Home Latest ഞങ്ങടെ കല്യാണമൊന്ന് കഴിയട്ടെ.. ശരിയാക്കിത്തരാം. ഇതിനു ഞാൻ പകരം വീട്ടും… Part – 6

ഞങ്ങടെ കല്യാണമൊന്ന് കഴിയട്ടെ.. ശരിയാക്കിത്തരാം. ഇതിനു ഞാൻ പകരം വീട്ടും… Part – 6

0

Part – 5 വായിക്കാൻ ഇവിടെ Click ചെയ്യുക.

യാദവം Part – 6

രചന : രജിഷ അജയ് ഘോഷ്

“അമ്മേടെ വാവ കരയണ്ടാട്ടോ.. അമ്മയ്ക്ക്
വേദമോള് മാത്രം മതി.. “ബാല കുഞ്ഞിക്കൈ ചേർത്ത് പിടിച്ച് മുത്തി.
സങ്കടങ്ങളും പരിഭവങ്ങളും പറഞ്ഞ് ഒരുപാട് നേരം അവിടെത്തന്നെ നിന്നു.. മഴ മേഘങ്ങൾ ഇരുണ്ടു മൂടി കാറ്റും വീശാൻ തുടങ്ങിയിരുന്നു. പ്രിയപ്പെട്ടവർക്കൊപ്പം നിന്നതിനാലാവാം മഴത്തുള്ളികൾ നിലത്ത് പതിക്കാൻ തുടങ്ങിയതൊന്നും അവൾ അറിഞ്ഞതേയില്ല
ബാല മോളെ.. മഴ വരുന്നു .. കുഞ്ഞിനെ നനയ്ക്കാതെ.. ” നളിനി അമ്മായി ഉറക്കെ
വിളിച്ചപ്പോഴാണ് വീട്ടിലേക്കവൾ നടന്നത്..

അകത്തേക്ക് കയറുമ്പോൾ കാലുകൾ ഇടറുന്നതറിഞ്ഞു.
ചുമരിൽഫ്രയിം ചെയ്ത് വച്ചിരിക്കുന്ന
അച്ഛനും അമ്മയും ലച്ചൂട്ടിയും ചിരിച്ചു നിൽക്കുന്ന ഫോട്ടോകളിലേക്ക് കണ്ണുകൾ ഉടക്കി..എന്നും നിഴൽ പോലെ കൂടെ ഉണ്ടായിരുന്നവർ വെറും ചിത്രങ്ങളായി ചുമരിൽ തൂങ്ങി നിൽക്കുന്നത് വിശ്വസിക്കാൻ ഇന്നും കഴിയില്ലെന്നവൾക്ക് തോന്നി. …

പുതിയ വീടും ആളുകളുമായത് കൊണ്ടാവും വേദമോൾ ബാലയുടെ കയ്യിൽ നിന്നു താഴെയിറങ്ങാൻ വിസമ്മതിച്ചു.

കുളി കഴിഞ്ഞ് മോളുടെ മേൽ കഴുകി ഹാളിലെത്തിയപ്പോൾ നളിനി അമ്മായി ഉണ്ടാക്കിയ ചുക്കു പൊടിച്ചിട്ട കാപ്പി ഊതി കുടിക്കുമ്പോൾ നല്ല ഉന്മേഷം തോന്നുന്നുണ്ടായിരുന്നു.
അത്താഴം കഴിക്കാനായപ്പോഴേക്കും ഹിമയും വേദമോളും തമ്മിൽ അടുത്തിരുന്നു.എല്ലാവരും ഹിമേന്നു വിളിക്കുന്നത് കേട്ട് അവൾ ഇമേന്ന് നീട്ടി വിളിക്കാൻതുടങ്ങിയിരുന്നു..

” ഇന്ന് ഇമേൻ്റെ കൂടെക്കിടന്നാലോ.. ” ഹിമ വേദ
മോളുടെ അടുത്തിരുന്നു  ചോദിച്ചു.

“നാന് അമ്മേടെ കൂടിയാ.. ” വേദമോൾ ഓടി ബാലയ്ക്കരുകിലെത്തി.

“ന്നാ.. വാ.. അമ്മേടെ ചുന്ദരീ നമുക്ക് ചാച്ചാലോ.. ”
ബാല അവളെ വാരിയെടുത്ത് കുഞ്ഞികവിളിൽ
ചുണ്ടമർത്തി.

” ഇനി ബാലമോള് തിരികെ പോണവരെ ഇവിടെ നിന്നാ മതി എല്ലാരും.. പകലൊന്നു് വീട്ടിൽ പോയി അടിച്ചു വാരിയിട്ട് വന്നാ മതീ ..തനിച്ചായീന്ന് തോന്നലുണ്ടാവരുത് കുട്ടിക്ക് .. ”
വേദമോളെയുമെടുത്ത് മുറിയിലേക്ക് നടക്കുമ്പോൾ
ശേഖരമാമ്മ അടുക്കളയിൽ നിന്നു  നളിനി അമ്മായിനോട് പറയുന്നുണ്ടായിരുന്നു.

അല്ലെങ്കിലും അച്ഛൻ്റെ സ്ഥാനത്ത് നിന്ന് എല്ലാം ചെയ്യുന്നത് ശേഖരമാമ്മ തന്നെയാണ്. തീർത്താൽ തീരാത്ത കടപ്പാടുണ്ട് ആ മനുഷ്യനോട്..

” പാത്ത് പാടണം .. ന്നാലെ നാന് ചാച്ചൂള്ളൂ” വേദ ചിണുങ്ങാൻ തുടങ്ങി.

” ഉണ്ണീ വാവാമോ .. പൊന്നുണ്ണീ വാവാവോ..”
കുറെ നേരം പാട്ടും പാടി നടന്നിട്ടാണ് അവളൊന്നുറങ്ങിയത്.

പതിയെ കിടത്തി പകലത്തെ കുറുമ്പുകളെല്ലാം കഴിഞ്ഞ് ക്ഷീണിച്ചുറങ്ങുന്ന ആ കുഞ്ഞുമുഖത്തേക്ക് നോക്കിയിരുന്നു.. “അമ്മേപ്പോലെത്തന്നെയുണ്ട് മോളും.” എന്ന് സൗദാമ്മ പറഞ്ഞതാണ് ഓർമ്മ വന്നത്.ശരിയാണ് ലച്ചൂട്ടിയുടെ തനി പകർപ്പാണ് വേദമോൾ.. നടപ്പും ചിരിയും കളിയുമെല്ലാം അതുപോലെ തന്നെ…

പതിയെ അവളോട് ചേർന്നു കിടന്നപ്പോൾ കുഞ്ഞുന്നാളിൽ താനും ലച്ചൂട്ടിയും
കെട്ടിപ്പിടിച്ചുറങ്ങിയതെല്ലാം ബാല ഓർത്തു ..കൂടെപ്പിറപ്പുകൾ എന്നതിലുപരി നല്ല സുഹൃത്തുക്കൾ കൂടിയായിരുന്നവർ..
അറിയാതെ ഓർമ്മകൾ വീണ്ടും പഴയ കാലത്തേക്ക് പോയി..

തനിക്കെന്നും അച്ഛനെയും അമ്മയെയും പിരിഞ്ഞിരിക്കാൻ സങ്കടമായിരുന്നത് കൊണ്ട് ഡിഗ്രിക്ക് അടുത്തുള്ള കോളേജിൽ തന്നെ ചേർന്നു .. “നല്ല മാർക്കുണ്ടല്ലോ..വല്ല പ്രൊഫഷണൽ കോഴ്സുമെടുത്ത് പഠിച്ചാൽ പോരെ ബാലേ..” എന്നു ചോദിച്ചവരോടൊക്കെ ‘എനിക്ക് ഡിഗ്രിക്ക് പോവാനാ ഇഷ്ടം ‘ന്ന് പറഞ്ഞു. സത്യം അതല്ലെന്ന് എനിക്ക് മാത്രമല്ലേ അറിയൂ..

അനന്തുവേട്ടൻ ലീവിനു വരുമ്പോഴെല്ലാം ആളുടെ ബൈക്കിന് പിന്നിലിരുന്നാണ് കോളേജിൽ പോക്കും വരവുമെല്ലാം ..അത്യാവശ്യം അടിച്ചുപൊളിച്ചു തന്നെയാണ് മൂന്നു വർഷവും കഴിഞ്ഞത്..

പി ജിയ്ക്കും അതേ കേളേജിൽ തന്നെ ചേർന്നു..
ഫസ്റ്റിയർ കഴിഞ്ഞ സമയത്താണ് ലച്ചൂട്ടി പ്ലസ് ടു കഴിഞ്ഞത്.. അവൾ ബാലയെപ്പോലെയായിരുന്നില്ല ഡോക്ടറാവാനായിരുന്നു ഇഷ്ടം..
സീറ്റ് കിട്ടിയത് കോയമ്പത്തൂർ മെഡിക്കൽ കോളേജിലും.

” അറിയാത്ത നാടും ഭാഷയും ..ഇതൊന്നും ശരിയാവില്ല .. പെൺകുട്ടികൾ ഇത്ര ദൂരെ പോയി പഠിക്കേണ്ട.. ഇവിടെ എവിടേലും കിട്ടുമെങ്കിൽ മതി .. ” അമ്മ നിർബന്ധം പിടിച്ചു.
“അമ്മാ.. പ്ലീസ് ,മെഡിക്കൽ കേളേജിൽ സീറ്റ് കിട്ടിയത് തന്നെ ഭാഗ്യാണ് .. എൻ്റെ സ്വപനമാണ് ഡോക്ടറാവുക എന്നത് .. “ലച്ചൂട്ടി അമ്മയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ്..

അമ്മ പക്ഷേ അടുക്കുന്നില്ല.. ഇത് കേട്ടാണ് അച്ഛൻ തോട്ടത്തിൽ നിന്നും വന്നത്..
“എൻ്റെ സുജേ.. നീയിങ്ങനെ വാശി പിടിക്കാതെ.. അവൾ വലിയ കുട്ടിയായില്ലേ.. അവളുടെ ആഗ്രഹമല്ലേ.. പിന്നെ, നമുക്ക് വയസ്സാവുമ്പോ
ഫീസു കൊടുക്കാതെ ചികിത്സിക്കാനൊരു ഡോക്ടറെ കിട്ടുമല്ലോ.. അവള് പഠിക്കട്ടേ..” അമ്മയെ തണുപ്പിക്കാനായി അച്ഛൻ പറഞ്ഞു.

“എന്താന്നു വച്ചാ ആയിക്കോ.. ” എന്നും പറഞ്ഞ് അമ്മ എഴുന്നേറ്റു പോയതും ലച്ചൂട്ടി കരയാൻ തുടങ്ങിയിരുന്നു ..

” നമുക്ക് വഴിയുണ്ടാക്കാം.. നീയിങ്ങനെ കരയാതെ ലച്ചൂ” അച്ഛൻ അവളെ ചേർത്തു പിടിച്ചു.അവൾ പോവുന്നത് ബാലക്കും സങ്കടമായിരുന്നു. ഒരിക്കലും പിരിഞ്ഞിരുന്നിട്ടില്ല അവർ.. പക്ഷേ, അവളുടെ ഇഷ്ടം അതായത് കൊണ്ട് ബാലതന്നെ അമ്മയോട് സംസാരിച്ചു. ഒരു പാട് പറഞ്ഞപ്പോൾ അമ്മ മനസ്സില്ലാ മനസ്സോടെയാണ് സമ്മതം മൂളിയത്.
പിന്നെയുള്ള ദിവസങ്ങൾ അവൾക്ക് പോവാനുള്ള തിരക്കിലായിരുന്നു..
അത്യാവശ്യം സാധനങ്ങളെല്ലാം വാങ്ങിച്ചു. അവൾക്ക് പോവാനുള്ള ദിവസം അടുത്തെത്തുമ്പോൾ ബാലക്കും തോന്നിത്തുടങ്ങി വേണ്ടായിരുന്നുവെന്ന്.

അച്ഛനും സുഭദ്ര അമ്മായീടെ ചെറിയ മകൻ അശ്വജിത്ത് എന്ന ജിത്തു വേട്ടനുമാണ് ലച്ചുവിനൊപ്പം കോയമ്പത്തൂർക്ക് പോയത്..
അവൾപോയതിനു ശേഷം വീടാകെ ഉറങ്ങിയതു പോലെ തോന്നി.

അച്ഛനും അമ്മയും സന്തോഷമായിരിക്കാൻ അവർക്കൊപ്പം അധിക സമയവും ചിലവഴിക്കാൻ ബാലയും ശ്രമിച്ചു..
അന്ന് ബാല കോളേജിൽ നിന്നും വന്ന ശേഷം അമ്മയ്ക്കൊപ്പം ചായ കുടിക്കുമ്പോൾ
” ഇന്ന് സുഭദ്രേച്ചിയെ കണ്ടിരുന്നു.. നീയെന്താ കുറച്ചീസായിട്ട് അങ്ങോട്ട് ചെല്ലാത്തെ എന്ന് ചോദിച്ചു. ” സുജാത പറഞ്ഞു.

” അത് ശരിയാ.. ന്നാ .. ഞാനൊന്നു പോയിട്ട് വരാട്ടോ .. ” എന്നും പറഞ്ഞിറങ്ങിയവൾ..
.
വയലിലൂടെ കുറച്ചു ദൂരം നടന്നാൽ സുഭദ്രമ്മായീടെ വീടെത്തും.റോഡിലൂടെ പോയാൽ വളവും തിരിവുമായി കുറച്ചധികം പോണം. വരമ്പിലൂടെ നടന്നു പോവാൻ നല്ല രസമാണ്..അനന്തുവേട്ടൻ ലീവിനു വരുമ്പോഴെല്ലാം ആ കൈയ്യിൽ തൂങ്ങി ഈ വഴിയിലൂടെ നടക്കാറുണ്ട്.അങ്ങനെ നടക്കുമ്പോഴാണ്   അനന്തുവേട്ടനെ കാണാൻ
തോന്നുന്നത് .. രണ്ടു മാസമായി ഒന്നു കണ്ടിട്ട് ..ഹാ.. എനിക്കു മാത്രം തോന്നിയാൽ പോരല്ലോ .. അങ്ങേർക്കും തോന്നണ്ടേ.. ഒരു നെടുവീർപ്പിട്ട് ബാല നടന്നു..

പടിപ്പുര കടന്ന് ചെന്നപ്പോൾ തന്നെ ഉമ്മറത്തിരിക്കുന്ന അശോക മാമ്മ സുഭദ്രാമ്മായിയെ നീട്ടി വിളിക്കുന്നുണ്ട്.
” സുഭദ്രേ.. ദാ നിൻ്റെ ആളെത്തീട്ടോ.. ഇനി കുറച്ച് ദിവസം കാണാത്തതിൻ്റെ പരിഭവമൊക്കെ തീർത്തോ ..”

“എന്താ മാമ്മേ.. രംഗം വഷളാണോ.”ബാല ആ മുഖത്തേക്ക് ഉറ്റുനോക്കി..

“ആഹാ.. സുഭദ്രാമ്മേടെ മരുമോളെത്തിയല്ലോ.. ”
മാമ്മ എന്തെങ്കിലും പറയുന്നതിനു മുൻപേ ജിത്തു വേട്ടൻ ഇടയിൽ കയറി ..

“ഓ.. ഇവിടുണ്ടാരുന്നോ.. ” ബാലയൊന്നു ചുണ്ടു കോട്ടി.

“എത്ര ദിവസായി ബാലമോള് ഒന്നിവിടം വരെ വന്നിട്ട് .. രണ്ടീസം കൂടുമ്പോഴെങ്കിലും വന്നോണ്ടിരുന്നതാ.” സുഭദ്രമ്മായി പരിഭവവുമായി എത്തി.

“ലച്ചൂട്ടി പോയതോണ്ട് അച്ഛൻ്റേം അമ്മേടെം കൂടെ തന്നെ നിന്നു.. അതോണ്ടല്ലേ എൻ്റെ സുഭദ്രാമ്മേ.. ”
അമ്മായീൻ്റെ കവിളിൽ പിടിച്ച് കൊഞ്ചിച്ചവൾ..അതിലമ്മായി വീണു..

” അനന്തുവേട്ടൻ ഉണ്ടെങ്കിൽ എപ്പഴും ഇവിടെക്കിടന്നു കറങ്ങുന്ന ആളെയൊക്കെ എനിക്കറിയാം.. അമ്മയ്ക്ക് അറിയോ.. ”
ജിത്തുവേട്ടൻ വിടുന്നമട്ടില്ല ..

“കൊരങ്ങൻ .. എനിക്കിട്ട് പാരവയ്ക്കുന്നോ, ഞങ്ങടെ കല്യാണമൊന്ന് കഴിയട്ടെ.. ശരിയാക്കിത്തരാം. ഇതിനു ഞാൻ പകരം വീട്ടും ”
ജിത്തുവേട്ടൻ്റെ ചെവിയിൽ പറഞ്ഞു.

“നീ പോടി കൊരങ്ങത്തീ.. അനന്തുവേട്ടനോട് പറയുന്നുണ്ട് നിൻ്റെ കുറമ്പ് .. “ജിത്തു ബാലയുടെ ചെവി കടിച്ചു പറിക്കുകയാണ്.
” മതി രണ്ടും കൂടി ചെവി തിന്നത്.. എപ്പൊ കണ്ടാലും വഴക്കാ.. ഇവള് ചെറുതാന്നുള്ള വിചാരംകൂടിയില്ല ചെക്കന്.. പോത്ത് പോലെ വളർന്നു .. ” അമ്മായി ജിത്തുവേട്ടനെ കൂർപ്പിച്ച് നോക്കി..

“ചെറുതോ.. ഇവളോ.. അല്ലാ, അമ്മേ ഞാനാണോ ഇവളാണോ അമ്മേടെ കുട്ടി.. “ജിത്തു വിടുന്ന മട്ടില്ല ..
” ഇവള് കഴിഞ്ഞിട്ടേയുള്ളു നീയ്യ്.. എന്തേ .. ” എന്നും ചോദിച്ച് ബാലേൻ്റെ കയ്യും പിടിച്ച് അമ്മായി അടുക്കളേലേക്ക് നടന്നു.
ഇപ്പൊ എന്തായി.. എന്ന ഭാവത്തിൽ ജിത്തുവിനെ നോക്കി അവളും പിന്നാലെ പോയി .. അടുക്കളേൽ പോയാലെ വല്ലതും കിട്ടൂ..

അമ്മായിയെ ചുറ്റിപ്പറ്റി കുറേനേരം നിന്നിട്ട് പതിയെ അനന്തുവേട്ടൻ്റെ മുറിയിൽ കയറി .. എപ്പൊ വന്നാലും ഇവിടൊന്നു കയറീട്ടേ പോവാറുള്ളൂ..
വെറുതെ മുറിക്കുള്ളിലൂടെ നടന്നു.. അനന്തുവേട്ടനില്ലെങ്കിലും അകത്താകെ അനന്തുവേട്ടൻ്റെ ഗന്ധം നിറഞ്ഞിരിക്കുന്നു .. കണ്ണടച്ച് ഗന്ധം മൂക്കിലേക്ക് വലിച്ചു കയറ്റി, ആളടുത്തുള്ളൊരു ഫീൽ… കുറച്ചു നേരം അവിടിരുന്നിട്ട് അമ്മായീനോട് പിന്നെ വരാന്ന് പറഞ്ഞിറങ്ങി.

ഒരു ദിവസം രാവിലെ അമ്മേടെ ഉറക്കെയുള്ള വിളി കേട്ടാണവൾ ഉണർന്നത്..
“ബാലേ..നീയൊന്നെണീറ്റേ..”

“എന്താമ്മാ .. ലീവല്ലേ..കുറച്ചു നേരം കൂടി ഉറങ്ങട്ടെ ”

” ചിണുങ്ങാതെ എണീക്ക് പെണ്ണേ.. ദാ.. നന്ദിനി പ്രസവിക്കാനായീന്ന് തോന്നുണൂ.. അകിടെല്ലാം ചാടീണ്ടുണ്ട് .. അവൾക്കാകെയൊരു വെപ്രാളവും.. നീയൊന്ന് തൊടീൽ പോയിട്ട് അച്ഛനെ വിളിച്ചിട്ടു വേഗം വാ.”
” ആണോ.. ഇത്തവണ പെൺകിടാവായാൽ മതിയായിരുന്നു .. ” എന്നും പറഞ്ഞാണ് ബാല എണീറ്റത്.കഴിഞ്ഞ രണ്ടു തവണയും
മൂരിക്കുട്ടൻമാരായിരുന്നു.

അച്ഛനെ വിളിച്ചിട്ടു വന്ന ബാലയൊന്നു തൊഴുത്തിലേക്ക് എത്തി നോക്കി..

” അകത്തേക്ക് പോയേപെണ്ണേ.. കുട്ടികളിതൊന്നും നോക്കി നിക്കണ്ട..” അമ്മ ഓടിച്ചു വിട്ടു.

കുട്ടിയോ.. ഞാനിപ്പൊ പി.ജി സെക്കൻഡിയറാന്ന്
അമ്മയ്ക്കറിയില്ലേ ആവോ..
കുറച്ച് കഴിഞ്ഞപ്പോ അമ്മ വിളിച്ചു പറഞ്ഞു ..

“ബാലക്കുട്ടി പറഞ്ഞ പോലെ പെൺകിടാവാ.. ”

“ന്നാ.. നമുക്ക് കിങ്ങിണീന്ന് വിളിക്കാട്ടോ .. ” ബാലയോടിച്ചെന്നു കാണാൻ.. ചെമ്പൻ കളറുള്ള നല്ല മിനുമിനുത്ത പശുക്കിടാവ് .. പിന്നെയവളും ഞങ്ങളുടെ പ്രിയപ്പെട്ടവളായി..

കുറച്ചു നാളുകൾ കഴിഞ്ഞാണ് ലച്ചൂട്ടി ലീവിന് വന്നത്..അച്ഛൻ്റെ കൂടെ വന്നിറങ്ങിയതും അമ്മ പരിഭവം തുടങ്ങി ..
“ഇതെന്തു കോലാ ലച്ചൂ.. നീ ഭക്ഷണമൊന്നും കഴിക്കാറില്ലേ.. നെറോം പോയി ആകെ കരിവാളിച്ചു.. ” അവളെ ചേർത്തു പിടിച്ചമ്മ
പറഞ്ഞു.

” അവിടത്തെ കറികളൊന്നും നമുക്കിഷ്ടാവില്ലമ്മേ .. എൻ്റെ സുജാമ്മേൻ്റെ
ചക്ക എരിശ്ശേരിം മാമ്പഴ പുളിശ്ശേരീമൊക്കെ വല്ലാതെ മിസ് ചെയ്തത്
അവിടത്തെ തൈര് സാദോം, തക്കാളി സാദോം ഒക്കെ കഴിക്കുമ്പോഴാ.. ” എന്നും പറഞ്ഞവൾ നേരെ അടുക്കളേലേക്ക് വച്ചുപിടിച്ചു..

പിന്നെ ഒരു പരാക്രമം തന്നെയായിരുന്നു അടുക്കളയിൽ.. ഊട്ടാൻ അമ്മയും.
ബാലയും അച്ഛനും ഇതെല്ലാം കണ്ട് കണ്ണും തള്ളി നിന്നു..

രാത്രി മുഴുവൻ കഥപറച്ചിലും കഴിഞ്ഞ് എപ്പോഴോ ലച്ചുവിനെ കെട്ടിപ്പിടിച്ച് ബാല കിടന്നുറങ്ങി..
ആ ഒരാഴ്ച്ച വേഗം കടന്നു പോയി.. അവളിറങ്ങിയപ്പോൾ കണ്ണും നിറച്ച് അമ്മ നിന്നു..
തമിഴ്നാട്ടിൽ ഓണാവധി ഇല്ലാത്തതു കൊണ്ട് ഓണത്തിന് വരില്ലെന്ന് പറഞ്ഞാണ് ലച്ചൂട്ടി പോയത്.

അനന്തുവേട്ടൻ്റെ പേര് രണ്ടു തവണ സ്ക്രീനിൽ തെളിഞ്ഞു വന്നിട്ടും അതിലേക്ക് നോക്കിയിരുന്നതല്ലാതെ ബാല ഫേണെടുത്തില്ല..
“അതൊന്നു എടുത്തൂടെ ബാലേ.. ഇല്ലാച്ചാ ഓഫാക്കി വയ്ക്ക്.. മനുഷ്യന് ചെവി കേൾക്കണ്ടേ..”
അമ്മ ദേഷ്യത്തോടെ പറഞ്ഞപ്പോഴാണ് ഓണാക്കി ചെവിയിൽ വച്ചത് .. പതുക്കെ ഹലോ.. എന്നു പറഞ്ഞപ്പോഴേക്കും അപ്പുറത്തു നിന്നും ചോദ്യം വന്നു..
” ശ്രീക്കുട്ടീ.. നീയിതെവിടെയായിരുന്നു .. എത്ര നേരായി വിളിക്കുന്നു .. ”

“അത്ര തിരക്കുള്ളോരൊന്നും എന്നെ വിളിക്കണ്ട..”ബാല പരിഭവത്തോടെ പറഞ്ഞു.

“പിണക്കാണോ പെണ്ണേ.. ”
മുഖം കൂർപ്പിച്ചിരുന്നതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല..

“തിരക്കായോണ്ടല്ലേ .. ഓണത്തിന് എന്തായാലും വരും ൻ്റെ പെണ്ണിനെ കാണാൻ .. അപ്പൊ എന്താ കൊണ്ടുവരേണ്ടത്. ” അനന്തുവേട്ടൻ ഭയങ്കര ഒലിപ്പിക്കലാണ്.

” എനിക്കൊന്നും വേണ്ട.. ” അവൾ കുറുമ്പോടെ പറഞ്ഞു.

” അങ്ങനെ പറയല്ലേ.. എൻ്റെ പെണ്ണിൻ്റെ ദേഷ്യം കൊണ്ട് ചുവന്ന മുഖം കാണാൻ എന്തു ചന്താണെന്നോ ..കൊതിയാവുന്നു.. ഇപ്പൊ അടുത്തുണ്ടായിരുന്നെങ്കിലുണ്ടല്ലോ.. ” കുസൃതിയോടെ അനന്തുവേട്ടൻ പറയുന്നത് കേൾക്കവേ അവളുടെ ദേഷ്യമെല്ലാം എങ്ങോ പോയ് മറഞ്ഞിരുന്നു.

“അടുത്തുണ്ടെങ്കിലെന്താ ..” ഒന്നും അറിയാത്ത പോലെ നിഷ്കളങ്കമായ് ചോദിച്ചു.

” കെട്ടിപ്പിടിച്ചൊരുമ്മ തന്നേനെ.. ” അനന്തുവേട്ടൻ ചിരിയോടെ പറഞ്ഞതു കേട്ട് നാണത്താൽ പെണ്ണിൻ്റെ കവിളുകൾ ചുവന്നിരുന്നു…..

ഓണത്തിൻ്റെ തിരക്കിലാണ് എല്ലാവരും..ലച്ചൂന് ഓണാവധിയില്ലാന്ന് വിളിച്ചു പറഞ്ഞു. പൂ പറിക്കാനും പൂക്കളമിടാനും അവളില്ലാതെ ഒരു രസവുമില്ലെങ്കിലും ഓണമില്ലാത്തവരെ പൂവിടാതെ ഇരിക്കൂളു എന്ന് അമ്മായി പറഞ്ഞപ്പോ മനസ്സില്ലാ മനസ്സോടെ ബാല ഓരോന്നു കാണിച്ചുകൂട്ടി.. അനന്തുവേട്ടൻ വരുന്നുള്ളത് മാത്രമാണ് ആകെയുള്ള പ്രതീക്ഷ..

ഉത്രാടത്തിൻ്റന്ന് രാത്രിക്ക് വിളിച്ച് വരില്ലാന്ന് പറഞ്ഞപ്പോ വല്ലാത്ത ദേഷ്യം തോന്നി അനന്തുവേട്ടനോട്… അധികമൊന്നും കേൾക്കാൻ നിക്കാതെ ഫോണോഫാക്കി കിടന്നു.
‘ദുഷ്ടൻ …. എത്ര നാളായി വന്നിട്ട് .. ന്നെപ്പറ്റി വല്ല ചിന്തയും ഉണ്ടായിരുന്നേൽ വന്നേനെ.. മിണ്ടൂല ഞാൻ .. ‘സങ്കടം കൊണ്ട് അവൾ പിറുപിറുത്തോണ്ടിരുന്നു.

ഓണത്തിൻ്റന്ന് മനസ്സാകെ ഒരു വിങ്ങലായിരുന്നു.. ലച്ചൂട്ടിയും അനന്തുവേട്ടനുമില്ലാതെ ആദ്യമായൊരു
ഓണം.. അച്ഛനും അമ്മയ്ക്കും സങ്കടാവണ്ട എന്നു കരുതി ചിരിച്ചു കളിച്ചു നടന്നു.. പതിവുപോലെ ശുണ്ഠി പിടിപ്പിക്കാൻ വന്ന ജിത്തുവേട്ടനോട് കൊറെ ദേഷ്യപ്പെട്ടു.

” അതേ .. എനിക്കറിയാട്ടോ.. ആളെ കാണാത്ത കലിപ്പാ നിനക്കെന്ന് .. “ജിത്തുവേട്ടനത് പറഞ്ഞതും
“എനിക്കാരേം കാണണ്ട. കാണാൻ പറ്റിയൊരു മൊതലും ഇയാൾടെ ഏട്ടൻ .. ” ബാല ദേഷ്യത്തോടെ ചുണ്ടു കോട്ടിക്കൊണ്ട് പറഞ്ഞു…

രണ്ടു ദിവസം കഴിഞ്ഞ് ഒരു സന്ധ്യയ്ക്ക് വിളക്ക് വച്ച ശേഷം ബാല പഠിക്കാനിരുന്നപ്പോഴാണ് അമ്മയുടെ ചിരിയും ഉറക്കെയുള്ള സംസാരവും കേട്ടത്..
ആരാണാവോ എന്നറിയാൻ കാതു കൂർപ്പിച്ചു.. ശബ്ദത്തിനുടമയെ തിരിച്ചറിഞ്ഞതും മനസ്സ് വേണ്ടെന്ന് പറഞ്ഞിട്ടും അവളുടെ കാലുകൾ അനുസരണയില്ലാതെ ഉമ്മറത്തേക്കോടി…

തുടരും..

LEAVE A REPLY

Please enter your comment!
Please enter your name here