Home Latest എനിക്കും പഴയ ആ ഓർമകളിലേക്ക് ഒന്നു പോണം എന്നുണ്ടായിരുന്നു..

എനിക്കും പഴയ ആ ഓർമകളിലേക്ക് ഒന്നു പോണം എന്നുണ്ടായിരുന്നു..

0

ലോൺ അടക്കാനായി ബാങ്കിന്റെ പാസ്സ് ബുക്ക്‌ തിരയുമ്പോഴാണ് ഷെൽഫിൽ നിന്നു ഒരു ഡയറി താഴെ വീണത്.. തുറന്നു വീണ ഡയറി എടുക്കാനായി കുനിഞ്ഞപ്പോൾ. അക്ഷരങ്ങളിലൊന്ന് കണ്ണുടക്കി.
ഇന്നു പിറന്നാളായിരുന്നു.. ആരും ഓർത്തില്ല.. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിനിടയിൽ മറന്നിട്ടുണ്ടാവും. കല്യാണം കഴിഞ്ഞുള്ള കുറച്ചു വർഷങ്ങളിൽ ഉള്ള പിറന്നാളുകൾ ഇപ്പോഴും മായാതെ മനസ്സിൽ ഉണ്ട്‌.
അടുത്ത പേജ് മറിച്ചപ്പോൾ പിന്നെയും കണ്ടു.. കലോത്സവത്തിന് പോണമെന്നുണ്ടായിരുന്നു.. കുട്ടികൾ ചിലങ്കകെട്ടി ചുവടു വെക്കുമ്പോൾ എനിക്കും പഴയ ആ ഓർമകളിലേക്ക് ഒന്നു പോണം എന്നുണ്ടായിരുന്നു.. കൂട്ടികൊണ്ടു പോകാൻ… ….
“തിരക്കായിരിക്കും.. ”
പിന്നെയും പിന്നെയും വായിക്കുമ്പോൾ മനസു ഒന്നു കുറ്റബോധത്താൽ നീറി.
ചിറ്റയുടെ മകളുടെ നിശ്ചയത്തിന് ഒറ്റക്കാണ് പോയത്.. എല്ലാരും ചോദിച്ചു ഏട്ടൻ വന്നില്ലേ എന്നു.. അപ്പോഴും പറഞ്ഞു തിരക്കാണ് എന്നു… ഒരു ജില്ലാ കലക്‌ടർ അല്ലേ… ഇതിനും മാത്രം തിരക്കുണ്ടാവാൻ. ഹും.. അല്ലെങ്കിലും സങ്കല്പങ്ങളിലെ കാഴ്ചപ്പാടൊക്കെ . കാറ്റിൽ പാറത്തേണ്ടി വരും യഥാർത്ഥത്തിലെ ജീവിതത്തോടു പൊരുത്തപെടുമ്പോൾ.
താലി കെട്ടിയ പെണ്ണിന്റെ മനസാണ് ഈ അക്ഷരങ്ങൾ.. വാക്കുകൾ മനസിൽ ഇരുന്നു.. പൊള്ളുന്ന പോലെ തോന്നി.. ഓഫിസിലേക്ക് ഡ്രൈവ് ചെയ്യുമ്പോൾ.. മനസുമുഴുവൻ.. കുറ്റബോധമായിരുന്നു.. ടാർഗെറ്റും.. മുകളിൽ നിന്നുള്ള പ്രഷറും എല്ലാം കൂടി തലക്കുമുകളിൽ നിന്നപ്പോൾ.. പലതും മറന്നു..
ആകെ കിട്ടുന്ന ഞായറാഴ്ചകൾ മിക്കവാറും ഉറങ്ങിതീർത്തു കടന്നു പോകും.. അവളുടെ ഇഷ്ടങ്ങൾ അറിഞ്ഞില്ല.. അറിഞ്ഞില്ല എന്നതിലുപരി.. പലതും വേണ്ടാന്ന് വെച്ചു. പാവം. അടുക്കളയുടെ ഉള്ളിൽ മാത്രം ഒതുങ്ങി പോയി.. പരാതിയും പരിഭവവും പറയാതെ.


ലീവ് ഫോം.. ടൈപ്പ് ചെയ്യുമ്പോൾ.. മനസ്സിൽ നഷ്ടപെട്ടത് തിരിച്ചെടുക്കണം എന്ന ചിന്തയായിരുന്നു.. മംഗോ ബേക്കറിയിൽ നിന്നു ഹാപ്പി ബർത്ത് ഡേ അഞ്ജലി എന്നെഴുതി ഒരു കേക്കും വാങ്ങി.. കല്യാൺ സിൽക്കിൽ നിന്നു ഒരു സാരിയും വാങ്ങി.. വീട്ടിലേക്കു കയറുമ്പോൾ മനസിന്‌ എന്തോ ഒരു സന്തോഷം..
അച്ചു…. ഇദെന്തപ്പാ നേരത്തെ എന്ന ഭാവത്തിൽ നോക്കി നിക്കുന്ന അവളെ.. ചേർത്തു പിടിച്ചു ഞാൻ പറഞ്ഞു.. രണ്ടുമൂന്നു ആഴ്ച വൈകിപ്പോയി… എന്നാലും.. ഹാപ്പി ബർത്ത് ഡേ…. ഡിയർ അച്ചു….

അടുത്ത വർഷത്തെയും കൂട്ടി ഒരുമിച്ചു പറഞ്ഞാൽ മതിയായിരുന്നില്ലേ എന്നും പറഞ്ഞു മുഖം വീർപ്പിച്ചെങ്കിലും.. ആ കണ്ണുകളിൽ ഞാൻ കണ്ടു… മനസിന്റെ സന്തോഷത്തിന്റെ തിളക്കം.
ദേ പെണ്ണെ.. മുഖം വീർപ്പിച്ചു നിക്കാതെ.. ഈ സാരിയൊന്നു നോക്കിക്കേ.. നാളെ ഗുരുവായൂർ പോവുമ്പോൾ ഉടുക്കാൻ പറ്റുമോന്നു… ഇല്ലെങ്കിൽ കടയടച്ചിട്ടുണ്ടാവില്ല നമുക്ക് പോയി മാറ്റിവാങ്ങാം… പോയി വരുമ്പോൾ നിന്റെ ചിറ്റേടെ വീട്ടിലും ഒന്നു പോവാം.. നിശ്ചയത്തിന് പോവാൻ പറ്റിയില്ലല്ലോ ഒന്നു പോവാം.. അല്ലേൽ അവരു വിചാരിക്കും ഞാൻ ജില്ലാ കലക്‌ടർ ആണെന്ന്. ഇതും കൂടി കേട്ടപ്പോൾ പെണ്ണിന്… കത്തി.
അവളുടെ അടുത്തിരുന്ന സ്റ്റീൽ പാത്രം എന്റെ നേരെ പാഞ്ഞു വരുന്നത് എന്റെ മുഖം വെച്ചുതന്നെ തടഞ്ഞു… കള്ള ചിരിയോടെ.. ഞാൻ പറഞ്ഞു മനപൂർവ്വമല്ല പെണ്ണെ… അറിയാതെ വായിച്ചതാണ്. പിന്നേ.. എഴുത്തു നിർത്തണ്ട.. പിന്നേ കലോത്സവം അടുത്തതവണ എവിടെ ആയാലും നമ്മുക്കു പോവാം താൻ പഴയ കാലത്തേക്കു പോവുമ്പോൾ ചുമ്മാ ഒരു കൂട്ടിനു .
അപ്പോ.. ഇനി ആരും ഡയറി തപ്പി.. ഏറു വാങ്ങിക്കാൻ നിക്കണ്ട… തിരക്കുകളിൽ ഇത്തിരി സമയമെങ്കിലും.. നമ്മുടെ പ്രിയപ്പെട്ടവർക്കായി മാറ്റിവെക്കുക…
കാരണം ഇന്നലെകൾ.. ഒരിക്കലും തിരിച്ചു കിട്ടില്ല. കുഞ്ഞു കുഞ്ഞു കാര്യങ്ങളാകാം.. വലിയ വലിയ സന്തോഷങ്ങൾ സമ്മാനിക്കുന്നത്…
സ്നേഹപൂർവ്വം

രചന: ശ്രീജിത്ത്‌ ആനന്ദ്. ത്രിശ്ശിവപേരൂർ

LEAVE A REPLY

Please enter your comment!
Please enter your name here