Home Latest പ്രസവിക്കാത്ത സ്ത്രീ വിലക്കപ്പെട്ടവളെങ്കിൽ അവൾക്കൊരു കുഞ്ഞിനെ കൊടുക്കാൻ സാധിക്കാത്ത പുരുഷനും ആ വിലക്കുകൾ ബാധകമല്ലേ?

പ്രസവിക്കാത്ത സ്ത്രീ വിലക്കപ്പെട്ടവളെങ്കിൽ അവൾക്കൊരു കുഞ്ഞിനെ കൊടുക്കാൻ സാധിക്കാത്ത പുരുഷനും ആ വിലക്കുകൾ ബാധകമല്ലേ?

0

രചന : അച്ചു വിപിൻ

പ്രസവിക്കാത്ത സ്ത്രീകളെ മച്ചിയെന്നു വിളിക്കുന്നത് കേട്ടിട്ടുണ്ട്.അവരെ മംഗള കർമങ്ങളിൽ നിന്നും അകറ്റി നിർത്തുന്നത് കണ്ടിട്ടുണ്ട്.

എന്നാൽ അച്ഛൻ ആകാൻ സാധിക്കാത്ത പുരുഷന്മാരെ ആളുകൾ പ്രത്യേക പേരിട്ടു വിളിക്കുന്നത് കേട്ടിട്ടില്ല. അവരെ മംഗള കർമങ്ങളിൽ നിന്നും അകറ്റി നിർത്തുന്നത് കണ്ടിട്ടില്ല.

കുഴപ്പം പുരുഷനാണോ സ്ത്രീക്കാണോ എന്ന് മനസ്സിലാക്കുന്നതിനു മുന്നേ തന്നെ കുറ്റം മുഴുവൻ സ്ത്രീയുടെ മേൽ ആരോപിച്ചു സമൂഹം അവൾക്കു മച്ചിപ്പട്ടം ചാർത്തി നൽകുന്നു.

മച്ചിയായ ഭാര്യയെ ഉപേക്ഷിച്ചു രണ്ടാമതൊരു വിവാഹം കഴിക്കാൻ പുരുഷന്മാരെ സമൂഹം നിർബന്ധിക്കാറുണ്ട് എന്നാൽ കുഞ്ഞിനെ കൊടുക്കാൻ സാധിക്കാത്ത പുരുഷനെ ഉപേക്ഷിച്ചു വേറെ കെട്ടാൻ സ്ത്രീകളോട് സമൂഹം പറയാറില്ല.

പ്രസവിക്കാത്ത സ്ത്രീ വിലക്കപ്പെട്ടവളെങ്കിൽ അവൾക്കൊരു കുഞ്ഞിനെ കൊടുക്കാൻ സാധിക്കാത്ത പുരുഷനും ആ വിലക്കുകൾ ബാധകമല്ലേ?

കോളേജിൽ ഒരു പരിപാടി നടക്കുമ്പോൾ അല്ലെങ്കിൽ ഒരു സുഹൃത്തിന്റെ കല്യാണം നടക്കുമ്പോൾ അതിൽ പങ്കെടുക്കാൻ പല സ്ത്രീകളും അവരുടെ കുഞ്ഞുങ്ങളെയും കൂട്ടിയാണ് വരുന്നത്. പലരും മുള്ളിൽ തറച്ച പോലെയാണവിടെ വന്നു നിൽക്കുന്നത്. പല സ്ത്രീകളുടെയും മുഖത്ത് വീട്ടിൽ എങ്ങനെയെങ്കിലും തിരിച്ചെത്താൻ ഉള്ള വെപ്രാളമായിരിക്കും. വീട്ടിലുള്ള ഭർത്താവിനോടും, അമ്മായിഅമ്മയോടും എന്തിനേറെ റോഡിലുള്ള മൈൽ കുറ്റിയോട്‌ വരെ അനുവാദം ചോദിച്ചു വരുന്ന സ്ത്രീ രത്നങ്ങൾക്ക് അവിടെ ഇരുപ്പുറച്ചെങ്കിലല്ലേ അത്ഭുതമുള്ളു.

ഇനി പുരുഷന്മാർ ആണെങ്കിലോ പിള്ളേരുo ഭാര്യയുമൊന്നുമില്ലാതെ ചെത്ത് ഷർട്ടും കൂളിംഗ് ഗ്ലാസുമായി ബുള്ളറ്റിലോ കാറിലോ ഒക്കെ കയറിയിരുന്നാണ് വരവ്,ആഹാ എന്ത് സുഖം.കുഞ്ഞുങ്ങളുമായി നിൽക്കുന്ന സ്ത്രീകളെ നോക്കി ദേ അവള് ട്രോഫിയുമായി വന്നു നിൽക്കുന്ന കണ്ടോ എന്ന് പറഞ്ഞു പുരുഷന്മാർ കളിയാക്കും അപ്പഴും ഈ കളിയാക്കുന്നവൻ സ്വന്തമായി സൃഷ്ടിച്ച ട്രോഫി വീട്ടിൽ ഏതെങ്കിലും കോണിൽ അവരുടെ ഭാര്യയുമൊത്തിരുന്നു കളിക്കുന്നുണ്ടാകും.

പുരുഷ പ്രജകൾ പരിപാടി മുഴുവൻ കൂട്ടുകാരുമൊത്തു എൻജോയ് ചെയ്യും ഒടുക്കം എല്ലാം കഴിഞ്ഞ ശേഷം ഒന്ന് മിനുങ്ങാനായി അടുത്തുള്ള ബാറിലേക്ക് കയറും.പാതിരാ വരെ പിന്നെ അവിടെ ഇരുന്നു തീറ്റയും കുടിയുമാണ്.ഇവർക്കൊന്നും സമയത്തിന് വീട്ടിൽ പോകണ്ട,മാത്രല്ല തോന്നുമ്പോൾ വീട്ടിലേക്കു കയറി ചെല്ലാം കതകു തുറക്കാൻ വീടിനു കാവലായി ഭാര്യ ഉണ്ടല്ലോ അതിനെ പറ്റി ആരും ചോദിക്കാനില്ല.

അപ്പൊ എന്റെ സംശയം ഇതാണ് പുറത്തു പരിപാടികൾക്ക് പോകുമ്പോൾ സ്ത്രീകൾക്ക് കുട്ടികളെ കൂടെ കൊണ്ടുപോകാമെങ്കിൽ എന്ത് കൊണ്ട് പുരുഷൻമാർക്കായികൂടാ?

ഒരു പെൺകുട്ടി ഇഷ്ടമുള്ള ആൺകുട്ടിയുടെ കൂടെ ഒളിച്ചോടി പോയെന്നു കരുതുക പിന്നെ അവൾക്കില്ലാത്ത കുറ്റമില്ല.. അവള് പോയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ! അതെങ്ങനാ തള്ള വേലി ചാടുമ്പോൾ മോളു മതില് ചാടുo, ആഹാ ദേ കിടക്കുന്നു വീട്ടിലിരിക്കുന്ന അമ്മയ്ക്കും നാട്ടുകാരുടെ വകയൊരു കൊട്ട്.

ഒരു പെൺകുട്ടിക്കു ഒറ്റയ്ക്ക് ഒളിച്ചോടാൻ സാധിക്കില്ല.ഒരുത്തൻ വന്നു വിളിച്ചിട്ടല്ലേ അവൾ കൂടെ പോയത്. ഇഷ്ടമുള്ള ഒരുത്തന്റെ കൂടെ ഒളിച്ചോടിപ്പോയ പെൺകുട്ടി തെറ്റുകാരിയെങ്കിൽ അവളെ കൂടെ കൊണ്ടുപോയ ആൺകുട്ടിയും അവളെ പോലെ തന്നെ തെറ്റുകാരനല്ലേ?

ഇനി ചോദിക്കാനുള്ളത് വിവാഹം കഴിഞ്ഞ സ്ത്രീകളോടാണ്..

സ്ത്രീകളായ സുഹൃത്തുക്കൾ എല്ലാരും കൂടിചേർന്ന് മക്കളും ഭർത്താവുമില്ലാതെ ഒരു വൺഡേ ടൂർ പോകാൻ എന്നെങ്കിലും നിങ്ങൾക്ക് സാധിച്ചിട്ടുണ്ടോ?

രാത്രി ഏഴു മണി കഴിഞ്ഞു സുഹൃത്തുക്കളോടൊപ്പം ഒരു സിനിമക്കോ, പാർക്കിലോ,ഹോട്ടലിൽ ഫുഡ് കഴിക്കാനോ ഒരാൺതുണയില്ലാതെ പോകാൻ നിങ്ങൾക്ക് സാധിച്ചിട്ടുണ്ടോ?

സ്വന്തമായി തീരുമാനം എടുക്കാൻ എന്നെങ്കിലും നിങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടോ?

അതെ എനിക്ക് കഴിഞ്ഞിട്ടുണ്ട് എന്നാണ് നിങ്ങടെ ഉത്തരമെങ്കിൽ നിങ്ങൾ ഭാഗ്യവതികളാണ്.ഈ ലോകത്തിലെ യഥാർത്ഥ സ്വാതന്ത്ര്യം നിങ്ങളും അനുഭവിക്കുന്നു.

അല്ലാത്തവരോട് എനിക്കു കുറച്ചു കാര്യങ്ങൾ പറയാനുണ്ട് വേണമെന്നുള്ളവർക്ക് സ്വീകരിക്കാം അല്ലാത്തവർക്ക് തള്ളിക്കളയാം.

പെണ്ണുങ്ങളെ,

*നിങ്ങൾക്കു ഇഷ്ടമുള്ള കാര്യങ്ങൾ നിങ്ങൾ ചെയ്യുക.
*ആഗ്രഹമുള്ള കാര്യങ്ങൾ നിറവേറ്റുക.
*പഠിപ്പുള്ള സ്ത്രീകൾ വീട്ടിൽ കുത്തിയിരിക്കാതെ ജോലിക്കു പോവുക.
*കളിയാക്കുന്നവർക്ക് തക്ക മറുപടി പിന്നത്തേക്കു മാറ്റി വെക്കാതെ ആ സ്പോട്ടിൽ തന്നെ കൊടുക്കുക.
*അടിമയെ പോലെ ജീവിക്കാതെ പ്രതികരിക്കേണ്ടിടത്തു പ്രതികരിക്കുക.

നിങ്ങളുടെ ജീവിതo ഏതെങ്കിലും ഒരു വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ എരിഞ്ഞു തീരാൻ ഉള്ളതാണോ എന്ന് നിങ്ങൾ സ്വയം ചിന്തിക്കുക.

“ഈ ലോകം നിങ്ങളുടേത് കൂടിയാണെന്ന സത്യം എന്നാണ് പെണ്ണുങ്ങളെ നിങ്ങൾ മനസിലാക്കുക”.

NB:why should boys have all the fun?

അച്ചു വിപിൻ

LEAVE A REPLY

Please enter your comment!
Please enter your name here