Part – 2 വായിക്കാൻ ഇവിടെ Click ചെയ്യുക.
വീണ്ടും ഒരു മഴക്കാലത്ത് Part – 3
രചന : Tina
മേലെപ്പാട്ടേക്ക് എത്തിയപ്പോൾ തന്നെ കണ്ടു മുറ്റത്തു ഒന്ന് രണ്ടു കാറുകൾ വന്നു കിടക്കുന്നത്. ആരാണെന്ന് സംശയിച്ചു നോക്കിയതും കാറിൽ നിന്നിറങ്ങിയ ആളെ കണ്ടു മഹിയുടെ കണ്ണുകൾ ചുമന്നു.
” വർഷ ”
മഹിയുടെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു.
കുടുംബത്തോടൊപ്പമാണ് വരവ്.. അച്ഛൻ ശ്രീകുമാറും അമ്മ ലതികയും അവളോട് ഒപ്പമുണ്ട്. വന്നു ഇറങ്ങിയതേ ഉള്ളെന്ന് തോന്നുന്നു. വിശ്വനാഥൻ പുറത്തേക്ക് ഇറങ്ങി വന്നു അവരെ അകത്തേക്ക് സ്വീകരിക്കുന്നുണ്ട്.
വിശ്വനാഥനോടൊപ്പം ചേർന്ന് നിന്ന് നിറഞ്ഞ ചിരിയോടെ അതിഥികളെ സ്വീകരിക്കുന്ന ആ സ്ത്രീയെകൂടി കണ്ടതോടെ മഹിയുടെ സകല നിയന്ത്രണങ്ങളും വിട്ടു. “രാധിക”…. തന്റെ അച്ഛന്റെ രണ്ടാം ഭാര്യ!
തന്റെ ജീവിതം തുലച്ചതിൽ ഏറിയപങ്കും വഹിച്ച സ്ത്രീ. തിരികെ വീട്ടിൽ എത്തിയിട്ട് ഇത്ര നേരമായിട്ടും അവരുടെ മുന്നിൽ ചെന്നു നിന്നിരുന്നില്ല.. അവരായി അവന്റെ മുന്നിലേക്ക് വന്നതുമില്ല.
തലയിലൂടെ അരിച്ചിറങ്ങിയ കോപത്തെ നിയന്ത്രിച്ചു കൊണ്ട് മഹി മുന്നിലേക്ക് നടന്നു. അവനെ കണ്ടതും രാധികയും ലതികയും എന്തൊക്കെയോ ശബ്ദം താഴ്ത്തി പറഞ്ഞെങ്കിലും ഒന്നിനും ചെവി കൊടുക്കാതെ മഹി അകത്തേക്ക് കയറി.
” മഹി…. ഒന്ന് നിന്നെ.. ”
ശ്രീകുമാർ പിന്നിൽ നിന്നും വിളിച്ചു. പക്ഷെ അവൻ അത് ഗൗനിക്കാതെ മുകളിലേക്ക് കയറി പോയി. മുറിയിലെത്തി കതക് അടച്ചു കുറ്റിയിട്ട് ഉള്ളിലൂടെ അസ്വസ്ഥതയോടെ നടന്നു. കുറച്ചു കഴിഞ്ഞതും കതകിൽ ആരോ തട്ടി. തുറക്കണോ വേണ്ടയോ എന്നൊന്ന് സംശയിച്ചു നിന്ന ശേഷം അവൻ കതക് തുറന്നു. അച്ഛൻ ആണ്.
” നീയൊന്ന് താഴേക്ക് വാ മഹി… ” അച്ഛൻ ശാന്തനായി പറഞ്ഞു
” ഞാനില്ല…. ” അവൻ തെല്ലും ആലോചിക്കാതെ മറുപടി കൊടുത്തു
“വൈശാഖിന്റെ കുറച്ചു ബന്ധുക്കളും മറ്റും വന്നിട്ടുണ്ട്…കല്യാണതിന് ഇനി കുറച്ചു ദിവസങ്ങൾ അല്ലെ ഉള്ളു… ഇവിടുത്തെ ഒരുക്കങ്ങളും മറ്റും എന്തായി എന്നറിയാൻ ഉള്ള വരവാണ്.” അയാൾ പറഞ്ഞു.
മീരയെ വിവാഹം ചെയ്യാൻ പോകുന്ന ആളാണ് വൈശാഖ്. അവളുടെ ഭാവിവരൻ എന്നതിലുപരി വൈശാഖ് മഹിയുടെ അടുത്ത സുഹൃത്ത് കൂടിയാണ്. വർഷങ്ങൾക്ക് മുന്നേ ഉള്ള അടുപ്പമാണ് വൈശാഖിന്റെ വീട്ടുകാരും മേലെപ്പാട്ടുകാരുമായി. ആ ഒരു അടുപ്പത്തിന് പുറത്താണ് മീരയ്ക്ക് വേണ്ടി വൈശാഖിനെ ആലോചിച്ചത് പോലും. രണ്ടു പേരും പരസ്പരം സമ്മതം അറിയിച്ചതോടെ കല്യാണം ഉറപ്പിക്കുകയും ചെയ്തു.
വൈശാഖിന്റെ ബന്ധുക്കളും മറ്റും വരുന്നെന്ന് അറിഞ്ഞിട്ടാകണം ശ്രീകുമാറും വർഷയും കൂടി ഇങ്ങോട്ടേക്കു വന്നതെന്ന് മഹി ചിന്തിച്ചു.
” അവർ ഉച്ചയ്ക്ക് മുൻപ് തിരികെ പോകും..വന്നവർക്ക് മുന്നിൽ ദുർമുഖം കാണിക്കേണ്ടല്ലോ…ഒന്നുമില്ലെങ്കിലും മീര അവരുടെ വീട്ടിലേക്ക് ചെല്ലേണ്ടുന്നവൾ അല്ലെ…” വിശ്വനാഥൻ ഓർമിപ്പിച്ചു കൊണ്ട് താഴേക്ക് ഇറങ്ങി പോയി.
അച്ഛൻ പറഞ്ഞത് ശെരിയാണെന്ന് അവനും തോന്നി.. വർഷയോടും വീട്ടുകാരോടും ഉള്ള ദേഷ്യം വൈശാഖിന്റെ വീട്ടുകാരോട് എന്തിന് താൻ കാണിക്കണം, അവർക്ക് മുന്നിൽ എന്തിന് ദുർമുഖം കാട്ടണം.. മഹി ഡ്രസ്സ് ഒക്കെ മാറി വേഗം താഴേക്ക് ചെന്നു.
വന്നവരെല്ലാം ഉമ്മറത്ത് ഇരിപ്പുണ്ട്. അച്ഛനും ശ്രീകുമാറും അവരോട് സംസാരിച്ചു കൊണ്ട് ഇരിക്കുകയാണ്. അവൻ അവിടെയായി ഒരു തൂണിൽ ചാരി നിന്നു..
” ഇതാണല്ലേ മൂത്ത ആൾ.”
വന്നവരിൽ അല്പം പ്രായം കൂടിയ ഒരാൾ മഹിയെ ചൂണ്ടി ചോദിച്ചു.
” അതെ.. ” വിശ്വനാഥൻ മറുപടി പറഞ്ഞു.
” ഇപ്പൊ എന്ത് ചെയുന്നു ”
വിശ്വനാഥൻ മറുപടി പറയാതെ മഹിയെ നോക്കി.
” ഫോട്ടോഗ്രാഫർ ആണ്.. ” അവൻ ഉത്തരം നൽകി.
” അധ്യാപകൻ ആണെന്നാണല്ലോ വൈശാഖിന്റെ അച്ഛൻ പറഞ്ഞു കേട്ടിട്ടുള്ളത് ” വന്നവർ വിടാൻ ഒരുക്കമല്ലായിരുന്നു.
” ആയിരുന്നു… ഇപ്പോ അല്ല…” അവൻ ശാന്തമായി പറഞ്ഞു.പിന്നെ കൂടുതൽ ചോദ്യങ്ങളൊന്നും ഉണ്ടാകാഞ്ഞതിൽ അവനു ആശ്വാസം തോന്നി.
രാധിക വന്നവർക്കെല്ലാം ചായയുമായി ഉമ്മറത്തേക്ക് വന്നു. പിന്നാലെ ലതികയും വർഷയും മീരയും ഉണ്ടായിരുന്നു.
ചായയും കുടിച്ചു അവരെല്ലാവരും കുറച്ചു നേരം കൂടി സംസാരിച്ചിരുന്നു. ഇടയ്ക്കിടയ്ക്ക് വർഷയുടെ നോട്ടം മഹിയുടെ മേൽ പാളി വീഴുന്നുണ്ടായിരുന്നു.അതവനെ ആസ്വസ്ഥനാക്കുന്നുണ്ടെന്ന് അവന്റെ മുഖം വ്യക്തമാക്കി.
വൈശാഖിന്റെ വീട്ടുകാർ യാത്ര പറഞ്ഞു ഇറങ്ങിയതും മഹി നേരെ മുറിയിലേക്ക് പോയി. അല്പനേരത്തിനു ശേഷം വാതിലിൽ ആരോ തട്ടുന്നത് കേട്ടു.
കതക് തുറന്നതും മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അവൻ വെറുപ്പോടെ മുഖം തിരിച്ചു. ചെറിയൊരു പുഞ്ചിരിയോടെ വർഷ മുന്നിൽ നില്കുന്നു.
“മഹിയേട്ടാ…. ഇപ്പോഴും അതേ ദേഷ്യമാണോ എന്നോട്…” അവൾ അകത്തേക്ക് കയറാൻ ഭാവിച്ചെങ്കിലും മഹി വാതിലിനു തടസമായി നിന്നു.
“ഇത്രയും നാളുകൾ ആയില്ലേ…. മറക്കാൻ പറ്റില്ലേ അതൊന്നും…. ക്ഷമിക്കാൻ ആവില്ലേ എന്നോട് ” അവൾ ചോദിച്ചു.
” എന്താ ഞാൻ മറക്കേണ്ടത്….. ” മഹിയുടെ ഒച്ച ഉയർന്നു.
” പറയെടി… ഞാനെന്താ മറക്കേണ്ടത്…. ” കടിച്ചു പിടിച്ചുള്ള അവന്റെ സംസാരം കേട്ടതും അവളുടെ മുഖം കുനിഞ്ഞു പോയി.
” നീ കാരണം നഷ്ട്ടപ്പെട്ട എന്റെ മൃദുവിനെയോ…. അവളെയാണോ ഞാൻ മറക്കേണ്ടത്….. ” അവന്റെ കണ്ണുകളിൽ അഗ്നി എരിഞ്ഞു.
” മഹിയേട്ടാ ഞാൻ…. ” വർഷ വാക്കുകൾ കിട്ടാതെ ഉഴറി
” മിണ്ടരുത്… നീ എന്ത് ന്യായം പറഞ്ഞാലും എനിക്ക് കേൾക്കേണ്ട… നിന്നെ കാണുന്നത് പോലും എനിക്ക് വെറുപ്പാ.. എന്റെ മുന്നിൽ വരരുത്… ” അവൻ കോപത്തോടെ കതക് അടയ്ക്കാൻ തുടങ്ങിയതും വാതിലിനു കുറുകെ വർഷ കൈ വെച്ചു തടഞ്ഞു.
” എന്നെ കാണുന്നത് വെറുപ്പാണോ മഹിയേട്ടന്…. ” അവൾ കണ്ണ് വിടർത്തി ചോദിച്ചു.
” ഒന്ന് കാണാൻ എത്ര വർഷം ഞാൻ കാത്തിരുന്നു എന്നറിയോ….മഹിയേട്ടൻ വന്നെന്ന് അറിഞ്ഞപ്പോ ഓടി വന്നതാ ഞാൻ… ഒന്ന് കാണാൻ… ” അവൾ പൂർത്തിയാക്കാതെ അവന്റെ മുഖത്തേക്ക് നോക്കി.
” എനിക്ക് നിന്നെ കാണേണ്ട… കാണുമ്പോ എനിക്ക് ഭ്രാന്ത് പിടിക്കുവാ.. ഇവിടുന്ന് പോ.. ”
അവൻ അലറുകയായിരുന്നു.
അവന്റെ ഒച്ച ഉയർന്നതും താഴെ നിന്ന് രാധികയും മീരയും വിശ്വനാഥനും പടികയറി മുകളിലേക്ക് എത്തി.
” എന്താ മഹിയേട്ടാ .”. വിറയ്ക്കുന്ന ശബ്ദത്തോടെ മീര ചോദിച്ചു
” എന്റെ മൃദുവിനെ ഇല്ലാതാക്കിയത് ഇവളാ…. എനിക്ക് കാണേണ്ട ഇവളെ ” വർഷയ്ക്ക് നേരെ കൈ ചൂണ്ടി മഹി പറഞ്ഞു.
” ഞാൻ ആരെയും ഇല്ലാതാക്കിയിട്ടില്ല… ” അവളുടെ കണ്ണുകൾ തീക്ഷ്ണമായി.
“മിണ്ടരുത് നീ…. എന്റെ മുന്നിൽ നിന്ന് പൊയ്ക്കോ…” അവന്റെ മുഖം വലിഞ്ഞു മുറുകി.. കുറച്ചു നേരം നിശബ്ദമായി നിന്നതിനു ശേഷം വർഷ മുഖം ഉയർത്തി അവനെ നോക്കി.
” മഹിയേട്ടൻ ഒരിക്കലും മൃദുലയെ സ്നേഹിച്ചിട്ടില്ല….. ഉണ്ടോ..? ” വർഷ വിറയ്ക്കുന്ന ശബ്ദത്തോടെ ചോദിച്ചു.
“മഹിയേട്ടൻ സ്നേഹിച്ചത് എന്നെയാ… വിവാഹം കഴിക്കാൻ ആഗ്രഹിച്ചതും എന്നെയാ….എന്നിട്ട്… അവസാനം അവൾ, ആ മൃദുല നമുക്കിടയിൽ വന്നു…നിങ്ങൾ അവളെ സ്നേഹിച്ചിട്ടില്ല മഹിയേട്ടാ… അവളോട് നിങ്ങൾക്ക് സഹതാപം ആയിരുന്നു.. ആ സഹതാപത്തെ സ്നേഹമെന്നു തെറ്റിദ്ധരിച്ചു വെച്ചിരിക്കുന്നതാ നിങ്ങൾ ചെയുന്ന ഏറ്റവും വലിയ തെറ്റ്..”
” വർഷേ… ” ശ്രീകുമാർ ശാസനയോടെ അവളെ വിളിച്ചു.
” ഇങ്ങു വാ.. ” അയാൾ കൈ കാട്ടിയതും അവൾ അനുസരണയോടെ അയാൾക്കരികിലേക്ക് നടന്നു നീങ്ങി.
” ഞങ്ങൾ ഇറങ്ങുവാ വിശ്വാ…. ” വിശ്വനാഥനോട് യാത്ര പറഞ്ഞു വർഷയെയും കൂട്ടി ശ്രീകുമാർ പുറത്തേക്ക് നടന്നു.പിന്നാലെ ലതികയും.
രാധികയും മീരയും വിശ്വനാഥനും പരസ്പരം നോക്കി നിന്നു.അപ്പോഴേക്കും മഹി കതക് വലിച്ചടച്ചിരുന്നു.
ഉച്ചയ്ക്ക് ഭക്ഷണം പോലും കഴിക്കാതെ അവനാ മുറിയിൽ തന്നെ കഴിച്ചു കൂട്ടി.
കാതിൽ മുഴങ്ങി കേൾക്കുന്നത് വർഷ പറഞ്ഞ വാചകങ്ങളാണ്… “താൻ മൃദുലയെ സ്നേഹിച്ചിട്ടില്ലേ….” ഒരിക്കൽ പോലും അവൾക്ക് സ്നേഹം നൽകിയിട്ടില്ലേ…അവളോട് തനിക്ക് സഹതാപം ആയിരുന്നോ… ”
ദേഷ്യവും സങ്കടവും മനസ്സിൽ കുമിഞ്ഞു കൂടി.
പുറത്തു മഴ തിമിർത്തു പെയ്യുന്നുണ്ടായിരുന്നു. ജനൽ കമ്പികളിൽ പിടിച്ചു മഴ പെയ്യുന്നതും നോക്കി നിൽക്കവേ അവന്റെ കണ്ണുകളും പെയ്തിറങ്ങി.
അപ്രതീക്ഷിതമായി തന്റെ ജീവിതത്തിലേക്ക് കയറി വന്ന പെണ്ണാണ് മൃദുല.. ഒരു പാവം പെണ്ണ്..സ്നേഹിച്ചിട്ടേ ഉള്ളു തന്നെ ഇത് വരെ…എന്നാൽ ആ സ്നേഹം തിരിച്ചു കൊടുക്കാൻ കഴിഞ്ഞിട്ടില്ല..മേലെപ്പാട്ടെ സ്വത്തിനും പണത്തിനും കുടുംബമഹിമയ്ക്കും മുന്നിൽ മൃദുലയുടെ സ്നേഹത്തിനു മൂല്യം കുറവായി പലർക്കും തോന്നിയപ്പോൾ അതിനു പകരമായി നഷ്ടപ്പെടേണ്ടി വന്നത് അവളുടെ ജീവൻ തന്നെ ആയിരുന്നു…!
അന്നാട്ടിലെ ജന്മികൾക്ക് തുല്യമായിരുന്നു ഒരു കാലത്ത് മേലെപ്പാട്ട് തറവാട്.മഹിയുടെ മുത്തച്ഛൻ മാധവ മേനോനും അച്ഛൻ മേലെപ്പാട്ട് വിശ്വനാഥനുമൊക്കെ നാട്ടുകാർക്ക് എല്ലാവർക്കും സ്നേഹവും ബഹുമാനവും ഉള്ള ആൾക്കാർ ആയിരുന്നു. ഭയവും ബഹുമാനവും കലർന്ന സമീപനം ആണ് പൊതുവെ എല്ലാവർക്കും അവരോട് ഉണ്ടായിരുന്നത്. മേലെപ്പാട്ടെ അംഗങ്ങളെല്ലാം അടുത്തടുത്ത ഇടങ്ങളിൽ തന്നെയാണ് വീടുകൾ പണിതു താമസിക്കുന്നത്. മാധവമേനോന്റെ കാലം മുതലേ അങ്ങനെയാണ്. എല്ലാവരും ഒറ്റക്കെട്ടായി ഒത്തൊരുമയോടെ ജീവിക്കണം എന്നത് അദ്ദേഹത്തിന്റെ നിർബന്ധം ആയിരുന്നു.
ആര് സഹായം ചോദിച്ചു വന്നാലും തന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ അവർക്ക് വേണ്ടുന്നതെല്ലാം ചെയ്തു കൊടുക്കുന്ന ആളായിരുന്നു മഹിയുടെ മുത്തച്ഛൻ. ഒരാളെയും ദ്രോഹിക്കാതെ എല്ലാവരെയും സ്നേഹിച്ചു ജീവിച്ച മനുഷ്യൻ. എന്നാൽ അദ്ദേഹത്തിന്റെ മക്കൾ എല്ലാം നേരെ തിരിച്ചായിരുന്നു. നാല് മക്കളാണ് അദ്ദേഹത്തിന്.. സഹദേവൻ, വിശ്വനാഥൻ, കാർത്തികേയൻ,ലതിക.
സഹദേവനും, കാർത്തികേയനും അസുരജന്മങ്ങൾ ആണെങ്കിലും അല്പം ഭേദം ഉള്ളത് വിശ്വനാഥനും ലതികയും തന്നെ ആയിരുന്നു. എങ്കിലും തന്റെ നേട്ടത്തിനായി മറ്റൊരാളെ ഉന്മൂലനം ചെയ്യാൻ യാതൊരു മടിയും ഇല്ലാത്ത ആൾ ആയിരുന്നു വിശ്വനാഥനും. അങ്ങനെ സ്വന്തം കാര്യലാഭത്തിനായി വിശ്വനാഥൻ തകർത്തെറിഞ്ഞ ജീവിതങ്ങൾ പലതാണ്.
ആക്കൂട്ടത്തിൽ ഒന്നാണ് സുഭദ്ര എന്ന വിശ്വനാഥന്റെ ആദ്യ ഭാര്യ.. മഹിയുടെ അമ്മ.
മഹി ജനിച്ചു കുറച്ചു കഴിഞ്ഞതോടെ രോഗബാധിത ആയ അവരെ വിശ്വനാഥൻ പൂർണമായും തള്ളിക്കളഞ്ഞിരുന്നു. അക്കാലത്തു തന്നെ ലതികയുടെ ഭർത്താവിന്റെ അനിയത്തി രാധികയുമായി അയാൾക്ക് രഹസ്യബന്ധവും ഉണ്ടായിരുന്നു. സുഭദ്ര ഒരു വശം തളർന്നു കിടപ്പിലായപ്പോ വിശ്വനാഥൻ രഹസ്യക്കാരിയായ രാധികയെ താലി ചാർത്തി മേലെപ്പാട്ടേക്ക് കൊണ്ടുവന്നു.
ഒരു ഭാര്യ ജീവിച്ചിരിക്കുമ്പോ തന്നെ മറ്റൊരു പെണ്ണിനെ കൂടെ കൂട്ടിയതിൽ എല്ലാവർക്കും മുറുമുറുപ്പ് ഉണ്ടായിരുന്നെങ്കിലും ആർക്കും വിശ്വനാഥനോട് നേരിട്ട് പറയാൻ ധൈര്യം ഉണ്ടായിരുന്നില്ല.
മകൾ ലതികയുടെ ഭർത്താവിന്റെ അനിയത്തിയെ മകൻ താലി ചാർത്തി കൊണ്ട് വന്നത് കൊണ്ട് അവളെ തള്ളണോ കൊള്ളണോ എന്നറിയാതെ ആശങ്കയിലായി മാധവമേനോനും.
എന്നാൽ സുഭദ്രയുടെ വീട്ടുകാരെ ഇത് ചൊടിപ്പിച്ചു. അവർ ഇതിനെതിരെ ചോദ്യം ചെയ്തെങ്കിലും സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന അവരെ വിശ്വനാഥൻ വകവെച്ചില്ല.. തുടർന്ന് സുഭദ്രയുടെ വീട്ടുകാർ വന്നു അവരെ കൂട്ടികൊണ്ട് പോയെങ്കിലും മുത്തച്ഛന്റെ നിർദ്ദേശപ്രകാരം മേലെപ്പാട്ടേക്ക് തന്നെ തിരിച്ചെത്തി. സുഭദ്രയോട് ഉണ്ടായിരുന്ന മാധവമേനോന്റെ പ്രത്യേക ഇഷ്ടം കാരണമോ, വിശ്വനാഥനോടുള്ള അനിഷ്ടം കാരണമോ എന്നറിയില്ല.., മക്കൾക്ക് വീതം നൽകിയതിന് ശേഷം മാധവമേനോന്റെ പേരിൽ അവശേഷിക്കുന്ന സകല സ്വത്തുക്കളും, മറ്റും സുഭദ്രയുടെയും മഹിയുടെയും പേരിലേക്ക് മാറ്റി.
ഒരു വീട്ടിൽ രണ്ടു ഭാര്യമാരോടും മക്കളോടുമൊപ്പം വിശ്വനാഥൻ ജീവിച്ചു. നാളുകൾക്ക് ശേഷം വിശ്വനാഥനു രാധികയിൽ മീര ജനിച്ചു. പെട്ടന്നൊരുനാൾ രോഗം മൂർച്ഛിച്ചു സുഭദ്ര മരിച്ചു. അവളുടെ മരണശേഷവും മീരയെയും മഹിയെയും വിശ്വനാഥൻ ഒരേപോലെയാണ് സ്നേഹിച്ചത്. എന്നാൽ സുഭദ്ര ഇല്ലാതായതോടെ മഹി ഒറ്റയ്ക്ക് ആകുമെന്ന് കരുതിയ മാധവമേനോൻ, അവന്റെ സുരക്ഷയെ മുൻകണ്ടു ബാക്കിയുള്ള പാരമ്പര്യ സ്വത്തുക്കൾ കൂടി മഹിയുടെ പേരിലേക്ക് മാറ്റുകയും അവനു 18 വയസ് ആകുന്നത് വരെ മഹിയുടെ പേരിലുള്ള സ്വത്തുവകകൾ കൈവശം വെക്കാനുള്ള അധികാരം മാത്രം വിശ്വനാഥനു നൽകുകയും ചെയ്തു.
സുഭദ്രയുടെ മരണശേഷം മേലെപ്പാട്ടെ അംഗങ്ങൾ എല്ലാരും ചേർന്നാണ് മഹിയെ വളർത്തിയത്. സ്വന്തം മകനെ പോലെ കണ്ട് വളർത്തുമ്പോഴും അവരുടെ കണ്ണ് മഹിയുടെ പേരിലുള്ള അളവറ്റ സ്വത്തുക്കളിൽ തന്നെയായിരുന്നു.
ആ സ്വത്തുക്കൾ എങ്ങനെയും കൈക്കലാക്കണം എന്ന ചിന്തയോടെ തന്നെയാണ്. സ്വന്തം ആങ്ങളയുടെ മകൾ വർഷയെ കൊണ്ട് മഹിയെ വിവാഹം ചെയ്യിക്കാനും രാധിക താല്പര്യം പ്രകടിപ്പിച്ചത്.
എല്ലാവർക്കും അവകാശം ഉള്ള പാരമ്പര്യസ്വത്തുക്കൾ മഹിയുടെ പേരിലായതിന്റെ അമർഷം കൊണ്ടാകാം, സഹദേവനും കാർത്തികേയനും കൂടി വിശ്വനാഥനോടൊപ്പം ചേർന്ന് മഹിയും വർഷയുമായുള്ള വിവാഹത്തിന് ചുക്കാൻ പിടിച്ചു. മഹിയും വർഷയുമായുള്ള വിവാഹം നടന്നാൽ അവന്റെ സ്വത്തുക്കൾക്ക് വർഷ പാതി അവകാശി ആകുമെന്നും തുടർന്നു അവളിലൂടെ ചരട് വലിച്ചു പാരമ്പര്യ സ്വത്തുക്കൾ മക്കൾ 4 പേർക്കും തുല്യമായി വീതിക്കാം എന്നുമായിരുന്നു കണക്ക് കൂട്ടൽ.
കുഞ്ഞു നാൾ മുതലേ വർഷയ്ക്ക് മഹിയോട് ഒരു പ്രത്യേക ഇഷ്ടവുമായിരുന്നു. മഹി തന്റേത് മാത്രമെന്ന് പറഞ്ഞു നടക്കുമ്പോഴും അവനൊരിക്കലും വർഷയോട് അത്തരത്തിൽ ഒരു ഇഷ്ടമോ താല്പര്യമോ ഉണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം.
എന്നിട്ടും കുടുംബത്തിൽ എല്ലാവരും ചേർന്ന് വർഷയുടെ മനസ്സിൽ മോഹം ജനിപ്പിച്ചു.. മഹി അവൾക്ക് ഉള്ളതാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു…
പക്ഷെ… എല്ലാവരുടെയും കണക്കു കൂട്ടലുകളെ തെറ്റിച്ചുകൊണ്ടാണ് മൃദുല എന്ന പെൺകുട്ടി മഹി എന്ന മഹാദേവന്റെ ജീവിതത്തിലേക്ക് വന്നത്.. തികച്ചും അപ്രതീക്ഷിതമായി, മഹി പോലും ആഗ്രഹിക്കാതെ ഇരുന്ന സമയത്ത് അവനു മൃദുലയുടെ കഴുത്തിൽ താലി ചാർത്തേണ്ടി വന്നു…
പുറത്തു കനത്തു പെയ്യുന്ന മഴയെ നോക്കി മഹി നിന്നു. മുഖത്തേക്ക് തെറിക്കുന്ന മഴത്തുള്ളികളോടൊപ്പം അവന്റെ കണ്ണീരും കൂടിക്കലർന്നു കവിളുകളിലൂടെ ഒഴുകി.
***********************************
പിറ്റേന്ന് അതിരാവിലെ തന്നെ മഹി എഴുന്നേറ്റു. ദൈവങ്ങളുമായി പിണക്കത്തിലായിട്ട് നാളുകൾ ആയി എങ്കിലും എന്ത് കൊണ്ടോ ക്ഷേത്രത്തിൽ പോകണമെന്ന് അവനു തോന്നി.മനസ് കലുഷിതമായിരുന്നു.
അവൻ എഴുന്നേറ്റു കുളിച്ചു റെഡി ആയി, ആരെയും അറിയിക്കാതെ ശബ്ദം ഉണ്ടാക്കാതെ തൊടിയിലൂടെ ക്ഷേത്രം ലക്ഷ്യമാക്കി നടന്നു നീങ്ങി. തലേന്ന് രാത്രി മഴ പെയ്തത് കൊണ്ട് വഴിയിലെല്ലാം വെള്ളം കയറി കിടപ്പുണ്ട്. മൊബൈലിലെ ടോർച് ലൈറ്റ് തെളിയിച്ചു കൊണ്ട് അവൻ ശ്രദ്ധാപൂർവം മുന്നോട്ട് നടന്നു.
അധികം താമസിയാതെ ക്ഷേത്രത്തിൽ എത്തി. നിർമ്മാല്യം ആരംഭിച്ചതെ ഉള്ളു. മഹി കൈ കൂപ്പി കണ്ണുകൾ അടച്ചു തൊഴുതു നിന്നു.കുറെ നേരം ആ നടയിൽ നിൽക്കവേ മെല്ലെയൊരു തണുപ്പ് വന്നു അവനെ മൂടുന്നത് പോലെ തോന്നി. അദൃശ്യമായ ഒരു ശക്തി അവനെ പൊതിഞ്ഞു പിടിക്കുന്നത് പോലെയൊരു തോന്നൽ. അലസമായി ഒഴുകി നടന്ന മനസിനെ എന്തിലേക്കോ പിടിച്ചു നിർത്തുന്നത് പോലെ അവനു അനുഭവപ്പെട്ടു. അതിന്റെ പൊരുൾ എന്താണെന്ന് അവനു മനസിലായില്ല.
പണ്ട് മൃദുലയുമായി ക്ഷേത്രത്തിൽ വരുമ്പോഴും ഇങ്ങനെ തന്നെ ആയിരുന്നു. അവൾ കണ്ണുകൾ അടച്ചു ഭക്തിയോടെ നില്കും.. താൻ അലസമായ മനസോടെയും. പ്രാർത്ഥിക്കാൻ അവൾ പറഞ്ഞാലും വെറുതെ കണ്ണടച്ചങ്ങു നിക്കും.
എന്നാൽ അല്പനേരം അവൾക്കൊപ്പം ഈ നടയിൽ നിൽകുമ്പോൾ തന്നെ അദൃശ്യമായ എന്തോ ഒരു ശക്തി വന്നു പൊതിയുന്നതായി തോന്നും.
നീണ്ട നേരത്തിനു ശേഷം കണ്ണുകൾ തുറന്നതും മഹിയുടെ കണ്ണുകൾ ഉടക്കിയത് രണ്ട് കരിനീല കണ്ണുകളിൽ ആയിരുന്നു.
അന്ന് ബസിൽ വെച്ച് കണ്ട അതെ കരിനീല കണ്ണുകൾ.
” ഗാഥ… ” അവന്റെ ചുണ്ടുകൾ മെല്ലെ മന്ത്രിച്ചു.
ആൾ തിരക്ക് പിടിച്ച പ്രാർത്ഥനയിൽ ആണ്. ഗാഥ തൊഴുതു തിരിഞ്ഞതും മഹിയെ കണ്ടു. അവളൊരു പുഞ്ചിരി അവനായി നൽകി. പിശുക്കാതെ മഹിയും തിരികെ പുഞ്ചിരിച്ചു.
പ്രാർത്ഥന കഴിഞ്ഞു തിരികെ വീട്ടിലേക്ക് നടക്കും വഴി മഹി തിരിഞ്ഞു നോക്കി. ഗാഥ പിന്നാലെ തന്നെ ഉണ്ടായിരുന്നു.
” അന്ന് കൊണ്ടു പോയ നായ്കുട്ടി എങ്ങനെ ഇരിക്കുന്നു ” നടക്കുന്നതിനിടയിൽ തിരിഞ്ഞു നിന്ന് മഹി ചോദിച്ചു
” നന്നായി ഇരിക്കുന്നു. ഇപ്പൊ ആൾക്ക് കുഴപ്പം ഒന്നുമില്ല ” അവൾ വഴുക്കലുള്ള പാടവരമ്പിലൂടെ സസൂക്ഷ്മമം നടന്നു കൊണ്ട് പറഞ്ഞു
” പേരിട്ടോ ആൾക്ക്.. ”
” തല്ക്കാലം പേരൊന്നും ഇട്ടില്ല… ഇടണം
മാഷിന്റെ കയ്യിൽ എന്തേലും പേരുണ്ടോ.. ”
” അങ്ങനെ ചോദിച്ചാൽ…..! ഇല്ല…. ഇയാൾക്ക് ഇഷ്ടമുള്ള ഒരു പേര് ഇട്.. ”
അപ്പോഴേക്കും ഗാഥയും അവനോടൊപ്പം നടന്നെത്തിയിരുന്നു. പടവരമ്പ് കഴിഞ്ഞു മുന്നോടുള്ള പാതയിലൂടെ ഇരുവരും ഒരുമിച്ചു നടന്നു.
” ഇയാളുടെ വീട് എവിടാ ” മഹി ചോദിച്ചു
” വീട് ഇവിടെ അടുത്ത് ആണ് ”
” അടുത്തെന്ന് പറഞ്ഞാൽ.. ”
” ഇവിടെ അടുത്ത് തന്നെ… അന്ന് ആൽമരത്തിന്റെ അടുത്ത് നിന്ന് വലത്തേക്ക് പോയില്ലേ… അത് വഴി കുറച്ചു അകത്തേക്ക് നടക്കണം.. ”
” അവിടെ ഏത് ഭാഗത്തു ആണ്…. കൈതകാടിന് അടുത്താണോ ”
” അതെ… ”
” എവിടെയോ കണ്ടു മറന്ന മുഖം പോലെ തോനുന്നു.. ” മഹി പറഞ്ഞു. അവളൊന്നു മൂളി.
വെളിച്ചം വീണു തുടങ്ങിയിട്ടില്ല. മൊബൈൽ ഫോണിന്റെ നേരിയ വെളിച്ചത്തിൽ ചെറു പാതയും താണ്ടി ഇരുവരും മുന്നോട്ട് നടന്നു ആൽ മരത്തിനു അടുത്തെത്തി.
” മഹിയ്ക്ക് എന്നെ മനസിലായോ… ”
വഴി പിരിയുന്നിടത്തു വെച്ച് ഗാഥ ചോദിച്ചു.
” ഇല്ല… എന്തെ.. ”
” നമ്മൾ തമ്മിൽ നേരത്തെ പരിചയം ഉണ്ട്… ”
അവൾ പറഞ്ഞതും മഹി അവളെ സംശയത്തോടെ നോക്കി. കൈകൾ മാറോടു പിണച്ചു കെട്ടി അവൾ അവനെ നോക്കി പുഞ്ചിരിച്ചു.
( തുടരും )
( കുറച്ചു ഹെൽത്ത് ഇഷ്യൂസ് ഉണ്ട്. വായനക്കാർ സദയം ക്ഷമിക്കുമല്ലോ. നെക്സ്റ്റ് part 28/11/2020 )