Home Latest മച്ചിനു മുകളിൽ നീണ്ടുനിവർന്നു കിടക്കുന്ന ആ അസ്ഥിക്കൂടം ആരുടേതായിരിക്കും? അതെങ്ങിനെ ഈ വീട്ടിൽ വന്നു? Part...

മച്ചിനു മുകളിൽ നീണ്ടുനിവർന്നു കിടക്കുന്ന ആ അസ്ഥിക്കൂടം ആരുടേതായിരിക്കും? അതെങ്ങിനെ ഈ വീട്ടിൽ വന്നു? Part -2

0

Part – 1 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Sai Bro

ഉടലുണ്ട് തലയില്ല Part – 2

എന്തോ ഒന്ന് നീളത്തിൽ മച്ചിനുമുകളിൽ പാകിയിരിക്കുന്ന പലകയിൽ നിവർന്നു കിടക്കുന്നു. അതെന്താ സംഭവം എന്നറിയാനുള്ള ആകാംക്ഷയിൽ മൊബൈൽ ടോർച്ചിന്റെ വെളിച്ചം അവിടേക്ക് പ്രകാശിപ്പിച്ചുകൊണ്ട് ഞാൻ രണ്ടടി മുൻപോട്ട് വെച്ചു.. ടോർച്ചിലെ പ്രകാശം നിലത്തുകിടക്കുന്ന ആ വസ്തുവിൽ പതിച്ചതും എന്റെ നട്ടെല്ലിലൂടെ ഒരു മിന്നൽപിണർ പാഞ്ഞതും ഒരുമിച്ചായിരുന്നു.

അത്…, അതൊരു അസ്ഥിക്കൂടമായിരുന്നു.

തലയില്ലാതെ ഉടൽമാത്രമുള്ള മനുഷ്യന്റെ അസ്ഥികൂടം !!

മലർന്ന് കിടക്കുന്ന ആ അസ്ഥിക്കൂടത്തിന്റെ നെഞ്ചുംകൂടിനുള്ളിൽ പങ്ങിപാത്തിരിക്കുന്ന വലിയ പൂച്ച ഒന്ന് മുരണ്ടപ്പോൾ ഞാൻ ഞെട്ടികൊണ്ട് രണ്ടടി പിറകോട്ട് വെച്ചു. ഉള്ളൊന്ന് ആന്തിയത് കൊണ്ടാകണം കയ്യിലിരിക്കുന്ന മൊബൈൽ പിടിവിട്ട് താഴേക്ക് വീണത്. താഴെനിന്ന് മൊബൈൽ പരതിയെടുത്തു ഗോവണി വഴി താഴെക്ക് വേഗത്തിൽ ഇറങ്ങുമ്പോൾ ശരീരം ആലിലപോലെ വിറക്കുന്നുന്നത് ഞാനറിയുന്നുണ്ടായിരുന്നു

മുറിയിൽ കയറി വാതിലടച്ചു മൺകൂജയിൽനിന്ന് വെള്ളമെടുത്തു ആർത്തിയോടെ കുടിക്കുമ്പോൾ മൊബൈൽ ശബ്‌ദിക്കുന്നുണ്ടായിരുന്നു.പാർവ്വതിയായിരുന്നു അത്. ആ കാൾ എടുക്കാതെ കട്ട്‌ ചെയ്ത് തളർച്ചയോടെ ബെഡിലേക്ക് ഇരുന്നുകൊണ്ട് അൽപ്പം മുൻപ് കണ്ട ആ കാഴ്ച്ചയെകുറിച്ച് ഞാൻ ഒന്നുകൂടി ആലോചിച്ചു.

മച്ചിനു മുകളിൽ നീണ്ടുനിവർന്നു കിടക്കുന്ന ആ അസ്ഥിക്കൂടം ആരുടേതായിരിക്കും? അതെങ്ങിനെ ഈ വീട്ടിൽ വന്നു? അതിന്റെ തല എവിടെ പോയി..? ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ മനസ്സിലങ്ങനെ കുമിളകളായി പൊട്ടിവിരിയുമ്പോൾ തട്ടിൻപുറത്ത് ആ വലിയ പൂച്ച ഒരെലിയെ വേട്ടയാടിപിടിക്കുകയായിരുന്നു.

കളിമണ്ണ് കുഴച്ചു ഒരു രൂപത്തിന്റെ തലഭാഗത്തു ചേർത്തുവെച്ച് മൃദുവായി തലോടി മിനുക്കുപണിയിൽ ഏർപ്പെട്ടുകൊണ്ടിരുന്ന ശശിചേട്ടന്റെ പിറകിൽ ഞാൻ വന്നുനിന്നത് പുള്ളി അറിഞ്ഞില്ലെന്നു തോന്നിയപ്പോൾ ഞാനൊന്ന് മുരടനക്കി. ആ ശബ്ദം കേട്ടിട്ടാവണം ചേട്ടൻ പെട്ടെന്ന് ഞെട്ടിതിരിഞ്ഞത്

“നീ ഉറങ്ങിയില്ലേ ഇതുവരെ? ” അത്ഭുതത്തോടെയായിരുന്നു ചേട്ടന്റെ ആ ചോദ്യം.

“ഇല്ല, ഞാൻ നമ്മുടെ തട്ടിൻപുറത്തു ഒന്ന് കേറിയായിരുന്നു.. ”

“തട്ടിൻപുറത്തോ? ഈ പാതിരാത്രിയിൽ നീ എന്തിനാ അങ്ങോട്ട്‌ പോയത്? ”

ചേട്ടന്റെ ആ ചോദ്യംകേട്ടപ്പോൾ അൽപ്പം മുൻപേ ഞാൻകണ്ട കാഴ്ച്ച ഞാൻ അതേപടി വിവരിച്ചുപറയുമ്പോൾ ചേട്ടൻ ഒന്ന് നടുങ്ങുമെന്നായിരുന്നു എന്റെ പ്രതീക്ഷ. പക്ഷെ ആ മുഖത്തു ഒരു നിസ്സംഗതയായിരുന്നു.

“ചേട്ടാ,പട്ടിയുടെയോ പൂച്ചയുടേതോ അല്ല,ഒരു മനുഷ്യന്റെ അസ്ഥിക്കൂടമാണ് നമ്മുടെ വീടിന്റെ തട്ടിൻമുകളിൽ കിടക്കുന്നത്. ഈ വീട്ടിലുള്ള അമ്മയും ഞാനും ചേട്ടനാണ് അതിന് സമാധാനം പറയേണ്ടത്. ” ചേട്ടന്റെ നിസ്സംഗമനോഭാവം കണ്ട് അത് പറയുമ്പോൾ എന്റെ ശബ്ദം അൽപ്പം ഉയർന്നിരുന്നു.

“നീ ഒച്ചവെച്ച് അമ്മേനെ എണീപ്പിക്കണ്ട, ആ കിടന്നിരുന്നത് രാവുണ്ണിനായരാണ്.!! ”

സാധാരണ മട്ടിൽ അത് പറഞ്ഞുകൊണ്ട് അപ്പുറത്തെ ബക്കറ്റിലെ വെള്ളത്തിൽ കൈ മുക്കി കയ്യിൽ പറ്റിപിടിച്ചിരിക്കുന്ന മണ്ണും ചെളിയും കഴുകികളയുന്ന ചേട്ടനെ ഞാൻ അവിശ്വസനീയതയോടെ നോക്കി.

“ചേട്ടൻ എന്തൊക്കെയാണ് ഈ പറയണെ.? പുറപ്പെട്ടുപോയ രാവുണ്ണിനായരുടെ അസ്ഥി എങ്ങന്യാ നമ്മുടെ വീടിന്റെ മച്ചിനു മുകളിൽ വന്നത്..? ”

എന്റെ ചോദ്യം കെട്ട് കൈകഴുകൽ അവസാനിപ്പിച്ചു ഉടുമുണ്ടിൽ കൈ തുടച്ചുകൊണ്ട് ചേട്ടൻ നിലത്തു നിന്നും എഴുന്നേറ്റ് എനിക്കഭിമുഖമായി നിന്നു.

“രാവുണ്ണി പുറപ്പെട്ടുപോയതല്ല, അയാളെ ഞാൻ കൊന്നതാണ്, അതിന് ശേഷം ഞാൻ തന്നെയാണ് ആ ബോഡി ഈ വീടിന്റെ തട്ടിൻമുകളിൽ ഒളിപ്പിച്ചു വെച്ചത്.. ”

വലിയൊരു കാര്യം വളരെ സിമ്പിളായി പറഞ്ഞുകൊണ്ട് ശശിചേട്ടൻ എനിക്ക് മുൻപിൽ അങ്ങനെ നിന്നപ്പോൾ എന്റെ തലക്കകത്തു ഒരു കൊടുങ്കാറ്റ് രൂപപെടുന്നുണ്ടായിരുന്നു.

“ചേട്ടൻ വെറുതെ തമാശ പറയല്ലേ, രാവുണ്ണിനായരെ ചേട്ടൻ കൊന്നെന്നോ എന്തിന്..? ” ആ ചോദ്യം കേട്ട് ചേട്ടനെന്റെ മുഖത്തേക്കൊന്ന് തറച്ചു നോക്കി.

“ഞാൻ പിന്നെ അയാളെ എന്ത് ചെയ്യണമായിരുന്നു..? ഇന്ന് നടന്നത് നാളെക്ക് ഓർത്തെടുക്കാൻ കഴിയാത്തരീതിയിൽ എന്റെ ജീവിതം കുട്ടിചോറാക്കി, കൂട്ടുകാരിൽനിന്നും നാട്ടുകാരിൽനിന്നും സഹതാപവും പരിഹാസവും ഏറ്റുവാങ്ങി, എന്റെ ജീവിതം ഈ ഒറ്റമുറിക്കുള്ളിൽ ഒതുങ്ങികൂടാൻ കാരണക്കാരനായവനോട് ക്ഷമിക്കാൻ ഹരിശ്ചന്ദ്രനോ, ഗാന്ധിജിയോ അല്ല ഞാൻ.”

വികാരക്ഷോപത്താൽ കൈകൾ കൂട്ടിതിരുമ്പികൊണ്ട് ചേട്ടൻ വീണ്ടും സംസാരിക്കുന്നത് ഒരു തളർച്ചയോടെ ഞാൻ കേട്ടുനിന്നു.

“രാവുണ്ണിയെ എന്ത് ചെയ്യണമെന്നായിരുന്നു വർഷങ്ങളായി ഇതിനകത്തിരുന്നു ഞാൻ ആലോചിച്ചുകൊണ്ടിരുന്നത്. ഒടുവിലൊരുരാത്രി ഞാനവനെ തേടി ഇവിടെനിന്നിറങ്ങി. കൊല്ലാൻ തന്നെയായിരുന്നു തിരുമാനം. ഞാനത് ചെയ്യുകയും ചെയ്തു. കഴുത്തിൽ കയറിട്ട് മുറുക്കി ശ്വാസംമുട്ടിച്ചാണ് രാവുണ്ണിയെ ഞാൻ ഈ ഭൂമിയിൽ നിന്ന് യാത്രയാക്കിയത്. അയാൾ നാടുവിട്ടുപോയതാകുമെന്ന് നാട്ടുകാരെ വിശ്വസിപ്പിക്കാൻ വേണ്ടിയാണ് ആ ജീവനറ്റ ശരീരം ഈ വീടിന്റെ തട്ടിൻമുകളിൽ കയറ്റിയിട്ടതും. ഈ ചെയ്തതിലൊന്നും നാളിതുവരെ എനിക്ക് യാതൊരു കുറ്റബോധവും തോന്നിയിട്ടുമില്ല. ”

വർഷങ്ങളായി ഉള്ളിൽ കൊണ്ടുനടന്ന പക തീർക്കുവാൻ വേണ്ടി ഒരു മനുഷ്യനെ കൊലപ്പെടുത്തുകയും, ആ പാതകം മറ്റാരുമറിയാതെ മൂടിവെച്ച് താൻ ചെയ്ത പ്രവർത്തിയെ ന്യായീകരിക്കുന്ന ചേട്ടന്റെ ആ സംസാരം കേട്ടപ്പോൾ മറിച്ചെന്തു പറയണം എന്നറിയാതെ നിസ്സഹായനായി ഞാനങ്ങിനെ നിന്നു.

“ഈ സത്യം നിനക്ക് വേണമെങ്കിൽ പോലീസിൽ അറിയിക്കാം, യാതൊരു എതിർപ്പുമില്ലാതെ അവർക്ക് മുൻപിൽ കീഴടങ്ങാൻ ഞാനൊരുക്കമാണ്. എന്ത് വേണമെന്ന് നീ തീരുമാനിക്കൂ.., തത്കാലം ഞാനൊന്ന് ഉറങ്ങട്ടെ, നാളത്തെ ഉറക്കം ചിലപ്പോൾ ലോക്കപ്പിൽ ആണെങ്കിലോ? ” അർത്ഥം വെച്ച് അത് പറഞ്ഞുകൊണ്ട് ചേട്ടൻ കട്ടിലിലേക്ക് ചാഞ്ഞപ്പോൾ മറുത്തൊന്നും പറയാതെ ഞാൻ ആ മുറിക്ക് പുറത്തേക്ക് നടന്നു.

‘ഒരുവർഷം മുൻപേ പുറപ്പെട്ടുപോയി എന്ന് നാട്ടുകാർ വിശ്വസിക്കുന്ന രാവുണ്ണിനായരുടെ അസ്ഥിക്കൂടമാണ് ഈ റൂമിലെ മച്ചിനു മുകളിൽ മലർന്നു കിടക്കുന്നത്. രാവുണ്ണി നായർ തന്റെ ഭാവിവധുവായ പാർവ്വതിയുടെ അച്ഛനാണ്. അയാളെ കൊലപ്പെടുത്തി ഈ പരുവമാക്കിയിരിക്കുന്നത് സ്വന്തം ചേട്ടനും. ഈ വിവരം പോലീസിൽ അറിയിച്ചാൽ ഉറപ്പായും ജീവപര്യന്തം ശിക്ഷ അനുഭവിക്കാൻ ശശിചേട്ടൻ ജയിലിൽ കേറും. അച്ഛനെ കൊലപ്പെടുത്തിയവന്റെ അനുജനെ വിവാഹം കഴിക്കാൻ പാർവ്വതി സമ്മതിക്കുമോ എന്ന കാര്യത്തിലും സംശയമുണ്ട്. അതല്ലെങ്കിൽ പിന്നെ എന്താണ് ഇതിനൊരു പോംവഴി.?’ ഇത്രയും കാര്യങ്ങൾ ആലോചിച്ചു അസ്വസ്ഥതയോടെ മുറിയിൽ ഉലാത്തുമ്പോഴാണ് മൊബൈലിൽ ശംഭുവിന്റെ വാട്സാപ്പ് മെസ്സേജ് വീണ്ടും വന്നത്.

‘അളിയാ ഇന്ന് ഒന്നാം തിയതിയാടാ, സാനം കിട്ടാനില്ല.. അതോണ്ട് ഒറക്കോം വരണില്ല. നീയാ കുപ്പിപൊട്ടിച്ചു രണ്ട് തുള്ളിതാടാ, പ്ലീസ്”

‘നീ ഒച്ചയുണ്ടാക്കാതെ വീട്ടിലേക്ക് വാ, ഞാൻ ഉമ്മറത്തു നിക്കാം ‘ എന്നൊരു വോയിസ്‌ മെസ്സേജ് ശംഭുവിന് അയച്ചശേഷം അലമാരിയിൽ വെച്ചിരുന്ന ദുബായിൽനിന്ന് കൊണ്ടുവന്ന കുപ്പിയും എടുത്തു ശബ്ദമുണ്ടാക്കാതെ മുറിയിൽ നിന്ന് പുറത്തുകടന്ന് ഞാൻ ഉമ്മറത്തെക്ക് നടന്നു.

“അളിയാ വല്യ ഉപകാരമായിട്ടാ ഇത് ”

വിദേശിമദ്യം ഒറ്റയടിക്ക് അകത്താക്കി ചിറി തുടച്ചുകൊണ്ട് ശംഭു അത് പറയുമ്പോൾ കാലിഗ്ലാസിലേക്ക് ഒരു ലാർജ് വീണ്ടും ഒഴിച്ചു ശംഭുവിന് നേരെ നീട്ടികൊണ്ട് ഞാൻ ചോദിച്ചു.

“നീ ഇപ്പൊ ആശാരിപ്പണിക്ക് പോണില്ലേ? ”

“പിന്നെല്ലാണ്ട്, അതല്ലേ ന്റെ കുലതൊഴിൽ, കൊറച്ചീസായിട്ട് പണിയില്ലാണ്ട് ഇരിക്കാർന്നു. ഇന്നലെ തൊട്ട് നമ്മള് പണ്ട് പഠിച്ച ഹൈ സ്കൂളിലെ ഓട് ഇറക്കിമേയാൻ വിളിച്ചിട്ടുണ്ട്. ഈയൊരാഴ്ചത്തെ പണികാണും സ്കൂളിൽ. ” അവനത് പറഞ്ഞവസാനിപ്പിച്ചിട്ടും ഒന്നും മിണ്ടാതെ ഞാൻ മറ്റെന്തോ ആലോചിച്ചു ഇരിക്കുന്നത് കണ്ടിട്ടാവണം ശംഭു എന്റെ കൈതണ്ടയിൽ തട്ടി വിളിച്ചത്.

“ന്ത്രാ, നീയെന്താ ഒന്നും മിണ്ടാതിരിക്കണേ.? ”

അവന്റെയാ ചോദ്യത്തിന് മുൻപിൽ എനിക്കൊന്നും ഒളിച്ചുവെക്കാൻ കഴിഞ്ഞില്ല. കുറച്ചു മണിക്കൂറുകളായി എന്നെ അലട്ടികൊണ്ടിരുന്ന മച്ചിൻപുറത്തെ രാവുണ്ണിനായരുടെ അസ്ഥിക്കൂടത്തെ പറ്റിയും, ശശിചേട്ടൻ ഒരു വർഷംമുൻപേ ചെയ്ത കൊലപാതകത്തെപറ്റിയുമെല്ലാം ശംഭുവിനോട്‌ ഒറ്റശ്വാസത്തിൽ ഞാൻ തുറന്നു പറഞ്ഞു. ഞെട്ടിപ്പിക്കുന്ന ആ സത്യങ്ങൾ കേട്ടിട്ടാവണം അവൻ എന്റെകയ്യിലെ കുപ്പി തട്ടിപ്പറിച്ചു വാങ്ങി വായിലേക്ക് വെച്ച് മൂന്നുനാല് കവിള് മദ്യം ഒറ്റവലിക്ക് കുടിച്ചു തീർത്തത്.

“എന്റളിയാ ഇതൊരു മുട്ടൻപണിയാണ് ട്ടാ. സംഗതി കൊലപാതകമാണ്. പെട്ട് കഴിഞ്ഞാൽ നിന്റെ ചേട്ടൻ എന്തായാലും ജലീൽകേറും” വെപ്രാളത്തോടെയാണ് ശംഭു അത് പറഞ്ഞത്.

“എന്തൊക്കെ പറഞ്ഞാലും ചേട്ടനെ പോലീസിന് ഇട്ടു കൊടുക്കാൻ എന്നെകൊണ്ട് പറ്റില്ല, അതല്ലാണ്ട് ഇതീന്ന് ഊരിപോവാൻ എന്താ ഒരു വഴി, നീ അതുപറയ് ശംഭു..? ” എന്റെ സംസാരം കേട്ട് തലമാന്തികൊണ്ട് അവൻ ഒരു നിമിഷം എന്തോ ഒന്ന് ആലോചിച്ചു.

“ഒരു വഴീണ്ട്, നിന്റെ തട്ടിൻമോളിൽ കെടക്കണ രാവുണ്ണിനായർടെ അസ്ഥിക്കൂടം ആരും അറിയാണ്ട് എവിടേലും കൊണ്ടോയി കുഴിച്ചിടണം, ആ സാനം മണ്ണിന്റെ മുകളിലേക്ക് വാരാത്തിടത്തോളം കാലം രാവുണ്ണിനായര് പൊറപ്പെട്ടു പോയതാണെന്ന് ഈ നാട്ടുകാര് വിചാരിച്ചോളും. ”

“അത് നല്ല ഐഡിയയാണ്, എന്നാപ്പിന്നെ എത്രേം പെട്ടെന്ന് നമുക്കത് കൊണ്ടോയി കുഴിച്ചിട്ടാലോ..? ” ഞാനത് ആവേശത്തോടെയാണ് പറഞ്ഞത്.

“ഇന്ന് വേണ്ട, അതിന് പറ്റിയ സ്ഥലം കണ്ടുപിടിച്ചു നാളെ രാത്രീല് പരിപാടി സെറ്റുചെയ്യാം. ഒരിക്കലും പൊന്തിവരാത്ത വിധമാവണം സാനം കുഴിച്ചിടാൻ., പക്ഷെ വേറൊരു കാര്യംകൂടെണ്ട്. ”

“എന്ത് കാര്യം..? ”

“വീടിന്റെ മച്ചിനു മോളിൽ കെടക്കണ അസ്ഥിക്കൂടത്തിന് ഉടൽ മാത്രേ ഒള്ളൂ എന്നല്ലേ പറഞ്ഞത്? ”

“അതേ, രാവുണ്ണിനായർക്കിപ്പോൾ ഉടൽ മാത്രേ ഒള്ളൂ,തലയില്ല ”

“ആ തല എവിടെ പോയെന്ന് നിന്റെ ചേട്ടനോട് ചോദിക്ക്? നമ്മള് സാനം കൊണ്ടോയി കുഴിച്ചിട്ട് പിന്നെ ആ തലയോട്ടി വേറെ എവിടെ നിന്നെങ്കിലും കിട്ടിയാൽ അതും പണിയാകും ” ശംഭു ആ പറഞ്ഞതിൽ കാര്യമുണ്ടെന്ന് ആലോചിച്ചു നോക്കിയപ്പോൾ എനിക്ക് മനസിലായി.

##############################

“ശരിയാണ്, അന്ന് മച്ചിന്റെ മുകളിൽ വെച്ച് രാവുണ്ണിനായരുടെ തല ആ ഉടലിൽനിന്ന് ഞാൻ അറുത്തുമാറ്റിയിരുന്നു. പക്ഷെ ആ തല എന്ത് ചെയ്‌തെന്ന് ഞാൻ മറന്നുപോയി..”

ഭാഗികമായി ഓർമശക്തി നശിച്ച ശശിചേട്ടൻ നിസ്സഹായതയോടെ പിറ്റേന്ന് രാവിലെ എന്നോടത് പറയുമ്പോൾ ഇനിയെന്ത് ചെയ്യണമെന്നറിയാതെ തലയിൽ കയ്യുംവെച്ച് ഉമ്മറത്തെ അരതിണ്ണയിലേക്ക് ഞാൻ തളർന്നിരുന്നു.

തുടരും.
Sai Bro.

LEAVE A REPLY

Please enter your comment!
Please enter your name here