Home Latest അവൾക്ക് എന്തൊക്കെയോ മാറ്റം വന്നിട്ടുണ്ട്, മുന്പ് ഒരിക്കലും കാണാത്ത ഒരു ഭാവം…. Part – 8

അവൾക്ക് എന്തൊക്കെയോ മാറ്റം വന്നിട്ടുണ്ട്, മുന്പ് ഒരിക്കലും കാണാത്ത ഒരു ഭാവം…. Part – 8

0

Part – 7 വായിക്കാൻ ഇവിടെ Click ചെയ്യുക.

ഓർമ്മ മാത്രം Part – 8

രചന : Anu Kalyani

മീരയെ ഡയൽ ചെയ്ത് അഭി അവൾക്ക് കൊടുത്തു….
ഹലോ അഭി….
മറുതലയ്ക്കൽ നിന്ന് മീരയുടെ ശബ്ദം കേട്ടു…

“മീര ഞാൻ നന്ദന ആണ്… എനിക്ക് ഒന്ന് കാണണം…”

അത്രയും പറഞ്ഞ് അവൾ അവന് നേരെ ഫോൺ നീട്ടി….
അഭിയോട് ഒന്നും പറയാതെ പുറത്ത് ഇറങ്ങി..
അഭിക്ക് അപ്പോഴും അവളുടെ മാറ്റം വിശ്വാസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല…

വായിക്കാൻ കഴിയാത്ത വിധം കുത്തിവരഞ്ഞിട്ട വരികളിലൂടെ അവൾ വിരലോടിച്ചു…..
എല്ലാ താളുകളിലും അങ്ങനെ ഒരു വരി കാണാം…..

“നന്ദു…. എന്താ കാണണം എന്ന് പറഞ്ഞത്..”
മീരയുടെ ശബ്ദം കേട്ട് അവൾ ഡയറി മടക്കി വച്ചു….

“മീര, നമുക്ക് ഒന്ന് പുറത്ത് പോകാം….”

തിരിഞ്ഞു നോക്കാതെ പറഞ്ഞുകൊണ്ട് നന്ദു ബാത്റൂമിൽ കയറി..
അവളുടെ വാക്കുകളെ വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു മീര….

“അഭി…..”
“മീര വന്നോ…..”

അഭിയ്ക്ക് മുന്നിലായി മീര ഇരുന്നു….

“നന്ദു എന്തിനാ എന്നെ കാണണം എന്ന് പറഞ്ഞത്…..”

“എനിക്കും അറിയില്ല…..”

ഒന്ന് നെടുവീർപ്പിട്ട് അവൻ എഴുന്നേറ്റു….

“അവൾക്ക് എന്തൊക്കെയോ മാറ്റം വന്നിട്ടുണ്ട്, മുന്പ് ഒരിക്കലും കാണാത്ത ഒരു ഭാവം……”

വീണ്ടും എന്തൊ പറയാനായി തിരിഞ്ഞപ്പോൾ വാതിൽക്കൽ നിൽക്കുന്ന നന്ദുവിനെ ആണ് അവൻ കണ്ടത്….

“മീര പോകാം…..”
“മ്മ് …..”

മീര അഭിയെ ഒന്ന് നോക്കി നന്ദുവിന്റെ പിന്നാലെ നടന്നു….
മീര ഇടയ്ക്കിടെ മിററിലൂടെ നന്ദുവിനെ നോക്കിക്കൊണ്ടിരുന്നു….

“നന്ദു, എങ്ങോട്ടോ പോകേണ്ടത്….”

“ആരും ശല്യം ചെയ്യാൻ വരാത്ത, സ്വസ്ഥമായി സംസാരിക്കാൻ പറ്റുന്ന എങ്ങോട്ടേക്കെങ്ങിലും…..”

വീതി കുറഞ്ഞ ഇടറോഡിൽ ബൈക്ക് നിർത്തി, ഇരുവശവും മരങ്ങളും ഇലകളും, വഴിയിൽ മഞ്ഞനിറത്തിലുള്ള പൂക്കളും വീണ് കിടക്കുന്ന മൺപാതയിലൂടെ നടന്നു..

“എന്റെ അമ്മമ്മയുടെ വീടാ..”
പൂട്ടിയിട്ട പഴയ വീടിന്റെ ഉമ്മറത്തെ കൈവരിയിൽ ഇരുന്ന് മീര പറഞ്ഞു….
ഇപ്പോ ഇവിടെ ആരും ഇല്ല…..
ഇനി പറ എന്തിനാ നീ വിളിച്ചത്……”

“എനിക്ക് അറിയണം മീര, എന്നെ കുറിച്ച്…,
ഞാനറിയാത്ത എന്നെ കുറിച്ച്……”

നേർത്ത സ്വരത്തിൽ പറഞ്ഞു കൊണ്ട് അവൾ ഒരാശ്രയം എന്നോണം മീരയുടെ കൈയിൽ അമർത്തി പിടിച്ചു…

“എന്താ ഇത് നന്ദൂ……നീ ഇങ്ങനെ ഡെസ്പ് ആകല്ലെ….”

നിരാശ കലർന്നിരുന്ന കണ്ണുകളിൽ പക്ഷേ കണ്ണുനീർ ഉണ്ടായിരുന്നില്ല….

“നിനക്ക് എന്താ അറിയേണ്ടത്…..”

“അഭി….അവൻ മുംബൈയിൽ പോയതിന് ശേഷം എന്താ ഉണ്ടായത്……”

“അതുവരെ ഉള്ളത് ഒക്കെ……”
മീര സംശയത്തോടെ നന്ദുവിന്റെ മുഖത്ത് നോക്കി…

“എല്ലാം അറിയില്ലെങ്കിലും കുറച്ചൊക്കെ അറിയാം….. പക്ഷേ ഒന്നും വ്യക്തമാകാത്തത് പോലെ…..”

“മ്മ്…..”
മറുപടിയായി മീര ഒന്ന് മൂളി….
“അഭി പോയി കുറച്ച് ദിവസം കഴിഞ്ഞാണ് നമുക്ക് ക്ലാസ് തുടങ്ങിയത്,”
അവളുടെ ഓർമ്മകൾ വർഷങ്ങൾ പിറകോട്ട് പോയി…..
🛑🛑🛑
പുതിയ കോളേജിലെ ആദ്യത്തെ ദിവസം, എല്ലാവരും പരസ്പരം പരിചയപ്പെടുമ്പോഴും നന്ദു മാത്രം ആരോടും ഒന്നും മിണ്ടാതെ ഇരുന്നു….

“നിനക്ക് ഇതെന്ത് പറ്റി നന്ദു….”

“ഞാൻ ആദ്യമായിട്ടാണ് മീര,അഭി ഇല്ലാത്ത ക്ലാസ്സിൽ ഇരിക്കുന്നത്, അധികം ഒന്നും സംസാരിക്കില്ലെങ്കിലും ക്ലാസ് എടുത്ത് കൊണ്ടിരിക്കുമ്പോഴുള്ള ഇടയ്ക്കിടെ ഉള്ള നോട്ടവും, ചിരിയും ഒക്കെ വല്ലാതെ മിസ്സ് ചെയ്യുന്നു….”

“നീ അവനെയും ചിന്തിച്ച് ഇവിടെ ഇരുന്നോ…
അവനിപ്പോൾ അവിടെ നിന്ന് ആഘോഷിക്കുന്നുണ്ടാകും…..”

നന്ദുവിനെ രൂക്ഷമായി നോക്കി മീര പുറത്തേക്ക് പോയി….

ദിവസങ്ങൾ പെട്ടെന്ന് കൊഴിഞ്ഞു പോയി…
അഭിയുടെ സ്വഭാവവും അതുമൂലമുണ്ടാകുന്ന അനുഭവങ്ങളും അവൾക്ക് ഒരുപാട് വേദന നൽകിയിരുന്നു…..

“നന്ദു… നീ എന്താ ടൂറ് പോയിട്ട് സ്റ്റാറ്റസ് ഒന്നും ഇടാഞ്ഞത്….”

നാല് ദിവസത്തെ ടൂറ് കഴിഞ്ഞ് ക്ലാസ്സിൽ ഇരിക്കുക ആയിരുന്നു എല്ലാവരും…
മുന്നിലെ ബെഞ്ചിൽ ഇരുന്ന കുട്ടി നന്ദുവിനോട് ചോദിക്കുന്നത് നോക്കി ഇരിക്കുകയാണ് മീര….

“ഏയ്…. ഒന്നും ഇല്ല….”

ക്ലാസ് കഴിഞ്ഞ് കുട്ടികൾ പുറത്ത് പോയപ്പോൾ അവിടെ മീരയും നന്ദുവും മാത്രം ആയി….

“നന്ദു… എന്താ നീ ഒരു ഫോട്ടോ പോലും പോസ്റ്റ് ചെയ്യാതിരുന്നെ….”

ശബ്ദത്തിൽ കലർന്നിരുന്ന പരിഹാസം നന്ദൂന് മനസ്സിലായിരുന്നു….

“അഭിയ്ക്ക് അതൊന്നും ഇഷ്ടാകൂല…..”

നിരാശ കലർന്നിരുന്നു കണ്ണുകളിൽ….

“ഓഹ്… ഞാനത് മറന്ന് പോയി, നീ ഈ വലിച്ച് വിടുന്ന ശ്വാസം പോലും … അവന്റെ അനുവാദത്തോടെ അല്ലേ…..”

മീര അവളെ നോക്കി ഒന്ന് ചിരിച്ചു, പുച്ഛം നിറഞ്ഞൊരു ചിരി….
തിരിച്ച് ഒന്നും പറയാൻ വാക്കുകൾ അവൾക്ക് ഉണ്ടായിരുന്നില്ല….
മീരയെ നോക്കി വരണ്ട ചിരിയോടെ എഴുന്നേറ്റു……

മുന്പ് പലപ്പോഴും ഒരുമിച്ച് പഠിക്കുന്ന കുട്ടികളുടെ കൂടെ എടുത്തിരുന്ന ഫോട്ടോയിലെ ആൺകുട്ടികളെ ചൂണ്ടി ഉണ്ടാവാറുള്ള വഴക്ക് അവളുടെ ഉള്ളിൽ തങ്ങി നിൽക്കുന്നുണ്ട്…
വീണ്ടും അങ്ങനെ ഒരു വാക്ക് തർക്കത്തിന് കാരണം ആകാനുള്ള ഒന്നിനും തുടക്കം കുറിക്കാൻ അവൾക്ക് താല്പര്യം ഇല്ലായിരുന്നു……

രാത്രി ഏറെ വൈകി ഫോൺ റിംഗ് ചെയ്യുന്ന കേട്ടാണ് നന്ദു ഉറക്കം ഞെട്ടിയത്….
സ്ക്രീനിൽ തെളിയുന്ന അഭിയുടെ പേര് കണ്ടപ്പോൾ വേദന നിറഞ്ഞ ഒരു സന്തോഷം അവളിൽ ഉണ്ടായി….

“ഹലോ… അഭി…..”

“നന്ദു……. രണ്ട് ദിവസം കഴിഞ്ഞാൽ ഞാൻ അങ്ങോട്ട് വരും…..”

“ആണോ……”

“ആടീ…..”

“കുറേ ദിവസം ഉണ്ടോ ലീവ്… എപ്പോഴാ തിരിച്ച് പോകേണ്ടത്….”

ആ ചോദ്യം അവനിൽ ദേഷ്യം ജനിപ്പിച്ചു…..

“ഓഹോ അപ്പോൾ ഞാൻ പോകുന്ന ദിവസം ആണൊ നിനക്ക് അറിയേണ്ടത്…..
എന്തെ ഞാൻ അങ്ങോട്ട് വരുന്നതിന് എന്തെങ്കിലും പ്രശ്നമുണ്ടോ…..”

“അഭി…. ഞാൻ അങ്ങനെ പറഞ്ഞതല്ല…..”

“ഞാൻ വന്നാൽ പിന്നെ നിനക്ക് തോന്നിയത് പോലെ നടക്കാൻ പറ്റില്ലല്ലോ…അല്ലെ….”

“അഭി… പ്ലീസ്…….നിർത്ത്……”

“മ്മ്…….”

കുറച്ച് നേരം രണ്ടാളും മൗനം ആയിരുന്നു…
ആ ചോദ്യത്തെ അവനങ്ങനെ ഒരു രീതിയിൽ എടുക്കുമെന്ന് അവൾ ചിന്തിച്ചതെ ഇല്ലായിരുന്നു…..

“നന്ദു……..”
അവന്റെ ശബ്ദം വീണ്ടും ഒഴുകി വന്നു….

“നീ ഉറങ്ങിയിരുന്നോ……”

“മ്മ്……”

“ഞാൻ ആണെന്ന് വിചാരിച്ചിട്ട് തന്നെയാണൊ നീ ഫോൺ എടുത്തത്…..”

“അതെന്താ അഭി നീ അങ്ങനെ പറഞ്ഞത്…”
ദേഷ്യവും വേദനയും കൊണ്ട് അവളുടെ ശബ്ദം ഇടറിയിരുന്നു….

“അല്ല….. സമയം ഒന്നര കഴിഞ്ഞു…ഈ നേരത്തൊന്നും സാധാരണ ഞാൻ വിളിക്കാറില്ലല്ലോ…..”

“അതുകൊണ്ട്……”

“ഞാൻ കരുതി നീ ഫോൺ എടുക്കില്ലാന്ന്…….
പിന്നെ മറ്റാരെങ്കിലും ആണെന്ന് വിചാരിച്ച് എടുത്തതാണൊ എന്നൊരു തോന്നൽ….”

“അഭി……. എനിക്ക് ഉറക്കം വരുന്നു…. പിന്നെ സംസാരിക്കാം…..”

അടക്കിപ്പിടിച്ച കരച്ചിൽ പുറത്തേക്ക് വരുന്നതിന് മുമ്പ് അവൾ എങ്ങനെയൊക്കെയോ പറഞ്ഞു…
ഉള്ള് തുറന്ന് കരയാൻ വെമ്പി നിൽക്കുന്ന അവളുടെ മനസ്സ് സംസാരത്തിനിടയിൽ കൈവിട്ട് പോകുമോ എന്ന ഭയം ഊറിക്കൂടുന്നുണ്ടായിരുന്നു…….

“ഞാൻ ചോദിച്ചതിന് നീ ഉത്തരം തന്നില്ല….”
ശബ്ദത്തിൽ ഗൗരവം നിറഞ്ഞ് നിന്നിരുന്നു…

“അഭി….. ഞാൻ നിന്നോട് എന്താ പറയേണ്ടത്…. നിനക്ക് കേൾക്കാൻ ഇഷ്ടം എന്താണെന്ന് പറയാമോ…. നിന്നെ സന്തോഷിപ്പിക്കാൻ വേണമെങ്കിൽ ഞാൻ അങ്ങനെ പറഞ്ഞാൽ മതിയല്ലോ….”

ഒഴുകി ഇറങ്ങിയ കണ്ണുനീർ തുള്ളികൾ തുടച്ച് കൊണ്ടവൾ പറയുമ്പോൾ ആ ശബ്ദം തീരെ നേർത്തിരുന്നു….

“നീ…..ഇമോഷണൽ ആകാൻ വേണ്ടി പറഞ്ഞതല്ല നന്ദൂ…. ഞാൻ ഒരു സംശയം ചോദിച്ചൂന്നെ ഉള്ളൂ…..”

“അഭി…. പ്ലീസ്… നിർത്ത്….i don’t think I can convince you…..”

ഫോൺ കിടക്കയിൽ വലിച്ചെറിഞ്ഞ് തലയിണയിൽ മുഖം അമർത്തി കരയുമ്പോൾ, മനസ്സ് ചിന്തകളാൽ ചിന്നിച്ചിതറി….
ഒരു പൂമ്പാറ്റയുടെ തിളക്കത്തോടെ സ്വപ്നം കാണാൻ തുടങ്ങിയ തന്റെ ഇതളുകൾ പിന്നെയും കൊഴിയുകയാണോ……
എന്തോ നഷ്ടപ്പെടാൻ പോകുന്ന പ്രതീതി അവളിൽ നിറഞ്ഞ് നിന്നിരുന്നു….

അഭിയെയും കാത്ത് ടീച്ചറമ്മയും കേണലും ഉമ്മറത്ത് ഇരിക്കുമ്പോഴും നന്ദൂന്റെ മനസ്സ് നിറയെ വേദന തളം കെട്ടി നിന്നിരുന്നു….
തീരുമാനം എടുക്കാൻ പോലും കഴിയാതെ ശിലയായി നിൽക്കുന്ന പോലെ അവൾക് തോന്നി…..
മുറ്റത്തെ കാറിൽ നിന്നും പുറത്തിറങ്ങിയ അഭിയെ അവൾ തീകച്ചും നിർവികാരതയോടെ നോക്കി നിന്നു….
അച്ഛനെയും അമ്മയെയും പുണരുമ്പോഴും അകത്ത് നിന്ന് തന്നെ നോക്കി നിൽക്കുന്ന നന്ദുവിന്റെ കണ്ണുകളിൽ പാളി നോക്കി….
ഉള്ളിൽ കയറി പതിയെ അവളുടെ കൈയിൽ ഉരസി ഒരു കള്ളച്ചിരിയോടെ മുകളിൽ കയറി പോകുമ്പോഴും ഭാവവ്യത്യാസമില്ലാതെ നന്ദു അവിടെ തന്നെ നിന്നു….

ഭക്ഷണം കഴിക്കുമ്പോഴും നന്ദുവിന്റെ മൗനം അവനിൽ വേദന ഉണ്ടാക്കി…..
ഒരു നോട്ടം പോലും അവനിലേക്ക് വീഴാതിരിക്കാൻ അവൾ ശ്രദ്ധിച്ചിരുന്നു…..

കതകടച്ച് ഉറങ്ങാൻ പോകുമ്പോഴാണ് പിറകിൽ നിന്ന് രണ്ട് കൈകൾ വയറിൽ ചുറ്റി വരിഞ്ഞത്….

“നന്ദു….. എന്താ ഇത്……”

“എന്ത്……”

“നീ എന്തിനാ ഇങ്ങനെ മാറി നിൽക്കുന്നത്….
എന്താ നിന്റെ പ്രശ്നം…..”

“നീ അന്ന് പറഞ്ഞതൊന്നും എനിക്ക് മറക്കാൻ കഴിയുന്നില്ല അഭീ…..”

“നീ ഇപ്പോഴും അതും മനസിൽ വച്ച് നിൽക്കുകയാണോ…….. അത് വിട് നന്ദൂ…..”
അതിന് പകരമായി അവൾ ഒന്ന് ചിരിച്ചു…

“അങ്ങനെ എനിക്ക് പെട്ടെന്ന് ഒന്നും മറക്കാൻ കഴിയില്ല അഭി………”

ചുറ്റി വരിഞ്ഞ കൈ അടർത്തി മാറ്റി അവൾ അവന് നേരെ തിരിഞ്ഞു നിന്നു…..

“ഞാൻ സോറി പറഞ്ഞില്ലെ….. എന്നോട് ക്ഷമിക്ക്…..”

അവളെ പുണരാൻ ഉയർത്തിയ കൈകൾ തട്ടിമാറ്റി….

“അഭി എനിക്ക് ഉറങ്ങണം….”

അവന്റെ മുഖത്ത് നോക്കാതെ പറയുമ്പോഴും ഉള്ള് നീറിപുകയുന്നുണ്ടായിരുന്നു…..
ദേഷ്യത്തോടെ വാതിൽ ശക്തിയോടെ അടച്ച് പുറത്തേക്ക് ഇറങ്ങി പോകുന്ന അഭിയെ അവൾ കണ്ണാടിയിൽ കണ്ടു….

ഇല്ല അഭി നിന്നോട് ദേഷ്യം കാണിക്കാൻ പോലും എനിക്ക് പറ്റുന്നില്ല…
പക്ഷേ എന്റെ മനസ്സാക്ഷിയെ തൃപ്തി പെടുത്താൻ എങ്കിലും എനിക്ക് നിന്നോട് മിണ്ടാതെ നിൽക്കണം……

തുടരും……

കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത്…
എല്ലാവരും വിചാരിക്കുന്ന പോലെ ട്വിസ്റ്റ് ഒന്നും ഇല്ലാട്ടോ……….
Previous part

LEAVE A REPLY

Please enter your comment!
Please enter your name here