Home Latest ആ വല്യപ്പൻ കരുതുന്നത് അയാള് കുഴിച്ചിട്ട തലയോട്ടിയാണ് അസ്ഥികൂടത്തിനൊപ്പം ചതുപ്പിൽ നിന്ന് പൊന്തിയത് എന്നാ.. Part...

ആ വല്യപ്പൻ കരുതുന്നത് അയാള് കുഴിച്ചിട്ട തലയോട്ടിയാണ് അസ്ഥികൂടത്തിനൊപ്പം ചതുപ്പിൽ നിന്ന് പൊന്തിയത് എന്നാ.. Part – 9

0

Part – 8 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Sai Bro

ഉടലുണ്ട് തലയില്ല Part – 9

എന്തിനായിരിക്കും ഇയാൾ ആ തലയോട്ടി അമ്പലപറമ്പിൽ കൊണ്ട് കുഴിച്ചുമൂടിയത്..? ഇനി എന്തേലും കൂടോത്രക്കാരനായ ദുർമന്ത്രവാദിയാണോ ഈ നിൽക്കുന്ന വല്യപ്പൻ..? ‘

ഇത്രേം ചോദ്യങ്ങൾ ഞാൻ എന്നോട് തന്നെ ചോദിച്ചു തല പുണ്ണാക്കികൊണ്ടിരിക്കെ അതിനെല്ലാം ഉത്തരം തരാനെന്നവണ്ണം മുൻപിൽ നിന്ന ശിവൻ എന്ന് പേരുള്ള വല്യപ്പൻ തലയുയർത്തി ദയനീയമായി എന്നെയൊന്ന് നോക്കി…

” തന്റെ വായിലെന്താ പഴം തിരുകി വെച്ചിട്ടുണ്ടോ? എന്നോട് പറഞ്ഞതൊക്കെ ഇവനോടും കൂടെ പറയെടോ..? ” ശംഭു ഭീഷിണി നിറഞ്ഞ ശബ്ദത്തിൽ അത് പറഞ്ഞപ്പോൾ ശിവൻ വല്യപ്പൻ സംസാരിക്കാൻ ആരംഭിച്ചു..

“നിങ്ങള് പറഞ്ഞതൊക്കെ ശരിയാ. ആറുമാസം മുന്നേ ഞാൻ ശശിയുടെ അടുത്ത് ചെന്ന് കണ്ടാൽ ഒർജിനൽ പോലെ തോന്നിക്കുന്ന ഒരു തലയോട്ടി പ്രതിമ പണിത് തരുവാൻ ആവശ്യപെട്ടിരുന്നു.. ഒരാഴ്ചക്കുള്ളിൽ ശശി അതെനിക്ക് ഒണ്ടാക്കി തരികയും ചെയ്തു.., ഈ കാര്യം മറ്റാരേം അറിയിക്കില്ലെന്ന് അവനെന്നോട് ഒറപ്പ് പറേം ചെയ്താർന്നു.. ”

“താൻ എന്തിനാടോ ആ തലയോട്ടി ഈ ചതുപ്പിൽ കൊണ്ട് കുഴിച്ചിട്ടത്..? ” കാറിൽ ചാരിനിന്ന് കൈകെട്ടികൊണ്ട് ഞാനത് ചോദിക്കുമ്പോൾ വല്യപ്പൻ അല്പനേരത്തേക്ക് ഒന്നും മിണ്ടാതെ മുഖം കുനിച്ചു..

“താനത് പറയുന്നുണ്ടോ? അതോ ഞാൻ നാട്ടുകാരെ വിളിച്ചുകൂട്ടി താൻ അമ്പല വളപ്പിൽ തലയോട്ടി കുഴച്ചിട്ട കാര്യം അവരെ മുഴുവൻ അറിയിക്കണോ..? ” ശംഭു അത് അൽപ്പം ഉറക്കെയാണ് വല്യപ്പനോട് ചോദിച്ചത്..

“ഈ കാണുന്ന ചതുപ്പിന് പെറകിലുള്ള രണ്ട് നില വീട് വാങ്ങി ഞാനും ഭാര്യേം ഈ നാട്ടിൽ താമസിച്ചു തുടങ്ങീട്ട് ഒരു വർഷം ആവുന്നതേ ഒള്ളൂ.. ഞങ്ങൾക്കാകെപ്പാടെ ഒരു മോൻ മാത്രമാണുള്ളത്.അവന് അങ്ങ് അമേരിക്കേലാ ജോലി. ഒരീസം മോൻ അവന്റെയൊരു ആഗ്രഹം അമേരിക്കയിൽ ഇരുന്ന് എന്നെ വിളിച്ചു പറഞ്ഞു.. വീടിന്റെ മുൻപിൽ പരന്നു കിടക്കുന്ന ആ ചതുപ്പ് വാങ്ങി മണ്ണിട്ട് നികത്തി അവിടെയൊരു ഫ്ലാറ്റ് പണിയണം. എന്നിട്ടതിനു അച്ഛന്റെയും അമ്മേടേയും പേരിടണം പോലും..” ആലോചിച്ചപ്പോ എനിക്കുമത് നല്ലൊരു കാര്യായിട്ട് തോന്നി.. അതേപ്പറ്റി അമ്പല കമ്മിറ്റിക്കാരോട് സംസാരിക്കൻ ചെന്നപ്പോ ആ ചെളിക്കുണ്ട് ചുളുവിലക്ക് കയ്യിലാക്കാം എന്ന് തന്ന്യാ കരുതിയിരുന്നത്, പക്ഷെ ആ സ്ഥലം കൊടുക്കുന്നില്ലെന്നും അവിടെയൊരു കല്യാണമണ്ഡപം പണിയാനാണ് അവർ തീരുമാനിച്ചിരിക്കുന്നതെന്നും പറഞ്ഞപ്പോ എനിക്ക് ദേഷ്യം വന്നു.. അമേരിക്കേലുള്ള മോൻ അത്രേം ആഗ്രഹിച്ച ഒരുകാര്യം നടത്തികൊടുക്കാൻ പറ്റാത്തതോർത്തു വെഷമിച്ചിരിക്കെ എന്റെയുള്ളിൽ ഒരു വഴി തെളിഞ്ഞു വന്നു.. ”

വല്യപ്പൻ അത്രേം പറഞ്ഞപ്പോൾ തെക്ക് നിന്ന് ഒരു മഴ ആർത്തലച്ചു ഞങ്ങൾക്കരുകിലെത്തി..മഴകൊള്ളാതിരിക്കാൻ ഞാനും ശംഭുവും വല്യപ്പനെയും കൊണ്ട് കാറിനകത്തേക്ക് കേറിയിരുന്നു..

“ങ്ങാ, വല്യപ്പന്റെ തലേല് ഉദിച്ച ആ കുബുദ്ധി ഞങ്ങളും കൂടി കേൾക്കട്ടെ.. ” ശംഭു അയാളുടെ തോളിൽ കൈയിട്ട്കൊണ്ട് പറയുന്നത് കേട്ട് ഞാൻ ആകാംക്ഷയോടെ അയാളുടെ മുഖത്തേക്ക് നോക്കി..

“ഒരു തലയോട്ടി സങ്കടിപ്പിച്ചു ചതുപ്പിൽ കുഴിച്ചിടുക.. എന്നിട്ട് ഏതെങ്കിലും വ്യാജസിദ്ധനെ കൊണ്ട് ആ ഭൂമിയിൽ ആരോ കൂടോത്രം ചെയ്തു കുഴിച്ചിട്ടുണ്ട് എന്ന് പറയിച്ചശേഷം നാട്ടുകാരെ കൊണ്ട് ആ തലയോട്ടി കുഴിച്ചു പുറത്തെടുപ്പിക്കുക. ക്ഷുദ്ര പ്രയോഗം നടത്തിയ സ്ഥലത്ത് വിവാഹം പോലെയൊരു മംഗളകർമ്മം നടത്തുന്നതിനുള്ള കെട്ടീടം പണിയുന്നത് ശരിയല്ല എന്നൊരു അഭിപ്രായം നാട്ടുകാർക്കിടയിൽ ഉണ്ടാക്കിയെടുത്താൽ അമ്പലം കമ്മിറ്റി ആ ചതുപ്പിൽ വിവാഹമണ്ഡപം പണിയുക എന്ന പരിപാടി ഉപേക്ഷിക്കും എന്നെനിക്ക് ഉറപ്പായിരുന്നു.. അങ്ങനെയായാൽ പതുക്കെ ആ ചെളിക്കുണ്ടിൽ എന്റെ മോന്റെ ഫ്ലാറ്റ് ഉയരുകയും ചെയ്യും.. അതിന് വേണ്ടി ഒർജിനൽ തലയോട്ടി അന്വേഷിച്ചു കൊറെ നടന്നെങ്കിലും അതിത്തിരി ബുദ്ധിമുട്ടുള്ള പരിപാടിയാണെന്ന് മനസിലായപ്പോ ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് ഒണ്ടാക്കുന്ന ശശിയുടെ അടുത്തേക്ക് ഞാൻ ചെന്നത്.. അവന്റെ കയ്യീന്നത് വാങ്ങി ആരുമറിയാതെ ഇവിടെകൊണ്ട് കുഴിച്ചിട്ടതിന് ശേഷം പറ്റിയ സമയത്തിന് വേണ്ടി ഞാനിങ്ങനെ കാത്തിക്കുമ്പോഴാണ് ഈ ചെളിക്കുണ്ടിൽ സ്വർണ്ണകൊടിമരം ഉണ്ടെന്ന് പറഞ്ഞു കമ്മിറ്റിക്കാർ ജെസിബി കൊണ്ടുവന്നു ഇവിടെ ഉഴുതുമറിച്ചത്.. എങ്ങിനെയായാലും തലയോട്ടി പൊന്തുമല്ലോ എന്ന് കരുതി ഞാൻ സന്തോഷിച്ചിരിക്കെയാണ് ഒപ്പം ഒരു അസ്ഥികൂടം കൂടി പൊന്തി വന്നത്.. എന്തായാലും തലയോട്ടി കിട്ടിയസ്ഥിതിക്ക് അതാരോ കൂടോത്രം ചെയ്തവിടെ കുഴിച്ചിട്ടതാണ് എന്നൊരു സംസാരം നാട്ടുകാർക്കിടയിൽ വരുത്താൻ വേണ്ടിയാ അന്ന് നിങ്ങളെ തടഞ്ഞു നിർത്തി ഞാനങ്ങിനെ പറഞ്ഞത്.. ”

“ഹോ കാഞ്ഞബുദ്ധി തന്നെ വല്യപ്പന്റെ.” അത്രേം പറഞ്ഞുകൊണ്ട് ശംഭു കാറിന് പുറത്തേക്കിറങ്ങിയപ്പോൾ വല്യപ്പനെ ഒന്ന് നോക്കിയതിന് ശേഷം ഞാൻ പതുക്കെ പുറത്തേക്കിറങ്ങി..

“എടാ ശംഭു ആ വല്യപ്പൻ കരുതുന്നത് അയാള് കുഴിച്ചിട്ട തലയോട്ടിയാണ് അസ്ഥികൂടത്തിനൊപ്പം ചതുപ്പിൽ നിന്ന് പൊന്തിയത് എന്നാ.. അതങ്ങിനെ തന്നെ കിടന്നോട്ടെ, പക്ഷെ ശശിചേട്ടൻ ഡമ്മിയാണെന്നുപറഞ്ഞു വല്യപ്പന് കൊടുത്തയച്ച രാവുണ്ണിയുടെ തല ഈ കാണുന്ന ചതുപ്പിനുള്ളിൽ എവിടെയോ കിടപ്പുണ്ട്, എവിടെയാണ് അന്നത് കുഴിച്ചിട്ടതെന്ന് വല്യപ്പനോട് ചോദിച്ചു കൃത്യമായി അറിഞ്ഞതിനു ശേഷം അയാളെ പറഞ്ഞൂവിട്ടേക്കാം.. നമ്മളത് കുഴിച്ചെടുക്കുന്ന കാര്യം അയാളറിയണ്ട.. ” ഞാനത് ശബ്ദം താഴ്ത്തി പറയുമ്പോൾ ശംഭുവും തലകുലുക്കി അത് സമ്മതിച്ചു തന്നു.

വല്യപ്പനെ കാറിൽനിന്നിറക്കി അന്ന് തലയോട്ടി കുഴിച്ചിട്ട സ്ഥലം ചോദിച്ചപ്പോൾ ചതുപ്പിന്റെ ഒരു മൂല കൃത്യമായി ഞങ്ങൾക്ക് കാണിച്ചു തന്നതിന് ശേഷം എന്തോ പിറുപിറക്കുന്നത് ഞാൻ അവ്യക്തമായി കേട്ടു..

“എന്നാലും ഇവിടെ കുഴിച്ചിട്ട സാനം എങ്ങിനെയാണാവോ അപ്പുറത്തൂന്ന് കിട്ടിയത്..?”

അത് കേട്ട് ഒരുവിധത്തിൽ ചിരിയടക്കികൊണ്ട് അയാളെ തിരിച്ചു വീട്ടിലേക്ക് പറഞ്ഞയക്കുന്ന കാര്യം ഞാൻ ശംഭുവിനെ ഏൽപ്പിച്ചു.. വല്യപ്പനെ മാറ്റിനിർത്തി ശംഭു എന്തൊക്കെയോ സംസാരിക്കുന്നതും അല്പസമയത്തിന് ശേഷം എന്നെ ദയനീയമായൊന്നു നോക്കികൊണ്ട് ശിവൻ വല്യപ്പൻ അവിടെനിന്ന് നടന്നുനീങ്ങിയപ്പോൾ എവിടെനിന്നോ പരതി ഒരു തൂമ്പയുമെടുത്തു ശംഭു എനിക്കരുകിലേക്ക് വരുന്നുണ്ടായിരുന്നു.

മഴമാറി ആകാശത്തു ചന്ദ്രകല തെളിയുമ്പോൾ കുഴഞ്ഞു മറഞ്ഞ ചേറ് തൂമ്പകൊണ്ട് കോരിമാറ്റി കുഴിയെടുത്തുകൊണ്ടിരുന്ന ശംഭു വല്യപ്പനെ ശപിക്കുന്നുണ്ടായിരുന്നു.

“അയാളിത് എന്തിനാണാവോ ഇത്രേം താഴ്ത്തി കുഴിച്ചിട്ടത്. പണ്ടാരം.. ”

“കൂടോത്രം ചെയ്തതാണെന്ന് നാട്ടുകാരെ വിശ്വസിപ്പിക്കണ്ടേ, എന്നാലല്ലേ അങ്ങേരുടെ അമേരിക്കയിലുള്ള മോന് ഇവിടെ ഫ്ലാറ്റ് പണിയാൻ പറ്റൂ.. ” ഞാനത് പറയുമ്പോൾ ശംഭു എന്നെ നോക്കി ദേഷ്യപ്പെട്ടു..

“ഇത്രേം വല്യ തെണ്ടിത്തരം അമ്പലത്തിനോടും ഈ നാട്ടുകാരോടും കാണിച്ച ആ വല്യപ്പനെ വെറുതെ പറഞ്ഞുവിടരുതായിരുന്നു. അയാളെകൊണ്ട് തന്നെ ഈ കുഴിച്ചിട്ട സാധനം പുറത്തെടുപ്പിക്കേണ്ടതായിരുന്നു.”

ശംഭു അത് പറഞ്ഞു തീരുംമുൻപേ അവൻ കുഴിക്കുന്ന കുഴിക്കുള്ളിലെ ചേറിൽ ഒരു വെളുത്ത നിറം മിന്നായം പോലെ കണ്ടതായി തോന്നിയപ്പോൾ തൂമ്പ താഴ്ത്തുവാനാഞ്ഞ ശംഭുവിനെ തടഞ്ഞുകൊണ്ട് ഞാനാ ചെളിയിലേക്ക് ഇരുകൈകളും പൂഴ്ത്തി ഒന്ന് പരതി നോക്കി..മിനുസ്സമുള്ള എന്തോ ഒന്ന് കൈകളിൽ തടഞ്ഞപ്പോൾ അതിൽ മുറുകെ പിടിച്ചു പതുക്കെ മുകളിലേക്ക് പൊക്കിയെടുത്തു.എന്റെ കൈകളിൽ ഇരിക്കുന്ന ആ വസ്തുവിനെ ഞാനൊന്ന് സൂക്ഷിച്ചു നോക്കി..

ഒരു വർഷം മുൻപ് ശശിചേട്ടൻ കൊലപ്പെടുത്തിയ രാവുണ്ണി നായരുടെ തലയോട്ടി.. എന്റെ കയ്യിലിരുന്ന് നിലാവെട്ടം ഏറ്റു അതങ്ങിനെ വെട്ടിതിളങ്ങുമ്പോൾ വിചാരിച്ചതുപോലെ കാര്യങ്ങക്കെല്ലാം നടന്നല്ലോ എന്ന സന്തോഷത്തിൽ അരികിൽ തൂമ്പയും പിടിച്ചു നിൽക്കുന്ന ശംഭുവിനെ നോക്കി ഞാനൊന്ന് പുഞ്ചിരിച്ചു..

“അളിയാ, ഈ ശംഭു ഒരു വാക്കുപറഞ്ഞാൽ അത് വാക്കായിരിക്കും.. രാവുണ്ണിയുടെ തല ഇന്ന് രാത്രി നിന്റെ കയ്യിൽ വെച്ചുതരുമെന്ന് ഞാൻ പറഞ്ഞു, അതുപോലെ തന്നെ നടക്കുകയും ചെയ്തില്ലേ..? ”

ശംഭു അൽപ്പം അഹങ്കാരത്തോടെ എന്റെ തോളിൽ തട്ടികൊണ്ട് അത് പറയുമ്പോൾ ഞാൻ കയ്യിലിരിക്കുന്ന തലയോട്ടിയെ വെറുതെ തിരിച്ചും മറിച്ചും നോക്കുകയായിരുന്നു. അതിന്റെ അടിഭാഗത്തായി എന്തോ അടയാളപെടുത്തിയിരിക്കുന്നത് പോലെ കണ്ടപ്പോൾ കയ്യിലിരുന്ന മൊബൈൽ ടോർച് ഞാൻ അങ്ങോട്ട്‌ പ്രകാശിപ്പിച്ചു..

“ശശി അയ്യപ്പൻ ”

തലയോട്ടിയുടെ അടിഭാഗത്തായി അങ്ങനെ എഴുതിയിരിക്കുന്നത് ഒരു നടുക്കത്തോടെയാണ് ഞാൻ വായിച്ചത്..

” ഡാ ശംഭു നമ്മള് മൂഞ്ചി, ഇത് ഡമ്മിയാണ്..അല്ലാതെ രാവുണ്ണിനായരുടെ കാണാതായ തലയോട്ടിയല്ല.. ” അത് പറഞ്ഞുകൊണ്ട് നിരാശയോടെ കയ്യിലിരുന്ന തലയോട്ടി ചതുപ്പിലേക്കെറിഞ്ഞുകൊണ്ട് ഞാനവിടെ തളർന്നിരിക്കുമ്പോൾ ശംഭു എനിക്കരുകിൽ അന്തം വിട്ട് നിൽപ്പുണ്ടായിരുന്നു..

“ശേഖറേ, നീ എന്തൂട്ടാ ഈ പറയണേ..? അത് രാവുണ്ണിയുടെ തലയോട്ടി അല്ലെന്ന് ഇത്രപെട്ടെന്ന് നീയെങ്ങിനെയാ മനസിലാക്കിയത്..? ”

“അതിന്റെ അടിയിൽ ശശി അയ്യപ്പൻ എന്ന് എഴുതിയത് ഞാൻ കണ്ടു.. ” നിസ്സംഗതയോടെയാണ് ഞാനത് ശംഭുവിനെ അറിയിച്ചത്..

“അതോണ്ട്..? അതോണ്ടെങ്ങിനെയാ അത് രാവുണ്ണിയുടെ തലയോട്ടി അല്ലെന്ന് നീ ഉറപ്പിച്ചത്..? ”

“ഡാ ശംഭു, ഏത് ശില്പം പണിതാലും അതിൽ ചേട്ടന്റെ പേര് എഴുതി ചേർക്കുന്ന പതിവുണ്ട് ശശിചേട്ടന്.. ഈ തലയോട്ടിയിലും ചേട്ടന്റെ പേരുണ്ട്.. അതിനർത്ഥം അത് ചേട്ടൻ പ്ലാസ്റ്റർ ഓഫ് പാരീസിൽ പണിതെടുത്തതാണ് എന്നാണ്.. ” അതും പറഞ്ഞുകൊണ്ട് ചതുപ്പിൽ നിന്ന് കയറുമ്പോൾ എന്റെ മനസ്സ് നിറയെ നിരാശയായിരുന്നു.

അമ്പലകുളത്തിലിറങ്ങി കയ്യിലും കാലിലും പറ്റിപിടിച്ചിരിക്കുന്ന ചേറ് കഴുകി കളയുമ്പോൾ എന്റെയുള്ളിൽ ഒരു ചോദ്യം മുഴങ്ങുന്നുണ്ടായിരുന്നു.. ‘എവിടെ..? എവിടെയായിരിക്കും രാവുണ്ണിനായരുടെ തലയോട്ടി ഇപ്പോൾ ഇരിക്കുന്നത്. ശശിശേഖർ എന്ന് ചേട്ടൻ തുണ്ട് കടലാസ്സിൽ എഴുതിവെച്ചതിന്റെ അർത്ഥം ശിവൻ എന്നാണെന്ന് മനസിലാക്കാൻ സാധിച്ചെങ്കിലും അതെവിടെയാണെന്ന് അറിയാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.. ആ ശംഭുവിന്റെ വാക്ക് കേട്ട് വെറുതെ ഈ രാത്രിയിലെ ഉറക്കം കളഞ്ഞു.. ‘

അത് ചിന്തിച്ചു അവസാനമെത്തിയപ്പോൾ ഞാനാ പേര് ഒന്നുകൂടെ ഉച്ചരിച്ചു..

ശംഭു.. !!

‘ശംഭു എന്നാൽ ശിവൻ എന്നല്ലേ അർത്ഥം..? ഇനീപ്പോ ഇവനെ ഉദ്ദേശിച്ചായിരിക്കുമോ ശശിചേട്ടൻ ആ പേര് കടലാസ്സിൽ അന്ന് എഴുതിയിട്ടത്..? ‘

ഒരാന്തലോടെ അത്രയും ചിന്തിച്ചുകൊണ്ട് തലയുയർത്തി നോക്കുമ്പോൾ അവിടെ ചതുപ്പിൽ നിന്ന് ആ തലയോട്ടി എടുത്തു തിരിച്ചും മറച്ചും പരിശോധിക്കുകയായിരുന്നു ശംഭു.. !

തുടരും.
Sai Bro.

LEAVE A REPLY

Please enter your comment!
Please enter your name here