രചന : മഹാദേവൻ
അത്ര നാൾ വീട്ടിലുണ്ടായിരുന്ന പെങ്ങൾ ഒരുനാൾ മറ്റൊരുവീടിലേക്ക് ചേക്കേറിയപ്പോൾ ആയിരുന്നു ശരിക്കും പെങ്ങളിടം വരുത്തിയ ശൂന്യതയുടെ ആഴം എത്രയാണെന്ന് മനസ്സിലായത്.
പിച്ച വെച്ച് തുടങ്ങിയ കാലം മുതൽ അച്ഛന്റെ ചൂടിനേക്കാൾ കൂടുതൽ എന്റെ നെഞ്ചിലെ ചൂടേറ്റു മയങ്ങിയവൾ എത്ര പെട്ടന്നാണ് വലിയ പെണ്ണായി മാറിയത് !
ഒരുനേരം വരാൻ അല്പം വൈകിയാൽ പോലും വഴിയിലേക്ക് നിറകണ്ണുകളുമായി നോക്കിയിരിക്കുന്നവൾ !
കുരുത്തക്കേടിന്റെ സമ്മാനം നൽകാൻ അച്ഛൻ വടിയെടുക്കുമ്പോൾ അമ്മയുടെ സാരിക്കിടയിലേക്ക് മുഖം പൂഴ്ത്തി രക്ഷപ്പെടുമ്പോൾ, അവൾ ചെയ്ത കുരുത്തക്കേടിന്റെ ശിക്ഷ അച്ഛന്റ വടിയിലൂടെ തുടകളിൽ ചുവന്ന അടയാളം കുറിക്കുമ്പോൾ വേദനിക്കുന്നത് അവൾക്കായിരുന്നു എന്ന് ആ മുഖം പറയുമായിരുന്നു !
ദേഷ്യം ശമിക്കുവോളം തല്ലി പിൻവലിയുന്ന അച്ഛൻ കണ്മുന്നിൽ നിന്നും അകലുമ്പോൾ ഓടിവന്നെന്റെ അരികിലിരുന്ന് തിണർത്ത മുറിപ്പാടിലേക്ക് ഒഴുകുന്ന എന്റെ കണ്ണുനീർതുള്ളികളെ തുടഞ്ഞുകൊണ്ട് മടിയിലേക്ക് ചാഞ്ഞു ചിണുങ്ങികരയുമായിരുന്നു അവൾ !.
എനിക്കായ് നീക്കിവെച്ച പലഹാരഓരിയിൽ നിന്നും പിന്നെയും തട്ടിപ്പറിച്ചോടി കൊഞ്ഞനം കുത്തി കൊതിയോടെ കഴിക്കുന്നവൾ.. !
എത്ര വഴക്കിട്ടാലും ഭക്ഷണനേരങ്ങളിൽ ഒരു ഉരുള ചോറിനായ് വാ തുറന്ന് പ്രതീക്ഷയുടെ കണ്ണുകളുമായി നോക്കിയിരിക്കുന്നവൾ. !
മൊബൈലിൽ തെളിഞ്ഞ കാമുകിയുടെ ചിത്രം കണ്ടനാൾ മുതൽ ” അമ്മയോട് പറഞ്ഞുകൊടുക്കും ” എന്ന ഭീഷണികൊണ്ട് അവളുടെ ചെറിയ ചെറിയ ആവശ്യങ്ങൾക്ക് ATM.ആക്കി മാറ്റിയവൾ !
വയസ്സറിയിച്ച കാലം മുതൽ എന്റെ ഞെഞ്ചിൽ നിന്നും അവളെ മറ്റൊരു റൂമിലേക്ക് അമ്മ പറിച്ചുനടുമ്പോൾ ആയിരുന്നു ശൂന്യത എന്തെന്ന് അറിഞ്ഞുതുടങ്ങിയത്.
ഇപ്പോൾ പട്ടും പുടവയും ആഭരണവും ഇട്ട് മറ്റൊരുത്തന്റെ കയ്യും പിടിച്ച് അവൾ പടിയിറങ്ങുമ്പോൾ ആ കാഴ്ചയിൽ നിന്നും മറഞ്ഞുനില്കാനായിരുന്നു തിരക്ക് കാണിച്ച് മാറിനിന്നത്.
എന്ന്നാലും അവളുടെ ആ യാത്ര നനവ് പടർന്ന മിഴികളുമായി ഒളിഞ്ഞുനിന്ന് കാണുമ്പോൾ ഇടക്ക് ഒരു പ്രതീക്ഷയെന്നോണം അവളും തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു ഏട്ടന്റെ ഒരു നിഴൽ മുറ്റത്തെ ഏതെങ്കിലും ഒരു കോണിൽ തെളിയുന്നുണ്ടോ എന്ന് നോക്കി !
വല്ലത്തൊരു നിമിഷമായിരുന്നു അത്.
നെഞ്ച് വല്ലാതെ പിടയ്ക്കുന്നു.
കണ്ണുകൾ മഴ പോലെ ആർത്തലക്കുന്നു….
ചുവരിലേക്ക് ചാരി കണ്ണുകൾ അടക്കുമ്പോൾ അവളുടെ ചിരിയും കുസൃതിയും ആയിരുന്നു.
വഴക്കാളിപ്പെണ്ണിന്റെ വാശിക്ക് മുന്നിൽ തോറ്റുകൊടുക്കുമ്പോൾ അതിനൊരു പ്രത്യേകസുഖം ആയിരുന്നു.
പക്ഷേ, എത്രയൊക്കെ ആഗ്രഹിച്ചാലും ഇനിയുള്ള ജീവിതം അവൾ ആ വീടിന്റ ചുവരുകൾക്കുള്ളിലാണ്..
ഇടക്കൊന്ന് അതിഥിയെ പോലെ കേറി വരുന്നവൾ ആയി മാറിയിപ്പോൾ അവൾ.
സംസാരത്തിലും പെരുമാറ്റത്തിലും വല്ലത്തൊരു പക്വത വന്നിരിക്കുന്നു ഇപ്പോൾ.
പൊട്ടിപ്പെണ്ണിനെ പോലെ ചാടിത്തുള്ളി നടന്നവൾക്കിപ്പോൾ അടക്കവും ഒതുക്കവും വന്നിരിക്കുന്നു. !
പെണ്ണ് എത്ര പെട്ടന്നാണ് മാറുന്നത്.
തൊട്ടാവാടിയിൽ നിന്നും വഴക്കാളിയിലേക്കുള്ള കൗമാരം.
അവിടെ നിന്നും ഭാര്യയിലേക്കുള്ള യൗവ്വനം..
പിന്നെ അമ്മ, കുഞ്ഞ് പ്രാരാബ്ധം….
കാലം ഓടിമറയുന്നു.
പക്ഷേ, അവൾ എപ്പോഴും എനിക്ക പെങ്ങൾ തന്നേ ആണ്.
വഴക്കിട്ടും കയ്യിട്ടുവാരിയും കുറുമ്പുകാണിക്കുന്ന
ആ കാന്താരിപെങ്ങൾ !!!!!
✍️ദേവൻ