Part – 10 വായിക്കാൻ ഇവിടെ Click ചെയ്യുക.
രചന – ലക്ഷിത
കാളിന്ദി Part – 11
വൈറ്റ്ഫീൽഡിലെ 2 ബെഡ്റൂം ഫ്ലാറ്റായിരുന്നു അത്. കിട്ടു വളരെ സന്തോഷത്തോടെ വലതുകാൽ വെച്ച് കയറി. പരസ്പരം സഹായിച്ചും സ്നേഹിച്ചും ജിത്തുവിനോപ്പം കഴിയാൻ പോകുന്ന നല്ല നാളുകൾ ഓർത്തു അവൾ ആവേശം കൊണ്ടു. രണ്ടാഴ്ച്ചയോളം ജിത്തുവിന്റെ അമ്മയു അച്ഛനും അവരോടൊപ്പം ഉണ്ടായിരുന്നു അത് കിട്ടുവിനു വലിയ സഹായം ആയിരുന്നു. രണ്ടാഴ്ച കൊണ്ട് അവൾ ജിത്തുവിന്റെ ഇഷ്ട വിഭവങ്ങൾ ഒക്കെ തെറ്റില്ലാതെ ഉണ്ടാക്കാൻ പഠിച്ചെടുത്തു.വീക്കെന്റുകളിൽ അവർ എല്ലാവരും ഒരുമിച്ചു പുറത്തു പോയി. സന്തോഷം നിറഞ്ഞ ആ ദിവസങ്ങൾക്ക് ശേഷം മകനും മരുമകളും സ്നേഹത്തോടെ കഴിയുന്നതും കണ്ടു മനസു നിറഞ്ഞു ആ അച്ഛനമ്മമാർ തിരികെ പോയി.
അന്ന് തന്നെ ജിത്തു അച്ഛനും അമ്മയും താമസിച്ച മുറിയിലേക്ക് മാറി അതിൽ കിട്ടുവിനു വിഷമം തോന്നി എങ്കിലും അത് പ്രകടിപ്പിച്ചില്ല. അവൾ അത് പ്രതീക്ഷിച്ചിരുന്നു. എങ്കിലും ഉത്തമ ഭാര്യയായി അവന്റെ പ്രണയം സ്വീകരിക്കുന്നത് സ്വപ്നം കണ്ട് അവൾ ആ വിഷമം മറക്കാൻ ശ്രമിച്ചു . പിറ്റേന്ന് മുതൽ കിട്ടു അതിനുള്ള ശ്രമങ്ങളും ആരംഭിച്ചു. രാവിലെ ഉണർന്നു ബ്രേക് ഫാസ്റ്റ് ഉണ്ടാക്കി കാത്തിരുന്നു ജിത്തു ഓഫീസിൽ പോകാൻ സമയത്തു റെഡി ആയി ഇറങ്ങി അങ്ങനെ ഒരാൾ വീട്ടിൽ ഉണ്ടെന്ന് പോലും ശ്രദ്ദിക്കാതെ പോയി ഈ രീതി തുടർന്നുകൊണ്ടിരുന്നു. ഉച്ചക്ക് രണ്ടു പേരും പുറത്തു നിന്ന് കഴിക്കും. അത്താഴവും എല്ലാദിവസവും അവൾ ഒരുക്കി വെക്കും അവനാകട്ടെ പുറത്തുനിന്നു കഴിച്ചിട്ട് വരുകയോ പാഴ്സൽ വാങ്ങി കൊണ്ട് വന്നു അവളുടെ മുന്നിൽ വെച്ച് കഴിക്കുകയോ ചെയ്യും.അവളെ മനപ്പൂർവ്വം അവഗണിക്കാൻ അവനും തോറ്റു പിന്മാറാൻ മനസ്സില്ലാതെ അവളും മത്സരിച്ചു കൊണ്ടിരുന്നു ഒരു അവധി ദിവസം ജിത്തു ഇല്ലാതിരുന്ന സമയത്ത് ആ മുറി കിട്ടു വൃത്തി ആക്കുകയും. അവന്റെ മുഷിഞ്ഞ വസ്ത്രങ്ങൾ അലക്കി വൃത്തിയാക്കുകയും ചെയ്തു. ആ തുണികൾ എല്ലാം അവളുടെ മുന്നിൽ കൂട്ടിയിട്ട് കത്തിച്ചുകൊണ്ടാണ് അവൻ പ്രതികരിച്ചത് നല്ലൊരു വാക്കോ ഒരു ചിരിയോ ഒരു നോട്ടമോ പ്രതീക്ഷിച്ച കിട്ടുവിനു അത് വല്യ ഷോക്ക് ആയി ഓരോ ദിവസവും നേരിടുന്ന അവഗണനയിൽ അവൾ സ്വയം വേദനിപ്പിച്ചു കൊണ്ടിരുന്നു. അത് അവൾക്കൊരു ലഹരിയായിരുന്നു ഒരു പ്രതീക്ഷയായിരുന്നു ഇന്നല്ലെങ്കിൽ നാളെ അവൻ തന്റെ പ്രണയം തിരിച്ചറിയും എന്ന പ്രതീക്ഷ . പക്ഷേ കിട്ടുവിന്റെ പ്രതീക്ഷ നീണ്ടു നീണ്ടു പോയി.
ദിവസങ്ങളും ആഴ്ചകളും മാസങ്ങളും ഓടി മറഞ്ഞു.കിട്ടുവിന്റെ ശരീരത്തിലെ മുറിവുകളുടെ എണ്ണവും കൂടി കൊണ്ടിരുന്നു. കിട്ടുവിന്റെ ഈ സ്വഭാവം അറിയാവുന്നത് അവളുടെ റൂം മേറ്റും കോലീഗും ആയ ലാവണ്യക്ക് മാത്രമാണ്. കിട്ടുവിന്റെ ശരീരത്തിലെ ഉണങ്ങാത്ത മുറിവുകൾ കണ്ട് അവൾ നിർബന്ധിച്ചു അവൾ ഒരു സൈക്കോളജിസ്റ്റിനെ കാണിക്കാൻ കൊണ്ടുപോയി ആദ്യത്തെ അപ്പോയ്ന്റ്മെന്റിൽ തന്നെ കിട്ടുവിനു കൗൺസിലിംഗ് മാത്രം പോരാ മെഡിസിൻ കൂടി എടുക്കണം എന്ന് സൈക്കോളജിസ്റ്റിനു മനസിലായി.മെഡിസിനും മരുന്നും കൊണ്ട് കിട്ടുവിനു മാറ്റമുണ്ടായി ആ മാറ്റം അവൾക്കും തോന്നി തുടങ്ങി ദേഷ്യം നിയന്ത്രിക്കാനും സ്വയം വേദനിപ്പിക്കുന്നത് കുറക്കാനും അത് ഉപകരിച്ചു. മാറ്റം കണ്ടു തുടങ്ങി എന്ന് തോന്നിയപ്പോഴേക്കും അവൾ മെഡിസിന് മതിയാക്കി. അങ്ങനെ മൂന്നു മാസം കഴിഞ്ഞുള്ള അവരുടെ ഒരു ദിവസം പുലർന്നത് കാവൂവിനു ഒരു ആൺകുഞ്ഞു പിറന്നു എന്ന സന്തോഷവാർത്ത അറിഞ്ഞു കൊണ്ടായിരുന്നു.
അവൾക്കു അപ്പോൾ തന്നെ നാട്ടിലേക്കു പോകാനും കുഞ്ഞിനെ കാണാനും ആഗ്രഹം ഉണ്ടായിരുന്നു. ജിത്തു കൂടി വരാൻ അവൾ കാത്തു. പക്ഷേ അവൻ നാട്ടിലേക്ക് പോകാൻ തയ്യാറായിരുന്നില്ല. ഒടുവിൽ സഹികേട്ട് കുഞ്ഞിന്റെ പേരിടീൽ ചടങ്ങിന് രണ്ടു ദിവസം മുൻപ് കിട്ടു നാട്ടിലേക്ക് പുറപ്പെട്ടു പിറ്റേന്ന് ഉച്ചയോടെ അവൾ നാട്ടിൽ എത്തി ഓട്ടോയിൽ നിന്നിറങ്ങി വീട്ടു മുറ്റത്തേക്ക് അവൾ എത്തുമ്പോൾ മുറ്റത്ത് ചെറിയൊരു പന്തൽ ഒരുക്കുന്നതിനു മേൽനോട്ടം വഹിക്കുകയായിരുന്നു വേണു. അവളെ കണ്ട് അയാൾ ചിരിച്ചു അവൾ തിരിച്ചും
“ജിത്തു വന്നില്ലേ”
“ഇല്ല ഓഫീസിൽ തിരക്കാ”
കൂടുതൽ സംസാരിക്കാൻ നിക്കാതെ അവൾ അകത്തേക്ക് കയറി പോയി. ഉമ്മറതോന്നും ആരെയും കണ്ടില്ല പക്ഷേ അടുക്കളയിൽ നിന്ന് അമ്മയുടെയും ഗീതന്റിയുടെയും പാറു അപ്പയുടെയും സംസാരം കേൾക്കുന്നുണ്ട് അവൾ നേരെ അടുക്കളയിലേക്കു ചെന്നു അമ്മയെ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ചു
“പേടിപ്പിച്ചു കളഞ്ഞല്ലോ പെണ്ണേ ”
ശ്രീദേവി പരിഭവിച്ചു
“വന്നത്തെ ഉള്ളോ? ജിത്തു വന്നില്ലേ? നിന്റെ മുഖം എന്താ വല്ലാത്ത? സുഖമില്ലേ ”
അവർ നിർത്താതെ ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു അവൾ അതിന് മറുപടി ഒന്നും പറയാതെ അമ്മയെ കെട്ടിപ്പിടിച്ചു നിന്നു പിന്നെ പതിയെ ഓരോ ചോദ്യങ്ങൾക്കായുള്ള മറുപടി കൊടുത്തു
“പോയി കുളിച്ചു വേഷം മാറി വാ കഴിക്കാൻ എടുക്കാം”
ശ്രീദേവി അവളുടെ പാറി പറന്നു കിടക്കുന്ന മുടിയിഴകൾ ഒതുക്കി കൊണ്ട് പറഞ്ഞു അവൾ ബാഗും എടുത്തു മുറിയിലേക്കു പോയി. അവിടെ കല്ലുവും ശിവയും ഉണ്ടായിരുന്നു കല്ലു കുളി കഴിഞ്ഞു മുടി ഉണക്കുകയായിരുന്നു. ശിവ കുളിക്കാൻ പോകാൻ തയ്യാറെടുത്തു നിൽക്കുന്നു
“നിങ്ങൾ നേരത്തേ എത്തിയോ ”
കിട്ടു സന്തോഷത്തോടെ അവരുടെ അടുത്തേക്ക് ചെന്നു കല്ലു വളരെ പ്രയാസപ്പെട്ടു ചിരിച്ചു ശിവ തന്റെ ഉള്ളിലുള്ള ഇഷ്ടക്കേട് മറച്ചു വെച്ച് നല്ലത് പോലെ വെളുക്കെ ചിരിച്ചു കാണിച്ചു ആ ചിരി കണ്ട് കിട്ടുവിന് അവൾ തന്നെ കളിയാക്കിയതാണോ എന്ന് തോന്നി കൂടുതൽ സംസാരിക്കാൻ നിൽക്കാതെ ശിവ ബാത്റൂമിലേക്ക് കയറി കല്ലു കണ്ണാടിയിൽ നോക്കി മുടി ഒതുക്കി കൊണ്ട് നിന്നു
“കല്ലു മോളേ എന്നോട് ഇപ്പോഴും പിണക്കമാണോ ”
കിട്ടു കല്ലുവിന്റെ അടുത്ത് ചെന്നു അവളെ തന്റെ നേർക്കു തിരിച്ചു നിർത്തിക്കോണ്ട് ചോദിച്ചു കല്ലു ഇല്ലെന്ന് തലയാട്ടി
“പിന്നെ എന്താ നീ എന്നോട് മിണ്ടാതെ എന്നോട് പഴയ പോലെ അടുപ്പം കാണിക്കാതെ കല്ലു ”
നീ എനിക്ക് സമ്മാനിച്ച മുറിവുകൾ ഒന്നും ഉണങ്ങിയിട്ടില്ല കിട്ടൂ എന്ന് പറയാൻ ആഗ്രഹിച്ചെങ്കിലും അവൾ ഒന്നും പറയാതെ തെളിച്ചമില്ലാതെ ചിരിക്കുക മാത്രം ചെയ്തു.
“എനിക്ക് എന്ത് വിഷമം ഉണ്ടെന്നോ നീ ഇങ്ങനെ എന്നോട് മിണ്ടാതെ ഒഴിഞ്ഞു മാറി നിൽക്കുന്നത് കാണുമ്പോൾ ”
കിട്ടു അവളെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു കല്ലു ഒന്നും മിണ്ടാതെ നിന്നു. ഇതു കണ്ടുകൊണ്ടാണ് ശിവ ബാത്റൂമിൽ നിന്നും ഇറങ്ങിയത് ശിവ ഒരു പുച്ഛചിരി ചിരിച്ചു
“കിട്ടു നീ കുളിക്കുന്നില്ലേ ”
ഉള്ളിലെ ദേഷ്യം മറച്ചു ശിവ ചിരിയോടെ ചോദിച്ചു
“ഉം”
കിട്ടു കല്ലുവിനെ വിട്ടു മാറി വസ്ത്രങ്ങളും എടുത്ത് കുളിക്കാൻ കയറി.
“അവളെന്താ പറഞ്ഞേ”
മുടി കെട്ടിക്കൊണ്ടിരുന്ന കല്ലുവിന്റെ അടുത്തുവന്ന് ശിവ ചോദിച്ചു
“ഒന്നും ഇല്ല ശിവ”
“കെട്ടിപ്പിടിച്ചൊക്കെ നിക്കുന്ന കണ്ടല്ലോ”
കല്ലു മറുപടി ഇല്ലാതെ ചിരിച്ചു
“വാ ഞാൻ കാവുവിന്റെ അടുത്തേക്ക് പോകുവാ”
കല്ലു ശിവയുടെ മറുപടി കാക്കാതെ ഇറങ്ങി നടന്നു കഴിഞ്ഞു ശിവ അവളുടെ പിന്നാലെ പോയി കിട്ടു കുളികഴിഞ്ഞു ഇറങ്ങിയപ്പോൾ അവരെ രണ്ടു പേരെയും കണ്ടില്ല അവൾ മുടി ഉണക്കി കെട്ടി വെച്ചിട്ട് കാവുവിന്റെ മുറിയിലേക്ക് ചെന്നു. ശിവയും കല്ലുവും അവിടെ ഉണ്ടായിരുന്നു. കല്ലു കുഞ്ഞിനെ കയ്യിലെടുത്തു കളിപ്പിക്കുകയായിരുന്നു ശിവ കാവുവിന്റെ ലേബർ റൂം എക്സ്പീരിയൻസ് കേൾക്കുന്ന തിരക്കിലായിരുന്നു
“അവരെ എന്തിനാ ഇതൊക്കെ ഇപ്പോഴേ പറഞ്ഞു പേടിപ്പിക്കുന്നെ എന്നോട് പറ അടുത്ത ചാൻസ് എനിക്കല്ലേ ”
കിട്ടു മുറിയിലേക്ക് കയറി കൊണ്ട് പറഞ്ഞു
കാവൂ അതേ എന്ന ഭാവത്തിൽ തലയാട്ടി ചിരിച്ചു. ശിവ ചുണ്ട് കോട്ടി കല്ലു ഞാൻ ഇതൊന്നും കേൾക്കുന്നില്ല എന്ന ഭാവത്തിൽ ഇരുന്നു.
” വാ ഇരിക്ക് വിശേഷങ്ങൾ ഒക്കെ പറ”
കാവൂ കിട്ടുവിനെ അടുത്തേക്ക് പിടിച്ചിരുത്തി
“ആദ്യം മോനെ ഒന്ന് കാണട്ടെ ”
കിട്ടു കല്ലുവിന്റെ നേർക്ക് കുഞ്ഞിനായി കൈ നീട്ടി അവൾ സൂക്ഷിച്ചു കുഞ്ഞിനെ കിട്ടുവിന്റ കയ്യിലേക്ക് കൊടുത്തു
“മോനു കലേഷേട്ടന്റെ ഛായ ഇല്ല നിന്റെ ഛായയും ഇല്ലല്ലോ കാവൂ
ഉം ഇവൻ ശെരിക്കും അച്ഛമ്മ മോൻ ആണല്ലേ”
കിട്ടു കുഞ്ഞിന്റെ മുഖത്തു തന്നെ നോക്കി ഒരു കണ്ടുപിടുത്തം എന്നപോലെ പറഞ്ഞു
“ഉം അവനു കലേഷേട്ടന്റെ അമ്മേടെ ഛായ ആണെന്നാ എല്ലാവരും പറയുന്നത് ”
കാവൂ ചിരിയോടെ പറഞ്ഞു
“പിന്നെ നിനക്ക് സുഖമാണോ കിട്ടു”
കാവൂ കിട്ടുവിന്റെ കൈകൾ കവർന്നു കൊണ്ട് ചോദിച്ചു
“സുഖം പരമ സുഖം”
കിട്ടു അത് പറയുമ്പോൾ കല്ലുവിന്റ നേർക്കൊരു നോട്ടാമെറിഞ്ഞു അവൾ മേശമേൽ ഇരുന്ന ബേബി പ്രോഡക്ടസിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
“പിന്നെ പറ വിശേഷങ്ങൾ”
കാവൂ വീണ്ടും ചോദിച്ചു
കിട്ടു പറയാനുള്ള ആവേശത്തിൽ കുഞ്ഞിനെ ശിവയുടെ കയ്യിലേക്ക് കൊടുത്തിട്ട് നേരെ ഇരുന്നു സംസാരിക്കാൻ തുടങ്ങി യഥാർഥ്യങ്ങൾ വിഴുങ്ങി അവളുടെ സ്വപ്നങ്ങൾ ആഗ്രഹങ്ങളും മോഹങ്ങളും എല്ലാം നടന്ന സംഭവങ്ങൾ പോലെ അവരുടെ മുന്നിൽ വിവരിച്ചു ഇടയ്ക്കിടെ കല്ലുവിന്റെ നേർക്കു നോക്കും അവളക്കട്ടെ ഞാൻ ഇതൊന്നും കേൾക്കുന്നില്ല എന്ന ഭാവത്തിൽ ഇരുന്നു എങ്കിലും മനസ് കിട്ടുവിന്റെ വാക്കുകൾക്കു കാതോർത്തുഅലമുറയിട്ട് കരഞ്ഞു കൊണ്ടിരുന്നു
“ഇതെന്ത് പറ്റി ”
കിട്ടുവിന്റെ കയ്യിലെ പല്ലുകളുടെ പാട് കണ്ട് കാവൂ അവളുടെ കൈ പിടിച്ചു നോക്കി
“അത് അത് ജിത്തു ഏട്ടൻ… ”
പാതിയിൽ നിർത്തി അവൾ നാണിച്ചു തലതാഴ്ത്തി കല്ലു അത് കേട്ട് പൊള്ളി പിടഞ്ഞ പോലെ എഴുന്നേറ്റു പുറത്തേക്ക് നടന്നു.
“കാവൂ നീ എപ്പോ എഴുന്നേറ്റ് ഇരിക്കാൻ തുടങ്ങിയതാ കിടക്കാൻ നോക്ക് നടു വേദന എടുക്കും”
ശ്രീദേവി മുറിയിലേക്ക് വന്നു ദേഷ്യപ്പെട്ടു അമ്മയുടെ ദേഷ്യപ്പെടൽ കാരണം കാവൂ കട്ടിലിലേക്ക് ചാഞ്ഞു ശിവ കുഞ്ഞിനെ കൂടി കാവുവിന്റെ അടുത്ത് കിടത്തി അവളും പുറത്തേക്കു ഇറങ്ങി
“ഞാനും പോയി ബാക്കി എല്ലാവരേം കണ്ട് സംസാരിച്ചിട്ട് വരാം ”
കിട്ടിവും പോകാൻ ഇറങ്ങി കല്ലു എഴുന്നേറ്റ് പോയതോടെ വിശേഷം പറയാനുള്ള അവളുടെ ആവേശമെല്ലാം തണുത്തു പോയിരുന്നു അവളും പുറത്തേക്കു ഇറങ്ങി അടുക്കളയിലേക്കു പോകാൻ തുനിഞ്ഞ അവളെ ശിവ തടഞ്ഞു നിർത്തി. കിട്ടു ചോദ്യഭാവത്തിൽ അവളെ നോക്കി
“കിട്ടു നിന്റെ കയ്യിൽ ആരു കടിച്ചെന്നാ പറഞ്ഞത് ”
“ജിത്തു ഏട്ടൻ എന്തേ ”
ശിവ അവളുടെ കൈ പിടിച്ചു നോക്കിയിട്ട് കളിയാക്കും പോലെ ചിരിച്ചു
“എന്താ എന്താ നീ ചിരിച്ചേ ”
ഒന്നും ഇല്ല
ശിവ ചിരി നിർത്താതെ പറഞ്ഞു
“നീ എന്താ കളിയാക്കുവാണോ?
“അല്ല”
“പിന്നെ”
അവൾ ഒന്നും പറയാതെ ചിരിച്ചു കൊണ്ട് നടന്നു നീങ്ങി അപമാനിക്കപ്പെട്ട ദേഷ്യത്തിൽ
കിട്ടു അവളെ നോക്കി പല്ലു കടിച്ചു
കിട്ടു പറഞ്ഞ ഓരോ വാക്കുകളും ഓർക്കുമ്പോൾ ഹൃദയം മുറിഞ്ഞു ചോര വാർന്നു കൊണ്ടിരുന്നു കല്ലു കണ്ണുകൾ തുടച്ചു കൊണ്ട് പുറത്തേക്കു ഇറങ്ങി അവർ ഭാര്യാ ഭർത്താക്കമാരാണ് ഇതൊക്കെ അവർക്കിടയിൽ സ്വഭാവികമാണ് അങ്ങനെ ആകണം. ബുദ്ധി അങ്ങനെ പലതും പറഞ്ഞു തർക്കിക്കുന്നുണ്ടെങ്കിലും ഹൃദയം അലമുറയിട്ട് കരഞ്ഞു കൊണ്ടിരുന്നു. മുറ്റത്തെ പടിക്കെട്ടുകൾക്ക് താഴെ അനന്ദുവിനെ കണ്ടപ്പോൾ അവൾ തിരിഞ്ഞു നിന്നു കണ്ണുനീർ തുടച്ചു മുഖത്തൊരു ചിരി വരുത്തി
“അനന്ദു ഏട്ടാ ഞാൻ… ഞാനൊന്നു കാണാൻ ഇരിക്കുവായിരുന്നു ”
“അറിയാം പറയാൻ വരുന്നുന്നത് എന്താണെന്നും നീ പറഞ്ഞു കുളമാക്കണ്ട ”
“എന്നോട് ക്ഷമിക്കണേ അനന്ദു ഏട്ടാ ”
“എന്നെ കൂടപ്പിറപ്പായിട്ട് കണ്ട പെണ്ണിനെ കാമുകി ആയി കണ്ട ഞാൻ അല്ലേ ക്ഷമ ചോദിക്കേണ്ടേ ”
“ഞാൻ മുന്നേ പറയേണ്ടതായിരുന്നു ”
“അത് തന്നെ ആണ് എന്റെയും വിഷമം പറയാൻ വൈകി പോയി സാരമില്ല ”
അമ്മാവന് ഞാൻ എന്നും ഒരു സഹായി ആയി കൂടെ ഉണ്ടാകണം എന്ന തോന്നലിൽ ആണ് ഇങ്ങനെ ഒരു ആലോചന തന്നെ ഉണ്ടായതു മരുമകനായിട്ട് നിൽക്കണം എന്നായിരുന്നു ഇതുവരെ ഇനി മുതൽ മകനായിട്ട് നിൽക്കും ”
അവൻ ചിരിയോടെ പറഞ്ഞു. പക്ഷേ ആ ചിരി ഒരു മറയാണെന്ന് അവൾക്ക് തോന്നി ഉള്ളിലുള്ളതെല്ലാം മറക്കാനുള്ള മറ
പിറ്റേന്ന് രാവിലെ ഒൻപതു മണിക്ക് ശേഷം ഉള്ള മുഹൂർത്തത്തിൽ കാവുവിന്റെ കുഞ്ഞിന്റെ പേരിടീൽ ചടങ്ങ് നടന്നു.അതിനായി കലേഷിന്റെ കുടുംബവും ബന്ധുക്കളും എല്ലാം സമയത്തിന് എത്തി ചേർന്നിരുന്നു കത്തിച്ചു വെച്ച നിലവിളക്കിന് മുന്നിൽ വെച്ചു പ്രാർത്ഥനയോടെ കലേഷ് കുഞ്ഞിന്റെ കാതിൽ കാർത്തിക് എന്ന് പേര് ചൊല്ലി വിളിച്ചു ആ പേര് ആർക്കും അത്ര ഇഷ്ടമായിരുന്നില്ല
“അതേ ഇവൻ അപ്പേടെ പൊന്നു മോനാ കീർത്തിടെ മോൻ കാർത്തിക് അത് മതി ‘
കീർത്തിയുടെ പറച്ചിൽ കേട്ട് എല്ലാവരുടെയും ഇഷ്ടക്കേട് ചിരിയിലേക്ക് മാറി.ഉദയനും ശ്രീദേവിയും കല്ലുവും കിട്ടുവും ഉൾപ്പെടെ എല്ലാവരും കുഞ്ഞിന് സ്വർണാഭരണങ്ങൾ അണിയിച്ചു.ചടങ്ങിനിടയിലാണ് പ്രഭയും കൃഷ്ണയും വന്നത് ആരെയും ശ്രദ്ദിക്കാതെ പന്തലിലേക്ക് വന്ന് കാവുവിന്റെ കയ്യിലിരിന്നു കരയുന്ന കുഞ്ഞിന്റെ ഇരു കൈകളിലേക്കും ഓരോ സ്വർണ വളകൾ ഇട്ടു കൊടുത്തു കുഞ്ഞിന്റെ കവിളിൽ അരുമയായി ഒന്ന് തലോടിയ ശേഷം ഒന്നും പറയാതെ ഇറങ്ങി പോയി. അമകൂടെ കൃഷ്ണയും. ഉദയൻ അവരുടെ ഇറങ്ങി
പോക്ക് കണ്ട് വിഷമത്തോടെ നിന്നു തിരിച്ചു വിളിക്കണം എന്നു ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ ഒരു സംസാരം ഉണ്ടാകേണ്ട എന്നു കരുതി അയാൾ മിണ്ടാതെ നിന്നും. പ്രഭയും കൃഷ്ണയും പോകുന്നത് കണ്ട് കല്ലു അവരുടെ പിന്നാലേ നടന്നു
“അപ്പേ..”
മുറ്റത്തു നിന്നുള്ള പടിക്കെട്ടുകൾക്ക് അടുത്തു നിന്നു കല്ലു അവരെ വിളിച്ചു അവളുടെ വിളി കേട്ട് അവർ തിരിഞ്ഞു നിന്നു പടിക്കെട്ടുകൾ ഓടി ഇറങ്ങി കല്ലു അവരുടെ അടുത്ത് ചെന്നു
“പിണക്കം ആണോ അപ്പേ ”
വിഷമത്തോടെ അവരെ നോക്കി ചോദിച്ചു
“പിണക്കമല്ല എന്റെ മോൻ ഉള്ളുരുകി നടക്കണ കാണുമ്പോ ഉള്ളൊരു വിഷമം എന്തായാലും ഞാൻ അവന്റെ പെറ്റ തള്ളയായി പോയില്ലേ ”
കുറച്ചു നേരം അവളെ നോക്കി നിന്ന ശേഷം അവർ പറഞ്ഞു
“എനിക്ക് ഒരിക്കലും അനന്ദു ഏട്ടനെ അങ്ങനെ…”
അവൾ പൂർത്തിയാക്കാതെ പാതിയിൽ നിർത്തി
“ചേച്ചിക്ക് ഈ കാര്യം നേരത്തെ അറിയാമായിരുന്നില്ലേ ഇഷ്ടം അല്ലെങ്കിൽ പറയാമായിരുന്നില്ലേ എന്നോടെങ്കിലും”
കൃഷ്ണ ദേഷ്യപ്പെട്ടു.
“പറഞ്ഞില്ല എന്റെ തെറ്റ് ”
കല്ലു മുഖം താഴ്ത്തി നിന്നു
“തെറ്റാര് ചെയ്തു ന്യായം ആരുടെ ഭാഗത്താ ഇതൊന്നും ഇനി ഓർക്കുന്നതിൽ ഒരു കാര്യവും ഇല്ല നിന്നോട് ദേഷ്യം ഉണ്ട് അതെന്റെ മകനോടുള്ള സ്നേഹകൂടുതൽ കൊണ്ടാ ”
അവർ തിരിഞ്ഞു നടന്നു പോയി കൂടെ കൃഷ്ണയും കല്ലു അവർ പോയതും നോക്കി നിന്നു
ചടങ്ങും സദ്യയും കഴിഞ്ഞു കലേഷിന്റെ കുടുംബവും ബന്ധുക്കളും യാത്രയായി അവർ ഇറങ്ങി കഴിഞ്ഞാണ് ജിത്തുവിന്റെ അമ്മയും അച്ഛനും ശാരിയും കുഞ്ഞുങ്ങളും വന്നത് ഉദയനും ശ്രീദേവിയും അവരെ സ്വീകരിച്ചിരുത്തി വൈകി പോയതിന്റെ ക്ഷമാപണത്തോടെ ആണ് അവർ അകത്തേക്ക് കയറിയത്. കിട്ടു അവരെ കണ്ട് സന്തോഷത്തോടെ ഇറങ്ങി വന്നു അവൾ അവരോടൊപ്പം കുശലന്വേഷണങ്ങൾ നടത്തി അവരോടൊപ്പം ഇരുന്നു ശ്രീദേവി കുഞ്ഞിനെ നിർമലയുടെ കയ്യിൽ കൊണ്ട് കൊടുത്തു നിർമ്മല കുഞ്ഞിനെ കയ്യിൽ വാങ്ങി കുഞ്ഞിയും പാച്ചുവും കുഞ്ഞിനെ കൗതുകത്തോടെ നോക്കി അടുത്ത് നിന്നു
.
“കബനിയുടെ ട്വിൻ സിസ്റ്റർ എവിടെ ഞാൻ കണ്ടിട്ടില്ലല്ലോ ”
കിട്ടു ശ്രീദേവിയുടെ നേർക്ക് നോക്കി അവർ വൈഗയോട് കല്ലുവിനെ കൂട്ടി കൊണ്ട് വരാൻ പറഞ്ഞു ഗീത അവർക്ക് ചായയും കൊണ്ട് വന്നു അതിന് പിന്നാലെ കല്ലു ഇറങ്ങി വന്നു
“ഇതാണ് കാളിന്ദി ”
കല്ലുവിനെ മുന്നിലേക്ക് നീക്കി നിർത്തി കൊണ്ട് ശ്രീദേവി പറഞ്ഞു ഒരു സിമ്പിൾ കോട്ടൺ ചുരിദാർ ആയിരുന്നു അവളുടെ വേഷം ശാരിക്ക് ഒറ്റ നോട്ടത്തിൽ തന്നെ അവളെ ഇഷ്ടപ്പെട്ടു ശരത്തിനു ഇഷ്ടാവും ശാരി മനസ്സിൽ പറഞ്ഞു.
“ഞങ്ങളെ ഒക്കെ മനസിലായോ?”
ശാരി കല്ലുവിനോട് ചോദിച്ചു അവൾ ആയിന്നു
തലയാട്ടി
“എന്നെയും”
ശാരി അത്ഭുതത്തോടെ അവളെ നോക്കി
“ഉം ”
കിട്ടുവിന്റെ മുഖം കറുത്തു അത് കണ്ട് കല്ലുവിന്റെ മനസ്സിൽ ഒരു ഭയം മോട്ടിട്ടു കിച്ചുവേട്ടന്റെ വാക്കുകളിലൂടെയും കാട്ടി തന്ന ഫോട്ടോകളിലൂടെയും എല്ലാവരെയും അറിയാം എന്നെങ്ങനെ പറയും എന്നോർത്തു അവൾ കുഴങ്ങി.
“കിട്ടു പറഞ്ഞിട്ടുണ്ട് ”
കല്ലു പതിയെ പറഞ്ഞു നിർമല അന്നേരമത്രയും കല്ലുവിനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു അവളെ എവിടെയോ കണ്ടു മറന്ന പോലെ അവർക്കു തോന്നി വ്യത്യാസം കണ്ടെത്താൻ എന്ന പോലെ അവർ രണ്ടു പേരെയും മാറി മാറി നോക്കി ഒരേ പോലുള്ള രണ്ടു പെൺകുട്ടികൾ ഒരാൾ പൂർണ്ണ ചന്ദ്രനെ പോലെ വട്ട മുഖവും നല്ല നിറവും മറ്റേ ആൾ ചെറുതായി ഓവൽ ഷേപ്പ് പോലുള്ള നിറം കുറവ് നീണ്ട മുടിയിഴകളും ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴികളും. അന്ന് താൻ സ്നേഹിക്കുന്ന പെൺകുട്ടി എന്നും പറഞ്ഞു ജിത്തു കാണിച്ച ഫോട്ടോയിലെ കുട്ടി ഇതായിരുന്നോ അവർ സംശയത്തോടെ വീണ്ടും വീണ്ടും നോക്കി ആണെന്ന് അവരുടെ മനസ് വിളിച്ചു പറഞ്ഞു അവർ ആദ്യമായി കാണും പോലെ കിട്ടുവിനെ തുറിച്ചു നോക്കി അവൾ അവരുടെ നോട്ടത്തിന്റ അർത്ഥം മനസിലാകാതെ അന്തിച്ചു ശിവദാസന്റെ മൊബൈൽ ബെല്ലാണ് അവരെ ചിന്തയിൽ നിന്നും ഉണർത്തിയത് അയാൾ ഫോൺ എടുത്ത് സംസാരിക്കാൻ തുടങ്ങി അയാളുടെ മുഖഭാവം പെട്ടന്ന് മാറുന്നതും അയാൾ മൊബൈലും കൊണ്ട് പുറത്തേക്കു ഇറങ്ങുന്നതും കല്ലു ശ്രദ്ദിച്ചു അവളുടെ ഹൃദയം ആകാരണമായി താളം തെറ്റി മിടിക്കാൻ തുടങ്ങി.ഫോണിൽ സംസാരിച്ചു കൊണ്ടിലിരുന്ന ശിവദാസൻ തളർച്ചയോടെ പന്തലിലെ കസേരയിലേക്ക് ഇരുന്നു അനന്ദു വേഗം അയാളുടെ അടുത്ത് വന്നു എന്തോ സംസാരിച്ചു അവൻ ആരെയോ കൈകാട്ടി വിളിക്കുകയും പെട്ടന്ന് തന്നെ വേണുവും ആകാശും അവിടേക്കു വന്നു അവർ എന്തൊക്കെയോ സംസാരിച്ചുകൊണ്ട് നിൽക്കുന്നതും ആകാശ് പോയി വെള്ളം കൊണ്ട് വന്നു കൊടുക്കുന്നതും ഒക്കെ കല്ലു നോക്കി നിന്നു അനന്ദു നടന്നു ഉമ്മറത്തേക്ക് കയറി അവളെ കണ്ട് അടുത്തേക്കു വരാൻ കൈകൊണ്ടു ആംഗ്യം കാണിച്ചു കല്ലു നടന്നു അവന്റെ അടുത്തേക്ക് പോയി
“കല്ലു ഒരു പ്രശ്നം ഉണ്ടായി “.
അനന്ദുവും കല്ലുവും സംസാരിക്കുന്നത് കണ്ട് ശിവ കൂടി അവരുടെ അടുത്തേക്ക്
” ജിത്തുവിന് ബാംഗ്ലൂരിൽ വെച്ചൊരു ആക്സിഡന്റ് നടന്നു കുറച്ചു സീരിയസാ നീ കിട്ടുവിനേം അവന്റെ അമ്മയോടും കാര്യങ്ങൾ പറയണം ഞങ്ങൾ കുറച്ചു പേർ അങ്ങോട്ട് പോകുവാ ”
അനന്ദു പറഞ്ഞത് കേട്ട് വിറങ്ങലിച്ചു നിന്നു ശിവയും കല്ലുവും
“കല്ലു …കല്ലു..നീ വേണം കിട്ടുവിന് താങ്ങായി നീ ഇങ്ങനെ തളർന്നു പോകരുത് ”
കല്ലുവിന്റെ നിൽപ്പ് കണ്ട് അവളെ കുലുക്കി വിളിച്ചു കൊണ്ട് അനന്ദു പറഞ്ഞു
നിറഞ്ഞ കണ്ണുകൾ മറച്ചു അവൾ തലയാട്ടി. ഉറച്ചു നിലവിളിക്കാൻ പോയിട്ട് കണ്ണു നിറക്കാൻ പോലും ആകാത്ത നിസ്സഹായ അവസ്ഥയിൽ അവൾ നിന്നു
“നീ പറയണ്ട ഞാൻ പറയാം”
ശിവ അവളെ ചേർത്ത് പിടിച്ചു പറഞ്ഞു അവൾ തളർച്ചയോടെ നടന്നു മുറിയിലേക്ക് പോയി കട്ടിലിൽ ഇരുന്നു കുറച്ചു കഴിഞ്ഞു ശിവ വന്നു മുറിയിൽ കയറി കതകടച്ചു കുട്ടിയിട്ടു
“ഇനി നീ കരഞ്ഞോ അടക്കി വെക്കേണ്ട ആരും കാണില്ല ആരും കേൾക്കില്ല ”
ശിവ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു കല്ലു അവളുടെ നെഞ്ചിലേക്ക് ചാഞ്ഞു.അടക്കി പിടിച്ച കണ്ണുനീർ ഒഴുക്കിവിട്ടു
( തുടരും )