Home Latest തൊട്ടുമുൻപിൽ ആ കാഴ്ച്ചകണ്ട് ഒന്ന് ചലിക്കാൻപോലും കഴിയാതെ ശംഭു പ്രതിമകണക്കെ നിശ്ചലം നിൽക്കുന്നുണ്ടായിരുന്നു… Part –...

തൊട്ടുമുൻപിൽ ആ കാഴ്ച്ചകണ്ട് ഒന്ന് ചലിക്കാൻപോലും കഴിയാതെ ശംഭു പ്രതിമകണക്കെ നിശ്ചലം നിൽക്കുന്നുണ്ടായിരുന്നു… Part – 6

0

Part – 5 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Sai Bro

ഉടലുണ്ട് തലയില്ല Part – 6

പെട്ടെന്നാണ് ഒരു പോലീസ് ജീപ്പ് സൈറൺ മുഴക്കികൊണ്ട് വീടിന്റെ മുറ്റത്തേക്ക് പാഞ്ഞുകേറി വന്നത്..അപ്രതീക്ഷിതമായ ആ കാഴ്ച്ചകണ്ട് ഞാനും നിലത്തുകിടക്കുന്ന ശംഭുവും എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കവേ ജീപ്പിൽനിന്നിറങ്ങിയ സർക്കിൾ ഇൻസ്‌പെക്ടർ താഴെകിടക്കുന്ന സഞ്ചിയിൽനിന്ന് തന്റെ കാൽചുവട്ടിലേക്ക് ഉരുണ്ടുവന്ന് കിടക്കുന്ന ആ വസ്തുവിലേക്ക് സൂക്ഷിച്ചു നോക്കുകയായിരുന്നു.

നിലത്തെ മണ്ണിൽ കിടക്കുന്ന വെളുത്ത മനുഷ്യതലയോട്ടിയിലേക്ക് നോക്കിയതിന് ശേഷം സർക്കിൾ ഇൻസ്‌പെക്ടർ എന്റെയും ശംഭുവിന്റെയും മുഖത്തേക്ക് മാറിമാറി നോക്കി.. പണിപാളിയെന്ന് മനസിലായത് കൊണ്ടാവാം ശംഭു നിലത്തുനിന്ന് എണീറ്റ് എന്റെ പിറകിലായി വന്നുനിന്നു.

“എടോ, ആ കിടക്കുന്നത് ഒന്ന് എടുത്തേ.. ”

ജീപ്പിന്റെ പിറകിൽനിന്നിറങ്ങിയ പോലീസുകാരനോട് CI അത് പറഞ്ഞപ്പോൾ അയാൾ പോക്കറ്റിൽനിന്ന് ഒരു തൂവാലയെടുത്തു താഴേക്കിടക്കുന്ന തലയോട്ടി പൊതിഞ്ഞെടുത്തു മേലുദ്യോഗസ്ഥന് പരിശോധിക്കാനെന്ന വണ്ണം പോലീസ് ജീപ്പിന്റെ ബോണറ്റിന്റെ മുകളിൽ വെച്ചു.. ആ തലയോട്ടിയെ സൂക്ഷ്മമായി നിരീക്ഷിച്ചതിന്ശേഷം CI ഞങ്ങൾക്കരികിലേക്ക് രണ്ടടി മുൻപോട്ട് വെച്ചപ്പോൾ എന്റെ പിറകിൽ നിൽക്കുന്ന ശംഭുവിന്റെ ഹൃദയമിടിപ്പിന്റെ താളം വർധിക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു.

“ആരുടെ തലയാടോ ഇത്..? ” കുറുകിയ കണ്ണുകളോടെ ആ പോലീസ് ഉദ്യോഗസ്ഥൻ അത് ചോദിച്ചപ്പോൾ ഞാനൊന്ന് പതറി..

“സർ, അത്… ”

” ഈ തലയുടെ ബാക്കിയുള്ള ഉടൽ എവിടെയാ നീ ഒളിപ്പിച്ചിരിക്കുന്നത്..? ” എന്റെ പിറകിലുള്ള ശംഭുവിനെ നോക്കിയാണ് അദ്ദേഹമത് ചോദിച്ചതെങ്കിലും അത് എന്നോടുകൂടെയുള്ള ചോദ്യമാണെന്ന് എനിക്കറിയാമായിരുന്നു.

“സർ, ഞങ്ങളൊന്നും എവിടെയും ഒളിപ്പിച്ചിട്ടില്ല.. ” ശംഭുവിന്റെ വായിൽനിന്ന് സത്യം പുറത്തുവരാതിരിക്കാൻ വേണ്ടി ഞാനായിരുന്നു ആ ഉത്തരം പെട്ടന്ന് പറഞ്ഞത്.

“പിന്നെ ഈ തലയോട്ടി ഇവിടെങ്ങിനെ വന്നു..? ഇങ്ങനെ നിലത്തുരുട്ടി കളിക്കാൻ ഇതെന്താ ഫുട്ട്ബോൾ ആണോടാ..? ” തൊട്ടു മുന്നിൽനിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ചോദ്യത്തിന് കനംവെച്ചപ്പോൾ ഒരു നിമിഷത്തേക്ക് എനിക്ക് മറുപടിയില്ലായിരുന്നു.

“വാ തുറന്ന് പറയെടാ കഴുവേറീടെമോനേ, നിന്റെ അണ്ണാക്കിൽ പഴം തിരുകിവെച്ചിരിക്കുകയാണോ..? ” അത് ചോദിച്ചുകൊണ്ട് CI എന്റെ ഷർട്ടിന്റെ കോളറിൽ കൂട്ടിപിടിച്ചപ്പോൾ പിറകിൽ നിൽക്കുന്ന ശംഭു എന്തോ പറയാനായി വാ തുറക്കുന്നത് പോലെ എനിക്ക് തോന്നി.

“സാറേ അത് ഒർജിനൽ സാധനമല്ല, എന്റെ ചേട്ടൻ പ്ലാസ്റ്റർ ഓഫ് പാരീസുകൊണ്ടുണ്ടാക്കിയ ഡ്യൂപ്ലിക്കേറ്റ് തലയോട്ടിയാണ് ആ ഇരിക്കുന്നത്.. ” ഞാനത് പെട്ടന്ന് പറഞ്ഞപ്പോൾ കോളറിലെ പിടിവിട്ട് അദ്ദേഹം എന്റെമുഖത്തേക്കൊന്ന് സൂക്ഷിച്ചു നോക്കി, അതിന് ശേഷം ബോണറ്റിൽ ഇരിക്കുന്ന തലയോട്ടിയിലേക്കും.

“എടോ, അതൊന്ന് ശരിക്കും ചെക്ക് ചെയ്തു ഡമ്മിയാണോ എന്നൊന്ന് നോക്ക്.. ” ജീപ്പിനരികിൽ നിൽക്കുന്ന പോലീസുകാരനെ നോക്കി CI അത് പറയുമ്പോൾ ഞാൻ ശ്വാസമൊന്ന് വലിച്ചുവിട്ടുകൊണ്ട് പിറകിൽ നിൽക്കുന്ന ശംഭുവിനെനോക്കി.

എന്റെ സംസാരം കേട്ട് അന്തംവിട്ടവൻ വാ തുറന്ന് പകച്ചുനിൽക്കുന്നത് കണ്ട് സത്യമായിട്ടും ആ സമയത്തും എനിക്ക് ചിരിവന്നു.

“വാ അടച്ചുവെക്ക്, അല്ലേൽ ഈച്ചകേറും നിന്റെ അണ്ണാക്കിൽ.. ” ഞാനത് പതിയെ പിറുപിറുക്കുമ്പോഴും ശംഭു കണ്ണുകൾ തുറിച്ചു ആ നില്പങ്ങിനെ നിൽക്കുകയായിരുന്നു..

” സാറേ ഇതും ഡമ്മിയാണ്.. ”

തലയോട്ടിയെ വിദഗ്ധമായി പരിശോധിച്ചു പോലീസുകാർ അത് CI നെ നോക്കി വിളിച്ചു പറഞ്ഞപ്പോൾ അദ്ദേഹം അവരുടെ അരികിൽ ചെന്ന് എന്തോപിറുക്കുമ്പോൾ പിറകിൽ നിൽക്കുന്ന ശംഭു എന്നെ തോണ്ടിവിളിച്ചു.

“അളിയാ, ഇവിടെ എന്തൊക്കെയാ നടക്കുന്നത്..? രാവുണ്ണിയുടെ ശരിക്കുമുള്ള തലയപ്പോൾ എവിടെപോയി..?

“മിണ്ടാതിരിയെടാ, അവര് കേൾക്കും.” ഞങ്ങനെ ശംഭുവിനെ നോക്കി പിറുപിറക്കുമ്പോൾ ജീപ്പിനരുകിൽ നിന്നിരുന്ന സർക്കിൾ ഇൻസ്‌പെക്ടർ വീണ്ടും ഞങ്ങൾക്ക് നേരെ തിരിഞ്ഞു.

“നിന്റെ ചേട്ടനാണോ ശില്പി ശശി അയ്യപ്പൻ..? ”

“അതേ സർ.. ”

“അയാളെ ഒന്നിങ്ങോട്ട് വിളി. ”

“എന്താ സാറെ കാര്യം..?

“ഇന്ന് രാവിലെ ഇവിടുത്തെ ക്ഷേത്രത്തിന് പിറകിലെ ചതുപ്പിൽനിന്ന് ഇതുപോലൊരു ഡമ്മി തലയോട്ടിയും അസ്ഥിക്കൂടവും കിട്ടിയിരുന്നു. ഞങ്ങൾ അന്വേഷിച്ചപ്പോൾ ഇതുപോലുള്ള ഡമ്മികൾ പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമ്മിക്കുന്ന ഈ നാട്ടിലെ ഒരേയൊരു ശില്പി ശശി അയ്യപ്പനാണെന്ന് അറിഞ്ഞു. അയാളെ കണ്ട് ഇതിനെകുറിച്ച് ഒന്ന് സംസാരിക്കേണ്ടതുണ്ട്.. ” സൗമ്യതയോടെയായിരുന്നു സർക്കിൾ ഇൻസ്‌പെക്ടർ അത്രയും കാര്യങ്ങൾ ഞങ്ങളോട് വിവരിച്ചു തന്നത്.

” ചേട്ടൻ മുറിയിലുണ്ട്. സാർ വരൂ നമുക്ക് അകത്തെക്കിരിക്കാം. ” ഞാനത് ബഹുമാനത്തോടെ പറഞ്ഞപ്പോൾ എനിക്കൊപ്പം അദ്ദേഹവും വീടിനുളിലേക്ക് കയറാൻ തുടങ്ങി. അതിനിടയിൽ ശംഭു പതുക്കെ പുറത്തേക്ക് നടക്കാൻ തുനിയുന്നത് കണ്ടപ്പോൾ ഞാനവനെനോക്കി ഉറക്കെ വിളിച്ചു.

“ശംഭു നീയെവിടെ പോണ്? ഇങ്ങ് വായോ. ”

എന്റെ ആ വിളികേട്ട് CI തലചെരിച്ചു മുറ്റത്തു നിൽക്കുന്ന അവനെ ശ്രദ്ധിച്ചപ്പോൾ രക്ഷയില്ലെന്ന് മനസിലാക്കിയിട്ടാവണം എന്നെനോക്കി ഒരു വളിച്ച ചിരി ചിരിച്ചുകൊണ്ട് ശംഭുവും ഞങ്ങൾക്ക് പിറകെ വീട്ടിലേക്ക് കയറിവന്നു.

പുറത്തെ സംസാരം കേട്ടിട്ടാവണം പെട്ടന്ന് അമ്മ അവിടേക്ക് കടന്നുവന്നത്. വീടിനുള്ളിലേക്ക് കയറിവരുന്ന പോലീസുകാരനെ കണ്ട് അന്താളിച്ചുനിൽക്കെ ഞാൻ അമ്മയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

“അമ്മേ ഈ സാറ് ചേട്ടനെ കാണാൻ വന്നതാണ്, ഒരു ശിൽപ്പത്തെകുറിച്ച് സംസാരിക്കാൻ. അമ്മ സാറിന് കുടിക്കാൻ എന്തെങ്കിലും എടുക്ക്. ” എന്റെ വാക്കുകൾ കേട്ട് ഒന്നും മിണ്ടാതെ തലയാട്ടികൊണ്ട് അമ്മ അടുക്കളയിലേക്ക് പോകുമ്പോൾ ഞാൻ CI സാറിനെയും കൂട്ടി ചേട്ടന്റെ അടഞ്ഞുകിടക്കുന്ന പണിശാലക്ക് മുൻപിലെത്തി.

“ചേട്ടാ, വാതിൽ തുറക്ക്.. CI സാർ വന്നിട്ടുണ്ട് ചേട്ടനോട് സംസാരിക്കാൻ.. ” അടഞ്ഞുകിടക്കുന്ന വാതിലിൽ തട്ടികൊണ്ട് അത് പറയുമ്പോൾ എന്റെയുള്ളിൽ പേടി ഉരുണ്ടുകൂടുകയായിരുന്നു.

ശശിചേട്ടൻ സാറിനോട് ഒരുവർഷം മുൻപ് ചെയ്ത രാവുണ്ണിനായരുടെ കൊലപാതകത്തെ കുറിച്ച് പറഞ്ഞാൽ അതോടെ തീർന്നു എല്ലാം. കൊലപാതകകുറ്റത്തിന് ചേട്ടനും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് ഞാനും ശംഭുവും ഇന്ന് തന്നെ ലോക്കപ്പിൽ കേറും അതുറപ്പ്. എന്റെ ഉള്ളിലുള്ള അതേ ചിന്തകൾ ശംഭുവിന്റെ ഉള്ളിലും നുരയുന്നുണ്ടെന്ന് അവന്റെ മുഖം ശ്രദ്ധിച്ചപ്പോൾ എനിക്ക് മനസിലായി.

“ചേട്ടൻ ഉറങ്ങുകയാവും ഞാനൊന്ന് നോക്കട്ടെ.. ”

അത് പറഞ്ഞുകൊണ്ട് അകത്തുനിന്നും ലോക്ക് ചെയ്യാത്ത വാതിൽ തുറന്ന് ഞാൻ മാത്രം വേഗത്തിൽ ചേട്ടന്റെ പണിശാലക്ക് ഉളിലേക്ക് കേറി. ‘പണ്ടത്തെ കാര്യങ്ങളൊന്നും പോലീസുകാരോട് എഴുന്നുള്ളിക്കരുത് ‘എന്ന് സൂത്രത്തിൽ ചേട്ടനോട് പറയാം എന്ന് കരുതിതന്നെയാണ് ഞാനാ പ്രവർത്തി ചെയ്തത്.

വാതിൽ തുറന്ന് അകത്തേക്ക് കയറിയ ഞാൻ അകത്തെ കട്ടിലിൽ ചേട്ടനെ തിരയുമ്പോഴാണ് ആ കാഴ്ച്ചകണ്ടത്.

സീലിങ്ഫാനിൽ മഞ്ഞ പ്ലാസ്റ്റിക്ക് കയർ കൊരുത്തു അതിൽ തൂങ്ങി കിടക്കുന്ന ശശി ചേട്ടൻ.!!!

കയറിൽ തൂങ്ങിയാടുന്ന ചേട്ടന്റെ കഴുത്ത് ഒരുവശത്തേക്ക് ചെരിഞ്ഞു കിടക്കുന്നു, കണ്ണുകൾ തുറിച്ചു, നാവ് പുറത്തേക്ക് നീണ്ട്, മരണവെപ്രാളത്താൽ ഇരു തുടകളും മാന്തിപറിച്ചു, മലവും മൂത്രവും തറയിലേക്ക് ഇറ്റിച്ചുകൊണ്ട് ചേട്ടനങ്ങിനെ കയറിൻ തുമ്പിൽ തൂങ്ങിയാടി നിൽക്കുന്നത് കണ്ട് ശ്വാസം നിലച്ചതുപോലെ ഞാനാ നില്പങ്ങിനെ നിശ്ചലം നിന്നു..

ആ കാഴ്ച്ചകണ്ട് ഒന്നുറക്കെ കരയണം എന്ന് തോന്നിയപ്പോൾ തൊണ്ടകുഴിയിൽ നിന്ന് ഒരു വികൃതശബ്ദമാണ് പുറത്തേക്ക് വന്നത്. അത് കേട്ടാവണം മുറിക്ക് പുറത്തുനിന്നിരുന്ന ശംഭുവും സർക്കിൾ ഇൻസ്‌പെക്ടറും അകത്തേക്ക് കേറി വരുന്നത് ഞാനറിഞ്ഞു.

“ശംഭു എന്റെ ചേട്ടൻ കെടക്കണ കെടപ്പ് നോക്ക്യേഡാ.. ”

അത് പറഞ്ഞുകൊണ്ട് ഞാൻ അലറികരഞ്ഞുകൊണ്ട് നിലത്തേക്കിരിക്കുമ്പോൾ തൊട്ടുമുൻപിൽ ആ കാഴ്ച്ചകണ്ട് ഒന്ന് ചലിക്കാൻപോലും കഴിയാതെ ശംഭു പ്രതിമകണക്കെ നിശ്ചലം നിൽക്കുന്നുണ്ടായിരുന്നു.

“എന്റെ മോനേ” എന്നുറക്ക ആർത്തുവിളിച്ചുകൊണ്ടാണ് അമ്മ ആ മുറിയിലേക്ക് കേറി വന്നത്. പത്തുമാസം ചുമന്ന് പ്രസവിച്ച മകൻ തൂങ്ങിയാടി നിൽക്കുന്ന കാഴ്ച്ച ഒരുനോക്ക് കണ്ടതെയൊള്ളു ആ അമ്മ കുഴഞ്ഞു നിലത്തേക്ക് വീണു.

ചങ്കുപൊട്ടിയ ആ നിലവിളി കേട്ട് ആ മുറിയിലേക്ക് ഓടിവന്ന പോലീസുകാരും CI യും ചേർന്ന് ബോധമറ്റ് നിലത്തുകിടക്കുന്ന അമ്മയെ താങ്ങിയെടുത്തു ആ മുറിയിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നതും നോക്കി മരവിച്ചു നിലത്തിരിക്കെ ഞാൻ മറ്റൊരു കാഴ്ച്ചകൂടി കണ്ടു.

ഫാനിൽ തൂങ്ങികിടക്കുന്ന ശശിചേട്ടന്റെ ശരീരത്തിന് താഴെ നിലത്ത് ഒരു കടലാസ് തുണ്ട് ചുരുണ്ടുകൂടി കിടക്കുന്നു. ഇടതു കൈ എത്തിച്ചു ഞാനാ കടലാസ്സ് കഷ്ണം മറ്റാരും കാണാതെ കൈപ്പടിയിലൊതുക്കി ചുരുട്ടികൂട്ടി പിടിച്ചു.

##############################

പോസ്റ്റുമാർട്ടത്തിന് ശേഷം തിരികെകിട്ടിയ ശശിചേട്ടന്റെ മൃതദേഹം വീട്ടുപറമ്പിലെ മാവിൻതടികൾക്കിടയിൽ കിടന്ന് കത്തിയമരുന്നതും നോക്കി ഞാനങ്ങിനെ നിർവികാരതയോടെ നിൽക്കുമ്പോൾ ചടങ്ങിൽ പങ്കെടുത്തവരെല്ലാം തിരികെപോകാൻ തുടങ്ങിയിരുന്നു. അടുത്തചില ബന്ധുക്കളും അമ്മയും ഞാനും മാത്രം ആ വീട്ടിൽ അവശേഷിച്ചു.

കഴിഞ്ഞദിവസം രാത്രിയിൽ ചേട്ടനെ ചീത്തവിളിച്ചതിന് ശേഷം കാറിൽ കയറി അസ്ഥികൂടം കുഴിച്ചിടാൻ വേണ്ടി കാറിൽകയറി പോകുമ്പോൾ മഴയുംകൊണ്ട് ഒരു ശിലപോലെ അനക്കമറ്റ് ചേട്ടൻ ഈ വീട്ടുമുറ്റത് നിന്നിരുന്നതോർത്തപ്പോൾ നെഞ്ചോന്നു നീറി.

‘വേണ്ടായിരുന്നു, എന്തൊക്കെയായാലും സ്വന്തം ചേട്ടന്റെ മുഖത്തുനോക്കി അങ്ങനെയൊന്നും പറയാൻ പാടില്ലായിരുന്നു ‘ അതോർത്തു ഉമ്മറത്തെ തിണ്ണയിൽ ആ ഇരിപ്പ് തുടരുമ്പോൾ ശംഭു അരികിലേക്ക് വന്നു.

“അളിയാ, നടക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്, പക്ഷെ ഇനീം അതോർത്തോണ്ടിരുന്നാൽ സങ്കടം കൂടുകയേ ഒള്ളൂ.. ” തോളിൽ കൈ വെച്ചുകൊണ്ട് ശംഭു എന്നെ ആശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുകൾ തുടച്ചുകൊണ്ട് ഞാൻ എണീറ്റ് നിന്നു.

“നീയൊന്ന് റൂമിലേക്ക് വാ, ഒരു കാര്യണ്ട് ” അതും പറഞ്ഞു ശംഭുവിനെയും കൂട്ടി മുറിയിൽ കയറി വാതിലടക്കുമ്പോൾ കാര്യം മനസിലാകാതെ അവൻ എന്നെ തറച്ചുനോക്കുന്നുണ്ടായിരുന്നു.

അലമാരക്കുള്ളിൽ ഭദ്രമായി ഒളിപ്പിച്ചിരുന്ന ആ കടലാസ് തുണ്ട് എടുത്ത് ശംഭുവിന്റെ മുൻപിൽ വെച്ച് നിവർത്തുമ്പോൾ എന്റെ കൈകൾ വിറച്ചിരുന്നു. എനിക്കറിമായിരുന്നു അവസാനമായി എന്തെങ്കിലുമൊന്ന്, അല്ലെങ്കിൽ എന്റെ എല്ലാചോദ്യങ്ങൾക്കുമുള്ള ഉത്തരം ശശിചേട്ടൻ അതിനുള്ളിൽ രേഖപെടുത്തിയിട്ടുണ്ടാകുമെന്ന്.

” ശശി 💀ശേഖർ ”

ചേട്ടന്റെയും എന്റെയും പേര്, അതിന് നടുക്കൊരു തലയോട്ടിയുടെ ചിഹ്നം.അതായിരുന്നു സ്വന്തം കൈയക്ഷരത്തിൽ ശശി ചേട്ടൻ ആ കടലാസുതുണ്ടിൽ എഴുതിയിരുന്നത്.അതുവായിച്ച് ഞാനും ശംഭുവും ഒന്നും മനസ്സിലാകാതെ പകച്ചുനിൽക്കുമ്പോൾ തെക്കേതൊടിയിൽ മാവിൻ മുട്ടികൾക്കിടയിൽകിടന്ന് അഗ്നിവിഴുങ്ങിയ ഒരു തലയോട്ടി വലിയൊരു ശബ്ദത്തോടെ പൊട്ടിതെറിച്ചു.

തുടരും.
Sai Bro.

LEAVE A REPLY

Please enter your comment!
Please enter your name here