Home Latest നീയൊരു പിണ്ണാക്കും പറയണ്ട..ചതുപ്പിനുള്ളിൽ രാവുണ്ണിയുടെ ഡമ്മി തലയോട്ടി എങ്ങിനെയാ വന്നത് എന്നെനിക്ക് മനസിലായി… Part –...

നീയൊരു പിണ്ണാക്കും പറയണ്ട..ചതുപ്പിനുള്ളിൽ രാവുണ്ണിയുടെ ഡമ്മി തലയോട്ടി എങ്ങിനെയാ വന്നത് എന്നെനിക്ക് മനസിലായി… Part – 5

0

Part – 4 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Sai Bro

ഉടലുണ്ട് തലയില്ല പാർട്ട്‌ : 5

ഫോറൻസിക് ലാബിലെ ടേബിളിൽ നീണ്ടു നിവർന്നു കിടക്കുന്ന അസ്ഥികൂടത്തെ പരിശോധിച്ചുകൊണ്ടിരുന്ന വിദഗ്ധരിൽ ഒരാൾ പുറത്ത് ആകാംക്ഷയോടെ കാത്തിരുന്ന സ്ഥലം സർക്കിൾ ഇൻസ്പെക്റ്ററുടെ അരികിലേക്കെത്തി സംസാരിക്കാൻ ആരംഭിച്ചു..

“സർ ഈ കൊണ്ടുവന്നിരിക്കുന്നത് മനുഷ്യന്റെ അസ്ഥികൂടമല്ല, ഇതൊരു ഡമ്മിയാണ്. കൃത്യമായി പറഞ്ഞാൽ പ്ലാസ്റ്റർ ഓഫ്‌ പാരീസിൽ ഏതോ ശില്പി വളരെ വിദഗ്ധമായി തീർത്ത ഒരു ഡമ്മി അസ്ഥിക്കൂടവും തലയോട്ടിയുമായിരുന്നു നമുക്ക് കിട്ടിയിരിക്കുന്നത്..”

##############################

ഇനിയെന്ത് ചെയ്യണം എന്നറിയാതെ ആളൊഴിഞ്ഞ കാട്ടുപറമ്പിൽ ഞാനങ്ങിനെ തലകുനിച്ചിരിക്കുമ്പോ അടുത്തിരുന്ന ശംഭു നിസ്സംഗതയോടെ തന്റെ മൊബൈലിൽ തോണ്ടി ഇരിക്കുന്നത് ഞാൻ കാണാത്ത ഭാവം നടിച്ചു.

‘അവനോടെന്തെങ്കിലും ചോദിച്ചാൽ പിച്ചും പേയും പറഞ്ഞു കരച്ചിൽ തുടങ്ങും, അതോടെ ഒള്ള ധൈര്യവും പോകും. ‘ ഞാനങ്ങിനെ ചിന്തിച്ചിരിക്കുമ്പോൾ ശംഭു തന്റെ മൊബൈലിൽ എന്തോ കണ്ട് ആവേശപൂർവ്വം എന്നെ തോണ്ടിവിളിച്ചു..

“അളിയാ, ഇത് കണ്ടൊ..? ”

“എന്ത് കണ്ടോന്ന്? ”

“ഞങ്ങടെ നാട്ടുകൂട്ടം വാട്സാപ്പ് ഗ്രൂപ്പിൽ വന്ന മെസ്സേജ് നോക്കിക്കേ..” വികസിച്ച കണ്ണുകളോടെ ശംഭു അത് പറഞ്ഞപ്പോൾ ഞാനവനെ ആകാംക്ഷാപൂർവം ഒന്ന് നോക്കി..

“എന്താ സംഭവം? നീയതൊന്ന് വായിക്ക് .? ”

” ക്ഷേത്രചതുപ്പിൽ നിന്ന് കണ്ടെടുത്ത തലയോട്ടിയും അസ്ഥിക്കൂടവും ഒർജിനൽ അല്ലാന്ന്, അത് പ്ലാസ്റ്റർ ഓഫ് പാരീസ് കൊണ്ടുണ്ടാക്കിയ ഡമ്മി ആണത്രേ.. നാട്ടിലുള്ള ഏതോ സാമൂഹ്യവിരുദ്ധരുടെ പ്രവർത്തിയാകാം അതെന്നാണ് പോലീസിന്റെ അനുമാനം… ഹഹഹ.. അപ്പൊ നമ്മള് രക്ഷപെട്ടു അളിയാ.. ” ശംഭു ആവേശത്തോടെയും അതിലുപരി സന്തോഷത്തോടെയും അത് പറയുമ്പോൾ ഞാൻ നെഞ്ചത്ത് കൈ വെച്ച് ശ്വാസം ഒന്ന് വലിച്ചു വിട്ടുകൊണ്ട് പിറുപിറുത്തു..

“ദേവ്യേ, നീ കാത്തു.. ”

“പക്ഷെ ശേഖറേ, അതെങ്ങനെ ശരിയാകും..? നിന്റെ വീടിന്റെ മച്ചിൻപുറത്തു കിടന്നിരുന്നത് രാവുണ്ണിനായരുടെ അസ്ഥിക്കൂടം ആണെന്നല്ലേ ശശിചേട്ടൻ പറഞ്ഞത്.. ആ അസ്ഥികൂടം ഏങ്ങനെ ചതുപ്പിൽ കുഴിച്ചിട്ടപ്പോൾ ഡമ്മി ആയി..? ” ശംഭു തലമാന്തികൊണ്ടാണ് ആ സംശയം ചോദിച്ചത്..

“അത് ശരിയാണല്ലോ, ഇനിയിപ്പോ നമ്മള് കുഴിച്ചിട്ട അസ്ഥിക്കൂടം തന്നെയല്ലേ ജെസിബി കൊണ്ട് ചളിമാന്തിയപ്പോൾ കിട്ടിയത്..? ഒർജിനൽ സാധനം ഇപ്പോഴും ചതുപ്പിൽ തന്നെ കിടപ്പുണ്ടോ ആവോ..? ” പേടിയോടെ ഞാനത് പറയുമ്പോൾ അരികിൽ ശംഭു ഒന്നും മിണ്ടാതെ കണ്ണുമിഴിച്ചു ഇരിപ്പുണ്ടായിരുന്നു..

“എന്തായാലും തല്ക്കാലം നമ്മള് രക്ഷപെട്ടല്ലോ ബാക്കിയെല്ലാം വരുന്നിടത്തു വെച്ചു കാണാം, നീ വാ നമുക്ക് വീട്ടിൽ പോയി അന്നത്തെ കുപ്പീല് ബാക്കിയൊള്ളത് വലിച്ചു കുടിക്കാം.. ” ഞാനത് പറഞ്ഞുകൊണ്ട് നിലത്തുനിന്ന് എണീക്കുമ്പോൾ ശംഭുവും ഒപ്പം ചാടിപിടഞ്ഞു എഴുന്നേറ്റു..

“ഹാ, അങ്ങനെത്തെ നല്ലകാര്യം വെല്ലോം പറയ്, നിന്നെയൊന്ന് സഹായിക്കാൻ വന്നിട്ട് എനിക്കിന്ന് പണിക്ക് പോവാനും പറ്റിയില്ല, ആകെപ്പാടെ ഒണ്ടായ മനസമാധാനം പോവേം ചെയ്തു.. ഇനി വിദേശി രണ്ടെണ്ണം അകത്തു കേറിയിട്ട് വേണം ഒന്ന് ആശ്വസിക്കാൻ..” അതും പറഞ്ഞുകൊണ്ട് ശംഭു എനിക്കൊപ്പം ആ കാട്ടുപറമ്പിൽനിന്ന് പുറത്തേക്കിറങ്ങി..

റോഡിൽനിന്ന് തിരിഞ്ഞു മണ്ണിട്ട വഴിയിലൂടെ നടന്ന് വീടിന്റെ പടികെട്ട് ഞാനും ശംഭുവും നടന്ന് കയറുമ്പോൾ ഉമ്മറപടിയിൽ ഇരിക്കുന്ന അമ്മയോട് താടിക്ക് കൈ വെച്ച് എന്തോ കുശുകുശുത്തു കൊണ്ടിരുന്ന അപ്പുറത്തെ വീട്ടിലെ ചേച്ചി ഞങ്ങളെ കണ്ടിട്ടാവണം വേഗം അവിടെനിന്ന് നടന്നുനീങ്ങുന്നുണ്ടായിരുന്നു.

“നീയിത് വെല്ലോം അറിഞ്ഞോ? അമ്പലത്തിന് പെറകിലെ ചതുപ്പീന്ന് ഒരു മനുഷ്യന്റെ അസ്ഥികൂടം കിട്ടീത്രെ.., നാട്ടുകാര് ഓരോന്നൊക്കെ ഊഹിച്ചെടുത്തു പറയണ്ട്.” മുട്ടുകാലും തിരുമ്മികൊണ്ട് അമ്മയത് പറഞ്ഞപ്പോൾ ശംഭുവിനെ ഒന്ന് നോക്കികൊണ്ട് ഞാൻ അമ്മയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു..

“അമ്മേ അത് മനുഷ്യന്റെ അസ്ഥിയൊന്നും അല്ല, എന്തോ സാധനം കൊണ്ട് അസ്ഥിക്കൂടം പോലെ ഉണ്ടാക്കി ആരോ അവിടെ കൊണ്ടോയി കുഴിച്ചിട്ടതാ അത്..” അങ്ങിനെ പറഞ്ഞുകൊണ്ട് ഞാൻ വീടിനുളിലേക്ക് കയറുമ്പോൾ പിറകിൽ നിന്ന് അമ്മയുടെ ശബ്ദമുയർന്നു..

“ആണോ, ഇവിടെ ഓരോരുത്തർ പറഞ്ഞോണ്ടിരുന്നത് പൊറപെട്ടു പോയ രാവുണ്ണിനായരെ ആരാണ്ട് തല്ലിക്കൊന്ന് അമ്പലത്തിന് പെറകിലെ ചതുപ്പീ കൊണ്ടോയി കുഴിച്ചിതാന്നും, അയാളുടെ അസ്ഥിയാണ് മണ്ണുമാന്തി യന്ത്രത്തിന്റെ കയ്യിൽ കുടുങ്ങിയത് എന്നൊക്കെയാ..”

അത് കേട്ടതും ഒപ്പം നടന്നുകൊണ്ടിരുന്ന ശംഭു പെട്ടന്ന് തലചെരിച്ചു എന്നെയൊന്ന് നോക്കി. അത് കണ്ടിട്ടും മുഖത്തു ഭാവവ്യത്യാസം ഒന്നും കാണിക്കാതെ ഞാനെന്റെ മുറിയിലേക്ക് നടന്ന് കയറിയപ്പോൾ അവനും പിന്നാലെകൂടി..

“നിന്റെ ചേട്ടൻ ഈ വീട്ടിൽ തന്നെയല്ലേ താമസം.? “അലമാരയിൽ നിന്ന് കുപ്പിയെടുത്തു മേശപ്പുറത്തു വെക്കുമ്പോൾ പിറകിൽ നിന്ന് ശംഭുവിന്റെ ശബ്ദം കേട്ട് തലചെരിച്ചു ഞാനവനെ ഒന്ന് നോക്കി..

“അതേലോ, എന്ത്യേ..? ”

“ഹേയ്, ഒന്നൂല്യ.. രാവിലെ വന്നപ്പോഴും പുള്ളിയെ ഇവിടെ കണ്ടില്ല, ദാണ്ടെ ഇപ്പൊ വന്നപ്പോഴും കണ്ടില്ല, അതോണ്ട് ചോയ്ച്ചതാ.. ” ശംഭു കട്ടിലിൽ ഇരുന്നുകൊണ്ട് മറുപടി നൽകി..

“ചേട്ടൻ ആൾടെ മുറിവിട്ട് പുറത്തിറങ്ങുന്നത് അപൂർവ്വമാ.. ഇവിടെ എന്നോടും അമ്മയോടും പോലും പുള്ളി അധികം മിണ്ടാറില്ല. ഇടക്ക് പുള്ളിയുണ്ടാക്കുന്ന ശിൽപ്പങ്ങൾ നോക്കാനും, വാങ്ങാനുമൊക്കെ ആളുകൾ വരുമ്പോൾ അവരോട് സംസാരിക്കുന്നത് കേൾക്കാം..”

ചില്ല് ഗ്ലാസിൽ മദ്യം നിറക്കവേ ഞാനത് പറഞ്ഞപ്പോൾ ശംഭു മറുപടിയൊന്നും പറഞ്ഞില്ല..പെട്ടെന്നാണ് മേശപ്പുറത്തിരുന്ന മൊബൈൽ ശബ്‌ദിച്ചത്. പാർവ്വതിയുടെ കാൾ ആയിരുന്നു അത്. ഒറ്റതവണ റിങ്‌ ചെയ്ത് കാൾ കട്ട്‌ ആയപ്പോൾ എനിക്ക് മനസിലായി അവൾക്കെന്തോ അത്യാവശ്യമായി സംസാരിക്കാനുണ്ടെന്ന്.

“ഡാ, ഞാൻ ദേ വരണ്, ഒരു കാൾ വിളിക്കാനുണ്ട്. സാനം മേശപ്പുറത്തു ഇരിപ്പുണ്ട് നീയടിക്ക്.. പിന്നേയ് ടച്ചപ്പായിട്ട് അലമാരീല് ബദാം പാക്കറ്റ് ഇരിപ്പുണ്ട്, അത് എടുത്തോട്ടാ.. ” അത്രേം പറഞ്ഞുകൊണ്ട് ഞാൻ ധൃതിയിൽ മൊബൈലുമെടുത്തു വാതിൽ തുറന്ന് പുറത്തിറങ്ങി..

“ഹാ, ബദാം ഏങ്കി ബദാം.” അങ്ങനെ പിറുപിറുത്തുകൊണ്ട് ശംഭു കട്ടിലിൽനിന്ന് എണീറ്റ് അലമാരി തുറന്ന് അതിനകത്തിരുന്ന
ബദാം പാക്കെറ്റ് എടുത്തു തിരിച്ചും മറച്ചും നോക്കി..

“ഇത് കൊറെ ഒണ്ടല്ലോ, വീട്ടീ പോകുമ്പോ കൊറച്ചു കൊണ്ടോണം, നാളെ രാവിലെ കാപ്പികുടിക്കുമ്പോ ചുമ്മാ കൊറിക്കാലൊ.”

അതും പറഞ്ഞുകൊണ്ട് ബദാം പാക്കെറ്റ് സൈഡ് പൊട്ടിച്ചു ഒരു മണി കയ്യിലിട്ട് മേശപ്പുറത്തിരുന്ന മദ്യം ഒഴിച്ച ഗ്ലാസ് കയ്യിലെടുത്തു ഒറ്റവലിക്ക് കുടിച്ചവസാനിപ്പിച്ചതിന് ശേഷം അരികിലെ ബെഡിലേക്ക് ചാഞ്ഞു കിടന്ന് ഒരു ബദാം മണി മുകളിലേക്കിട്ട് വായ്ക്കകത്താക്കാൻ ശ്രമിച്ചു ശംഭു. പക്ഷെ ആ പരിപ്പ് വായിലേക്ക് വീഴാതെ ഉന്നം തെറ്റി മൂക്കിൻതുമ്പിൽ കൊണ്ട് കട്ടിലിനടിയിലേക്ക് ഉരുണ്ട് പോയപ്പോൾ അയാളൊന്ന് പിറുപിറുത്തു..

“കള്ളപന്നി, കൊതിപ്പിച്ചു കടന്നുകളഞ്ഞു..”

##############################

“എന്താണ് പെണ്ണെ ഫോൺ എടുത്തു ചെവിയിൽ വെച്ചിട്ടിട്ടും നീയൊന്നും മിണ്ടാത്തെ..? ” അങ്ങേതലക്കൽ പാർവ്വതി മുഖം വീർപ്പിച്ചിരിക്കുകയാണെന്ന് അറിയാവുന്നത് കൊണ്ട് ഞാനൽപ്പം മൃദു ശബ്ദത്തിലാണ് സംസാരിക്കാൻ ആരംഭിച്ചത്.

“രണ്ടീസായിട്ട് എവിടെ പോയെക്കാർന്നു ഇയാള്..? ” അവളെ ഫോണിൽ വിളിക്കാത്തതിലുള്ള പ്രതിഷേധം പാർവ്വതി കനപ്പെട്ട ശബ്ദത്തിൽ അറിയിച്ചു.

“അതുപിന്നെ, വീട്ടിൽ കൊറച്ചു അൽകുത്ത് പണികളുണ്ടായി പെണ്ണേ, അതാ വിളിക്കാൻ പറ്റാഞ്ഞത്.. ” ഞാനൊരു നുണ പഞ്ചാരയിൽ പൊതിഞ്ഞു അങ്ങോട്ടേക്കെറിഞ്ഞു..

“എന്നിട്ട് ഇയാൾടെ പണിയൊക്കെ തീർന്നോ.? ”

” ഹേയ്, കൊറച്ചൂടെ ബാക്കിയുണ്ട്, അതൂടെ കഴിഞ്ഞിട്ട് നമുക്ക് സ്വസ്ഥമായിട്ട് മിണ്ടാം. ന്തേയ്‌ പോരെ..? ” അത് മൊബൈലിൽ പറഞ്ഞുകൊണ്ട് ഞാൻ ഉമ്മറപ്പടിയിൽ നിന്ന് മുറ്റത്തേക്കിറങ്ങി..

“ആം.. ” പാർവ്വതിയുടെ മൂളൽ മൊബൈലിലൂടെ ചെവിയിലെത്തിയ ആ സമയത്താണ് എന്റെ ചുമലിൽ ഒരു കൈ കനത്തിൽ വന്നുപതിച്ചത്.

ഞെട്ടിതിരിഞ്ഞു നോക്കുമ്പോൾ തൊട്ടുപിറകിൽ ശംഭു നിൽക്കുന്നു..ദേഷ്യവും അമർഷവും കൊണ്ട് ആ മുഖം വലിഞ്ഞു മുറുകിയിരിക്കുന്നത് അമ്പരന്നു നിൽക്കുമ്പോഴാണ് വലത്തേ കയ്യിലുള്ള സഞ്ചി അവൻ എനിക്കുനേരെ ഉയർത്തിപിടിച്ചത്..

” എന്താടാ ഇതിനകത്ത്.? “കട്ടിലിന്റെ അടിയിൽ ഞാൻ ഒളിപ്പിച്ചു വെച്ചിരുന്ന സഞ്ചി എനിക്ക് നേരെ ഉയർത്തിപിടിച്ചു നിൽക്കുന്ന ശംഭുവിന്റെ തീക്ഷ്ണമായ നോട്ടത്തെ നേരിടാനാകാതെ ഞാനൊന്ന് പതറി..

“ഡാ.. അത്…, നീ മുറീലേക്ക് കേറ്, ഞാനെല്ലാം പറയാം..” ഞാനത് പറഞ്ഞുകൊണ്ട് ശംഭുവിനെ മയപ്പെടുത്താൻ ശ്രമിച്ചു..

“നീയൊരു പിണ്ണാക്കും പറയണ്ട..ചതുപ്പിനുള്ളിൽ രാവുണ്ണിയുടെ ഡമ്മി തലയോട്ടി എങ്ങിനെയാ വന്നത് എന്നെനിക്ക് മനസിലായി. ഒർജിനൽ സാനം നീ കട്ടിലിന്റെ അടീല് ഒളിപ്പിച്ചുവെച്ചിരിക്കുവാർന്നല്ലേ..?, ഇനീപ്പോ അയാൾടെ തലയില്ലാത്ത ഉടലും ഈ വീട്ടിൽ തന്നെ കാണുമല്ലോ..?” ശംഭു ഉറക്കെ വിളിച്ചുകൂവുമ്പോൾ ഞാൻ പരിഭ്രമത്തോടെ ചുറ്റിനും നോക്കി..

“ഡാ ശംഭു, പതുക്കെ പറയ്.. നീയൊന്ന് അടങ്ങു, ഞാനൊന്ന് പറയട്ടെ .. ” അവനെ ഞാൻ പിന്നേം സമാധാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.

“കൊള്ളാഡാ നന്നായിട്ടുണ്ട്, ആളെകൊല്ലി ചേട്ടന് പറ്റിയ അനിയൻ തന്നെ നീ.” പുച്ഛത്തോടെ ശംഭു അത് പറഞ്ഞപ്പോൾ പെട്ടെന്നെനിക്ക് ദേഷ്യം കയറി.

“എന്നെ നീ കുറ്റം പറഞ്ഞോ സാരല്യ, പക്ഷെ എന്റെ ചേട്ടനെ പറഞ്ഞാൽ അത് ഞാൻ സമ്മതിക്കില്ല,നീ വായടക്ക് ശംഭു..” അൽപ്പം പരുഷമായി തന്നെയാണ് ഞാനത് അവനെ നോക്കി പറഞ്ഞത്..

“ഒവ്വ, നീയും നിന്റെ ഓർമ്മയില്ലാത്ത പൊട്ടൻ ചേട്ടനും കൂടി എല്ലാവരുടെയും വായ അടപ്പിക്കലാണല്ലോ പണി.. ആദ്യം രാവുണ്ണിയുടെ വായടപ്പിച്ചു അയാളെ മച്ചിൻപുറത്ത് കേറ്റിയിട്ടു.. അടുത്ത ലക്ഷ്യം ഞാനാണേൽ വാടാ നായിന്റെ മക്കളെ നമുക്കൊരു കൈ നോക്കാം.. ”

ശംഭു അങ്ങിനെ വിളിച്ചു കൂവിയപ്പോൾ മദ്യമെന്ന ചെകുത്താനാണ് അവനെക്കൊണ്ടത് പറയിക്കുന്നത് എന്നോർക്കാതെ ഞാൻ ശംഭുവിന്റെ നെഞ്ചിൽ കൈചേർത്ത് ഒന്നാഞ്ഞു തള്ളി..അപ്രതീക്ഷിതമായുള്ള എന്റെ ആ നീക്കത്തിൽ നിലതെറ്റി ശംഭു പിന്നാക്കം വേച്ചു വേച്ചു മുറ്റത്തേക്ക് മലർന്നുവീണു.. ഒപ്പം അവന്റെ കയ്യിലെ സഞ്ചിയും താഴേക്ക് തെറിച്ചു വീണു.

പെട്ടെന്നാണ് ഒരു പോലീസ് ജീപ്പ് സൈറൺ ഇട്ടുകൊണ്ട് വീടിന്റെ മുറ്റത്തേക്ക് പാഞ്ഞുകേറി വന്നത്..അപ്രതീക്ഷിതമായ ആ കാഴ്ച്ചകണ്ട് ഞാനും നിലത്തുകിടക്കുന്ന ശംഭുവും എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കവേ ജീപ്പിൽനിന്നിറങ്ങിയ സർക്കിൾ ഇൻസ്‌പെക്ടർ താഴെകിടക്കുന്ന സഞ്ചിയിൽനിന്ന് തന്റെ കാൽചുവട്ടിലേക്ക് ഉരുണ്ടുവന്ന് കിടക്കുന്ന ആ വസ്തുവിലേക്ക് സൂക്ഷിച്ചു നോക്കുകയായിരുന്നു.

തുടരും.
Sai Bro.

LEAVE A REPLY

Please enter your comment!
Please enter your name here