Home Latest 22 വയസുള്ളപ്പോൾ ചേട്ടന്റെ ഓർമ്മശക്തി ഭാഗികമായി നഷ്ട്ടപെട്ടു. ഇന്ന് നടന്ന കാര്യങ്ങൾ… Part – 1

22 വയസുള്ളപ്പോൾ ചേട്ടന്റെ ഓർമ്മശക്തി ഭാഗികമായി നഷ്ട്ടപെട്ടു. ഇന്ന് നടന്ന കാര്യങ്ങൾ… Part – 1

0

ഉടലുണ്ട് തലയില്ല

രചന : Sai Bro

കണ്ണ് തുറിച്ചു ചത്തു മലച്ചുകിടക്കുന്ന ആ മനുഷ്യശരീരത്തിന്റെ ഉടലിൽ നിന്ന് തല ആയാസപെട്ട് അറുത്തുമാറ്റിയ ശേഷം അയാൾ നെറ്റിയിൽ ഉരുണ്ടുകൂടിയ വിയർപ്പുതുള്ളികൾ വലതു കൈവിരൽ കൊണ്ട് തുടച്ചുമാറ്റിയതിനുശേഷം എണീറ്റ് നിസംഗതയോടെ ആ മൃതശരീരത്തിലേക്ക് നോക്കിനിന്നു.

##########################

എന്റെ പേര് ശേഖർ അയ്യപ്പൻ. കഴിഞ്ഞ 3 വർഷമായി ദുബായിലെ ഒരു സൂപ്പർമാർക്കറ്റിൽ സെയിൽസ്മാനായി ജോലിചെയ്തു വരികയായിരുന്നു. ഒരാഴ്ച്ച മുൻപേ ലീവിന് നാട്ടിലെത്തി. വീട്ടിൽ അമ്മയും ചേട്ടനും മാത്രം. അച്ഛൻ അയ്യപ്പൻ നായർ ചെറുപ്പത്തിലേ മരിച്ചുപോയി. ചേട്ടൻ ശശി അയ്യപ്പൻ പേരുകേട്ട ശില്പിയാണ്. കളിമണ്ണിലും പ്ലാസ്റ്റർ ഓഫ് പാരീസിലും പുള്ളിക്കാരൻ തീർക്കുന്ന രൂപങ്ങൾക്ക് ഭയങ്കര ഡിമാൻഡാണ് നാട്ടിൽ.

സത്യത്തിൽ കലാകാരൻ എന്ന നിലയിൽ ചേട്ടന്റെ പേരും പെരുമയും കേരളം മുഴുവൻ അറിയപ്പെടേണ്ടതായിരുന്നു, പക്ഷെ പുള്ളിക്ക് വീട്ടിൽ തന്നെയുള്ള പണിശാലയിൽ ഒതുങ്ങികൂടാനായിരുന്നു താല്പര്യം. അതിനൊരു കാരണമുണ്ട്, 22 വയസുള്ളപ്പോൾ ചേട്ടന്റെ ഓർമ്മശക്തി ഭാഗികമായി നഷ്ട്ടപെട്ടു. ഇന്ന് നടന്ന കാര്യങ്ങൾ പുള്ളിക്ക് നാളെ ഓർമ്മയുണ്ടാവില്ല, ചിലപ്പോൾ മറന്നുപോയ ചില സംഭവങ്ങൾ മാസങ്ങളോ വർഷങ്ങളോ കഴിഞ്ഞ് ഓർത്തെടുത്തു പറയുന്നതും കണ്ടിട്ടുണ്ട്..ഈ കാരണങ്ങൾകൊണ്ടൊക്കെ തന്നെ പേരിലും പ്രശസ്തിയിലും വല്യ താല്പര്യമില്ലാതെ ചേട്ടൻ നാട്ടുകാർക്ക് പോലും മുഖംകൊടുക്കാതെ തന്റെ പണിശാലയിൽ താൻ തീർത്ത ശില്പങ്ങളോട് സംസാരിച്ചു അവർക്കിടയിൽ തന്നെ ഒതുങ്ങികൂടി.

ചേട്ടന്റെ ഓർമ്മശക്തി പോകാൻ ഒരു കാരണമുണ്ട്, അതിലേക്ക് വരുംമുൻപേ മറ്റൊരാളെകൂടി പരിചയപെടുത്താം.

പാർവ്വതി. എന്റെ പ്രണയിനി. അവളെ വിവാഹം കഴിക്കുന്നതിന് വേണ്ടിയാണ് ദുബായിൽ നിന്ന് ലീവ് എടുത്തു ഞാൻ നാട്ടിൽ എത്തിയിരിക്കുന്നത്. സത്യത്തിൽ ഈ കാര്യം എനിക്കും പാർവതിക്കും മാത്രേ അറിയൂ. കാരണം എന്റെയും അവളുടെയും വീട്ടുകാർ തമ്മിൽ കടുത്ത ശത്രുതയിലാണ്. അതിന് കാരണം പാർവതിയുടെ അച്ഛൻ രാവുണ്ണി നായരാണ്. പണ്ട് ശശിചേട്ടനും രാവുണ്ണിനായരുമായി മുച്ചീട്ട് കളിക്കിടെ ഒരു അലമ്പ് നടന്നു. അതിനൊടുവിൽ ടോർച്ചുകൊണ്ട് രാവുണ്ണിനായർ ചേട്ടന്റെ തലക്കടിക്കുകയും ചേട്ടൻ ബോധമറ്റു കുഴഞ്ഞുവീഴുകയും ചെയ്തു. ആ സംഭവത്തോടെയാണ് ശശി ചേട്ടന്റെ ഓർമ്മശക്തി നഷ്ട്ടപെട്ടത്. അതിനെ തുടർന്ന് ഞങ്ങളുടെ കുടുംബങ്ങൾ തമ്മിൽ കടുത്ത ശത്രുതയിലായി.

എന്നിരുന്നാലും അതിന്റെയെല്ലാം ഇടയിലൂടെ ഞാൻ രാവുണ്ണിനായരുടെ മകൾ പാർവ്വതിയെ ഗാഢമായി പ്രണയിച്ചു, അവൾ എന്നെയും. ഈ കാര്യം മറ്റാരെയും അറിയാതിരിക്കുവാൻ ഞങ്ങൾ ശ്രദ്ധിക്കുകയും ചെയ്തിരുന്നു.

പാർവ്വതിയുടെ അച്ഛൻ രാവുണ്ണിനായർ മുച്ചീട്ട് കളിയിൽ കമ്പംമൂത്ത് തൊഴുത്തിലെ കറവപശുവിനെ വരെ വിറ്റു ചീട്ടുകളിക്കുകയും അങ്ങനെ വലിയതോതിലുള്ള സാമ്പത്തിക ബുദ്ധിമുട്ടിൽ ആ കുടുംബം എത്തിച്ചേരുകയും ചെയ്തിരുന്നു. അതുകൊണ്ടൊക്കെയാവണം ഒരു ദിവസം രാവുണ്ണിനായർ ആരോടും പറയാതെ ഭാര്യയെയും മകളെയും ഉപേക്ഷിച്ചു എങ്ങോട്ടോ പോയത്. ഇക്കാര്യം ദുബായിലുള്ള എന്നെ പാർവതി ഫോണിലൂടെ വിളിച്ചറിയിക്കുമ്പോൾ ഞാനവളെ ആവുംവിധം ആശ്വസിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും എന്റെ മനസ്സിൽ ‘ആ കാലമാടൻ പോയത് നന്നായി, ഇനി ഞങ്ങളുടെ കല്യാണം എളുപ്പത്തിൽ നടത്താം ‘ എന്ന ചിന്തയായിരുന്നു. എനിക്കതൊരു സന്തോഷവാർത്ത ആയതുകൊണ്ട് അന്ന് രാത്രി അവിടുത്തെ എന്റെ കൂട്ടുകാർക്ക് ഒരു കേസ് ബിയർ വാങ്ങികൊടുക്കാനും ഞാൻ മടിച്ചില്ല.രാവുണ്ണിനായർ പുറപ്പെട്ടുപോയതിന് കൃത്യം ഒരു വർഷം കഴിഞ്ഞു ഞാനിതാ ദുബായിൽ നിന്ന് നാട്ടിലെത്തിയിരിക്കുകയാണ് കാമുകിയായ പാർവ്വതിയെ സ്വന്തമാക്കാൻ.. !

##############################

“അപ്പൊ എങ്ങന്യാ കാര്യങ്ങൾ? ഞാൻ നിന്റെ വീട്ടിൽ വന്ന് കല്യാണം ആലോചിക്കണോ, അതോ നീ നിന്റെ വീട്ടുകാരോട് നമ്മുടെ ബന്ധത്തെപറ്റി പറയുമോ? ”

ആളൊഴിഞ്ഞ പറമ്പിലെ അത്തിമരത്തിന്റെ തണലേറ്റ് പാർവ്വതിയുടെ മടിയിൽ കിടന്ന് ഞാനത് ചോദിച്ചപ്പോൾ അവൾ ഒരു നിമിഷം മൗനത്തിലാണ്ടത് ഞാൻ ശ്രദ്ധിച്ചു.

“എന്തായാലും പെട്ടന്ന് വേണം, ലീവ് രണ്ട് മാസേ ഒള്ളൂ, അതിനടിയിൽ മ്മടെ കല്യാണം, പിന്നെ വട്ടവടയിലെ ഹണിമൂൺ ഇതൊക്കെ കഴിയണം. ” പാർവ്വതിയുടെ ഇടത്തെ കൈതണ്ടയിലെ കറുപ്പിലും നീലയിലുമുള്ള കുപ്പിവളകളിൽ വിരലോടിച്ചുകൊണ്ട് അത് പറയുമ്പോൾ ആ വെളുത്ത കവിളിണകൾ ചുവന്നു തുടുക്കുന്നുന്നത് കണ്ട് എനിക്ക് ഹരമേറി.

“ഡിസംബറിലെ തണുപ്പുള്ള രാത്രിയിൽ മ്മള് രണ്ടും വട്ടവടയിലെ പൈൻമരത്തിന്റെ ചോട്ടിൽ കെട്ടിപിടിച്ചു… ഉഫ്ഫ് ഓർക്കുമ്പോ തന്നെ എന്റെ മോളെ.. ” അത് പറഞ്ഞു മുഴുമിപ്പിക്കും മുൻപേ പാർവ്വതിയുടെ വെളുത്തു മെലിഞ്ഞ വിരലുകൾ വന്നെന്റെ ചുണ്ട് പൊത്തി.

“എന്താടി പെണ്ണെ ” ആ വിരലുകളിൽ മൃദുവായി ചുംബിച്ചുകൊണ്ട് ഞാനത് അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചപ്പോൾ പാർവ്വതി കണ്ണുകൾ ഇറുക്കിയടച്ചു ചുമൽ കൂച്ചിപിടിച്ചിരിക്കുകയായിരുന്നു.

“എന്തായാലും ഞാൻ നിന്റെ വീട്ടിൽ വന്ന് പെണ്ണാലോചിക്കാം, എന്നിട്ട് ന്താ സംഭവിക്കുന്നേന്ന് നോക്കാം, അത് പോരെ? ”

“ആം ” പാർവ്വതി അങ്ങനെ മൂളിയപ്പോൾ ഞാനൊരാവേശത്തിന് തലപൊന്തിച്ചു അവളുടെ വലത്തേ കവിളിൽ ചുണ്ട് ചേർത്തു.

“വാ നമുക്ക് പോകാം സന്ധ്യയാവാറായി. ” ആ ഓർമ്മപെടുത്തൽ കേട്ടപ്പോഴാണ് എനിക്ക് സ്ഥലകാലബോധം വന്നത്. കാവിമുണ്ടിൽ പറ്റിപിടിച്ചിരിക്കുന്ന കരിയിലകൾ കുടഞ്ഞുമാറ്റി മുണ്ടൊന്നു മാടികുത്തികൊണ്ട് തഞ്ചവും തരവും നോക്കി ആ കാട്ടുപറമ്പിൽ നിന്ന് പുറത്തിറങ്ങവേ ഞാനൊരു കാര്യം പാർവ്വതിയെ ഓർമ്മിപ്പിച്ചു.

“അതേ, രാത്രി പെട്ടന്ന് ഒറങ്ങികളയല്ലേ, ഞാൻ ഫോണിൽ വിളിക്കൂട്ടാ.., ഇന്ന് രാത്രി നമുക്ക് ഭാര്യേം ഭർത്താവും കളിക്കാം.. ”

എന്റെ കൈതണ്ടയിൽ അമർത്തിയൊന്ന് പിച്ചികൊണ്ട് അവൾ റോഡിലേക്കിറങ്ങി ധൃതിയിൽ നടന്നുപോകുമ്പോൾ പിച്ചുകിട്ടിയ ഭാഗത്തു അമർത്തിയുഴിഞ്ഞുകൊണ്ട് ഞാൻ വീട്ടിലേക്ക് നടന്നു.

രാത്രിയിൽ പൊടിചേമ്പ് ഉപ്പേരിയും കൂട്ടി കഞ്ഞികുടിച്ചു ഏമ്പക്കവും വിട്ട് കസേരയിൽനിന്ന് എണീക്കാൻ നേരം അടുത്തിരുന്ന അമ്മയെ ഞാനൊന്ന് നോക്കി.

“ചേട്ടൻ എന്ത്യേ അമ്മേ? അവൻ കഴിക്കണില്ലേ? ”

“അവനാ മുറീല് ഉച്ചക്ക് കേറിയതാ, കാപ്പി കുടിക്കാൻ പോലും പുറത്തേക്കിറങ്ങീട്ടില്ല. എന്തേലും ചോയ്ക്കാമെന്ന് വെച്ചാൽ മൂക്കത്തല്ലേ ശുണ്ഠി.. ”

ഒന്നും മിണ്ടാതെ വാ കഴുകി മുണ്ടുകൊണ്ട് മുഖം തുടച്ചുകൊണ്ട് ചേട്ടന്റെ പണിശാലയിലേക്ക് ഞാനൊന്ന് എത്തിച്ചുനോക്കി. വെളിച്ചം കാണുന്നുണ്ട്, എന്തൊക്കെയോ തട്ടലും മുട്ടലും കേൾക്കുന്നുമുണ്ട്. പോയി നോക്കണോ? അല്ലെങ്കിൽ വേണ്ട നാളെരാവിലെയാവാം.

മുറിയിലേക്ക് കയറി വാതിലടക്കുമ്പോൾ മേശപ്പുറത്തിരുന്ന മൊബൈലിൽ വാട്സാപ്പ് മെസ്സേജ് വന്ന ശബ്ദം കേട്ട് മൊബൈൽ എടുത്തു നോക്കിയപ്പോൾ അപ്പുറത്തെ വീട്ടിലെ ശംഭുവിന്റെ വോയിസ്‌ മെസ്സേജ് കണ്ടു.

‘അളിയാ വന്നിട്ട് കുപ്പിയൊന്നും കൊണ്ടോന്നില്ലേ?’

‘കുപ്പി നാളെ പൊട്ടിക്കാം മുത്തേ’

അങ്ങനെയൊരു മെസ്സേജ് തിരിച്ചയച്ചതിന്ശേഷം മൊബൈൽ ചാർജിലിട്ട് ബെഡിൽ വെറുതെയങ്ങിനെ കുത്തിയിരിക്കുമ്പോൾ മച്ചിനു മുകളിൽ നിന്ന് എന്തോ മുരൾച്ച കേൾക്കുന്നുണ്ടായിരുന്നു. പൂച്ചയാവും. ഞാനതോർത്തു സമാധാനിച്ചുകൊണ്ട് ബെഡിൽ കമിഴ്ന്നു കിടന്ന് തലയണയിലേക്ക് മുഖം ചേർത്തു വെച്ചു..

‘കൊറച്ചൂടി കഴിയട്ടെ, എന്നിട്ട് അവളെ ഫോണിൽ വിളിക്കാം ‘ അതോർത്തുകൊണ്ട് ആ കിടപ്പ് കിടക്കവേ അറിയാതൊന്ന് മയങ്ങിപോയ ഞാൻ ഞെട്ടി കണ്ണ് തുറന്നത് മച്ചിനുമുകളിലെ കടിപിടി ശബ്ദവും മുരൾച്ചയും കേട്ടാണ്.

“പണ്ടാരം, ഇത് വല്യ ശല്യമായല്ലോ “അങ്ങനെ പിറുപിറുത്തുകൊണ്ട് വാതിൽ തുറന്ന് പുറത്തിറങ്ങി മൊബൈൽ ടോർച്ചും കത്തിച്ചു ഗോവണി കയറി തട്ടിൻമുകളിൽ കയറിയപ്പോൾ അവിടമാകെ മാറമ്പല നിറഞ്ഞു പൊടിപിടിച്ചു കിടക്കുകയായിരുന്നു.കാലങ്ങളോളം ആയെന്ന് തോന്നുന്നു അവിടെക്കാരെങ്കിലും കയറിയിട്ട്. എന്റെ കാലടി ശബ്ദം കേട്ടതും ഒരു യെമണ്ടൻ പൂച്ച ‘ഇതാരാ യുദ്ധഭൂമിയിൽ പുതിയൊരു ഭടൻ’ എന്നമട്ടിൽ നീരസത്തോടെ എന്നെയൊന്നു നോക്കിയതിന് ശേഷം എങ്ങോട്ടോ ഓടിയൊളിച്ചു.

എന്റെ പള്ളിയുറക്കത്തിന് ഭംഗം വരുത്തിയ ആ മാർജാരനെ ഫുട്ട്ബാൾ പോലെ തൊഴിക്കാൻ കാലുകൾ തരിച്ചെങ്കിലും അവറ്റകളും ഈ ഭൂമിയുടെ അവകാശികൾ ആണല്ലോ എന്നോർത്ത് സമാധാനിച്ചുകൊണ്ട് തിരിഞ്ഞു നടക്കവേ പെട്ടെന്ന് പൂച്ച ഒളിച്ചിരിക്കുന്ന വസ്തുവിൽ എന്റെ കണ്ണുകളുടക്കി.

എന്തോ ഒന്ന് നീളത്തിൽ മച്ചിനുമുകളിൽ പാകിയിരിക്കുന്ന പലകയിൽ നിവർന്നു കിടക്കുന്നു. അതെന്താ സംഭവം എന്നറിയാനുള്ള ആകാംക്ഷയിൽ മൊബൈൽ ടോർച്ചിന്റെ വെളിച്ചം അവിടേക്ക് പ്രകാശിപ്പിച്ചുകൊണ്ട് ഞാൻ രണ്ടടി മുൻപോട്ട് വെച്ചു.. ടോർച്ചിലെ പ്രകാശം നിലത്തുകിടക്കുന്ന ആ വസ്തുവിൽ പതിച്ചതും എന്റെ നട്ടെല്ലിലൂടെ ഒരു മിന്നൽപിണർ പാഞ്ഞതും ഒരുമിച്ചായിരുന്നു.

അത്…, അതൊരു അസ്ഥിക്കൂടമായിരുന്നു.

തലയില്ലാതെ ഉടൽമാത്രമുള്ള മനുഷ്യന്റെ അസ്ഥികൂടം !!!!

തുടരും.
Sai Bro

LEAVE A REPLY

Please enter your comment!
Please enter your name here