്ല, മാറിയുടുക്കാൻ ഒരു ജെട്ടിപോലും ഞാൻ എടുത്തിട്ടില്ല അളിയാ.. അതാ ചോയ്ച്ചത്..? ” ശംഭുവിന്റെ നിഷ്കളങ്കമായ സംസാരം കേട്ട് എന്റെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു..

“നമുക്കിപ്പൊ വീട്ടിലേക്ക് പോകാം, എന്നിട്ട് അവിടെ വെച്ച് തീരുമാനിക്കാം ഇനിയെന്താ ചെയ്യണ്ടേന്ന് ” അത് പറഞ്ഞുകൊണ്ട് ഞാൻ ആക്‌സിലേറ്ററിൽ കാലമർത്തിയപ്പോൾ ശംഭു ആശ്വാസഭാവത്തോടെ പുറത്തേക്ക് നോക്കിയിരുപ്പുണ്ടായിരുന്നു..

വീട്ടിലെത്തി ശംഭുവിനെയും കൂട്ടി മുറിക്കകത്തു കയറിയതിനു ശേഷം ഞാൻ അലമാരയിൽ നിന്ന് ഒരു വെള്ളപേപ്പറും പേനയും എടുത്തു മേശപ്പുറത്തു വെച്ചപ്പോൾ ശംഭു ആകാംക്ഷയോടെ എന്നെ നോക്കുന്നുണ്ടായിരുന്നു..

“നീ ഈ സമയത്തു എന്തൂട്ടാ എഴുതിപഠിക്കാൻ പോണേ ശേഖറെ..? ”

അവന്റെ ചോദ്യത്തിന് മറുപടി പറയാതെ മുന്നിലിരിക്കുന്ന കടലാസ്സിൽ ഞാൻ ശശിശേഖർ എന്ന് എഴുതികൊണ്ട് ശംഭുവിനെ നോക്കി..

“ശശിശേഖർ എന്നാൽ ശിവൻ എന്നല്ലേ അർത്ഥം ശംഭു? ”

അവൻ അതേ എന്ന് തലയാട്ടി സമ്മതിച്ചപ്പോൾ ഞാനതിന് നേരെ ശിവൻ എന്ന് എഴുതിചേർത്തു.. അതിന് ശേഷം താഴെ ഭിക്ഷാടനമൂർത്തി എന്ന് എഴുതികൊണ്ട് വീണ്ടും ശംഭുവിനെ നോക്കി..

“ഇതിന്റെ അർത്ഥവും ശിവൻ എന്ന് തന്നെയല്ലേഡാ..? ”

“അങ്ങനെ ആണെന്നല്ലേ നീ നേരത്തെ പറഞ്ഞത്..? “ശംഭു അത് പറഞ്ഞപ്പോൾ ഭിക്ഷാടന മൂർത്തി എന്നെഴുതിയതിന് നേരെ ഞാൻ ശിവൻ എന്ന പേര് വീണ്ടും എഴുതിചേർത്തു..

“ഭിക്ഷാടനമൂർത്തി എന്ന ശിവന്റെ പിച്ചള പ്രതിമയിൽ രാവുണ്ണിനായരുടെ തലയോട്ടി വെച്ചിട്ടുണ്ട് എന്ന് എന്നെ അറിയിക്കുന്നതിന് വേണ്ടിയാണ് ശശിചേട്ടൻ മരിക്കുന്നതിന് മുൻപ് ശിവൻ എന്ന് അർത്ഥം വരുന്ന ശശി ശേഖർ എന്നപേര് കടലാസ് തുണ്ടിൽ എഴുതിയിട്ടത്, അങ്ങനെ ചിന്തിച്ചാൽ എല്ലാം ഓക്കെയായി അല്ലേ ശംഭു..? ” ഞാനത് ചോദിക്കുമ്പോൾ പെട്ടന്ന് തന്നെ ശംഭുവിന്റെ മറുപടിയും വന്നു..

“അതേ, പക്ഷെ ആ ശിൽപ്പം ഒറീസയിലുള്ള ഏതോ മാർവാടിയുടെ കയ്യിലാണ് ഇപ്പോൾ ഇരിക്കുന്നത്, അത് നേരിട്ട് കാണണമെങ്കിൽ നമ്മൾ ഒറീസ്സയിലേക്ക് പോകേണ്ടിവരും.. ”

ശംഭു പറഞ്ഞതിന് മറുപടി നൽകാതെ ഞാൻ മുൻപിലിരിക്കുന്ന വെള്ളകടലാസിന്റെ ഏറ്റവും അടിയിലായി ഹരൻ എന്ന പേര് എഴുതിയതിന് ശേഷം അവനെയൊന്ന് നോക്കി..

“ശംഭു, ഈ ഹരൻ എന്ന് പറഞ്ഞാലും ശിവൻ എന്ന് തന്നെയല്ലേ അർത്ഥം..? ” ഇനി ചേട്ടൻ ഉദ്ദേശിച്ചത് ഹരന്റെ കയ്യിലാണ് ആ തലയോട്ടി ഇരിക്കുന്നത് എന്നായിരിക്കുമോ..? ”

“നീയെന്തിനാ അളിയാ വളഞ്ഞ വഴിക്കൊക്കെ ചിന്തിക്കുന്നേ..? നിന്റെ ചേട്ടൻ അങ്ങനെയൊരു ശിൽപ്പം നിർമ്മിച്ച് തന്നിരുന്നു എന്ന് ഹരൻ തന്നെയല്ലേ നമ്മളോട് പറഞ്ഞത്..? നല്ല വിലക്ക് മാർവാടി ആ ശില്പം ചോദിച്ചപ്പോൾ അയാളത് കൊടുക്കുകയും ചെയ്തു. അതിന്റെ പണിക്കൂലിയായി അമ്പതിനായിരം രൂപയാണ് അങ്ങേര് നിനക്ക് തന്നത്.. അയാളൊരു നല്ല മനുഷ്യൻ ആണെന്നാ എനിക്ക് തോന്നുന്നത്.. അല്ലെങ്കിൽ പിന്നെ നിന്റെ ചേട്ടൻ വാങ്ങാതിരുന്ന പണിക്കൂലി ഹരൻ നിന്നെ ഏല്പിക്കേണ്ട കാര്യമുണ്ടോ..? ” ഹരനെ സംശയിക്കേണ്ട കാര്യമേ ഇല്ലെന്നായിരുന്നു ശംഭുവിന്റെ പക്ഷം..

“പക്ഷെ ശംഭു, നീയൊരു കാര്യം ശ്രദ്ധിച്ചിരുന്നോ..? താൻ നിർമ്മിച്ചതിൽ ഏറ്റവും ഭംഗിയുള്ള ശില്പങ്ങൾ ഒന്നുപോലും വിൽക്കാതെ ഹരൻ തന്റെ സ്വീകരണ മുറിയിൽ സൂക്ഷിച്ചിട്ടുണ്ട്, അതവിടെ ചെന്നപ്പോൾ നമ്മളും കണ്ടതാണ്.. അങ്ങനെയൊരു ശീലമുള്ള മനുഷ്യൻ അമ്പതിനായിരം രൂപ പണിക്കൂലി മാത്രമായി കൊടുത്ത് ഏറ്റവും ആഗ്രഹിച്ചു നിർമ്മിച്ചൊരു അപൂർവ്വ ശിൽപ്പം മറ്റൊരാൾക്ക്‌ വിലക്ക് കൊടുക്കുമെന്ന് നീ കരുതുന്നുണ്ടോ..? ” ഞാനത് ചോദിക്കുമ്പോൾ ശംഭു തലയൊന്ന് ചൊറിഞ്ഞു..

“പക്ഷെ ഭിക്ഷാടന മൂർത്തിയുടെ ആ ശിൽപ്പം ഏതോ മാർവാടിക്ക് കൊടുത്തെന്നും അയാളത് ഒറീസ്സയിലേക്ക് കൊണ്ടുപോയെന്നുമുള്ള നുണ ഹരൻ നമ്മളോടെന്തിന് പറയണം..? ഇനീപ്പോ അത് നുണയാണെന്ന് കരുതിയാൽ തന്നെ അങ്ങനെയൊരു ശില്പം അയാൾ സൂക്ഷിച്ചിട്ടുണ്ടെങ്കിൽ അത് ആ വീട്ടിലെ സ്വീകരണമുറിയിൽ കാണേണ്ടതല്ലേ..? ”

ശംഭുവിന്റെ ആ സംശയം ന്യായമായിരുന്നു. പക്ഷെ അതിനൊരു മറുപടിയും എനിക്ക് പറയാനുണ്ടായിരുന്നു.

“ശംഭു, നിന്റെ രണ്ടാമത്തെ ചോദ്യത്തിനുത്തരം ഹരൻ തന്നെ നമ്മളോട് പറഞ്ഞിരുന്നു.. ഇത്രേം വിലപിടിപ്പുള്ള ശിൽപ്പങ്ങൾ വിൽക്കാതെ സൂക്ഷിച്ചുവെച്ചിരിക്കുന്നത് എന്തിനാണെന്നുള്ള എന്റെ ചോദ്യത്തിന് അയാൾ തന്ന മറുപടി നീ ശ്രദ്ധിച്ചിരുന്നോ..? ‘തനിക്കേറ്റവും ഇഷ്ട്ടപെട്ടവ വിൽക്കാതെ വീട്ടിലും പണിശാലയിലുമായി താൻ സൂക്ഷിക്കാറുണ്ട് ‘..നമ്മൾ അയാളുടെ വീട്ടിൽ മാത്രമല്ലേ കയറിയുള്ളൂ പണിശാല കണ്ടില്ലല്ലോ..? ”

“അപ്പൊ ഹരന്റെ പണിശാലയിൽ ഭിക്ഷാടനമൂർത്തിയുടെ പിച്ചള പ്രതിമയും അതിൽ രാവുണ്ണിയുടെ തലയോട്ടിയും ഉണ്ടെന്നാണോ നീ പറയണെ ശേഖറെ..? “ശംഭു അമ്പരപ്പോടെ എന്റെ മുഖത്തേക്ക് നോക്കി..

“അതവിടെ ഉണ്ടെന്നാണ് എന്റെ മനസ്സ് പറയുന്നത്..”

“അപ്പൊ ഇനിയെന്താ നമ്മുടെ അടുത്ത പരിപാടി..? ”

“ഇന്ന് രാത്രി ഹരന്റെ പണിശാലയിൽ നമ്മള് കേറി തപ്പും.. ” ഞാനത് ദൃഡമായ വാക്കുകളാൽ പറഞ്ഞപ്പോൾ ശംഭു അമ്പരപ്പോടെ എന്നെ നോക്കി..

“പക്ഷെ നമ്മളിങ്ങനെ അതിനകത്തു കേറും, അയാളുടെ പണിപുര ആ വീടിന്റെ അകത്തല്ലേ..? ”

“അല്ല, വീടിന്റെ പുറത്തു തെക്ക് ഭാഗത്തായാണ് ഹരന്റെ പണിശാല, ചേട്ടൻ പണിത ആ ശിൽപ്പത്തെ കുറിച്ചയാൾ പറഞ്ഞപ്പോൾ തന്നെ എനിക്ക് ഹരനെ സംശയമുണ്ടായിരുന്നു.. അവസാനം ആ വീട്ടിൽനിന്ന് പുറത്തേക്കിറങ്ങുമ്പോൾ വീടിന് പുറത്തുള്ള ഓട് മേഞ്ഞ അവന്റെ പണിശാലയും ഞാൻ ശ്രദ്ധിച്ചിരുന്നു.. ഇന്ന് രാത്രി നമ്മൾ അതിനകത്തു കേറിയിരിക്കും..” എന്റെ സംസാരം കേട്ട് ശംഭു പതിയെ നടന്നുവന്ന് എന്റെ തോളിൽ പിടിച്ചു..

“നിനക്കിത്രേം ബുദ്ധിയുണ്ടായിരുന്നോ അളിയാ..? ”

അതിന് മറുപടിപറയാതെ ഞാനൊന്ന് പുഞ്ചിരിക്കുമ്പോൾ വീടിന് പുറത്ത് ഇരുട്ട് വീണുതുടങ്ങിയിരുന്നു…

##############################

ഇരുട്ടിൽ കുളിച്ചുനിൽക്കുന്ന ഹരന്റെ വീടിന് അൽപ്പം അകലെയായി കാർ ഒതുക്കി പാർക്ക്‌ ചെയ്തതിന് ശേഷം അങ്ങോട്ടേക്ക് എത്തിച്ചു നോക്കി അയാൾ ഉറങ്ങിയെന്ന് ശംഭു ഉറപ്പ് വരുത്തുമ്പോൾ ഞാൻ കാറിന്റെ ഡിക്കിയിൽ നിന്ന് വലിയൊരു കയർ ചുരുൾ എടുത്തു തോളിലേക്ക് കയറ്റിവെച്ചു..

“ഇതെന്തിനാ അളിയാ ഈ കയറൊക്കെ..? “ശംഭു സംശയത്തോടെയാണ് എന്നോടത് ചോദിച്ചത്..

“ആവശ്യമുണ്ട്, നീ വേഗം ഈ മതില് ചാടാൻ നോക്ക്.. ” പതിഞ്ഞ ശബ്ദത്തിൽ അത്രേം പറഞ്ഞുകൊണ്ട് തൊട്ടുമുൻപിലെ മതിലിൽ ഞാൻ ഏന്തിവലിഞ്ഞു കേറുമ്പോൾ ശംഭുവും എനിക്ക് പിന്നാലെ മതിലിൽ അള്ളിപിടിച്ചു കയറുന്നുണ്ടായിരുന്നു..

ഓട് മേഞ്ഞ ഒറ്റ മുറിയുള്ള ആ കെട്ടീടത്തിന്റെ മുൻപിൽ ചുറ്റിനും നോക്കികൊണ്ട്‌ ഞാൻ നിൽക്കുമ്പോൾ ശംഭു അതിന്റെ അടഞ്ഞു കിടക്കുന്ന വാതിലിന്റെ പൂട്ട് പരിശോധിക്കുക യായിരുന്നു..

“അളിയാ ഗോദറേജിന്റെ താഴിട്ട് പൂട്ടിയിരിക്കുകയാ ഈ വാതിൽ.. തല്ലിപൊളിക്കാൻ പറ്റൂന്ന് തോന്നണില്ല.. ”

“പൂട്ട് പൊളിക്കാതെ അകത്തു കേറാൻ വേറൊരു വഴീണ്ട്. ” അത് പറഞ്ഞുകൊണ്ട് ആ പണിശാലയോട് ചേർന്ന് നിൽക്കുന്ന വലിയ ജാതിമരത്തിൽ ഞാൻ അള്ളിപിടിച്ചു കേറുമ്പോൾ താഴെനിന്ന് ശംഭുവിന്റെ പിറുപിറുക്കൽ കേട്ടു..

“ഇവനെന്താ അണ്ണാൻ ആണോ..? ഇത്രേം വേഗത്തിൽ മരത്തിൽ കേറാൻ..? പണ്ടത്തെ ശീലങ്ങളൊന്നും മറന്നിട്ടില്ലാലെ ശേഖറെ നീ..?”

ജാതിമരത്തിലൂടെ കേറി അതിന്റെ നീണ്ടുനിൽക്കുന്ന ശാഖയിലൂടെ ബാലൻസ് തെറ്റാതെ നടന്ന് ആ പണിശാലയുടെ മുകളിൽ പാകിയിരിക്കുന്ന ഓടിലേക്ക് കാലെടുത്തു വെക്കുമ്പോഴാണ് ഞാനതിന് മറുപടികൊടുത്തത്..

“അണ്ണാൻ മൂത്താലും മരംകേറ്റം മറക്കില്ലാന്ന് കേട്ടിട്ടില്ലേ നീ..? ഇതുപോലെ നീയും വേം ഇങ്ങോട്ടേക്ക് കേറി പോരെ.. ”

ഞാൻ ചെയ്ത സൂത്രപണി കണ്ട് അതേപോലെ തന്നെ ശംഭുവും എനിക്കരുകിലേക്ക് എത്തുമ്പോഴേക്കും ഞാനവിടുത്തെ നാലഞ്ചു ഓടുകൾ ഇളക്കിമാറ്റി ഒരാൾക്ക് താഴേക്ക് നൂണ്ട് കടക്കാൻ പറ്റുന്ന വിധത്തിലാക്കി വെച്ചിരുന്നു.. ഓട് മാറ്റിയപ്പോൾ കണ്ട ഉത്തരത്തിൽ തോളിലെ കയറിന്റെ ഒരറ്റം കെട്ടിയതിന് ശേഷം ആ കയറിൽ നൂണ്ട് ഞാനും എനിക്ക് പിന്നാലെ ശംഭുവും ഹരന്റെ പണിശാലയുടെ ഉള്ളിലെത്തി.

മൊബൈൽ ടോർച്ചിന്റെ പ്രകാശത്തിൽ ഞങ്ങൾ അവിടമാകെ ഒന്ന് പരതിനോക്കിയപ്പോൾ പണിതീർന്നതും പാതി മുഴുമിപ്പിച്ചതുമായ നിരവധി ശില്പങ്ങൾ ആ പണിശാലക്കുള്ളിൽ പലയിടങ്ങളിലുമായി ഇരിക്കുന്നത് കണ്ടു..

“ഇതിൽ ഏതാണാവോ ആ നിന്റെ ചേട്ടൻ ഉണ്ടാക്കിയ മൂർത്തിയുടെ ശിൽപ്പം..? കണ്ടിട്ട് എല്ലാം ഒരുപോലെ തന്നെയുണ്ട്..? “ചുറ്റിനുമുള്ള ശില്പങ്ങളിലേക്ക് നോക്കി ശംഭു പിറുപിറുക്കുന്നുണ്ടായിരുന്നു.

“ഒരു കയ്യിൽ തലയോട്ടിയുള്ള ഏതെങ്കിലും ശില്പം ഇതിനിടയിൽ ഉണ്ടോന്ന് നോക്ക് ഡാ.. “അത് പറഞ്ഞുകൊണ്ട് ഞാനൊരു മൂലയിൽ ചെന്ന് പരതുമ്പോൾ ശംഭു അവന്റെ കയ്യിലെ മൊബൈലും പ്രകാശിപ്പിച്ചുകൊണ്ട് ആ മുറിക്കുള്ളിൽ അലഞ്ഞുതിരിഞ്ഞു നടന്നു.

“നാശം, ഇവിടെ അങ്ങനെയൊരു സാധനമില്ല, ഈ പറഞ്ഞപോലെ അയാളത് ഒറീസ്സകാരന് കൊടുത്തുകാണും.. ഞാൻ വെറുതെ കാടുകയറി ചിന്തിച്ചു.. ” നെറ്റിയിലൂടെ ചാലിട്ടൊഴുകുന്ന വിയർപ്പ് തുടച്ചുമാറ്റി അങ്ങിനെ പിറുപിറുത്തുകൊണ്ട് ഞാൻ തിരിഞ്ഞു ശംഭുവിനെ നോക്കുമ്പോൾ അവൻ ആ മുറിയുടെ വടക്കേയറ്റത്തു നിശ്ചലമായി നിൽക്കുകയായിരുന്നു..

“നീയെന്താ നിന്ന് ഉറങ്ങുകയാണോ ശംഭു..? ”

“അളിയാ നീയിതൊന്ന് നോക്ക്യേ.? “തലചെരിക്കാതെ ശംഭു യാന്ത്രികമായി അത് പറയുമ്പോഴാണ് അവന്റെ മുൻപിലെ ആ വസ്തുവിലേക്ക് എന്റെ ശ്രദ്ധ പതിഞ്ഞത്..

‘ ഒരു ചില്ലുകൂട്.. ! അതിനകത്ത് പിച്ചളയിൽ നിർമ്മിച്ച ആറടി ഉയരമുള്ള ഭിക്ഷാടനമൂർത്തിയുടെ ശില്പം.. ! ആ ശിൽപ്പത്തിന്റെ ഇടതുകയ്യിൽ ഒരു തലയോട്ടി.. ! ശംഭുവിന്റെ കയ്യിലിരിക്കുന്ന ടോർച്ചിന്റെ പ്രകാശത്തിൽ പിച്ചള പ്രതിമയും അതിന്റെ കയ്യിലെ തലയോട്ടിയും വെട്ടിതിളങ്ങുന്നു.. !!!’

ആ ചില്ലുകൂടിന്റെ വാതിൽ പതിയെ തുറന്ന് എനിക്കൊപ്പം തന്നെ ഉയരമുള്ള ആ പ്രതിമയിലേക്ക് ഞാനൊന്ന് സൂക്ഷിച്ചുനോക്കി.. ശശിഅയ്യപ്പൻ എന്ന ശില്പിയുടെ ഏറ്റവും മികച്ച സൃഷ്ട്ടിയായിരുന്നു അത്. ഹരൻ അവിടെ പണിതീർത്തിരിക്കുന്ന മറ്റു ശില്പങ്ങളെക്കാൾ നൂറുമടങ്ങു ഭംഗിയുണ്ട് ഭിക്ഷാടനമൂർത്തിയുടെ ആ പ്രതിമക്ക്.. ഒരു നിമിഷം ആ ശിൽപ്പത്തിലേക്ക് ഉറ്റുനോക്കിയതിനു ശേഷം അതിന്റെ ഇടതു കയ്യിലെ വെളുത്ത തലയോട്ടി ശ്രദ്ധാപൂർവ്വം കയ്യിലെടുക്കവേ പിറകിൽ നിന്ന് ശംഭുവിന്റെ ശബ്ദം കേട്ടു..

“ആ തലയോട്ടിയിൽ നിന്റെ ചേട്ടന്റെ പേരുണ്ടോന്ന് ഒന്ന് നോക്ക്യേ..? അങ്ങിനെയാണേൽ നമ്മള് പിന്നേം മൂഞ്ചി.. ”

അത് കേട്ട് ആകാംക്ഷയോടെ ഞാനാ തലയോട്ടി തിരിച്ചും മറച്ചും പരിശോധിച്ചു.. ഇല്ല, ഒരിടത്തും ആരുടേയും പേര് എഴുതിയിട്ടില്ല.. !

“ഇല്ലെടാ ശംഭു, ഇതിൽ ആരുടേം പേരില്ല, അതിനർത്ഥം ഇതൊരു ശില്പി പണിതുണ്ടാക്കിയതല്ല, ഇത് ഒർജിനലാണ്.. ഇതാണ് രാവുണ്ണിനായരുടെ കാണാതായ തല.. !”

ആഹ്ലാദത്തോടെ ഞാനത് പറയുമ്പോൾ ആ വെളുത്ത തലയോട്ടിയിൽ വാത്സല്യത്തോടെ തൊട്ടുഴിയുകയായിരുന്ന ശംഭു പെട്ടെന്ന് തലയുയർത്തി എന്നെയൊന്ന് നോക്കി..

“പക്ഷെ എന്തിനായിരിക്കും ഹരൻ ഈ ശിൽപ്പം ഒറീസ്സയിലുള്ള മാർവാടിക്ക് കൊടുത്തു എന്ന് നമ്മളോട് നുണ പറഞ്ഞത്..? ”

“അതെന്തിനാണെന്നു ഹരന്റെ വായിൽ നിന്ന് തന്നെ വരട്ടെഡാ ശംഭു.. ഒരുപക്ഷെ അയാൾക്കും ഒരു കഥ പറയാനുണ്ടാകും.. !!”

ഞാനങ്ങിനെ ശംഭുവിനെ നോക്കി പിറുപിറുക്കുമ്പോൾ വീടിനുള്ളിലെ കട്ടിലിൽ ഗാഢനിദ്രയിലായിരുന്ന ഹരൻ ഒരു തലയോട്ടി തന്നെനോക്കി പല്ലിളിക്കുന്നതായി സ്വപ്നം കാണുകയായിരുന്നു..

തുടരും.

Sai Bro.

LEAVE A REPLY

Please enter your comment!
Please enter your name here