Home Latest രാവുണ്ണിനായരുടെ തല എവിടെപോയെന്ന് ചേട്ടനറിയില്ല. അറിയില്ലെന്നല്ല, ചേട്ടനത് ഇപ്പൊ ഓർമ്മയില്ല… Part – 3

രാവുണ്ണിനായരുടെ തല എവിടെപോയെന്ന് ചേട്ടനറിയില്ല. അറിയില്ലെന്നല്ല, ചേട്ടനത് ഇപ്പൊ ഓർമ്മയില്ല… Part – 3

0

Part – 2 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Sai Bro 

ഉടലുണ്ട് തലയില്ല Part – 3

“ശരിയാണ്, അന്ന് മച്ചിന്റെ മുകളിൽ വെച്ച് രാവുണ്ണിനായരുടെ തല ആ ഉടലിൽനിന്ന് ഞാൻ അറുത്തുമാറ്റിയിരുന്നു. പക്ഷെ ആ തല എന്ത് ചെയ്‌തെന്ന് ഞാൻ മറന്നുപോയി..”

പിറ്റേന്ന് രാവിലെ ഓർമ്മശക്തി ഭാഗികമായി നഷ്ട്ടപ്പെട്ട ശശിചേട്ടൻ നിസ്സഹായതയോടെ അത് പറയുമ്പോൾ ഇനിയെന്തുചെയ്യും എന്നറിയാതെ തലയിൽ കയ്യും വെച്ച് ഉമ്മറത്തെ അരതിണ്ണയിലേക്ക് ഞാൻ തളർന്നിരുന്നു.

സ്കൂളിന്റെ മേൽക്കൂരയിൽ കുത്തിയിരുന്ന് ഓടുകൾ ഇളക്കി മാറ്റികൊണ്ടിരിക്കുന്ന ശംഭുവിന്റെ ജോലിയും നോക്കി ഞാവൽ മരത്തിന്റെ ചുവട്ടിൽ നിൽക്കുമ്പോൾ എന്റെ ചിന്തകൾ വർഷങ്ങക്ക് പിറകിലേക്ക് പാഞ്ഞു.

പണ്ട് ഇതേ സ്കൂളിൽ പഠിക്കുമ്പോൾ പർവ്വതിക്ക് വേണ്ടി ഈ ഞാവൽമരത്തിന്റെ തുഞ്ചത്തു കയറി എത്രയോ തവണ ഞാവൽപഴങ്ങൾ പൊട്ടിച്ചിട്ടുണ്ട്.. ഒരിക്കൽ ഞാവൽ മരത്തിന്റെ നീണ്ടുനിൽക്കുന്ന കൊമ്പിലൂടെ അതിസാഹസികമായി നടന്ന് സ്കൂളിന്റെ മേൽക്കൂരയിലേക്ക് പറ്റിപിടിച്ചു കയറിയതും, ഒടുവിൽ കാൽചുവട്ടിലെ ഓട് തകർന്ന് നിലത്തേക്ക് വീണ് കൈയ്യൊടിഞ്ഞതും ശശിചേട്ടൻ എന്നേം വാരിയെടുത്ത് ആശുപത്രിയിലേക്കോടിയതുമെല്ലാം പെട്ടന്ന് മനസിലേക്ക് ഓടിപ്പാഞ്ഞു കയറിവന്നു.

“ശേഖറെ, ദിപ്പോ വരാട്ടാ ” ഞാനവനെ കാത്തിരുന്നു മുഷിഞ്ഞെന്നു കരുതിയിട്ടാവണം ശംഭു ചിതലുപിടിച്ചു ദ്രവിച്ചു തുടങ്ങുന്ന മരത്തിന്റെ കഴുക്കോലിൽ കാലുറപ്പിച്ചു നിന്ന് എന്നെനോക്കി വിളിച്ചു കൂവുന്നുണ്ടായിരുന്നു.

“ഹേയ്, ഞാനിവിടെ വെയിറ്റ് ചെയ്തോളാം.. നീയൊന്ന് ശ്രദ്ധിച്ചു നിക്ക്.. ആ കഴുക്കോലും പട്ടികയുമെല്ലാം വല്ലാതെ ദ്രവിച്ചിട്ടുണ്ടെന്ന് തോന്നുന്നു. ”

ഞാനത് ഉറക്കെപറഞ്ഞപ്പോൾ ശംഭു എന്നെനോക്കിയൊന്ന് പുഞ്ചിരിച്ചു.ഉച്ചക്ക് ഊണിന്റെ സമയമായപ്പോഴാണ് അവൻ സ്കൂളിന്റെ മേൽക്കൂരയിൽനിന്ന് താഴേക്കിറങ്ങി എന്റെയടുത്തെത്തിയത്.

“അളിയാ, സാനം കുഴിച്ചിടാൻ പറ്റിയ ഒരു സ്ഥലം ഞാൻ കണ്ടുപിടിച്ചിട്ടുണ്ട്..” നെറ്റിയിലെ വിയർപ്പ് തുടച്ചുകളഞ്ഞുകൊണ്ട് ശംഭു അത് പറഞ്ഞപ്പോൾ ആകാംഷയോടെ ഞാനവനെ നോക്കി.

“ഏതാ സ്ഥലം? ”

” അമ്പലത്തിന് പിറകിലുള്ള ചതുപ്പ്.. !”

“അത് അമ്പലത്തിന്റെ സ്ഥലമല്ലേ? പ്രശ്നാവോ..?”

“എന്റെളിയാ എന്റെയറിവിൽ അവിടെമാത്രാണ് പ്രശ്നം ഇല്ലാത്ത ഒരേയൊരു സ്ഥലം. കാരണം വേറെ ഏത് പറമ്പിലായാലും കൃഷിക്കോ, കെട്ടീടം പണിയുന്നതിനോ, കിണർ കുഴിക്കുന്നതിനോ ഒക്കെയായി ഏതെങ്കിലും കാലത്ത് നിലം കിളച്ചുമറിക്കും. ഇത് അമ്പലപറമ്പല്ലേ.? മാത്രോമല്ല ചതുപ്പും. എന്തായാലും ആ ചെളിക്കുണ്ടിൽ ആരും ഉഴുതുമറിക്കാൻ പോണില്ല. ആ ചതുപ്പ് മണ്ണിട്ട്മൂടി അവിടെയൊരു കല്യാണമണ്ഡപം പണിയണം എന്നൊക്കെ അമ്പലകമ്മിറ്റി ആലോചിക്കുന്നുണ്ടെന്നാ ഞാനറിഞ്ഞത്.അങ്ങിനെയാണെങ്കിൽ എന്നെന്നേക്കുമായി രാവുണ്ണിനായർക്ക് മണ്ണിന്നടിയിൽ സുഖായിട്ട് വിശ്രമിക്കാം, ആരുടെയും ശല്യമില്ലാതെ.”

ശംഭു അത് പറഞ്ഞുതീർന്നപ്പോൾ എനിക്കുമത് ശരിയാണെന്ന് തോന്നി. അസ്ഥികൂടം കുഴിച്ചിടാൻ അതിനേക്കാളും പറ്റിയൊരു ഇടമില്ലെന്ന് ഞാനുമങ്ങുറപ്പിച്ചു.

“പക്ഷെ ശംഭു വേറൊരു പ്രശ്നണ്ട്. ” തലചൊറിഞ്ഞുകൊണ്ട് ഞാനത് പറഞ്ഞപ്പോൾ അവനെന്നെ ഉറ്റുനോക്കി.

“രാവുണ്ണിനായരുടെ തല എവിടെപോയെന്ന് ചേട്ടനറിയില്ല. അറിയില്ലെന്നല്ല, ചേട്ടനത് ഇപ്പൊ ഓർമ്മയില്ല.. ”

“ഓർമ്മയില്ലെന്നോ? അതെന്ത് മറ്റേടത്തെ വാർത്താനാമാണ് പുള്ളി പറയണേ.? ഈ എടാകൂടം മുഴേനും ഒപ്പിച്ചുവെച്ചിട്ട് ഇപ്പൊ തല എവിടെപോയെന്ന് അറിയില്ലെന്ന് പറഞ്ഞാൽ അങ്ങേരുടെ തലയടിച്ചു ഓട്ടയാക്കണം.. ” ശംഭുവിന് അരിശംമൂത്തു.

“ഡാ ചേട്ടന് ഓർമ്മകുറവുള്ള കാര്യം നിനക്കറിഞ്ഞൂടെ? ഇത്രേം സത്യങ്ങൾ പറഞ്ഞയാൾ ഇത് മാത്രം എന്നോട് മറച്ചുവെക്കുമെന്ന് നിനക്ക് തോന്നണുണ്ടോ.?” ശബ്ദം താഴ്ത്തി ഞാനത് ചോദിച്ചപ്പോൾ ശംഭു ഒരു നിമിഷത്തേക്ക് നിശബ്ദനായി.

“അളിയാ അതൊക്കെ ശരിതന്നെ, പക്ഷെ ഇത്രേം റിസ്ക് എടുത്തു നമ്മളാ അസ്ഥികൂടം കുഴിച്ചിട്ടതിന് ശേഷം എന്നെങ്കിലും അതിന്റെ തല എവിടെനിന്നെങ്കിലും ആരെങ്കിലും കണ്ടെടുത്താലുള്ള കാര്യം നീയൊന്ന് ആലോചിച്ചു നോക്ക്യേ..? അന്ന് ചേട്ടൻ മാത്രമല്ല, ഒപ്പം നീയും ഞാനും ലോക്കപ്പിൽ കേറും.. ” ശംഭുവിന്റെ ചോദ്യം കേട്ട് ഞാൻ നിശബ്ദനായിരിക്കുന്നത് കണ്ടിട്ടാവണം അവൻ വീണ്ടും സംസാരിക്കാൻ തുടങ്ങിയത്.

” നീ ചേട്ടനോട് ഒന്നുകൂടെ ചോദിക്ക്, അല്ലെങ്കിൽ പുള്ളീടെ മുറിയിൽ ഒന്ന് തപ്പിനോക്ക്. ചിലപ്പോ ആ സാനം അവിടെയെവിടെയെങ്കിലും കാണും. എന്തൊക്കെയായാലും രാവുണ്ണിനായരുടെ തലയില്ലാതെ ഉടൽ മാത്രമായി കുഴിച്ചിടുന്ന പരിപാടിയെപറ്റി നമ്മൾ ചിന്തിക്കുകയേ വേണ്ട. ”

“ശരി, ഞാനൊന്ന് നോക്കട്ടെ. “അതും പറഞ്ഞുകൊണ്ട് ഞാവൽമരചുവട്ടിൽ നിന്ന് എഴുന്നേറ്റ് ചിന്താഭാരത്തോടെ ഞാൻ വീട്ടിലേക്ക് നടന്നു.

അമ്മയുടെയും ശശി ചേട്ടന്റെയും കണ്ണുവെട്ടിച്ചു ചേട്ടന്റെ പണിശാലയിലേക്ക് നുഴഞ്ഞുകയറി അവിടമാകെ പരിശോധിക്കുമ്പോൾ കാണാതായ തലയോട്ടി അവിടെനിന്ന് കിട്ടണെ എന്ന് മാത്രമായിരുന്നു എന്റെ പ്രാർത്ഥന. അതന്വേഷിച്ചു അവിടെമൊത്തം ധൃതിയിൽ അരിച്ചുപെറുക്കുന്നതിനിടയിലാണ് പെട്ടന്ന് പിറകിൽ നിന്ന് ഒരു മുരടനക്കം കേട്ടപോലെ തോന്നിയപ്പോൾ ഞാനൊന്ന് ഞെട്ടിതിരിഞ്ഞു.

അതാ വാതിൽപ്പടിയിൽ ചാരി നിന്ന് എന്നെ നോക്കിനിൽക്കുന്നു ശശിചേട്ടൻ..

“നീയെന്താടാ ഇതിനകത്ത് കിടന്ന് തപ്പുന്നത്.? ” ചേട്ടന്റെ ചോദ്യം കേട്ട് ഞാനൊന്ന് പരുങ്ങി..

“അല്ല ചേട്ടാ.. ഞാൻ.. ഞാനൊരു സംശയം ചോദിക്കാനായി വന്നപ്പോ ചേട്ടനെയിവിടെ കണ്ടില്ല, അപ്പൊ വെറുതെ ഇവിടെയൊക്കെ ഒന്ന്.. ”

“എന്ത് സംശയം..? ” നെറ്റിചുളിച്ചായിരുന്നു ചേട്ടന്റെ ആ ചോദ്യം

“അത് പിന്നെ, രാവുണ്ണിനായരുടെ ഡെഡ്ബോഡി ഈ വീടിന്റെ മച്ചിനുമുകളിൽ കിടന്നല്ലേ ജീർണ്ണിച്ചു അസ്ഥികൂടമായത്..? അങ്ങിനെയാകുമ്പോ മാംസം അളിഞ്ഞ മണം ഇവിടെമൊക്കെ പരന്നിട്ടുണ്ടാകുമല്ലോ.. അയൽപക്കക്കാർക്കും അമ്മക്കും അന്നത് മനസിലായികാണില്ലേ..? ” ഇന്നലെ എനിക്ക് തോന്നിയ സംശയങ്ങൾ ഒറ്റശ്വാസത്തിൽ ചേട്ടനോട് ഞാൻ ചോദിച്ചു.

ആ ചോദ്യം കേട്ട് ചേട്ടൻ മുറിക്കുള്ളിൽ നടന്നുകൊണ്ട് എന്തോ ഓർത്തെടുക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

“ശരിയാണ്, തട്ടിൻമുകളിൽനിന്ന് മനുഷ്യമാംസം അളിഞ്ഞ ഗന്ധം പരന്നുതുടങ്ങിയപ്പോൾ ഞാനൊരു സൂത്രപ്പണി ചെയ്തിരുന്നു.. പക്ഷെ, അത്… അതെന്തായിരുന്നു..?” അങ്ങനെ പിറുപിറുത്തുകൊണ്ട് അസ്വസ്ഥയോടെ മുഷ്ഠിചുരുട്ടികൊണ്ട് മുറിയിൽ ഉലാത്തികൊണ്ടിരുന്ന ചേട്ടൻ പെട്ടന്ന് എന്തോ ഓർമ്മവന്നത് പോലെ എനിക്ക് നേരെ തിരിഞ്ഞുനിന്നു.

“നീ ‘എപ്പോലിയൻ’ എന്നൊരു സാധനത്തെപറ്റി കേട്ടിട്ടുണ്ടോ..? ”

“ഇല്ല, അതെന്താ സംഭവം..? “ഞാൻ ജിജ്ഞാസയോടെ ചേട്ടനെ നോക്കി.

“എപ്പോലിയൻ N7C എന്നത് കളിമണ്ണും പ്ലാസ്റ്റർഓഫ്‌ പാരീസും കൂട്ടികുഴച്ചു പ്രതിമകൾ നിർമ്മിക്കുമ്പോൾ ഉറപ്പ്കിട്ടാൻ വേണ്ടി അതിൽ ഞാൻ ചേർക്കുന്നൊരു കെമിക്കലാണ്, പക്ഷെ അതിന് മറ്റൊരു ഉപയോഗം കൂടിയുണ്ട്. അഴുകിതുടങ്ങുന്ന മാംസത്തിന്റെ ദുർഗന്ധം അകറ്റാനാണ് പൊതുവെ എപ്പോലിയൻ എന്ന് പേരുള്ള ദ്രാവകത്തെ ഉപയോഗിക്കുന്നത്.. ”

ചേട്ടൻ അത് വിശദീകരിച്ചപ്പോൾ അല്പനേരത്തെ നിശബ്ദതക്ക് ശേഷം ഞാൻ വീണ്ടും സംസാരിക്കാൻ ആരംഭിച്ചു.

“ചേട്ടന് ഒരുവർഷം മുൻപ് നടന്ന ഈകാര്യം ഇപ്പോൾ ഓർത്തെടുക്കാൻ കഴിഞ്ഞില്ലേ ? അതുപോലെ രാവുണ്ണിനായരുടെ തല എവിടെയുണ്ട് എന്നതും ഒന്ന് ഓർക്കാൻ ശ്രമിച്ചൂടെ..? ”

ആ ചോദ്യം കേട്ട് എന്നെയൊന്ന് തറച്ചുനോക്കിയതിന് ശേഷം ശശിചേട്ടൻ മുറിയിൽനിന്ന് ഇറങ്ങിപോയപ്പോൾ ഇനിയെന്തു ചെയ്യും എന്നറിയാതെ പിറകിലെ ചുമരിൽ ചാരി ഞാനങ്ങിനെ നിന്നു.

പെട്ടന്ന് എന്റെ കൈതട്ടിയിട്ടാവണവം ഭിത്തിയിൽ ആണിയിൽ തൂക്കിയിട്ടിരിക്കുന്ന പ്ലാസ്റ്റിക്ക് സഞ്ചി നിലത്തേക്ക് വീണത്. താഴെ ചെരിഞ്ഞു കിടക്കുന്ന സഞ്ചിയിൽനിന്ന് പുറത്തേക്ക് ഉരുണ്ടിറങ്ങിയ വസ്തുക്കളെ കണ്ടതും എന്റെ അടിവയറ്റിലൂടെ ഒരു കൊള്ളിയാൻ മിന്നിപാഞ്ഞു.

അത്,… അത്.. തലയോട്ടിയായിരുന്നു.!! വികൃതമായി വാ തുറന്ന് പല്ലിളിച്ച രൂപത്തിലുള്ള മനുഷ്യ തലയോട്ടി..

പക്ഷെ അത് ഒന്നല്ല രണ്ടെണ്ണമുണ്ടായിരുന്നു. !!!

##############################

“ഡാ ശംഭു, കാണാതായ തല കിട്ടി, നീ എവിട്യാ? ” മൊബൈലിൽ അത് ചോദിക്കുമ്പോൾ അങ്ങേതലക്കൽനിന്ന് ശംഭുവിന്റെ ശബ്ദം ഉയർന്നു കേട്ടു.

“അളിയാ ഞാനീ സ്കൂളിന്റെ മണ്ടയിൽനിന്ന് ഇറങ്ങീട്ടില്ല, ഓടെല്ലാം ഇറക്കികഴിഞ്ഞപ്പോ പടിഞ്ഞാറുന്ന് ഒരു മഴക്കോള് കണ്ടു. ഇവിടുത്തെ പ്യുൺ ടാർപ്പായ എടുക്കാൻ പോയിട്ടുണ്ട്. മഴകൊണ്ടാൽ ഒള്ള പട്ടികയും കഴുക്കോലുമെല്ലാം ദ്രവിച്ചുപോകും. എന്തായാലും ഇതൊക്കെയൊന്ന് മൂടിയിട്ട് ഞാനിതിന്റെ മോളിന്ന് ഇറങ്ങുമ്പോ നിന്നെ വിളിക്കാം. പേടിക്കണ്ട പരിപാടി നമുക്ക് ഇന്ന് രാത്രി തന്നെ സെറ്റാക്കാം.. ”

“ശരി നീ വിളിക്ക്.. ” അത് പറഞ്ഞുകൊണ്ട് മൊബൈൽ കട്ട് ചെയ്യുമ്പോഴാണ് പാർവ്വതിയെപറ്റി ഓർത്തത്. ഇന്നലെ രാത്രിയും ഇന്ന് ഇത്രേം നേരായിട്ടും വിളിച്ചിട്ടില്ല അവളെ. പിണങ്ങികാണും പെണ്ണ്.

“ലവ് യൂ ഡിയർ, നാളെ നേരിട്ട് കാണാട്ടോ, കൊറച്ചു തിരക്കിലായിപോയി.. ”

അങ്ങിനെയൊരു വാട്സാപ്പ് മെസ്സേജ് പാർവ്വതിക്ക് അയച്ചതിനു ശേഷം ഇന്ന് രാത്രിയോടെ പ്രശ്നങ്ങളിൽ ചിലതെല്ലാം അവസാനിക്കുമല്ലോ എന്നോർത്ത് സ്വയം സമാധാനിച്ചങ്ങിനെ ബെഡിൽ മലർന്ന് കിടക്കുമ്പോൾ എനിക്ക് മുകളിലെ മച്ചിൻപുറത്ത് രാവുണ്ണിനായരും തലയില്ലാതെ മലർന്നങ്ങിനെ കിടപ്പുണ്ടായിരുന്നു.

##############################

അമ്പലത്തിലെ ഓഫീസിൽ ഇരുന്ന് പ്രസിഡന്റ് ശേഖരൻ തന്റെ മുൻപിൽ കസേരയിൽ ഇരിക്കുന്ന കമ്മിറ്റി അംഗങ്ങളെ ഒന്ന് ചൂഴ്ന്നുനോക്കികൊണ്ട് സംസാരിക്കാൻ തുടങ്ങി.

” ഇന്ന് രാവിലെ ഈ ക്ഷേത്രത്തിന്റെ പുനരുദ്ധാരണപ്രവർത്തനങ്ങളുടെ ഭാഗമായി അഷ്ടമംഗല്യപ്രശ്നം വെച്ചുനോക്കിയപ്പോൾ അറിഞ്ഞ വിവരങ്ങൾ നിങ്ങൾക്കേവർക്കും അറിവുള്ളതാണല്ലോ.. അതിൽ പറയുന്നത് പ്രകാരം അതിപുരാതനകാലത്തു പേരുകൊണ്ടും പ്രശസ്തികൊണ്ടും സമ്പന്നമായിരുന്നു നമ്മുടെ ഈ ക്ഷേത്രം. എന്നാൽ ടിപ്പുസുൽത്താന്റെ പടയോട്ടകാലത്ത് അദ്ദേഹത്തിന്റെ സൈന്യം ഈ വഴി വന്നെന്നും അദ്ദേഹത്തിന്റെ പടയാളികൾ ക്ഷേത്രത്തെ ഭാഗികമായി തകർത്തു ഇവിടെ സ്ഥാപിച്ചിരുന്ന സ്വർണം പതിച്ച കൊടിമരം തൊട്ടടുത്തുള്ള ചതുപ്പിലേക്കെറിഞ്ഞു എന്നുമാണ് അഷ്ട്ടമംഗല്യത്തിൽ അറിയുവാൻ കഴിഞ്ഞത്. ആ ചതുപ്പ് മണ്ണിട്ട് നികത്തിയാണ് നമ്മൾ വിവാഹമണ്ഡപം നിർമ്മിക്കാൻ ഉദ്ദേശിച്ചിരുന്നത്. പക്ഷെ അതിന് മുൻപ് ചേറിൽ പുതഞ്ഞുപോയ ക്ഷേത്ര കൊടിമരം കണ്ടെത്തേണ്ട ബാധ്യത ഈ കമ്മിറ്റിക്കുണ്ടെന്നാണ് എന്റെ അഭിപ്രായം.”

ക്ഷേത്രം പ്രസിഡന്റിന്റെ ആ അഭിപ്രായത്തോട് അവിടെ കൂടിയിരുന്ന ക്ഷേത്രം കമ്മിറ്റി ഭാരവാഹികൾ ആരും തന്നെ വിയോജിച്ചില്ലെന്ന് മാത്രമല്ല, വരും ദിവസങ്ങളിൽ തന്നെ ‘JCB’ ഉപയോഗിച്ച് ചതുപ്പിലെ ചെളി ആഴത്തിൽ ഇളക്കിമറിച്ചു സ്വർണ്ണം പതിപ്പിച്ച ക്ഷേത്രകൊടിമരം കണ്ടെത്താൻ ശ്രമിക്കാം എന്ന് അവർ അവിടെവെച്ചു തീരുമാനമെടുക്കുകയും ചെയ്തു.

അതേ സമയം വീടിന്റെ മച്ചിൻ മുകളിരുന്ന് രാവുണ്ണിനായരുടെ അസ്ഥികൂടം ഞാനൊരു വലിയ ചാക്കിനുള്ളിലേക്ക് ഇറക്കിവെക്കുകയായിരുന്നു. ഒപ്പം ഒരു തലയോട്ടിയും.. !!

തുടരും.
Sai Bro.

LEAVE A REPLY

Please enter your comment!
Please enter your name here