Home Latest ഇത്തരം ചോദ്യങ്ങളെ ഭയന്നിട്ട് തന്നെയാണ് എല്ലാവരിൽ നിന്നും അകന്നു നിൽക്കുന്നത്… Part – 4

ഇത്തരം ചോദ്യങ്ങളെ ഭയന്നിട്ട് തന്നെയാണ് എല്ലാവരിൽ നിന്നും അകന്നു നിൽക്കുന്നത്… Part – 4

0

Part – 3 വായിക്കാൻ ഇവിടെ Click ചെയ്യുക.

യാദവം Part – 4

രചന : രജിഷ അജയ് ഘോഷ്

കോളിംഗ് ബെൽ ശബ്ദിച്ചപ്പോഴാണ് ബാല ഓർമ്മകളിൽ നിന്നും ഞെട്ടി ഉണർന്നത്. എത്ര നേരമായി കടന്നിട്ട്.. അനന്തുവേട്ടനെ കണ്ടതു മുതൽ മനസ്സ് വല്ലാതെ അസ്വസ്തമായിരുന്നു.നേരം ഇരട്ടിയിരിക്കുന്നു .. വേദൂട്ടി സുനന്ദേച്ചീടെ അടുത്താണല്ലോ.. ഓരോന്ന് ആലോചിച്ചു കൊണ്ടവൾ വാതിൽ തുറന്നു..
പുറത്തൊരു പരിചയമില്ലാത്ത ആൾ..
“ആരാ.. “ബാല ചോദിച്ചു.

” അരവിന്ദിൻ്റെ ഫ്ലാറ്റല്ലേ ..” അയാൾ സംശയത്തോടെയാണ്ചോദിച്ചത്.

“അല്ല .. ദാ ആ കാണുന്നതാണ് അരവിന്ദേട്ടൻ്റെ ഫ്ലാറ്റ് .. ” തൊട്ടടുത്ത ഫ്ലാറ്റിലേക്കവൾ കൈ ചൂണ്ടി കാണിച്ചു.

“ന്നാ.. ശരീട്ടോ..” അയാൾ അവിടേക്ക് പോയി.

വല്ലാത്ത ക്ഷീണം ഒന്നു കുളിച്ചിട്ട് മോളെ കൂട്ടി വരാം..മനസ്സിൽ കരുതിക്കൊണ്ട് ബാലകുളിക്കാൻ കയറി.

സുനന്ദേച്ചീടെ ഫ്ലാറ്റിലെത്തുമ്പോൾ വേദമോൾ നല്ല കളിയിലാണ്.അരവിന്ദേട്ടനും നേരത്തെ വന്ന ആളും അവളുടെ കുറുമ്പുകൾ കണ്ട് ചിരിയാണ്.

“ആ.. ബാലേ ഇതാണ് എൻ്റെ അനിലേട്ടൻ..” സുനന്ദേച്ചി പറഞ്ഞു. സുനന്ദയുടെ ഏട്ടനാണ് അനിൽ..

” ഞാൻ ഈ കുട്ടീടെ അടുത്ത് അന്വേഷിച്ചിട്ടാ ഇവിടെത്തിയത്..” അനിലേട്ടൻ പറഞ്ഞപ്പോൾ
ബാലയൊന്നു ചിരിച്ചു.

” സുനന്ദേച്ചി എപ്പഴും പറയാറുണ്ടെങ്കിലും ആളെ കണ്ടപ്പോ എനിക്ക് മനസ്സിലായില്ലാട്ടോ..”ബാലയും പറഞ്ഞു.

അപ്പോഴേക്കും വേദമോൾ വന്ന് ബാലയെ ചുറ്റിപ്പിടിച്ചിരുന്നു. വാ.. അവൾ കുഞ്ഞിനെ എടുത്തു.
“ഇതാണ് വേദമോളുടെ അമ്മ ശ്രീബാല.. ഞങ്ങളുടെ ബാല..”ബാലയെ അനിലിന് പരിചയപ്പെടുത്തിക്കൊടുത്തു സുനന്ദ .

“ബാല എന്തു ചെയ്യുന്നു.. “അനിലാണ്.

” ഞാനിവിടെ SBIൽ വർക്ക് ചെയ്യുന്നു.”

“മോളുടെ അച്ഛനോ “വേദയെ നോക്കി അയാളത് ചോദിക്കവേ ബാലയൊന്നു പതറി.

” അത് .. ” അവൾ പറയാനാവാതെ വിക്കി.

” വേദമോള് ഉണ്ടാവുന്നതിന് മുൻപേ ഒരാക്സിഡൻ്റിൽ മരിച്ചു പോയതാണ് അനിലേട്ടാ..”
സുനന്ദയാണ് പറഞ്ഞത്.

” ഓ.. സോറീട്ടോ.. ഞാനറിയാതെ.. ” അനിലിനും ചോദിക്കേണ്ടായിരുന്നു എന്നു തോന്നി.

“സാരല്ലാ. “ബാല പതുക്കെ പറഞ്ഞു.

മോളെയും എടുത്ത് സുനന്ദയുടെ ഫ്ലാറ്റിൽ നിന്നും ഇറങ്ങി.പോവണ്ടായിരുന്നു.. ഇത്തരം ചോദ്യങ്ങളെ ഭയന്നിട്ട് തന്നെയാണ് എല്ലാവരിൽ നിന്നും അകന്നു നിൽക്കുന്നത് ,ബാലയ്ക്ക് വല്ലാത്ത വിഷമം തോന്നി.

” അമ്മേടെ വേദൂട്ടി വായോ .. നമുക്ക് മാമുണ്ണാം .. ”

“ബാല വിളിച്ചിട്ടുംആള് കേൾക്കാത്ത മട്ടിലിരിപ്പാണ്.. ഒരു വായ് ഉണ്ടപ്പോൾ ഓട്ടം തുടങ്ങി .. സോഫയിൽ കയറിയും മേശയ്ക്ക് ചുറ്റും ഓടിയും കുറേ നേരം കൊണ്ടാണ് കുറച്ച് ചോറുണ്ടത്…
ജോലിക്കു പോക്കും വേദയുടെ കുറുമ്പുകളുമായ് ദിവസങ്ങൾ പോയ്ക്കൊണ്ടിരുന്നു. ഒരു ദിവസം ജോലി കഴിഞ്ഞെത്തുമ്പോൾ പുറത്ത് ശേഖരമാമ്മ നിൽക്കുന്നു..

“ശേഖരമാമ്മേ.. എപ്പഴാ വന്നേ.. ഇതെന്താ പറയാതെ വന്നേ, അതോണ്ടല്ലേ പുറത്ത് നിക്കേണ്ടി വന്നത്..”ബാല പരിഭവം പറഞ്ഞു.

” വന്നിട്ട് കുറച്ചു നേരായുള്ളൂ.. പിന്നെ പറയാതെ വന്നോണ്ടല്ലേ പെട്ടന്നു കണ്ടപ്പോഴുള്ള ഈ സന്തോഷം കാണാൻ പറ്റിയേ..”ശേഖരമാമ്മ അവളുടെ നെറുകിലൊന്നു തലോടി.

” അതു ശരിയാ.. “ബാല ചിരിച്ചു.

” ച്ചച്ചാ ..” വേദമോൾ  കുഞ്ഞിപ്പല്ലുകൾ മുഴുവൻ കാട്ടിച്ചിരിച്ചു.

” ഇങ്ങു വാ ..വേദമോള് വല്യതായോന്ന് നോക്കട്ടെ.. ”
ശേഖരമാമ്മ കൈ നീട്ടിയതും കുറുമ്പി ചാടി.

” കാര്യായിട്ട് കൊണ്ടു വന്നിട്ടുണ്ടല്ലോ.. നല്ല വെയ്റ്റാണല്ലോ…” ശേഖരമാമ്മ കൊണ്ടുവന്ന ബാഗും എടുത്ത് കൊണ്ട് അകത്തേക്ക് കയറുന്നതിനിടെ ബാല പറഞ്ഞു.

“ചക്കവരട്ടീതും മാമ്പഴവുമൊക്കെയുണ്ട്..
പോരാൻ തുടങ്ങുമ്പോ കുഞ്ഞിന് കൊടുക്കാന്ന് പറഞ്ഞ് കുറച്ച് ചക്കയടകൂടി എടുത്തു വെക്കണത് കണ്ടു.. “ശേഖരമാമ്മയാണ്.

” ഈ അമ്മായീടെ ഒരു കാര്യം.. ” എന്നും പറഞ്ഞ് ബാല നടന്നു.

മാമ്മയും മോളും കൂടിയാണ് കളി .. ബാല അടുക്കളയിൽ തിരക്കിലാണ്. ഇടയ്ക്കൊന്നു നോക്കുമ്പോളാണ് ശേഖരമാമ്മയുടെ പുറത്ത് കയറി ആനകളിക്കുന്ന വേദമോളെ കണ്ടത്..
“മാമ്മേ.. ഇവള് കുറുമ്പിയാട്ടോ.. ഇന്നിനി ഇറങ്ങുംന്ന്
കരുതണ്ടാ..  ”
” അവള് കളിക്കട്ടേ.. ന്നാ ..ആന പോവാം .. ” ശേഖര മാമ്മ വേദമോളോട് പറഞ്ഞു.

“പോവാം.. ആന പോത്തെ..” പുറത്തിരുത്ത് കുലുങ്ങിച്ചിരിക്കുന്നുണ്ട് കുറമ്പിപ്പെണ്ണ്..

അത്താഴം കഴിഞ്ഞ് കിടക്കാൻ നേരം ശേഖരമാമ്മ
വന്നു. വിശേഷങ്ങളും നാട്ടുവർത്തമാനങ്ങളുമെല്ലാം പറഞ്ഞിരുന്നു.
” ഇത്തവണ ഓണാവധിക്ക് ബാലമോളോട് അങ്ങട് വരാൻ പറഞ്ഞിട്ടുണ്ട് നളിനി .” ശേഖരമാമ്മ പറഞ്ഞത് കേട്ട് ബാലയൊന്നും മിണ്ടിയില്ല.

അവളുടെ മൗനം കണ്ടപ്പോൾ
“മോളെ.. കഴിഞ്ഞതൊക്കെ കഴിഞ്ഞു.ഇനിയും ഓരോന്നോർത്ത് വിഷമിച്ചിരിക്കാതെ.. കഴിഞ്ഞയാഴ്ച്ച സുഭദ്രയെക്കാണാൻ നളിനി പോയിരുന്നു. നിന്നെക്കുറിച്ച് ചോദിച്ചത്രേ.. കാണാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞു ..കണ്ണാക്കെ നിറഞ്ഞു കൊണ്ടാണത്രയും പറഞ്ഞത് എന്ന് നളിനി പറഞ്ഞു. തീരെ വയ്യാ.. കിടപ്പിൽ തന്നെയാണ്.. ചെയ്തതൊക്കെ തെറ്റായീന്ന് ഇപ്പോൾ തോന്നുന്നുണ്ടാവും”ശേഖരമാമ്മ പറഞ്ഞു.

“ഇപ്പൊ അങ്ങനെ ഓർത്തിരിക്കാറൊന്നുമില്ല.. കുറച്ചു ദിവസം മുൻപ് അനന്തുവേട്ടൻ കാണാൻ വന്നിരുന്നു.. അന്ന് മാത്രം വേണ്ടാന്ന് കരുതീട്ടും പഴയതെല്ലാം ഓർത്തു പോയി .. “ബാല പറഞ്ഞു.

” ഇവിടെ വന്നുവോ..ഞാനും കണ്ടിരുന്നു ഇടയ്ക്ക് ,സുഭദ്രയ്ക്ക് വയ്യായ്ക കൂടിയപ്പോൾ അശോകൻ നിർബന്ധിച്ചിട്ട് വന്നതാണെന്നു് പറഞ്ഞു. പഴയ കാര്യങ്ങളെല്ലാം ഓരോന്നുപറഞ്ഞ് സങ്കടപ്പെട്ടു.നല്ല കുറ്റബോധം ഉള്ളതുപോലെ തോന്നി.ശ്രീക്കുട്ടീം കുഞ്ഞും സുഖായിരിക്കണോ എന്ന് ചോദിച്ചു. “ശേഖരമാമ്മ പറഞ്ഞു കൊണ്ടിരുന്നു.

” നേരം ഒരുപാടായി .. കിടന്നോളൂ..ഞാൻ രാവിലെ ഇറങ്ങും മോളെ.. ” കിടക്കാനായി എഴുന്നേറ്റു കൊണ്ട് ശേഖരമാമ്മ പറഞ്ഞു.

“എപ്പൊ വന്നാലും തിരക്കാ.. രണ്ടു ദിവസം നിന്നിട്ട് പോയാപ്പോരെ .. “ബാല ചോദിച്ചു.

“പണിക്കാരൊക്കെ ഉള്ളതല്ലേ.. അടുത്ത തവണ വരുമ്പോ നിക്കാലോ.. ” എന്നും പറഞ്ഞ് ശേഖര മാമ്മ കിടന്നു.

രാവിലെ ഒരുമിച്ചാണ് ഇറങ്ങിയത്. …
” ഓത്തത്തിന് അങ്ങട്ട് വരുന്ന കാര്യംഒന്നൂടി ആലോചിച്ച് നോക്കൂട്ടോ..” ഇറങ്ങാൻ നേരം ഒന്നൂടി ഓർമ്മിപ്പിച്ചു മാമ്മ.
” നോക്കാം.. “ബാല പറഞ്ഞു.
പോകില്ല എന്നറിയാം.. എന്നാലും മാമ്മയെ വെറുതെ വിഷമിപ്പിക്കണ്ട എന്നു മാത്രം കരുതി.

ബാങ്കിലും  ഓണത്തെക്കുറിച്ച് സംസാരിച്ച് തുടങ്ങിയിരിക്കുന്നു. ഇത്തവണ ശനിയും ഞായറും കഴിഞ്ഞാണ് ഉത്രാടവും തിരുവോണവും വരുന്നത് ..അത് കൊണ്ട് അഞ്ചു ദിവസത്തെ ലീവുണ്ട്. എല്ലാവരും ലീവ് എങ്ങനെ അടിച്ചു പൊളിക്കാം എന്നുള്ള പ്ലാനിങ്ങിലാണ്.
ബാങ്കിൽ ഇത്രയും അവധി കിട്ടുന്നത് കുറവാണ്.
തനിക്കു മാത്രം വലിയ സന്തോഷമൊന്നും തോന്നുന്നില്ല .. ജോലിക്കു വരുമ്പോൾ മറ്റൊന്നും ചിന്തിക്കാതെ പകൽ തീരുമല്ലോ എന്നതാണ് ആശ്വാസം . സാരമില്ല .. മോളുടെ കൂടെ ഇരിക്കാലോ.. ബാല മനസ്സിൽ കരുതി.

” ഇത്തവണ ഓണത്തിന് ഞങ്ങൾ നാട്ടിൽ പോവുന്നുണ്ട് ബാലേ.. അവിടൊരു അമ്പലത്തിൽ ആൽമരത്തിൽ തൊട്ടില് കെട്ടിയാൽ കുട്ടികൾ ഉണ്ടാവുമത്രേ.. അവിടേം പോയിട്ടേ വരൂ..” സുനന്ദേച്ചി വലിയ സന്തോഷത്തിലാണ്.

” അത് നന്നായി ചേച്ചീ.. കുറെയായില്ലേ പോയിട്ട് .. ”
ബാല പറഞ്ഞു.

“നീ വരുന്നോ.. ഞങ്ങടെ നാടൊക്കെ കണ്ടിട്ട് വരാം.”
സുനന്ദേച്ചി ഉത്സാഹത്തോടെ ചോദിച്ചു.

” ഇല്ല ചേച്ചീ.. പിന്നീടൊരിക്കൽ പോവാം.. “ബാല ഒഴിവു പറഞ്ഞു.

“നാട്ടിൽ പോണുണ്ടോ..” സുനന്ദേച്ചി ചോദിച്ചതും ഇല്ല എന്ന് പറഞ്ഞു.

വെള്ളിയാഴ്ച്ച ബാങ്കിൽ നിന്നിറങ്ങി മോൾക്കൊരു ഫ്രോക്കു വാങ്ങി.. കഴിഞ്ഞ തവണ ഓണത്തിന് ഒന്നും വാങ്ങിയില്ല. ഇത്തവണ അവൾക്കൊരു കുഞ്ഞിസദ്യയുണ്ടാക്കിക്കൊടുക്കണം, ഈ ഉടുപ്പിട്ട് കൊടുക്കണം.. മോളെയും കൂട്ടി ഫ്ലാറ്റിലേക്ക് നടക്കുമ്പോൾ ബാല മനസ്സിലുറപ്പിച്ചു.
ഇനി കുറച്ചു ദിവസം  അലാറം വയ്ക്കേണ്ടല്ലോ എന്നാശ്വസിച്ചാണ് കിടന്നത്…

✨✨✨✨✨✨✨✨✨✨✨✨✨

പട്ടുപാവാട പൊക്കിപ്പിടിച്ച് പൂക്കളത്തിന് ചുറ്റും ഓടുന്നുണ്ട് കുഞ്ഞു ബാലയും ലച്ചൂട്ടിയും.
” ഓടി വീണാൽ രണ്ടിനും നല്ലതല്ലു കിട്ടും.. എത്ര പറഞ്ഞാലും കേൾക്കില്ല.. ” അമ്മ ദേഷ്യപ്പെടുന്നത് കേട്ടിട്ടാണ് സദ്യയുണ്ണാൻ ഇല വെട്ടാൻ പോയ അച്ഛൻ കയറി വന്നത്.
” നല്ലൊരു ദിവസായിട്ട് ഇന്നെങ്കിലും കുട്ടികളോടു വഴക്കിടാതിരുന്നുടെ സുജേ.. ” അച്ഛൻ ചോദിക്കുന്നത് കേട്ടപ്പോൾ അമ്മക്ക് ഒന്നൂടെ ദേഷ്യം കൂടി .
“അല്ലേലും ഈ നന്ദേട്ടനാ ഇവരെ ഇങ്ങനെ കുറുമ്പികളാക്കണത്.. ഞാൻഎന്ത് പറഞ്ഞാലും കുട്ട്യോളാന്നും പറഞ്ഞ് എന്നെ ഉപദേശിക്കാൻ വരും .. പിന്നെങ്ങനെ ശരിയാവാനാ.. അച്ഛനും മക്കളുംഎന്താന്ന് വച്ചാ ആയിക്കോ.. ” ദേഷ്യപ്പെട്ട് അമ്മ കയറിപ്പോയി.
” അച്ഛേടെ മക്കളെന്തിനാ അമ്മേ ദേഷ്യം പിടിപ്പിക്കണത്.. അതൊരു പാവല്ലേ.. പറഞ്ഞാ കേക്കണം രണ്ടാളും ട്ടോ..”സ്നേഹത്തോടെ പറഞ്ഞു അച്ഛൻ..

അച്ഛാ..പെട്ടന്ന് ഉറക്കത്തിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ണുതുറന്നു ബാല. ലൈറ്റിട്ടു ചുറ്റും നോക്കി. പൂക്കളമില്ല.. അച്ഛനും അമ്മയും ലച്ചൂട്ടിയുമില്ല.. വേദമോളും താനും മാത്രം..
ജഗ്ഗിൽ നിന്നും വെള്ളമെടുത്ത് കുടിച്ച് കിടന്നു. തിരിഞ്ഞു മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നതേയില്ല.. എപ്പോഴോ ഒന്നു മയങ്ങി..
“മോളെന്താ നമ്മുടെ വീട്ടിലേക്ക് വരാത്തെ.. കുഞ്ഞിനെ നമ്മുടെ നാടും വീടുമൊക്കെ കാട്ടിക്കൊടുക്കണ്ടെ.. ഞങ്ങൾക്ക് അവളെ കാണണ്ടേ.. കഴിഞ്ഞ ഓണത്തിന് വരുംന്ന് കരുതിയിരുന്നു കാണാതായപ്പോ അച്ഛൻ സങ്കടപ്പെട്ടു.. ഒടുവിൽ വിഷൂനെങ്കിലും വരുമായിരിക്കുംന്ന് പറഞ്ഞൂ.. പക്ഷേ.. കണ്ടില്ല .. ഇത്തവണ എന്തായാലും വരുമെന്ന് പറഞ്ഞിട്ടാ അച്ഛന് സമാധാനമായെ.. “നെറുകിൽ തലോടിക്കൊണ്ട് അമ്മ പറഞ്ഞത് കേട്ട് ബാല ഉണർന്നു ..അമ്മേ.. ഉറക്കെ വിളിച്ചു.
ഇല്ല ..അരികിലില്ല, കണ്ണുകൾ നിറഞ്ഞൊഴുകി.. എന്താ ഇപ്പൊ ഇങ്ങനെ സ്വപ്നം കാണാൻ ..
ഞാനും മോളും നാട്ടിൽ ഉണ്ടാവണമെന്ന് അച്ഛനും അമ്മയും ആഗ്രഹിക്കുന്നുണ്ടാവുമോ ..
ഓണത്തിന് ഒരുമിച്ചിരുന്ന് ഉണ്ണണതാണ് അച്ഛനിഷ്ടം..
വീണ്ടും കിടന്നു.. മനസ്സ് പറഞ്ഞാൽ കേൾക്കാത്തതു പോലെ .. നാട്ടിൽ പോണോ..

പെട്ടന്ന് തോന്നിയ ഒരുൾപ്രേരണയാൽ പോവണം എന്നു തീരുമാനിച്ചു. ക്ലോക്കിലേക്ക് നോക്കിയപ്പോൾ  4 മണി ആവുന്നു. അവധിക്ക് എല്ലാവരും അവരവരുടെ വീടുകളിലേക്കെത്താനുള്ള തത്രപ്പാടായതിനാൽ ട്രെയിനിൽ തിരക്കാവും എന്നാലും ഓൺലൈനിൽ ടിക്കറ്റ് കിട്ടുമോന്ന് നോക്കാം.. ഭാഗ്യത്തിന് ഒഴിവുണ്ട്. 9.30 നാണ് ട്രെയിൻ.

എഴുന്നേറ്റ് കുളിച്ച ശേഷം ഡ്രസ്സെല്ലാംപാക്ക് ചെയ്യാൻ തുടങ്ങി….

മോൾക്ക് വേണ്ടതെല്ലാം വാരിപ്പെറുക്കി ഒരു ബാഗിലിട്ടു.ഇനിയും വല്ലതും മറന്നുവോ.. മനസ്സിന് വല്ലാത്തൊരു വെപ്രാളം. 6 മണി കഴിഞ്ഞിരിക്കുന്നു
ഫോണെടുത്ത് ശേഖരമാമ്മയെ വിളിച്ചു.

“ഹലോ..ബാലമോളെ.. ഇതെന്താ ഇത്ര രാവിലെ..” സ്വരം കേട്ടാലറിയാം പതിവില്ലാത്ത സമയത്തുള്ള കോൾ കേട്ട് ഭയന്നിട്ടുണ്ടെന്ന്.

” ഞാനിന്ന് നാട്ടിലേക്ക് വരുന്നുണ്ട് ശേഖരമാമ്മേ.. ”
ഉത്സാഹത്തോടെ ബാല പറഞ്ഞതും
ശേഖരമാമ്മയ്ക്ക് സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞിരുന്നു.

“സന്തോഷായി, എപ്പഴാ വരുന്നത്. ” ശേഖര മാമ്മയുടെ സന്തോഷം ശബ്ദത്തിൽ നിറഞ്ഞു നിന്നിരുന്നു.

” 9.30 നാണ് ട്രെയിൻ .. 1 .45 ന് കോഴിക്കോട്ടെത്തും.ശേഖരമ്മാമ അവിടെ ഉണ്ടാവുമോ?.. മോളെയും കൊണ്ട് ബാഗുമൊക്കെയായി തനിച്ച് വരാൻ ബുദ്ധിമുട്ടാവും.. അല്ലെങ്കിൽ ഞാൻ ടാക്സിക്ക് പോന്നേനെ.. “ബാല പറഞ്ഞു നിർത്തി.

“ഞാനവിടെ നിൽക്കാം മോളെ.. നമ്മുടെ കാറുണ്ടല്ലോ.. മോളിങ്ങ് പോരെ, ഞാൻ നളിനിയോടും ഹിമക്കുട്ടിയോടും പറയട്ടേ..”ശേഖര മാമ്മ പറഞ്ഞു.

” ശരീ.. ട്രെയിനിൽ കയറീട്ട് വിളിക്കാട്ടോ .. ” ബാല ഫോൺ വച്ച ശേഷം മോളെ ഉണർത്തി.

കുളിപ്പിച്ച് ഭക്ഷണമെല്ലാം കൊടുത്ത ശേഷം സുനന്ദയുടെ ഫ്ലാറ്റിലേക്ക് പോയി.
” ഇന്നെന്താ പതിവില്ലാതെ രാവിലെ..” സുനന്ദ
അമ്പരപ്പോടെ ചോദിച്ചു.

“ഞങ്ങളിന്ന് നാട്ടിലേക്ക് പോവ്വാ സുനന്ദേച്ചീ .. ”

“ഇതെന്താ പെട്ടന്ന് .. ”

” അങ്ങനെ തോന്നി … ടെയിനിന് കോഴിക്കോട് വരെ അവിടെ ശേഖര മാമ്മ കാറുമായി വരും.. “ബാല പറഞ്ഞതും

“സ്റ്റേഷനിൽ ഞാനാക്കിത്തരാം .. തനിച്ച് പോവണ്ട.”
അരവിന്ദേട്ടനാണ്.

തനിയെ പോവാമെന്ന് പറഞ്ഞെങ്കിലും അരവിന്ദേട്ടനും സുനന്ദേച്ചിയും സമ്മതിച്ചില്ല.
ഇറങ്ങാൻ നേരം സുനന്ദേച്ചിക്ക് രണ്ടു കവിളിലും ഉമ്മ കൊടുത്തു വേദമോൾ. സുനന്ദയ്ക്കും വേദമോളെ പിരിയുന്നത് സങ്കടമാണ്.
റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ നല്ല തിരക്കാണ്. ബാഗുകൾ എടുത്ത് സീറ്റും കണ്ടു പിടിച്ച് തന്നശേഷമാണ് അരവിന്ദേട്ടൻ പോയത്.

കംപാർട്ട്മെൻ്റിൽ നല്ല തിരക്കാണ്. ട്രെയിനിലെ യാത്ര ആദ്യമായതിനാൽ വേദമോൾ നല്ല സന്തോഷത്തിലാണ്. ട്രെയിൻ സ്റ്റാർട്ടായ് അൽപം കഴിഞ്ഞപ്പോൾ കാഴ്ചകൾ കണ്ടുകൊണ്ടിരുന്ന കുഞ്ഞുവേദ ഉറങ്ങിയിരുന്നു.. ശാന്തമായ് ഉറങ്ങുന്ന കുഞ്ഞു മുഖം കാൺകേ ബാലയുടെ കണ്ണുകൾ നിറഞ്ഞു..

തുടരും..

LEAVE A REPLY

Please enter your comment!
Please enter your name here