Home Latest അമ്മയുടെ മരണത്തിന്റെ ചൂട് മാറും മുന്നേ അച്ഛൻ രണ്ടാമതും കെട്ടിയപ്പോൾ മനസ്സിൽ വെറുപ്പായിരുന്നു.

അമ്മയുടെ മരണത്തിന്റെ ചൂട് മാറും മുന്നേ അച്ഛൻ രണ്ടാമതും കെട്ടിയപ്പോൾ മനസ്സിൽ വെറുപ്പായിരുന്നു.

0

രചന : മഹാദേവൻ

അമ്മയുടെ മരണത്തിന്റെ ചൂട് മാറും മുന്നേ അച്ഛൻ രണ്ടാമതും കെട്ടിയപ്പോൾ മനസ്സിൽ വെറുപ്പായിരുന്നു.

” നിന്റെ അച്ഛന്റെ പഴയ ഇഷ്ട്ടകാരിയാ അവൾ. നിന്റെ അമ്മ ഒന്ന് ഒഴിഞ്ഞുകിട്ടാൻ കാത്തിരുന്ന പോലെ ആണല്ലോ കെട്ടിക്കേറി കൊണ്ടുവന്നത് ” എന്ന് പറയുന്ന അമ്മായിക്ക് മുന്നിൽ തല കുനിച്ചു നിൽക്കുമ്പോൾ അമ്മക്ക് പകരം കേറിവന്നവളെ പകയോടെ ആയിരുന്നു ജിത്തു കണ്ടത്.

” മോനെ, ഇനി മുതൽ ഇതാണ് നിന്റെ അമ്മ ” എന്നും പറഞ്ഞു ചേർത്തുപിടിച്ച അച്ഛന്റെ കൈ തട്ടിമാറ്റി പകപ്പോടെ നോക്കുമ്പോൾ ജിത്തു അമ്മായി കാതിൽ ഓതിത്തന്ന വാക്കുകൾ മനസ്സിലുരുവിട്ടുകൊണ്ട് ദേഷ്യത്തോടെ പറയുന്നുണ്ടായിരുന്നു
” എന്റെ അമ്മ മരിച്ചുപോയി.. ആ സ്ഥാനത് ഇനി ഒരാള് വേണ്ട നിക്ക്.. ന്റെ അമ്മ ഉറങ്ങാൻ കാത്തിരുന്ന പോലല്ലേ അച്ഛൻ രണ്ടാനമ്മയെ കൊണ്ടന്നെ.. പാവം ന്റെ അമ്മ. ” എന്ന്.

അത്‌ കേട്ട് ഉള്ളൊന്ന് പിടഞ്ഞു അയാളുടെ. ഭാര്യ മരിക്കുമ്പോൾ മനസ്സിൽ പോലും കരുതിയതല്ല ഇങ്ങനെ ഒന്ന്. പക്ഷേ, പണ്ട് മുതൽ തനിക്കെന്ന് പറഞ്ഞ് മാറ്റിവെച്ചവളെ തട്ടിമാറ്റി വേറെ ഒരു വിവാഹം കഴിക്കുമ്പോൾ ഇനി ഒരു വിവാഹം ഇല്ലെന്ന് വാശിപിടിച്ചു ജീവിതം ഒരു മുറിക്കുള്ളിലേക്ക് ഒതുക്കിവെച്ചവൾ ആയിരുന്നു ലേഖ.
എല്ലാം അറിയുന്നവളായിരുന്നു സുഭദ്ര. പക്ഷേ, ഇങ്ങനെ ഒരു മരണം അവളെ തന്നിൽ നിന്നും അകറ്റുമ്പോൾ അവൾ ചോദിച്ച വാക്കായിരുന്നു ഇപ്പോൾ പാലിച്ചത്.

” ഞാൻ പോയാൽ ദേവേട്ടൻ ലേഖയെ ജീവിതത്തിലേക്ക് കൂട്ടണം. ദേവേട്ടന് വേണ്ടി മാത്രം ജീവിക്കുന്ന ഒരു പെണ്ണാണ് അവളും.
ഒരു പ്രണയം കൊണ്ട് സ്വയം തകർക്കുന്ന ആ ജീവിതത്തെ ദേവേട്ടൻ കൈ വിടരുത്.
ഞാൻ പോയാലും ന്റെ ജിത്തുട്ടന് ഒരു അമ്മ വേണം. അമ്മയുടെ വാത്സല്യം അവനു കിട്ടണം.
ദേവേട്ടന്റ മോനെ സ്വന്തം മോനെ പോലെ സ്നേഹിക്കാൻ ലേഖക്ക് കഴിയും.
അതുകൊണ്ട് ദേവേട്ടൻ നിക്ക് വാക്ക് തരണം, ഞാൻ പോയാൽ ന്റെ സ്ഥാനം ഒരിക്കലൂം ശൂന്യമാവരുത്. അവിടെ ഇരിക്കാൻ യോഗ്യത ഉളളവൾ ശരിക്കും ലേഖയാണ് ”

അവസാനമായി അവൾ പറഞ്ഞ വാക്കുകൾ ആയിരുന്നു.
പക്ഷേ, ഇപ്പോൾ…..
മകന്റെ വാക്കുകൾക്ക് മുന്നിൽ ഒന്നും പറയാൻ കഴിയാതെ പിന്തിരിയുമ്പോൾ പിറകിൽ ലേഖയുണ്ടായിരുന്നു.

ആ മുഖം കണ്ടപാടെ മുഖം വെട്ടിച്ചുകൊണ്ട് വെറുപ്പോടെ പുറത്തേക്ക് പോകുന്ന ഏഴ് വയസ്സുകാരനെ വിഷമത്തോടെ ഒന്ന് നോക്കി ദേവൻ.

” സാരമില്ല ദേവേട്ടാ.. അവൻ കുട്ടിയല്ലേ. സ്വന്തം അമ്മയുടെ വേർപ്പാട് അത്രക്ക് വേദനിപ്പിക്കുമ്പോൾ അതേ സ്ഥാനത് വേറെ ഒരാള് നിൽക്കുന്നത് അത്ര പെട്ടന്ന് ഒന്നും അംഗീകരിക്കാൻ കുഞ്ഞ്മനസ്സിന് കഴിയില്ല.
അവൻ ഈ വിഷമഘട്ടത്തിൽ നിന്നും മോചിതനാകുമ്പോൾ എല്ലാം മനസ്സിലാക്കും.
അന്ന് അവന് അംഗീകരിക്കാൻ കഴിഞ്ഞാലോ ”

അവളുടെ പ്രതീക്ഷയുള്ള വാക്കുകൾ കേൾക്കുമ്പോഴും എന്തോ അവന്റെ പെരുമാറ്റത്തിൽ നിറഞ്ഞ് നിൽക്കുന്ന ദേഷ്യം വല്ലാതെ മനസ്സിനെ കൊളുത്തിവലിക്കുന്നുണ്ടായിരുന്നു.

ഓരോ ദിവസങ്ങൾ കൊഴിഞ്ഞുവീഴുമ്പോഴും അവളോടുള്ള വെറുപ്പ് അവനിൽ കൂടുകയായിരുന്നു.

” മോനെ, ചോറ് കഴിക്ക് ” എന്ന് സ്നേഹത്തോടെ പറയുന്ന ലേഖയെ ഒന്ന് തിരിഞ്ഞു നോക്കുകപോലും ചെയ്യാതെ അവൻ മുറിയിലേക്ക് കയറി വാതിൽ അടക്കുമ്പോൾ
പലപ്പോഴും അവൾക്ക് തോന്നിയിട്ടുണ്ട് താൻ ഇവിടെ ശരിക്കും അതികപറ്റ് ആകുകയാണോ എന്ന്.
പക്ഷേ, അപ്പോഴും മനസ്സിൽ പ്രതീക്ഷയുടെ ഒരു തിരിവെട്ടം തെളിഞ്ഞു നിൽപ്പുണ്ടായിരുന്നു.

” കണ്ടില്ലേ ആ ചെക്കന്റെ കോലം. രണ്ടാനമ്മ കേറി വന്നതിന്റെ കൊണം ആണ്. അവളുടെ ഭരണം തുടങ്ങിയതിൽ പിന്നെ ആ ചെക്കന് ഒന്നും തിന്നാൻ കൊടുക്കന്നത് പോലും ഇല്ലെന്ന് തോനുന്നു. അല്ലേലും അമ്മയോർമ്മ വരില്ലല്ലോ രണ്ടാമത് വലിഞ്ഞുകേറി വന്നവൾ. ഒരു മൂശേട്ടകൾ കേറിവന്നാൽ ഇങ്ങനാ ”

അവൾ കേൾക്കാൻ പാകത്തിന് അടുത്ത വീട്ടിൽ നിന്ന് അമ്മായി ആരോടോ ഉറക്കെ പറയുന്നത് കേട്ടപ്പോൾ ലേഖയുടെ നെഞ്ച് പിടക്കുന്നുണ്ടായിരുന്നു.
ജിത്തു കഴിക്കാത്തത് ഇപ്പോൾ പട്ടിണിക്കിടുവാണെന്നു വരെ പറഞ്ഞ് തുടങ്ങിയിരിക്കുന്നു.
തന്റെ കണ്ടാൽ മുഖം വെട്ടിച്ചു പോകുന്ന കുട്ടിയെ എങ്ങനെ സ്നേഹത്തോടെ ഊട്ടാനാ.. അടുത്തിരുന്നു വാരി ഊട്ടണം എന്നുണ്ട്. അവന്റെ കൂടെ ചേർന്നു കിടന്ന് ഉറക്കണം എന്നുണ്ട്. അവനെ സ്നേഹത്തോടെ ചേർത്തുപിടിക്കണം, ആ കവിളിൽ അമ്മയോളം പോന്നൊരു ഉമ്മ നൽകണം എന്നൊക്കെ ഉണ്ട്. പക്ഷേ, തന്നെ കാണുന്നത് ചതുർഥി കാണുന്ന പോലെ ഉള്ള അവന്റെ പെരുമാറ്റം വല്ലതെ വിഷമിപ്പിക്കുന്നു.

ഇനി അവൻ ദേഷ്യം കാണിച്ചാലും സാരമില്ല. പക്ഷേ, തന്നോടുള്ള വാശി കൊണ്ടെങ്കിലും ഒന്ന് ഉഷാർ ആയാൽ മതിയായിരുന്നു എന്നായിരുന്നു അവളുടെ ചിന്ത.
അവൻ ജയിച്ചാലും കുറ്റം കണ്ടെത്താൻ മാത്രം നാലുപാടും കണ്ണും കാതും കൂർപ്പിച്ചു നിൽക്കുന്നവർക്ക് മുന്നിൽ തോറ്റുകൊടുക്കാതിരിക്കാൻ അവൾ ഒരു തീരുമാനവും എടുത്തിരുന്നു.

അന്ന് ദേവൻ പോയതിനു ശേഷം അവൾ തുണിയുമായി അലക്കാൻ പുറത്തേക്കിറങ്ങുമ്പോൾ ടീവിക്ക് മുന്നിലിരിക്കുന്ന ജിത്തുവിനെ നോക്കി ഉറക്കെ പറയുന്നുണ്ടായിരുന്നു
” എന്നും വിളിക്കാനും ഊട്ടാനും നിന്റെ തള്ളയൊന്നും ഇല്ല ഇവിടെ. ആദ്യമൊക്കെ തള്ള ഇല്ലാത്ത കുട്ടിയല്ലേ എന്ന് കരുതി ഇച്ചിരി സ്നേഹം കാണിച്ചപ്പോൾ…. ഇനി വിശക്കുമ്പോൾ പോലും ഞാൻ അറിയാതെ ഇവിടെ വല്ലതും തൊട്ടാൽ…
കഴിക്കാൻ പോകുമ്പോൾ എന്നോട് പറയാതെ ഒന്നും എടുക്കരുത് കേട്ടല്ലോ.. ഇനി ഇവിടെ കാര്യങ്ങൾ തീരുമാനിക്കാൻ ഞാൻ ഉണ്ട്. ” എന്ന്.

അതും പറഞ്ഞവൾ പുറത്തേക്ക് നടക്കുമ്പോൾ ഇടക്ക് സുഭദ്രയെ കൂടെ ഉൾപ്പെടുത്തേണ്ടി വന്നതിൽ മനസ്സ് കൊണ്ട് ക്ഷമ ചോദിക്കുന്നുണ്ടായിരുന്നു.

അതേ സമയം ലേഖയുടെ വാക്കിൽ നിറഞ്ഞ് നിൽക്കുന്ന അധികാരധ്വനി അവനെ വല്ലാതെ വാശിപിടിപ്പിച്ചിരുന്നു.
“എന്റെ അച്ഛൻ സമ്പാദിക്കുന്നത് എന്നോട് എടുക്കേണ്ടെന്ന് പറയാൻ ഇവളാരാ ” എന്ന ചിന്തയോടെ അവൻ വാശി തീർക്കാൻ അടുക്കളയിൽ കയറി സ്വയം ചോറും മറ്റും എടുത്ത് കഴിക്കുമ്പോൾ എല്ലാം അറിഞ്ഞുകൊണ്ട് നിൽക്കുന്ന ലേഖയിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.
വാശിക്ക് ആണെങ്കിലും ഭക്ഷണം കഴിച്ചലോ എന്നൊരു സംതൃപ്തി അവളിലുണ്ടായിരുന്നു.

വൈകിട്ട് കുളത്തിലേക്ക് പോകുമ്പോൾ അവൾ ഓർമ്മിപ്പിക്കുംപോലെ അവനെ ദേഷ്യത്തോടെ നോക്കി പറയുന്നുണ്ടായിരുന്നു,
” ഞാൻ വരുന്നത് വരെ ഇതുപോലെ ഇവിടെ ഇരുന്നോണം. അല്ലാതെ കണ്ട തെണ്ടി പിള്ളേരുടെ കൂടെ കളിക്കാനെന്നും പറഞ്ഞ് പോയാൽ…… ”

അതും പറഞ്ഞവൾ പുറത്തേക്ക് പോകുമ്പോൾ അവൻ നിമിഷം പുറത്തേക്കിറങ്ങി കൂട്ടുകാർക്കൊപ്പം കളിക്കാൻ.

വീട്ടിൽ ചടഞ്ഞുകൂടി ഇരുന്നവൻ സന്തോഷത്തോടെ കൂട്ടുകാർക്കൊപ്പം കളിക്കുന്നത് കണ്ടപ്പോൾ അവളുടെ ഉള്ള് നിറഞ്ഞിരുന്നു.

അന്ന് രാത്രി അവൾ അവനെ ഒന്ന് കളിയാക്കുംപോലെ പറയുന്നുണ്ടായിരുന്നു
” തള്ള ഉള്ളപ്പോൾ അച്ഛന്റെ ചൂട് പറ്റി കിടന്ന ചെക്കനാ.. ഇനിപ്പോ അതിനും പറ്റില്ലല്ലോ..
ഇനിപ്പോ എനിക്ക് കൂടി ഒരു കുഞ്ഞാവ ഉണ്ടായാൽ നിന്റെ കാര്യം പോക്കാ ” എന്ന്.

അത്‌ കേട്ടപ്പോൾ അവന്റെ മനസ്സൊന്നു പതറിയിരുന്നു. ഇനി ഒരു കുഞ്ഞാവ കൂടി വന്നാൽ താൻ ഈ പഠിക്ക് പിറത്താകുമെന്ന ചിന്ത അവനെ അസ്വസ്ഥമാക്കിയപ്പോൾ ഇതേ വാക്കുകൾ മുന്നേ അമ്മായി പറഞ്ഞത് അവനു ഓർമ്മ ഉണ്ടായിരുന്നു.
” നിന്റെ അച്ഛൻ രണ്ടാമതും കെട്ടി അതിൽ ഒരു കുട്ടി ഉണ്ടായാൽ .നിന്റെ കാര്യം കട്ടപ്പൊക ” എന്ന്.

അത്‌ കൂടി മനസ്സിലേക്ക് തികട്ടി വന്നപ്പോൾ അവനിലെ അസ്വസ്ഥത വർധിച്ചു.

അന്ന് വൈകീട്ട് കേറി വരുന്ന അച്ഛനെ അവൻ വരവേറ്റത് പുഞ്ചിരിയോടെ ആയിരുന്നു.
അന്ന് വരെ ശത്രുവിനെ പോലെ കണ്ടവൻ പെട്ടന്ന് ചിരിക്കുന്നത് കണ്ടപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞു.
അവനെ അരികിലേക്ക് ചേർത്തിരുത്തികൊണ്ട് കവിളിൽ ഉമ്മ വെക്കുമ്പോൾ അവൻ അച്ഛന്റെ കണ്ണുകളിലേക്ക് നോക്കികൊണ്ട് ചോദിക്കുന്നുണ്ടായിരുന്നു
” ന്റെ അമ്മ ഉള്ളപ്പോൾ ഞാൻ കിടന്നിരുന്ന പോലെ ഇനി മുതൽ ഞാൻ കിടന്നോടെ അച്ഛന്റെ കൂടെ ” എന്ന്.

അത്‌ അയാൾക്ക് വല്ലാത്തൊരു ആശ്ചര്യമായിരുന്നു.
ഇനി ഒരിക്കൽ പോലും അവനിൽ നിന്ന് അങ്ങനെ ഒരു ആഗ്രഹം പറച്ചിൽ അയാൾ പ്രതീക്ഷിച്ചില്ലായിരുന്നു.
അതുകൊണ്ട് കൊണ്ട് മറുത്തൊന്ന് ആലോചിക്കുകപോലും ചെയ്യാതെ അയാൾ സമ്മതം മൂളുമ്പോൾ എല്ലാം കണ്ട് സന്തോഷത്തോടെ അവൾ അപ്പുറത് നിൽപ്പുണ്ടായിരുന്നു.

രാത്രി കിടക്കാൻ നേരം അവൻ ചമ്മലോടെ ആ മുറിയിലേക്ക് വരുമ്പോൾ അവനെ കാത്തിരിക്കുകയായിരുന്നു ദേവനും ലേഖയും. അവനെ അടുത്തേക്കിരുത്തുമ്പോൾ അവൻ അവർക്കിടയിലേക്ക് കിടന്ന് കൊണ്ട് പറയുന്നുണ്ടായിരുന്നു ” ഞാൻ ഇവിടെ കിടന്നോളാം ” എന്ന്.

അപ്പോഴെല്ലാം അവന്റെ മനസ്സിൽ ഇനി ഒരു കുഞ്ഞാവ ഉണ്ടാകരുത് എന്ന വാശി മാത്രമായിരുന്നു.

ഇപ്പഴോ ഉറങ്ങിപ്പോയ അവന്റെ മുടിയിലൂടെ തലോടി കവിളിൽ ഉമ്മ വെക്കുമ്പോൾ അവൾ ഒരു അമ്മയാകുകയായിരുന്നു.
മനസ്സ് കൊണ്ട് ആഗ്രഹിച്ചതെല്ലാം ഇങ്ങനെ എങ്കിലും സാധിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം മുഴുവൻ അവളുടെ മുഖത്തുണ്ടായിരുന്നു.

” ഇതൊക്കെ ഇങ്ങനെ സാധിച്ചു ലേഖേ ” എന്ന് ആശ്ചര്യത്തോടെ ചോദിക്കുന്ന ദേവനോട് നടന്നതെല്ലാം അവൾ വിവരിക്കുമ്പോൾ അവന് വല്ലാത്തൊരു വിഷമം തോന്നി.
” എന്നാലും അവനെ മാറ്റാൻ നീ…… ഇത്രയൊക്കെ വേണമായിരുന്നോ… നമുക്കും വേണ്ടേ ഒരു കുഞ്ഞ് ” എന്ന് ചോദിക്കുന്ന ദേവനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവൾ പറയുന്നുണ്ടായിരുന്നു

” നമ്മുടെ കുഞ്ഞല്ലേ ഏട്ടാ ഇവനും. പെറ്റമ്മയോളം ആവില്ലെലും…..
പിന്നെ നമുക്കൊരു കുഞ്ഞെന്ന മോഹം ഇല്ലാഞ്ഞിട്ടല്ല. പക്ഷേ, നാളെ സ്നേഹത്തിന്റ കണക്കെടുപ്പിൽ ഇവന് ഒരു ബാധ്യത ആകരുത് ആ കുഞ്ഞ്. അതുകൊണ്ട് ആദ്യം ഇവൻ എന്നെ അംഗീകരിക്കട്ടെ. അതിന് ശേഷം മതി ഇനി ഒരു കുഞ്ഞ്.
ഇനി അതില്ലേലും എനിക്ക് സ്നേഹിക്കാൻ ഇവനുണ്ടല്ലോ ദേവേട്ടാ ” എന്ന്.

അവളുടെ ആ വാക്കുകൾ അവന്റെ മനസ്സിനെ കുളിരണിയിക്കുമ്പോൾ ഉറക്കത്തിൽ ഇപ്പഴോ ആ കുഞ്ഞികൈകൾ അവളെ പൂണ്ടടക്കം കെട്ടിപിടിച്ച് അമ്മേ എന്ന് വിളിക്കുന്നുണ്ടായിരുന്നു.

അവന്റെ ആ വിളിയിൽ അവളും അവനെ ചേർത്തുപിടിക്കുമ്പോൾ രാത്രി പുലരും വരെ എങ്കിലും അവന്റെ അമ്മ ആക്കുന്നതിനുള്ള ചാരിതാർഥ്യത്തിൽ അവന്റെ നെറുകയിൽ ചുണ്ടുകൾ ചേർത്തിരുന്നു.

ഒരു അമ്മയോളം പോന്ന സ്നേഹംചുംബനം !

✍️ ദേവൻ

LEAVE A REPLY

Please enter your comment!
Please enter your name here