Home Latest നിൻ്റെ സങ്കടം കാണാൻ കഴിയാത്തോണ്ടാ ഇത്രയും ദിവസം ഒന്നും പറയാതിരുന്നത് .. Part – 7

നിൻ്റെ സങ്കടം കാണാൻ കഴിയാത്തോണ്ടാ ഇത്രയും ദിവസം ഒന്നും പറയാതിരുന്നത് .. Part – 7

0

Part – 6 വായിക്കാൻ ഇവിടെ Click ചെയ്യുക.

യാദവം Part – 7

രചന : രജിഷ അജയ് ഘോഷ്

ഒരു സന്ധ്യയ്ക്ക് വിളക്ക് വച്ച ശേഷം ബാല പഠിക്കാനിരുന്നപ്പോഴാണ് അമ്മയുടെ ചിരിയും ഉറക്കെയുള്ള സംസാരവും കേട്ടത്..
ആരാണാവോ എന്നറിയാൻ കാതു കൂർപ്പിച്ചു.. ശബ്ദത്തിനുടമയെ തിരിച്ചറിഞ്ഞതും മനസ്സ് വേണ്ടെന്ന് പറഞ്ഞിട്ടും അവളുടെ കാലുകൾ അനുസരണയില്ലാതെ ഉമ്മറത്തേക്കോടി…

കാണാനുള്ള അടങ്ങാത്ത ആഗ്രഹം കൊണ്ട് ഉമ്മറത്തെ വാതിലിനു പുറകിൽ നിന്നവൾ ഒളിഞ്ഞു നോക്കി..
അമ്മ ചായ എടുക്കാൻ പോയതാവും ഒച്ചയൊന്നും കേൾക്കുന്നില്ല…

” അതേ.. എട്ടാ.. ഈ വാതിലിൻ്റെ മറവിൽ നിന്ന് നോക്കണത് കാണാൻ ഇഷ്ടല്ലാത്തതോണ്ടാവും ലേ.. ” ജിത്തുവേട്ടൻ എനിക്കിട്ട് പാരവയ്ക്കുന്നുണ്ട്. കണ്ടൂന്ന് മനസ്സിലായതും മെല്ലെ തിരിഞ്ഞു മുറീലേക്ക് നടന്നു.. വെറുതെ നാണംകെട്ടു ..കാണാൻ പറ്റിയതുമില്ല.. മുൻപിൽ പോയിനിൽക്കാൻ മടി തോന്നി.. ജനൽക്കമ്പിയിൽ പിടിച്ച് പുറത്തേക്കും നോക്കി നിന്നവൾ..

“ടീ.. നിനക്കെന്നെ കാണണ്ടാലേ..” തൊട്ടടുത്ത് അനന്തുവേട്ടൻ്റെ ശബ്ദം കേട്ടതും
“വേണ്ട .. അല്ലേലും അനന്തുവേട്ടനിപ്പൊ പഴയ സ്നേഹമൊന്നുമില്ലാന്ന് എനിക്കറിയാം.. ”
പരിഭവത്തോടെ പറഞ്ഞു ബാല.

” അതോണ്ടാണല്ലോ വയ്യാതിരുന്നിട്ടും ഓടി വന്നത്..”

” വയ്യേ.. ” പെട്ടന്ന് തിരിഞ്ഞു നോക്കി.. വലത്തെ കൈ കെട്ടി കഴുത്തിൽ തൂക്കിയിട്ടിട്ടുണ്ട് ..

“അയ്യോ.. അനന്തുവേട്ടാ.. എന്താ പറ്റ്യേ.. ”
വെപ്രാളത്തോടെ പിടിച്ചത് വയ്യാത്ത കയ്യിലായിരുന്നു.

” ഹോ.. ” ആള് ഒച്ചയിട്ടപ്പോഴാണ് കൈ എടുത്തത്.

“സോറി.. എന്താന്ന് പറയ്.. “കണ്ണും നിറച്ചാണ് ചോദിച്ചത്.

“ഉത്രാടത്തിൻ്റെയന്ന് ഇങ്ങോട്ട് വരുമ്പോ എല്ലാവർക്കും എന്തേലും വാങ്ങാൻ വേണ്ടി രാവിലെ ടൗണിൽ പോയി വരുന്ന വഴിക്ക് ബൈക്കൊന്നു ആക്സിഡൻ്റായി .. കയ്യിൻ്റെ എല്ലൊന്നു ചെറുതായി പൊട്ടി.. കാലിന് ചതവുണ്ട് ..ഇവിടെ വന്നാ എല്ലാരും വിഷമിക്കും അതോണ്ട് അവിടെ നിന്നു.. ഇപ്പൊ കുറവുണ്ട് .. ”

” ന്നാലും.. വയ്യാണ്ട്… പറയാരുന്നില്ലേഎന്നോടെങ്കിലും .. ഒന്നുമറിയാതെ പിണങ്ങിയിരുന്നല്ലോ ഈശ്വരാ.. ” അവളുടെ കണ്ണുകൾ അനുസരണയില്ലാതെ പെയ്യാൻ തുടങ്ങി.

” ഇതോണ്ട് തന്നെയാ ഒന്നും പറയാതിരുന്നെ..
ഈ കരച്ചില് കാണാൻ വയ്യാത്തോണ്ട് .. അമ്മേടെ വക കഴിഞ്ഞിട്ടാ പോന്നത്.. ഇനി നിൻ്റെ വകേം..”അനന്തു ദേഷ്യത്തോടെ പറഞ്ഞു.
“സോറീ.. സോറീ.. അനന്തുവേട്ടാ..” ചിണുങ്ങിക്കൊണ്ട് പറഞ്ഞതും ഇടത്തേ കൈ കൊണ്ട് ചേർത്ത് പിടിച്ചിരുന്നു..

രാവിലെ കേളേജിൽ പോവുന്നതിന് മുൻപ് അനന്തു വേട്ടൻ്റെ അടുത്തെത്തും.. കുറച്ചു നേരം കൂടെ നടക്കും.വൈകിട്ടും അവിടെ കേറീട്ടേ വീട്ടിലേക്ക് വരൂ ..

” അമ്മേ ഇവൾക്കിപ്പോ ഇഷ്ടം പോലെ സമയം
ഉണ്ട് ലേ .. ഇപ്പൊ എപ്പഴും വരുന്നുണ്ടല്ലോ.. ” ജിത്തു  ബാലയെ ദേഷ്യം പിടിപ്പിക്കാനായ് പറയുന്നുണ്ട്..

“നിനക്ക് വേറെ പണിയില്ലേ ചെക്കാ ..വെറുതെ അതിനെ ദേഷ്യം പിടിപ്പിക്കാനായിട്ട് .. ” സുഭദ്ര അമ്മായിപറയുന്നത് കേട്ട് ജിത്തുവേട്ടനെ നോക്കി ഇപ്പൊ എങ്ങനെയുണ്ട് എന്ന ഭാവത്തിൽ പുരികം  ഉയർത്തിയിട്ട് അമ്മായിക്ക് പുറകേ നടന്നു..
ഇപ്പൊ അനന്തുവേട്ടന് വേദനയൊക്കെ കുറഞ്ഞു ..

കൈതോട്ടിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന പരൽ മീനുകളെ നോക്കി വെള്ളത്തിൽ കാലിട്ടിളക്കിക്കൊണ്ടിരിക്കുമ്പോഴാണ്
” ശ്രീക്കുട്ടീ.. ” അനന്തുവേട്ടൻ വിളിച്ചത്.

” ഉം.. ” മൂളിക്കൊണ്ട് മീനുകളെത്തന്നെ നോക്കിയിരുന്നു.

” ഞാൻ നാളെ പോവ്വാട്ടോ .. ” ബാല
പെട്ടന്ന് തിരിഞ്ഞു നോക്കി..

“എന്തേ പെട്ടന്ന് .. നല്ലോണം മാറീട്ട് പോയാപ്പോരേ അനന്തുവേട്ടാ..”

“രണ്ടു ദിവസം ഓഫീസില് കുറച്ച് അർജൻ്റ് വർക്ക്സ് ചെയ്ത് തീർക്കാനുണ്ട്.. പിന്നെ..” പറയാൻ വന്നത് പാതിയിൽ നിർത്തിയപ്പോൾ എന്തെന്ന ഭാവത്തിൽ ബാല ആ മുഖത്തേക്ക് നോക്കി..

” പിന്നെ.. ”

” പ്രൊമോഷനുണ്ട്.. ഒപ്പം ഒരു ഓഫറും .. കുവൈറ്റിലേക്ക് .. കമ്പനി ചിലവിൽ പോവാം രണ്ടു വർഷം ജോലി ചെയ്തിട്ട് വേണമെങ്കിൽ തുടരാം ഇല്ലെങ്കിൽ പോരാം .. നല്ല സാലറിയുണ്ട്. ” അനന്തുവേട്ടൻ പറഞ്ഞു.

ഒന്നും മിണ്ടാതെ തല താഴ്ത്തിയിരുന്നവൾ.. രണ്ടു വർഷം എന്നു കേട്ടപ്പോഴേ സങ്കടം തോന്നി. കുഞ്ഞുനാൾ മുതലേ അനന്തുവേട്ടൻ കൂടെയുള്ളതുകൊണ്ട് കാണാതിരിക്കുന്നത് സങ്കടാണ്. ബാഗ്ലൂര് പഠിക്കാൻ പോയതിൽ പിന്നെയാണ് പിരിഞ്ഞിരുന്നിട്ടുള്ളത്. കൂടിയാൽ രണ്ടു മാസം അതിൽ കൂടുതൽ കാണാതിരുന്നിട്ടേയില്ല … ഓർക്കുമ്പോഴേ ഹൃദയം മുറിയുന്ന വേദന തോന്നി.. കണ്ണുകൾ ഒഴുകാൻ തുടങ്ങിയിരുന്നു ..

” ശ്രീക്കുട്ടീ.. ” അനന്തു ആർദ്രമായ് വിളിച്ചു കൊണ്ട് അവളുടെ മുഖമുയർത്തി. നിറഞ്ഞ കണ്ണുകൾ കണ്ടതും അവനും വല്ലാത്ത വേദന തോന്നി..

“നിൻ്റെ സങ്കടം കാണാൻ കഴിയാത്തോണ്ടാ ഇത്രയും ദിവസം ഒന്നും പറയാതിരുന്നത് .. നീ ഇങ്ങനെ കരഞ്ഞോണ്ടിരുന്നാൽ ഞാനെങ്ങനെയാ സമാധാനത്തോടെ പോവ്വാ പെണ്ണെ ..” അവളുടെ കണ്ണുകളിലേക്ക് നോക്കി പതിയെയവൻ പറഞ്ഞു..

“എനിക്ക് .. എനിക്ക് കാണാതിരിക്കാൻ വയ്യ അനന്തുവേട്ടാ..” ചിതറിയ ശബ്ദത്തോടെയവൾ പറഞ്ഞൊപ്പിച്ചതും അവനവളെ തന്നോടു ചേർത്തു പിടിച്ചിരുന്നു..

“എനിക്കറിയാം പെണ്ണെ .. രണ്ടു വർഷം കാത്തിരുന്നേ പറ്റൂ.. നമുക്ക് സ്വന്തമായൊരു വീടുവയ്ക്കണ്ടേ.. ന്നിട്ട് വേണം കല്യാണം. അപ്പോഴേക്കും നിൻ്റെ പഠിത്തവും കഴിയും.. പിന്നെ ഞാനെങ്ങും പോവില്ല, ഇവിടെത്തന്നെ ജോലി ചെയ്യാം.. എന്നും എൻ്റെ പെണ്ണിൻ്റെ കൂടെത്തന്നെ ദാ ഇതുപോലെ ചേർന്നിരിക്കണമെനിക്ക് .. ” പറഞ്ഞു കൊണ്ടവൻ അവളെ നെഞ്ചോടു ചേർത്തു…

എത്ര നേരമങ്ങനെ ഇരുന്നുവെന്നറിയില്ല .. അവളുടെ സങ്കടങ്ങളൊക്കെയും അവൻ്റെ നെഞ്ചിൻ്റെ ചൂടിൽ ഒഴുക്കിക്കളഞ്ഞവൾ .. ആ കണ്ണുനീർ തന്നോടുള്ള അടങ്ങാത്ത പ്രണയത്തിൻ്റെ പ്രവാഹമാണെന്നറിയാവുന്നതിനാൽ അവനും തടഞ്ഞില്ലവളെ.. പതിയെ അവളുടെ തലയിൽ വാത്സല്യത്തോടെ തഴുകിക്കൊണ്ടിരുന്നു..

“നേരം വൈകുന്നൂ.. നന്ദൻമാമ്മ തിരക്കും നിന്നെ, വാപോവാം.. “ഇരുട്ടുവീഴാനായപ്പോൾ അനന്തു പറഞ്ഞു.

“കുറച്ചു കഴിയട്ടെ അനന്തുവേട്ടാ.. നാളെ പോയാ പിന്നെ രണ്ടു വർഷം കഴിഞ്ഞല്ലേ കാണൂ..” ഏങ്ങലോടെ പറഞ്ഞുകൊണ്ട് ഒന്നുകൂടി അവനിലേക്ക് ചേർന്നിരുന്നു.

“നീയിങ്ങനെ കരഞ്ഞിരിക്കരുത് ട്ടോ.. പെൺകുട്ടികളായാൽ കുറച്ചൊക്കെ ധൈര്യം വേണം.. ഇതൊരുമാതിരി എന്തു പറഞ്ഞാലും കണ്ണും നിറച്ച് … അതിനൊക്കെ ബാംഗ്ലൂര് എൻ്റെ കൂടെ വർക്ക് ചെയ്യുന്ന ശിൽപ്പയും ടീനയുമൊക്കെ എന്ത് ബോൾഡാണെന്നോ … തനിയെ എവിടെ വേണേലും പോവും.. നിനക്കാണെങ്കിൽ എന്തിനും ആരേലും കൂട്ടുവേണം.. ” അൽപം കാര്യമായ്തന്നെ അനന്തു പറഞ്ഞതും ബാല ദേഷ്യത്തോടെ മുഖമുയർത്തി ..

“ഓ.. ഇപ്പൊ അനന്തുവേട്ടന് ഞാൻ പോരാന്നു തോന്നുന്നുണ്ടല്ലേ.. ” അവൻ്റെ മുഖത്തേക്ക് നോക്കി കുശുമ്പോടെ ചോദിച്ചു.
എൻറീശ്വരാ ഈ പെണ്ണ് കാടുകയറാൻ തുടങ്ങിയല്ലോ..വേണ്ടായിരുന്നു ..

” ഞാൻ അങ്ങനെയല്ല പറഞ്ഞത് ..നീയെന്തിനാ ആവശ്യമില്ലാത്തതൊക്കെ ചിന്തിച്ചു കൂട്ടുന്നത് ” അനന്തു ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും ബാല അതു വിടുന്ന മട്ടില്ല.

” അന്ന് പഠിക്കാൻ ബാംഗ്ലൂർക്ക് പോയപ്പോഴേ മൃദു പറഞ്ഞതാ അവിടത്തെ പെൺകുട്ട്യോളെ കണ്ടാൽ അനന്തുവേട്ടൻ ന്നെ മറക്കുംന്ന്.. അത് ശരിയാലെ… അല്ലേലും എന്നെ പറഞ്ഞാ മതി.. കോളേജില് എത്ര ചെക്കന്മാരാ ഇഷ്ടാന്നും പറഞ്ഞ് വന്നത്..ഞാൻ വെറുതെ അനന്തുവേട്ടനെയും സ്വപ്നം കണ്ടിരുന്നു.. മണ്ടി .. ”  ദേഷ്യത്തോടെ ചേർത്തു പിടിച്ചിരുന്ന അവൻ്റെ കൈകളെ തട്ടിമാറ്റിയവൾ എഴുന്നേറ്റു നടന്നിരുന്നു..

“ശ്രീക്കുട്ടീ.. നിക്ക് .. ഞാനൊന്നു പറയട്ടേ..” പിന്നിൽ നിന്നും അനന്തു വിളിച്ചു പറയുന്നുണ്ട്..

” വേണ്ട.. എനിക്കൊന്നും കേൾക്കണ്ടാ.. ഇയാളുടെ ശിൽപ്പയോടും ടീനയോടും പോയി പറ.. ”

‘ഇങ്ങനൊരു പെണ്ണ്.. പെണ്ണിനിത്തിരി ധൈര്യമുണ്ടാവട്ടേന്ന് വച്ച് പറഞ്ഞതാ.. അതിപ്പൊ എനിക്ക് തന്നെ പണിയായി .. അവളും അവളുടെ ഒരു മൃദുവും… ഇന്നുതന്നെ പിണക്കം മാറ്റിയില്ലേൽ പണി പാളും.. വാശിക്കാരിയാണവള്..’ ചിരിയോടെ അവളുടെ പോക്ക് നോക്കി നിന്നവൻ..

എന്നാലും ദുഷ്ടൻ.. അനന്തുവേട്ടൻ..കൊനന്തുവേട്ടൻ.. വച്ചിട്ടുണ്ട് ഞാൻ .. എന്നെ പറ്റിച്ചിട്ട് ഒരുത്തിയേം കെട്ടാൻ ഞാൻ സമ്മതിക്കൂലാ.. പിറുപിറുത്തു കൊണ്ട് കാലുകൾആഞ്ഞു വലിച്ചു
നടക്കുകയാണ് ബാല. കാവിനടുത്തെത്തിയപ്പോൾ ഒന്നു നിന്നു..

“കാവിലമ്മേ.. കാത്തോളണേ അനന്തുവേട്ടനില്ലാതെ എനിക്കു വയ്യാ.. കണ്ട പെണ്ണുങ്ങളിൽ നിന്നെല്ലാം എൻ്റെ അനന്തുവേട്ടനെ കാത്തോളണേ.. അടുത്ത പ്രവശ്യം പൂജയ്ക്ക് ഒരു നാളികേരം കൂടുതൽ
ഉടയ്ക്കാൻ അച്ഛനോടു പറഞ്ഞോളാം.. പ്ലീസ്… പ്ലീസ്..” പ്രാർത്ഥിച്ചിട്ട് കണ്ണും തുടച്ച് നടന്നു ബാല.

കുറച്ചു ദൂരം നടന്നപ്പോൾ ആരോ മുന്നിലേക്ക് ചാടിയതും ഭയന്നവൾ പിന്നിലേക്ക് നീങ്ങി.. മുഖമുയർത്തി നോക്കിയപ്പോൾ അനന്തുവുണ്ട് മുൻപിൽ കള്ളച്ചിരിയോടെകൈയ്യും കെട്ടി നിൽക്കുന്നു ..

” ഹോ.. മനുഷ്യനെ പേടിപ്പിച്ച് കൊന്നേനെ.. മാറി നിൽക്ക് എനിക്ക് പോണം” ദേഷ്യത്തോടെ ബാല പറഞ്ഞു.

“എൻ്റെ പെണ്ണങ്ങനെ പിണങ്ങിപ്പോയാലോ.. നിൻ്റെയീ ദേഷ്യംകാണാനാ എനിക്കിഷ്ടം.. ” അവൾക്കരികിലേക്ക് നീങ്ങിക്കൊണ്ടവൻ പറഞ്ഞു.
അവനരികിലേക്ക് വരുംതോറും പിന്നിലേക്ക് നീങ്ങിയവൾ..

“മുഖത്ത് നോക്കെടീ.. കാന്താരീ.. ” അവൻ വിളിച്ചിട്ടും അവൾ മുഖമുയത്തിയില്ല..

” ശ്രീക്കുട്ടീ.. നീയില്ലാതെ അനന്തുവുണ്ടോ മോളെ..
ലോകത്തെവിടെ പോയാലും എൻ്റെ ശ്രീക്കുട്ടി മാത്രമായിരിക്കും ഈ അനന്തൂൻ്റെ പെണ്ണ്.. ” ആർദ്രമായവനതു പറയവെ കണ്ണുകൾ നനഞ്ഞിരുന്നു.

കുസൃതിചിരിയോടെ അവനെ നോക്കിയവൾ.. അവൻ്റെ കണ്ണിലെ നനവു കണ്ടതും
“സോറീ.. അനന്തുവേട്ടാ.. ഞാൻ സങ്കടപ്പെടുത്തീലേ.. ” എന്നും പറഞ്ഞാ കണ്ണുകൾ തുടച്ചിരുന്നു..

അവൻ്റെ കണ്ണിലെ പ്രണയം നേരിടാനാവാതെ നാണത്താൽ മുഖം കുനിച്ചവളോടു ചേർന്നു നിന്നാ നെറ്റിയിൽ അവൻ ചുണ്ടുകളമർത്തുമ്പോൾ പെണ്ണൊന്നു പിടഞ്ഞു. കണ്ണുകൾ ഇറുകെയടച്ചു.
അവൻ്റെ ശ്വാസം മുഖത്തടിച്ചപ്പോഴാണ് കണ്ണു തുറന്ന് നോക്കിയത്.. അവൻ്റെ കണ്ണുകൾ തൻ്റെ ചുണ്ടിലേക്കാണെന്നറിഞ്ഞതും അവനെ തള്ളി മാറ്റിയവൾ ഓടിയിരുന്നു ..
കുറച്ചു ദൂരം ചെന്ന് തിരിഞ്ഞു നോക്കുമ്പോൾ കണ്ടു ചിരിയോടെ തന്നെ നോക്കി നിൽക്കുന്ന അനന്തുവിനെ..

ബാല രാവിലെ നേരത്തെ എഴുന്നേറ്റ് അമ്പലത്തിൽ പോയി .. അനന്തദേവ്.. ചോതി നക്ഷത്രത്തിൽ വഴിപാടും കഴിപ്പിച്ചു.. അനന്തുവേട്ടന് നല്ലതു വരണേയെന്ന് മനമുരുകി പ്രാർത്ഥിച്ചവൾ..

അനന്തു പോവുന്നത് കൊണ്ട് എല്ലാവരും സുഭദ്രാമ്മായീൻ്റെ വീട്ടിൽ എത്തീട്ടുണ്ട്.

“നീ രാവിലെ അമ്പലത്തിലും പോയോ ബാലേ..” അമ്മായിയാണ്.

” ഉം.. അനന്തുവേട്ടന് വേണ്ടി വഴിപാട് കഴിപ്പിച്ചു.. ആളെവിടെ അമ്മായീ.. “ബാല ചോദിച്ചു.

“മുറീക്കാണും പാക്ക് ചെയ്യാനുണ്ടെന്നു് പറഞ്ഞ് ഇപ്പൊ പോണത് കണ്ടു. നീ പോയി നോക്ക്” എന്നും പറഞ്ഞ് അമ്മായി പോയി.

അനന്തുവേട്ടൻ്റെ മുറിക്കടുത്തെത്തിയപ്പോൾ സംസാരം കേട്ടു .. എത്തി നോക്കുമ്പോൾ ജിത്തു വേട്ടനാണ്.. ഏട്ടനെ സഹായിക്കുകയാണ് കക്ഷി..

” ഞാൻ സഹായിക്കണോ..?”വെറുതെ ചോദിച്ചതും രണ്ടാളും തിരിഞ്ഞു നോക്കി..

“ഹാ.. വന്നോ.. അല്ലാ പതിവില്ലാതെ നീ രാവിലെ
തന്നെ കുളിച്ചോ.. “ബാലയെ കണ്ടപാടെ ജിത്തു കളിയാക്കി.

“ഞാനെന്നും കുളിക്കാറുണ്ട്.. പറയണ ആള് ആഴ്ചയിലൊന്നെ കുളിക്കാറുള്ളൂന്ന് ഇവിടെ എല്ലാർക്കുമറിയാം .. “ബാല ദേഷ്യത്തോടെ മുഖം കൂർപ്പിച്ച് പറഞ്ഞു.

“ഇതാണ് വടി കൊടുത്ത് അടി വാങ്ങുക എന്ന് പറയുക.. വല്ല കാര്യോം ഉണ്ടായിരുന്നോ.. ” ചിരിയോടെ ജിത്തുവിനെ നോക്കി അനന്തു ചോദിച്ചതും
“ഞാൻ പോവ്വാ.. അല്ലേലും നിങ്ങള് രണ്ടും ഒറ്റക്കെട്ടാണല്ലോ ” എന്നും പറഞ്ഞ് ജിത്തു പോയി ..

” അനന്തുവേട്ടന് വേണ്ടി വഴിപാട് കഴിപ്പിച്ചതാ.. ” എന്നും പറഞ്ഞു കൊണ്ട് ബാല അനന്തുവിൻ്റെ നെറ്റിയിൽ ചന്ദനക്കുറി വരച്ചു. അവൻ അവളുടെ കണ്ണുകളിൽ തന്നെ നോക്കിയിരുന്നു..

“എന്താ അനന്തുവേട്ടാ.. ഇങ്ങനെ നോക്കണെ..”
അവൾ ചോദിച്ചു ..

“വെറുതെ.. ഇനി കുറെ കഴിയണ്ടെ ഇതുപോലെൻ്റെ പെണ്ണിനെ ഒന്നുകാണാൻ..” എന്നും പറഞ്ഞവൻ ഇടുപ്പിലൂടെ കൈയ്യിട്ട് അവളെ തന്നിലേക്ക് ചേർത്തു ..
പ്രണയത്തോടെ അവനെ നോക്കി നിന്നവൾ..

“അനന്തൂ .. വാ കഴിക്കാം .. ” അമ്മായീൻ്റെ ശബ്ദം ദൂരെ നിന്നും കേട്ടതും അവനെ തള്ളി മാറ്റി ഓടിയവൾ..

ചായ കുടിയും കഴിഞ്ഞ് അനന്തുപോവാനിറങ്ങാനായി … എത്ര അമർത്തിപ്പിടിച്ചിട്ടും തന്നിലെ സങ്കടങ്ങൾ കണ്ണുനീരായി ഒഴുകാൻ തുടങ്ങുന്നത് ബാല അറിയുന്നുണ്ടായിരുന്നു.അനന്തുവേട്ടൻ്റെ മുൻപിൽ പോയാൽ രണ്ടാളും കരയും ..തൻ്റെ കരഞ്ഞ മുഖം കണ്ടിറങ്ങണ്ട എന്നു കരുതി അടുക്കളയിൽ തന്നെ നിന്നവൾ..

” അനന്തു ഇറങ്ങാനായി.. ” എന്നു മാമ്മ പറഞ്ഞതും അമ്മയും അമ്മായീമൊക്കെ ഉമ്മറത്തേക്ക് പോയി..
ബാല അവിടെത്തന്നെ നിന്നു..

എല്ലാം പാക്ക് ചെയ്ത് ഇറങ്ങാൻ നിൽക്കുമ്പോൾ അനന്തുവിൻ്റെ കണ്ണുകൾ അവൻ്റെ ശ്രീക്കുട്ടിയെ തിരയുന്നുണ്ടായിരുന്നു.. എല്ലാവരും ഉമ്മറത്തുണ്ട് അവളെ മാത്രം കണ്ടില്ല .. എന്നാലും ഇവളിതെവിടെപ്പോയി.. പതിയെ അടുക്കളയിലേക്ക് ചെല്ലുമ്പോൾ കണ്ടത് നിലത്തിരുന്നു കാൽമുട്ടുകളിൽ മുഖം പൂഴ്ത്തിക്കരയുന്ന ബാലയെയാണ് .. അവന്ഹൃദയം മുറിയുന്നവേദന തോന്നി.. മെല്ലെ അവൾക്കരികിലിരുന്ന്
ശ്രീക്കുട്ടീ.. എന്നു വിളിച്ചപ്പോഴേക്കും പൊട്ടിക്കരച്ചിലോടെയവൾ നെഞ്ചിലേക്ക് വീണിരുന്നു.. അവളെ ചേർത്തു പിടിച്ച് ആശ്വസിപ്പിച്ച് നെറ്റിയിൽ ചുണ്ടുകൾ ചേർത്തതും അവളുടെ ചുണ്ടുകൾ അവൻ്റെ മുഖത്താകെ മുത്തങ്ങൾ നൽകിയിരുന്നു ..

” സമയമായല്ലോ ഈ കുട്ടിയിതെവിടെപ്പോയി ” എന്നു അമ്മായി പറയുന്നത് കേട്ടപ്പോൾ “ഞാൻ വിളിക്കാട്ടോ .. ” എന്നു പറഞ്ഞ് ഇറങ്ങിയവൻ..

” അമ്മേ.. എന്നെ എതുക്കമ്മേ ..” വേദൂട്ടി ഉറക്കത്തിൽ കരയുന്നത് കേട്ടാണ് ബാല ഓർമ്മകളിൽ നിന്നും മോചിതയായത്.. കരയുന്ന മോളെ കണ്ടതും അവളിലെ അമ്മ വെപ്രാളത്തോടെ കുഞ്ഞിനെ വാരി പുണർന്നിരുന്നു..

തുടരും..

LEAVE A REPLY

Please enter your comment!
Please enter your name here