Home Latest ഓൾടെ ചവിട്ടും കുത്തും കിട്ടാതെ തലയിണയും കെട്ടിപിടിച്ചു കിടന്നാലൊന്നും മ്മക്ക് ഉറക്കം വരൂന്ന് തോന്നണില്ല…

ഓൾടെ ചവിട്ടും കുത്തും കിട്ടാതെ തലയിണയും കെട്ടിപിടിച്ചു കിടന്നാലൊന്നും മ്മക്ക് ഉറക്കം വരൂന്ന് തോന്നണില്ല…

0

ഉറക്കം വരാതെ ബെഡിൽ ഫാനും നോക്കി മലർന്നുകിടന്ന് ‘ഏകാന്ത ചന്ദ്രികയും ‘പാടി കിടക്കുമ്പോഴാണ് ബീവിന്റെ കാൾ….

ഇക്കൂസേ…

ന്താടി പോത്തേ..അനക്ക് ഉറക്കൊന്നുല്ലേ..

നിങ്ങൾ എന്താകുവാ മനുഷ്യാ…

ഞാൻ ഒരു രാജാത്തിനെയും കിനാവ് കണ്ടു കിടക്കേണ്…

അതേത് മ്മള് അറിയാത്തൊരു രാജാത്തി…ദേ മനുഷ്യാ…വേഗം പോയി കിടന്നുറങ്ങിക്കോ.. കണ്ട പെണ്ണുങ്ങളെയും സ്വപ്നം കണ്ടു കിടന്നാൽ.. ബാക്കി മ്മള് വന്നിട്ട് തരണ്ട്..ട്ടാ..

പിന്നെ നീ ഒലത്തും.. ഒന്ന് പോടീ.. അല്ല നിനക്ക് ഉറക്കില്ലേ പെണ്ണെ…

നിങ്ങളെ മീതെ കുതിരകേറാണ്ട്… മ്മക്ക് ഉറക്കം വരൂന്ന് തോന്നണില്ല.. മ്മക്ക് ഉറങ്ങാതെ ഇങ്ങനെ വർത്താനം പറഞ്ഞിരുന്നാലോ… ഇക്കൂസെ..

അന്റെ ബാപ്പാനോട് പോയി സംസാരിച്ചാൽ മതി… ഞാൻ ഉറങ്ങി… ഒന്ന് വെച്ചിട്ട് പോടീ..പോത്തേ.. നിക്ക് ഉറക്കം വരണിണ്ട്… പാതിരാത്രിക്കാണ്.. ഓള്ടെയൊരു.. കിന്നാരം…

പറഞ്ഞു ഫുള്ളാക്കിയില്ല അപ്പോയെക്കും ബീവി ഫോൺ വെച്ച് പോയി.. പാവം നല്ല ദേഷ്യം വന്നുകാണും… ഓള് ഇല്ലാത്തോണ്ട് മ്മക്കും ഉറക്കം വരണില്ലാന്ന്.. എനിക്ക് മാത്രല്ലേ അറിയൂ..എന്ത് തന്നെ ആയാലും ഓൾടെ ചവിട്ടും കുത്തും കിട്ടാതെ തലയിണയും കെട്ടിപിടിച്ചു കിടന്നാലൊന്നും മ്മക്ക് ഉറക്കം വരൂന്ന് തോന്നണില്ല..

കുറച്ചു ദിവസായി അവളുടെ വീട്ടിൽ പോണമെന്നു പറഞ്ഞു മനുഷ്യനെ പിരാന്താക്കാൻ തുടങ്ങിയിട്ട്.. അങ്ങനെയാ അവളെ അവിടെ കൊണ്ടുചെന്നാക്കിയത്… എന്നോടും ഇന്നിവിടെ നിക്ക് ഇക്കൂസെന്നും പറഞ്ഞു.. ഒത്തിരി നിർബന്ധിച്ചതാ… പിന്നെ ഉമ്മയിവിടെ തനിച്ചായത് കാരണം ഞാനിങ്ങോട്ട് പോന്നു.. എന്തായാലും ഓള് പോയപ്പോൾ വീട്ടിലെ ഒച്ചയും ബഹളവും എല്ലാം നഷ്ടമായി… എന്തോ ഒരു വല്ലാത്ത മിസ്സിംഗ്‌ ഫീൽ…

ഓൾക്കും ഉറക്കം വരൂല്ലന്ന് നന്നായി അറിയാ..അതല്ലേ ഈ നേരത്തൊരു വിളി.. കുറച്ച് നേരം സംസാരിച്ചാലോന്ന് കരുതിയതാ പിന്നെ.. മ്മളും ഉറക്കം വരാതെ കിടക്കാണെന്ന് ഓള് മനസിലാക്കിയാൽ നാളെത്തന്നെ പെട്ടിയും കിടക്കയും എടുത്തു ഇങ്ങോട്ട് പോരും.. അത് വേണ്ട.. എന്തായാലും കുറച്ച് ദിവസം അവളവിടെ നിക്കട്ടെ.. അവളെ വളർത്തി വലുതാക്കിയ വീട്ടുകാർക്കും അവളെ കാണാൻ പൂതിയുണ്ടാവില്ലേ.. അല്ലേലും ഞാൻ മാത്രം സഹിച്ചാൽ പോരല്ലോ..ഇടക്ക് അവരും കഷ്ട്ടപെടട്ട്…. എനിക്ക് കുറച്ച് ദിവസം അടിയും കുത്തുമേൽക്കാതെ സമാധാനത്തിൽ ഇരിക്കയും ചെയ്യാം..

കുറെ നേരം തലയിണയും കെട്ടിപ്പിടിച്ചു തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടൊന്നും ഉറക്കം വരണില്ലാ…ബീവി നമ്മക്ക് എന്ത് കൈവിഷമാണാവോ.. തന്നത്.. ഓളെ വിളിക്കാന്ന് വെച്ചാൽ.. അവളെ വായിലുള്ളത് കേക്കേണ്ടിവരും. നല്ല ചൂടിലാണ് ഓള് ഫോൺ വെച്ചത്.. പിന്നെ കുറെ നേരം ഫാനും നോക്കി കിടന്നപ്പോഴാണ്.. മ്മളെ മണ്ടയിലേക്ക് വേണ്ടാത്തൊരു പൂതി വന്ന് കേറിയത്.. അവൾക്കൊരു സർപ്രൈസ് കൊടുക്കണം..അതും ഇപ്പൊ തന്നെ.. അവളെ മുന്നിൽ പോയി ഇളിച്ചോണ്ട് നിന്ന് ഞെട്ടിക്കാന്ന് വിചാരിച്ചു ക്ലോക്കിൽ നോക്കിയപ്പോൾ.. സമയം ഒരുമണിയാവാൻ ബാക്കി അഞ്ചുമിനിറ്റ്..

ഇനി എന്ത് വന്നാലും കുഴപ്പില്ല ഓളെ ഞെട്ടിച്ചിട്ടേ വേറെ കാര്യമുള്ളു..
ഉമ്മയറിയാതെ വീടിനു പുറത്തുചാടി ബുള്ളറ്റെടുക്കാൻ നോക്കിയപ്പോൾ ഇവന്റെ ശബ്ദം നമ്മളെ ഒറ്റുകൊടുക്കുമെന്ന് മനസിലായത് കൊണ്ട് നേരെ കാറുമെടുത്തു അവളുടെ വീടും ലക്ഷ്യമാക്കി. കുലുക്കിത്താക്കത്ത…പാട്ടും വെച്ച് മ്മള് പോവാട്ടോ..

ഒരുപാടൊന്നുമില്ലെങ്കിലും കുറച്ച് ദൂരമുണ്ട് അവളുടെ വീട്ടിലേക്ക്..

എന്നാലും എങ്ങനെയവളുടെ മുന്നിൽ ചെന്ന് നിക്കും ഒരെത്തുംപിടിയുമില്ല.. നേരെ പോയി ബെല്ലടിച്ചു വീട്ടിൽ കയറിയാലോ … അല്ലെങ്കിൽ ജനലിൽ പോയി മുട്ടി അവളെ പേടിപ്പിച്ചാലോ.. ആകെ കൺഫ്യൂഷൻ ആയല്ലോ റബ്ബേ..
വീടെത്തുന്നത് വരെ എങ്ങനെ ചിന്തിച്ചിട്ടും ഒരു തീരുമാനത്തിലെത്താനായില്ല..

അവസാനം കാറവളുടെ വീടിന്റെ ഗേറ്റിനു പുറകിൽ നിർത്തി അവളുടെ വീടും ലക്ഷ്യമാക്കി നടന്നു ആ സമയത്തു പട്ടിയുടെ ചെറിയ ശബ്ദം ഞാൻ കേട്ടൊന്നൊരു സംശയം ചിലപ്പോൾ തോന്നലായിരിക്കും…

കോളിംഗ്ബെല്ലിൽ.. വിരലമർത്താൻ പോയതും അല്ലെങ്കിൽ വേണ്ട അവളുടെ ജനലിനടുത്ത് പോയി അവളെ വിളിക്കാന്നു കരുതിയ സമയം ഞാൻ നോട്ട് ചെയ്തു വെച്ചിട്ടുണ്ട്…

അവൾ പതിവായി കിടക്കാറുള്ള മുറിയും ലക്ഷ്യമാക്കി കൂരാകൂരിരുട്ടത്തു ഒരു കള്ളനെപ്പോലെ പതുങ്ങി പതുങ്ങി നടന്നു.. ചെറിയ വെളിച്ചമുള്ള ആ ജനലിൽ പതിയെ രണ്ടു കൊട്ടുകൊടുത്തു കുറച്ചൊന്നു കാത്തിരുന്നു.. എന്നിട്ടും അനക്കമില്ലെന്ന് കണ്ടപ്പോൾ വീണ്ടും മുട്ടാനായി കൈകൾ പൊക്കിയതും ആ റൂമിൽ ലൈറ്റിട്ടതും ഒരുമിചായിരുന്നു.. റൂമിൽ മാത്രമല്ല വീടിനു ചുറ്റുമുള്ള ലൈറ്റും ഇപ്പൊ കത്തണ് ണ്ട്….പിന്നെ അതേ റൂമിൽ നിന്ന്..’ ആരടാന്ന് ‘…നല്ല കട്ടിയുള്ള ശബ്ദത്തിൽ ഓൾടെ ഉപ്പാന്റെ ശബ്ദവും കൂടി കേട്ടപ്പോൾ മ്മക്ക് മനസിലായി റൂം മാറിയെന്നു മാത്രല്ല പണിയും പാളി..

നിക്കണോ ഓടണോന്നറിയാണ്ട്.. കുറച്ച് നേരം പകച്ചു നിന്നുപോയി കൂട്ടിന്‌ നല്ല വിറയലും..

അവസാനം ഇനിയിവിടെ നിന്നാൽ ശരിയാവില്ലെന്ന് മനസിലാക്കി ഓടി വീട് പിടിക്കാന്ന് കരുതി തിരിഞ്ഞതും എന്റെ മുഖത്തേക്ക്ടോർച്ചിന്റെ വെളിച്ചവുമായ് ആരോ അടുത്തുവരുന്നപോലെയൊരു തോന്നൽ… തോന്നലല്ല അത് സത്യം തന്നെയായിരുന്നു.. ഞാൻ ഇവിടേക്ക് കയറി വരുന്നത് കണ്ടു നമ്മളെ പുറകെ സേതുരാമയ്യരെപ്പോലെ പുറകെ കൂടിയ ദരിദ്രവാസിയായ ഒരു അയൽവാസിയെ എന്റെ കണ്ണിൽ പെട്ടില്ലല്ലോ പടച്ചോനെ…

ഇത്കണ്ട് ജീവനും കൊണ്ട് നേരെ ഓടിയത് പുറകുവശത്തേയ്ക്കായിരുന്നു.. അവിടുന്ന് മുൻവശത്തേക്ക് ഓടുമ്പോഴും ആ ശൈത്താൻ മ്മളെ പുറകെ ഉണ്ടായിരുന്നു.. ഓടി ചെന്നതോ വാതിലും തുറന്നു വന്ന അവളുടെ ഉപ്പാന്റെ മുന്നിലേക്കും.. മൂപ്പരെ ടോർച്ചടിച്ചുള്ള നോട്ടത്തിൽ മുഖം കൊടുക്കണ്ടാന്ന് കരുതി തല തിരിച്ചതും.. മുന്നിലെ ചെടിചട്ടി തടഞ്ഞു വീണതും പുറകിലെ അയൽവാസിയുടെ ആദ്യത്തെ അടി എന്റെ നടുപ്പുറത്തു തന്നെ കിട്ടിയതും എല്ലാം ചടപടേന്നായിരുന്നു…

ചാടിപ്പെടഞ്ഞെഴുന്നേറ്റ് തിരിഞ്ഞു നിന്നതും അടുത്തത് തല്ലാനായി കൈപൊക്കി നിൽക്കുന്നത് അവളുടെ അമ്മാവൻ തെണ്ടിയാണെന്ന് മനസിലായത്… മൂപ്പർക്കും മ്മളെ മനസിലായെന്ന് തോന്നുന്നു.. അതല്ലേ ഷോക്കായി വടിയും പിടിച്ചു തല്ലാതെ തരിച്ചു നിൽക്കുന്നത്… ഈ സമയം കൊണ്ട് അടുത്തുവന്ന അമ്മായിഅപ്പൻ അമ്പരപ്പോടെ ലാലുഅലക്സ്‌ സ്റ്റൈലിൽ ചോദിക്കാണ്.. മരുമോനെ നീയായിരുന്നോന്ന്.. സത്യം പറഞ്ഞാൽ അപ്പൊ തന്നെ എന്റെ കിളിപോയിന് ..

പുറത്തുകയ്യെത്തിച്.. തടവിക്കൊണ്ട് ചമ്മലോടെ ഉപ്പനെയും നോക്കി.. മ്മളാണ് ഉപ്പച്ചിയെന്ന്.. പറഞ്ഞതും.. ഇന്ന് വരെ ഗൗരവത്തിൽ മാത്രം കണ്ട ഉപ്പാന്റെ കൊലച്ചിരി മ്മള് കണ്ടു.. കൂട്ടത്തിൽ ഗൂർക്ക അമ്മാവൻ.. എന്റെ പുറവും തടവി സോറിയും പറഞ്ഞു ചിരി കടിച്ചുപിടിച്ചു നിക്കുന്നുണ്ട്.. എനിക്കാണേലോ.. ചമ്മിനാറി തരിച്ചു നിക്കണ ഫീലും..

ഈ ബഹളം കേട്ടു തൊട്ടടുത്തുള്ള വീട്ടിലെ ലൈറ്റുകൾ ഓൺ ആയത് കണ്ട ബാപ്പ എന്നോട് വേഗം അകത്തേക്ക് കയറാൻ പറഞ്ഞു.. നടക്കുന്നതിന്റെയിടക്ക് ബാപ്പയും അമ്മാവനും കൈകൊണ്ടു പരസ്പരം എന്തൊക്കെയോ കാട്ടി കൂട്ടുന്നുണ്ട് മിക്കവാറും അത് എനിക്കുള്ളത് തന്നെയാവും.. ചിലപ്പോൾ ഇങ്ങനെയൊരു മരുമോനെ കിട്ടിയതിനുള്ള സന്തോഷം അമ്മാവനോട് പങ്കുവെച്ചതാവുമല്ലേ…

പടച്ച റബ്ബേ… വാതിലിനടുത്ത് തന്നെ മ്മളെ അമ്മായി മൂക്കത്ത് വിരലും വെച്ച് നിക്കണ കണ്ടപ്പോൾ എന്റെ തൊലിയുരിഞ്ഞുപോയി.. പുറകിൽ മ്മളെ ബീവി നിലത്തുകിടന്നു ചിരിക്കണതും കൂടി കണ്ടപ്പോൾ…പെരുത്ത് സന്തോഷമായി… തോൽവികൾ ഏറ്റു വാങ്ങാൻ ഇനിയും നമ്മളെ ജീവിതം ബാക്കിയെന്ന് ആരോ ഓർമ്മിപ്പിക്കാൻ തുടങ്ങിയത് പോലെയൊരു ഫീലിംഗ്..

ഒന്നും മിണ്ടാതെയും നോക്കാതെയും നേരെ ഹാളിലെ സോഫയിൽ പോയിരുന്ന..എന്റെ ചുറ്റിലും എല്ലാരും കൂടി നിന്ന് നമ്മളെത്തന്നെ ഇന്നുവരെ കാണാത്തത് പോലെ നോക്കിയൊരു നിപ്പുണ്ടായിരുന്നു… നമ്മളെന്തായാലും പെട്ട് എല്ലാരുടെയും മുന്നിൽ നാണം കെട്ടു ഉരുകി തീർന്നു.. പോരാത്തതിന് പുറത്തു നല്ല വേദനയും അമ്മാവൻ തെണ്ടി ശരിക്കും മുതലാക്കിന്.. അമ്മാവോ മ്മക്കും ഒരുനാൾ ബരും അപ്പൊ കാണാട്ടോ…

ഭാഗ്യത്തിന് ആരും ഒന്നും ചോദിച്ചിട്ടില്ല…ആക്കിയൊരു ചിരി മാത്രേയുള്ളു… അതന്നെ ധാരാളം..
പിന്നെയെനി എന്തേലും ചോദിക്കുന്നതിനുമുമ്പേ.. ഞാൻ ചിരി നിർത്താത്ത എന്റെ ബീവിന്റെ കയ്യും പിടിച്ചു വലിച്ചു ആരെയും നോക്കാതെ വേഗം റൂമിൽ കയറി വാതിലടച്ചു.. എനിക്ക് വയ്യ ഇനിയവരുടെ മുന്നിൽ നിക്കാൻ മനുഷ്യന്റെ തൊലിയുരിഞ്ഞുപോയി..

വാതിലും കുറ്റിയിട്ട് വാ പൊത്തിപ്പിടിച്ചു മ്മളെ നോക്കി കൊലച്ചിരി ചിരിക്കുന്ന ബീവിനോട് ഇജ്ജ് കിടന്നു ചിരിക്കാണ്ട്.. എന്റെ പുറമൊന്നു തടവിത്താടി പോത്തേന്നു പറഞ്ഞതും ഓള് ചിരിച്ചോണ്ട് പുറവും തടവി പറയാന്ന്.. #കുട്ടിമാമ #ഞാൻ #പെട്ടു #മാമാന്ന്…
അത് ഞാൻ പറയേണ്ട ഡയലോഗല്ലെന്ന് ഓർത്തപ്പോൾ മ്മക്കും ചിരി വന്നൂട്ടോ.. ഞെട്ടിക്കാൻ നോക്കിയിട്ട്.. തല്ലും വാങ്ങി.. ചമ്മിനാറി തോറ്റുതൊപ്പിയിട്ടവന്റെ ഹലാക്കിലെ ചിരി..

****

Written By  ആഷി

LEAVE A REPLY

Please enter your comment!
Please enter your name here