Home Latest ആ കടലാസ്സ് തുണ്ട് എന്റെ കയ്യിലിരുന്ന് വിറക്കുന്നത് കണ്ടാവണം ശംഭുവിന്റെ ആ ചോദ്യമുയർന്നത്.. Part –...

ആ കടലാസ്സ് തുണ്ട് എന്റെ കയ്യിലിരുന്ന് വിറക്കുന്നത് കണ്ടാവണം ശംഭുവിന്റെ ആ ചോദ്യമുയർന്നത്.. Part – 7

0

Part – 6 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Sai Bro

ഉടലുണ്ട് തലയില്ല Part -7

” ശശി 💀ശേഖർ ”

ചേട്ടന്റെയും എന്റെയും പേര്, അതിന് നടുക്കൊരു തലയോട്ടിയുടെ ചിഹ്നം.അതായിരുന്നു സ്വന്തം കൈയക്ഷരത്തിൽ ശശി ചേട്ടൻ ആ കടലാസുതുണ്ടിൽ എഴുതിയിരുന്നത്.അത് വായിച്ച് ഞാനും ശംഭുവും ഒന്നും മനസ്സിലാകാതെ പകച്ചുനിൽക്കുമ്പോൾ തെക്കേതൊടിയിൽ മാവിൻ മുട്ടികൾക്കിടയിൽകിടന്ന് അഗ്നിവിഴുങ്ങിയ ഒരു തലയോട്ടി വലിയൊരു ശബ്ദത്തോടെ പൊട്ടിതെറിച്ചു.

“അളിയാ ഇതെന്താ സംഭവം? എനിക്കൊന്നും മനസിലാകുന്നില്ല.. ”

ആ കടലാസ്സ് തുണ്ട് എന്റെ കയ്യിലിരുന്ന് വിറക്കുന്നത് കണ്ടാവണം ശംഭുവിന്റെ ആ ചോദ്യമുയർന്നത്.. അതിന് മറുപടിപറയാതെ ഞാനല്പനേരം അവന്റെ മുഖത്തേക്ക് നോക്കി നിന്നു.

“എടാ നീയെന്നോട് അന്ന് പറഞ്ഞില്ലേ, രാവുണ്ണിനായരുടെ തലയില്ലാതെ ഉടൽ മാത്രമായി കുഴിച്ചിട്ടാൽ പണിയാവുമെന്ന്. അന്ന് ഞാൻ ശശിചേട്ടന്റെ മുറിയിൽ കേറി നോക്കീപ്പോ അവിടൊരു സഞ്ചിയിൽ രണ്ട് തലയോട്ടി കിടക്കുന്നു. അത് കണ്ട് ഞാനാകെ ഞെട്ടിപോയി. അതിനെ കുറിച്ച് ചേട്ടനോട് ചോദിച്ചപ്പോ അത് പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമ്മിച്ചതാണെന്നാ ചേട്ടൻ പറഞ്ഞത്. രാവുണ്ണിടെ ഒർജിനൽ തല എവിടെപോയെന്നുള്ള എന്റെ ചോദ്യത്തിന് ശശിചേട്ടൻ കൈമലർത്തി കാണിച്ചപ്പോൾ ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ പുള്ളിയെ കൊറെ ചീത്ത പറയുകയും ചെയ്താർന്നു.”

“ആ അസ്ഥികൂടം മച്ചിൽ കിടക്കുന്നിടത്തോളം കാലം ഈ വീട്ടിൽ സമാധാനമായി കിടന്നുറങ്ങാൻ കഴിയില്ലെന്ന്
എനിക്കുറപ്പായിരുന്നു. അങ്ങനെയാണ് സഞ്ചിയിൽനിന്ന് കിട്ടിയ ഡമ്മി തലയോട്ടി രാവുണ്ണിനായരുടെ അസ്ഥികൂടത്തിനൊപ്പം ചാക്കിലേക്ക് വെച്ച് ഞാനന്ന് രാത്രി ചതുപ്പിലേക്ക് കൊണ്ടുവന്നത്. ഇതിനെപറ്റി പറഞ്ഞാൽ അസ്ഥികൂടം കുഴിച്ചിടാൻ നീ സമ്മതിക്കില്ലെന്ന് കരുതിയാ ഞാനത് നിന്നോട് മറച്ചു വെച്ചത്.. എന്നോട് ക്ഷമിക്കേടാ ശംഭു.. ”

അത് പറഞ്ഞുകൊണ്ട് ശംഭുവിന്റെ മുഖത്തേക്ക് നോക്കാനുള്ള ശക്തിയില്ലാതെ ഞാൻ മുഖം കുനിച്ചു നിൽക്കുമ്പോൾ അവൻ മറ്റെന്തോ ആലോചിക്കുകയായിരുന്നു..

” പക്ഷെ അളിയാ, മച്ചിൽ കിടന്നത് ഒർജിനൽ അസ്ഥിക്കൂടമാണെന്ന് നീ ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ..? ഇനിയത് രാവുണ്ണിയുടേത് തന്നെയാണെന്നിരിക്കട്ടെ, പക്ഷെ നമ്മൾ ചതുപ്പിൽ കുഴിച്ചിട്ട ആ അസ്ഥിക്കൂടം പോലീസ് പരിശോധിച്ചപ്പോൾ എങ്ങിനെ ഡമ്മിയായിമാറി..? ” ശംഭുവിന്റെ ആ ചോദ്യത്തിന് എനിക്കുത്തരമില്ലായിരുന്നു.

“എന്തൊക്കെയായാലും രാവുണ്ണിനായരെ ചേട്ടൻ കൊന്നിട്ടുണ്ട്.. അതെനിക്കുറപ്പാ, വെറുതെ ഒരാളെ കൊന്നു എന്ന് എന്നോട് പറയേണ്ട ആവശ്യമുണ്ടോ ചേട്ടന്..? ” ഞാനത് പിറുപിറക്കുമ്പോൾ ശംഭു ഒരു നെടുവീർപ്പോടെ കട്ടിലിൽനിന്ന് എണീറ്റു..

“ശേഖറേ എനിക്ക് തോന്നുന്നത് ശശിചേട്ടൻ തന്നെയായിരിക്കും മച്ചിൻപുറത്തുള്ള ആ അസ്ഥികൂടം മാറ്റി പകരം പ്ലാസ്റ്റർ ഓഫ് പാരീസുകൊണ്ട് നിർമ്മിച്ച ഡമ്മി അവിടെ വെച്ചത് എന്നാ.., പക്ഷെ എന്തിനായിരിക്കും പുള്ളി ഇങ്ങനെയൊരു കുറിപ്പ് എഴുതി ഇട്ടത് എന്നെനിക്ക് മനസിലാവുന്നില്ല..” അത്രേം പറഞ്ഞുകൊണ്ട് അവൻ പുറത്തേക്ക് നടക്കുമ്പോൾ കയ്യിലിരിക്കുന്ന കടലാസ്സ് തുണ്ടിലേക്ക് ഞാൻ ഒന്നുകൂടെ തറച്ചു നോക്കി.

“ശശി 💀ശേഖർ ”

‘എന്തായിരിക്കും ഇത് കൊണ്ട് ചേട്ടൻ ഉദ്ദേശിച്ചിരിക്കുന്നത്..? ഒരുപക്ഷെ രാവുണ്ണിനായരുടെ കാണാതായ തല എവിടെയുണ്ടെന്നുള്ള എന്റെ ചോദ്യത്തിന് ഉത്തരമായിരിക്കുമോ ഇത്? മരിക്കുന്നതിന് മുൻപ് ആ തലയോട്ടി എവിടെയാണെന്ന് ചേട്ടൻ ഓർത്തെടുത്തു കാണുമോ? അങ്ങിനെയാണെങ്കിൽ ഈ അക്ഷരങ്ങൾക്ക് പിറകിൽ ഒളിഞ്ഞിരിക്കുന്ന നിഗൂഢാർത്ഥം ഞാനെങ്ങനെ കണ്ടുപിടിക്കും..? ‘ ഒന്നിനുപിറകെ ഒന്നൊന്നായി ഉത്തരമില്ലാത്ത ചോദ്യങ്ങൾ മനസ്സിലുയന്നപ്പോൾ ഞാനാകെ അസ്വസ്ഥനായി.

അന്ന് വൈകീട്ട് ആളൊഴിഞ്ഞ ഇടവഴിയിൽ വെച്ച് ഞാൻ പാർവ്വതിയെ കണ്ടു. ശശിചേട്ടന്റെ വിയോഗത്തിൽ മനംനൊന്തിരിക്കുന്ന എന്നെ ആശ്വസിപ്പിക്കാനും, എന്റെ മനസ്സിന് ഊർജ്ജം പകരാനും ഞങ്ങൾ തമ്മിലുള്ള സംസാരത്തിലുടനീളം അവളെക്കൊണ്ടാവുന്ന വിധം പാർവ്വതി ശ്രമിക്കുന്നുണ്ടായിരുന്നു.ഒടുവിൽ അവളോട് യാത്ര പറഞ്ഞ് ഞാൻ വീട്ടിലേക്കെത്തുമ്പോൾ അവിടെ എന്നെയും കാത്ത് മറ്റൊരാൾ ഇരിപ്പുണ്ടായിരുന്നു.

ഹരൻ..! ചേട്ടന്റെ ഉറ്റ സുഹൃത്തായിരുന്നു ഹരൻ. ചേട്ടനെപോലെ തന്നെ അദ്ദേഹവും ഒരു ശില്പിയായിരുന്നു. ഇടക്ക് ചേട്ടനെ കാണാനും സംസാരിക്കാനും വീട്ടിലേക്ക് വരാറുള്ളത് കൊണ്ട് അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ പരിചയ ഭാവം നടിച്ചു.

ശശിചേട്ടൻ എന്തിനാണ് ഇങ്ങനെയൊരു കടുംകൈ ചെയ്തെതെന്നു ഒരു പിടിയും കിട്ടുന്നില്ലെന്ന് ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കെ തന്നെ ചേട്ടന്റെ ശില്പങ്ങൾ പണിയുന്നതിലുള്ള കഴിവിനെ ഹരൻ ആവോളം പുകഴ്ത്തുന്നത് ഞാൻ മുഖം കുനിച്ചു കേട്ട് നിന്നു. അതിനിടയിലാണ് മനസ്സിൽ ഊറി വന്ന ഒരു സംശയം ഞാൻ അദ്ദേഹത്തോട് ചോദിച്ചത്..

“ശശി ചേട്ടൻ ആർക്കുവേണ്ടിയാണ് കൃത്രിമ മനുഷ്യ തലയോട്ടികൾ ഉണ്ടാക്കിയിരുന്നത് എന്ന് ഹരനോട്‌ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടാർന്നോ ..? ” എന്റെ ആ ചോദ്യം കേട്ട് അയാൾ ഒരുനിമിഷം എന്തോ ആലോചിക്കുന്നത് ഞാൻ ജിജ്ഞാസയോടെ നോക്കിനിന്നു.

“ഇതേ ചോദ്യം ഞാൻ ശശിയോടും ചോദിച്ചിരുന്നു. ഒരിക്കൽ ഞാനിവിടെ വരുമ്പോൾ അവൻ പ്ലാസ്റ്റർ ഓഫ് പാരീസുകൊണ്ട് ഒന്നുരണ്ട് തലയോട്ടികൾ നിർമ്മിക്കുന്നത് ഞാൻ കണ്ടിരുന്നു. സാധാരണയായി ഇതുപോലെ തലയോട്ടികൾ ശിൽപ്പികൾ ആരുംതന്നെ നിർമ്മിക്കാറില്ല, കാരണം അതിന് ആവശ്യക്കാരും ഉണ്ടാകാറില്ല. അതുകൊണ്ടാണ് ശശിയോട് ഞാനതിനെപറ്റി ചോദിച്ചത്..”

“അന്നതിന് ചേട്ടൻ മറുപടി പറഞ്ഞാർന്നില്ലേ..? ”
ഹരനോട് ഞാനത് ആകാംക്ഷയോടെ ചോദിച്ചു.

“ഉവ്വ്, അന്ന് ശശി പറഞ്ഞത് അതേതോ ക്ഷേത്രത്തിലേക്ക് വേണ്ടി നിർമ്മിക്കുന്നതാണ് എന്നാണ്. ക്ഷേത്രത്തിൽ തലയോട്ടിക്കെന്ത് കാര്യം എന്ന എന്റെ ചോദ്യത്തിന് ഉത്തരം തരാൻ അവന് താല്പര്യ കുറവുള്ളത് പോലെ തോന്നിയപ്പോൾ ഞാൻ പിന്നെ അതിനെ കുറിച്ച് കൂടുതൽ ചോദിക്കാനും പോയില്ല. ഏന്തേ ഇപ്പൊ അതേക്കുറിച്ചു ഇത്ര കാര്യമായി തിരക്കാൻ..? ”

“ഹേയ് ഒന്നൂല്യ, ഒരൂസം ഞാൻ ചേട്ടന്റെ പണിശാലയിൽ വെച്ച് ഒരു തലയോട്ടി കണ്ട് പേടിച്ചു പോയിരുന്നു. ഞാൻ കരുതി അത് ഒർജിനൽ ആയിരിക്കുമെന്ന്.. ”

” അതാണ്‌ ശശി അയ്യപ്പൻ എന്ന ശില്പിയുടെ ഏറ്റവും വലിയ പ്രത്യേകത. അവൻ എന്തിൽ കൈ തൊട്ടാലും അത് ഒറിജിനലിനെ വെല്ലുന്നതായിരിക്കും. അന്ന് ആ തലയോട്ടി ഇവിടെ വച്ച് കണ്ടപ്പോൾ ആദ്യം ഞാനും കരുതി സംഗതി ഒർജിനൽ ആണെന്ന്. പിന്നെ അതിനുള്ളിൽ അവന്റെ പേര് കൊത്തിയിരിക്കുന്നത് ശ്രദ്ധയിൽപെട്ടപ്പോഴാണ് ആ തലയോട്ടി ശിൽപ്പമാണെന്ന് ഞാൻ മനസിലാക്കിയത്.” ഹരൻ ഒരു നെടുവീർപ്പോടെയാണ് ആ സംഭവങ്ങൾ ഓർത്ത് പറഞ്ഞത്.

“അപ്പൊ നിർമ്മിച്ചിരുന്ന ശില്പങ്ങളിൽ എല്ലാത്തിലും ശശിചേട്ടൻ ആൾടെ പേര് എഴുതാറുണ്ടായിരുന്നോ..? ” എനിക്കതൊരു പുതിയ അറിവായിരുന്നു..

“ശശി എന്നല്ല ഏത് ശില്പിയും താൻ പണിതീർത്ത ശില്പങ്ങളിൽ എവിടെയെങ്കിലും അയാളുടെ കയ്യൊപ്പോ പേരോ എഴുതിയിടും, അത് ഞങ്ങളുടെ അവകാശമാണ്. ”

ഹരൻ അത് പറഞ്ഞുകൊണ്ട് യാത്ര പറഞ്ഞിറങ്ങുമ്പോൾ വീടിന്റെ പടിക്കെട്ടുവരെ ഞാനും ഒപ്പം ചെന്നു.

“തന്നെ വല്യ കാര്യമായിരുന്നു ശശിക്ക്. ഞങ്ങൾതമ്മിൽ സംസാരിക്കുന്നതിനിടയിൽ തന്റെ പേര് പറയുമ്പോഴൊക്കെ ഒരു പ്രത്യേക വാത്സല്യം അവന്റെ വാക്കുകളിൽ കലരുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ” അത് പറഞ്ഞുകൊണ്ട് ഹരൻ തിരിഞ്ഞു നടക്കുമ്പോൾ എന്റെ ഉള്ളം നെഞ്ചോന്നു നീറിപുകഞ്ഞു.

ഒരുതരത്തിൽ ചേട്ടന്റെ മരണത്തിന് കാരണം എന്റെ ദേഷ്യം നിറഞ്ഞ വാക്കുകൾ കൂടിയാണ് എന്ന തിരിച്ചറിവിൽനിന്നുതിർന്ന കണ്ണീർതുള്ളികൾ തുടച്ചുകൊണ്ട് ഞാൻ കയറിയത് ശശിചേട്ടന്റെ പണിശാലയിലേക്കായിരുന്നു.അവിടെ പണിതീർന്ന് അനാഥമായി കിടക്കുന്ന ശില്പങ്ങളിലേക്ക് നോക്കിനിൽക്കെ എന്റെ ശ്രദ്ധ ആ മുറിയുടെ മൂലയിൽ ഇരിക്കുന്ന തലയോട്ടിയിലേക്ക് പതിഞ്ഞു.പതിയെ നടന്നു ചെന്ന് ആ തലയോട്ടി കയ്യിലെടുത്തു തിരിച്ചും മറിച്ചും നോക്കിയപ്പോൾ അതിന്റെ അടിഭാഗത്തായി ഒരു പേര് കോറിയിട്ടിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു.

“ശശി അയ്യപ്പൻ ”

ചേട്ടൻ എന്ന വിദഗ്ധനായ ശില്പി ഒറിജിനലിനെ വെല്ലുന്ന രീതിയിൽ നിർമ്മിച്ച ആ തലയോട്ടിയിലേക്ക് അല്പനേരം നോക്കി നിന്നതിനു ശേഷം ഞാൻ ആ മുറിയുടെ പുറത്തേക്ക് നടന്നു.അവിടെ പുറത്തെ ഇരുട്ടിലേക്ക് നോക്കി കരഞ്ഞു കലങ്ങിയ കണ്ണുകളോടെയിരിക്കുന്ന അമ്മയുടെ അടുത്തായി ഇരുന്ന് ആ മടിയിലേക്ക് തലചായ്ച്ചു വെറുതെ ഞാനങ്ങിനെ കിടന്നു..

“ഭഗവാനെ അങ്ങയോടുള്ള ഭക്തി കൊണ്ട് ആ പേര് തന്നെയല്ലേ ഈ മക്കൾക്കും അവരുടെ അച്ഛൻ നൽകിയിരുന്നത്? എന്നിട്ടും എന്തിനാണ് എന്റെ കുഞ്ഞുങ്ങളിലൊന്നിനെ ഇത്രേം പെട്ടെന്നീ ഭൂമിയിൽ നിന്ന് അങ്ങ് തിരിച്ചു വിളിച്ചത്? ”

അമ്മയുടെ പതിഞ്ഞ സ്വരത്തിലുള്ള ആ വിലാപം കേട്ട് എന്റെ നെഞ്ചിൽ സംശയത്തിന്റെ വിത്ത് പൊട്ടിമുളച്ചു .ആ മടിയിൽ കിടന്നുകൊണ്ട് തന്നെ തലയുയർത്തി ഞാനമ്മയെ നോക്കി.

“ചേട്ടനും എനിക്കും ഭഗവാന്റെ പേരാണെന്നോ, അതെങ്ങനെയാ അമ്മേ? ” ആശ്ചര്യത്തോടെയുള്ള എന്റെയാ ചോദ്യം കേട്ട് കണ്ണുനീർ തുടച്ചു മടിയിൽ തലവെച്ചു കിടക്കുന്ന എന്റെ മുടിയിഴകളിൽ വിരലോടിച്ചുകൊണ്ട് അമ്മ സംസാരിക്കാൻ തുടങ്ങി.

“നിന്റെ അച്ഛൻ കടുത്ത ഈശ്വര വിശ്വാസിയായിരുന്നു. അതോണ്ട് തന്നെയാണ് രണ്ടാൺമക്കൾക്കും കൂടി അദ്ദേഹം തന്റെ ഇഷ്ട്ട ദൈവത്തിന്റെ പേര് നൽകിയത്.”

“അപ്പൊ എന്റെയും ചേട്ടന്റെയും പേരിന്റെ അർത്ഥം എന്താ ശരിക്കും? ” ആകാംക്ഷ അടക്കാനാകാതെ ഞാൻ അമ്മയുടെ മുഖത്തേക്ക് തന്നേ ഉറ്റുനോക്കി.

“ശശിശേഖർ എന്നാൽ മുടിയിൽ ചന്ദ്രകല ധരിച്ചിരിക്കുന്നവൻ അഥവാ സാക്ഷാൽ ശ്രീ കൈലാസേശ്വരനായ ശിവഭഗവാൻ എന്നാണ് അർത്ഥം..” അത് പറഞ്ഞുകൊണ്ട് അമ്മ വീടിന്റെ ചുമരിലേക്ക് നോക്കുമ്പോൾ എന്റെ ദൃഷ്ട്ടിയും അവിടേക്ക് പാഞ്ഞു.

അവിടെ ചേട്ടന്റെയും അച്ഛന്റെയും ചിരിക്കുന്ന ചിത്രങ്ങൾ പൂമാല ചാർത്തി തൂങ്ങി കിടന്നിരുന്നു. അതിന് മുകളിലായി അച്ഛന്റെ ഇഷ്ട്ട ദൈവം ആയിരുന്ന മഹാദേവന്റെ ചിത്രവും ഇരിപ്പുണ്ടായിരുന്നു. അതിലേക്ക് നോക്കികൊണ്ടിരിക്കുന്ന അമ്മയുടെ കണ്ണുകൾ ഈറനണിയുമ്പോൾ എന്റെ മനസ്സിൽ അൽപ്പം മുൻപ് ഹരൻ പറഞ്ഞ വാക്കുകൾ ഓടിക്കയറി വന്നു.

” ശശി ആ തലയോട്ടി നിർമ്മിച്ചിരുന്നത് ഏതോ ക്ഷേത്രത്തിലേക്ക് വേണ്ടിയായിരുന്നു”

‘ഒരുപക്ഷെ ശിവനെ പ്രതിഷ്ഠിച്ചിട്ടുള്ള ഏതെങ്കിലും അമ്പലത്തിലേക്കാകാം ചേട്ടൻ ആ തലയോട്ടി ഉണ്ടാക്കിയിരുന്നത്. എന്നിട്ടൊടുവിൽ പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമ്മിച്ച തലയോട്ടിക്ക് പകരം മച്ചിൽ കിടന്നിരുന്ന രാവുണ്ണിനായരുടെ ഒർജിനൽ തലയോട്ടി തന്നെ ചേട്ടൻ ആ ക്ഷേത്രത്തിലേക്ക് നൽകികാണും. മരിക്കും മുൻപ് ചേട്ടനത് ഓർമ്മ വന്നിരിക്കണം, ആ വിവരം എന്നെ മാത്രമായി അറിയിക്കുന്നതിന് വേണ്ടിയാകും ആ കടലാസ് തുണ്ടിൽ “ശശി 💀 ശേഖർ ” എന്ന് ചേട്ടൻ അടയാളപെടുത്തിയിരുന്നത്.’ അത്രയും ചിന്തിച്ചു കൊണ്ട് ഞാൻ ഭിത്തിക്കരുകിലേക്ക് നടന്നു ചെന്ന് അവിടെ പുഞ്ചിരിതൂകി നിൽക്കുന്ന ശശി ചേട്ടന്റെ ചിത്രത്തിലേക്ക് സൂക്ഷിച്ചു നോക്കി.

‘എവിടെ? ഏത് ശിവക്ഷേത്രത്തിലേക്കാണ് ചേട്ടൻ രാവുണ്ണി നായരുടെ തലയോട്ടി കൊടുത്തിരിക്കുന്നത്..? എങ്ങിനെ ഞാനത് കണ്ടെത്തും..?’

തുടരും.
Sai Bro.

LEAVE A REPLY

Please enter your comment!
Please enter your name here