Home Latest ശേഖറേ ഇത് ഹരൻ ആണ് സംസാരിക്കുന്നത്.. ഒന്നു വീടു വരെ വരാമോ? ഒരു കാര്യം പറയാനുണ്ടായിരുന്നു.....

ശേഖറേ ഇത് ഹരൻ ആണ് സംസാരിക്കുന്നത്.. ഒന്നു വീടു വരെ വരാമോ? ഒരു കാര്യം പറയാനുണ്ടായിരുന്നു.. Part – 10

0

Part – 9 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Sai Bro

ഉടലുണ്ട് തലയില്ല Part – 10

ശശി ചേട്ടന്റെ സഞ്ചയനം ചടങ്ങുകൾ കഴിഞ്ഞതിനുശേഷം എന്തോ ആലോചിച്ച് ഉമ്മറത്ത് ഒറ്റയ്ക്കിരിക്കുമ്പോൾ ശംഭു എനിക്കരുകിൽ വന്നിരുന്നു.

” അളിയാ, കഴിഞ്ഞതൊക്കെ കഴിഞ്ഞു, ഇനിയാ തലയോട്ടിയുടെ കേസ് വിട്. രാവുണ്ണി കടം മൂത്തു പുറപ്പെട്ടു പോയി.അങ്ങനെയാണ് നാട്ടുകാർ കരുതിയിരിക്കുന്നത്. അതെന്തായാലും അങ്ങനെതന്നെ ഇരിക്കട്ടെ. അതല്ലേ നമുക്കെല്ലാവർക്കും നല്ലത്? ” ശംഭു അതു പറഞ്ഞപ്പോൾ ഞാൻ അവനെ ഒന്നു തറച്ച് നോക്കി. എന്റെ ആ നോട്ടം കണ്ടിട്ടാവണം അവൻ ഒന്ന് പകച്ചു.

“നീ എന്തിനാ എന്നെയിങ്ങനെ നോക്കുന്നേ.? നിന്റെയീ നോട്ടം കണ്ടാൽ തോന്നും ആ തലയോട്ടി ഞാനെന്റെ വീട്ടിൽ ഒളിപ്പിച്ചു വച്ചിരിക്കുകയാ എന്ന്.? ” ശംഭുവിനെ ആ സംസാരം കേട്ടപ്പോൾ ഞാനവനെ തോളിലൂടെ കൈയിട്ടു ചേർത്തുപിടിച്ചു.

“എടാ ശംഭു, ശശിശേഖർ എന്ന വാക്കിന്റെ അർത്ഥം എന്താ..? ”

” അത്… ചേട്ടനെയും നിന്റെയും പേര് ചേർത്തുവച്ചാൽ ശിവൻ എന്നാണ് അർത്ഥമെന്ന് നീയല്ലേ എന്നോട് പറഞ്ഞത്..? ” ശംഭു അത് അലക്ഷ്യമായാണ് പറഞ്ഞത്..

” അതെ.. ശശിശേഖർ എന്നാൽ ശിവൻ എന്നാണർത്ഥം. അതുപോലെ ശംഭു എന്നാലും ശിവൻ എന്നുതന്നെ അർത്ഥം!!” ഞാൻ അത് പറഞ്ഞു അവസാനിക്കുമ്പോൾ അവനെന്നെ കണ്ണു മിഴിച്ചു നോക്കി.

” വിട്ടേ വിട്ടേ, എന്റെ ശരീരത്തിൽ നിന്നും കൈയെടുത്തെ.. ” അതു പറഞ്ഞു കൊണ്ട് ശംഭു അവന്റെ കഴുത്തിൽ കൂടി ചുറ്റിയിരുന്ന എന്റെ കൈ കുതറിമാറി.

” അല്ലടാ, ഞാൻ ഓരോന്ന് ഇങ്ങനെ ആലോചിച്ചപ്പോൾ നിന്റെ പേരിന്റെ അർത്ഥവും എന്റെ മനസ്സിലേക്ക് വന്നതാ.. അല്ലാതെ ഞാൻ നിന്നെ തെറ്റിദ്ധരിച്ചതല്ല. ” ഞാൻ ശംഭുവിനെ സമന്വയിപ്പിക്കാൻ ശ്രമിച്ചു.

” അതേടാ, നിന്റെ ചേട്ടന്റെ കയ്യിൽ നിന്ന് രാവുണ്ണി നായരുടെ തലയോട്ടി ഞാനാ വാങ്ങിയത്. എന്നിട്ട് ഞാൻ അതെന്റെ കക്കൂസ് കുഴിയിൽ കുഴിച്ചിട്ടു. നീ വേണേൽ പോയി കയ്യിട്ടു നോക്ക്. അല്ലെങ്കിൽ കേസ് കൊടുക്ക്. ” അതു പറഞ്ഞു കൊണ്ട് ശംഭു ദേഷ്യത്തോടെ ഉടുമുണ്ട് മാടിക്കുത്തി എണീറ്റപ്പോൾ എനിക്കെന്തോ വല്ലായ്മ തോന്നി.

” എടാ ഞാൻ അങ്ങനെയല്ല ഉദ്ദേശിച്ചത്..”

” നീ ഇനി ഒരു പിണ്ണാക്കും പറയണ്ട, ശംഭു എന്ന പേരിന് ശിവൻ എന്ന് അർത്ഥം വരുന്നത് കൊണ്ടുമാത്രം രാവുണ്ണിനായരുടെ തലയോട്ടി എന്റെ കയ്യിലായിരിക്കുമെന്ന് ചൂഴ്ന്നു ചിന്തിച്ച നിന്റെ ബുദ്ധിയെ സാഷ്ടാംഗം തൊഴുതിരിക്കുന്നു ഞാൻ.. ദുബായിലെ സൂപ്പർമാർക്കറ്റിലെ ജോലി അവസാനിപ്പിച്ചു ഡിക്ടറ്ററ്റീവിന്റെ പണി നോക്കിക്കൂടെ നിനക്ക്..? ”

ശംഭു പുച്ഛത്തോടെ അത് പറയുമ്പോൾ ഇവനെ ഇനി എന്തുപറഞ്ഞു സമാധാനിപ്പിക്കും എന്നോർത്തുകൊണ്ടിരിക്കെ പോക്കറ്റിൽ കിടന്ന മൊബൈൽ ശബ്ദിച്ചു. മൊബൈൽ സ്ക്രീനിൽ പരിചയമില്ലാത്ത നമ്പർ കണ്ടു കോൾ അറ്റൻഡ് ചെയ്തു ചെവിയിൽ ചേർത്തപ്പോൾ അങ്ങേത്തലക്കൽ നിന്നും ആ ശബ്ദം കേട്ടു.

” ശേഖറേ ഇത് ഹരൻ ആണ് സംസാരിക്കുന്നത്.. ഒന്നു വീടു വരെ വരാമോ? ഒരു കാര്യം പറയാനുണ്ടായിരുന്നു.”

” അതിനെന്താ ഞാൻ ഇപ്പോൾ തന്നെ വരാം” അത്രയും പറഞ്ഞുകൊണ്ട് കോൾ കട്ട് ചെയ്തു ഞാൻ ശംഭുവിനെ നോക്കി. കുറച്ചകലെ മാറി മുഖം വീർപ്പിച്ചു നിൽക്കുകയായിരുന്നു അവൻ.

” ഡാ ശംഭു, ഹരൻ ആണ് വിളിച്ചത്. അയാൾക്ക് എന്തോ പറയാനുണ്ടെന്ന്, ഒന്നു വീടുവരെ ചെല്ലാൻ.. നമുക്കൊന്ന് പോയി നോക്കിയാലോ.? ” ഞാനത് പറഞ്ഞപ്പോൾ ശംഭു തല ചെരിച്ച് എന്നെയൊന്ന് നോക്കി.

” ഞാൻ വരാം, പക്ഷെ അത് നിന്നെ കൂട്ടുകാരാനായി കാണുന്നത്കൊണ്ടല്ല ശേഖറേ, നീയെന്നെ സംശയിച്ച സ്ഥിതിക്ക് ആ തലയോട്ടി എവിടെ പോയെന്ന് അറിയേണ്ടത് എന്റെയും കൂടി ആവശ്യമാണ്.. ” ഒരു പുച്ഛത്തോടെ അവനത് പറയുമ്പോൾ പകരം നൽകാൻ എന്റെകയ്യിൽ വാക്കുകളില്ലായിരുന്നു.

അത്യാവശ്യം വലുപ്പത്തിൽ പരന്നുകിടക്കുന്ന വീടായിരുന്നു ഹരന്റെത്. അവിടേക്ക് കയറിചെന്ന ഞങ്ങളെ അയാൾ സ്വീകരണമുറിയിലെ സെറ്റിയിലേക്ക് ഇരുത്തി. ഞങ്ങൾക്കരുകിലായി ഹരനും ഇരുന്നു.

” എന്തൊക്കെയുണ്ട് വിശേഷങ്ങൾ? ചടങ്ങുകൾ എല്ലാം തീർന്നോ? ” ഹരൻ കുശാലാന്വേഷണം നടത്തി.

“ഓ, ചേട്ടന്റെ അസ്ഥി സഞ്ചയനം ഇന്ന് രാവിലെയായിരുന്നു. ആ ചടങ്ങ് കഴിഞ്ഞാണ് ഞങ്ങൾ ഇങ്ങോട്ട് വന്നത്.. ” ഞാനത് പറയുമ്പോൾ ഹരൻ എനിക്കരുകിൽ ഇരുന്ന ശംഭുവിനെ നോക്കി..

” ഇതാരാ..? ”

” ഇതെന്റെ കൂട്ടുകാരനാണ് ശംഭു, അവിടെ അടുത്ത് തന്ന്യാ വീട്.. ” ഞാനത് പറയുമ്പോൾ ശംഭുവും ഹരനും പരസ്പരം നോക്കി പുഞ്ചിരിച്ചു..

“എന്താ കാണണമെന്ന് പറഞ്ഞത്..? ” ഞാനൊരു ചോദിച്ചപ്പോൾ ഒരുനിമിഷം മറുപടിയൊന്നും പറയാതെ ഹരൻ തല ഉഴിഞ്ഞുകൊണ്ട് എന്നേം ശംഭുവിനെയും മാറിമാറി നോക്കി..

” നിങ്ങൾക്ക് കുടിക്കാൻ എന്താ വേണ്ടത്? ”

ഒന്നും വേണ്ട എന്ന് ഞാൻ മറുപടി പറയാൻ ഒരുങ്ങുമ്പോഴേക്കും അരികിലിരുന്ന് ശംഭു അതിനുത്തരം നൽകിയിരുന്നു.

” കടുപ്പത്തിൽ ഒരു ചായ കിട്ടിയാൽ കൊള്ളാമായിരുന്നു”

” അതിനെന്താ.. ഒരു 10 മിനിറ്റ് വെയിറ്റ് ചെയ്യാമോ? ഞാൻ ഇപ്പോ ഇട്ടോണ്ടുവരാം. ഭാര്യയും കൊച്ചും അവളുടെ വീട്ടിൽ പോയേക്കാണ്. അതാ 10 മിനിറ്റ് സമയം ചോദിച്ചത്” അതു പറഞ്ഞു ഞങ്ങളെ നോക്കി ചിരിച്ചു കൊണ്ട് ഹരൻ അടുക്കളയിലേക്ക് നടക്കുമ്പോൾ അരികിലിരിക്കുന്ന ശംഭുവിനെ ഞാനൊന്നു നോക്കി.

” എന്തിനാടാ ചായ വേണം എന്ന് പറഞ്ഞത്? അത് അയാൾക്കൊരു ബുദ്ധിമുട്ടായില്ലേ ഇപ്പൊ..? ”

” ഓ രണ്ടു ചായ ഉണ്ടാക്കാനാണോ ഇത്ര ബുദ്ധിമുട്ട്..? ”

ശംഭു അത് നിസാര മട്ടിൽ പറയുമ്പോൾ അവനോട് പിന്നെയും തർക്കിക്കാൻ നിൽക്കാതെ ഞാൻ ആ സ്വീകരണമുറി മൊത്തം നോക്കിക്കണ്ടു.. വെങ്കലത്തിലും പിച്ചളയിലും തീർത്ത പ്രതിമകൾകൊണ്ട് ആ മുറിയെ ഭംഗിയായി അലങ്കരിച്ചിരുന്നു. ശംഭു അതൊന്നും ശ്രദ്ധിക്കാതെ മൊബൈലിൽ തോണ്ടികൊണ്ടിരിക്കുമ്പോൾ ഞാൻ പതിയെ എണീറ്റ് അവക്കരികിലേക്ക് നടന്നു. വളരെ ആകർഷകമായാണ് ഓരോ പ്രതിമകളും നിർമിച്ചിരിക്കുന്നത്. ആ പ്രതിമകൾക്ക് പിറകിലെല്ലാം ഹരൻ എന്ന പേര് കൊത്തിയിരിക്കുന്നത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു.

‘ഓ ചേട്ടനെപോലെ മണ്ണിലും പ്ലാസ്റ്റർ ഓഫ് പാരീസിലുമല്ല ലോഹങ്ങളിലാണ് ഹരൻ ശില്പങ്ങൾ നിർമ്മിക്കുന്നത്. ‘ അത്രയും ചിന്തിച്ചുകൊണ്ടിരിക്കേ ട്രേയിൽ രണ്ട് കപ്പ് ചായയുമായി ഹരൻ അവിടേക്ക് കടന്നുവന്നു..

ചൂട് ചായ ഊതികുടിച്ചുകൊണ്ടിരിക്കെ എന്റെ ശ്രദ്ധ മുഴുവനും ഹരന്റെ മുഖത്തിന് നേരെയായിരുന്നു.. അയാൾക്കെന്തോ എന്നോട് കാര്യമായി പറയാനുള്ളത് പോലെ എനിക്കിപ്പോൾ തോന്നി.

” ഹരൻ ഇതുപോലെ ലോഹങ്ങളിൽ ആണല്ലേ ശില്പങ്ങൾ നിർമ്മിക്കുന്നത്..? ” ഞാനതു ചോദിച്ചപ്പോൾ അയാൾ ഒന്നു പുഞ്ചിരിച്ചു..

” അതെ ഞാൻ വർഷങ്ങളായി വെങ്കലത്തിലും പിച്ചളയിലുമൊക്കെയാണ് പണിയെടുക്കാനുള്ളത്. ”

“ഇതിനൊക്കെ നല്ല വില കിട്ടുന്നതല്ലേ? എന്നിട്ടെന്താ ഇതൊന്നും കൊടുക്കാതെ വീട്ടിൽ തന്നെ വെച്ചിരിക്കുന്നത്..? “എന്റെ സംശയം കേട്ട് അയാൾ പിന്നെയും പുഞ്ചിരിച്ചു..

“ഹേയ് അങ്ങനെയൊന്നുമില്ല, വയറ്റിപിഴപ്പിന് വേണ്ടി തന്നെയാണ് ഞാനീ ജോലിചെയ്യുന്നത്.. ഉണ്ടാക്കുന്ന ശിൽപ്പങ്ങൾ അന്വേഷിച്ചു ആവശ്യക്കാർ വന്നാൽ ഞാനത് കൊടുക്കാറുണ്ട്, പിന്നെ ഏറ്റവും ഇഷ്ട്ടപെട്ട ചിലതെല്ലാം ഇതുപോലെ വീട്ടിലും പണിശാലയിലുമായി സൂക്ഷിക്കുകയും ചെയ്യാറുണ്ട്.. ”

“എന്തായാലും ഹരൻ അപാര കഴിവുള്ള ശില്പി തന്നെയാണ്, ഉണ്ടാക്കിയിരിക്കുന്നവക്കെല്ലാം ഒരു പ്രത്യേക ഭംഗിയുണ്ട്.. ” ഞാൻ ഹരന്റെ കഴിവിനെ ആത്മാർത്ഥമായി അഭിനന്ദിച്ചു..

” ഹേയ്.. ഈ പണിയിൽ ഒരുപാട് പരിമിതികൾ ഉണ്ട് എനിക്ക്. പക്ഷെ തന്റെ ചേട്ടൻ അങ്ങനെയല്ലായിരുന്നു, അവന് മണ്ണും ലോഹവും എല്ലാം ഒരുപോലെയായിരുന്നു.. ”

“ഏഹ്, ചേട്ടനും ഇതുപോലുള്ള ശില്പങ്ങൾ നിർമ്മിക്കാറുണ്ടോ..? എന്നിട്ട് ഞാനിതുവരെ അതൊന്നും കണ്ടിട്ടില്ലല്ലോ..? ” ഞാനത് അത്ഭുതത്തോടെയാണ് ഹരനോട് ചോദിച്ചത്..

“ഉവ്വെന്നെ, ശശി പ്രതിഭാസമ്പന്നനായ ശില്പിയായിരുന്നു, അവൻ കൈവെക്കുന്നതെന്തും ശില്പമായി പരിണമിക്കുന്നത് കണ്ട് ഞാൻ പലപ്പോഴും അത്ഭുതപെട്ടിട്ടുണ്ട്, ഒരിക്കൽ എനിക്ക് വേണ്ടിയും ശശി പിച്ചളയിൽ ഒരു ശില്പം നിർമിച്ചിരുന്നു. അന്ന് എത്ര നിർബന്ധിച്ചിട്ടും അവനതിന്റെ പ്രതിഫലം വാങ്ങിയില്ല. ആവശ്യം വരുമ്പോൾ നിന്റെ കയ്യിൽനിന്ന് ഞാനത് ചോദിച്ചു വാങ്ങിക്കോളാം എന്നായിരുന്നു അന്നവൻ എന്നോട് പറഞ്ഞിരുന്നത്.. ”

അത് പറഞ്ഞുകൊണ്ട് ഹരൻ പോക്കറ്റിൽ നിന്ന് ഒരു കടലാസ്സ് എനിക്ക് നേരെ നീട്ടി.. അതൊരു ക്യാഷ് ചെക്ക് ആയിരുന്നു. അതിൽ ‘അമ്പതിനായിരം’ എന്ന് രേഖപ്പെടുത്തിയിരിക്കുന്ന തുക കണ്ട് ഞാൻ ആശ്ചര്യത്തോടെ ഹരനെ ഒന്ന് നോക്കി..

“ആ ശില്പത്തിന്റെ പണിക്കൂലിയാണിത്.ഇതിന്റെ അവകാശി ശശി അയ്യപ്പനാണ്..അവനിപ്പോൾ ജീവിച്ചിരിപ്പില്ലാത്ത സ്ഥിതിക്ക് ഈ പണം ശശിയുടെ അനിയനായ ശേഖറിനുള്ളതാണ്.ദയവായി ഇത് സ്വീകരിക്കണം..” ഹരൻ അപേക്ഷ സ്വരത്തിൽ എന്നെനോക്കി അത് പറഞ്ഞപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ ആ ചെക്ക് ലീഫ് കയ്യിൽ പിടിച്ചു നിസഹായനായി ഞാനങ്ങിനെ ഇരിക്കുന്ന നേരത്ത് ശംഭു എന്റെ കയ്യിൽ നിന്ന് ആ ചെക്ക് വാങ്ങി തിരിച്ചും മറിച്ചും നോക്കുന്നുണ്ടായിരുന്നു..

“അതെന്ത് ശില്പമായിരുന്നു ചേട്ടൻ പിച്ചളയിൽ അന്ന് ഹരന് പണിതു തന്നത്..? ” എന്റെയാ ചോദ്യം കേട്ട് ഹരൻ ഇരുന്നിരുന്ന കസേരയിൽ നിന്ന് ഒന്നെഴുന്നേറ്റ് നിന്നു..

“ഏകദേശം 8 മാസം മുൻപ് ഞാനിതുവരെ നിർമ്മിക്കാത്ത ഒരു ശില്പം കൊത്തിയെടുക്കണം എന്നൊരാഗ്രഹം എനിക്ക് തോന്നി.. ഭിക്ഷാടനമൂർത്തിയുടെ രൂപമായിരുന്നു എന്റെ മനസ്സിൽ.. അത് പിച്ചളയിൽ പണി തീർത്തെടുക്കാൻ ഒത്തിരി ശ്രമിച്ചെങ്കിലും എന്നെക്കൊണ്ടത് സാധിക്കാതെ വന്നപ്പോൾ അവസാനം ഞാനത് ശശിയെ ഏൽപ്പിച്ചു.. എന്നെ അത്ഭുതപെടുത്തികൊണ്ട് കൃത്യം ഒരു മാസംകൊണ്ട് അവനത് പണിതുതീർത്തു എന്നെയേൽപ്പിച്ചു..”

” ചേട്ടൻ പണിത ആ ശിൽപ്പം ഇപ്പോൾ ഇവിടെയുണ്ടോ..? എനിക്കതൊന്ന് കാണാൻ..? ” ഞാൻ തിടുക്കപെട്ടാണ് അത് ഹരനോട് ചോദിച്ചത്..

“ഇല്ല, ഞാനത് അപ്പോൾ തന്നെ ഒരു മാർവാടിക്ക് വിറ്റു., അയാളത് ഒറീസ്സയിലേക്ക് കൊണ്ടുപോകും എന്നാണ് പറഞ്ഞിരുന്നത് ”

“ആ മാർവാടിയുടെ പേര് ഓർമ്മയുണ്ടോ..? ഞാനത് വിടാൻ ഉദ്ദേശമില്ലാത്തതുപോലെ ചോദിച്ചു..

“അതിപ്പോ കൊറെ നാളായില്ലേ ആ കച്ചോടം നടന്നിട്ട്, ആ പേര് ഞാൻ ഓർക്കുന്നില്ല.” ഹരൻ അത് പറയുമ്പോൾ ഞാൻ നെറ്റിയിൽ വിരലോടിച്ചു അൽപനേരം മിണ്ടാതിരുന്നു..

“എന്തുപറ്റി ശേഖർ, ഒരു നിരാശ പോലെ..? ” എന്റെ മുഖത്തേക്ക് നോക്കികൊണ്ട് ഹരൻ അത് ചോദിക്കുമ്പോൾ അടുത്തിരിക്കുന്ന ശംഭുവിനെ ഒന്ന് ഞൊണ്ടികൊണ്ട് ഞാൻ സെറ്റിയിൽ നിന്ന് പതിയെ എഴുന്നേറ്റു..

“ഹേയ് ഒന്നുമില്ല, ശശിചേട്ടൻ പിച്ചളയിൽ ശിൽപ്പം നിർമ്മിച്ചിരുന്നു എന്നത് എനിക്കൊരു പുതിയ അറിവായിരുന്നു.. അപ്പൊ എനിക്കെന്തോ അതൊന്ന് കാണണമെന്ന് തോന്നി..ആ പേരറിഞ്ഞിരുന്നെങ്കിൽ എന്നെങ്കിലും ഒറീസ്സയിൽ പോകുമ്പോൾ അയാളെ കാണാൻ പറ്റുമോ എന്ന് നോക്കാമായിരുന്നു.. ശരി, ഞങ്ങളിറങ്ങട്ടെ എന്നാൽ.. ” അത് പറഞ്ഞുകൊണ്ട് ശംഭുവിനോടൊപ്പം ആ വീടിന്റെ പടിയിറങ്ങുമ്പോൾ പിറകിൽ നിന്ന് ഹരന്റെ ശബ്ദം മുഴങ്ങുന്നുണ്ടായിരുന്നു..

” നമുക്കൊക്കെ ഒരു തലയല്ലേ ഒള്ളൂ ശേഖറെ, അതോണ്ട് ഒരുപാട് കാര്യങ്ങൾ ചിന്തിച്ചുകൂട്ടി ആ അവയവത്തെ ചൂട് പിടിപ്പിക്കാതെയിരിക്കുന്നതല്ലേ നല്ലത്..? ”

അതിന് മറുപടി പറയാതെ കാറിനുള്ളിൽ കേറിയിരിക്കുമ്പോൾ അരികിലിരുന്ന ശംഭു എന്നെയൊന്ന് നോക്കി..

“ശേഖറെ ഇനിയെന്താ അടുത്ത പരിപാടി ? ”

“ഡാ ശംഭു, അയാൾ പറഞ്ഞ ഭിക്ഷാടനമൂർത്തി ആരാണെന്ന് മനസിലായോ..? ”

“ഞാനും അത് ചോദിക്കാനിരിക്കയാർന്നു അതേതാ അങ്ങനെയൊരു മൂർത്തി.? ഞാനിതുവരെ കേട്ടിട്ടില്ലല്ലോ.? “ആ ചോദ്യം കേട്ട് ഞാൻ താടിയൊന്ന് ഉഴിഞ്ഞു ചിരിച്ചുകൊണ്ട് ശംഭുവിനെ നോക്കി..

“ഒരു തലയോട്ടിയും കയ്യിലേന്തി ഭിക്ഷയാചിച്ചു നടക്കുന്ന ഭൈരവനെ അഥവാ സാക്ഷാൽ ശിവഭഗവാനെയാണ് ഭിക്ഷാടനമൂർത്തി എന്ന പേരിൽ അറിയപെടുന്നത്..! അങ്ങിനെയുള്ള ഭിക്ഷാടനമൂർത്തിയുടെ ശില്പമാണ് ചേട്ടൻ പിച്ചളയിൽ പണിത് ഹരന് കൊടുത്തത്.രാവുണ്ണിനായരുടെ തലയോട്ടി എവിടെയാണെന്ന് ഇപ്പൊ നിനക്ക് മനസ്സിലായോ ശംഭു..? ”

തുടരും.
Sai Bro.

LEAVE A REPLY

Please enter your comment!
Please enter your name here