Home Latest താൻ ഇപ്പോൾ കാണുന്ന അഭിയ്ക്ക്,അവളറിയാത്ത ഒരു ഭൂതകാലം ഉണ്ടെന്ന് അവൾക്ക് തോന്നി…. Part – 6

താൻ ഇപ്പോൾ കാണുന്ന അഭിയ്ക്ക്,അവളറിയാത്ത ഒരു ഭൂതകാലം ഉണ്ടെന്ന് അവൾക്ക് തോന്നി…. Part – 6

0

Part – 5 വായിക്കാൻ ഇവിടെ Click ചെയ്യുക.

ഓർമ്മ മാത്രം Part – 6

രചന : Anu Kalyani

“ഇനി നീട്ടിക്കൊണ്ട് പോകുന്നതിലർത്ഥം ഇല്ല, നമുക്ക് അത് പെട്ടെന്ന് അങ്ങ് നടത്താം”

ഭക്ഷണം കഴിക്കുമ്പോൾ ആയിരുന്നു അഭിയുടെ അച്ഛൻ പറഞ്ഞത്….

“എന്താ മോൾക്ക് എന്തെങ്കിലും പറയാനുണ്ടോ…”

സംശയത്തോടെ അയാളെ നോക്കുന്ന നന്ദുവിനെ അപ്പോഴാണ് അദ്ദേഹം ശ്രദ്ധിച്ചത്.

“അച്ഛാ ഇപ്പോൾ കല്ല്യാണത്തെ കുറിച്ചൊന്നും ആലോചിക്കേണ്ട, കുറച്ച് കഴിയട്ടെ…..”
അഭിയുടെ സംസാരം അവരിൽ എന്തൊക്കെയോ സംശയം ജനിപ്പിച്ചിരുന്നു….

“വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുന്നതാ…
രണ്ടാളും എന്തോ ഒളിപ്പിക്കുന്നത് പോലെ…
എന്താ…ഞങ്ങളറിയാത്തതായി എന്തെങ്കിലും ഉണ്ടോ….”

ടീച്ചറമ്മ രണ്ടുപേരെയും മാറി മാറി നോക്കി…

“ശരിയാ… മോള് ഒന്നും സംസാരിക്കുന്നില്ല…
എപ്പോഴും മുറിയിൽ അടച്ചിരിക്കുന്നു….”

“അതൊക്കെ നിങ്ങളുടെ തോന്നലാണ്…. വെറുതെ എന്തിനാ ഇങ്ങനെ ഓരോന്ന് ചിന്തിക്കുന്നത്….”

ഉയർന്ന ശബ്ദത്തിൽ പറഞ്ഞുകൊണ്ട് അഭി അവിടെ നിന്നും എഴുന്നേൽക്കാൻ തുടങ്ങുമ്പോഴേക്കും അച്ഛൻ അവന്റെ കയ്യിൽ പിടിച്ചു…

“നന്ദൂന്റെ ഫോൺ എവിടെ….”

“അത് ട്രയിനിൽ വച്ച് മിസ്സായി…..”

ഗൗരവം കലർന്ന ആ ചോദ്യത്തിന് ഒട്ടും പതറാതെ അവൻ മറുപടി നൽകി…

“ഇനി നീ പണ്ടത്തെ പോലെ എറിഞ്ഞ് പൊട്ടിച്ചതാണൊ….?”

“അച്ഛൻ ഇതൊന്തെക്കെയാ… പറയുന്നത്…
അവളുടെ ഫോൺ ട്രയിനിൽ വച്ച് മിസ്സായതാണ്, ട്രയിനിൽ നിന്ന് ഇറങ്ങി നന്ദു എന്നെ വിളിച്ചത് ഏതോ ബൂത്തിൽ നിന്നാണ്….”

ഒന്ന് നിർത്തി അവൻ എല്ലാവരുടെയും മാറി മാറി നോക്കുന്ന നന്ദുവിനെ നോക്കി…

“അല്ലാതെ ഞാൻ എറിഞ്ഞ് പൊട്ടിച്ചതൊന്നും അല്ല….”

അത്രയും പറഞ്ഞ് അഭി എഴുന്നേറ്റ് പോകുമ്പോൾ എല്ലാവരും മൗനമായിരുന്നു….

താൻ ഇപ്പോൾ കാണുന്ന അഭിയ്ക്ക്,അവളറിയാത്ത ഒരു ഭൂതകാലം ഉണ്ടെന്ന് അവൾക്ക് തോന്നി….

വീണ്ടും ആ ഡയറി എടുക്കുമ്പോൾ പതിവില്ലാത്ത ഒരു ഭയം ഊറിക്കൂടുന്നുണ്ടായിരുന്നു, താൻ ഒരിക്കലും  ആഗ്രഹിക്കാനിഷ്ടപ്പെടാത്തത് എന്തോ അറിയാൻ പോകുന്നത് പോലെ……..
🛑🛑🛑
രാവിലെ ഞങ്ങൾ നേരെ പോയത് ഷോപ്പിംഗിന് ആയിരുന്നു,
വൈകിട്ട് നമ്മൾ ബീച്ചിലേക്ക് പോയി.
ഒരിക്കലും മറക്കാൻ കഴിയാത്ത വിധം സന്തോഷിക്കേണ്ട ദിവസം ആകണമെന്ന് ആഗ്രഹിച്ചായിരുന്നു അഭിയോട് ബീച്ചിൽ പോകാം എന്ന് പറഞ്ഞത്….
പക്ഷേ, ഒരിക്കലും മറക്കാൻ പറ്റാത്ത സങ്കടമായിരുന്നു എനിക്ക് കിട്ടിയത്….

അമ്മൂവും സഞ്ജൂം മീരയും ഞാനും തിരയിൽ കളിക്കുമ്പോഴും അഭി ഒറ്റയ്ക്ക് ഇരിക്കുകയായിരുന്നു, എനിക്ക് അവന്റെ അരികിൽ പോകണം എന്ന് തോന്നി….

“നന്ദു,വാ നമുക്ക് ഐസ്ക്രീം വാങ്ങാം….”

അഭിയുടെ അരികിലേക്ക് പോകാൻ തുടങ്ങുമ്പോഴാണ് മീര എന്റെ കയ്യിൽ പിടിച്ച് കടയിലേക്ക് നടന്നത്…..
കടയുടെ സൈഡിൽ കുറച്ച് പേരെ കാണാം,
അതിലൊരാൾ നമ്മളെ വല്ലാത്തൊരു രീതിയിൽ നോക്കുകയും ചൂളം വിളിക്കുന്നും ഉണ്ട്….
ഐസ്ക്രീം വാങ്ങി തിരികെ നടക്കുമ്പോഴായിരുന്നു അയാൾ എന്റെ കയ്യിൽ തട്ടി നടന്ന് പോയത്, കയ്യിൽ ഉണ്ടായിരുന്ന ഐസ്ക്രീം താഴെ വീണിരുന്നു..

“എടോ, എവിടെ നോക്കിയാടോ നടക്കുന്നെ”

അപ്പോഴത്തെ ദേഷ്യത്തിൽ ഞാൻ നടന്ന് നീങ്ങിയ അയാളെ പിറകിൽ നിന്ന് വിളിച്ചു..
തിരികെ വന്ന് ഒരു വഷളൻ ചിരിയോടെ അയാൾ നിലത്ത് വീണ മണൽ പുരണ്ട ഐസ്ക്രീം എടുത്ത്, എന്റെ കൈയിൽ പിടിച്ചു,വിടുവിക്കാൻ ശ്രമിക്കുന്തോറും അവ ശക്തിയിൽ അമർന്നു… ഐസ്ക്രീം കൈയിൽ വച്ച് തരുമ്പോഴും അതേ വഷളൻ ചിരി അയാളുടെ മുഖത്ത് ഉണ്ടായിരുന്നു….

തികട്ടി വന്ന ദേഷ്യത്തിലും സങ്കടത്തിലും ഞാൻ കൈ തട്ടിമാറ്റി അഭിയുടെ അടുത്തേക്ക് നടന്നു…

“അഭി…. അവിടെ ഒരാൾ എന്റെ കയ്യിൽ കയറി പിടിച്ചു….”

“എന്തിന്…”

കാര്യങ്ങൾ ഒക്കെ പറഞ്ഞ് കൊടുക്കുമ്പോഴും അഭിയുടെ മുഖത്ത് ഒരു ഭാവ വ്യത്യാസവും ഉണ്ടായിരുന്നില്ല…
അയാൾ അപ്പോഴും ഞങ്ങളുടെ സംസാരം ശ്രദ്ധിക്കുന്നുണ്ടായിരുന്നു….
പെട്ടെന്ന് ആയിരുന്നു ഓടിവന്നിരുന്ന അമ്മു അവിടെ വീണത്….
അവളെ കൈ പിടിച്ച് എഴുന്നേൽപ്പിക്കുന്ന അയാളെ അപ്പോഴേക്കും അഭി തല്ലിയിരുന്നു…

അഭിയുടെ ആ പ്രവർത്തിയിൽ ഒരുവേള എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി….
അഭിയും അയാളും തമ്മിൽ വഴക്ക് നടക്കുമ്പോഴും എനിക്ക് എന്ത് കൊണ്ടോ എന്റെ സങ്കടം പിടിച്ച് നിർത്താൻ കഴിഞ്ഞില്ല..
അയാളുടെ കോളറിൽ പിടിച്ച് വലിക്കുന്ന അഭിയുടെ കൈയിൽ ഞാൻ പിടിച്ചു…
എന്നെ രൂക്ഷമായി അവൻ നോക്കുമ്പോഴും എന്റെ കണ്ണുകൾ അനുസരണ ഇല്ലാതെ ഒഴികുകയായിരുന്നു…

“എന്താ ഇവിടെ….”

ചുറ്റിലും ആൾക്കാർ ഉണ്ടെന്ന് അപ്പോഴാണ് എല്ലാവർക്കും ബോധം വന്നത്….
അയാളെ പിറകിലേക്ക് തള്ളി  അമ്മൂന്റെ കയ്യിൽ പിടിച്ച് അഭി തിരികെ നടക്കുമ്പോൾ
ഞാൻ അവന്റെ മുന്നിൽ പോയി നിന്നു.

“അപ്പോൾ അനിയത്തിയെ തൊട്ടപ്പോൾ മാത്രമാണൊ അഭി നിനക്ക് പൊള്ളിയത്,
എന്നെ മോശമായി നോക്കിയപ്പോഴും എന്റെ കയ്യിൽ കയറി പിടിച്ചപ്പോഴും നിനക്ക് ഒന്നും തോന്നിയില്ലെ”

“നീ അവരെ നോക്കിയത് കൊണ്ടല്ലെ , അവർ നിന്നെ നോക്കിയത് നീ കണ്ടത്….”

പതിയെ അവന്റെ കയ്യിൽ പിടിച്ച എന്റെ കൈകൾ അയഞ്ഞു….
തിരികെ പറയാൻ വന്ന വാക്കുകൾ തൊണ്ടയിൽ കുരുങ്ങി….
നടക്കാൻ പോലും കഴിയാതെ സ്തംഭിച്ച് ആ മണലിൽ നിൽക്കുമ്പോൾ എന്റെ തോളിൽ സഞ്ജുന്റെ കൈ ഉണ്ടായിരുന്നു, ഒരു താങ്ങായി മീരയും….

തിരികെ വീട്ടിൽ എത്തുന്നത് വരെ ആരും ഒന്നും മിണ്ടിയില്ല….
അഭിയുടെ ആ സംസാരം എന്റെ അഭിമാനത്തെ വ്രണപ്പെടുത്തിയതായി എനിക്ക് തോന്നി….
വീട്ടിൽ എത്തിയിട്ടും എനിക്ക് അവനോട് ഒന്നും ചോദിക്കാൻ തോന്നിയില്ല…

എന്റെ മൗനവൃതം കണ്ടിട്ടാവണം ടീച്ചറമ്മയും കേണലും എന്തൊക്കെയോ ചോദിച്ചു, പക്ഷേ എന്റെ മനസ്സ് വേറെ എവിടെയൊക്കെയോ ആയിരുന്നു….

രാത്രിയിൽ ഉറക്കം വരുന്നുണ്ടായിരുന്നില്ല…
മനസ്സിനെ പിടിച്ചുനിർത്താൻ കഴിയാത്തത് പോലെ തോന്നി,അഭിയോട് സംസാരിക്കാൻ തോന്നുന്നില്ലെങ്കിലും അവനോട് മിണ്ടാതെ നിൽക്കുമ്പോൾ ഹൃദയം പോലും ഇടിക്കാൻ മറന്നത് പോലെ തോന്നി…

“നന്ദു….”

പിറകിൽ അഭി ഉണ്ടെന്ന് മനസിലായെങ്കിലും ഞാൻ തിരിഞ്ഞു നോക്കിയില്ല….

“നന്ദു… നീ ഇങ്ങനെ മിണ്ടാതെ നിൽക്കല്ലേ…”

“എങ്ങനെയാ അഭി ഞാൻ നിന്നോട് മിണ്ടേണ്ടത്, നീ ഇന്നലെ അവരുടെ ഒക്കെ മുന്നിൽ നിന്ന് എന്താ പറഞ്ഞത്….
എനിക്ക് അപ്പോൾ ഉണ്ടായ സങ്കടം എത്രയാണെന്ന് അറിയാമോ….”

“നന്ദു…. I am sorry… ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞു പോയതാ…..
നീ ക്ഷമിക്ക്….”

എന്റെ കൈ രണ്ടും കൂട്ടിപ്പിടിച്ച് അവൻ സോറി പറയുമ്പോഴും മനസ്സിന് ആശ്വാസം കിട്ടിയില്ല….
പതിയെ എന്നെ ആ നെഞ്ചിലേക്ക് കിടത്തി…
അവന്റെ നെഞ്ചിലെ ചൂടേറ്റ് കിടക്കുമ്പോൾ എനിക്ക് അതുവരെ അവനോട് തോന്നിയ ദേഷ്യം മുഴുവനും അലിഞ്ഞില്ലാതെ ആയി…
എത്രയൊക്കെ വിഷമിപ്പിക്കുമ്പോഴും വേദനിപ്പിക്കുമ്പോഴും അപമാനിക്കുമ്പോഴും
എന്ത് കൊണ്ടാണ് എനിക്ക് അവനെ വെറുക്കാൻ കഴിയാത്തത്….
അത്രയും ആഴത്തിൽ അവനൊരിടം എന്റെ ഹൃദയത്തിൽ ഞാൻ നൽകി കഴിഞ്ഞു….

പെട്ടെന്ന് വാതിലിൽ എന്തോ ശബ്ദം കേട്ടാണ് ഞങ്ങൾ ഞെട്ടി അകന്നത്…
ആരോ മറഞ്ഞു പോയത് പോലെ തോന്നി..

“നന്ദു… ആരോ അവിടെ ഉണ്ടെന്ന് തോന്നുന്നു….”

വാതിൽക്കൽ ചെന്നിട്ടും ആരെയും കണ്ടിരുന്നില്ല…

“നീ കിടന്നോ….”

കിടക്കുമ്പോഴേക്കും അവനോട് തോന്നിയ ദേഷ്യം മുഴുവനായി മാറിയെങ്കിലും എവിടെയൊക്കെയോ മുറിവുണങ്ങാതെ ചെറിയ പോറലുകൾ വേദനിപ്പിക്കുന്നുണ്ടായിരുന്നു….

തുടരും……

LEAVE A REPLY

Please enter your comment!
Please enter your name here