Home Latest അന്ന് ദിവസങ്ങൾ മാത്രം പ്രായമുള്ള ചോര കുഞ്ഞിനെയും കൊണ്ട് വയനാട്ടിൽ നിന്നും ചുരമിറങ്ങുമ്പോൾ ആ രാത്രിയിലും...

അന്ന് ദിവസങ്ങൾ മാത്രം പ്രായമുള്ള ചോര കുഞ്ഞിനെയും കൊണ്ട് വയനാട്ടിൽ നിന്നും ചുരമിറങ്ങുമ്പോൾ ആ രാത്രിയിലും വല്ലാത്ത തണുപ്പായിരുന്നു.. Part – 5

0

Part – 4 വായിക്കാൻ ഇവിടെ Click ചെയ്യുക.

യാദവം Part – 5

രചന : രജിഷ അജയ് ഘോഷ്

കംപാർട്ട്മെൻ്റിൽ നല്ല തിരക്കാണ്. ട്രെയിനിലെ യാത്ര ആദ്യമായതിനാൽ വേദമോൾ നല്ല സന്തോഷത്തിലാണ്. ട്രെയിൻ സ്റ്റാർട്ടായ് അൽപം കഴിഞ്ഞപ്പോൾ കാഴ്ചകൾ കണ്ടുകൊണ്ടിരുന്ന കുഞ്ഞുവേദ ഉറങ്ങിയിരുന്നു.. ശാന്തമായ് ഉറങ്ങുന്ന കുഞ്ഞു മുഖം കാൺകെ ബാലയുടെ കണ്ണുകൾ നിറഞ്ഞിരുന്നു….

ശേഖരമാമ്മയെ വിളിച്ച്  പുറപ്പെട്ടെന്ന് പറഞ്ഞ ശേഷം വെറുതെ
ജനലിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. രണ്ടു വർഷത്തിനടുത്തായി നാട്ടിലേക്ക് പോയിട്ട് ..അതിൻ്റേതായ ആകാംക്ഷയും ഒപ്പം പഴയ ഓർമ്മകൾ വല്ലാത്തൊരു നോവായും മനസ്സിൽ നിറയുന്നുണ്ടായിരുന്നു.

കോഴിക്കോട്ടെത്തുമ്പോഴേക്കും ട്രെയിനിലെ തിരക്കെല്ലാം ഏറെക്കുറെ കുറഞ്ഞിരുന്നു.
ട്രെയിൻ നിർത്തിയപ്പോഴേക്കും ശേഖരമാമ്മ വിളിച്ചു,കംപാർട്ട്മെൻ്റ് പറഞ്ഞു കൊടുത്തപ്പോൾ ആൾ വേഗം വന്നു. വേദമോൾ അപ്പോഴേക്കും  ഉണർന്നിരുന്നു.
ശേഖര മാമ്മയെ കണ്ടപ്പോൾ ബാല കൈ ഉയർത്തിക്കാണിച്ചു.

“കുറെ നേരായോവന്നിട്ട് .. ”

“കുറച്ച് നേരായി ..യദുക്കുട്ടനും ഞാനും കൂടിയാ വന്നത്.. ഇത്ര ദൂരം തനിയെ ഡ്രൈവ് ചെയ്യാൻ ഇപ്പൊ ബുദ്ധിമുട്ടാ..
നടുവേദന ഒന്നിനും സമ്മതിക്കില്ല.. അവനാവുമ്പോ എല്ലാം അറിയാല്ലോ. “ശേഖര മാമ്മ ബാഗെടുത്തു കൊണ്ട് പറഞ്ഞു.

” അയാളെ മാത്രേ കിട്ടിയുള്ളോ.. വേറെ ഡ്രൈവറെ ..” ബാലപൂർത്തിയാക്കും മുൻപേ യദു അടുത്തെത്തിയിരുന്നു. അവൻ തന്നെ നോക്കുന്നത് കണ്ടപ്പോൾ ബാല വെറുതെയൊന്നു ചിരിച്ചെന്നു വരുത്തി,അവനും ചിരിച്ചു. ബാലയുടെ തോളത്ത് കിടക്കുന്ന വേദയെക്കണ്ടപ്പോൾ
“മോള് ഉറങ്ങിയോ.. ” എന്നു ചോദിച്ചു.

” ഉം “ബാലവെറുതെയൊന്നു മൂളി.

ശേഖരമാമ്മയുടെ കയ്യിൽ നിന്നും ബാഗുകളെല്ലാം വാങ്ങി യദു മുൻപിൽ നടന്നു.ബാലയുടെ വീടിൻ്റെ കുറച്ചകലെയാണ് യദു കൃഷ്ണൻ്റെ വീട്‌.. അമ്മ സൗദാമിനി മാത്രമേ വീട്ടിലുള്ളു.ബാലയുടെ വീട്ടിൽ ഇടയ്ക്കൊക്കെ വരാറുണ്ട്, അമ്മയ്ക്ക് സൗദ ചേച്ചീ എന്നു വച്ചാൽ വല്യ കാര്യമാണ്. വിശേഷങ്ങൾക്കൊക്കെ അമ്മയെ സഹായിക്കാൻ വരും.. ഒരു പാവം സ്ത്രീ..

” ഇയാൾക്ക് ഇപ്പൊ എന്താ പണി .. “ബാല ശേഖര മാമ്മയോട് ചോദിച്ചു.

“യദുക്കുട്ടനിപ്പോ നമ്മുടെ കൃഷി ഓഫീസറാ..”ശേഖരമാമ്മ പറഞ്ഞപ്പോൾ ബാലയ്ക്ക് അത്ഭുതമാണ് തോന്നിയത്.

കൃഷി ഓഫീസറോ… ബാലയ്ക്കപ്പോൾ ഓർമ്മ വന്നത് സ്കൂളിൽ പഠിക്കുന്ന സമയത്ത് റോഡിലിട്ട് അടിയുണ്ടാക്കിയ 10 ആം ക്ലാസ്സുകാരനെയാണ് താനന്ന് 7th ൽ പഠിക്കുകയായിരുന്നു..കൂടെ പഠിക്കുന്നവനെ  അടിച്ച്
മൂക്കിലൂടെ ചോര വരുത്തിയ വഴക്കാളി ചെക്കൻ..
അതിൽ പിന്നെ അവനെക്കാണുമ്പോഴേ ഭയമാണ്. അന്ന് സ്കൂളിൽ നിന്നും ഒരാഴ്ച്ച സസ്പെൻഡ് ചെയ്തു .. കുറച്ച് നാളുകൾക്ക് ശേഷം വീണ്ടും എന്തിനോ തല്ലുണ്ടാക്കിയപ്പോൾ സൗദാമിനിയമ്മ അവനെ വേറെ സ്കൂളിൽ ചേർത്തു.
പിന്നെ ഇടയ്ക്കൊക്കെ കാണുമായിരുന്നു.. പേടി കാരണം മുഖത്തേക്ക് നോക്കാറില്ല .. തന്നെ നോക്കുന്നത് കണ്ടാൽ തല ചെരിച്ച് പോവാറാണ് പതിവ്… പേടി പിന്നീട് ഒരുതരം ദേഷ്യം പോലെയായിരുന്നു.. കാണുമ്പോഴൊക്കെ ആ ദേഷ്യം കൂടി വന്നിട്ടേയുള്ളൂ..

” നമുക്ക് വല്ലതും കഴിക്കാം .. “യദുവിൻ്റെ ശബ്ദം കേട്ടാണവൾ ഓർമ്മകളിൽ നിന്നും ഉണർന്നത്. കാറിലേക്ക് ബാഗുകൾ ഒതുക്കി വച്ച് തിരിഞ്ഞു അയാൾ.
കാർ കണ്ടപ്പോൾ അച്ഛനെയോർത്തു.. അച്ഛൻ്റെ അംബാസിഡർ .. നിങ്ങളേക്കാൾ പ്രായമുണ്ട് ഇവനെന്ന് അച്ഛനിടക്ക് പറയുമായിരുന്നു.. ‘ഇത് കൊടുത്തിട്ട് പുതിയ മോഡൽ കാറ് വാങ്ങച്ചാ .. ‘എന്നു പറയുമ്പോൾ
‘വേറെ വാങ്ങാം പക്ഷേ, ഇത് കൊടുക്കില്ല.. ഇവനെ വിട്ടുള്ള കളി വേണ്ട മക്കളേ.. ‘ എന്നച്ഛൻ പറയുമായിരുന്നു…
ഹോട്ടലിൽ ഭക്ഷണം കഴിക്കാനിരുന്നപ്പോൾ യദു കൈ കാണിച്ചപ്പോഴേക്കും വേദമോൾ അവൻ്റെയടുത്തേക്ക് പോയി. ബാലയ്ക്ക് ദേഷ്യം വന്നിരുന്നു.. പിന്നെ ഒന്നും മിണ്ടിയില്ലെന്നു മാത്രം.
യദു വാരിക്കൊടുത്തപ്പോൾ വേദമോൾ ഭക്ഷണം കഴിക്കുന്നത് കണ്ടു..അവൻ്റെ താടിയിൽ തൊട്ടു നോക്കി ചിരിക്കുന്നുണ്ടവൾ.. അവനോട് പെട്ടന്ന് ഇണങ്ങിയതു പോലെ ..

കാറിൽ ഇരിക്കുമ്പോഴും ശേഖരമാമ്മയും യദുവും എന്തെല്ലാമോ സംസാരിക്കുന്നുണ്ടായിരുന്നു. ബാക് സീറ്റിൽ ബാലയ്ക്കൊപ്പമിരുന്ന വേദമോൾ ഇടയ്ക്ക് ഡ്രൈവ് ചെയ്യുന്ന യദുവിനെ വികൃതികൾ കാട്ടുന്നുണ്ടായിരുന്നു.
“കുറുമ്പീ.. നിനക്ക് ഞാൻ വച്ചിട്ടുണ്ട് ട്ടോ..” യദു പുന്നാരത്തോടെ ഇടയ്ക്ക് പറയുന്നുണ്ട്. ബാല
പുറത്തേക്ക് നോക്കിയിരുന്നു. കാർ താമരശ്ശേരി ചുരം കയറി തുടങ്ങിയിരുന്നു .വേദമോൾ പുറത്തേക്ക് ആകാംക്ഷയോടെ പുറത്തേക്ക് നോക്കിയിരിക്കുകയാണ്..

ഡേ കെയറും ഫ്ലാറ്റും മാത്രമായിരുന്ന അവളുടെ ചുരുങ്ങിയ ലോകത്തിൽ നിന്നും മറ്റൊരു ലോകത്തെത്തിയ പോലെ കണ്ണുകൾ വിടർന്നിരുന്നു.

” കുഞ്ഞു കണ്ടോ എത്ര കുരങ്ങൻമാരാ ഇരിക്കണേന്ന്.. “യദു കാർ ഒതുക്കി നിർത്തി കാണിച്ചതും വേദമോൾ ” കൊങ്ങൻ.. കൊങ്ങൻ ” എന്നും പറഞ്ഞ് ചാടാൻ തുടങ്ങി. അവളുടെ കളി ചിരികളാൽ ചുരം തീർന്നതേ അറിഞ്ഞില്ല.
വയനാട്ടിലേക്ക് കടന്നതും ചെറിയ തണുപ്പ് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു ..

അന്ന് ദിവസങ്ങൾ മാത്രം പ്രായമുള്ള ചോര കുഞ്ഞിനെയും കൊണ്ട് വയനാട്ടിൽ നിന്നും ചുരമിറങ്ങുമ്പോൾ ആ രാത്രിയിലും വല്ലാത്ത തണുപ്പായിരുന്നു.. മനസ്സ് മാത്രം ചൂടുപിടിച്ച് കിടന്നിരുന്നു.. ഇതേ കാറിൽ, ശേഖരമാമ്മയ്ക്കും നളിനി അമ്മായിക്കുമൊപ്പം ..ഡ്രൈവർ യദുവേട്ടൻ തന്നെയായിരുന്നോ.. എന്തോ അതത്ര ഓർക്കുന്നില്ല .. അന്നത്തെ മാനസീകാവസ്ഥ
അതായിരുന്നല്ലോ.. ബാല ഓർത്തു.

നാടെത്തിയിരിക്കുന്നു .. വീടെത്താറാവുമ്പോൾ മനസ്സാകെ ഒരു മരവിപ്പ് നിറയുന്നതറിഞ്ഞു..

മുറ്റത്ത് കാർ നിർത്തിയപ്പോഴേക്കും നളിനി അമ്മായിയും ഹിമയും യദുവിൻ്റെ അമ്മ സൗദാമിനിയും അടുത്തെത്തിയിരുന്നു.

കാറിലിരുന്ന് തന്നെ വീട്ടിലേക്ക് നോക്കി.. ആളില്ലാത്ത വീടാണെന്ന് തോന്നാത്ത വിധം എല്ലാം വൃത്തിയാക്കി വച്ചിട്ടുണ്ട് ശേഖരമാമ്മ.. അമ്മ നട്ടുനനച്ചു വളർത്തിയ പൂച്ചെടികളെല്ലാം പൂത്ത് നിൽപ്പുണ്ട് .. നന്ദിനിയും കിങ്ങിണിക്കിടാവും ഇല്ലാതെ തൊഴുത്ത് മാത്രം ഒഴിഞ്ഞ് കിടപ്പുണ്ട് ..
മുറ്റത്തെ തേൻവരിക്കയിൽ ഒന്നു രണ്ടു ചക്ക ബാക്കിയുണ്ട്..

“മോളെ ഇറങ്ങി വാ .. ” നളിനി അമ്മായി വിളിച്ചപ്പോഴാണ് ഡോർ തുറന്നിറങ്ങിയത്. അമ്മായിയെ കെട്ടിപ്പിടിച്ചു.

“അമ്മായീടെ ബാലമോൾ വന്നല്ലോ.. അത് മതി .. ” നളിനി സാരിത്തുമ്പ് കൊണ്ട് കണ്ണു തുടച്ചു..

ഹിമ കൈകാട്ടിയപ്പോൾ വേദ മുഖം തിരിച്ചു.
” അവൾക്ക് പരിചയമില്ലാത്തോണ്ട.. കുറച്ച് കഴിഞ്ഞാൽ ഇണങ്ങിക്കോളും.. “ബാല ഹിമയോട് പറഞ്ഞു.

“സൗദമ്മയും ഉണ്ടായിരുന്നോ.. ” സൗദാമിനിയെ ചെറുപ്പം മുതലേ സൗദമ്മ എന്നാണ് ബാല വിളിക്കാറ്.

“മോളെ.. എത്രയായി കണ്ടിട്ട് .. ഇപ്പോഴെങ്കിലും വരാൻ തോന്നിലോ അത് മതി .. ” സൗദാമിനിയുടെ കണ്ണുകളിൽ അവളോടുള്ള വാത്സല്യം കാണാം.
ബാലവെറുതെയൊന്നു ചിരിച്ചു.

“അമ്മേ പോലെത്തന്നെയുണ്ട് മോളും .. “വേദയെ നോക്കി സൗദമ്മ പറഞ്ഞതും ബാലയുടെ മുഖം വാടി. അത് കണ്ടപ്പോൾ പറയേണ്ടിയിരുന്നില്ല
എന്നവർക്ക് തോന്നി.യദു അമ്മയെ നോക്കി കണ്ണുരുട്ടി.
“മോളുടെ പേരെന്താ ബാലേ..” വിഷയം മാറ്റാനെന്നവണ്ണം അവർ ചോദിച്ചു.

“വേദ .. വേദാലക്ഷ്മി .. ”

“മാമ്മേ.. ഞാൻ മോൾക്ക് അച്ഛച്ഛനേം അമ്മമ്മയേം കാണിച്ചു കൊടുക്കാന്ന് പറഞ്ഞിട്ടാ വന്നേ.. ഞങ്ങളൊന്നു കണ്ടിട്ട് വരാം.. ” ശേഖരനോട് പറഞ്ഞിട്ടവൾ മറുപടിയ്ക്ക് കാത്തു നിൽക്കാതെ മോളെയും കൊണ്ട് നടന്നു.. എല്ലാവരും അവൾ പോകുന്നതും നോക്കി നിന്നു..

വീട്ടിൽ നിന്നും കുറച്ച് മാറി മരങ്ങൾക്കിടയിലൂടെ നടക്കുമ്പോൾ മൂന്ന് അസ്ഥിത്തറകൾ കാണാം.. അടുത്തേക്കെത്തും തോറും കാലുകൾക്ക് ബലക്കുറവുള്ളതുപോലെ .. കണ്ണുനീർ കാഴ്ചയെ മറയ്ക്കുന്നത് അറിഞ്ഞു ..

നിറയെ റോസാച്ചെടികൾ .. അധികവും പൂവിട്ട് നിൽക്കുന്നുണ്ട്.. നനുത്ത കാറ്റ് വീശുന്നുണ്ടായിരുന്നത് അവളെ തലോടി കടന്നുപോയി..
അമ്മയ്ക്കെന്നും പൂക്കളെ ഒരുപാടിഷ്ടമായിരുന്നു .. എവിടെപ്പോയി വരുമ്പോഴും ഒരു റോസാകമ്പ് കയ്യിലുണ്ടാവും.. അത് നട്ട് നനച്ച് അതിൽ പൂവിടുമ്പോൾ ആ മുഖത്ത് വല്യ സന്തോഷമാണ് ..
അതെല്ലാം അറിയുന്നത് കൊണ്ടാവാം ശേഖരമാമ്മ ഇവിടെ നിറയെ റോസാച്ചെടികൾ നട്ടുപിടിപ്പിച്ചത്.

ആദ്യം അച്ഛൻ്റേത്, പിന്നെ അമ്മ.. അവസാനം ലച്ചൂട്ടിയും …നിരന്നു നിൽക്കുന്ന അസ്ഥിത്തറകൾ.. എരിഞ്ഞു തീർന്ന എണ്ണത്തിരികൾ കണ്ടാൽ അറിയാം ശേഖരമാമ്മ എന്നും തിരിതെളിക്കുന്നുണ്ടെന്ന് ..

” അച്ഛാ.. ബാലമോള് വന്നൂട്ടോ.. ഇനി ഒരിക്കലും
ഇങ്ങോട്ട് വരില്ലാന്ന് കരുതിയതാ.. പക്ഷേ, എന്തോ വരാതിരിക്കാൻ കഴിഞ്ഞില്ല.. എത്ര അകലെപ്പോയാലും മനസ്സ് നിറയെ അച്ഛനും അമ്മയ്ക്കുമൊപ്പം കഴിഞ്ഞ കാലങ്ങൾ മാത്രമായതോണ്ടാവും.. ഏറ്റവും നിറമുള്ള കാലങ്ങൾ .. എന്തിനാ എന്നെ തനിച്ചാക്കിപ്പോയത്?
അച്ഛൻ വേദമോളെക്കണ്ടോ.. അവള് വലുതായി.. അച്ഛനുണ്ടായിരുന്നെങ്കിൽ ഇവൾക്കൊപ്പം ഓടിക്കളിക്കായിരുന്നല്ലോ.. ആരോ പറയുന്നതും കേട്ട് ആയുസ്സെത്താതെ സ്വയം തീർക്കേണ്ടായിരുന്നു ഒന്നും .. അച്ഛൻ്റെ നെഞ്ചിൽ തല ചായ്ച്ചുറങ്ങാൻ കൊതിയാവുന്നു അച്ഛാ.. ” അച്ഛൻ്റെ അസ്ഥി തറയിൽ കൈ ചേർത്തവൾ
പറയുമ്പോൾ പൊട്ടിക്കരഞ്ഞിരുന്നു..

“അമ്മേ.. അമ്മ പറഞ്ഞില്ലേ അച്ഛൻ സങ്കടത്തിലാണെന്ന് ഞാൻ വന്നിട്ടുണ്ട് ദാ അമ്മേടെ പേരക്കുട്ടീം ഉണ്ടല്ലോ.. സന്തോഷായോ.. വഴക്കു പറയാൻ ആരുമില്ലമ്മേ ,തനിച്ച് വയ്യെനിക്ക്..
വഴക്ക് പറയാൻ അമ്മയില്ലാത്തതോണ്ട് ഞാനിപ്പോ മഴ നനയാറില്ല എന്തിന് മഴയെ ശ്രദ്ധിക്കാറു പോലുമില്ല..രാവിലെ എഴുന്നേൽക്കാൻ മടി കാട്ടാറില്ല .. ” അമ്മയ്ക്കു മുൻപിലവൾ കൊച്ചു കുഞ്ഞായിരുന്നു ..

അവസാനമാണവൾ ഉറങ്ങുന്നത് .. എൻ്റെ ലച്ചൂട്ടി..
“ലച്ചൂട്ടി.. നിനക്ക് മോളെ കാണണ്ടേ.. അന്ന് നീയെന്നെ ഏൽപ്പിച്ച് പോയ ചോരക്കുഞ്ഞിന്ന് വലുതായല്ലോ.. ഒരിക്കലും നീയില്ലാത്ത കുറവ് അവൾ അറിഞ്ഞിട്ടേയില്ല.. അവൾക്ക് അമ്മയായും അച്ഛനായും എന്നും ഞാനുണ്ടാവും. എന്നും എൻ്റെ മകളായ് വളർത്തും .. കുഞ്ഞിക്കൊലുസ്സിട്ട് വേദമോൾ ഓടി നടക്കുന്നത് കാണുമ്പോൾ ബാലേച്ചീ .. എന്നു വിളിച്ചെൻ്റെ പിന്നാലെ വരുന്ന നിന്നെയാണ് ഓർമ്മ വരുന്നത്.ഇന്ന് നമ്മുടെ സൗദമ്മ പറയ്യാ, വേദമോൾ അവളുടെ അമ്മയെപ്പോലെയാണെന്ന്… ശരിയാ.. അവൾ നിന്നെപ്പോലെത്തന്നെയാ ലച്ചൂട്ടി.. ശ്രീലക്ഷ്മി എന്ന പേരിലെ ലക്ഷ്മി കൂടി ചേർത്ത് വേദാ ലക്ഷ്മി എന്നവൾക്ക് പേരിടുമ്പോ എനിക്കറിയാമായിരുന്നു നീയതാഗ്രഹിക്കുന്നുവെന്ന്” പറഞ്ഞു കൊണ്ട് വേദമോളെ ചേർത്ത് പിടിച്ച് കരഞ്ഞു ബാല..

“അമ്മ കയ്യല്ലേ.. നാനും കയ്യൂട്ടോ..”ബാലയുടെ കണ്ണുകൾ കുഞ്ഞുകൈകളാൽ തുടച്ചു കൊണ്ട് കുഞ്ഞുവേദ വിതുമ്പി.

” അമ്മേടെ വാവ കരയണ്ടാട്ടോ.. അമ്മയ്ക്ക്
വേദമോള് മാത്രം മതി.. “ബാല കുഞ്ഞിക്ക ചേർത്ത് പിടിച്ച് മുത്തി.
സങ്കടങ്ങളും പരിഭവങ്ങളും പറഞ്ഞ് ഒരുപാട് നേരം അവിടെത്തന്നെ നിന്നു.. മഴ മേഘങ്ങൾ ഇരുണ്ടു മൂടി കാറ്റും വീശാൻ തുടങ്ങിയിരുന്നു. പ്രിയപ്പെട്ടവർക്കൊപ്പം നിന്നതിനാലാവാം മഴത്തുള്ളികൾ നിലത്ത് പതിക്കാൻ തുടങ്ങിയതൊന്നും അവൾ അറിഞ്ഞതേയില്ല..
തുടരും..

LEAVE A REPLY

Please enter your comment!
Please enter your name here