Home Latest എന്തു ഭംഗിയാലേ യദുവേട്ടനെ കാണാൻ… ആ കണ്ണുകൾക്ക് വല്ലാത്തൊരു ആകർഷണമുള്ളത് പോലെ .. Part –...

എന്തു ഭംഗിയാലേ യദുവേട്ടനെ കാണാൻ… ആ കണ്ണുകൾക്ക് വല്ലാത്തൊരു ആകർഷണമുള്ളത് പോലെ .. Part – 8

0

Part – 7 വായിക്കാൻ ഇവിടെ Click ചെയ്യുക.

യാദവം Part – 8

രചന : രജിഷ അജയ് ഘോഷ്

അമ്മേ.. എന്നെ എതുക്കമ്മേ ..” വേദൂട്ടി ഉറക്കത്തിൽ കരയുന്നത് കേട്ടാണ് ബാല ഓർമ്മകളിൽ നിന്നും മോചിതയായത്.. കരയുന്ന മോളെ കണ്ടതും അവളിലെ അമ്മ വെപ്രാളത്തോടെ കുഞ്ഞിനെ വാരി പുണർന്നിരുന്നു..

എടുത്ത് തോളിലിട്ട് നടന്നിട്ടും മോളുടെ കരച്ചിൽ കുറഞ്ഞില്ല.
” വേദൂട്ടി.. എന്താ മോളെ.. എന്തിനാ കരയണേ.. അമ്മേടെ വാവയല്ലേ.. കരയാതെ.. ”
ബാല ആശ്വസിപ്പിച്ചിട്ടും അമ്മേന്ന് വിളിച്ച് മോൾ ഉറക്കെ കരയുന്നുണ്ട്..

‘ഇനി വയറെങ്ങാൻ നോവുന്നുണ്ടാവോ..
എന്താപ്പോ ചെയ്യാ’ വേവലാതിയോടെ കുഞ്ഞിനെ മടിയിൽ കിടത്തി ദേഹമാകെ നോക്കി..

“എന്തിനാ മോളെ കുഞ്ഞു കരയണെ..” നളിനിയമ്മായി ഓടി വന്നിരുന്നു..

“അറിയില്ല .. വല്ലാതെ കരയുന്നു. ഇനീപ്പോ എന്താ ചെയ്യാ” അവൾ ചോദിച്ചു.

“ഇത്തിരി പാൽക്കായം ചൂടുവെള്ളത്തിലലിയിച്ച് കൊടുത്തു നോക്കാം.. വയറുവേദനയാണെങ്കിൽ മാറിക്കൊള്ളും” എന്നും പറഞ്ഞ് അമ്മായി പാൽക്കായം കലക്കി കൊണ്ടുവന്നു.. ഒരു സ്പൂണിലാക്കി കരച്ചിലിനിടയിൽ പതിയെ വായിലാക്കി..

” അമ്മേടെ പൊന്നല്ലേ.. ഇങ്ങനെ കരയാതെ.. ഇമ്പം കുടിച്ചണോ.. ” ബാല വീണ്ടും ചോദിച്ചോണ്ടിരുന്നു.. വീണ്ടും തോളത്തിട്ട് നടന്നു..

അൽപ്പനേരം കഴിഞ്ഞപ്പോൾ കരച്ചിൽ നേർത്തു വന്നു .പതിയെ കുഞ്ഞ് ഉറങ്ങിത്തുടങ്ങിയപ്പോഴാണ് ബാലയ്ക്ക് ശ്വാസം നേരെ വീണത്..

“കുഞ്ഞ് ഉറങ്ങിമോളെ.. മോളും കിടന്നോ.. ” എന്നും പറഞ്ഞ് നളിനി അമ്മായി പോയി.
മോളെ  കിടത്തി ആ കുഞ്ഞുമുടിയിഴകളിൽ പതിയെ വിരലോടിച്ചു.. പ്രിയപ്പെട്ടവരുടെ സാമീപ്യം അറിഞ്ഞാവുമോ അവൾ കരഞ്ഞത് എന്നു തോന്നി ബാലയ്ക്ക് .. തണുപ്പുള്ളത് കൊണ്ട് കമ്പിളിപ്പുതപ്പുകൊണ്ട് നന്നായ് പുതപ്പിച്ച്  മോളെ ചേർത്തു പിടിച്ച് കിടന്നു…

“അമ്മേ.. എനീച്ചേ..” രാവിലെ വേദൂട്ടി കുലുക്കി വിളിച്ചപ്പോഴാണ് ബാല കണ്ണു തുറന്നത്..

” കുറുമ്പിക്കുട്ടീ.. എണീറ്റോ .. ഇന്നലെ രാത്രി കരഞ്ഞതാരാ.. “മോളെ എടുത്ത് മടിയിലിരുത്തിക്കൊണ്ട് ചോദിച്ചു.

” അമ്മയാ കടഞ്ഞെ… അമ്മയെൻ്റിനാ കടഞ്ഞെ..” വേദൂട്ടി  ബാലയുടെ മുഖത്ത് നോക്കി നിഷ്കളങ്കമായ് ചോദിച്ചു.

“ആഹാ.. ഇപ്പൊ അങ്ങനായോ.. വാദി പ്രതിയായല്ലേ.. കുറുമ്പീ.. ” കുഞ്ഞിനെ ഇക്കിളിയിട്ടു കൊണ്ട് ബാല പറഞ്ഞതും വേദൂട്ടി ഉറക്കെ ചിരിക്കാൻ തുടങ്ങിയിരുന്നു ..

കുഞ്ഞിനെയുമെടുത്ത് ഉമ്മറത്തെത്തിയപ്പോൾ ഹിമയെ കണ്ടു ..
“ബാലേച്ചീ .. ഇന്ന് ഉത്രാടമല്ലേ..ഞാൻ അമ്പലത്തിൽ പോവ്വാ.. ചേച്ചി വരുന്നോ.. ” ഹിമ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു.

” ഇല്ല മോളെ.. നീ പോയിട്ടു വാ.. “ബാല പറഞ്ഞു.

“ബാലമോൾക്ക് പോവായിരുന്നില്ലേ…” ഹിമ പോവുന്നതും നോക്കി നിന്ന ബാലയോട് നളിനി ചോദിച്ചു.

” പിന്നൊരിക്കലാവാം അമ്മായി .. ” എന്നും പറഞ്ഞവൾ അകത്തേക്ക് പോയി.
അടുക്കളയിൽ കുറച്ചു നേരം അമ്മായിയെ സഹായിച്ച ശേഷം പുറത്തേക്കിറങ്ങിയപ്പോഴാണ്
വേദൂട്ടിയോട് കിന്നാരം പറഞ്ഞു കൊണ്ട് ചെടികൾ നനക്കുന്ന ശേഖരമാമ്മയെ കണ്ടത്..
ഓരോ പൂവിൻ്റെയും നിറങ്ങൾ ചോദിക്കുന്നുണ്ടവൾ..
“ഇത് മഞ്ഞ..ഇത് ചുവപ്പ്, ദാ ഇതു കണ്ടോ ഇതാണ് വെള്ള..” അങ്ങനെ ഓരോന്നും കാണിച്ച് പറഞ്ഞു കൊടുക്കുന്ന ശേഖരമാമ്മയെ കണ്ടപ്പോൾ അച്ഛനെ ഓർമ്മ വന്നു ബാലയ്ക്ക്..

അവരുടെ കളികൾ കണ്ടങ്ങനെ ഇരിക്കുമ്പോഴാണ് ഗേറ്റ് തുറന്ന് ഹിമയും കൂടെ ഒരാളും വരുന്നത് കണ്ടത്. ആരാണെന്നാദ്യം മനസ്സിലായില്ലെങ്കിലും അടുത്തെത്തിയപ്പോൾ സന്തോഷം കൊണ്ട് ബാലയുടെ കണ്ണുകൾ വിടർന്നിരുന്നു…

” മൃദൂ .. എത്ര നാളായി പെണ്ണേ കണ്ടിട്ട് .. സുഖാണോ നിനക്ക്..” ആവേശത്തോടെ ചോദിച്ചു.
മറുപടി പറയാതെ മൃദു ഓടിവന്നവളെ ഇറുകെ പുണർന്നിരുന്നു.. ബാലയും അവളെ ചേർത്തു പിടിച്ചു..

കുട്ടിക്കാലം മുതലുള്ള സൗഹൃദമായിരുന്നു ശ്രീബാലയും മൃദുലയും തമ്മിൽ .. സ്കൂളിലും കോളേജിലും ഒരുമിച്ച് നടന്നവർ..

“ബാലേ.. എവിടെ നിൻ്റെ മോള് .. ” മൃദു ചോദിച്ചു.

“ദാ ..ശേഖരമാമ്മേടെ അടുത്ത് .. “വേദൂട്ടിയെ കാണിച്ചവൾ പറഞ്ഞപ്പോഴേക്കും വേദമോൾ ബാലയ്ക്കരികിലെത്തിയിരുന്നു ..

“വാവ വായോ .. ആൻ്റി എടുത്തു നോക്കട്ടെ. ” എന്നും പറഞ്ഞ് മൃദു കൈകാട്ടിയെങ്കിലും വേദൂട്ടി ബാലയ്ക്കരികിൽ തന്നെ നിന്നു..

“നീ അകത്തേക്ക് വാ.. നമുക്കിരുന്ന് സംസാരിക്കാം”
മൃദുവിനെയും കൂട്ടി ബാല അകത്തേക്ക് നടന്നു.

ഒത്തിരി നേരം പരാതികളും പരിഭവങ്ങളും പറഞ്ഞിരുന്നവർ..

” നിൻ്റെ വിവാഹമൊക്കെ കഴിഞ്ഞിട്ടുണ്ടാവും എന്നാ ഞാൻ കരുതിയത്..” സംസാരിക്കുന്നതിനിടയിൽ ബാല മൃദുവിനോടായ് പറഞ്ഞു.

“അതൊരു കഥയാമോളെ.. നിനക്കറിയാലോ സൗദാമ്മേടെ അവിടത്തെ യദുവേട്ടനോട് എനിക്കൊരിഷ്ടം ഉണ്ടായിരുന്നത് .. അങ്ങേരോട് പറയാൻ പേടിച്ച് കുറെ നാളിരുന്നു.. ഒടുവിൽ പറഞ്ഞപ്പോ അങ്ങേരെന്നെ മൈൻഡ് പോലും ചെയ്തില്ല.. വീട്ടിലാണേൽ കല്യാണ ആലോചനയും മുറുകി തുടങ്ങിയിരുന്നു .. ഓരോന്നു പറഞ്ഞ് ഒരു വർഷത്തോളം പിടിച്ചു നിന്നു.. ഒടുവിൽ അച്ഛനോടു തന്നെ പറഞ്ഞു എന്നിക്കയാളെ ഇഷ്ടമാണെന്ന്.. ”
മൃദു ഒന്നു നിർത്തി ശ്വാസമെടുത്തു.

“എന്നിട്ടോ..” ബാല ചോദിച്ചു..

“എന്നിട്ടെന്താ.. അച്ഛൻ പോയി ചോദിച്ചപ്പോ സൗദാമ്മയ്ക്ക് സമ്മതം .. പക്ഷേ.. യദുവേട്ടന് സമ്മതമല്ലത്രേ.. ”

“അതെന്താ …” ബാല ആകാംക്ഷയോടെ ചോദിച്ചു.

” സമ്മതമാല്ലാന്ന് മാത്രം അച്ഛനോട് പറഞ്ഞു .. പിന്നീടൊരിക്കൽ എന്നെ കണ്ടപ്പോഴാണ് അങ്ങേർക്ക് വേറെ ഒരുകുട്ടിയെ ഇഷ്ടമാണെന്നും
എന്നെ ഒരിക്കലും അങ്ങനൊന്നും കണ്ടിട്ടില്ലെന്നും പറഞ്ഞത് .. കുറേ നാൾ വല്ലാത്ത സങ്കടമായിരുന്നു.
ഒടുവിൽഅച്ഛൻ്റെയും അമ്മയുടെയും കരച്ചിലും വാശിയും കാരണം വേറെ വിവാഹത്തിനും സമ്മതിച്ചു.. ചെക്കൻ വന്നു കണ്ടു… എല്ലാവർക്കും ഇഷ്ടപ്പെട്ടപ്പോൾ അതുറപ്പിച്ചു..ആള് നേവി ഓഫീസറാണ് .. കാർത്തിക് ന്നാ പേര് .. ” മൃദു വേദന നിറഞ്ഞ ചിരിയോടെ പറഞ്ഞു നിർത്തി.

“നിനക്ക്.. നിനക്ക് ഇഷ്ടമില്ലാതെയോ ..” ബാല അവളെ നോക്കി.

” അങ്ങനെ ചോദിച്ചാ .. ഇഷ്ടമില്ലായിരുന്നു.. പക്ഷേ, ഇപ്പോ ഞാൻ ഓകെയാണ് .. കാർത്തിക് എന്നും വിളിക്കും ഒരുപാട് സംസാരിക്കും.. വളരെ ഫ്രണ്ട്ലിയാണ്.. എൻ്റെ ഇഷ്ടങ്ങൾ.. സ്വപ്നങ്ങൾ എല്ലാം ചോദിച്ചറിയും .. ഇപ്പൊ ഞാൻ ഹാപ്പിയാണ് ബാല.. പിന്നെ,യദുവേട്ടനെ കാണുമ്പോൾ കുറച്ച് സങ്കടമൊക്കെ തോന്നും.. ” സന്തോഷമോ സങ്കടമോ എന്നറിയാത്ത ഒരു ഭാവത്തോടെ മൃദു പറഞ്ഞു നിർത്തി..

ക്ലാസ്സിൽ പോവുന്ന സമയത്ത് യദുവേട്ടനെ മൃദു കണ്ണെടുക്കാതെ നോക്കുന്നത് കണ്ടിട്ടുണ്ട് ..
” മൃദൂ.. നീയാ  വഴക്കാളിയെ വായിനോക്കാതെ നേരെ നോക്കി വരുന്നുണ്ടോ?. ” എന്നു താൻ ദേഷ്യത്തോടെ ചോദിച്ചപ്പോൾ
“എന്തു ഭംഗിയാലേ യദുവേട്ടനെ കാണാൻ… ആ കണ്ണുകൾക്ക് വല്ലാത്തൊരു ആകർഷണമുള്ളത് പോലെ .. ” ഇഷ്ടത്തോടെ മൃദു പറഞ്ഞതും ,
” അത്ര ഭംഗിയൊന്നൂല്ല.. റോഡിൽ കിടന്ന് വെറുതെ വഴക്കിടുന്നവൻ.. എനിക്കവനെ കാണുന്നതേ ദേഷ്യമാ.. “അരിശത്തോടെ താൻ പറഞ്ഞപ്പോൾ അവളൊന്നും മിണ്ടിയില്ല.. തനിക്കിഷടമില്ലെന്ന് അറിയുന്നതിനാലാവാം പിന്നൊരിക്കലും അയാളെക്കുറിച്ചൊന്നും അവൾ പറയാറില്ലെന്ന് ബാല ഓർത്തു.

“ബാലേ..നീയിതേത് ലോകത്താ ..” മൃദുവിൻ്റെ ചോദ്യമാണ് വീണ്ടും ഓർമ്മകളിൽ നിന്നും ഉണർത്തിയത് ..

“ഏയ്.. ഞാൻ വെറുതെ… ”
“അല്ലാ.. നിൻ്റെ തീരുമാനമെന്താ.. ഒരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചൂടെ നിനക്ക്.. ” മൃദു ചോദിച്ചു.

“എൻ്റെ മനസ്സിൽ അങ്ങനൊരു ചിന്തയേ ഇല്ല മൃദൂ ..
വേദമോൾ.. അവൾക്ക് വേണ്ടി ജീവിക്കണം .. അവളെ നന്നായി വളർത്തണം.. അവൾക്ക് അമ്മയും അച്ഛനും എല്ലാമായ് മാത്രം ജീവിക്കണം.. അത്രയേ ഉള്ളൂ.. ” ബാലയുടെ ശബ്ദം ശാന്തമായിരുന്നു ..

” അനന്തുവേട്ടനും നിനക്കുമിടയിൽ എന്താ സംഭവിച്ചത് .. എന്തിനാ നിങ്ങൾ തമ്മിൽ അകന്നത്..” മൃദു വീണ്ടും ചോദിച്ചു.

” അനന്തുവേട്ടന് വേദൂട്ടിയെ അംഗീകരിക്കാനാവില്ലെന്ന് .. അവളെ വല്ല അനാഥാലയത്തിലും ഉപേക്ഷിക്കാൻ പറഞ്ഞൂ..
എന്നിട്ട് .. എന്നിട്ട് നമുക്ക് ജീവിക്കാമെന്ന് .. എനിക്കാകെയുള്ള സ്വന്തമല്ലേ അവൾ.. എൻ്റെ വേദൂട്ടി.. അവളെ അങ്ങനെ ഉപേക്ഷിക്കാൻ എനിക്കാവ്വോ… അയാളെ വേണ്ടെന്നു പറഞ്ഞു ഞാൻ..” നിർവികാരതയോടെ ബാല പറഞ്ഞപ്പോൾ മൃദു ഞെട്ടിപ്പോയി..

” അനന്തുവേട്ടൻ അങ്ങനെ പറഞ്ഞോ.. നിങ്ങളുടെ പ്രണയം കാണുന്നവർക്കെല്ലാം അസൂയ ജനിപ്പിക്കുന്നതായിരുന്നല്ലോ.. എന്നിട്ടും .. ” മൃദുവിനും വേദന തോന്നി..

അൽപ്പനേരത്തെ നിശബ്ദതയ്ക്ക് ശേഷം
” നീയൊരു വിവാഹം കഴിക്കണം ബാലേ.. നിന്നെ മനസ്സിലാക്കുന്ന മോളെ അംഗീകരിക്കുന്ന ഒരാൾ വരാതിരിക്കില്ല..
എത്രനാളാ നീയിങ്ങനെ തനിച്ച് ..” മൃദു അവളെ ചേർത്തു പിടിച്ച് പറഞ്ഞു ..

“കുഞ്ഞുന്നാൾ മുതൽ പ്രാണനായ് കരുതിയവൻ എന്നെ മനസ്സിലാക്കിയില്ല.. പിന്നെയാ മറ്റൊരാൾ..” ബാലയൊന്നു പുച്ഛത്തോടെ ചിരിച്ചു ..

” നീ വാ വല്ലതും കഴിക്കാം.. ” ആ വിഷയം അവസാനിപ്പിക്കാനെന്നോണം ബാല മൃദുവിനോട് പറഞ്ഞു.
ഇടയ്ക്ക് വിളിക്കാമെന്നു പറഞ്ഞ് നമ്പറും വാങ്ങിയാണ് മൃദുല പോയത്..

ഉച്ചയ്ക്ക് വേദൂട്ടിയെ ഉറക്കിയ ശേഷം അമ്മായിക്കൊപ്പം കൂടി ..പുളി ഇഞ്ചിയും ഉള്ളിക്കറിയും മോരുകറിയുമൊക്കെ ഉണ്ടാക്കാൻ സഹായിച്ചു.. അതിനിടയിലും നാട്ടിലെ വിശേഷങ്ങളൊക്കെ ഓരോന്നായി പറയുന്നുണ്ട് നളിനി അമ്മായി …ശേഖരമാമ്മ ഹേമയേയും കൂട്ടി ടൗണിൽ പോയതാണ്..

“ഇന്നിനി അങ്ങാടി മുഴുവൻ വാങ്ങിയേ അച്ഛനും മോളും വരവുണ്ടാവൂ” ന്ന് ഇടയ്ക്ക് അമ്മായി പറയുന്നത് കേട്ടു ..

വൈകിട്ട് അമ്മായി ഉണ്ടാക്കിയ ഇലയട മുറിച്ച് വേദൂട്ടിക്ക് കൊടുക്കുമ്പോഴാണ് ശേഖരമാമ്മയും ഹിമയും വന്നത്..
രണ്ടാളുടെയും കൈകളിൽ മുഴുവനും ഡ്രസ്സുകളും വീട്ടു സാധനങ്ങളുമാണ് ..

” ഇനിയവിടെയൊന്നും വാങ്ങാൻ ബാക്കിയില്ലായിരുന്നോ.. ” അമ്മായി ദേഷ്യത്തോടെ ഹിമയോട് ചോദിക്കുന്നത് കേട്ടു ..

ഈ… എന്നു അമ്മായിയോട് കാണിച്ചിട്ട് ഓടുന്ന ഹേമയെ ചിരിയോടെ നോക്കി നിന്നു ബാല..
” അച്ഛച്ഛേൻ്റെ കുട്ടി വേഗം അപ്പാപ്പു തിന്നാൽ ഒരു സൂത്രം കാണിച്ചു തരാലോ.. ” അട കഴിക്കാൻ മടി കാണിക്കുന്ന വേദൂട്ടിയോട് ശേഖരമാമ്മകൊഞ്ചിച്ചു കൊണ്ട് പറയുന്നുണ്ട്..

“എന്ത് ചൂത്ത്റാ.. “വേദൂട്ടിയ്ക്ക് ക്ഷമയില്ല..

” മുഴുവനും കഴിച്ചാലേ.. പറയൂളൂ.. “എന്നു മാമ്മ പറഞ്ഞതുകൊണ്ട് കഷ്ടപ്പെട്ട് കഴിച്ച് തീർത്തു…
വായ് കഴുകിയപ്പോഴേക്കും തുടക്കാൻ പോലും നിക്കാക്കെ ഇറങ്ങിയോടിയിരുന്നു ..

“ച്ചച്ചാ .. നി ചൂത്ത്റംതാ ..” രണ്ടു കൈയും നീട്ടിപ്പിടിച്ച് ചോദിക്കുന്നുണ്ടവൾ..

കൊണ്ടുവന്ന കവറിൽ നിന്നും ഒരു കുഞ്ഞു പച്ച കളർ പട്ടുപാവാടയും ബ്ലൌസുമെടുത്ത്
കുഞ്ഞിക്കൈകളിലേക്ക് വച്ചു കൊടുത്തു മാമ്മ..
സന്തോഷം കൊണ്ടാമുഖം വിടരുന്നത് കണ്ടു..

പട്ടുപാവാടക്കസവിൽ വീണ്ടും വീണ്ടും തൊട്ടു നോക്കി.. എല്ലാവരും ചിരിയോടെ അവളുടെ പ്രവർത്തികൾ നോക്കി നിന്നു..
കുറച്ച് നിമിഷങ്ങൾക്ക് ശേഷം വേദൂടി മുഖമുയർത്തി നോക്കുമ്പോൾഎല്ലാ കണ്ണുകളും തന്നിലാണെന്ന് മനസ്സിലായതും നാണത്തോടെ ഓടിച്ചെന്ന് ബാലയ്ക്ക് നേരെ കൈകൾ ഉയർത്തി..
ബാലയവളെ വാരിയെടുത്തതും കഴുത്തിലേക്ക് ചാഞ്ഞവൾ ..

” ഇത് ബാലമോൾക്ക് .. ” എന്നും പറഞ്ഞ് ശേഖരമ്മാമ്മ നീട്ടിയ കവർ വാങ്ങി തുറന്നവൾ…
കടും നീലയ്ക്കൊപ്പം കസവു വീതിക്കരയുള്ള സെറ്റും മുണ്ടും കാൺകെ..
“എന്തിനാ മാമ്മേ സെറ്റും മുണ്ടുമൊക്കെ വാങ്ങിയേ.. എനിക്കിതൊന്നും ഉടുക്കാനറിയില്ലാട്ടോ.. സാരി തന്നെ ഉടുക്കാറില്ല.” ബാല പറഞ്ഞു.

“ഇതെൻ്റെ സെലക്ഷനാ ബാലേച്ചീ .. പിന്നെ, ഉടുപ്പിക്കലൊക്കെ അമ്മയായിക്കോളും ന്നേ ” മറുപടി പറഞ്ഞത് ഹിമയാണ് ..

മാമ്മയെ വിഷമിപ്പിക്കേണ്ടെന്നു കരുതി പിന്നൊന്നും പറയാതെ പതിയെ ചിരിച്ചു കൊണ്ട് മുറിയിലേക്ക് നടക്കുമ്പോഴേക്കും വേദൂട്ടി ഊർന്നിറങ്ങി ഹിമയ്ക്കൊപ്പം കളിക്കാൻ തുടങ്ങിയിരുന്നു ..

നടക്കുന്നതിനിടയിൽ കണ്ണുകൾ ഭിത്തിയിൽ തൂക്കിയിട്ട അച്ഛൻ്റേം അമ്മേൻ്റേം ലച്ചൂട്ടീൻ്റെയും ഫോട്ടോകളിൽ പതിഞ്ഞൂ..
” അച്ഛാ.. ഇത്തവണ ഓണത്തിന് നമുക്ക് ടൗണിൽ പോയി ഡ്രെസ്സെടുക്കാട്ടോ .. എനിക്കെന്തായാലും രണ്ടു മൂന്നെണ്ണം വാങ്ങണം..ഉത്രാടത്തിനുംതിരുവോണത്തിനും പിന്നെ അവിട്ടത്തിനുമൊക്കെ കോടി തന്നെ ഇടണം.. ലച്ചൂട്ടി കാര്യമായി പറയുന്നുണ്ട്.. ”

” അവിട്ടം മാത്രാക്കണ്ട.. ചതയത്തിനൂടി ഉള്ളത് വാങ്ങാം.. ” അടുക്കളയിൽ നിന്നും അമ്മ ഉമ്മത്തെത്തിയിരുന്നു …
ഓർമ്മകൾ വീണ്ടും വിങ്ങലായ് മനസ്സിനെ നോവിച്ചപ്പോൾ ബാലയുടെ കണ്ണുകളിൽ കണ്ണുനീർ ചാലുകൾ സൃഷ്ടിച്ചിരുന്നു..

തുടരും..

LEAVE A REPLY

Please enter your comment!
Please enter your name here