Home Latest അടക്കിപ്പിടിച്ച കൈകളിൽ നിന്നും കുതറി മാറി, ആ ഇരുമുറി വീടിനുള്ളിൽ നിന്ന് അവൾ ഓടുമ്പോൾ,പിറകെ വരുന്ന...

അടക്കിപ്പിടിച്ച കൈകളിൽ നിന്നും കുതറി മാറി, ആ ഇരുമുറി വീടിനുള്ളിൽ നിന്ന് അവൾ ഓടുമ്പോൾ,പിറകെ വരുന്ന അവന്റെ സാമീപ്യം അവളറിയുന്നുണ്ടായിരുന്നു. Part – 1

0

ഓർമ്മ മാത്രം Part – 1

രചന : Anu Kalyani

“വേണ്ട പ്ലീസ്…… വിട്….”
വയറിൽ വലിഞ്ഞു മുറുകിയ കൈകൾ അടർത്തി മാറ്റാൻ ശ്രമിച്ചു കൊണ്ട് അവൾ പറഞ്ഞു.
“അതെന്താടീ വേണ്ടാത്തെ…..”
മാറ്റാൻ ശ്രമിക്കുന്തോറും അവ ശക്തിയിൽ അമർന്ന് ശ്വാസം കിട്ടാതെ പിടയാൻ തുടങ്ങി.അടക്കിപ്പിടിച്ച കൈകളിൽ നിന്നും കുതറി മാറി, ആ ഇരുമുറി വീടിനുള്ളിൽ നിന്ന് അവൾ ഓടുമ്പോൾ,പിറകെ വരുന്ന അവന്റെ സാമീപ്യം അവളറിയുന്നുണ്ടായിരുന്നു.
വീണ്ടും ബലിഷ്ഠമായ കരങ്ങൾ തന്നെ പൊതിഞ്ഞു.
“നിനക്ക് എന്താ ഇപ്പോൾ എന്നെ വേണ്ടാത്തത്….പറയെടീ….”
മുഖം അവളുടെ കഴുത്തിടുക്കിൽ ആഴ്ന്നിറങ്ങി, ശക്തിയോടെ അവനെ പിറകിലേക്ക് തള്ളി.തിരിഞ്ഞ് ഓടാൻ ശ്രമിക്കുമ്പോൾ തലയ്ക്ക് പിറകിൽ ശക്തമായൊരു അടി വീണു.ബോധം പോകുമ്പോഴും അവൻ അവളിലേക്ക് ആർത്തിയോടെ ആഴ്ന്നിറങ്ങി..
🛑🛑🛑

തലയ്ക്ക് വല്ലാത്തൊരു കനം അനുഭവപ്പെടുന്നുണ്ട്.കൺപോളകളിൽ ഭാരം പോലെ.പോളകൾക്കുള്ളിൽ കിടന്ന് കൃഷ്ണമണി വേഗത്തിൽ ചലിച്ചുകൊണ്ട് കണ്ണുകൾ തുറന്നു.
അതേ.. കഴിഞ്ഞ 14 ദിവസമായി ഞാൻ സ്ഥിരമായി കാണാറുള്ള അതേ കാഴ്ചകൾ..
ചെവിയിൽ തുളച്ചുകയറിക്കൊണ്ട് കറങ്ങുന്ന ഫാൻ…അതേ ഹോസ്പിറ്റൽ മുറി…

വെളുത്ത സാരി ഉടുത്ത ഒരു സ്ത്രീ മുറിയിലേക്ക് കയറി വന്നു.അവർ കട്ടിലിനടുത്തുള്ള സ്റ്റൂളിൽ ഇരുന്നു.

“ക്യാ തും അബ് ടീക് ഹോ…..”
പതിവുള്ള ആ ചോദ്യത്തിന് അവളും പതിവ് പോലെ തല ചലിപ്പിച്ചു.
ദിവസവും ആരെങ്കിലും ഒക്കെ ചോദിക്കുന്ന ചോദ്യം… ഒരു തരത്തിൽ പറഞ്ഞാൽ പ്രഹസനം.ഒരുതരം നിർവികാരതയോടെ അവൾ ആ സ്ത്രീയെ നോക്കി കിടന്നു.
“നാം ക്യാ ഹെ തുമ്ഹാരാ…”
“നന്ദന”
മുറിവുണങ്ങിയ വരണ്ട ചുണ്ട് വേദനയോടെ അനക്കിയവൾ മറുപടി പറഞ്ഞു.
അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി ആ സ്ത്രീ പുറത്തേക്ക് ഇറങ്ങി.
“നന്ദന ഉണർന്നോ….”
അകത്ത് കടന്ന് വന്ന നേഴ്സ് അവളെ നോക്കി ചിരിച്ചു.
അവിടെ ആരിലും കാണാത്തൊരു പുഞ്ചിരി ഉണ്ടായിരുന്നു ആ നേഴ്സിന്റെ മുഖത്ത്.
“എന്തെങ്കിലും ഓർക്കാൻ പറ്റുന്നുണ്ടോ…..”
ആകാംക്ഷയോടെ അവളുടെ ഉണങ്ങിയ മുറിവുകളിൽ തലോടി മുഖത്ത് നോക്കി.
നിസ്സംഗതയോടെ ഇല്ല എന്നവൾ തലയാട്ടി.
“തന്റെ ബേഗിൽ നിന്ന് ഒരാളുടെ വിസിറ്റിംഗ് കാർഡ് കിട്ടിയിരുന്നു, അയാളെ ഞാൻ വിളിച്ചിരുന്നു… കാര്യം ഒന്നും പറഞ്ഞില്ല… പക്ഷേ അയാൾ വരാം എന്ന് പറഞ്ഞിട്ടുണ്ട്…”
“ആരാ അയാൾ…”
“അഭിനവ് അശോക്….. അതാണ് അയാളുടെ പേര്…എന്തെ ഓർക്കുന്നുണ്ടോ…”
“ഇല്ല….അറിയില്ല…”
നേർത്ത സ്വരത്തിൽ പറഞ്ഞു..
“ദേ അയാൾ വിളിക്കുന്നുണ്ട്, എത്തിയെന്ന് തോന്നുന്നു….”
ഫോൺ ചെവിയിൽ വച്ച് അവൾ പുറത്തേക്ക് നടന്നു.

ആരായിരിക്കും അയാൾ… അയാൾക്ക് എന്നെ അറിയാമോ….
ഹൃദയം വേഗത്തിൽ ഇടിക്കുന്നുണ്ട്… അകത്തേക്ക് വരാൻ പോകുന്ന ആളെ കുറിച്ചുള്ള ചിന്ത അവളെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു….
🛑🛑🛑

ആശുപത്രി വരാന്തയിലൂടെ ധൃതിയിൽ നടന്ന് വരുന്ന ചെറുപ്പക്കാരന്റെ അരികിലേക്ക് നടന്നു.
“അഭിനവ് അല്ലെ…”
“അതെ….”
വെപ്രാളത്തോടെ ചുറ്റിലും നോക്കി അവൻ മറുപടി പറഞ്ഞു.
“ഞാൻ ശ്വേത.. ഞാനാണ് ഫോൺ ചെയ്തത്…”
“എന്താ കാര്യം….”
പ്രിയപ്പെട്ട ആരുടെയോ അപകടം അറിഞ്ഞെന്ന പോലെ അവൻ ശ്വേതയുടെ മുഖത്തേക്ക് നോക്കി.
“അഭിനവിന് നന്ദനയെ അറിയാമോ”
“നന്ദന……”
“ആഹ് നന്ദന….അറിയാമോ….”
ആകാംക്ഷയോടെ, ഉത്തരത്തിനായി അവൾ അവന്റെ മുഖത്ത് തന്നെ നോക്കി…
ആ പേര് കേട്ടപ്പോൾ അവന്റെ മുഖത്ത് ഉണ്ടായ ഭാവമാറ്റം തന്നെ മതിയായിരുന്നു അതിന്റെ ഉത്തരം കിട്ടാൻ…
“അറിയാം….”അത്രയും നേർത്ത ശബ്ദത്തിൽ അവൻ അവളെ നോക്കാതെ പറഞ്ഞു.

“എങ്കിൽ വാ…അവളിവിടെ ഉണ്ട്…”
ഒന്ന് ഞെട്ടി അവൻ അവളുടെ മുഖത്തേക്ക് നോക്കി…
അവളുടെ പിറകെ ആ ഹോസ്പിറ്റൽ വരാന്തയിലൂടെ അവനും നടന്നു.വേഗത്തിൽ നടക്കുമ്പോഴും അവന്റെ കാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു..
“ആദ്യം ആള് ഇത് തന്നെയാണോ എന്ന് നോക്ക്…എന്നിട്ട് ബാക്കി പറയാം..”

മുറിയിൽ കടക്കുമ്പോൾ മൂന്നാളുടെയും ഹൃദയമിടിപ്പ് ഉയരുന്നുണ്ടായിരുന്നു..

“നന്ദന….”
നന്ദനയെ കണ്ടതും അഭിയ്ക്ക് ശ്വാസം എടുക്കാൻ പോലും കഴിയാത്തത് പോലെ തോന്നി…
“ഇതാണോ അഭിനവിന് അറിയാവുന്ന നന്ദന..”
നിർവികാരതയോടെ, തന്നെ നോക്കി കിടക്കുന്ന നന്ദുവിന്റെ മുഖത്ത് അഭി ഏറെ നേരം നോക്കി…
“ഹ്മ് അതെ….”
യാന്ത്രികമായി അവൻ മറുപടി പറഞ്ഞു.
അവളിൽ ഒരു ഭാവഭേദം ഇല്ലാത്തത് അവനിൽ വേദന ഉണ്ടാക്കി..

“അഭിനവ്…..”
ശ്വേത അവനോട് പുറത്തേക്ക് വരാനായി വിളിച്ചു.
“അവൾക്ക് ഇപ്പോൾ ഒന്നും ഓർമയില്ല..,
രണ്ടാഴ്ചയായി അവളെ ഇവിടെ കൊണ്ടുവന്നിട്ട്….
റേപ്പ് ആണ് കേസ്, ഫുഡ് ഡെലിവറി ചെയ്യുന്ന ഒരാളാണ് അവളെ കണ്ടതും ഇവിടെ എത്തിച്ചതും…..”
ശ്വേതയുടെ ഓരോ വാക്കുകളും ഒരുതരം മരവിപ്പോടെ ആയിരുന്നു അഭി കേട്ടത്.
“ഇവിടെ കൊണ്ടുവരുമ്പോൾ അവൾക്ക് ബോധം ഉണ്ടായിരുന്നു, അവളുടെ പേരും വയസ്സും ഒക്കെ അവൾ തന്നെയാണ് പറഞ്ഞ് തന്നത്….
ഞങ്ങൾ പോലീസിനെ ഇൻഫോം ചെയ്തപ്പോൾ അവൾക്ക് പരാതി ഒന്നും ഇല്ലെന്നും പറഞ്ഞു…
പിന്നെ സാധാരണ റേപ്പ് കേസിൽ ഉണ്ടാകാറുള്ള മുറിവുകൾ ഒന്നും അവളുടെ ദേഹത്ത് ഇല്ല.വീണപ്പോൾ തലയിൽ ഉണ്ടായ ശക്തമായ മുറിവ് മാത്രം ആയിരുന്നു ആകെ ഉണ്ടായത്… തലയ്ക്ക് ഏറ്റ അടിയുടെ ആഘാതത്തിൽ ആണെന്ന് തോന്നുന്നു, ഓപ്പറേഷൻ കഴിഞ്ഞതിൽ പിന്നെ അവളുടെ ഓർമ്മകൾ നഷ്ടമായി…
അവളുടെ മുറിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബേഗും ഫോണും ഒക്കെ കിട്ടിയത്… പക്ഷേ അതൊരു പുതിയ ഫോൺ ആയിരുന്നു, സിം പോലും ഇൻസേർട്ട് ചെയ്തിട്ടില്ല….. ഇന്നലെ ഞാൻ വെറുതെ ഒന്നുകൂടി ചെക്ക് ചെയ്തപ്പോഴാണ് അഭിനവിന്റെ കാർഡ് കിട്ടിയത്…..
“അവൾക്ക്….. അവൾക്ക് ഇപ്പോൾ ആരെയും ഓർമ്മ ഇല്ലേ..?”
“ഇല്ല… അവളുടെ പേരോ നാടോ വീടോ ഒന്നും….”
“ഇനി ഒരിക്കലും….”
“ഏയ്…എപ്പോൾ വേണമെങ്കിലും ഓർമ്മ വരാം… ഇതൊരു പെർമെനന്റ് അവസ്ഥ ഒന്നും അല്ലടോ….”
അഭിയുടെ വേദനയോടെ ഉള്ള ചോദ്യം കേട്ട് ശ്വേത അവനെ ആശ്വസിപ്പിക്കാൻ എന്നോണം പറഞ്ഞു.
“അഭിനവ് നന്ദനയുടെ ആരാണ്..”
വിഷയം മാറ്റാനായി അവൾ ചോദിച്ചു.
“നന്ദു എന്റെ ഫ്രണ്ട് ആണ്…. ”
ഒന്ന് നിർത്തി നെടുവീർപ്പിട്ട് അവൻ പതിയെ പറഞ്ഞു.
“ജസ്റ്റ് ഫ്രണ്ട്..”
“ആ ജസ്റ്റ് ഫ്രണ്ടിൽ തന്നെ ഉണ്ട്…നിങ്ങൾ തമ്മിൽ ഉള്ള റിലേഷൻ എന്താണെന്നുള്ളതിന്റെ ഉത്തരം”.
അവളെ നോക്കി അവനൊന്ന് ചിരിച്ചെന്ന് വരുത്തി.
“നാളെ നന്ദനയെ ഡിസ്ചാർജ് ചെയ്യും,അഭി കൊണ്ടുപോകില്ലെ അവളെ…?”
അടക്കിപ്പിടിച്ച വേദനയോടെ അവൻ തലയാട്ടി..
അവന്റെ കണ്ണുകളിൽ പൊടിയുന്ന തെളിനീര് അവൾ കണ്ടില്ലെന്ന് നടിച്ചുകൊണ്ട് മുഖം വെട്ടിച്ചു.
“ഞാൻ…. ഞാൻ… നാളെ രാവിലെ വരാം…”
ഇടറിയ ശബ്ദത്തിൽ പറഞ്ഞുകൊണ്ട് നന്ദുവിന്റെ അരികിലേക്ക് നടന്നു.
വീങ്ങിയ കൺപോളകളിൽ പതിയെ തലോടി.
“എന്നെങ്കിലും നിനക്ക് ഓർമ്മ തിരിച്ച് കിട്ടുമ്പോൾ, അന്ന് നീ,ചിലപ്പോൾ ഏറ്റവും കൂടുതൽ വെറുക്കുക, എന്നെ ആയിരിക്കും നന്ദൂ….”
ഇടറുന്ന ശബ്ദത്തിൽ പറഞ്ഞുകൊണ്ട് അവൻ ആശുപത്രിയിൽ നിന്നും ഇറങ്ങി.

ഫ്ലാറ്റിൽ കയറി വാതിൽ അടച്ച് നിലത്തേക്ക് ഊർന്നിറങ്ങി.അതുവരെ അടക്കി പിടിച്ച കണ്ണുനീർ തുള്ളികൾ നിലയ്ക്കാതെ ഒഴുകി കൊണ്ടിരുന്നു….

“നന്ദൂന്റെ ആരാണ് അഭി…”
“ഫ്രണ്ട്… ജസ്റ്റ് ഫ്രണ്ട്….,അല്ലേടാ ചക്കരെ….”
കണ്ണിറുക്കി അവനോട് പറ്റിച്ചേർന്ന ഇരിക്കുന്ന നന്ദുവിന്റെ മുഖവും അവളുടെ ശബ്ദവും ഒരു സ്വപ്നം പോലെ അവനിലേക്ക് വന്നുകൊണ്ടിരിക്കുന്നു…

“അഭി…… കതക് തുറക്ക്…..”
വരുണിന്റെ ശബ്ദം കേട്ട് അവൻ എഴുന്നേറ്റ് വാതിൽ തുറന്നു.
“ഡാ എന്തിനാ ഹോസ്പിറ്റലിൽ നിന്ന് വിളിച്ചത്…”
“വരുൺ…. നന്ദു… അവള് അവിടെ ഉണ്ടെടാ.”
“എന്നിട്ട്….?”
ആകാംക്ഷയോടെ വരുൺ അഭിയുടെ മുഖത്ത് നോക്കി.
“അവൾക്ക് ആരെയും , ഒന്നും ഓർമയില്ല”
പറഞ്ഞു കൊണ്ട് അവൻ കിടക്കയിൽ മലർന്ന് കിടന്നു…ചെന്നിയിലേക്ക് ഒഴുകി ഇറങ്ങുന്ന നീർത്തുള്ളികൾ അവനെ ചുട്ട് പൊള്ളിക്കുന്നുണ്ടായിരുന്നു….

ഏറെ നേരം അവിടെ മൗനം തളം കെട്ടി നിന്നു…..
“നാളെ ഞാൻ നന്ദൂനെയും കൂട്ടി നാട്ടിലേക്ക് പോകും..”
“നീ ശരിക്കും ആലോചിച്ചിട്ടാണോ… അഭി…”
“അതെ വരുൺ, എനിക്ക് അവളെ തിരികെ കൊണ്ടുവരണം…. എന്റെ പഴയ നന്ദു ആയിട്ട്”
“അവൾക്ക് എന്നെങ്കിലും എല്ലാം ഓർമ്മ വരും….അപ്പോഴോ?”
നിറഞ്ഞ കണ്ണുമായി അഭി വരുണിനെ നോക്കി..
“അവള് തരുന്ന എന്ത് ശിക്ഷയും ഞാൻ സ്വീകരിക്കും….”
ആ ശബ്ദം ഉറച്ചതായിരുന്നു…. കൂടെ വരണ്ട ഒരു ചിരിയും ഉണ്ടായിരുന്നു മുഖത്ത്…..

തുടരും……..

LEAVE A REPLY

Please enter your comment!
Please enter your name here