Home Latest നമുക്കൊരു കൈസഹായം എവിടുന്നും കിട്ടില്ല….. സമയാസമയം എല്ലാം റെഡിയാവണേയ്…. Part – 3

നമുക്കൊരു കൈസഹായം എവിടുന്നും കിട്ടില്ല….. സമയാസമയം എല്ലാം റെഡിയാവണേയ്…. Part – 3

0

Part – 2 വായിക്കാൻ ഇവിടെ Click ചെയ്യുക.

സുലോചനയുടെ പരിഭവങ്ങള്‍ Part – 3

രചന : Sujitha Shyne

….ങ്ള് ആണുങ്ങളെപ്പൊഴെങ്കിലും ഭാര്യമാരോട് ചോദിച്ചിട്ടൊണ്ടോ നിനക്ക് നിന്‍റെ വീട്ടില്‍ പോകണോന്നേയ് ….ഇല്ലാല്ലോ ….ന്‍റെ വാസ്വേട്ടനും അതേ…..ഇന്നേവരെ ചോദിച്ചിട്ടില്ലാന്നേയ്..ഞാനൊന്ന് സ്വന്തം വീട്ടില്‍പ്പോയിട്ടെത്ര കാലമായെന്ന് അറിയ്യോ …ങ്ള്ക്ക്?

അങ്ങനെ വല്ല തീരുമാനോം ഒണ്ടെന്നറിയുമ്പോള്ത്തന്ന്യേ വാസ്വേട്ടന്‍റെ വക ഒരു ചോദ്യൊണ്ട് ..
..ന്താപ്പോ അവ്ടേ ഇത്ര വല്യ വിശേഷോന്ന്…പിന്നെ ദേഷ്യത്തോടൊരു പോക്കൊണ്ടേയ് ….എങ്ങോട്ടാന്ന് …..ന്യ്ക്കറിയില്ലേ ആര്‍ച്ചമാരുടടുത്തേയ്ക്ക്…അല്ലാണ്ടെവിടാ ?

പിറ്റേന്ന് നേരം പുലരണ്ടാ…….പെങ്ങന്മാര് മൂന്നും ഹാജരൊണ്ടേയ്…..പിന്നങ്ങട് തൊടങ്ങുവല്ലേ……

അയ്യോ സുലോചനേ നീയ് പോയാലെങ്ങനാ ഇവിടുത്തെ കാര്യങ്ങള് ശരിയാവ്ക…..
അമ്മയ്ക്കാണേല് നീയില്ലാച്..ചാ ഒന്നും ശരിയാവില്ലേയ്. ഞങ്ങളെന്തൊക്കെ ചെയ്താലും തൃപ്തിയില്ലാല്ലോ …നിന്‍റത്രേം വൃത്തീം വെടിപ്പും ഒന്നും ഇവിടാര്‍ക്കും ഇല്ലെന്നാണേയ് അമ്മ പറയ്യാ ….

പിന്നെ, പാടത്ത് നാളെ ജോലിക്കാരില്ലേ….,

പശുക്കളെ കറക്കാന്‍ ആളുവരില്ലേ ………

തെങ്ങിനു തടംതുറക്കാന്‍ ആളുനിക്കണില്ലേ …..

കുളത്തില് മീന്‍വിത്തിടുന്നതിനും ആളുണ്ടേ……..

ഇക്കണ്ട പച്ചക്കറിത്തൈയ്ക്കൊക്ക വെള്ളം തളിയ്ക്കണ്ടേ

വാസൂട്ടന്‍ ഉച്ചയ്ക്ക് ഊണുകഴിക്കാന്‍ വരൂലോ ?

അപ്പൊപ്പിന്നെ നീയിവിടില്ലാണ്ടെങ്നാ …
നിനക്കറിയാലോ ഞങ്ള്ക്കവിടുന്ന് ഇറങ്ങാന്‍ പറ്റില്ല്യാന്ന്…… ലിസ്റ്റിങ്ങനെ നീണ്ടുപോകും .

സ്നേഹേള്ള നാത്തൂന്മാരുടെ വായീന്ന് ഇതൊക്കെകേള്‍ക്കുമ്പോഴാണേയ് ഞാനെന്തൊക്കെപ്പണികളാ ഒരു ദിവസം ഈ വീട്ടില്‍ ചെയ്യണേന്ന് എനിക്കുതന്ന്യാെരു ബോധം വരുക …….

ഇനി മംഗലത്തമ്മേടേ ചെവീലെത്തിയാലോ ? തീര്‍ന്നു…അപ്പൊ ഇളകും മംഗലത്തമ്മയ്ക്ക് അതേവരെ ഇല്ലാതിരുന്ന ഓരോരോ വേദനകളേയ്……

‘യ്യോ സുലോചനേ ന്..ന്താന്നറിയില്ല ഇന്നലെ മൊതല് ദേഹം മൊത്തോം ഒരു വേദന ….തലയും ചുറ്റ്ണ പോലൊരു തോന്നല്….എന്താപ്പോ ചെയ്ക’

സീരിയല് കാണുമ്പം..ഈ ചുറ്റലൊന്നും തോന്നണില്ല്യാലോ എന്നൊക്കെ ചോദിയ്ക്കാന്‍ വന്നോളും ന്..യ്ക്ക്….

ഞാന് പോണില്ല്യാന്ന് അറിയണവരേം ആ സൂക്കേട് ..അങ്നെ തൊടര്വേ….ഇപ്പൊ …ങ്ള്ക്ക് കാര്യം മനസിലായില്ലേന്ന്. ഈ വീട്ടിലെ എല്ലെടെത്തും ..ന്റെ കണ്ണും കൈയും എത്തണോന്നേയ്..

……….ന്റെ കൃഷ്ണാ ആയകാലത്ത് നീയെനിയ്ക് ഒരിത്തിരി ബുദ്ധി തന്നിരുന്നേല് …..ഞാനിന്നേതെങ്കിലും സര്‍ക്കാരാപ്പീസില് സുഖിച്ചിരിക്കില്ലായിരുന്നോ ? ഓരോരുത്തര് പറേണ കേള്ക്കുമ്പഴേ കൊതിയാവ്വാ……

ങ്…ക്ക് കേള്ക്കണോ സുഖോല്ലാണ്ട് ഞാന്‍ രണ്ടുദിവസം കിടപ്പിലായാലത്തെ അവസ്ഥ…… ….നാഴികയ്ക്ക് നാല്‍പ്പതുവട്ടം ഉപ്പുണ്ടോ മുളകുണ്ടോന്ന് ചോദിച്ചുവരുന്ന ആര്‍ച്ചപെങ്ങമാരുടെ മൂന്നെണ്ണത്തിന്‍റേം പൊടിപോലും കാണില്ലാന്നേയ് . ഒടുവില്‍ വാസ്വേട്ടന്‍റെ വക ഒരു പറച്ചിലുണ്ട് …നിനക്ക് നിന്‍റെ വീട്ടില്‍പോയി രണ്ടീസം നില്ക്കണോന്ന് പറയണ് കേട്ടാരുന്നല്ലോ …ന്റെ അമ്മയെ വിളിപ്പിക്കണോ … ….അല്ലേല് ……………….ന്റെ വീട്ടില്പ്പോയി രണ്ടീസം നിന്നൂടെ നിനക്ക്ന്ന്………………….. ങ്ടെ വാസൂട്ടനാരാ മോന്‍……….!!!!!!!!!!!!!!!

വെളുപ്പിന് നാലരയ്ക്ക് ഉണരുന്നതാണേയ് ഞാന്‍…..നമുക്കൊരു കൈസഹായം എവിടുന്നും കിട്ടില്ലേയ്….. സമയാസമയം എല്ലാം റെഡിയാവണേയ്….വാസ്വേട്ടന്‍ രാവിലെ അഞ്ചരയ്ക്കൊണര്‍ന്ന് അടുത്തുള്ള മൂന്ന് പെങ്ങന്മാരുടെ ഭര്‍ത്താക്കന്മാരേം കൂട്ടി ഒരു മണിക്കൂറ്‍ എക്സര്‍സൈസെന്നും പറഞ്ഞൊരു നടത്തോണ്ട്. ബിസിനസ്സ് കാര്യങ്ങള് മൂവരോടും അപ്പോഴാത്രേ സംസാരിക്ക്യാ . ഫിനാന്‍സും പലചരക്കുകടേം , റേഷന്‍കടേം , ആട്ടു മില്ലും , അറക്ക മില്ലും , ഒക്കെയുണ്ട് ..ഓരോന്നും ഓരോ പെങ്ങന്മാാരുടെ ഭര്‍ത്താക്കന്മാരാണേയ് നോക്കിനടത്തണത്…എല്ലാത്തിന്‍റേം മുഴുവന്‍ ചുമതല വാസ്വേട്ടനും..

ഒരു മണിക്കൂര്‍ നടന്നിട്ടുവരുമ്പോള്‍ ചായയും പത്രവും റെഡിയായിരിക്കണം………ന്നാല് അടുക്കളേല്‍ വന്ന് ഒരു മുറി തേങ്ങ തിരുമ്മ്വാ, ഉള്ളിത്തോല് കളയ്ക, ഇഞ്ചി ചൊരണ്ട്കാ അങ്ങനെ ആണുങ്ങളുടെ അഭിമാനം ചോരാത്ത എത്രെയെത്ര പണിയുണ്ടേയ് ……ഇതങ്ങനെ പത്രോം വായിച്ചൊരിപ്പിരിക്കും ……….ഒരൊന്നൊന്നര മണിക്കുറ്‍……ഇതിനിടയില് പത്രവായന തീരണവരേം സുലോചനേ ഒരു ചായ… എന്നിടക്കിടെ ചോദിച്ചോണ്ടിരിക്കും..

ഒടുവില്‍ കുളിയും തേവാരോം കഴിഞ്ഞ് കാപ്പീംകഴിച്ചിട്ട് പോയാല്‍ ഉച്ചയ്ക്ക് ഒന്നരയ്ക്ക് ആളിങ്ങെത്തും . ചോറും കറീം റെഡിയായിരിക്കണം . ഉപ്പോ പുളിയോ മുളകോ കൂടുകയോ കുറയുകയോ ഒക്കെചെയ്താല്‍ തീര്‍ന്നു ……

ഒഴിച്ചുകറി സാമ്പാറാണേല്‍ ചോദിക്ക്യാ ഇന്ന് മോരുകറിയില്ലേന്ന്?. ഉള്ളിത്തീയലാണേല് ചോദിക്യാ അവിയല് ഉണ്ടാക്കാത്തതെന്താന്ന്. ഇതെല്ലാം തയ്യാറാക്കിവച്ചാലോ….. പറയ്യാ വയറിന് ഒരു സുഖോല്ല്യാ……….കഞ്ഞി മതിയായിരുന്നേന്ന്….ഒരുകുറ്റോം കണ്ടുപിടിക്കാന്‍ പറ്റീലെങ്കിലോ മിണ്ടാണ്ടിരുന്ന് കഴിച്ചിട്ടുപോകും.. എന്നാലും കറി നന്നായീന്നൊക്കെ നല്ലൊരു വാക്ക് പറയില്ലേയ്……ങ്നെപറഞ്ഞാല്‍ ….ന്‌‍റെ മനസ്സ് സന്തോഷിച്ചുപോയാലോ ? ഒരു നല്ലവാക്ക് പറഞ്ഞാല് കഷ്ടപ്പെട്ടിതൊക്കെ വെച്ചുണ്ടാക്കുന്ന ഞങ്ള്ക്കുണ്ടാവ്ണ സന്തോഷം എത്രാന്നറിയോ …..ങ്ള്ക്ക്?. നല്ലയാള്‍ക്കാരോടാ ഞാനിതൊക്കെ പറയണേയ്……

ഉച്ചയ്ക്ക് ഊണു കഴിച്ചിട്ട് ഒരുമണിക്കൂറൊന്നുറങ്ങിയിട്ട് വാസ്വേട്ടന്‍‍ വീണ്ടും പോകും . കണക്കുകളൊക്കെ നോക്കാന്‍. എന്റെ പണി അപ്പൊഴും കഴിയില്ലാല്ലോ….ഇതിനിടയില്‍ മംഗലത്തമ്മേടെ കാര്യങ്ങളും നോക്കണോല്ലോ….. മറ്റു ജോലികളും ഞാന് തന്നെ വേണോല്ലോ ചെയ്തുതീര്‍ക്കാന്…..

ദിവസോം വൈകുന്നേരം കുളിച്ച് ധിറുതീല് തൊടീന്ന് കൊറച്ച് തുളസിയിലേം പിച്ചി, മാലകോര്‍ത്ത് , വാസ്വേട്ടന്‍റേ ഷര്‍ട്ടിന്‍റെ പോക്കറ്റീന്ന് അഞ്ച് രൂപകട്ടിട്ടാണേയ് ഞാനീ കൃഷ്ണന്‍റമ്പലത്തീല് പോവ്ക…. നാട്ടില് വേറെ ദൈവങ്ങളില്ലാഞ്ഞിട്ടാ….ഇതിന്‍റെ പകുതിചെലവും വരില്ലേയ്… ആവണ ദെവസോല്ലാം ഞാനാ നടയില് ചെല്ലണതാണേയ്……ന്നാലും നമ്മുക്കൊരാപത്ത് വരുമ്പോള്‍ നോക്കിനിന്നങ്ങനെ ചിരി തന്നെ ചിരി…..

സന്ധ്യക്ക് വിളക്കും വച്ച് നാമോം ചൊല്ലി….ആ ടിവിയൊന്ന് ഓണ്‍‍ചെയ്തു സീരിയല് കണ്ടു തുടങ്ങി വരുമ്പോളാവും വാസ്വട്ടന്റെ ഓടിപ്പാഞ്ഞുള്ള വരവ്. വന്നൊരു കുളീം പാസ്സാക്കി ഓടിവന്ന് റിമോട്ടും പിടിച്ചുവാങ്ങി കൈയില്‍പ്പിടിച്ച് രാത്രി എഴുമണി മുതല്‍ വാര്‍ത്ത കാണാനിരുന്നാല്‍ പത്ത് മണിവരെ വാര്‍ത്ത തന്ന്യാ വാര്‍ത്ത…..പിന്നെ മറ്റാര്ക്കും ഇഷ്ടപ്പെട്ട ഒരു സീരിയല്കൂടെ കാണാന്‍ കഴിയില്ലേയ്…. മംഗലത്തമ്മയ്ക്ക് പരാതി കാണില്ലാല്ലോ …പിറ്റേന്ന് പകലു മുഴോനും അതിന്‍റെ മുമ്പിലാണല്ലോ…………ആരുടേം ഒരു ശല്യാം ഉണ്ടാവില്ലാല്ലോ …..അതിനൊക്കെയൊരു യോഗം വേണ്വേയ് …….

….നിക്ക് ഇനീം മനസിലാവാത്തൊരു കാര്യോണ്ട്…… ഈ എഴുമണി വാര്‍ത്തേല്‍ പറയ്ണ വിശേഷങ്ങളൊക്കെ തന്നല്ല്യേ എട്ടുമണീലും ഒമ്പത് മണീലും പത്ത് മണീലും ഒക്കെ പറേണേയ്……..ആള്കള് മാത്രോല്ലേയ് മാറുണൂള്ളൂ.അപ്പൊ ഏതെങ്കിലും ഒന്ന് കേട്ടാ പോരെ …… മാത്രോല്ല ഈ വാര്‍ത്തോള് തന്ന്യല്ല്യേ അരച്ചുകലക്കി പിറ്റേന്ന് പത്രത്തിലും വരുന്ന്യേ….. അപ്പൊ അതു വായിച്ചാപോരേ …അതും വായിക്കും ഒള്ള വാര്‍ത്തകളെല്ലാം കാണും ……ന്നാലും ഒരു പവന്‍ സ്വര്‍ണ്ണത്തിന്‍റെ വില ചോദിച്ചാ മാത്രം വാസ്വേട്ടനൊരു പൊട്ടന്‍കളിയൊണ്ടേയ്……….

ഈ വാര്‍ത്താ ചാനല് കണ്ടുപിടിച്ചോർക്ക് നല്ലതുമാത്രം വരുത്തണേ ………..ന്റെ കൃഷ്ണാ…..ഭഗവാനേ….ഭക്തവല്‍സലാ…………….

LEAVE A REPLY

Please enter your comment!
Please enter your name here