Part – 1 വായിക്കാൻ ഇവിടെ Click ചെയ്യുക.
സുലോചനയുടെ പരിഭവങ്ങള്‍ Part – 2
രചന : Sujitha Shyne
എനിക്ക് പട്ടണത്തിലുള്ള ഗള്‍ഫിലൊക്കെ ജോലിയുള്ളരാളെ കല്യാണംകഴിക്കണമെന്നായിരുന്നേയ് ആശ. അതാവുമ്പം നെറയേ വാസനസോപ്പും സാറ്റിന്തുണിയും അത്തറും ഒക്കെ കിട്ടുവല്ലോന്ന് കരുതി. അതിനൊക്കൊരു യോഗം വേണ്വേയ്….ഒടുവില്‍ വന്നതോ? ഈ പട്ടിക്കാട്ടില്നിന്നുള്ള വാസ്വേട്ടന്റെ ആലോചന! ആനയും അമ്പാരിയുമൊക്കെയുള്ള തറവാടാന്ന് കേട്ടപ്പോഴേയ്ക്കും ….ന്റെ വീട്ടുകാരും മതിമറന്നേയ്……..ന്റൊരു വിധി ! അല്ലാണ്ടിപ്പോ എന്താ പറയ്യ?
….ന്റെ വല്യമ്മായിയും ചെറിയമ്മയും ഒക്കെ ഭര്ത്താക്കന്മാരെ ദേഷ്യം വരുമ്പോള്‍ ആരുംകേള്ക്കാണ്ട് പറേണത് ‘ഈ മനുഷ്യനെക്കൊണ്ടു തോറ്റു’ എന്നൊക്കയാണേയ്. ഞാനെത്ര തവണ ഈ ചെവികൊണ്ട് കേട്ടിരിക്കുണൂ. കല്യാണം കഴിഞ്ഞാല്‍ വാസ്വേട്ടനെ ദൈവായിട്ട് കാണാനാണേയ് …..ന്റെ അമ്മയും മുത്തശ്ശിയും പഠിപ്പിച്ചത് . കൊറച്ച് ദിവസം കഴിഞ്ഞപ്പോഴല്ലേ ….ന്യ്ക്ക് ഒരൂട്ടം മനസ്സിലായത് . കല്യാണംകഴിഞ്ഞാല്പ്പിന്നെ എല്ലാപെണ്ണുങ്ങളും ഗതികെടുമ്പോ അങ്ങനെതന്ന്യാ വിളിക്യാന്ന്….ങ്ള് ഇപ്പം പറയും ….ന്റെ ഭാര്യ അങ്ങനൊന്നുമല്ല വിളിക്യാന്ന്….ങ്ള്ക്ക് പെണ്ണെന്ന ജാതീടെ ഉള്ളറിയോ? ഇല്ലല്ലോ …….അങ്നെവിളിക്കുമ്പം ഞങ്ങള്‍ക്ക് കിട്ടുന്നൊരു സുഖോണ്ടേയ്……
ങ്ള്ക്ക് ഒരു കാര്യമറിയ്യോ ? എനിക്കെന്റെയീ സുലോചനാന്നുള്ള പേരിഷ്ടല്ലാ……..ന്റെ വീട്ടുകാര്‍ക്ക് എത്രയോ നല്ല പേരുകളിടാമായിരുന്നില്ല്യേ?
ചോദിച്ചപ്പോ പറയാ അന്നത്തെ ഫാഷനനുസരിച്ചിട്ടതാന്ന്. ഇനീപ്പോ അതൊക്കെ പറഞ്ഞിട്ടെന്തുകാര്യാ ? എന്ന്ച്ച് പറയാനുള്ളത് പറയണോല്ലോ. കല്യാണംകഴിയുമ്പോഴെങ്കിലും ആവിളിക്കൊരു മാറ്റമുണ്ടാവൂംന്നാ കരുത്യേ ? എവ്ടേ ?
ആഴ്ച്ചപ്പതിപ്പിലെ ഒരു കഥയില്‍ അംബുജാക്ഷിയമ്മയെ വിവാഹം കഴിച്ച ഗൌരവക്കാരനായ ഗോപാലകൃഷ്ണന് നായര്‍ ആരുംകേള്‍ക്കാതെ അവരെ വിളിക്കണതെന്താന്നറിയോ ? അംബുജംന്ന്…. ചിലപ്പോഴൊക്യേ അംബൂന്നും…
അങനൊക്കെ വിളിക്യണ്ച്ചാ മനസ്സിലിത്തിരി സ്നേഹം വേണ്യയ്. ഇവിടെല്ലാര്‍ക്കും സന്തോഷം വന്നാലും സങ്കടം വന്നാലും സുലോചന …..സുലോചനാന്ന് നീട്ടിവിളിച്ചാലേ സമാധാനാവൂ……..
ഞങ്ള് പെണ്ണുങ്ങള്‍ക്കും ആശയൊണ്ടേയ് നിങ്ങള്‍ ഭര്ത്താക്കന്മാര് സ്നേഹത്തോടെ ഞങ്ങളെ പേരൊക്കെ ചുരുക്കി വിളിക്ക്ണ കേള്‍ക്കാന്‍…..ഇതുവല്ലതും നിങ്ങള്‍ക്ക് വിഷയാണോ ?
കല്യാണം കഴിഞ്ഞയിടയ്ക്ക് ഞാനൊരു സൂചനകൊടുത്തതാണേയ്… നാട്ടിലെ വെളുത്ത സുന്ദരനും ചുരുണ്ട മുടിക്കാരനും പട്ടാളക്കാരനും കാശുകാരനുമായ സുധാകരേട്ടന് എന്നെ കല്യാണം കഴിക്കാനൊരാശയുണ്ടായിരുന്ന കാര്യൊക്കെ….സുലൂന്ന് ന്ന്നെ തികച്ചുകൂടെ വിളിക്കില്യാ……എന്നെത്തന്നെ മതീന്ന് പറഞ്ഞത്രെ …….ആനയില്ലെന്നേയുള്ളൂ പക്ഷേ നല്ല തറവാട്ടുകാരാ……ആലോചനയുമായി അമ്മാവന്മാെരുടെ അടുത്ത് ചെന്നപ്പോ സമ്മതിച്ചില്ലാത്രേ ! അന്നൊക്കെ പട്ടാളത്തില്‍ ഒരു യുദ്ധക്കൊണ്ടായാല് ആളുതിരിച്ചുവരില്ലാന്നൊക്കെ പറഞ്ഞ് അതിനെ മടക്കിയെത്രേ….അതൊന്നുമാവില്യ…..ന്ക്കിക്കൊരു നന്മവരുന്നത് അവറ്റോള്ക്കൊന്നും സഹിക്കില്ലാല്ലോ……..മാത്രോല്ല അമ്മാവന്റെ മോളെ കല്യാണംകഴിച്ചത് ചായപ്പീടിക നടത്തുന്ന ഗംഗാധരേട്ടനല്ലേ…..
അപ്പോ ന്യ്ക്കിങ്ങനെയൊരാലോചനവരുമ്പോള് അവര്‍ക്കൊക്കെ എങ്നാ സഹിക്യാ…….അങ്ങനെയെത്രയെത്ര കല്യാണാലോചനകളാ എനിക്ക് വന്നിട്ടുള്ളത്….
അപ്പോ ങ്ള് ചോദിക്കും കല്യാണംകഴിഞ്ഞു പിന്നെപ്പൊഴെങ്കിലും സുധാകരേട്ടനെ കണ്ടിട്ടുണ്ടോന്ന് ? ഇനീപ്പോ അത് മാത്രായിട്ടെന്തിനാ പറയാണ്ടിരിക്കണേ. ഈയിടെ ഒരു ദിവസം ഞാന്‍ വാസ്വേട്ടനോടൊപ്പം മ്മ്ടെ വിമലേട്ത്തീടെ മോന്റെ കല്യാണത്തിന് പോയിരുന്നു. കവലേല് ബസ്സിറങ്ങീ വീട്ടിലോട്ടുള്ള വഴിയിലേയ്ക്ക് നടക്കാന്‍ തുടങ്ങീതും സുലൂന്നൊരു പിന്‍വിളി. തിരിഞ്ഞുനോക്കിയപ്പൊഴേ, ഒരു ഇരുണ്ട നിറമുള്ള കഷണ്ടിത്തലയുള്ള ഒരു തടിയന്, കുടവയറും കുലുക്കി ഞങ്ങളുടെ നേര്‍ക്ക് ചിരിച്ചുകൊണ്ട് നടന്നുവരുന്നു. മുന്‍ വരീലെ ഒന്നുരണ്ടു പല്ലും പോയിട്ടൊണ്ടോന്ന് സംശയം.എനിക്കൊരു പീടീം കിട്ടീല്ലാന്നേ. ഒടുവില്‍ വാസ്വേട്ടനാ പറഞ്ഞത് ചിലപ്പോ നിന്നെ സുലൂന്ന് വിളിക്കുന്ന നിന്റെ പഴയ സുധാകരേട്ടനായിരിക്കുമെന്ന്. അപ്പോഴേക്കും കുംഭയുംകുലുക്കിആളിങ്ങെത്തിയില്ലേ. ആളത് തന്നെയായിരുന്നു എന്തൊക്കെയോ സംസാരിച്ചെന്നു വരുത്തി ഞാന്‍ പോകാന്‍ ധിറുതികൂട്ടി. വാസ്വേട്ടന് പക്ഷേ സമ്മതിച്ചില്ല. സാവധാനം സംസാരിച്ചിട്ടേ വന്നൂള്ളൂ. കക്ഷി ലോണടയ്ക്കാന്‍ ബാങ്കിലോട്ട് പോകുന്ന വഴിയായിരുന്നത്രേ….
ഭൂമിപിളര്‍ന്നു പാതാളത്തിലോട്ട് പോയാലും എനിക്കിത്ര സങ്കടമുണ്ടവില്യാരുന്നേയ്. മിണ്ടാതെ നടന്നുതുടങ്ങിയപ്പോള്‍ വാസ്വേട്ടന്റെ വക ഒരു ചോദ്യം
‘സുന്ദരനായ സുധാകരേട്ടന് ഇത് തന്ന്യേല്ല്യേന്ന്? ‘
ഞാന്‍ പറഞ്ഞു ‘ചെറുപ്പത്തില്‍ പട്ടാളത്തിലൊക്കെ ആയിരുന്നപ്പോള്‍…….. നല്ല സുന്ദരനായിരുന്നു’ …….അപ്പോ വാസ്വേട്ടന് പറഞ്ഞു……’ശരിയാ ചിലപ്പോ അന്ന് ഇതിലും നല്ല പൊക്കോം ഉണ്ടായിരുന്നു കാണും……ഇതിപ്പോ വര്‍ഷം കൊറേയായില്ലേ നീ അങ്ങേരെക്കണ്ടിട്ട്…..ആ വകേല് കൊറഞ്ഞതാവൂംന്ന് പൊക്കം’ … ബാക്കി കല്യാണാലോചിച്ചു വന്നവര്‍ക്കൊക്കെ സുധാകരേട്ടന്റത്രയും സൌന്ദര്യമുണ്ടോന്ന്……ന്ന്ട്ട് കളിയാക്കുന്ന തരത്തിലൊരു നോട്ടോം………….
……ന്റെ കൃഷ്ണാ അല്ലെങ്കിലും ….ന്ക്കൊരാപത്ത് വരുമ്പോ സഹായിക്കാന്‍ വരില്ലാല്ലോ നീയ് .കണ്ട്ചിരിക്ക് ? കല്യാണംകഴിഞ്ഞയിടയ്ക്ക് എല്ലാപെണ്ണുങ്ങളുടെയുംകൂട്ട് ഗമയ്ക്ക് ഞാനിത്തിരി കൂട്ടിപ്പറഞ്ഞത് ഇത്രയും കുരിശാവുംന്ന് ഞാനറിഞ്ഞോ ..
ഇനിയിതൊക്കെചെന്ന് ആര്ച്ചപെങ്ങന്മാരോടും ചെവിയടച്ച മംഗലത്തമ്മയോടും എഴുന്നെള്ളിച്ചാലേ ഈ മനുഷ്യന് ………….അതേ ഈ ‘ മനുഷ്യന് ‘ സമാധാനാവൂ…….
ഞാന്‍ പിന്നെ കല്യാണവീടെത്തും വരെ ഒന്നും മിണ്ടിയില്ല………………..