Home Latest അമ്പലത്തിന്റെ പിറകിലെ ചതുപ്പിനു ചുറ്റും നാട്ടുകാര് കൂടിയിട്ടുണ്ട്, ഒരു ജെസിബിയും വന്ന് നിൽപ്പുണ്ട്.. Part –...

അമ്പലത്തിന്റെ പിറകിലെ ചതുപ്പിനു ചുറ്റും നാട്ടുകാര് കൂടിയിട്ടുണ്ട്, ഒരു ജെസിബിയും വന്ന് നിൽപ്പുണ്ട്.. Part – 4

0
  1. Part – 3 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Sai Bro

ഉടലുണ്ട് തലയില്ല Part – 4

അതേ സമയം വീടിന്റെ മച്ചിൻ മുകളിരുന്ന് രാവുണ്ണിനായരുടെ അസ്ഥികൂടം ഞാനൊരു വലിയ ചാക്കിനുള്ളിലേക്ക് ഇറക്കിവെക്കുകയായിരുന്നു. ഒപ്പം ഒരു തലയോട്ടിയും.. !!

പെട്ടെന്ന് പോക്കറ്റിലെ മൊബൈൽ ശബ്‌ദിക്കുന്നതറിഞ്ഞു എടുത്തുനോക്കിയപ്പോൾ സ്‌ക്രീനിൽ ശംഭുവിന്റെ പേര് കണ്ടു. കാൾ അറ്റൻഡ് ചെയ്തതും അങ്ങേതലക്കൽ നിന്ന് അവന്റെ ശബ്ദം ഉയർന്നു കേട്ടു..

“അളിയാ എന്തായി..? ”

“ഞാൻ ദേ രാവുണ്ണിനായരെ ചാക്കിൽ കേറ്റി.. ”

“ആൾടെ തലയോ.? ”

“അതും ഇതിനകത്ത് ഇട്ടിട്ടുണ്ട് ”

“എന്നാപിന്നെ നീ അമ്പലപറമ്പിലേക്ക് പോരെ, അപ്പോഴേക്കും തൂമ്പയും കൊണ്ട് ഞാനവിടെ എത്തിയേക്കാം.. ”

കാൾ കട്ട്ചെയ്തതിന് ശേഷം ചാക്കും ചുമലിലിട്ട് ശബ്ദമുണ്ടാക്കാതെ പതിഞ്ഞ കാലടിയോടെ വീടിന് പുറത്തിറങ്ങി വീടിന് മുൻപിൽ ഒതുക്കിനിർത്തിയിട്ടിരുന്ന മാരുതി 800 കാറിന്റെ ഡിക്കിയിലേക്ക് രാവുണ്ണിനായരുടെ അസ്ഥിക്കൂടമടങ്ങുന്ന ചാക്ക് തിരുകിവെക്കുമ്പോൾ പെട്ടന്ന് പിറകിൽ നിന്നൊരു ശബ്ദം മുഴങ്ങി.

“നീയിത് എവിടെക്കാ കൊണ്ട് പോണേ.. ”

ഞെട്ടിതിരിഞ്ഞു നോക്കിയപ്പോൾ ശശിചേട്ടൻ ഉമ്മറത്തെ തൂണിൽ ചാരിനിൽക്കുന്നു.

“ഇത് നിധിയൊന്നുമല്ലലോ, തട്ടിൻമുകളിൽ ഒളിപ്പിച്ചുവെച്ചു ഭൂതത്തെപോലെ ഇതിന് കാവലിരിക്കാൻ..” ഞാനത് അൽപ്പം ദേഷ്യത്തോടെ പിറുപിറുത്തപ്പോൾ ചേട്ടൻ ഒന്നും മിണ്ടാതെ എന്നെതന്നെ തറച്ചുനോക്കി നിൽപ്പുണ്ടായിരുന്നു.

“ഈ അസ്ഥികൂടം വീട്ടിലുള്ളിടത്തോളം കാലം എനിക്ക് മനസമാധാനം ഒണ്ടാവുകേല.അതോണ്ട് ഞാനിത് എവിടേലും കൊണ്ടോയി കളയാൻ തിരുമാനിച്ചു.. ” അതും പറഞ്ഞുകൊണ്ട് ഞാൻ കാറിന്റെ ഡിക്കി അടച്ചപ്പോൾ ശശിചേട്ടൻ ചവിട്ടുപടികളിറങ്ങി താഴേക്ക് വന്ന് എന്റെ മുൻപിലായി വന്നുനിന്നു.

“എന്റെ സുരക്ഷക്ക് വേണ്ടിയാണ് നീയിത് ചെയ്യുന്നതെങ്കിൽ അതിന്റെ ആവശ്യമില്ലായിരുന്നു. കുറ്റം ചെയ്തവൻ എന്തായാലും ശിക്ഷിക്കപ്പെടും. മനസ്സുകൊണ്ട് ഞാനതിന് ഒരുങ്ങുകയായിരുന്നു ഈ ഒരുവർഷം കൊണ്ട്.എന്റെ തെറ്റുകളിൽ പങ്കുചേർന്ന് നീ നിന്റെ ഭാവി വെറുതെ കളയണ്ട.” തത്വചിന്തകനെ പോലെ ചേട്ടനത് എന്നെ നോക്കി പറയുമ്പോൾ ഞാനൊരു പുച്ഛം നിറഞ്ഞ ചിരിചിരിച്ചു.

“ഞാനിതെല്ലാം ചെയ്യുന്നത് എന്റെ ഭാവി സേഫ് ആക്കുവാൻ വേണ്ടിയാണ്. ഓരോന്ന് സ്വയം ഒണ്ടാക്കി വെച്ചിട്ട് ബാക്കിയൊള്ളോരുടെ മനസമാധാനം പോയി.., തല്ക്കാലം ഈ തത്വശാസ്ത്രം കേൾക്കാൻ എനിക്കൊട്ടും സമയവുമില്ല, താല്പര്യവുമില്ല.എന്താ ചെയ്യണ്ടേന്ന് എനിക്കറിയാം.” അത് പറഞ്ഞുകൊണ്ട് കാറിന്റെ ഡ്രൈവിങ് സീറ്റിൽ കയറാൻ നേരം തലചെരിച്ചു ഞാൻ ചേട്ടനെയൊന്ന് നോക്കി.

“പിന്നേ, ഈ വീട്ടിലുള്ളത് ചേട്ടന്റെ അമ്മേം അനിയനുമാണ്.. ചേട്ടനെ ഞങ്ങൾ എപ്പോഴെങ്കിലും എന്തെങ്കിലും രീതിയിൽ ഉപദ്രവം ചെയ്തിട്ടുണ്ടെങ്കിൽ അങ്ങ് ക്ഷമിച്ചേക്കണം, അല്ലാതെ പ്രാന്ത്മൂത്ത് ഞങ്ങളേം കൊന്ന് മച്ചിൻപുറത്ത് കേറ്റരുത്..”

അത്രേം പറഞ്ഞുകൊണ്ട് ധൃതിയിൽ കാർ സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ടെടുക്കുമ്പോൾ ഇടിമുഴക്കത്തോടെ വലിയൊരു മഴ ഭൂമിയിലേക്ക് പെയ്തിറങ്ങുന്നുണ്ടായിരുന്നു. ആ മഴ നനഞ്ഞു ഒരു ശിലപോലെ ചേട്ടൻ മുറ്റത്തങ്ങിനെ നിൽക്കുന്നത് ഞാൻ സൈഡ് മിററിലൂടെ നോക്കി കണ്ടു.

ഹെഡ് ലൈറ്റ് ഓഫ്‌ ചെയ്തു കാർ അമ്പലത്തിന് പിറകിലെ ചതുപ്പിനരികെ ഒതുക്കിനിർത്തുമ്പോൾ അവിടെ അക്ഷമനായി ശംഭു നിൽപ്പുണ്ടായിരുന്നു.

“എന്ത് മറ്റേടത്തെ പണിയാ ശേഖറേ നീ കാട്ടിയത്. ഞാനിത് എത്രനേരമായി നിന്നെകാത്ത് ഇവിടെ നിൽക്കുന്നു. മൊബൈലിൽ വിളിച്ചിട്ടാണെങ്കിൽ എടുക്കുന്നുമില്ല. നീയെന്താ ഇത്രേം താമസിച്ചേ..? ” ഡോർ തുറന്ന് മുഖത്തെയും തലയിലെയും വെള്ളം തുടച്ചുമാറ്റി കാറിൽനിന്ന് ഞാനിറങ്ങുമ്പോൾ ശംഭു ചീറിക്കൊണ്ട് എന്റെ നേരെ വരുന്നുണ്ടായിരുന്നു.

“വരുന്ന വഴിക്ക് കാറിനൊരു പഞ്ചർ കിട്ടീടാ, പെയ്ത മഴ മുഴേനും കൊണ്ട് ടയർ മാറ്റിയിടാൻ കൊറച്ചു നേരമെടുത്തു, അതാ വൈകിയത്.. നീയൊന്ന് ക്ഷമിക്ക്.. ” ഞാനെന്റെ നിസ്സഹായത അവനോട് വെളിപ്പെടുത്തി..

“ശരി, ആദ്യം നമുക്കാ ചതുപ്പിൽ പോയി ഒരു കുഴിയെടുക്കാം എന്നിട്ട് ബാക്കി നോക്കാം ” ശംഭു അത് പറഞ്ഞുകൊണ്ട് തൂമ്പയുമെടുത്തു മുൻപേ നടന്നപ്പോൾ മറുത്തൊന്നും പറയാതെ ഞാനും അവനുപിറകെ ധൃതിയിൽ ചതുപ്പിനെ ലക്ഷ്യമാക്കി നടന്നു.

ചതുപ്പിലെ ചളികോരി ആഴത്തിലൊരു കുഴിയെടുത്തതിന് ശേഷം കാറിന്റെ ഡിക്കിയിൽ നിന്ന് ചാക്കുംചുമന്ന് വന്ന് അതിലെ ഉടലില്ലാത്ത അസ്ഥിക്കൂടവും, ഒപ്പം തലയോട്ടിയും പുറത്തേക്കെടുക്കാൻ നേരത്ത് ഞാൻ മുൻപേ കരുതിയിരുന്ന കയ്യുറകൾ ശംഭുവിന് നേരെ നീട്ടി..

“ഇത് കയ്യിലിട്, വിരലടയാളം വരണ്ട..”

ഗ്ലൗസണിഞ്ഞ കൈകൾകൊണ്ട് അസ്ഥിക്കൂടവും തലയോട്ടിയും ആ കുഴിയിലേക്കിട്ട് മണ്ണിട്ട് മൂടികഴിയുമ്പോൾ എന്റെ നെഞ്ച് പടപടാ ഇടിക്കുന്നുണ്ടായിരുന്നു.

“അളിയാ, നമ്മൾ രണ്ടുപേരുമല്ലാതെ മൂന്നാമതൊരാൾ കൂടി ഇതെല്ലാം കാണുന്നുണ്ട് ട്ടാ” അമ്പലകുളത്തിലിറങ്ങി കൈകാലുകളിൽ പറ്റിപിടിച്ചിരിക്കുന്ന ചളി ഉരച്ചുകഴുകുമ്പോൾ ശംഭു ആ പറഞ്ഞതുകേട്ട് ഉള്ളാന്തികൊണ്ട് ഞാൻ ചുറ്റിനും നോക്കി..

“അതാരാ..? ”

” ഈ അമ്പലത്തിനകത്തെ ഭഗവതി.. അല്ലാതാര്.. ”

“ഹോ, കാലമാടാ, നീയെന്നെ പേടിപ്പിച്ചു കളഞ്ഞല്ലോ.. ” അത് പറഞ്ഞുകൊണ്ട് ഞാനൊരു നെടുവീർപ്പുതിർത്തു.

“ദേവ്യേ കാത്തോളണേ.. ”

അങ്ങനെ പിറുപിറുത്തുകൊണ്ട് ശംഭു അമ്പലത്തിന്റെ മതിൽകെട്ടിന് പുറത്തു തൊഴുതുനിൽക്കുമ്പോൾ അതുവരെ ദൈവഭക്തി ഇല്ലാതിരുന്ന ഞാൻ മടക്കികുത്തിയിരുന്ന ഉടുമുണ്ടിന്റെ കുത്തഴിച്ചിട്ടതിന് ശേഷം അവനൊപ്പം നിന്ന് അമ്പലത്തിലേക്ക് നോക്കി ജീവിതത്തിൽ ആദ്യമായൊന്ന് കൈകൂപ്പി. അല്ലെങ്കിലും ലൈഫിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ വരുമ്പോഴാണല്ലോ മനുഷ്യർ പ്രധാനമായും ദൈവത്തിനെ വിളിച്ചു പ്രാർത്ഥിക്കുന്നത്..

പിറ്റേന്ന് രാവിലെ നേരംവെളുത്തു എന്നറിഞ്ഞിട്ടും എണീക്കാനുള്ള മടികൊണ്ട് ബെഡിൽ കമിഴ്ന്നു തേരട്ടപോലെ ചുരുണ്ടുകിടക്കുമ്പോഴാണ് ശംഭു ഒടികിതച്ചുകൊണ്ട് ബെഡ്റൂമിലേക്ക് പാഞ്ഞു കേറിവന്നത്.

“ശേഖറേ എണീക്ക്, എണീക്ക്, അവിടാകെ പ്രശ്നായീന്നാ തോന്നണേ.. ” അവൻ തോളത്തു തട്ടി വിളിച്ചപ്പോൾ ഉറക്കത്തിൽ അഴിഞ്ഞുപോയ ലുങ്കി തപ്പിയെടുത്തു ബെഡിൽ നിന്ന് ചാടി എണീറ്റ് ഞാൻ ശംഭുവിനെ നോക്കി..

“എന്ത്രാ, എന്തുപറ്റി..? ” ആശങ്കയോടെ ഞാനത് ചോദിക്കുമ്പോൾ മേശയിൽ ഇരുന്നിരുന്ന മൺകൂജയിൽ നിന്ന് വെള്ളമെടുത്തു ആർത്തിയോടെ വായിലേക്കൊഴിക്കുകയായിരുന്നു ശംഭു.

” അമ്പലത്തിന്റെ പിറകിലെ ചതുപ്പിനു ചുറ്റും നാട്ടുകാര് കൂടിയിട്ടുണ്ട്, ഒരു ജെസിബിയും വന്ന് നിൽപ്പുണ്ട്.. ”

“ജെസിബിയോ? അതെന്തിനാ..? ” ഞാൻ ഭീതിയോടെ അവനോട് ചോദിച്ചു.

“പണ്ടെങ്ങാണ്ടോ ചതുപ്പിനകത്തു ആ അമ്പലത്തിന്റെ കൊടിമരം പൂണ്ടുപോയിട്ടുണ്ടെന്ന് അഷ്ട്ടമംഗല്യ പ്രശ്നം വെച്ചപ്പോൾ തെളിഞ്ഞിരുന്നത്രെ.അത് മാന്തിനോക്കാനാ അമ്പലകമ്മിറ്റി ജെസിബി കൊണ്ടുവന്നിരിക്കുന്നത്. പണിപാളീന്നാ തോന്നണേ.. ” നെഞ്ചുഴിഞ്ഞുകൊണ്ട് ശംഭു അത് പറയുമ്പോൾ എന്റെ ചങ്കിനകത്തു പാഞ്ചാരിമേളം മുഴങ്ങിതുടങ്ങിയിരുന്നു.

“നീ വാ, നമുക്ക് അവിടം വരെ പോയിനോക്കാം ” ശംഭു അത് പറഞ്ഞുകൊണ്ട് മുറിക്ക് പുറത്തിറങ്ങിയപ്പോൾ ഞാൻ തലകുനിച്ചു കട്ടിലിന് താഴെക്കൊന്ന് നോക്കി.

‘അവിടെയൊരു തലയോട്ടി സഞ്ചിയിൽ പൊതിഞ്ഞു ഭദ്രമായി ഇരിപ്പുണ്ടായിരുന്നു.. !!’

അമ്പലപറമ്പിലെ ആ ചതുപ്പിനുചുറ്റും നാട്ടുകാർ ഈച്ചപൊതിയുംപോലെ വന്നുചേരുന്നുണ്ടായിരുന്നു, ഒപ്പം ഏതോ ലോക്കൽ ടിവി ചാനലിന്റെ ആളുകളും വിവരമറിഞ്ഞു അവിടേക്കെത്തിയിരുന്നു. ജെസിബിയുടെ യന്ത്രകൈകൾ ചതുപ്പിലെ ചളിയിലേക്ക് ഓരോ തവണയും പൂണ്ടിറങ്ങുമ്പോൾ ആകാംഷയോടെ നോക്കിനിൽക്കുന്നവർക്കിടയിൽ ഞാനും ശംഭുവും നിൽപ്പുണ്ടായിരുന്നു, ഉള്ളിലെ പരിഭ്രമവും പേടിയും മുഖത്തു കാണിക്കാതെ ആ നാട്ടുകാരിലൊരാളായി.

പെട്ടെന്നായിരുന്നു ചളിക്കിടയിൽ പൂണ്ടിറങ്ങിയ ജെസിബിയുടെ യന്ത്രകൈ മുകളിലേക്കുയർന്നുവന്നത്. അതിനുള്ളിൽ കട്ടചേറിനൊപ്പം ഒരു മനുഷ്യന്റെ തലയോട്ടി ഉയർന്നുവരുന്നത് കണ്ട് നാട്ടുകാർ ഭയന്ന് പിറകിലേക്ക് മാറുമ്പോൾ ശ്വാസം നിലച്ചപോലെ ഞാനും ശംഭുവും മുഖാമുഖം നോക്കി..

“നമ്മള് പെട്ട് മോനേ, എല്ലാം തീർന്നു.. “ശംഭു ഒരു നിലവിളിയോടെ അത് പറയുമ്പോൾ ആ കൈതണ്ടയിൽ പിടിച്ചു വലിച്ചുകൊണ്ട് ഞാനവനേയും കൊണ്ട് ആൾകൂട്ടത്തിൽനിന്ന് പുറത്തേക്ക് കടക്കാൻ ശ്രമിച്ചു. അതേ സമയത്താണ് അരികിൽ നിന്നിരുന്ന ഒരു വല്യപ്പൻ ഞങ്ങളെ തടഞ്ഞുനിർത്തികൊണ്ട് എന്റെ കണ്ണിലേക്ക് ഉറ്റുനോക്കിയത്.

“ഇത്ര തിരക്കിട്ട് എവിടെ പോണ് രണ്ട് പേരുംകൂടി..? ”

വല്യപ്പന്റെ ചോദ്യം കേട്ട് ഉള്ളൊന്ന് കിടുത്തുകൊണ്ട് ഞാൻ ശംഭുവിനെ നോക്കി.. എന്നെക്കാൾ ദയനീയമായിരുന്നു ശംഭുവിന്റെ അവസ്ഥ.പൊലീസിന് മുൻപിൽ കീഴടങ്ങിയ കുറ്റവാളിയെപോലെ അവൻ ആ വല്യപ്പന് മുൻപിൽ തലകുനിച്ചു നിൽക്കുന്നത് കണ്ടപ്പോൾ ആ വായിൽനിന്ന് സത്യമെന്തെങ്കിലും പുറത്തുവരുമെന്ന് ഞാൻ ഊഹിച്ചു..

“അത് പിന്നെ, ഞങ്ങൾക്ക് പോയിട്ട് കൊറച്ചു തിരക്കുണ്ടാർന്നു.. അതാ..” ഞാൻ പെട്ടെന്നത് പറഞ്ഞപ്പോൾ പുള്ളിക്കാരന്റെ മുഖഭാവം മാറി ഗൗരവപൂർണ്ണമായി, കണ്ണുകളൊന്ന് കുറുകി ചെറുതായി..

“എല്ലാം എനിക്കറിയാം മക്കളെ, ഇത് കൂടോത്രമാണ്.. ഈ ദേശവും അമ്പലവും മുടിഞ്ഞുപോകാൻ ഏതോ സാമദ്രോഹി കൂടോത്രം ചെയ്തു കുഴിച്ചിട്ടതാണ് ആ തലയോട്ടി.., എന്തായാലും ഇനി നമ്മളെല്ലാരം സൂക്ഷിക്കണം..” എന്തോ വല്യകാര്യം കണ്ടുപിടിച്ചതുപോലെ വല്യപ്പൻ ഞങ്ങളുടെ മുൻപിൽ നിന്ന് അത് പറഞ്ഞു തീർന്നപ്പോഴാണ് ഞങ്ങൾ നിലച്ചുപോയ ശ്വാസം വീണ്ടെടുത്തത്..

” ശര്യാ, ഇത് കൂടോത്രം തന്നെ, മിക്കവാറും ദിഗംബരൻ ആവും ഇത് ചെയ്തത്.. ” അതും പറഞ്ഞുകൊണ്ട് ഞങ്ങൾ മുൻപോട്ട് നടക്കുമ്പോൾ വല്യപ്പൻ പിറകിൽനിന്ന് സ്വയം ചോദിക്കുന്നത് കേട്ടു..

“അല്ല, ആരാണീ ദിഗംബരൻ..? ”

##############################

അന്ന് പകൽ മുഴുവനും വീട്ടിലേക്ക് പോകാതെ ഞാനും ശംഭുവും പലയിടങ്ങളിമായി പലതും ചിന്തിച്ചിരുന്നു സമയം തള്ളിനീക്കി..അതിനിടയിൽ അമ്പലപറമ്പിലെ ചതുപ്പിൽ നിന്ന് മനുഷ്യന്റെ തലയോട്ടിയും അസ്ഥിക്കൂടവും കണ്ടെത്തിയെന്നും പോലീസ് സ്ഥലത്തെത്തി അസ്ഥികൂടം തുടർനടപടികൾക്കായി ഫോറെൻസിക്ക് ലാബിലേക്ക് മാറ്റിയെന്നുമുള്ള വാർത്തകൾ ഞങ്ങളറിഞ്ഞിരുന്നു.

“അളിയാ, നമുക്ക് നാടുവിടാം അതാ നല്ലത്. എന്തായാലും ആ അസ്ഥിക്കൂടം രാവുണ്ണിനായരുടേതാണെന്ന് പോലീസ് കണ്ടെത്തും. അത് വഴി നിന്റെ ചേട്ടനെയും പോലീസ് പൊക്കും. മച്ചിൻപുറത്തു കിടന്നിരുന്ന അസ്ഥികൂടം ചതുപ്പിൽ കൊണ്ട് കുഴിച്ചിട്ടത് നമ്മളാണെന്ന് ഉറപ്പായും നിന്റെ ചേട്ടൻ പോലീസിൽ പറയുകയും ചെയ്യും. നമ്മള് പെട്ട്.. അത് ഉറപ്പിച്ചോ..”

കൊച്ചുകുഞ്ഞിനെപോലെ ഏങ്ങികരഞ്ഞുകൊണ്ട് ശംഭു അത് പറയുമ്പോൾ അവനെ എന്ത് പറഞ്ഞാശ്വസിപ്പിക്കണം എന്നറിയാതെ ഞാൻ പകച്ചിരുന്നു.

അതേ സമയം ലാബിലെ ടേബിളിൽ ആ അസ്ഥികൂടത്തെ പരിശോധിച്ചുകൊണ്ടിരുന്ന ഫോറൻസിക് വിദഗ്ധരിൽ ഒരാൾ പുറത്തു ആകാംക്ഷയോടെ കാത്തിരുന്ന സ്ഥലം സർക്കിൾ ഇൻസ്പെക്റ്ററുടെ അരികിലേക്കെത്തി.

“സർ ഈ കൊണ്ടുവന്നിരിക്കുന്നത് മനുഷ്യന്റെ അസ്ഥികൂടമല്ല, ഇതൊരു ഡമ്മിയാണ്. കൃത്യമായി പറഞ്ഞാൽ പ്ലാസ്റ്റർ ഓഫ്‌ പാരീസിൽ ഏതോ ശില്പി വളരെ വിദഗ്ധമായി തീർത്ത ഒരു ഡമ്മി അസ്ഥിക്കൂടവും തലയോട്ടിയുമാണ് നമുക്ക് കിട്ടിയിരിക്കുന്നത്..”

തുടരും.
Sai Bro.

LEAVE A REPLY

Please enter your comment!
Please enter your name here