Home Latest ആ തല എവിടെപോയെന്ന് ചോദിച്ചാ ജീവിതത്തിലാദ്യമായി ഞാൻ ചേട്ടനോട് ദേഷ്യപ്പെട്ടത്.. അതുകൊണ്ടൊക്കെ തന്ന്യാ ഇന്ന് ചേട്ടൻ...

ആ തല എവിടെപോയെന്ന് ചോദിച്ചാ ജീവിതത്തിലാദ്യമായി ഞാൻ ചേട്ടനോട് ദേഷ്യപ്പെട്ടത്.. അതുകൊണ്ടൊക്കെ തന്ന്യാ ഇന്ന് ചേട്ടൻ എന്നോടൊപ്പം ഇല്ലാത്തതും… Part -8

0

Part – 7 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Sai Bro

ഉടലുണ്ട് തലയില്ല Part – 8

‘എവിടെ? ഏത് ശിവക്ഷേത്രത്തിലേക്കാണ് ചേട്ടൻ രാവുണ്ണി നായരുടെ തലയോട്ടി കൊടുത്തിരിക്കുന്നത്..? എങ്ങിനെ ഞാനത് കണ്ടെത്തും..?

അത്രയും ചിന്തിച്ചു കൊണ്ട് ഞാൻ ഭിത്തിയിൽ പുഞ്ചിരിതൂകി നിൽക്കുന്ന ശശി ചേട്ടന്റെ ചിത്രത്തിലേക്ക് തറച്ചുനോക്കി..

###########################

“ന്റെ പൊന്നളിയാ, നീ എന്തൊക്കെയാ ഈ പറേണെ..? നിന്റെ ചേട്ടൻ രാവുണ്ണിനായരുടെ തല എടുത്തു ശിവന്റെ അമ്പലത്തിലേക്ക് കൊടുത്തെന്നോ..? നീ വെറുതെ ഊഹിച്ചു കാട് കേറാൻ നോക്കല്ലേ ശേഖറെ.. പശുവും ചത്ത്‌ മോരിലെ പുളീം പോയി, എന്നിട്ടും നീയത് ഓർത്തോണ്ടിരിക്കാതെ വേറെ വെല്ല കാര്യണ്ടെങ്കിൽ പറ.. കേൾക്കാനൊരു രസണ്ട്.. ഇതൊരുമാതിരി.. ” ശംഭു അൽപ്പം നീരസത്തോടെ അത് പറയുമ്പോൾ ഞാനൊന്ന് തലചൊറിഞ്ഞു..

” അതെല്ലെടാ ശംഭു, രാവുണ്ണിയെ ചേട്ടൻ കൊന്നിട്ടുണ്ട്..അതെന്നോട് ആള് തറപ്പിച്ചു പറഞ്ഞതാ.. പക്ഷെ ആൾടെ തല എന്ത് ചെയ്‌തെന്നു മാത്രം ചേട്ടന് എന്നോട് പറഞ്ഞില്ല.അത് മനപൂർവ്വം അല്ല, ചേട്ടന്റെ ഓർമ്മകുറവുകൊണ്ട് സംഭവിച്ചതാ..ആ തല എവിടെപോയെന്ന് ചോദിച്ചാ ജീവിതത്തിലാദ്യമായി ഞാൻ ചേട്ടനോട് ദേഷ്യപ്പെട്ടത്.. അതുകൊണ്ടൊക്കെ തന്ന്യാ ഇന്ന് ചേട്ടൻ എന്നോടൊപ്പം ഇല്ലാത്തതും. നീ പറഞ്ഞത് ശര്യാ, പശുവും ചത്തു മോരിലെ പുളീം പോയി.. രാവുണ്ണി നായരും ചത്തു, അങ്ങേരെ കൊന്ന ചേട്ടനും ഇന്ന് ജീവിച്ചിരിപ്പില്ല.. പക്ഷെ ചേട്ടനാ തല എവിടേക്ക് കൊടുത്തത് എനിക്ക് അറിയണം.. ഇതെന്റെയൊരു വാശിയാണെന്ന് നീ കൂട്ടിക്കോ.. ”

കൈകൾ കൂട്ടി തിരുമ്മികൊണ്ട് ദൃഢമായ വാക്കുകളാൽ ഞാനത് പറയുമ്പോൾ ശംഭു എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

“അതല്ല ശേഖറെ, ശശിശേഖർ എന്ന നിന്റെയും ചേട്ടന്റെയും പേരിന്റെ അർത്ഥം ശിവൻ എന്നാണെന്നും മരിക്കും മുൻപ് ആ തലയോട്ടി ഏതോ ശിവക്ഷേത്രത്തിൽ ഉണ്ടെന്ന് നിന്നെ അറിയിക്കാൻ വേണ്ടിയാണ് ശശിചേട്ടൻ ആ പേര് കടലാസ് തുണ്ടിലെഴുതി അവിടെ ഇട്ടത് എന്നല്ലേ നീ പറയുന്നത് ”

“അതേ.. അത് അങ്ങിനെതന്നെയാവാനാണ് സാധ്യത.ആ അമ്പലമാണ് ഇനി കണ്ടെത്തേണ്ടത് ” ഞാൻ അത് പറഞ്ഞുകൊണ്ട് ദീർഘശ്വാസം ഉതിർത്തു..

“അതൊരു അമ്പലത്തിൽ തന്നെയാണെന്ന് നിനക്കെന്താ ഉറപ്പ്? ” ശംഭു അത് പറഞ്ഞുകൊണ്ട് എന്നെയൊന്ന് നോക്കി.

“അല്ലാതെ പിന്നെ..? ”

“എടാ ശേഖറെ, ശശിശേഖർ എന്നാൽ ശിവൻ എന്നാണ് അർത്ഥമെങ്കിലും അതേതെങ്കിലും അമ്പലത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ശിവഭഗവാൻ ആവണമെന്നുണ്ടോ..? ജീവനുള്ള ശിവൻ ആയിക്കൂടെ..? ”

“നീ എന്താ ഉദ്ദേശിക്കുന്നത്..? ” ഞാൻ ശംഭുവിനെ തറച്ചുനോക്കി..

“അളിയാ, നമ്മള് മനുഷ്യൻമാർക്കും ശിവൻ എന്ന് പേരുണ്ടല്ലോ..? അങ്ങനെയും ചിന്തിച്ചു നോക്കാമല്ലോ..? ” ശംഭുവിന്റെ ആ ചോദ്യം കേട്ടപ്പോൾ ഞാൻ നെറ്റിയൊന്ന് ചുളിച്ചു..

” പക്ഷെ ഹരൻ പറഞ്ഞത് ചേട്ടൻ ആ തലയോട്ടി ഏതോ അമ്പലത്തിലേക്ക് വേണ്ടി ഉണ്ടാക്കിയതാണ് എന്നാണെടാ., ആ വഴിക്ക് ചിന്തിച്ചപ്പോഴാണ് ശിവന്റെ പ്രതിഷ്ഠയുള്ള അമ്പലങ്ങളെകുറിച്ച് ഞാനോർത്തത്.. ” ഞാനെന്റെ സംശയം ശംഭുവിനോട് പറഞ്ഞു..

“പക്ഷെ ശേഖറെ അമ്പലത്തിൽ എന്തിനാ തലയോട്ടി പ്രതിമ..?എനിക്ക് തോന്നുന്നത് ശിവൻ എന്ന് പേരുള്ള ആരെങ്കിലുമൊരാൾ നിന്റെ ചേട്ടനോട് കണ്ടാൽ ഒർജിനൽ പോലെ തോന്നിക്കുന്ന ഒരു തലയോട്ടി ഉണ്ടാക്കിതരാൻ അവശ്യപെട്ടിട്ടുണ്ടാകും.. ”

” പക്ഷെ അവിടേം ഒരു കൊഴപ്പം ഒണ്ടല്ലോ ശംഭു, മനുഷ്യന്മാർക്കെന്തിനാ തലയോട്ടി പ്രതിമയുടെ ആവശ്യം..? ” എന്റെ ആ ചോദ്യം കേട്ട് ശംഭു തലയൊന്ന് ഉഴിഞ്ഞു ആലോചിച്ചു..

“അത് പിന്നെ ഈ കൂടോത്രം ചെയ്യാനും ദുർമന്ത്രവാദത്തിനുമൊക്കെ ആളുകൾ തലയോട്ടി ഉപയോഗിക്കാറില്ലേ..? ഇപ്പോഴത്തെ സാഹചര്യത്തിൽ ഒർജിനൽ തലയോട്ടി കിട്ടാത്തത് കൊണ്ട് ആരെങ്കിലും ഡ്യൂപ്ലിക്കേറ്റ് സാനം ഉണ്ടാക്കാൻ ചേട്ടനോട് അവശ്യപെട്ടതാവും.. എന്തിനാ ഡ്യൂപ്ലിക്കേറ്റ് ആക്കുന്നെ ഒർജിനൽ തന്നെ കൊടുത്തേക്കാം എന്ന് കരുതി നിന്റെ ചേട്ടൻ രാവുണ്ണിനായരുടെ തല എടുത്ത് അയാൾക്ക് കൊടുത്തിട്ടുണ്ടാവും.., അതിനാണ് സാധ്യത, അങ്ങനെയേ വരൂ.. ” ശംഭു അത് തറപ്പിച്ചു പറഞ്ഞപ്പോൾ അത് ശരിയാകാൻ വഴിയുണ്ടെന്ന് എനിക്കും തോന്നി..

“അളിയാ നീ ടെൻഷൻ അടിക്കാതിരിക്ക്.. തലയോട്ടി പ്രിയനായ ആ ശിവൻ നമ്മുടെ നാട്ടുകാരനാണേൽ ഞാനവനെ തപ്പിപിടിക്കാം.., തല്ക്കാലം ഞാൻ പണിക്ക് ഇറങ്ങട്ടെ.. രണ്ടീസായി ആ വഴിക്ക് ചെന്നിട്ട്.. ” ശംഭു അത് പറഞ്ഞുകൊണ്ട് ചുറ്റികയും ഉളിയും തപ്പിയെടുത്തു സഞ്ചിയിൽ തിരുകുമ്പോൾ ഞാൻ പതിയെ അവിടെനിന്നിറങ്ങി നടക്കാൻ ആരംഭിച്ചു..

പൊടിമണ്ണ് നിറഞ്ഞ വഴിയിലൂടെ എന്തോ ആലോചിച്ചങ്ങിനെ നടക്കുമ്പോൾ എതിരെ പാർവ്വതി വരുന്നത് ഞാൻ കണ്ടു. ആ വഴിയിലെങ്ങും ആരുമില്ലെന്ന് ഉറപ്പ് വരുത്തി അവളെന്നോട് സംസാരിക്കാൻ തുടങ്ങി.

” എന്തായി ചേട്ടന്റെ ചടങ്ങുകൾ ഒക്കെ കഴിഞ്ഞോ..? ”

” ഇല്ല, നാളെ കഴിഞ്ഞാണ് അസ്ഥിസഞ്ചയനം..”

“അതൂടെ കഴിഞ്ഞാൽ കഴിഞ്ഞ കാര്യങ്ങളൊക്കെ മറക്കാൻ ശ്രമിച്ചു നല്ലകുട്ടി അയേക്കണം കേട്ടല്ലോ. ” പാർവ്വതി അത് പറഞ്ഞുകൊണ്ട് എന്റെ കൈതണ്ടയിൽ ഇറുക്കിപിടിച്ചു..

“ഹമ്.. ചേട്ടൻ ഈ ഭൂമിയിലില്ലെന്ന് ഞാനെന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരിക്കുവാ ഇപ്പോൾ.. ” ഞാനത് പതിയെ പറയുമ്പോൾ അല്പനേരത്തേക്ക് അവൾ നിശബ്ദയായി മുഖം കുനിച്ചു നിന്നു.

“എന്താ പറ്റ്യേ, ഒന്നും മിണ്ടാത്തെ..? ” എന്റെ ചോദ്യം പാർവ്വതി മുഖം ഉയർത്തുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു.

“അറിയാതെ അച്ഛനെ കുറിച്ച് ഞാനോർത്തുപോയി .. അച്ഛൻ ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ എന്നറിയാതെ ഞാനും അമ്മയും എത്രനാളായി ഇങ്ങനെ കാത്തിരിക്കുന്നു..എന്നെങ്കിലും ആ മുഖം ഒന്ന് കാണാൻ കഴിയണേ എന്ന് മാത്രമേ ഞാനിപ്പോ പ്രാർത്ഥിക്കുന്നുള്ളൂ.. എല്ലാം കാണുന്ന ഭഗവാൻ ഇതെങ്കിലും സാധിച്ചു തരുമായിരിക്കും അല്ലേ..? ” ശബ്ദം ഇടറിക്കൊണ്ട് പാർവ്വതി അത് പറയുമ്പോൾ അതിനെന്തു മറുപടി നൽകും എന്നറിയാതെ അലക്ഷ്യമായി ഞാൻ മറ്റെങ്ങോട്ടോ ദൃഷ്ട്ടിപായിച്ചു..

“നിന്റെ അച്ഛന്റെ മുഖം കണ്ടെത്തുക എന്നതാണ് എന്റെയും ഇപ്പോഴത്തെ ആവശ്യം” അങ്ങനെ മനസ്സിൽ പറഞ്ഞുകൊണ്ട് ഞാനവളെ കരുണയോടെയൊന്ന് നോക്കി..

“എല്ലാം ശരിയാകും. ഞാൻ പോട്ടെ വീട്ടിൽ കുറച്ച് കാര്യങ്ങൾ ചെയ്യാനുണ്ട്.. ” അത് പറഞ്ഞുകൊണ്ട് പാർവതിക്കരുകിൽ നിന്ന് ഞാൻ വേഗത്തിൽ നടന്നുനീങ്ങുമ്പോൾ കണ്ണീരൊപ്പികൊണ്ട് പാർവ്വതിയും അകലേക്ക്‌ നടക്കുന്നുണ്ടായിരുന്നു..

വീട്ടിലെത്തി ഊണുകഴിച്ചശേഷം ചേട്ടന്റെ അസ്ഥിസഞ്ചയനം ചടങ്ങിനെകുറിച്ചുള്ള കാര്യങ്ങൾ അമ്മാവമാരുമായി സംസാരിക്കുന്നതിനിടയിലാണ് ശംഭുവിന്റെ കാൾ വന്നത്..

“കിട്ടി അളിയാ കിട്ടി, നിന്റെ ചേട്ടന്റെ കയ്യിൽ നിന്ന് തലയോട്ടി വാങ്ങിയ ശിവനെ എന്റെ കയ്യിൽ കിട്ടി.. ” അങ്ങേ തലക്കൽ നിന്ന് ശംഭുവിന്റെ ആവേശത്തോടെയുള്ള ശബ്ദം കേട്ടപ്പോൾ എന്റെ കയ്യിലിരുന്ന മൊബൈൽ ഒന്ന് വിറച്ചു..

“അതാരാ ആള്..? പുള്ളിക്കാരനെ ഇത്രപെട്ടെന്ന് നീയെങ്ങിനെ കണ്ടുപിടിച്ചു..? ” ഞാനത് ഒറ്റ ശ്വാസത്തിലാണ് ചോദിച്ചത്..

“അതൊക്കെ പിന്നെ പറയാം, ഇന്ന് രാത്രി നമുക്ക് ചെറിയൊരു പണിയുണ്ട്. രാത്രി ഒരു 11 മണി കഴീമ്പോ നീ അമ്പലത്തിന്റെ ചതുപ്പിന്റെ അവിടേക്ക് വാ, ഞാനവിടെ ഉണ്ടാകും. ഇന്ന് രാവുണ്ണി നായരുടെ ഒർജിനൽ തലയോട്ടി നിന്റെ കയ്യിൽ ഞാൻ തന്നിരിക്കും.. ” ശംഭു അത് പറഞ്ഞുകൊണ്ട് കാൾ കട്ട്‌ ചെയ്തപ്പോൾ കാര്യം മനസിലാകെ ഞാൻ അന്തിച്ചു നിന്നു..

അതോർത്തു കിടക്കപൊറുതി ഇല്ലാതെ ഇരുന്നും നടന്നും സമയം തള്ളിനീക്കി രാത്രി കൃത്യം 11 മണിക്ക് മാരുതി 800 കാറുമെടുത്തു അമ്പലത്തിലെ ചതുപ്പിനരുകിൽ എത്തുമ്പോൾ എന്നെയും കാത്ത് ശംഭു അവിടെ നിൽപ്പുണ്ടായിരുന്നു. ഒപ്പം മറ്റൊരാളും.. !!

കാറിൽ നിന്നിറങ്ങി ശംഭുവിന് ഒപ്പം നിൽക്കുന്ന 50 വയസോളം പ്രായമുള്ള ആ മനുഷ്യനെ ഞാനൊന്ന് നോക്കി.ഇയാളെ ഇതിന് മുൻപ് എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നോർത്ത് ഞാനൊരിക്കൽ കൂടി സൂക്ഷിച്ചു നോക്കിയപ്പോൾ ആ മുഖം മുൻപ് കണ്ട രംഗം എനിക്കോർമ്മ വന്നു. കുറച്ചീസം മുൻപ് ഇതേ ചതുപ്പിലെ ചെളിയിൽ നിന്ന് ജെസിബി ആ തലയോട്ടിയും അസ്ഥിക്കൂടവും കോരിയെടുക്കുമ്പോൾ അത് കണ്ട് ഭയന്ന് രക്ഷപെടാൻ ശ്രമിക്കവേ ഞങ്ങൾക്ക് മുൻപിൽ കയറി നിന്ന് ഗീർവാണമടിച്ച ആ വല്യപ്പൻ..അയാളാണ് ശംഭുവിന്റെ അരികിൽ തലകുനിച്ചങ്ങിനെ നിൽക്കുന്നത്.. ഇങ്ങേരെന്താണാവോ ഈ നേരത്തിവിടെ.?

” അളിയാ ഇന്ന് പകൽ സ്കൂളിന്റെ മുകളിൽ പണിയെടുത്തോണ്ടിരിക്കുമ്പോ എന്റെ ചിന്ത മുഴുവനും ഈ നാട്ടിലെ ശിവൻ എന്ന് പേരുള്ളവൻമാരെ കുറിച്ചായിരുന്നു.അങ്ങനെ ഒപ്പം പണിയുന്നവരോട് ഞാനീകാര്യം ചെറുതായൊന്ന് സൂചിപ്പിച്ചപ്പോൾ അവന്മാരാണ് പറഞ്ഞുതന്നത് ഈ നാട്ടിൽ ആകെപ്പാടെ ഒരു ശിവനെ ഒള്ളൂന്ന്. ആ ശിവനാണ് ഈ നിൽക്കുന്നവൻ. ആദ്യമൊന്നും വാ തൊറന്നില്ലെങ്കിലും സത്യം പറഞ്ഞില്ലെങ്കിൽ വല്യപ്പന്റെ കിടുക്കാമണി തട്ടിപൊട്ടിക്കൂന്ന് ഞാൻ കട്ടായം പറഞ്ഞപ്പോ ഈ മൊതല് തത്ത പറയണത് പോലെ വെടിപ്പായി കാര്യങ്ങൾ പറഞ്ഞു തുടങ്ങി. നിന്റെ ചേട്ടന്റെ കയ്യിൽ നിന്ന് ഒറിജിനലിനെ വെല്ലുന്ന ആ തലയോട്ടി വാങ്ങിയത് ഇങ്ങേര് തന്നെയാണ് .എന്നിട്ടത് ഈ ചതുപ്പിൽ തന്നെ കുഴിച്ചിടുകയും ചെയ്തു.കൂടോത്രത്തിന്റെ ആശാനാണ് ഇങ്ങേര്.. ”

ശംഭു അത് പറഞ്ഞു തീരുമ്പോൾ അന്ന് ഇവിടെ വെച്ച് ഞങ്ങൾക്ക് വിലങ്ങനെ നിന്ന് ഈ വല്യപ്പൻ പറഞ്ഞ കാര്യങ്ങൾ ഞാനോർത്തെടുത്തു..

“എല്ലാം എനിക്കറിയാം മക്കളെ, ഇത് കൂടോത്രമാണ്. ഈ അമ്പലവും ദേശവും മുടിഞ്ഞുപോകാൻ ഏതോ സാമദ്രോഹി കൂടോത്രം ചെയ്തു കുഴിച്ചിട്ടതാണ് ആ തലയോട്ടി.., നമ്മളെല്ലാവരും സൂക്ഷിക്കണം.”

‘അങ്ങിനെയാണെങ്കിൽ ശംഭു രാവിലെ പറഞ്ഞതൊക്കെ ശരിയായി വരുന്നുണ്ട്. ശിവൻ എന്ന് പേരുള്ള ഇയാൾ ചേട്ടനോട് ഒരു തലയോട്ടി പണിയാൻ അവശ്യപെട്ടു. ചേട്ടൻ രാവുണ്ണിനായരുടെ ഒർജിനൽ തല തന്നെ ഇയാൾക്ക് കൊടുത്തു.ആ തലയോട്ടി ശിവൻ വല്യപ്പൻ ഈ ചെളിക്കുണ്ടിൽ താഴ്ത്തുകയും ചെയ്തു. പക്ഷെ എന്തിനായിരിക്കും ഇയാൾ ആ തലയോട്ടി അമ്പലപറമ്പിൽ കൊണ്ട് കുഴിച്ചുമൂടിയത്..? ഇനി എന്തേലും കൂടോത്രക്കാരനായ ദുർമന്ത്രവാദിയാണോ ഈ നിൽക്കുന്ന വല്യപ്പൻ..? ‘

ഇത്രേം ചോദ്യങ്ങൾ ഞാൻ എന്നോട് തന്നെ ചോദിച്ചു തല പുണ്ണാക്കികൊണ്ടിരിക്കെ അതിനെല്ലാം ഉത്തരം തരാനെന്നവണ്ണം മുൻപിൽ നിന്ന ശിവൻ എന്ന് പേരുള്ള വല്യപ്പൻ തലയുയർത്തി എന്നെയൊന്ന് നോക്കി…

തുടരും.
Sai Bro.

LEAVE A REPLY

Please enter your comment!
Please enter your name here