Home Latest എനിക്ക് തെറ്റ് പറ്റിപ്പോയി.. അമ്മ പലപ്പോഴും പറയുന്നത് കേട്ട് എന്തൊക്കെയോ പറഞ്ഞു .. ചെയ്തു ..പക്ഷേ.....

എനിക്ക് തെറ്റ് പറ്റിപ്പോയി.. അമ്മ പലപ്പോഴും പറയുന്നത് കേട്ട് എന്തൊക്കെയോ പറഞ്ഞു .. ചെയ്തു ..പക്ഷേ.. Part – 3

0

Part – 2 വായിക്കാൻ ഇവിടെ Click ചെയ്യുക.

യാദവം Part – 3

രചന : രജിഷ അജയ് ഘോഷ്

ശ്രീക്കുട്ടിയെന്ന് വിളിക്കുന്ന ആൾ..
അനന്തുവേട്ടൻ.. ബാലയുടെ ചുണ്ടുകൾ മന്ത്രിച്ചു..

തിരിഞ്ഞു നോക്കിയപ്പോഴേക്കും ആൾ അരികിലെത്തിയിരുന്നു ..ഒന്നേ നോക്കിയുള്ളൂ.. കണ്ണുകളെ വിശ്വസിക്കാനായില്ല. നീണ്ട താടിയും വെട്ടിയൊതുക്കാത്ത മുഴിയിഴകളും ഒക്കെ കാണുമ്പോൾ മറ്റൊരാളെ പോലെ ..

” ശ്രീക്കുട്ടീ.. ഞാൻ നിന്നെക്കാണാൻ .. നിന്നോട് സംസാരിക്കാൻ വന്നതാ.. ” അനന്തുവിൻ്റെ സ്വരത്തിൽ കുറ്റബോധം നിറഞ്ഞു നിന്നിരുന്നു.

“ഇതൊരു ഓഫീസാണ്, പോരാത്തതിന് ഇപ്പോൾ വർക്കിംഗ് ടൈമും .. എനിക്ക് തിരക്കുണ്ട് .. “ബാല മുഖത്ത് നോക്കാതെ തന്നെ മറുപടി പറഞ്ഞു.

” ജോലി കഴിഞ്ഞ് ഇറങ്ങുമ്പോൾ മതി .. ഞാൻ താഴെ വെയ്റ്റ് ചെയ്യാം.. ” അനന്തു പറഞ്ഞു.

” ശരി .. ” അവൻ്റെ മുഖത്തേക്കൊന്നു നോക്കുക പോലും ചെയ്യാതെ അവൾ അകത്തേക്ക് പോയി.
തിരികെ സീറ്റിലിരുന്നു എന്തെല്ലാമോ ചെയ്യാൻ ശ്രമിച്ചിട്ടും ഒന്നും ശരിയാവാത്തതുപോലെ.
തിരക്ക് കുറഞ്ഞപ്പോൾ കുറച്ച് നേരത്തെ പോവണമെന്ന് വിവേക് സാറിനോട് പറഞ്ഞിറങ്ങി.

താഴെയെത്തുമ്പോൾത്തന്നെ കാറിൽ ചാരി ഫോണിൽ എന്തോ നോക്കുന്ന അനന്തുവിനെ കണ്ടു. അവളടുത്തെത്തിയപ്പോൾ അവൻ തലയുയർത്തി നോക്കി. ആ നോട്ടം കണ്ടതും ബാല വേഗം നോട്ടം മാറ്റി…

“വന്ന് കാറിൽ കയറ് ..പുറത്തെവിടെയെങ്കിലും പോവാം.” അനന്തു പറഞ്ഞു കൊണ്ട് കാറിൻ്റെ
ഫ്രണ്ട് ഡോർ തുറന്നു.. ബാല അതു ശ്രദ്ധിക്കാതെ
ബാക്ക് ഡോർ തുറന്ന് കയറി ഇരുന്നു.
അനന്തുവിൻ്റെ മുഖമൊന്നു വാടി.ഡോറടച്ചിട്ട്
അവൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്നു.
രണ്ടു പേരും മൗനമായിരുന്നു. കുറച്ചു ദൂരം പോയപ്പോൾ ബാല പറഞ്ഞു.

“ഇവിടെ മതി .. ”

അനന്തു കാർ ഒതുക്കി നിർത്തി പുറത്തിറങ്ങി, ബാലയും. കുറച്ചു നേരത്തെ നിശബ്ദതയെ ദേദിച്ചു കൊണ്ട് അനന്തു പറഞ്ഞു ..
” ശ്രീക്കുട്ടീ.. നീയെന്നോടു ക്ഷമിക്കണം .. കഴിഞ്ഞതൊക്കെ മറക്കണം.. നീയില്ലാതെ വയ്യെനിക്ക് .. വല്ലാതെ തകർന്നു പോവുന്നത് പോലെ .. ” അനന്തുവിൻ്റെ നേർത്ത ശബ്ദം കേട്ട് ബാല തലയുയർത്തി നോക്കി.

അനന്തുവേട്ടൻ ആകെ മാറിപ്പോയതുപോലെ തോന്നിയവൾക്ക്.. നിഷ്കളങ്കമായ് ചിരിക്കുന്ന പൊടിമീശക്കാരൻ്റെ മുഖം അവളുടെ മനസ്സിലേക്ക് വന്നു.. ഒന്നു ദീർഘമായ് ശ്വാസമെടുത്ത ശേഷം
” മറന്നു അനന്തുവേട്ടാ.. എല്ലാം മറന്നു .. ഇന്നെൻ്റെ ഓർമ്മകളിൽ പോലും നിങ്ങളില്ല.. അനന്തുവിൻ്റെ ശ്രീക്കുട്ടി എന്നേ മരിച്ചിരിക്കുന്നു .. ഇപ്പോൾ വേദമോളുടെ അമ്മ ശ്രീബാല മാത്രമേ ജീവിച്ചിരിക്കുന്നുള്ളൂ.. ” ശാന്തമായ്ത്തന്നെ ബാല പറഞ്ഞു.

“എനിക്ക് തെറ്റ് പറ്റിപ്പോയി.. അമ്മ പലപ്പോഴും പറയുന്നത് കേട്ട് എന്തൊക്കെയോ പറഞ്ഞു .. ചെയ്തു ..പക്ഷേ.. നിൻ്റെ മനസ്സറിയാൻ വൈകിപ്പോയി.. എൻ്റെയുള്ളിൽ നിന്നും നിന്നെ മായ്ക്കാനാവാതെ വീർപ്പുമുട്ടുകയാണ് ഓരോ നിമിഷവും.. എനിക്ക് നിന്നെ വേണം.. മോളെ ഞാൻ പൊന്നുപോലെ നോക്കും.. പറ്റില്ലാന്ന് പറയരുത് നീ..”
അനന്തുവിൻ്റെ ശബ്ദം ഇടറിയിരുന്നു ..

” ഇല്ല അനന്തുവേട്ടാ.. എനിക്കിനി ഒരിക്കലും പഴയതുപോലെ അനന്തുവേട്ടനെ സ്നേഹിക്കാൻ കഴിയില്ല.. ഒരു പെൺകുട്ടിക്ക് ഒരായുസ്സിൽ അനുഭവിക്കാവുന്നതിലും അപ്പുറം അനുഭവിച്ചു .. ഇപ്പോൾ എൻ്റെ മനസ്സിൽ മോള് മാത്രമേ ഉള്ളൂ.. അവൾക്ക് വേണ്ടി ജീവിക്കണം.. എനിക്കവൾ മാത്രം മതി.. ഇനിയൊരിക്കലും എന്നെത്തേടി വരരുത് .. തനിച്ച് ജീവിക്കുന്ന ഒരു പെണ്ണിനെ കാണാൻ ഇങ്ങനെ വന്നാൽ ആളുകൾ പലതും പറയും. മാന്യമായ് ജോലി ചെയ്ത് എനിക്കവളെ വളർത്തണം .. പ്ലീസ്..” അവൾ കൈകൂപ്പിക്കൊണ്ട് പറഞ്ഞു.

” ഒരു തവണ ക്ഷമിച്ചൂടെ നിനക്ക്.. ”

” അനന്തുവേട്ടനറിയ്യോ.. ഒരിക്കൽ ഞാനേറെ ആഗ്രഹിച്ചിരുന്നു നിനക്ക് ഞാനുണ്ടെന്ന് അനന്തുവേട്ടൻ പറയുന്നത് കേൾക്കാൻ .. തനിച്ചായിപ്പോയപ്പോൾ ആ കൈകൾ കൊണ്ടെന്നെ ചേർത്തു പിടിച്ചിരുന്നെങ്കിൽ എന്നു കൊതിച്ചിരുന്നു.
ജനിച്ചു വീണിട്ട് ദിവസങ്ങൾ മാത്രമായ ചോര കുഞ്ഞിനെയും കൊണ്ട് മറ്റുള്ളവരെ ഭയന്ന് നാടും വീടും ഉപേക്ഷിച്ച് എങ്ങോട്ടെന്നില്ലാതെ ഇറങ്ങിയപ്പോൾ ആ കുഞ്ഞിന് അച്ഛനായി ഞാൻ എന്നും ഉണ്ടാവുമെന്ന് പറഞ്ഞ് എന്നെ ആ നെഞ്ചോടു ചേർക്കുമെന്ന് സ്വപ്നം കണ്ടിരുന്നു..
എല്ലാം വെറും പാഴ് സ്വപ്നങ്ങൾ മാത്രമായിരുന്നു…
എനിക്ക് നിങ്ങളോടുള്ള വിശ്വസമെല്ലാം അവസാനമായി നിങ്ങളെന്നെ വിളിച്ചനിമിഷം ഇല്ലാതായി.. നഷ്ടമായ വിശ്വാസം ഇനിയൊരിക്കലും തിരിച്ചു വരില്ല.. പരസ്പരം വിശ്വാസമില്ലാതെയെങ്ങനെ ജീവിക്കാനാ.., പിന്നെ.. ദേഷ്യമല്ല.. വെറുപ്പാണ് നിങ്ങളോട് .. കുഞ്ഞിനെ ഉപേക്ഷിച്ചു വന്നാൽ ഒരുമിച്ചു ജീവിക്കാമെന്നു പറഞ്ഞില്ലേ .. അന്നു മുതൽ ഈ ലോകത്ത് ഏറ്റവും കൂടുതൽ വെറുക്കുന്നത് നിങ്ങളെയാണ് .. ” അവൻ്റെ മുഖത്ത് നോക്കി പറഞ്ഞ ശേഷം അവൾ തിരിഞ്ഞു നടന്നു..

ബാല നടന്നകലുന്നതും നോക്കി അനന്തു നിന്നു..

“അനന്തുവേട്ടാ.. ഞാനൂടെ സൈക്കിളിൽ കേറട്ടേ..”
തറവാട്ടിലെ മുറ്റത്തൂടെ സൈക്കിൾ ഓടിക്കുമ്പോൾ പിന്നാലെ വന്നു ചോദിക്കുമവൾ ..
“നീ എൻറൂടെ പോന്നോ ബാലേ..” അനുവേട്ടൻ പറയും..
” ഞാൻ അനന്തുവേട്ടൻ്റെ കൂടെയാ.. “ബാല ഉച്ചത്തിൽ വിളിച്ചു പറയും..
അതു കേൾക്കേണ്ട താമസം അനന്തു അവൾക്കരികിൽ സൈക്കിൾ നിർത്തും.
“ന്നാ..കേറിക്കോ ശ്രീക്കുട്ടീ..” എന്നു പറയും.
അവളെ പിന്നിലിരുത്തി റൗണ്ടിടക്കുമ്പോഴുള്ള ചിരി ഒന്നു കാണേണ്ടതു തന്നെയാണ്. ആ ചിരി കാണാൻ വേണ്ടി മാത്രം താനന്ന് സ്പീഡിൽ സൈക്കിൾ ചവിട്ടും.. എന്തിന്നും അനന്തുവേട്ടാ.. എന്നു വിളിച്ച് പുറകെ നടക്കുമവൾ.. ഓരോന്ന് ഓർക്കവെ അനന്തുവിൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
തെറ്റ് തൻ്റേതാണ് .. താനൊന്നു മനസ്സു വച്ചിരുന്നെങ്കിൽ അവളും കുഞ്ഞും തനിച്ചാവില്ലായിരുന്നു…

✨✨✨✨✨✨✨✨✨✨✨✨✨

ഡേ കെയറിലെത്തി മോളെ കൂട്ടുമ്പോഴും ബാലയുടെ മനസ്സ് മറ്റെവിടെയോ ആയിരുന്നു.
വേദമോൾ പതിവുപോലെ വിശേഷങ്ങൾ പറയുന്നുണ്ടെങ്കിലും ശ്രദ്ധിക്കാൻ കഴിയാത്തതുപോലെ .. ഫ്ലാറ്റിലെത്തുമ്പോൾ മോളെയും കാത്ത് സുനന്ദേച്ചി പുറത്ത് നിൽക്കുന്നുണ്ട്. മോളെ കളിപ്പിക്കുന്നതിനിടയിൽ സുനന്ദ ബാലയെ ശ്രദ്ധിച്ചിരുന്നു.
“എന്താ ബാലാ.. മുഖം വല്ലാതിരിക്കുന്നത് .. ” സുനന്ദ
ചോദിച്ചു.
” അത് .. ഒരു തലവേദന പോലെ സുനന്ദേച്ചീ .. ” അവൾ പറഞ്ഞൊപ്പിച്ചു.
“ന്നാ.. നീ കുറച്ച് കിടന്നോളൂ.. മോളെ ഞാൻ കൊണ്ടുപോവാം.. ”
” ഉം.. “ബാല മൂളി. സുനന്ദ മോളെയും കൊണ്ട് പോയി.
അകത്തെത്തിയതും കയ്യിലെ ബാഗ് മേശയിലേക്ക് വച്ച് കട്ടിലിലേക്ക് വീണു ബാല. മനസ്സിലേക്ക് വീണ്ടും അനന്തുവിൻ്റെ മുഖവും നിരാശ നിറഞ്ഞ മിഴികളും തെളിഞ്ഞു വന്നു..
ശ്രീനന്ദനത്തിൽ നന്ദകുമാറിൻ്റെയും സുജാതയുടെയുടെയും മക്കളാണ് ശ്രീബാലയും ശ്രീലക്ഷ്മിയും. നന്ദകുമാറിൻ്റെ ചേച്ചിയായ സുഭദ്രയുടെയും അശോകൻ്റെയും മക്കളാണ് അനുജിത്തും അനന്തദേവും അശ്വജിത്തും ..
അനന്തു ജനിച്ച് നാലു വർഷം കഴിഞ്ഞാണ് ശ്രീബാല ജനിക്കുന്നത്. അന്ന് നന്ദകുമാറിൻ്റെ അമ്മ പറഞ്ഞതാണ്.. ശ്രീബാല അനന്തുവിനുള്ളതാണെന്ന്.. അതെല്ലാവരും അംഗീകരിക്കുകയും ചെയ്തു. സുഭദ്രയും ശ്രീബാല യെ മകളെപ്പോലെ സ്നേഹിച്ചു .. ശ്രീബാലയ്ക്ക് മൂന്നു വയസ്സായപ്പോൾ ശ്രീലക്ഷ്മി എന്ന ലച്ചൂട്ടിയും ഉണ്ടായി. സുഭദ്രയും കുടുംബവും അടുത്തു തന്നെയായിരുന്നു താമസം.. അതു കൊണ്ടു തന്നെ അനന്തുവും ശ്രീബാലയും കുഞ്ഞിലേ തൊട്ട്
ഒരുമിച്ചാണ് നടന്നിരുന്നത്.
സ്കൂളിൽ പോവുമ്പോൾ അനന്തുവിനൊപ്പം പോവും.. ഒരു മിഠായി കിട്ടിയാൽ പാതി അവളുടെ അനന്തുവേട്ടനള്ളതാണ്.
ശിവരാത്രിക്ക് അനന്തുവേട്ടൻ പറയും..
” ശ്രീക്കുട്ടിക്കെന്താ .. വാങ്ങേണ്ടത് .. ”
” അനന്തുവേട്ടൻ്റെ കയ്യിൽ അതിന് കാശുണ്ടോ?” അവൾ അത്ഭുതത്തോടെ ചോദിച്ചു.

” ഞാൻ ചില്ലറകുടുക്ക പൊട്ടിച്ചു.. നിനക്കിഷ്ടള്ളത് വാങ്ങിക്കോ.. ” അഞ്ചാം ക്ലാസ്സുകാരൻ ഗമയിൽ പറഞ്ഞു.

ഓരോ ശിവരാത്രിക്കും അവൻ ചില്ലറക്കുടുക്ക പൊട്ടിച്ചത് അവൻ്റെ ശ്രീക്കുട്ടിക്ക് വേണ്ടിയായിരുന്നു.
അനന്തു പ്ലസ് ടു പാസ്സായ ശേഷം എഞ്ചിനീയറിംഗിന് അവൻ്റെ അമ്മാവൻ ബാംഗ്ലൂരിൽ അഡ്മിഷൻ റെഡിയാക്കിയിരുന്നു …
ബാല അന്ന് സന്ധ്യക്ക് കാവിൽ വിളക്കും വച്ച് വരുമ്പോഴാണ് മുൻപിൽ അനന്തു വന്നു നിന്നത്.

“ഇതെന്താ ഈ നേരത്ത് ഇവിടെ..” അവൾ സംശയത്തോടെ ചോദിച്ചു.

“നാളെ രാവിലെ ഞാൻ ബാംഗ്ലൂർക്ക് പോവും.. അമ്മാവൻ വന്നിട്ടുണ്ട് കൊണ്ടോവാൻ..നിയ്ക്കാണെങ്കിൽ നിന്നെക്കാണാതെ ഇരിക്കണതിനെപ്പറ്റി ചിന്തിക്കാനെ വയ്യ .. ” അവളുടെ മുഖത്ത് നോക്കി അവനത് പറഞ്ഞപ്പോൾ അവൾക്കും സങ്കടം തോന്നി. എപ്പോഴും എന്തിനും കൂടെ അനന്തുവേട്ടൻ ഉണ്ടായിരുന്നു.

“എൻ്റെ കൂടെ പഠിക്കണ മൃദുല പറയ്യാ.. ബാംഗ്ലൂർ ക്കൊക്കെ പോയി വന്നാൽ അനന്തുവേട്ടൻ പിന്നെ നിന്നോടു കൂട്ടുണ്ടാവില്ലാന്ന്.. ഞാൻ പറഞ്ഞു.. അനന്തുവേട്ടൻ ന്നെ മറക്കില്ലാന്ന്.. “ഏട്ടാം ക്ലാസ്സുകാരിയുടെ നിഷ്കളങ്കതയോടെ അവൻ്റെ ശ്രീക്കുട്ടി പറഞ്ഞതും അനന്തുവിൻ്റെ ചുണ്ടുകൾ അവളുടെ കവിളിൽ പതിഞ്ഞിരുന്നു.. അവൻ്റെ പൊടിമീശ അവളുടെ കവിളുകളിൽ ഇക്കിളിയുണർത്തി ..

“ഇപ്പൊ മനസ്സിലായോ അനന്തു ശ്രീക്കുട്ടീനെ മറക്കില്ലാന്ന്.. ” ചോദിച്ചു കൊണ്ട് അവൻ ഓടി മറഞ്ഞു .. ആദ്യമായ് കിട്ടിയ ചുംബനത്തിൽ അവളും തരിച്ചുനിന്നു.
പിന്നീട് ലീവിനു വരുമ്പോൾ  കാണാൻ കാത്തിരുന്നു..

ശ്രീബാല പ്ലസ്റ്റ് ടു കഴിഞ്ഞ് അടുത്തുള്ള കോളേജിൽ ബി കോമിന് ചേർന്നു.അനന്തുവിൻ്റെ പഠനം കഴിഞ്ഞ് ബാംഗ്ലൂരിൽ തന്നെയുള്ള ഒരു കമ്പനിയിൽ ജോലിക്കു പോയിത്തുടങ്ങി.
അവർക്കൊപ്പം തന്നെ പ്രണയവും വളർന്നു ..
അനന്തു ലീവിനു വരുമ്പോഴെല്ലാം അമ്പലക്കുളപ്പടവുകളും വയൽ വരമ്പുകളും ആൽമരവുമെല്ലാം അവരുടെ പ്രണയത്തിന് സാക്ഷികളായി.

” ശ്രീക്കുട്ടീ.. നിനക്കെന്താ വേണ്ടത്..” പതിവുപോലെ ശിവരാത്രിക്ക് അനന്തു ചോദിച്ചു.

“എനിക്ക് കൈനിറയെ കരിവള വാങ്ങിത്തരാമോ ..”

” നിൻ്റെ കയ്യിൽ സ്വർണ്ണ വളയുള്ളപ്പോ എന്തിനാ കരിവള ..”

“കരിവളയിട്ടാൽ കല്യാണം വേഗം ഉണ്ടാവും ത്രേ.. ”
അവളുടെ ശബ്ദം കേട്ടതും അവൻ ഉറക്കെ ചിരിച്ചു

“എന്തിനാ ചിരിക്കണേ..” അവൾ അവൻ്റെ മുഖത്തേക്ക് നോക്കി.

” കോളേജില് പോണ പെണ്ണാണ്.. അതിൻ്റെ ഒരു പക്വതയെങ്കിലും കാണണ്ടേ.. ഇപ്പഴും കുഞ്ഞുകുട്ടിയാണെന്നാണോ നിൻ്റെ വിചാരം… ”

അനന്തു ചോദിച്ചതും അവളുടെ മുഖം വാടി..

“കരിവളയല്ലേ ചോദിച്ചുള്ളൂ… അല്ലേലും അനന്തുവേട്ടനിപ്പോ പഴയ പോലെ ഇഷ്ടം ഇല്ല .. ” അവൾ മുഖം കനപ്പിച്ചു.

“ആഹാ.. ഇപ്പൊ അങ്ങനായോ.. ഇനി കരിവള കിട്ടാത്തതിൻ്റെ പേരിൽ ഇഷ്ടല്ലാന്ന് പറയണ്ടാ.. ഇങ്ങനെ മുഖം വീർപ്പിക്കണ്ടാ പെണ്ണേ.. വാ.. ഒരു പെട്ടി കരിവള വാങ്ങിത്തരാം .. ” അവൻ അവളുടെ കൈ പിടിച്ചു നടന്നു.
കൈ നിറയെ കരിവളയും ഇട്ടവൾ നടന്നു..

” ഉടനെ കെട്ടണംന്ന് പറയല്ലേ.. ജോലിക്ക് കയറീട്ടേ ഉള്ളൂ ട്ടോ..” അവൻ തമാശയായി പറഞ്ഞു.

“അനന്തുവേട്ടൻ നാളെ എന്നെ കേളേജിൽ കൊണ്ടാക്കുമോ.. ” അവളുടെ അടുത്ത ചോദ്യം വന്നു.

” എന്തിനാ വെറുതെ ആളോളെക്കൊണ്ട് പറയിക്കണേ.. എന്നും പോണ പോലെ പോയാമതി ” അവൻ പറഞ്ഞു.

“ഇതന്ന്യാ ഞാൻ പറഞ്ഞെ.. സ്നേഹല്ലാന്ന്..
കോളേജിലെ ഏതെങ്കിലും ചെക്കനെ പ്രേമിച്ചാ മതിയായിരുന്നു .. എന്നാൽ ബൈക്കിൽ കറങ്ങാനൊക്കെ കൊണ്ടു പോയേനെ.. ഓരോരുത്തര് കാമുകിമാരെ പുറകിലിരുത്തി കോളേജിലേക്ക് വരുന്നത് കാണുമ്പോ ഞാൻ വിചാരിക്കും.. എൻ്റെ ആളും വരുമ്പോ ഇതുപോലെ
കൊണ്ടാക്കുംന്ന്.. എവിടെ യോഗം വേണം യോഗം.” അവൾ നിരാശയോടെ പറഞ്ഞു.

” എൻ്റീശ്വരാ കോളേജിലൊക്കെ പോവാൻ തുടങ്ങിയപ്പോ  പെണ്ണാകെ നാശായീന്നാ തോന്നണേ..” അനന്തു തലയിൽ കൈവച്ചു കൊണ്ട് പറഞ്ഞു.

” കൊണ്ടാക്കുവോ.. ഇല്ലയോ അത് പറ.. ”

“അതൊന്നും നടക്കൂല മോളെ.. ” അവൻ പറഞ്ഞതും അവൾ ചവിട്ടിത്തുള്ളിപ്പോയി.

പിറ്റെ ദിവസം ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ
മുൻപിൽ കൊണ്ടു നിർത്തിയബൈക്കിലേക്ക് ഒന്നു നോക്കിയ ശേഷം ബാല തല തിരിച്ചു.

” മതി മോളെ പിണക്കം നടിച്ചത്.. എനിക്കറിയാലോ നിനക്കെന്നോട് പിണങ്ങിയിരിക്കാൻ കഴിയില്ലെന്ന്.”
അനന്തുവാണ്.
അവളൊരു ചിരിയോടെ ബൈക്കിന് പിന്നിൽ കയറി അവനോട് ചേർന്നിരുന്നു.

കോളേജിലെത്തിയപ്പോൾ
” ഇനി എൻ്റെ പെണ്ണിനെ മാത്രം ബൈക്കിൽ കൊണ്ടാക്കുന്നില്ലാന്നുള്ള പരാതി വേണ്ട.. വൈകിട്ട് വരാം.. ” എന്നു പറഞ്ഞാണ് അനന്തു പോയത്..
അല്ലേലും കുഞ്ഞിലേ മുതൽ തൻ്റെ വാശികൾക്കെല്ലാം എന്നും തോറ്റു തന്നിട്ടേയുള്ളൂ അനന്തുവേട്ടൻ ..

കോളിംഗ് ബെൽ ശബ്ദിച്ചപ്പോഴാണ് ബാല ഓർമ്മകളിൽ നിന്നും ഞെട്ടി ഉണർന്നത്. എത്ര നേരമായി കടന്നിട്ട്.. അനന്തുവേട്ടനെ കണ്ടതു മുതൽ മനസ്സ് വല്ലാതെ അസ്വസ്തമായിരുന്നു.നേരം ഇരട്ടിയിരിക്കുന്നു .. വേദൂട്ടി സുനന്ദേച്ചീടെ അടുത്താണല്ലോ.. ഓരോന്ന് ആലോചിച്ചു കൊണ്ടവൾ വാതിൽ തുറന്നു..

തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here