Home Latest അവന് പിറകെ ഇറങ്ങുമ്പോൾ അവളുടെ മനസിൽ ഉത്തരം ഇല്ലാത്ത ഒരുപാട് ചോദ്യങ്ങൾ കലങ്ങിമറിയുകയായിരുന്നു… Part –...

അവന് പിറകെ ഇറങ്ങുമ്പോൾ അവളുടെ മനസിൽ ഉത്തരം ഇല്ലാത്ത ഒരുപാട് ചോദ്യങ്ങൾ കലങ്ങിമറിയുകയായിരുന്നു… Part – 2

0

Part – 1 വായിക്കാൻ ഇവിടെ Click ചെയ്യുക.

ഓർമ്മ മാത്രം Part – 2

രചന : Anu Kalyani

“അഭിനവ്, തന്നെ വിശ്വസിച്ചാണ് ഞാൻ ഇവളെ തന്നോടൊപ്പം വിടുന്നത്…
അവൾക്ക് ഇപ്പോഴും ഇതൊന്നും accept ചെയ്യാൻ കഴിഞ്ഞിട്ടില്ല…. പിന്നെ ഇവിടെ നിർത്താൻ കഴിയാത്ത അവസ്ഥ ആണ്…”

നന്ദുവിന്റെ ബാഗും മരുന്നുകളും അഭിയുടെ കയ്യിൽ കൊടുത്തു കൊണ്ട് ശ്വേത പറഞ്ഞു.

“തനിക്ക് എന്നെ വിശ്വാസിക്കാം…ഞങ്ങൾ നാട്ടിലേക്ക് ആണ് പോകുന്നത്… അവിടെ അവൾക്ക് പ്രിയപ്പെട്ട ഒരുപാട് പേരുണ്ട്..”

“ആഹ് ദേ നന്ദന വന്നല്ലോ”
ഹോസ്പിറ്റലൽ വരാന്തയിലൂടെ നടന്നു വരുന്ന നന്ദുവിനെ രണ്ട് പേരും നോക്കി നിന്നു.
ശ്വേത അവളുടെ കൈകൾ രണ്ടും കൂട്ടിപ്പിടിച്ചു കൊണ്ട് കവിളിൽ തലോടി.

“ഒന്നും സംഭവിച്ചിട്ടില്ല എന്ന് വിശ്വസിക്കുക… എല്ലാം ശരിയാകും…”
കാറിന്റെ ഡോറ് തുറന്നുകൊണ്ട് ശ്വേത പറഞ്ഞു..
നന്ദു അഭിയെ ഒന്ന് നോക്കി കാറിലേക്ക് കയറി, അവളുടെ മനസ്സ് ശൂന്യം ആയിരുന്നു..
കാറ് പതിയെ നീങ്ങി തുടങ്ങി… തന്റെ ഓർമ്മയിൽ അവശേഷിക്കുന്ന ഒരേ ഒരു സ്ഥലം , അവിടെ നിന്ന് പോകുന്നത് അവളിൽ വിഷമം ജനിപ്പിച്ചിരുന്നു…

കാറിൽ മൂടിക്കെട്ടി നിന്നിരുന്ന നിശബ്ദത രണ്ട് പേരെയും ശ്വാസം മുട്ടിക്കുന്നുണ്ടായിരുന്നു….
“അഭിനവ് എന്റെ ആരാണ്….”
ഏറെ നാളുകൾക്ക് ശേഷം വീണ്ടും അവളുടെ ശബ്ദം കേട്ട് അവൻ അവളെ തന്നെ നോക്കി….
അവന്റെ മറുപടി ഒന്നും കേൾക്കാതെ ആയപ്പോൾ അവൾ അവനെ തലചെരിച്ച് നോക്കി….
“നന്ദു എന്നെ അഭി എന്നാണ് വിളിച്ചിരുന്നത്”
അവളുടെ കണ്ണുകൾ അവനിൽ തന്നെ തറഞ്ഞു നിന്നു.പതിയെ പുറത്തേക്ക് നോക്കി ഇരുന്നു….
“നമ്മൾ എങ്ങോട്ടാണ് പോകുന്നത്”
വീണ്ടും അവിടെ നിശബ്ദത തളം കെട്ടി നിന്നിരുന്നു….
“ആദ്യം തന്റെ നാട്ടിലേക്ക്, പിന്നെ നമ്മുടെ നാട്ടിലേക്ക്….”

ചെറിയ ഒരു ചിരിയോടെ അഭി പറയുന്നത് കേട്ട് അവൾ ഒന്നും മനസ്സിലാവാതെ നോക്കി.
“ഇയാള് പറഞ്ഞത് എനിക്ക് മനസിലായില്ല”
‘ഇയാൾ’ അവളുടെ ആ വിളി അവനിൽ വല്ലാത്തൊരു നോവ് പടർത്തി….
മറുപടി ഒന്നും പറയാതെ അവൻ ഡ്രൈവിംഗിൽ ശ്രദ്ധിച്ചു….
“എന്റെ വീട് എവിടാണ്, അച്ഛൻ,അമ്മ എല്ലാവരും ഉണ്ടോ അവിടെ?
അവർക്ക് അറിയാമോ എന്റെ ഇപ്പോഴത്തെ അവസ്ഥ….?”
അവളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ അവന്റെ മനസ് സമ്മതിച്ചിരുന്നില്ല…
“ഞാൻ പറയുന്നത് വല്ലതും ഇയാള് കേൾക്കുന്നുണ്ടോ..?”

സംസാരിക്കുമ്പോൾ താൻ, ഇയാള് എന്നൊക്കെ ആയിരുന്നു അവൾ അവനെ വിളിച്ചത്, തന്റെ പേര് വിളിക്കാതെ സംസാരിക്കുന്ന നന്ദുവിനെ കണ്ടപ്പോൾ അറിയാതെ തന്നെ ചുണ്ടിൽ ഒരു നേർത്തപുഞ്ചിരി വിടർന്നു….
അവളുടെ ചോദ്യങ്ങളെ അവൻ പൂർണമായും ആസ്വദിക്കുകയായിരുന്നു, അവളുടെ പഴയ സ്വഭാവത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിലായിരുന്നു പെരുമാറ്റം…
ഒരു രാത്രി മുഴുവൻ കാറിൽ ചിലവഴിച്ചു.ഡോറിൽ തലചായിച്ച് ഉറങ്ങുന്ന നന്ദുവിന്റെ തലയിലൂടെ വിരലോടിച്ചുകൊണ്ട് അവളെ അവൻ തട്ടി വിളിച്ചു…
ഉറക്കച്ചടവോടെ എഴുന്നേറ്റ് അവൾ ചുറ്റും നോക്കി…. പിന്നെ തന്റെ തൊട്ടരികിൽ ഇരിക്കുന്ന അഭിയെയും…

“ഇറങ്ങ്… ഇതാണ് നന്ദു പതിനഞ്ച് വയസ്സ് വരെ താമസിച്ച സ്ഥലം… ”
അവളുടെ കണ്ണുകളിൽ നോക്കി അവൻ പറഞ്ഞുകൊണ്ട് ഡോറ് തുറന്നു…
പുറത്ത് ഇറങ്ങി ആ പഴയ ബിൽഡിംഗ് കണ്ടപ്പോൾ അവളുടെ കണ്ണുകളിലെ തെളിച്ചം പൂർണമായും കെട്ടിരുന്നു….
“So,…….i am an orphan…..”
തികച്ചും നിർവികാരത നിറഞ്ഞ മുഖത്ത് നിന്നും അവളുടെ ഉള്ളിലെ കനൽ അവനറിയാൻ കഴിയുന്നുണ്ടായിരുന്നു.
“No… you were an orphan…”
അത്ഭുതത്തോടെ അവന്റെ മുഖത്തേയ്ക്ക് നോക്കി ,പതിയെ മുന്നോട്ട് നടക്കാൻ തുടങ്ങിയ അവളുടെ കൈയിൽ അവൻ പിടിച്ചു….

“അവരെല്ലാം നിന്നെ ഒരുപാട് സ്നേഹിക്കുന്നവരാണ്, ഇപ്പോഴത്തെ സാഹചര്യത്തിൽ നീ അവരെ കാണണ്ട……
എല്ലാം ശരിയാകുമ്പോൾ , നിനക്ക് എല്ലാം മനസ്സിലായി തുടങ്ങുമ്പോൾ ഞാൻ തന്നെ നിന്നെ ഇങ്ങോട്ട് കൂട്ടി വരും…”
“അങ്ങനെ ഒരു ദിവസം ഉണ്ടാകുമോ…”കുറച്ച് നേരത്തെ മൗനത്തിനു ശേഷം അവൾ ചോദിച്ചു….
അതിന് മറുപടി ചിരിയായിരുന്നു,
“വാ ഇപ്പോ പോകാം…”
ആ ബിൽഡിംഗിലേക്ക് കണ്ണുകൾ പാകിക്കൊണ്ട് തന്നെ അവൾ തിരിച്ചു നടന്നു..

അഭി തന്റെ ആരെല്ലാമോ ആണെന്നുള്ള സത്യം അവൾ തിരിച്ചറിയാൻ തുടങ്ങിയിരുന്നു…..
യാത്രയിൽ അവളുടെ കണ്ണുകൾ പലപ്പോഴും അവനെ തേടി പോയി……
കാറ് ചെന്ന് നിർത്തിയത് ഒരു ലോഡ്ജിൽ ആയിരുന്നു…
“ഇന്ന് നമുക്ക് ഇവിടെ നിൽക്കാം… രാവിലെ ഫ്രഷായിട്ട് പുറപ്പെടാം…”
ബാത്റൂമിൽ നിന്നും ഇറങ്ങുമ്പോഴായിരുന്നു കിടക്കയിൽ വച്ചിരുന്ന അഭിയുടെ ബേഗ് കണ്ടത്…… മുടിയിൽ കെട്ടിവച്ച ടവ്വൽ അഴിച്ച് കണ്ണാടിയിൽ നോക്കി….
അപ്പോഴാണ് മേശയിൽ ഉണ്ടായിരുന്ന അഭിയുടെ ഫോൺ നന്ദു ശ്രദ്ധിച്ചത്….
എന്തോ ഒരു ഉൾപ്രേരണയിൽ അവൾ അവന്റെ ഫോണെടുത്തു….
അതിൽ അഭിയോട് ചേർന്ന് നിൽക്കുന്ന നന്ദുവിന്റെ ഫോട്ടോ വാൾപേപ്പർ ആയി വച്ചിരുന്നു, കൂടെ ഉള്ള രണ്ട് പേര് ആരായിരിക്കും……. എന്ന് ചിന്തിച്ച് നിൽക്കുമ്പോഴാണ് ,പുറകിൽ അവന്റെ സാമീപ്യം അവളറിഞ്ഞത് . അവളുടെ കൈയിൽ നിന്ന് ഫോൺ വാങ്ങി പുറത്തേക്ക് ഇറങ്ങുമ്പോൾ അവന്റെ മുഖത്ത് നോക്കാൻ അവൾക്ക് എന്തോ ബുദ്ധിമുട്ട് തോന്നി….
ബാൽക്കണിയിൽ നിന്ന് എന്തൊക്കെയോ ആലോചിച്ച് നിൽക്കുന്ന നന്ദുവിന്റെ കൈയിൽ അഭി പതിയെ അവന്റെ കൈ വച്ചു.ഒന്ന് ഞെട്ടി അവൾ അവന്റെ മുഖത്തേയ്ക്ക് തന്നെ നോക്കി നിന്നു..

“ഇറങ്ങാം….”
അവന് പിറകെ ഇറങ്ങുമ്പോൾ അവളുടെ മനസിൽ ഉത്തരം ഇല്ലാത്ത ഒരുപാട് ചോദ്യങ്ങൾ കലങ്ങിമറിയുകയായിരുന്നു…

എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല,അഭീ നിന്നെ….
അവന്റെ പരിചരണവും സ്നേഹവും കരുതലും കാണുമ്പോൾ വല്ലാത്തൊരു സന്തോഷം അവളെ പൊതിയുകയായിരുന്നു.

“ഇനി ഒന്നൊ രണ്ട് മണിക്കൂറിനകം നമ്മൾ നാട്ടിൽ എത്തും….”
തിരമാലകൾ നോക്കി നിൽക്കുകയായിരുന്നു രണ്ടാളും….
അഭി നന്ദുവിന്റെ കൈയ്യും പിടിച്ച് തിരയിലേക്ക് നടന്നു….
മുന്നോട്ട് നടക്കുമ്പോഴും അവളുടെ മിഴികൾ അവനിൽ ആയിരുന്നു…. അവളിലെ മാറ്റം അവനും അറിയുന്നുണ്ടായിരുന്നു….. രണ്ട് പേരുടെയും കണ്ണുകൾ ഉടക്കി, നോട്ടം മാറ്റാതെ തന്നെ നോക്കി നിൽക്കുന്ന നന്ദുവിൽ അവൻ പഴയ തന്റെ നന്ദുവിനെ കാണുന്നുണ്ടായിരുന്നു……
“എന്താ ഇങ്ങനെ നോക്കുന്നത്…”
പുരികം ഉയർത്തി മീശ പിരിച്ച്കൊണ്ടവൻ ചോദിച്ചു..
“ഞാൻ…. ഞാൻ.. അഭിയുടെ ആരാ….”
അതിന് പിന്നെയും അവൻ ചിരി മാത്രം തിരിച്ച് നൽകി..
“അത് നീ തന്നെ കണ്ട് പിടിച്ചോ…. ഞാൻ പറയുന്നില്ല…..”
ആ ഉത്തരത്തിൽ അവൾ സംതൃപ്ത ആയിരുന്നില്ല….
“ഞാൻ കണ്ടുപിടിക്കുന്നതിന് മുമ്പ് അഭിയ്ക്ക് അത് പറഞ്ഞൂടേ…”
പരിഭവത്തോടെ ഉള്ള സംസാരം കേട്ട് അവൻ ചിരിയോടെ അവളെ ചേർത്ത് പിടിച്ചു…
അപ്പോഴും അവന്റെ മനസ്സിൽ ആ തിരകളെക്കാൾ വലിയ തിരകൾ വേദനയോടെ ആർത്തിരമ്പി വരുന്നുണ്ടായിരുന്നു…..
കൺകോണിൽ നിറഞ്ഞിരുന്ന തെളിനീർ അവൾ കാണാതിരിക്കാൻ അവൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു…

ആ നീർക്കണം കണ്ടെങ്കിലും എന്ത്കൊണ്ടൊ അവൾക്ക് അവനോട് ഒന്നും ചോദിക്കാൻ കഴിഞ്ഞില്ല….
തിരിച്ച് വീണ്ടും ആ നിശബ്ദത തളം കെട്ടി നിൽക്കുന്ന കാറിൽ കയറുമ്പോൾ അവനോടുള്ള അവളുടെ അപരിചിതത്വം പൂർണമായും മാറുന്നുണ്ടായിരുന്നു…
അവന്റെ മനസ് നിറയെ അവളുടെ ആ ചോദ്യവും……

“അഭിയുടെ ആരാണ് നന്ദു……”
🛑🛑🛑

നേർത്ത രാത്രിയുടെ സൗന്ദര്യത്തിൽ , നഷ്ടമായ ഓർമ്മകളും പേറി കാറിൽ ചാരി ഇരുന്ന് ഉറങ്ങുകയായിരുന്നു നന്ദു.
വീടിന് മുന്നിൽ എത്തി,,,,അവൻ അവളെ ഒന്ന് നോക്കി.

“നന്ദൂ, വീടെത്തി…. ഇറങ്ങ്…..”
കൺമുന്നിൽ കാണുന്ന വീട് ഓർമ്മയിലെവിടെയോ ഉള്ളത് പോലെ തോന്നി….
“ഇത് അഭിയുടെ വീടാണൊ…?”
“ഹ്മ്, ആരെയും ഒന്നും അറിയിച്ചിട്ടില്ല……
തൽക്കാലം താൻ ഒന്നും പറയാൻ നിൽക്കണ്ട….”
അവളുടെ മുഖത്തേക്ക് നോക്കാതെ ആയിരുന്നു അവനത് പറഞ്ഞത്…
“പക്ഷേ… എനിക്ക് അവരെ ആരെയും അറിയില്ലല്ലോ….?”
നിഷ്കളങ്കമായ അവളുടെ സംസാരം കേട്ട് അവൻ ചിരിയോടെ അവളുടെ കൈയിൽ അമർത്തി പിടിച്ചു…
“ഇവിടെ എന്റെ അച്ഛനും അമ്മയും മാത്രമേ ഉള്ളൂ…. ബാക്കി ഒക്കെ ഞാൻ വിശദമായി പിന്നീട് പറഞ്ഞു തരാം…….
താൻ ഇറങ്ങ്….”
ചെറിയ പരിഭവത്തോടെ അവൾ പുറത്തേക്ക് ഇറങ്ങി….
അവന്റെ ഉള്ളിലും എന്തൊക്കെയോ വീർപ്പുമുട്ടലുകൾ ഉണ്ടായിരുന്നു….

“എവിടെ ആയിരുന്നു രണ്ട് പേരും….”
സാരിത്തുമ്പിൽ കൈ തുടച്ച് കൊണ്ട് ഒരു സ്ത്രീയും കൂടെ വേറൊരാളും പുറത്തേക്ക് വന്നു.
“ഇതാണ് എന്റെ അമ്മയും അച്ഛനും….”
അഭി പതിയെ അവൾക്ക് കേൾക്കാൻ പാകത്തിൽ പറഞ്ഞു…
“അയ്യോ മോൾക്ക് ഇതെന്ത് പറ്റി….”
നന്ദുവിന്റെ തലയിലെ കെട്ട് കണ്ട് ആ സ്ത്രീ വെപ്രാളത്തിൽ അവൾക്കരികിലേക്ക് ചെന്നു.
“അത്… അത് പിന്നെ…..”
വിക്കി വിക്കി എന്തൊക്കെയോ പറയാൻ ശ്രമിക്കുന്ന നന്ദുവിനെ എല്ലാവരും ഒരുപോലെ നോക്കി…
“അവളൊന്ന് വീണതാ….. വേറെ കുഴപ്പം ഒന്നും ഇല്ല…..”
“വിളിച്ചിട്ട് ഫോൺ എടുക്കാതിരുന്നപ്പോഴേ എനിക്ക് സംശയം തോന്നിയതാ….”
പറഞ്ഞുകൊണ്ട് അവർ അഭിയ്ക്ക് നേരെ തിരിഞ്ഞു….
“അമ്മ എന്തെങ്കിലും എടുത്ത് വച്ചെ…. നല്ല വിശപ്പ്….”
വിഷയം മാറ്റാനായി പറഞ്ഞുകൊണ്ട് അകത്ത് കയറി….. പിന്നാലെ നന്ദുവും…
“വേഗം വാ… ഞാൻ മുറി കാണിച്ച് തരാം….”
അവർ അകത്തേക്ക് വരുന്നതിനു മുമ്പ് അഭി അവളുടെ കൈയിൽ പിടിച്ച് മുകളിലേക്ക് കയറി…..

മുറിയിലേക്ക് കയറുമ്പോൾ തന്നെ wind chimes ന്റെ ശബ്ദം കേൾക്കാം…
എവിടെയാ കണ്ട് മറന്നത് പോലെ, ഓരോ സാധനങ്ങളും തന്നോട് എന്തൊക്കെയോ പറയുന്നത് പോലെ….. എല്ലാത്തിനോടും എന്തോ ഒരു ആത്മബന്ധം ഉള്ളത് പോലെ…..

“മോളെ വേഗം ഫ്രഷായി താഴേക്ക് വാ….
നിന്റെ ടീച്ചറമ്മ അവിടെ എല്ലാം എടുത്ത് വച്ച് കാത്തിരിക്കാൻ തുടങ്ങി…”
അത് അഭിയുടെ അച്ഛൻ ആയിരുന്നു….
“ഞാൻ വരാം….”
ടീച്ചറമ്മ….ആ പേര് കേട്ടപ്പോൾ അവളുടെ. ഉള്ളിൽ എന്തെന്നറിയാത്ത ഒരു വികാരം ഉണ്ടായി…..

കണ്ണാടിയിൽ കാണുന്ന തന്റെ പ്രതിബിംബത്തിലൂടെ വിരലുകൾ ചലിപ്പിച്ചു…
ഈ കാണുന്ന രൂപത്തിനപ്പുറം എനിക്ക് എന്നെ കുറിച്ച് എന്താണ് അറിയാവുന്നത്….
മറവി മരവിപ്പിച്ച മനസ്സുമായി പാതി തെളിഞ്ഞ ആ രൂപത്തിന്റെ ഉള്ളിൽ നിന്നും
ഓർമ്മയുടെ എരിയുന്ന കനലിൽ നിന്ന് വമിക്കുന്ന നേർത്ത പ്രകാശം ആ കണ്ണുകളിൽ പ്രതിഫലിക്കുന്നുണ്ടായിരുന്നു…
തുടരും…

 

 

LEAVE A REPLY

Please enter your comment!
Please enter your name here