Home Latest എന്താണെന്ന് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ കുറച്ചു സമയമെടുത്തു.. അപ്പോഴേക്കും ആരോ വന്നു കൈപിടിച്ചു…

എന്താണെന്ന് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ കുറച്ചു സമയമെടുത്തു.. അപ്പോഴേക്കും ആരോ വന്നു കൈപിടിച്ചു…

0

ജീവിത താളം

രചന : Nitya Dilshe

“‘”വേദിയിൽ അടുത്തതായി ഇന്റർസോൺ കലാതിലകം നിത്യ ജയറാമിന്റെ മോഹിനിയാട്ടം..”‘ മൈക്കിലൂടെ അന്നൗൻസ്‌മെന്റ് മുഴങ്ങി കേട്ടു..

കോളേജിലെ ആർട്‌സ് ഡേ ആണ്..
ഗുരുക്കന്മാരെ മനസ്സിൽ ധ്യാനിച്ചുകൊണ്ടു സ്റ്റേജ് തൊട്ടുവണങ്ങി വലതു കാൽ വച്ചു കയറി..

3വയസ്സുമുതൽ ചിലങ്ക കെട്ടി തുടങ്ങിയതാണ്..ഒരുപാട് സ്റ്റേജുകൾ പിന്നിട്ടത് കൊണ്ടു പേടി തോന്നിയില്ല…

“പൂരയ കർമ്മേ… നൈഷധ ചരിതം…🎵🎵

മതിമറന്നു നൃത്തം ചെയ്യുമ്പോൾ പെട്ടെന്ന് പാട്ടു നിന്നു..

കുട്ടികളുകളുടെ കൂവലുകളും വിസിലടികളുമാണ് പിന്നീട് കേൾക്കുന്നത്…താഴ്ന്നു തുടങ്ങുന്ന കർട്ടൻ…

എന്താണെന്ന് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ കുറച്ചു സമയമെടുത്തു.. അപ്പോഴേക്കും ഫ്രണ്ട്‌സ് ആരോ വന്നു കൈപിടിച്ചു..

“”ആരോ പവർ ഓഫ് ചെയ്തതാണ്..”എന്നു അവ്യക്തമായി കേട്ടു..ആദ്യത്തെ അനുഭവമായത് കൊണ്ടാവും കണ്ണുകൾ നിറഞ്ഞൊഴുകി..ചിലങ്കകൾ അഴിച്ചു മാറ്റുമ്പോൾ മിഴിനീർ മുത്തുകൾ ചിലങ്ക മണികളിലിൽ വീണു ചിതറി…

“”നിത്യ, ഒന്നുകൂടി ചെയ്താലോ…ഇനി പ്രോബ്ലെംസ് ഉണ്ടാവില്ല..ഞങ്ങൾ ഉറപ്പു തരുന്നു..””
യൂണിയൻ ഭാരവാഹികളിലൊരാളാണ്..

“വേണ്ട..ഇനി വയ്യ..” പറയുമ്പോൾ ശബ്ദം ഇടറിയിരുന്നു..ബാഗുമെടുത്തു പുറത്തേക്കു നടന്നു..

പിറ്റേന്ന് കോളേജിലേക്ക് വരുമ്പോൾ ഗേറ്റിനടുത്തു കൂട്ടം കൂടി നിൽക്കുന്നവരിലേക്കു നോക്കി സരയൂ പറഞ്ഞു..””ആ ബ്ലൂ ഷർട്ട് ഇട്ടവനാടി ഇന്നലെ പവർ ഓഫ് ചെയ്‌തയ്ത്‌..ദർശൻ എന്നാണെന്ന് തോന്നുന്നു പേര്…”

അലങ്കോലമായ മുടി കൈകൊണ്ടൊതുക്കി കൊണ്ട് അവൻ തിരിഞ്ഞു നോക്കി..കൊല്ലാനുള്ള ദേഷ്യത്തോടെ ഞാനും..നടക്കുന്നതിനിടയിൽ തിരിഞ്ഞു നോക്കിയപ്പോൾ അവൻ എന്നെത്തന്നെ നോക്കി നിൽക്കുന്നത് കണ്ടു..

ക്ലാസ്സിൽ വന്നിരുന്നപ്പോൾ കണ്ടു..എന്റെ ഡെസ്കിൽ ‘ സോറി ‘ എന്നെഴുതിയ ഒരു സ്റ്റിക്കി നോട്ട്.. ചുറ്റും നോക്കിയപ്പോൾ ക്ലാസ്സിലെ കുട്ടികളെ യെല്ലാതെ മറ്റാരെയും കണ്ടില്ല..

ബ്രേക്ക് ടൈമിൽ ഭാരവാഹികൾ വന്നു കണ്ടു..
“”നിത്യ, ഒരു കംപ്ലൈന്റ് എഴുതി തരൂ,..രാഷ്രീയനേതാവിന്റെ മകനായതുകൊണ്ട് ആക്ഷൻ എടുക്കാൻ പ്രിൻസിക്കൊരു മടി…

അങ്ങനെയങ്ങു വിട്ടു കൊടുക്കാൻ പറ്റില്ലല്ലോ..ഭരിക്കുന്നതവരാണെങ്കിലും നമ്മളാരെന്നു കാണിച്ചു കൊടുക്കാം..”

സംഭവം രാഷ്ട്രീയവൽക്കരിക്കാനുള്ള പുറപ്പാടിലാണെന്നു മനസ്സിലായി..

“”എനിക്കൊരു കംപ്ലയിന്റുമില്ല..എന്നെ വിട്ടേക്കു..ഈ കാര്യം പറഞ്ഞിനി വരണ്ട”.ദേഷ്യത്തോടെ അതും പറഞ്ഞു ഞാൻ ക്ലാസ്സിലേക്ക് കയറി.

ആൾടെ പേരു ദർശൻ എന്നാണെന്നും പി ജി ക്കു പഠിക്കുകയാണെന്നും അറിഞ്ഞു..പിന്നീട്‌ പലപ്പോഴും കണ്ടെങ്കിലും ആളെ നോക്കാതെ ഞാനും നടന്നു…

ഒരു ദിവസം ഫിസിക്സ് റെക്കോർഡ് സൈൻ ചെയ്യാൻ പോയി വരുമ്പോൾ കണ്ടു കോറിഡോറിൽ അവൻ…കൂടെ വാലുപോലെ ഒപ്പം കാണാറുള്ളവരും..

ഞാൻ വരുന്നത് കണ്ടാവണം കൂടെയുള്ളവന്മാരോട് എന്തോ പറഞ്ഞു..അവർ മാറിപ്പോകുന്നത് കണ്ടു..ഞാൻ ചുറ്റുമൊന്നു നോക്കി..ക്ലാസ് നടക്കുന്ന സമയമായത് കൊണ്ടു അധികമാരും പുറത്തില്ല..

മുൻപോട്ടു നടക്കണോ അതോ തിരിഞ്ഞോടണോ …..ഇടം കണ്ണിട്ടു നോക്കി അവൻ ചുമരിൽ ചാരി നിൽപ്പുണ്ട്..

ഉള്ളിലെ പഞ്ചാരിമേളം പുറത്തറിയാതിരിക്കാൻ ആവുന്നത്ര ശ്രമിച്ചു..കഷ്ടപ്പെട്ടു ധൈര്യം മുഖത്തു വരുത്തി ധൃതിയിൽ മുൻപോട്ടു നടന്നു..

അവന്റെ അടുത്തെത്തിയതും ഹൃദയം പുറത്തേക്കു ചാടിപ്പോകുമോ എന്നുപോലും ഭയന്നു..കാലുകൾ കുഴയുന്നപോലെ..മനസ്സിന്റെ വേഗത കാലുകൾക്ക് കിട്ടുന്നില്ല..

”നിത്യ, പ്ലീസ് വൺ മിനിട്ട് ” എന്നു പറഞ്ഞതും തടസ്സമായി ആൾ മുൻപിലേക്ക് നിന്നതും ഒരുമിച്ചായിരുന്നു..അതോടെ ഉണ്ടായിരുന്ന ധൈര്യം ചോർന്നു പോകുന്നതറിഞ്ഞു.. ശരീരം ചെറുതായി വിറച്ചു..

ഒരു നിമിഷം രണ്ടുപേരും കണ്ണിൽ കണ്ണിൽ നോക്കിനിന്നു..

“ഞാൻ നിങ്ങളോടു ..എന്ത് തെറ്റു ചെയ്തിട്ടാണ്..എന്നോടിങ്ങനെ..” വിറക്കുന്ന ചുണ്ടുകളോടെ മുഴുമിപ്പിക്കുമ്പോഴേക്കും ഞാൻ കരഞ്ഞുപോയിരുന്നു.

“”സോറി ..ഇതൊന്നു പറയാൻ കുറേനാളായി ഞാൻ നടക്കുന്നു..അന്ന് അറിഞ്ഞു കൊണ്ട് ചെയ്തതല്ല..എതിർ ടീമിനോടുള്ള ദേഷ്യം തീർത്തതാണ്.. എന്താണ് സ്റ്റേജിൽ എന്നുപോലും ശ്രദ്ധിച്ചില്ല..

സ്റ്റേജിൽ നമ്മുടെ എതിരാളിയാണ്.. .അഹങ്കാരിയാണ് എന്ന്‌ അരുൺ പറഞ്ഞപ്പോൾ….സത്യം പിന്നീടാണ് മനസ്സിലായത്..അതിനുള്ളത് അവനിട്ടു കൊടുത്തിട്ടുണ്ട്..

മനസ്സിലെ ഭയം പതിയെ മാറുന്നതറിഞ്ഞു..അതുവരെ താഴ്ന്നു നിന്ന എന്റെ മുഖം പതിയെ പൊങ്ങി..അവന്റെ മുഖത്തേക്ക് നോക്കി..കുറ്റം ചെയ്തു പിടിക്കപ്പെട്ട ഒരു കുഞ്ഞിന്റെ ഭാവം പോലെ തോന്നി..

ഇയാളെ മുൻപ് ഞാൻ കണ്ടിട്ടു പോലുമില്ല….അപ്പോൾ..അപ്പോഴങ്ങനെ ചെയ്യാനാണ് തോന്നിയത്..

അതിനുശേഷം സമാധാനമായി ഒന്നുറങ്ങിയിട്ടുപോലുമില്ല..ജീവിത്തിലാദ്യമായാണ് ഒരു പെണ്കുട്ടിയെ ഉപദ്രവിക്കുന്നത്..കംപ്ലൈയിൻറ്
ഇല്ലെന്നു പറഞ്ഞിരുന്നോ..ഞാൻ തയ്യാറാണ്…എന്ത് ശിക്ഷയും സ്വീകരിക്കാൻ…”

കിതപ്പോടെ അത്രയും പറഞ്ഞു നിർത്തിയപ്പോൾ അവനോടുണ്ടായിരുന്ന ദേഷ്യത്തിനു കുറച്ചോരയവു വന്നിരുന്നു..

ഒന്നും പറയാതെ അവന്റെ കണ്ണുകളിലേക്കു നോക്കി..സോറി എന്ന ദയനീയ ഭാവം തന്നെയാണാ കണ്ണുകളിൽ…

മുൻപോട്ടു നടക്കുമ്പോൾ,

“”എന്തെങ്കിലും ഒന്നു പറഞ്ഞിട്ടു പോകു ” എന്നു പറയുന്നുണ്ടായിരുന്നു..തിരിഞ്ഞു നോക്കാതെ നടന്നു..

മനസ്സിനകത്ത് വാദപ്രതിവാദങ്ങൾ നടക്കുകയായിരുന്നു..
മനസ്സ് അവൻ തെറ്റു ചെയ്തിട്ടുണ്ടെന്നു പറയുമ്പോഴും, ഹൃദയം അവന്റെ മാപ്പിന് വേണ്ടി വാദിക്കുന്നുണ്ടായിരുന്നു..

ദർശൻ പറഞ്ഞ അരുണിനെ പോകുന്ന വഴിയിൽ കണ്ടു..കൈ പ്ലാസ്റ്ററിലാണ്..ഇവൻ മുൻപ് ഞങ്ങളെ റാഗ് ചെയ്തിട്ടുണ്ടായിരുന്നു..

പിന്നീട് പ്രണയാഭ്യർഥന ആയി കുറെ പിന്നാലെ നടന്നിട്ടുണ്ട്…അതിന്റെ ദേഷ്യം തീർത്തതാവണം..എന്നെ കണ്ടപ്പോൾ കണ്ണുകളിൽ പഴയ പകയല്ല..ദയനീയതയാണ്..

പതിയെ പതിയെ ദർശനെ കാണുമ്പോൾ മുഖത്തൊരു പുഞ്ചിരി വിടരാൻ തുടങ്ങിയിരുന്നു ….പിന്നീടത് ഒന്നോ രണ്ടോ വാചകത്തിലെ കുശാലാന്വേഷണത്തിനു മറുപടിയും..
പിന്നീടെപ്പോഴോ പറയാതെ പറയുന്ന പ്രണയത്തിനും…

ഒരിക്കൽ ചോദിച്ചു..
“”നിത്യ, എന്റെ കൂടെ കൂടുന്നോ…ജീവിതാവസാനം വരെ.. ഈ നെഞ്ചിന്റെ താളം കേട്ടുറങ്ങാൻ..”

“”അത്രയും വലിയ റിസ്ക് എടുക്കണോ”‘ഒരു കുസൃതിച്ചിരിയോടെ മറുചോദ്യം ചോദിച്ചപ്പോൾ അവൻ പൊട്ടിച്ചിരിച്ചു..

“റിസ്‌കാണ്.. എങ്കിലും ക്ഷണിക്കുന്നു.തയ്യാറാണെങ്കിൽ വീട്ടുകാരെ കൂട്ടി വരാം നിന്റെ വീട്ടിലേക്ക്..”

ദർശൻ അമ്മയോടെല്ലാം പറഞ്ഞിരുന്നു..ഇതിങ്ങനെയെ അവസാനിക്കൂ എന്നമ്മക്കു ആദ്യേ തോന്നിയിരുന്നത്രെ..

അതുകൊണ്ടു വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ ഇരു വീട്ടുകാർക്കും സമ്മതം…എൻഗേജ്‌മെന്റ് നടത്തി ദർശനെ പൂട്ടിയിടാൻ അവർക്കായിരുന്നു തിടുക്കം…

മോതിരങ്ങൾ കൈമാറിയത്തിന് ശേഷം ദർശൻ എനിക്കൊരു ഗിഫ്റ്റ് തന്നു..തുറന്നു നോക്കിയപ്പോൾ എന്റെ കണ്ണുകൾ വിടർന്നു..ചുവപ്പിൽ സ്വർണനിറമാർന്ന മണികളുള്ള മനോഹരമായ രണ്ടു ചിലങ്കകൾ…

എന്റെ കാതോരം ചേർന്നു അവൻ ചോദിച്ചു..
“”ഇഷ്ടമായോ..കുറേയായി വാങ്ങിച്ചിട്ട്.. തരാൻ എന്തോ ഒരു വിഷമമോ പേടിയോ…ഇവിടെ വെച്ചു നീ എന്നെ തല്ലില്ലെന്ന ധൈര്യമാ..

ഒരാഗ്രഹം കൂടിയുണ്ട്..ഇതണിഞ്ഞു ഞാൻ പകുതിക്ക് വച്ചു നിർത്തിയ നിന്റെ നൃത്തം മുഴുവനും കാണണം…””

വിവാഹം രണ്ടുമൂന്നുവർഷം കഴിഞ്ഞാണ്..ഗുരുവായൂരിൽ വച്ച്….ഞങ്ങളും കാത്തിരിക്കുകയാണ് പ്രണയത്തിന്റെ ഇണക്കത്തോടെയും പിണക്കത്തോടെയും ആ ദിവസത്തിനു….

സ്നേഹത്തോടെ….

Nitya Dilshe

LEAVE A REPLY

Please enter your comment!
Please enter your name here