Home Latest വിവാഹം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞപ്പോൾ അയല്പക്കത്തെ ചേച്ചിയാണ് ആദ്യമായി ആ സൂചന തന്നത്…

വിവാഹം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞപ്പോൾ അയല്പക്കത്തെ ചേച്ചിയാണ് ആദ്യമായി ആ സൂചന തന്നത്…

0

അവകാശി AVAKAASHI

രചന : Suja Anup

മുറ്റമടിക്കുവാൻ ചൂലുമായി പുറത്തേക്കിറങ്ങിയതും കണ്ടത് അവൻ്റെ മുഖമാണ്. ദേഷ്യം കാരണം ആ ചൂല് അവിടെ ഇട്ടു ഞാൻ അകത്തേയ്ക്കു കയറി.
അകത്തേയ്ക്കു കയറും മുൻപ് നീട്ടി ഒന്ന് കാർക്കിച്ചു തുപ്പുവാൻ ഞാൻ മറന്നില്ല.
ഈ വീട്ടിൽ കെട്ടി വന്ന കാലം മുതൽ തുടങ്ങിയ ദുരിതമാണ്. എത്ര കാണരുത് എന്ന് ശ്രമിച്ചാലും അവൻ എൻ്റെ മുന്നിൽ ചാടും. എനിക്ക് അവനെ ഇഷ്ടമല്ല എന്ന് അവനു നന്നായിട്ടറിയാം. അതുകൊണ്ടു തന്നെ എന്നെ കണ്ടാലും കാണാത്ത പോലെ അവൻ അവിടെ നിന്ന് മാറിക്കളയും.

അടുക്കളയിൽ എത്തിയിട്ടും എൻ്റെ ദേഷ്യം മാറിയില്ല. പിറുപിറുത്തുകൊണ്ട് ചായയ്ക്ക് വെള്ളം വയ്ക്കുമ്പോൾ അദ്ദേഹം ചോദിച്ചൂ
“എന്താ, നീ ഇന്നും അവനെ കണ്ടോ..”
“ഉം..”
ഞാൻ ഒന്ന് മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല.
വെറുതെ രാവിലെ തന്നെ എൻ്റെ വായിലിരിക്കുന്നതു കേൾക്കേണ്ട എന്ന് കരുതിയാകും, അദ്ദേഹം വേഗം അകത്തേയ്ക്കു കയറി പോയി.
………………………..

വളരെ ആഘോഷത്തോടെയായിരുന്നൂ ഞങ്ങളുടെ വിവാഹം നടന്നത്. ചെറുക്കനെ കണ്ടപ്പോൾ തന്നെ എനിക്ക് ബോധിച്ചൂ.
“നല്ല ജോലി, വിദ്യഭ്യാസം, കുടുംബ മഹിമ..”എല്ലാം ഉണ്ട്. സ്വഭാവദൂഷ്യങ്ങൾ ഒന്നും ഇല്ല. പിന്നെ ഒരു പെണ്ണിന് എന്താ വേണ്ടത് അല്ലെ…
വിവാഹത്തിന് എനിക്ക് സമ്മതം ആയിരുന്നൂ.
വിവാഹം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞപ്പോൾ അയല്പക്കത്തെ ചേച്ചിയാണ് ആദ്യമായി ആ സൂചന തന്നത്.

“നമ്മുടെ വടക്കേ വീട്ടിലെ രമണിയുടെ ഇളയ മകൻ നിൻ്റെ ഭർത്താവിൻ്റെ ആണെന്ന് ആണ് എല്ലാവരും പറയുന്നത്.ചെറുപ്പത്തിൽ ആയമ്മയുടെ സ്വഭാവം അത്ര നല്ലതായിരുന്നില്ല. മക്കൾ മൂന്നില്ലേ. ഭർത്താവു തളർന്നു കിടപ്പല്ലേ, നാട്ടിലെ ആണുങ്ങളെ മൊത്തം വളച്ചെടുത്താണ് അവർ വീട്ടുചെലവ് നടത്തുന്നത് എന്നാണ് പറഞ്ഞു കേൾക്കുന്നത്.”
അവർ പറഞ്ഞതിന് ഞാൻ വലിയ വില കൊടുത്തില്ലെങ്കിലും അത് മനസ്സിൽ അങ്ങനെ കിടന്നൂ. പതിയെ പതിയെ അവരെ കാണുന്നതും ആ മകനെ കാണുന്നതും എനിക്ക് ഇഷ്ടമല്ലാതെയായി.പലപ്പോഴും ഭർത്താവിനോട് ആ ദേഷ്യം ഞാൻ പലരൂപത്തിൽ തീർത്തു പോന്നൂ..

അവനെ (കണ്ണൻ) കാണുമ്പോഴൊക്കെ മനസ്സിൽ അറിയാതെ തോന്നി തുടങ്ങി
“എൻ്റെ ഭർത്താവിൻ്റെ ഛായ ഇല്ലേ അവനു.”
വർഷങ്ങൾ എത്ര കടന്നു പോയിട്ടും അവനോടുള്ള ദേഷ്യം കൂടിയതല്ലാതെ, അതൊട്ടും കുറഞ്ഞില്ല..
ഇപ്പോൾ അവനു ഒരു ഇരുപത്തഞ്ചു വയസ്സെങ്കിലും കാണും.
………………………..

“ശാന്തേ, ഒന്ന് വന്നേ..”
“ഈ മനുഷ്യന് ഇതു എന്തിൻ്റെ കേടാണ്. അടുക്കളയിൽ എനിക്ക് കൊണ്ടുപിടിച്ച പണി ഉണ്ട്. അതിൻ്റെ ഇടയിലാണ് ഈ വിളി. എന്തിനും ഞാൻ തന്നെ വേണമെന്ന് വച്ചാൽ എന്താ ചെയ്യുക..”
“ശാന്തേ..”
“ദാ വരുന്നൂ..”
ചെന്ന് നോക്കുമ്പോൾ അദ്ദേഹം കട്ടിലിൽ ഇരിക്കുന്നു. നന്നായി വിയർക്കുന്നുണ്ട്.
“എന്തേ, പറ്റിയത്…”
” എനിക്ക് തീരെ വയ്യ. ഒരു നെഞ്ച് വേദന പോലെ …”

“ഗ്യാസ് കയറിയതാണോ, കുറച്ചു വെള്ളം കുടിക്കൂ..”
ഞാൻ വെള്ളമെടുക്കുവാൻ നീങ്ങിയതും പെട്ടെന്ന് അദ്ദേഹം താഴെ വീണൂ. എന്ത് ചെയ്യണം എന്നറിയാതെ ഞാൻ പുറത്തേയ്ക്കു ഓടി.
നോക്കുമ്പോൾ കണ്ണൻ പുറത്തേക്കിറങ്ങുന്നൂ.
ആദ്യം ഒന്ന് മടിച്ചെങ്കിലും അവനോടു ഞാൻ കാര്യം പറഞ്ഞു.
അപ്പോൾ തന്നെ അവൻ ഒരു ഓട്ടോയും വിളിച്ചു പാഞ്ഞെത്തി.ഞങ്ങൾ അദ്ദേഹത്തെ ആശുപത്രിയിൽ ആക്കി.
ഹൃദയാഘാതം ആയിരുന്നൂ, സമയത്തു എത്തിച്ചത് കൊണ്ടു ജീവൻ രക്ഷിക്കുവാനായി.
ഓട്ടോയിലിരിക്കുമ്പോൾ ഞാൻ കണ്ടിരുന്നൂ, അവൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത്..
ആശുപത്രിയിൽ ഇടയ്ക്കിടെ വന്നു അവൻ കാര്യങ്ങൾഅന്വേഷിചൂ. ഇഷ്ട്മായില്ലെങ്കിലും അതെല്ലാം ഞാൻ സഹിച്ചൂ. മറുത്തൊന്നും ഞാൻ പറഞ്ഞില്ല.

ആശുപത്രിയിൽ വച്ച് അദ്ദേഹം എന്നോട് ആ രഹസ്യം വെളിപ്പെടുത്തി.
താൻ മരിച്ചു പോകുമെന്ന് അദ്ദേഹം ഭയന്നിരുന്നൂ..
“കോളേജിൽ പഠിക്കുന്ന സമയത്തു ഒരിക്കൽ എനിക്ക് പറ്റിയ തെറ്റാണു അവൻ. രമണി ചേച്ചി തെറ്റുകാരിയാണോ എന്നെനിക്കറിയില്ല. നീ കരുതുന്നത് പോലെ അവർ ഒരു വേശ്യ അല്ല. എനിക്ക് അവരെ ഇഷ്ടം ആയിരുന്നൂ. അവരുടെ അവസ്‌ഥയെ ഞാൻ ഞാൻ മുതലെടുക്കുകയായിരുന്നൂ. അത് എൻ്റെ തെറ്റ്..”
ആ വാക്കുകൾ എന്നെ തകർത്തു കളഞ്ഞു.
പക്ഷേ ഒന്നെനിക്കു മനസ്സിലായി…
തെറ്റ് ചെയ്തത് രമണി ചേച്ചിയും എൻ്റെ ഭർത്താവും ആണ്. പക്ഷേ അവൻ്റെ അച്ഛനെ സ്നേഹിക്കരുത് എന്ന് പറയുവാൻ എനിക്ക് അവകാശം ഇല്ല.
ഞാൻ അദ്ദേഹത്തോട് ഒന്നേ ചോദിച്ചുള്ളൂ.

“നിങ്ങൾ ആണ് അവൻ്റെ അച്ഛൻ എന്ന് അവനു അറിയാമോ?..”
അദ്ദേഹം മറുപടി നൽകി
“അറിയാം. പക്ഷേ ഒരിക്കൽ പോലും അവൻ ആ അവകാശം ചോദിച്ചു എൻ്റെ അടുത്ത് വന്നിട്ടില്ല. നിനക്ക് അവനെ കാണുമ്പോൾ തന്നെ മനസ്സിലാകുന്നില്ലേ അവൻ എൻ്റെ മകൻ ആണെന്നു. അവനെ തള്ളി പറയുവാൻ എനിക്ക് ആകില്ല. വിവാഹ ശേഷം ഒരിക്കലും ഞാൻ തെറ്റ് ചെയ്തിട്ടില്ല.”
ഞാൻ പിന്നെ ഒന്നും പറഞ്ഞില്ല..
അല്ലെങ്കിലും രോഗാവസ്ഥയിൽ കിടക്കുന്ന അദ്ദേഹത്തോട് തർക്കിക്കുവാൻ എനിക്കായില്ല. അദ്ദേഹം പറഞ്ഞത് ശരിയാണ് വിവാഹശേഷം ഒരിക്കലും അദ്ദേഹം തെറ്റ് ചെയ്തിട്ടില്ല.
മാപ്പു അർഹിക്കുന്ന തെറ്റല്ല അദ്ദേഹം ചെയ്തത് എങ്കിലും…

അന്ന് വൈകുന്നേരം അദ്ദേഹത്തിൻ്റെ വിശേഷം തിരക്കി അവൻ വന്നൂ. അവനെയും കൂട്ടി ഞാൻ ക്യാന്റീനിലേയ്ക്ക് നടന്നൂ. അവിടെ വച്ച് എന്ത് സംസാരിക്കണം എന്നറിയാതെ ഞാൻ കുഴങ്ങി.
എന്തോ എല്ലാം മനസ്സിലാക്കിയെന്നവണ്ണം അവൻ പറഞ്ഞു തുടങ്ങി.
“അമ്മ എന്ന് ഞാൻ വിളിച്ചോട്ടെ. അതിനുള്ള അവകാശം ഇല്ലെങ്കിലും.”
എന്ത് പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നൂ.

“അച്ഛൻ്റെ ഭാര്യയെ ചേച്ചി എന്ന് വിളിക്കുവാൻ വയ്യ. അതുകൊണ്ടു ചോദിച്ചൂ എന്നേ ഉള്ളൂ..”
ഞാൻ ഒന്നും മിണ്ടിയില്ല..
“എനിക്ക് ഈ ലോകത്തിൽ ആരുമില്ല. വീട്ടിലെ അച്ഛന്, എന്നെ കാണുമ്പോൾ ദേഷ്യമാണ്. തളർന്നു കിടക്കുമ്പോഴും അദ്ദേഹം എന്നെ പറയാത്ത തെറി ഇല്ല. ചേട്ടൻമ്മാർക്ക് ചെറുപ്പം മുതലേ എന്നെ ഇഷ്ടമല്ല. അവരുടെ അഭിമാനത്തിന് ഏറ്റ ക്ഷതമാണ് ഞാൻ. അമ്മ ആ വീട്ടിൽ വന്ന നാൾ മുതൽ തന്നെ കാണുന്നതല്ലേ, എന്നെ എല്ലാവരും എങ്ങനെയാണ് ഉപദ്രവിക്കുന്നത് എന്ന്. എല്ലാവർക്കും ഞാൻ ഒരു ഭാരമാണ്. കുട്ടിക്കാലം മുതലേ ഉള്ള എൻ്റെ അവസ്ഥ കണ്ടിട്ടില്ലേ . ഞാൻ എന്ത് തെറ്റാണു ചെയ്തത്. എൻ്റെ അമ്മയ്ക്ക് ഉദരത്തിലെ വച്ചേ എന്നെ നശിപ്പിച്ചു കൂടായിരുന്നോ. എന്നെ പോലെ ഉള്ള ജന്മങ്ങൾ ഭൂമിക്കു ഭാരമാണ്.”

അവൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
അന്ന് വരെ ഞാൻ അങ്ങനെ ഒന്ന് ചിന്തിച്ചിട്ടില്ലായിരുന്നൂ. എല്ലാവരും അവരവരുടെ അവസ്ഥയെ പറ്റി ചിന്തിക്കുന്നൂ. കുഞ്ഞിലേ മുതലേ ഈ കുഞ്ഞു എത്ര വിഷമിച്ചു കാണും.
“പലപ്പോഴും മരിക്കണം എന്ന് തോന്നിയിട്ടുണ്ട്. പക്ഷേ മരിക്കുവാൻ എനിക്ക് ഭയമാണ്. എനിക്ക് ഈ ലോകത്തിൽ ജീവിക്കുവാൻ അവകാശമില്ലേ. അമ്മ വിഷമിക്കേണ്ട ഒരിക്കലും നിങ്ങളുടെ ജീവിതത്തിലേയ്ക്ക് ഞാൻ കടന്നു വന്നു ബുദ്ധിമുട്ടിക്കില്ല.”
അന്ന് ആദ്യമായി അവനെ ഞാൻ മോനെ എന്ന് വിളിച്ചൂ..

“നിനക്ക് ഈ ഭൂമിയിൽ ജീവിക്കുവാൻ അവകാശം ഉണ്ട്. പക്ഷേ എൻ്റെ രണ്ടു കുട്ടികൾക്ക്, ഈ സമൂഹത്തിനു നിന്നെ അംഗീകരിക്കുവാൻ പ്രയാസം ആയിരിക്കും…”
“അത് സാരമില്ല അമ്മേ, പടപൊരുതുവാനുള്ള ഒരു മനസ്സ് എനിക്കുണ്ട്. പക്ഷേ മനസ്സിലാക്കുവാൻ ആരെങ്കിലും വേണം എന്നേ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ.”
“ഇനി ഒരിക്കലും നിനക്ക് ആരുമില്ല എന്ന് കരുതേണ്ട. നിനക്ക് ഞാനും അദ്ദേഹവും എന്നും ഉണ്ടാകും. എൻ്റെ മക്കളെ ഞാൻ പറഞ്ഞു മനസ്സിലാക്കികൊള്ളാം..”
അവൻ എൻ്റെ കൈ പിടിച്ചു ഒത്തിരി കരഞ്ഞു.
………………………

മുറ്റത്തേയ്ക്ക് ചൂലുമെടുത്തു ഇറങ്ങുമ്പോൾ ഞാൻ കണ്ടു. അവൻ പുറത്തേയ്ക്കിറങ്ങുന്നൂ.
പക്ഷേ ഞാൻ കാർക്കിച്ചു തുപ്പിയില്ല. ഒരു പുഞ്ചിരി അവനു സമ്മാനിച്ചതിനു ശേഷം ഞാൻ മുറ്റമടിക്കുവാൻ തുടങ്ങി. ഇപ്പോൾ എനിക്ക് അവനോടു ദേഷ്യമില്ല. സഹതാപം മാത്രമേ ഉള്ളു.
ഒരു പക്ഷേ, എൻ്റെ ഉദരത്തിൽ പിറക്കേണ്ടവൻ..
പെട്ടെന്ന് അദ്ദേഹം ചോദിച്ചൂ..
“ശാന്തേ ഓണത്തിന് കോടി എടുക്കേണ്ടേ, ഇന്ന് പോയാലോ..”

“വേണം, ഒരു ഷർട്ടും മുണ്ടും കൂടുതൽ വേണം..”
എന്തിനെന്നറിയാതെ അദ്ദേഹം എന്നെ നോക്കി.
എൻ്റെ പുഞ്ചിരിയിൽ എല്ലാം ഉണ്ടായിരുന്നൂ…
……………….സുജ അനൂപ്

LEAVE A REPLY

Please enter your comment!
Please enter your name here