Home Latest എന്തൊരു ജാഡയാ ഇവൾക്ക്.. ഒന്നു ചിരിച്ചാൽ മുത്തു കൊഴിഞ്ഞു പോവുമെന്നാഭാവം .. Part – 2

എന്തൊരു ജാഡയാ ഇവൾക്ക്.. ഒന്നു ചിരിച്ചാൽ മുത്തു കൊഴിഞ്ഞു പോവുമെന്നാഭാവം .. Part – 2

0

Part – 1 വായിക്കാൻ ഇവിടെ Click ചെയ്യുക.

യാദവം Part – 2

രചന : രജിഷ അജയ് ഘോഷ്

കുട്ടികൾക്കൊപ്പം ഇരുന്നുകളിക്കുന്ന വേദമോളെ കണ്ടപ്പോഴാണ് ശ്വാസം നേരെ വീണത്.. ഓടിച്ചെന്നെടുത്ത് തുരുതുരെ രണ്ടുകവിളിലും മുത്തി..
ഓരോന്നോർത്ത് നടന്ന് ബാങ്കിലെത്തിയിരുന്നു.
ഇനിയാ മാനേജർ വിവേകിൻ്റെ പഞ്ചാരയടി കേൾക്കണമല്ലോ എന്നോർത്തു കൊണ്ട് ബാല അകത്തേക്ക് കയറി..
ബാങ്കിലെത്തിയപ്പോൾ എതിരെ വന്ന പ്യൂൺ ജോസഫേട്ടൻ ചോദിച്ചു.
“ഇന്നലെ കുഞ്ഞിനെ കണ്ടില്ലല്ലോ?”

“മോൾക്ക് സുഖമില്ലായിരുന്നു.. അതോണ്ട് ലീവാക്കി
ജോസഫേട്ടാ..” ചിരിയോടെ ബാല പറഞ്ഞു.

“എന്നിട്ട് സുഖമായോ മോൾക്ക് .. ”

” ഉം.. ഇപ്പോൾ കുഴപ്പമില്ല ,സാറെത്തിയോ..” ബാല ചോദിച്ചു.

“ഇല്ല  കുഞ്ഞേ.. വരാനാവുന്നതേ ഉള്ളൂ.. ” അയാൾ പറഞ്ഞു.

ബാലയെ കാണുമ്പോൾ മോളെ പോലെയാണെന്ന് ജോസഫേട്ടൻ പറയും.. കുഞ്ഞേ എന്നുള്ള വിളിയിൽ ആ വാത്സല്യവുമുണ്ട്.

അകത്തേക്ക് കയറിയപ്പോൾ മറ്റു സ്റ്റാഫുകളെല്ലാം കൂട്ടം കൂടി സംസാരിക്കുകയാണ്.ബാലയെ കണ്ടപ്പോൾ എല്ലാവരും തിരിഞ്ഞു നോക്കി.മുഖത്ത് ചെറിയൊരു ചിരി വരുത്തി അവരെ നോക്കിയ ശേഷം തൻ്റെ സീറ്റിലിരുന്നവൾ..
ബാല ഇവിടെയെത്തിയിട്ട് ആറുമാസം കഴിഞ്ഞെങ്കിലും ജോസഫേട്ടനോടു മാത്രമേ അധികം സംസാരിക്കാറുള്ളൂ.. മറ്റുള്ളവരോട് ഒരു ചിരി ചോദിക്കുന്നതിനുള്ള മറുപടി അത്രയേ ഉള്ളൂ..
കംപ്യൂട്ടർ ഓൺ ചെയ്ത് വെറുതെ എന്തെങ്കിലും ചെയ്യാനുണ്ടോ എന്നു നോക്കുന്നതിനിടെ
അക്കൗണ്ടിംഗ് സെക്ഷനിലെ സൂസി മാഡത്തിൻ്റെ പതിഞ്ഞ ശബ്ദം കേട്ടു .

“വന്നു ആ കംപ്യൂട്ടറും ഓൺ ചെയ്തവിടെ ഇരുന്നു ..
എന്തൊരു ജാഡയാ ഇവൾക്ക്.. ഒന്നു ചിരിച്ചാൽ മുത്തു കൊഴിഞ്ഞു പോവുമെന്നാഭാവം .. ” അടുത്തു നിൽക്കുന്നവരോടാണ് സൂസി പറഞ്ഞതെങ്കിലും ബാലയുടെ കാതിലത് പതിച്ചു.

മുൻപും പലപ്പോഴും ഇത്തരം മുറുമുറുപ്പുകൾ കേൾക്കാറുള്ളതാണ്. അതു കൊണ്ട് ഒന്നും അറിയാത്തതുപോലെ ഇരുന്നവൾ.. ഇവരോടെക്കെ അടുത്തിടപഴകിയാൽ തൻ്റെ ജാതകം വരെ അറിയേണ്ടി വരും എന്നറിയാവുന്നത് കൊണ്ടു തന്നെയാണ് മനപ്പൂർവ്വം അകന്നു നിൽക്കുന്നതെന്ന് ബാല മനസ്സിൽ കരുതി.
അൽപം കഴിഞ്ഞപ്പോൾ ജോസഫേട്ടൻ വന്നു പറഞ്ഞു.

” കുഞ്ഞിനെ വിവേക് സാർ വിളിക്കുന്നുണ്ട് ”
ഇതു പ്രതീക്ഷിച്ചിരുന്നതാണ് ..

“മേ ഐ കമിൻ സാർ ..”

” യെസ്.. ശ്രീബാല വരൂ ..”

“ഇരിക്കെടോ.. നമുക്കിടയിലെന്തിനാ ഈ ഫോർമാലിറ്റീസ് ..”ബാലയെ നോക്കിക്കൊണ്ട് വിവേക് പറഞ്ഞു.

“സാറെന്തിനാ വിളിച്ചതെന്ന് പറയൂ.. ”

“ഇരിക്കൂ.. എന്നിട്ടു പറയാം.. ” അയാൾ വീണ്ടും പറഞ്ഞപ്പോൾ മടിച്ച് കൊണ്ട് ബാല ഇരുന്നു.
“മോൾക്ക് പനി കുറഞ്ഞോ ശ്രീബാല..” വിവേക് ചോദിച്ചു.

” മാറി സാർ.. എന്തിനാ വിളിച്ചതെന്ന് പറഞ്ഞില്ല.” അവൾ തിരക്കുകൂട്ടി.

“തനിക്ക് ക്യാഷെന്തെങ്കിലും വേണോ?”വിവേകിൻ്റെ ചോദ്യം കേട്ട് ബാല ഒന്ന് അമ്പരന്നു.

” വേണ്ട സാർ.. ”

“എന്തെങ്കിലും വേണമെങ്കിൽ പറഞ്ഞാൽ മതി.. പിന്നെ.. എന്തെങ്കിലും സഹായം ആവശ്യമുണ്ടങ്കിൽ എൻ്റെ നമ്പറിൽ വിളിച്ചാൽ മതീ ട്ടോ.. എന്നെയൊരു അന്യനായ് കാണണ്ട  ശ്രീബാല.” അയാൾ പറഞ്ഞു നിർത്തി.

അയാൾ പറയുന്നത് കേട്ട് ബാലയ്ക്ക് പെരുവിരൽ മുതൽ തരിച്ച് കയറി.. സ്വയം നിയന്ത്രിച്ചവൾ പറഞ്ഞു.
“താങ്ക് യൂ സാർ.. പിന്നെ വീട്ടിൽ ഭാര്യക്കും മക്കൾക്കുമൊക്കെ സുഖമാണല്ലോ.. അല്ലേ.. ഞാനന്വേഷിച്ചെന്ന് പറഞ്ഞേക്കൂ.. ” അൽപം കടുത്ത അവളുടെ ശബ്ദം കേട്ടപ്പോൾ വിവേകിൻ്റെ മുഖമൊന്നു വിളറി .

അയാളുടെ ക്യാബിനിൽ നിന്നുമിറങ്ങുമ്പോൾ ബാലയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. തനിച്ചു ജീവിക്കേണ്ടി വരുന്ന ഓരോ പെണ്ണിനും ഇത്തരം പല വാക്കുകളും കേൾക്കേണ്ടി വരും.. സ്വന്തം സീറ്റിലിരുന്നപ്പോൾ മുന്നിലിരിക്കുന്ന കംപ്യൂട്ടറിലെ ഡെബിറ്റും ക്രെഡിറ്റും തന്നെ നോക്കി കൊഞ്ഞനം കുത്തുന്നതു പോലെ തോന്നിയവൾക്ക്.

വൈകിട്ട് ബാങ്കിൽ നിന്നിറങ്ങി ഡേ കെയറിലെത്തുമ്പോൾ പുറത്തേക്കും നോക്കിയിരിപ്പുണ്ട് വേദമോൾ.. ബാലയെ കണ്ടതും
“അമ്മ വന്നേ.. ” എന്നും പറഞ്ഞ് തുള്ളിച്ചാടി.
ബാല കൈ നീട്ടിയപ്പോൾ ഓടി വന്നു അവൾ. എല്ലാവരോടും റ്റാറ്റാ..പറഞ്ഞ് ബാലയുടെ കയ്യിലിരിക്കുമ്പോൾ അന്നത്തെ വിശേഷങ്ങൾ തൻ്റെ ഭാഷയിൽ പറഞ്ഞൊപ്പിക്കാൻ കഷ്ടപ്പെടുകയാണ് കുഞ്ഞുവേദ .
” കുഞ്ഞിക്കാലിലിടാൻ ഒരു കൊലുസ്സു വാങ്ങാട്ടോ നമുക്ക്.. ” എന്നും പറഞ്ഞ് എതിരെ വന്ന ഓട്ടോയ്ക്ക് കൈ കാണിച്ചു ബാല. പാദസരം വാങ്ങി തിരികെയുള്ള യാത്രയിൽ
നിറയെ മുത്തുകളുള്ള വെള്ളിക്കൊല്ലുസ്സണിഞ്ഞ കാലുകൾ ഇളക്കുമ്പോഴുള്ള കിലുകിലു ശബ്ദത്തിനൊത്ത് കുഞ്ഞിപ്പല്ലുകൾ കാട്ടി ചിരിക്കുന്നുണ്ട് വേദമോൾ.

“ഇന്നമ്മയെ ചെവി കേൾപ്പിക്കില്ലേ.. വേദക്കുട്ടീ.. ”
ഫ്ലാറ്റിലേക്ക് കയറുമ്പോൾ ബാല ചോദിച്ചു.

“അമ്മ കേത്തോ…” ഒന്നുകൂടി കൊലുസ്സനക്കി അവൾ.

” കേട്ടു കുറുമ്പിക്കുട്ടീ.. ” എന്നും പറഞ്ഞ് വേദയെ ഒന്നു കൂടി ചേർത്തു പിടിച്ചു ബാല.

വാതിൽക്കൽ രണ്ടാളും വരുന്നതും നോക്കി നിൽക്കുന്നുണ്ട് സുനന്ദേച്ചി.

“ഇതെന്താ വൈകിയേന്ന് ചോദിക്കാൻ നിക്കുവാരുന്നു.. കിലുക്കം കേട്ടപ്പോഴല്ലേ കാര്യം മനസ്സിലായത്.” സുനന്ദ പറഞ്ഞു.

” സുന്ദാമ്മേ.. നോക്കിച്ചോ…” ബാലയുടെ കയ്യിലിരുന്ന്
കാലനക്കി കൊലുസ്സിൻ്റെ ശബ്ദം കേൾപ്പിച്ചു അവൾ..
” ഇതു കൊള്ളാലോ .. സുന്ദാമ്മയ്ക്ക് തരുമോ ഈ കൊലുസ്സ് ..” കൊലുസ്സിൽ തൊട്ടു കൊണ്ട് സുനന്ദയത് ചോദിച്ചതും

” തരൂല..നിച്ച് വേണം .. “മുഖം കൂർപ്പിച്ച് കൊണ്ടവൾ പറഞ്ഞു.

” വാവ പിണങ്ങല്ലേ..വേണ്ടാ ട്ടോ.. ഞാൻ വെറുതെ പറഞ്ഞതല്ലേ.. ” സുനന്ദ കൊഞ്ചിച്ചു കൊണ്ട് പറഞ്ഞപ്പോഴാണ് കുഞ്ഞിൻ്റെ മുഖമൊന്ന് തെളിഞ്ഞത്.
അകത്തു കയറി ഡ്രസ്സ് മാറ്റിയ ശേഷം വേദമോളെ കുളിപ്പിച്ചു .അവൾക്ക് പാലും ബിസ്ക്കറ്റും കൊടുത്ത ശേഷം ഒരു ചായയുമായ് സോഫയിലിരുന്നു ബാല. കൊലുസ്സിൻ്റെ ഒച്ച കേൾക്കാനായ് ഓടിക്കളിക്കുന്ന വേദമോളെ നോക്കിയിരിക്കവെ കുഞ്ഞുന്നാളിൽ ഇതുപോലെയുള്ള കൊലുസ്സണിഞ്ഞ് താനും ലച്ചൂട്ടിയും നടന്നതോർമ വന്നു.

വിളിച്ചാൽ വിളി കേൾക്കില്ല രണ്ടാളും .. കിലുക്കം കൂടുതലുള്ള കൊലുസ്സാവുമ്പോൾ അനങ്ങിയാൽ ഒച്ച കേൾക്കാലോ.. അമ്മ പറയുന്നതോർമ്മ വന്നു.
എന്തേലും വികൃതി കാട്ടീട്ട് അമ്മ അടിക്കാൻ വരുമ്പോൾ അച്ഛൻ്റെ ചുറ്റിലും ഓടുമ്പോൾ അച്ചൻ പറയും കൊലുസ്സിൻ്റെ ശബ്ദം കൊണ്ട് ചെവി അടയ്ക്കുണൂന്ന്.

വേദമോളുടെ കരച്ചിൽ കേട്ടാണ് ബാല ഓർമ്മയിൽ നിന്നും ഉണർന്നത്. നോക്കുമ്പോൾ വീണു കിടപ്പുണ്ട് മോള് .ഓടിച്ചെന്ന് വാരിയെടുത്തു.
” വേദനിച്ചോ കുഞ്ഞിന് .. എവിടെയാ തട്ടിയെ കാണിച്ചു കൊണ്ടാ..”ബാല പറഞ്ഞതും കാല് തൊട്ടു കാട്ടിയവൾ.

” ഇവിടെയാണോ.. ഇപ്പം മാറൂലോ.. അമ്മ ഉഴിഞ്ഞു തരാട്ടോ .. പോയല്ലോ.. ”

“ഇനി ഇവടെ ഒത്ത കൊക്കണം” തറ കാണിച്ചു കൊണ്ട് വേദമോൾ പറഞ്ഞു.

“ഒറ്റ .. ഇനി എൻ്റെ കുഞ്ഞിനെ വേദനിപ്പിച്ചാലുണ്ടല്ലോ.. “തറയിൽ ഒന്നടിച്ചിട്ട് ബാല പറഞ്ഞപ്പോൾ കുഞ്ഞു മുഖത്ത് ചിരി വിടർന്നു.

മോളെ ഉറക്കിയ ശേഷം കുളി കഴിഞ്ഞിറങ്ങുമ്പോഴാണ് ഫോൺ ശബ്ദിച്ചത്. നോക്കുമ്പോൾ ശേഖരമാമ്മയാണ്. നാട്ടിൽ നിന്നും തന്നെ ആകെ വിളിക്കാനുള്ളത് ശേഖരമാമ്മയാണ്.
അച്ഛൻ്റെ ഉറ്റ സുഹൃത്തും വീട്ടിലെ കാര്യങ്ങളെല്ലാം നോക്കി നടത്തുന്നതും ശേഖരമാമ്മയാണ്.

“ഹലോ..ശേഖരമാമ്മേ.. ” ബാല ഫോൺ ചെവിയോടു ചേർത്തു.

“ബാല മോള് കിടന്നാരുന്നോ.. ” മറുതലയ്ക്കൽ ശേഖരമാമ്മയുടെ ശബ്ദം കേട്ടു .

“ഇല്ല .. ഉറങ്ങാനാവുന്നതേ ഉള്ളൂ.. കുറച്ച് പണി കൂടിയുണ്ട്. “ബാല പറഞ്ഞു.

“കുഞ്ഞുറങ്ങിയോ മോളെ.. ”

” അവളുറങ്ങി.. പകലത്തെ കുറുമ്പും ഓട്ടവും കാരണം കിടത്തുമ്പോഴേക്കും ആളുറങ്ങും… “ബാല മകളുടെ വിശേഷങ്ങൾ പറഞ്ഞു.

“ദാ .. നളിനിയ്ക്കും ഹിമയ്ക്കും മോളോടു സംസാരിക്കാനുണ്ടെന്ന് .. ഫോൺ കൊടുക്കാട്ടോ..”
ശേഖരമാമ്മയുടെ ഭാര്യയാണ് നളിനി അമ്മായി, മകൾ ഹിമ.

“ബാല മോളെ.. സുഖായിരിക്കുന്നോ?” നളിനി അമ്മായീടെ സ്വരം കേട്ടു .

“സുഖാണ് അമ്മായീ.. പിന്നെ നമ്മുടെ മുറ്റത്തെ തേൻവരിക്ക പഴുത്തോ? മൂവാണ്ടനില് ഇത്തവണ കായുണ്ടോ?”ബാല ചോദിച്ചു.

“തേൻവരിക്കയുടെ അടി മുതൽ തലവരെ ചക്കയാ.. ഇത്തവണ ശേഖരേട്ടൻ വരുമ്പോ മോൾക്ക് ചക്കവരട്ടി വച്ചതും വറുത്തതും മൂവാണ്ടനിലെ മാങ്ങയുമൊക്കെ കൊടുത്തു വിടാട്ടോ..” നളിനി അമ്മായി പറഞ്ഞുകൊണ്ടിരുന്നു.

ഹിമയോട് കേളേജിലെ വിശേഷങ്ങളൊക്കെ ചോദിച്ചു. അച്ഛനെന്തോ പറയാനുണ്ടെന്നും പറഞ്ഞവൾ ഫോൺ ശേഖരമാമ്മയ്ക്ക് കൊടുത്തു.

” ആ പിന്നെ ..മോളെ.. സുഭദ്രാമ്മയ്ക്ക് തീരെ വയ്യാ.. മൂന്നു മാസത്തിലേറെയായി കിടപ്പിലാണ്. ഇപ്പോ രണ്ടീസായിട്ട് കുറച്ച് കൂടുതലാണത്രേ.. മക്കളൊക്കെ എത്തീട്ടുണ്ട്. മോളെ ഒന്നും ഓർമിപ്പിക്കണ്ട എന്നു കരുതീട്ടാ ശേഖരമാമ്മ ഇതുവരെ ഒന്നും പറയാതിരുന്നത്. ” ശേഖരമാമ്മയുടെ ശബ്ദം കേട്ടു .ബാലകുറച്ചു നേരം നിശബ്ദയായിരുന്നു.

“മോള് കാണാൻ വരണുണ്ടോ?”ബാലയുടെ ശബ്ദമൊന്നും കേൾക്കാതിരുന്നപ്പോൾ ശേഖര മാമ്മ വീണ്ടും ചോദിച്ചു.

“ഇല്ല മാമ്മേ.. എനിക്കാരെയും കാണണ്ട..” വിറയാർന്ന ശബ്ദത്തോടെ ബാല പറഞ്ഞു.

“ന്നാ.. ശരീട്ടോ.. പിന്നെ വിളിക്കാം.. ” എന്നും പറഞ്ഞു ശേഖരമാമ്മ ഫോൺ വച്ചു.

രാവിലത്തേക്കുള്ള ഡ്രസ്സ് അയൺ ചെയ്യുമ്പോഴും
എല്ലാം ഒതുക്കി വയ്ക്കുമ്പോഴുമെല്ലാം അവളുടെ മനസ്സ് അസ്വസ്ഥമായിരുന്നു.
സുഭദ്ര അമ്മായി .. അച്ഛൻ്റെ മൂത്ത സഹോദരി ..
മൂന്ന് ആൺമക്കളായതിനാൽ തന്നെ ജീവനായിരുന്നു അമ്മായിക്ക്.ബാല മോളെ.. എന്ന് തികച്ച് വിളിയ്ക്കാറില്ല .. തനിക്കും അങ്ങനെ തന്നെ.അമ്മയോടുള്ളതുപോലെ തന്നെ സ്നേഹമായിരുന്നു അമ്മായിയോട്..
എന്നിട്ടും ..ഒടുവിൽ വാക്കുകളാൽ തൻ്റെ മനസ്സിനെ കീറി മുറിച്ച് വേദനിപ്പിച്ചു അമ്മയി. തനിച്ചായപ്പോൾ കൂടെ നിൽക്കുന്നതിനു പകരം ഇനി ഒരിക്കലും കാണരുതെന്നു പറഞ്ഞ് ആട്ടിയോടിച്ചവർ..
അതുകൊണ്ടാവാം ശേഖരമാമ്മ വിളിച്ചപ്പോൾ അമ്മായി കിടപ്പിലാണെന്നു പറഞ്ഞപ്പോഴും വലിയ വേദനയൊന്നും തോന്നാതിരുന്നത്. ഓരോന്ന് ഓർത്ത് കൊണ്ട്
വേദമോളെ ചേർത്തു പിടിച്ചു കിടക്കുമ്പോഴും ഉറക്കം വരാതെ വെറുതെ കണ്ണുകളടച്ച് കിടന്നു ബാല. പാതിരാത്രിക്കെപ്പോഴോ അവൾ ഉറങ്ങിയിരുന്നു.

പതിവുപോലെ വേദമോളുടെ കുസൃതികളും ജോലിക്കു പോവലുമായി രണ്ടു ദിവസങ്ങൾ കഴിഞ്ഞിരുന്നു.
അന്ന് ബാങ്കിൽ തിരക്കുള്ളൊരു ദിവസമായിരുന്നു.
ഉച്ചയ്ക്ക് ഭക്ഷണശേഷം പതിവുള്ള റെസ്റ്റെടുക്കാതെ ജോലി ചെയ്യുകയായിരുന്നു ബാല.
” കുഞ്ഞേ.. കുഞ്ഞിനെക്കാണാൻ പുറത്തൊരാൾ വന്നിട്ടുണ്ട് .. “ജോസഫേട്ടൻ ബാലയോടു പറഞ്ഞു.

“ആരാന്നാ പറഞ്ഞെ ജോസഫേട്ടാ..” ബാല അയാളുടെ മുഖത്തേക്ക് നോക്കി.

“അറിയില്ല കുഞ്ഞേ.. ശ്രീബാലയെ കാണാൻ വന്നതാണെന്നാ പറഞ്ഞത് .. ” അതും പറഞ്ഞ് ജോസഫേട്ടൻ നടന്നു.

ആരാവും തന്നെക്കാണാൻ വന്നത്. ഇവിടെ വന്നിട്ട് ആറുമാസമായെങ്കിലും ഇതുവരെ തന്നെ തിരക്കി ആരും വന്നിട്ടില്ല .. ഇടയ്ക്ക് ശേഖരമാമ്മ വരുന്നത്
ഫ്ലാറ്റിലേക്കാണ്.ഇവിടെ ആരോടും അടുപ്പവുമില്ല, പിന്നെ..

എന്തായാലും നോക്കാം എന്നും കരുതി പുറത്തേക്ക് നടന്നു. ബാങ്കിലേക്ക് വന്ന ആളുകൾ കുറച്ചു പേരെ കണ്ടു.. തനിക്ക് പരിചയമുള്ള ആരെയും കണ്ടില്ലല്ലോ.ഇനി ജോസഫേട്ടന് കേട്ടത് മാറിപ്പോയതാവുമോ … എന്നും കരുതി തിരിഞ്ഞപ്പോഴാണ്

“ശ്രീക്കുട്ടീ…. ” എന്ന വിളി കേട്ടത്.
ഒരു നിമിഷം നിശ്ചലമായ് അവളുടെ കാലുകൾ…തിരിഞ്ഞു നോക്കാതെ തന്നെ ആളെ മനസ്സിലായിരുന്നു.
എല്ലാവരും ബാലയെന്ന് വിളിക്കുമ്പോൾശ്രീക്കുട്ടി.. എന്ന് തന്നെ വിളിക്കുന്ന ആൾ….
തുടരും..

LEAVE A REPLY

Please enter your comment!
Please enter your name here