Home Latest ഒട്ടും പ്രതീക്ഷിക്കാതെ വന്ന ചോദ്യത്തിൽ ഞാൻ പതറി പോയി…

ഒട്ടും പ്രതീക്ഷിക്കാതെ വന്ന ചോദ്യത്തിൽ ഞാൻ പതറി പോയി…

0

ഒരു ട്രെയിൻ യാത്രയിൽ വെച്ച് ആണ് എന്റെ ജീവിതം മാറ്റി മറിച്ച ആ പെൺകുട്ടിയെ ഞാൻ കാണുന്നത്. തിരക്ക് പിടിച്ച ഒരു ദിവസത്തിന് ശേഷം നല്ല ക്ഷീണം ഉണ്ടായിരുന്നത് കാരണം ചെറുതായി ഒന്ന് മയങ്ങുകയായിരുന്നു ഞാൻ. അപ്പോഴാണ് ആരോ തട്ടി വിളിച്ചത്, നോക്കിയപ്പോൾ ഒരു പെൺകുട്ടി.
‘ചേട്ടാ ഒന്ന് മാറികൊടുക്ക് ആ ചേച്ചി ഒന്ന് ഇരിക്കട്ടെ അതിന് വയ്യ’.
അല്പം പ്രായം ചെന്ന ഒരു സ്ത്രീയെ ചൂണ്ടി കാണിച്ച് അവൾ പറഞ്ഞു. കുറച്ച് നീരസത്തോടെ ഞാൻ എഴുന്നേറ്റ് കൊടുത്തു. എന്റെ നിൽപ്പ് കണ്ടപ്പോൾ അവൾ ചിരിച്ചോണ്ട് ചോദിച്ചു
‘എന്റെ ചേട്ടാ നമ്മൾ ഒക്കെ ആരോഗ്യം ഉള്ളവരല്ലേ വയ്യാത്തവർ ഇരിക്കട്ടെ’.
അവളുടെ പറച്ചിൽ കേട്ടപ്പോ എന്തോ ഉണ്ടായ ദേഷ്യമെല്ലാം എവിടെയോ പോയി. പിറ്റേന്നും യാത്രയിൽ അവളെ കണ്ടു, പിന്നീടുള്ള ദിവസങ്ങളിൽ എല്ലാം കണ്ടു. ഞങ്ങൾ പരിചയപെട്ടു, സൗഹൃദം വളർന്നു ഞങ്ങളുടെ ഇടയിൽ. അവളെ കുറിച്ച് പറഞ്ഞാൽ, എന്നും സാരി ആയിരുന്നു അവളുടെ വേഷം. കുളിച്ച് കണ്ണെഴുതി സാരി ഉടുത്തു വരുന്ന അവളെ കാണാൻ എന്ത് ഭംഗി ആയിരുന്നെന്നോ. നല്ല നീണ്ട മുടി എന്നും അഴിച്ചിടുമായിരുന്നു അവൾ. കഴുത്തിൽ നൂല് പോലെ ഉള്ള ഒരു ചെറിയ മാല, പിന്നെ ഒരു ചെറിയ കമ്മൽ ഇത് മാത്രമേ അവളുടെ ദേഹത്ത് പൊന്ന് ആയി ഉണ്ടായിരുന്നുള്ളു. പക്ഷെ അവൾക്കു ഭംഗി അതായിരുന്നു. ലോകത്തുള്ള എല്ലാത്തിനോടും അവൾക്കു സ്നേഹം ആയിരുന്നു. വയ്യാത്ത ആളുകളോട്, കുഞ്ഞുങ്ങളോട്, കിളികളോട്, പൂച്ചയോട്, പൂക്കളോട്, എല്ലത്തിനോടും അവൾക്കു സ്നേഹമായിരുന്നു. അവൾക്കു ലോകത്തോട് മുഴുവനും സ്നേഹം ആയിരുന്നു എനിക്ക് അവളോടും.
എന്റെ പ്രണയം അവളോട്‌ തുറന്ന് പറഞ്ഞില്ല ഞാൻ. അത് പറഞ്ഞാൽ ഉള്ള സൗഹൃദം പോലും നഷ്ടമായാലോ എന്ന്‌ ഞാൻ പേടിച്ചു. ഞങ്ങളുടെ ട്രെയിൻ യാത്രകളും സൗഹൃദവും ഒരു വർഷം പിന്നിട്ടു. അവളുടെ കൂടെ ഒരു വർഷം ഓടി അങ്ങ് പോയി. ഒരു ദിവസം അവൾ എന്നോട് ഒരു ചോദ്യം ചോദിച്ചു.
‘ചേട്ടന് എന്നെ ഇഷ്ടമല്ലേ’.
ഒട്ടും പ്രതീക്ഷിക്കാതെ വന്ന ചോദ്യത്തിൽ ഞാൻ പതറി പോയി. ഞാൻ ചിരിച്ചു ഒരു കള്ള ചിരി. എന്നിട്ട് ചോദിച്ചു,
‘മോൾക്ക്‌ എങ്ങനെ മനസ്സിലായി’.
അവൾ പറഞ്ഞു,
‘അതൊരു പെണ്ണിന്റെ കഴിവാ ചേട്ടാ, അറിയാൻ പറ്റും ഞങ്ങൾക്ക്. എനിക്ക് ആദ്യമേ തൊട്ടു അറിയാം’.
ഞാൻ എങ്ങനെയോ അടുത്ത വാചകം ചോദിച്ച് ഒപ്പിച്ചു.
‘മോൾക്കോ, എന്നോട് ഇഷ്ടം ഇണ്ടോ’.
അവൾ ചിരിച്ചു നാന്നായിട്ടു, എന്നിട്ട് പറഞ്ഞു
‘ഞാൻ പറഞ്ഞില്ലേ ആദ്യം മുതലേ എനിക്ക് അറിയാം ചേട്ടന് എന്നെ ഇഷ്ടമാണെന്ന്. അപ്പൊ എനിക്ക് ഇഷ്ടം അല്ലെങ്കിൽ ഞാൻ ഇത്രേം കാലം കൂടെ നില്ക്കോ’.


എന്റെ കഴിഞ്ഞുപോയ ഇരുപത്തിയേഴു വർഷങ്ങളിലെ ഏറ്റവും നല്ല നിമിഷം. ഞാൻ പറയാതെ തന്നെ എന്റെ പ്രണയം അവൾ തിരിച്ചറിഞ്ഞു എന്നിലേക്ക്‌ വന്നു. പിന്നീട് അങ്ങോട്ട്‌ പൂക്കാലം ആയിരുന്നു പ്രണയത്തിന്റെ പൂക്കാലം. എന്റെയും അവളുടെയും ലോകം ഒന്നായി, നീയും ഞാനും മാറി ഞങ്ങൾ ആയി.
പ്രണയം എന്നാ വികാരം അത് അനുഭവിച്ചു തന്നെ അറിയണം. പറഞ്ഞോ കണ്ടോ അല്ല അനുഭവിച്ചു തന്നെ അറിയണം. ജീവിതം കൂടുതൽ മനോഹരം ആകുന്നത് അപ്പോഴാണ്. പ്രണയം എന്നത് രണ്ടു പേരുടെ മാത്രം ലോകം ആണ്, രണ്ടു പേരുടെ മാത്രം ശരികൾ ആണ്. അതുകൊണ്ടാണ് പ്രണയം അന്ധമാണെന്നു പറയുന്നത്. ഒരാളെ മാത്രം സ്നേഹിക്കുക അവൾക്കു വേണ്ടി ജീവിക്കുക അതൊരു സുഖം ആണ്. അത് ഒരിക്കലും ശരീരത്തോടുള്ള അഭിനിവേശം അല്ല മറിച്ചു രണ്ട് മനസ്സുകൾ തമ്മിൽ ഉള്ള സ്നേഹം ആണ്.
ഒരു ലക്ഷ്യബോധവും ഇല്ലാതായ ജീവിച്ചിരുന്ന എന്റെ ജീവിതം മാറി. അവൾ എന്നെ മാറ്റി എടുത്തു. വിദേശത്തു നല്ലൊരു ജോലി കിട്ടി എനിക്ക്, നല്ലൊരു വീട് വാങ്ങി, എല്ലാത്തിനും അവൾ ആയിരുന്നു പ്രചോദനം. കുറച്ച് നാളുകൾക്കു ശേഷം അവളെ എന്റെ ജീവിതത്തിലേക്ക് കൊണ്ടു വന്നു. അവൾ എന്റെ ഭാര്യ ആയി എന്റെ കുഞ്ഞിന്റെ അമ്മ ആയി. രണ്ട് വർഷം പോയത് അറിഞ്ഞില്ല. ജീവിതത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞ നാളുകൾ ആയിരുന്നു അത്…
‘അമ്മ സുന്ദരി ആയിരുന്നോ പപ്പാ’
എന്റെ മോന്റെ ചോദ്യം ആണ് എന്നെ ഓർമകളുടെ നിശബ്ദതയിൽ നിന്നും ഉണർത്തിയത്.
‘ആയിരുന്നു മോനെ, നിന്റെ അമ്മ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സുന്ദരി ആയിരുന്നു’.
അവനെ ചേർത്ത് പിടിച്ചു ഞാൻ പറഞ്ഞു.
‘എന്തെ പപ്പാ അമ്മ നമ്മളെ വിട്ടു പോയത്’
അവന്റെ നിഷ്കളങ്കമായ ചോദ്യം എന്നെ തളർത്തി.
‘അമ്മയെ ദൈവത്തിനു ഒരുപാട് ഇഷ്ടം ആയിരുന്നു മോനെ, അതുകൊണ്ട് അവളെ ദൈവം അടുത്തോട്ടു വിളിച്ചു’.
അവൻ പിന്നെ ഒന്നും ചോദിച്ചില്ല. ഞാൻ ഒന്നും പറഞ്ഞും ഇല്ല. ഒരു കാർ ആക്‌സിഡന്റിൽ അവൾ ഞങ്ങളെ വിട്ടു പോകുമ്പോ മോനു ഒരു വയസ്സ് തികഞ്ഞിട്ടില്ല.
മോളെ… നമ്മുടെ മോൻ ഇപ്പോ വലിയ കുട്ടി ആയി, നമ്മൾ ആദ്യമായി കണ്ടതൊക്കെ ഇന്ന് അവനോടു ഞാൻ പറഞ്ഞു. നീ കാണുന്നില്ലേ ഇതൊക്കെ. അറിയാം എനിക്ക് നീ ഞങ്ങളുടെ കൂടെ തന്നെ ഉണ്ടെന്നു.അല്ലാതെ നീ എവിടെ പോകാൻ. ഒരു ജന്മം ഓർക്കാൻ ഉള്ള ഓർമകൾ തന്നു നീ എനിക്ക്, പിന്നെ എനിക്ക് കൂട്ടായി നമ്മുടെ മോൻ ഐഹാനെയും. മരണം വരെ ഇത് രണ്ടും മതി എനിക്ക് ജീവിക്കാൻ

രചന: Aby George

LEAVE A REPLY

Please enter your comment!
Please enter your name here