സുലോചനയുടെ പരിഭവങ്ങള്‍ Part – 1
രചന : Sujitha Shyne
സുലോചനയെ അറിയില്ലേ ? ചന്ദ്രമംഗലത്തെ വാസുദേവന്റെ ഭാര്യ . ബാക്കിക്കാര്യങ്ങളൊക്ക സുലോചനതന്നെ പറയട്ടെ….
ഇതിലിപ്പോ എന്താത്ര വലുതായിട്ട് പറയാന്‍ ?
‘പത്തൊമ്പതാമത്തെ വയസ്സില്‍ മുപ്പത്തഞ്ചുകാരനായ വാസ്വേട്ടന്റെ കൈയുംപിടിച്ച് കേറിവന്നതല്ലേ ഞാന്‍…ഇക്കണ്ടക്കാലം മുഴോനും എന്തോരമാ കഷ്ടപ്പെട്ടത് . എന്നാലും സ്നേഹത്തോടൊരു വാക്ക് ….’
‘പെങ്ങന്മാരാത്രെ!
വീടിനു ചുറ്റുവട്ടത്തൊക്കെയാ താമസം . അവറ്റകള്‍ക്ക് മൂന്നിനും എന്നെപ്പിടിക്കില്ല. എന്നാലും എന്റെ പിണ്ടിത്തോരനും ഉള്ളിത്തീയലും ഒക്കെവേണം .കണ്ണടച്ചിരുന്നുകൊടുത്താല്‍ താലിമാലവരെ കട്ടോണ്ടു പോണ ജാതികളാണേയ്…. പെങ്ങന്മാരെക്കുറിച്ചു പറയാന്‍ പാടില്ലേ…വാസ്വേട്ടന് പിന്നതുമതി….. വാസൂട്ടാന്ന് തികച്ച് വിളിക്കില്ല പെങ്ങന്മാരും മംഗലത്തമ്മയും’
‘അപ്പോ നിങ്ങള്‍ ചോദിക്കും മ്മ്ടേ വാസൂട്ടനെന്താ ഒരു കൊറവെന്ന് ?
കൊറവോ? …ങ്ടെ വാസൂട്ടനോ? …ഇതാപ്പോനന്നായേ.. കൊറവ് മൊത്തോം എനിക്കല്ലേ….
ആണ്ടിലൊരിക്കലാ ഇവിടുന്ന് എനിക്കൊന്ന് പുറത്തിറങ്ങാന്‍ കഴീണത് . അമ്പലത്തിലെ ഉത്സവത്തിന്… ഇത്തിരി കരിവളേം , കണ്മഷീം ഒരു കരിമണിമാലേമൊക്കെ വാങ്ങണോന്ന് കരുതിത്തന്ന്യാ പോയത് .പതിവില്ലാതെ വാസ്വേട്ടന്റെ ഒരുക്കവും മൂളിപ്പാട്ടുമൊക്ക കേട്ടപ്പോള്‍ ഞാനും സന്തോഷിച്ചു. ഇത്തിരി വിലകൂടിയാലും വാങ്ങിത്തരുമായിരിക്കും എന്നുതന്ന്യാ കരുതീത്.
അവിടെത്തിയപ്പോള്‍ ഒരു സുന്ദരിക്കോത വന്നെന്റെ കൈയ്യില്പിടിച്ചൊരൊറ്റ ചോദ്യം : വാസ്വേട്ടന്റെ ഭാര്യയല്ലേന്ന് ?
മറുപടി പറയേണ്ടിവന്നില്ല അതിനുമുന്‍പ് വന്നില്ലേ ആര്‍ച്ച പെങ്ങന്മാരും ആരോമല്‍ വാസ്വേട്ടനും.
“മ്മ്ടെ വാസ്വേട്ടന് യോഗയില്ലാണ്ട് പോയി. അല്ലേല്‍ നീയ് ഞങ്ങടെ വീട്ടിലിരിക്കേണ്ടതല്ലേ”. എന്നിട്ട് ഗതികേടെന്നപോലെ എന്നെയൊരു നോട്ടവും .അതുകേട്ട് സുന്ദരിക്കോതയ്ക്ക് ക്ഷ പിടിച്ചു. എന്നെനോക്കിക്കൊണ്ടൊരു പൊട്ടിച്ചിരിയും….
അവളുടെ ചിരിയും നോക്കി വായുംതൊറന്ന് ഒറ്റനിപ്പാ… ങ്ടെ വാസൂട്ടന്.
“ന്റെ കൃഷ്ണാ ! നീയെന്തിനാണ് ലോകത്തിലെ കാമുകിമാര്ക്കുമാത്രം സൌന്ദര്യമിങ്ങനെ വാരിക്കോരിക്കൊടുക്കുന്നത് ….ഞങ്ങള്‍ ഭാര്യമാരെ വെറുതേ വിഷമിപ്പിക്കാന്‍..ങാ പോട്ടേ ഞാന്‍ നോക്കീട്ട് അവള്ക്കത്രവല്യ സൌന്ദര്യമൊന്നുമില്ലന്നേ….പിന്നെ സൂക്ഷിച്ചു നോക്കിയാലൊരാനച്ചന്തം.. അത്രതന്നെ…. .”
അതുവരേം.. ന്റെ വിചാരം.. ങ്ടെ വാസൂട്ടന് ചിരിക്കാനറിയില്ലെന്നായിരുന്നു.
എന്തായിരുന്നു ശൃംഗാരോം ചിരീം; നവരസങ്ങളല്ലാരുന്നോ ആ മുഖത്ത് വിരിഞ്ഞത്!. ഇടയ്ക്കെപ്പൊഴോ ന്റെ മുഖം കണ്ടെന്നുതോന്നുന്നു….ചിരിയങ്ങട് നിര്‍ത്തി. കൊണ്ടുപോയ കാശൊക്കെ പെങ്ങന്മാര്ക്കും ആ സുന്ദരിക്കോതയ്ക്കും അവളുടെ പിള്ളാര്‍ക്കും വേണ്ടി ചെലവാക്കീലേ….എല്ലാം കഴിഞ്ഞ് എന്താ പോവുകയല്ലേന്നൊരു ചോദ്യവും …
ഒന്നും മിണ്ടാതെ സങ്കടമൊതുക്കി വീട്ടില്‍ എത്തിയപ്പോള്‍ “എവ്ടേയ് കുട്ടീ നിന്റെ കരിമണിമാലാന്ന്?” മംഗലത്തമ്മയും!.
കേള് വിക്കുറവൊള്ളോണ്ട് ഞാന്‍ പറഞ്ഞമറുപടിയൊന്നും ആ വല്യമ്മ കേട്ടിട്ടുണ്ടാവില്ല….
ദേഷ്യത്തിൽ പിറുപിറുത്തുകൊണ്ട് അടുക്കളയിൽപോയി പിന്നെ പാത്രങ്ങളോടായി സംസാരം…. എത്രയെത്ര കല്യാണാലോചനകള്‍ വന്നതാണെന്നറിയുമോ എനിക്ക്… ന്റെ.. വിധി… അല്ലാണ്ട് എന്താ പറയ്ക…..പിന്നെയും എന്തെക്കൊയോ നിറുത്താതെ സംസാരിച്ചു സുലോചന … പാത്രങ്ങളുടെ ശബ്ദം വല്ലാണ്ട് കൂടിയോ?? പെട്ടെന്നായിരുന്നു വാസ്വേട്ടന്റെ വരവ്…
“മതി കുറുകിയത്…. കല്യാണം കഴിഞ്ഞ നാൾ മുതൽ കുറുകാൻ തുടങ്ങിയതാണ്… കുറുകി കുറുകി ഈ കുടുംബം കുളം തോണ്ടും നീ ….. ഇവിടെ എല്ലാം സഹിച്ച് നിൽക്കണമെന്നാരും നിന്നെ നിര്ബന്ധിക്കില്ല… നിനക്ക് എങ്ങോട്ടാണെന്ന് വച്ചാൽ പോകാം ആരും തടയില്ല…” ഇത്രയും പറഞ്ഞിട്ട് കൊടുങ്കാറ്റ് പോലെ ഒറ്റ തിരിച്ചുപോകൽ…. സുലോചന ഷോക്കേറ്റപോലെ നിന്നുപോയി….
ആകെ പോകാനുള്ളത് സ്വന്തം വീടാണ്… പക്ഷേ… വീട്ടിലേയ്ക്ക് തിരിച്ചുപോയാൽ.. വിവാഹിതരായ സഹോദരന്മാരുടെ ഭാര്യമാരെക്കുറിച്ചോർത്തപ്പോൾ സുലോചന ദീർഘനിശ്വാസത്തോടെ അന്നത്തെ പരിഭവങ്ങളുടെ തിരിതാഴ്ത്തി….
തുടരും…