Home Latest അവളുടെ ഗന്ധം തങ്ങി നിൽക്കുന്നത് പോലെ. ഭ്രാന്തമായ ചിന്തകൾ മനസിനെ കീഴടക്കാൻ തുടങ്ങിയതും അവനാ മുറി...

അവളുടെ ഗന്ധം തങ്ങി നിൽക്കുന്നത് പോലെ. ഭ്രാന്തമായ ചിന്തകൾ മനസിനെ കീഴടക്കാൻ തുടങ്ങിയതും അവനാ മുറി വിട്ടിറങ്ങി… Part – 2

0

Part – 1 വായിക്കാൻ ഇവിടെ Click ചെയ്യുക.

വീണ്ടും ഒരു മഴക്കാലത്ത് Part – 1

രചന : Tina

പടിപ്പുര കടന്ന് അകത്തേക്ക് കയറിയപ്പോൾ തന്നെ അച്ഛനെ മഹി കണ്ടു. മേലെപ്പാട്ടെ വിശ്വനാഥൻ…ഉമ്മറത്ത് ചാരു കസേരയിൽ നിവർന്നിരുന്നു പുറം പണിക്കാരോട് നിർദ്ദേശങ്ങൾ നൽകുകയാണ്.

അവൻ അയാൾക്കരികിലേക്ക് നടന്നു. ദൂരെ നിന്നും ആരോ വരുന്നതായി തോന്നിയതും അയാൾ കണ്ണുകൾ കൂർപ്പിച്ചു നോക്കി. ആളെ മനസിലായതും ആ കണ്ണുകൾ വിടർന്നു….

” മഹി…. ” അയാളുടെ ചുണ്ടുകൾ വിറകൊണ്ടു. മഹി നടന്നു ഉമ്മറപ്പടിയിൽ എത്തിയതും വിശ്വനാഥനും ഇരുന്നിടത്തു നിന്നെണീറ്റു.

8 വർഷങ്ങൾക്ക് ശേഷമുള്ള കൂടിക്കാഴ്ച. ഇരുവരും ഒന്നും പറയാതെ ഒന്ന് രണ്ട് നിമിഷം പരസ്പരം നോക്കി നിന്നു. മഹി വിശ്വനാഥന്റെ മുഖത്തേക്ക് നോക്കി.പഴയ പ്രൗഡി ഒന്നുമില്ല ആ മുഖത്ത്. മുഖമൊക്കെ അല്പം ക്ഷീണിച്ചിട്ടുണ്ട്.. പെട്ടന്ന് വയസായത് പോലെ തോന്നിക്കുന്നു.. പണ്ട് ഉണ്ടായിരുന്ന വിശ്വനാഥനിൽ നിന്നും അയാൾ ഒരുപാട് ദൂരം പോയിരിക്കുന്നതായി അവനു തോന്നി.

” കയറി വാ ”

മഹിയുടെ തോളത്തു കൈ വെച്ചു വിറയാർന്ന ശബ്ദത്തോടെ അയാൾ പറഞ്ഞു. അവൻ വരാന്തയിലേക്ക് കയറി.
ഇരുവർക്കുമിടയിൽ നിശബ്ദത നിറഞ്ഞു നിന്ന നിമിഷങ്ങൾ കടന്ന് പോയി.
അവന്റെ കണ്ണുകൾ അകത്തേക്ക് നീണ്ടു.

” മീര ഇവിടില്ല… അമ്മായിയുടെ വീട്ടിലേക്ക് പോയതാ.. ” അവന്റെ കണ്ണുകൾ അവളെയാണ് തേടുന്നതെന്ന് മനസിലാക്കി വിശ്വനാഥൻ പറഞ്ഞു.

” മ്മ് ” അവനൊരു മൂളൽ മറുപടിയായി നൽകി.
വിശ്വനാഥൻ വീണ്ടും ചാരുകസേരയിലേക്ക് തന്നെ ഇരുന്നു. മഹിയും അയാൾക്ക് എതിർവശത്തായി ഇരുന്നു. പുറത്തേക്ക് നോക്കിയതും കണ്ടു തൊടിയിൽ നിന്ന് ധൃതിയിൽ ഓടി വരുന്ന ചന്ദ്രനെ… അവന്റെ ചന്തുമാമ്മയെ…

” വന്നിട്ട് ഒരുപാടായോ മഹി ” അയാൾ ചോദിച്ചു.

” ഇല്ല ചന്തുമ്മാമേ.. വന്നതേ ഉള്ളു ”

” യാത്രയൊക്കെ എങ്ങനെ ഉണ്ടായിരുന്നു ”

” കുഴപ്പമില്ല… ” മഹി ഒറ്റവാക്കിൽ ഉത്തരം നൽകി.

“വല്ലതും കഴിച്ചിരുന്നോ… ഒരുപാട് ദൂരം യാത്ര ചെയ്തു വന്നതല്ലേ.. ” ചെറിയൊരു വേവലാതിയോടെ ചോദിക്കുന്ന അയാളെ മഹി കൺ ചിമ്മാതെ നോക്കി ഇരുന്നു.

” കഴിച്ചിട്ടാ വന്നത്… എനിക്കൊന്നു കിടക്കണം… ക്ഷീണമുണ്ട് ” അവൻ ഇരുന്നിടത്തു നിന്ന് എണീറ്റു.

“ബാഗ് ഞാൻ എടുക്കാം ” മഹിയുടെ കയ്യിൽ നിന്ന് ബാഗ് വാങ്ങികൊണ്ട് ചന്ദ്രൻ അകത്തേക്ക് കയറി മുകളിലെ മുറിയിലേക്ക് നടന്നു. അച്ഛനെ ഒന്ന് നോക്കിയ ശേഷം പിന്നാലെ മഹിയും നടന്നു.

കോണിപ്പടി കയറി മുകളിലേക്ക് കയറവേ അവൻ വീടാകമാനം നിരീക്ഷിക്കുകയായിരുന്നു.. കുറെയേറെ മാറ്റങ്ങൾ വന്നിട്ടുണ്ട്.. ആകമാനം ഒന്ന് മോടി പിടിപ്പിച്ചിട്ടുണ്ട്.. മീരയുടെ കല്യാണം പ്രമാണിച്ചു ചെയ്തത് ആകണം.
മുകൾ നിലയിൽ ഏറ്റവും അറ്റത്തായുള്ള മഹിയുടെ മുറി തുറന്ന് ചന്ദ്രൻ അകത്തേക്ക് കയറി. പിന്നാലെ അവനും.

മഹി മുറിയിലാകമാനം കണ്ണോടിച്ചു. വലിയ മാറ്റങ്ങൾ ഒന്നും തന്നെ ഇല്ല. സാധനങ്ങൾ എല്ലാം അതേപടി വെച്ചിട്ടുണ്ട്.

” മീര ഇടയ്ക്ക് ഇവിടെയെല്ലാം അടിച്ചു വാരി വൃത്തിയാക്കാറുണ്ട്.”

അവന്റെ ബാഗുകൾ എല്ലാം മുറിയിലേക്ക് വെച്ചുകൊണ്ട് ചന്ദ്രൻ പറഞ്ഞു.

“മ്മ്…” അവനൊന്നു മൂളി

” രാത്രിയിലത്തേക്ക് എന്താ കഴിക്കാൻ വേണ്ടത്..ചപ്പാത്തിയോ ചോറോ ”

” എന്തായാലും മതി..” അവൻ കട്ടിലിലേക്ക് കിടന്ന് കൊണ്ട് പറഞ്ഞു.

” ചോറ് തന്നെ ആകാം അല്ലെ.. ”

” മം..പിന്നെ…. എല്ലാരും കഴിച്ചതിനു ശേഷം എന്നെ വിളിച്ചാൽ മതി ” അവൻ കിടന്ന് കൊണ്ട് തന്നെ പറഞ്ഞു.

മറുപടിയായി തലയാട്ടിക്കൊണ്ട് ചന്ദ്രൻ താഴേക്ക് ഇറങ്ങി പോയി.
കുറച്ചു നേരം കൂടി മഹി ആ കിടപ്പ് തുടർന്നു. ആ മുറിയിൽ കിടക്കവേ അവന്റെ മനസിൽ ഭൂതകാലത്തിന്റെ വേലിയേറ്റം ഉണ്ടായി. കട്ടിലിൽ കിടന്നുകൊണ്ട് അവനവിടമാകെ നോക്കി . എല്ലാം പഴയ പോലെ തന്നെ. ഒന്നൊഴിച്ച്…”മൃദുല…. തന്റെ മൃദു…! ”

അവൻ കട്ടിലിൽ നിന്നെണീറ്റ് അലമാരയ്ക്കരികിലേക്ക് ചെന്നു. അവൾ നെറ്റിയിൽ തൊട്ടു കൊണ്ടിരുന്ന പൊട്ടുകൾ എല്ലാം അലമാരയുടെ കണ്ണാടിയിൽ ഒട്ടിച്ചു വെച്ചിട്ടുണ്ട്. അതിലൂടെ കൈകൾ കൊണ്ടൊന്നു തലോടി അവൻ അലമാര തുറന്നു. അടുക്കി വെച്ചിരിക്കുന്ന അവളുടെ സാരികളും മറ്റും കാണവേ അവനിലൊരു വിങ്ങൽ ഉണ്ടായി.
മഹിയുടെ കണ്ണിൽ നിന്ന് രണ്ടു തുള്ളി കണ്ണീർ അതിലേക്ക് വീണു. മുറിയിലാകമാനം അവളുടെ ഗന്ധം തങ്ങി നിൽക്കുന്നത് പോലെ. ഭ്രാന്തമായ ചിന്തകൾ മനസിനെ കീഴടക്കാൻ തുടങ്ങിയതും അവനാ മുറി വിട്ടിറങ്ങി താഴേക്ക് ചെന്നു.

നേരം സന്ധ്യയോടടുത്തിരുന്നു. മഹി പുറത്തേക്കിറങ്ങി വെറുതെയാ തൊടിയിലൂടെ നടന്നു.

” സന്ധ്യാ നേരത്ത് അത് വഴി നടക്കേണ്ട മഹി… ഇഴജന്തുക്കൾ വല്ലതും ഉണ്ടാകും അവിടെ.. ” ചന്ദ്രൻ അവനെ കണ്ടതും പിന്നിൽ നിന്ന് വിളിച്ചു പറഞ്ഞു.
അവൻ ഇരുട്ടിൽ നിന്നും അല്പം കൂടി വെളിച്ചമുള്ള ഇടത്തേക്ക് നടന്നു നീങ്ങി.

” മഹിയേട്ടാ….. ” നീട്ടിയുള്ള വിളി കേട്ടാണ് അവൻ തിരിഞ്ഞു നോക്കിയത്.
മീര അവനെ തന്നെ നോക്കിക്കൊണ്ട് പിന്നിൽ നിൽപ്പുണ്ട്. ആഹ്ലാദമോ സന്തോഷമോ അത്ഭുതമോ എന്ന് വേർതിരിച്ചറിയാൻ ആകാത്ത ഭവമായിരുന്നു അവളുടെ മുഖത്തു.

” ഇങ്ങു വാ ” അവൻ കൈ കാട്ടി വിളിച്ചതും
പാവാടത്തുമ്പ് ഉയർത്തി വേഗം തന്നെ അവൾ ഓടി മഹിക്കരികിലെത്തി.

” എത്ര നാളായി…… എന്റെ ഏട്ടനെ ഒന്ന് കണ്ടിട്ട്…. ഞങ്ങളെ ആരേം വേണ്ടാതെ ആയോ…. അതാണോ ഇത്രേം നാൾ ഇങ്ങോട്ട് വരാതെ ഇരുന്നത്..പറ…. ” അവന്റെ കൈകളിൽ പിടിച്ചുകൊണ്ട് അവൾ ചോദിച്ചു.

” എല്ലാരേം വെറുത്ത കൂട്ടത്തിൽ എന്നെയും വെറുത്തോ മഹിയേട്ടാ… ” അവളുടെ ശബ്ദം ഇടറി.

” വെറുപ്പ് ഇല്ലാത്തത് കൊണ്ടല്ലേ മോളെ ഏട്ടൻ വന്നത്…” അവൻ ശാന്തമായി പറഞ്ഞു.
മീര വിഷാദം തളം കെട്ടി നിന്ന അവന്റെ കണ്ണുകളിലേക്ക് നോക്കി നിന്നു. മെല്ലെ അവന്റെ കൺതടങ്ങളിൽ തലോടി.. വളർന്നു കിടക്കുന്ന അവന്റെ താടി രോമങ്ങളിൽ തൊട്ടുകൊണ്ട് ശാസനയോടെ അവനെ നോക്കി.

” നാളെ തന്നെ വെട്ടാം ” അവളുടെ നോട്ടത്തിന്റെ അർത്ഥം മനസിലാക്കി മഹി പറഞ്ഞു.

അല്ലെങ്കിലും പണ്ട് മുതലേ തന്നെ ശാസിക്കാനും വഴക്ക് പറയാനും സ്നേഹിക്കാനും കുറുമ്പ് കാട്ടി കൂടെ നടക്കാനും ഇടയ്ക്ക് തല്ലുണ്ടാക്കാനുമൊക്കെ അവൾ മാത്രമല്ലെ ഉണ്ടായിരുന്നുള്ളു എന്നവൻ ഓർത്തു.

” ഇനി ഏട്ടനെ ഞാൻ എങ്ങും വിടില്ല..നോക്കിക്കോ.. ” തന്റെ കയ്യും പിടിച്ചു അകത്തേക്ക് നടക്കുന്നതിനിടയിൽ മീര പറയുന്നത് കേട്ട് അവൻ ചെറുതായി ചിരിച്ചു.

ഓരോന്നൊക്കെ ചോദിച്ചും പറഞ്ഞും ഇരുവരും അകത്തെ മുറിയിൽ ഇരുന്നു. മീരയ്ക്ക് കുറെയേറെ വിശേഷങ്ങൾ അവനോട് പറയാൻ ഉണ്ടായിരുന്നു. അതിലേറെ കാര്യങ്ങൾ അവനിൽ നിന്ന് ചോദിച്ചറിയാനും…..!
വിശ്വനാഥൻ എല്ലാം കേട്ടുകൊണ്ട് അവർക്ക് അരികിലായി ഇരുന്നു.

” അമ്മ വന്നൂന്നാ തോന്നുന്നേ.. ” സംസാരത്തിനിടയിൽ മുറ്റത്തൊരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടപ്പോൾ മീര പറഞ്ഞു. പിന്നെയവിടെ നിൽക്കാൻ തോന്നിയില്ല. മഹി മെല്ലെയെണീറ്റു മുകളിലേക്ക് നടന്നു. ആരൊക്കെയോ അവിടേക്ക് വരുന്നതും ഉച്ചത്തിൽ സംസാരിക്കുന്നതും കേട്ടെങ്കിലും മനഃപൂർവം കാതുകൾ കൊട്ടിയടച്ചു അവൻ മുറി ലക്ഷ്യമാക്കി നീങ്ങി.

രാത്രി മീര വന്നു ഭക്ഷണം കഴിക്കാൻ വിളിച്ചെങ്കിലും അവൻ പോകാൻ കൂട്ടാക്കിയില്ല. വിശപ്പില്ലാന്ന് പറഞ്ഞു കണ്ണുകളടച്ചു കിടന്നു.

ആരോ വാതിലിൽ മുട്ടുന്നത് കേട്ടാണ് അവൻ കണ്ണ് തുറന്നത്. ചന്ദ്രൻ ആകുമെന്ന് അവനു ഉറപ്പായിരുന്നു. ഭക്ഷണം കഴിക്കാൻ വിളിക്കാൻ വന്നത് ആകും. മീരയോട് പറഞ്ഞ വിശക്കുന്നില്ല എന്ന അതെ കള്ളം തന്നെ പറഞ്ഞോഴിയാൻ ശ്രമിച്ചെങ്കിലും, ഒരു പാത്രത്തിൽ ഭക്ഷണവുമായി നിൽക്കുന്ന ചന്ദ്രനെയാണവൻ വാതിൽ തുറന്നപ്പോൾ കണ്ടത്.

” എല്ലാവരും ഉറങ്ങി… അതുകൊണ്ട് ഭക്ഷണവുമായി ഞാൻ ഇങ്ങു വന്നു. ”

ചോറും കറി പാത്രങ്ങളും മേശമേൽ വെച്ചുകൊണ്ട് അയാൾ പറഞ്ഞു.

“കഴിക്ക് മോനെ.. ” പ്ളേറ്റിലേക്ക് ചോറും കറികളും വിളമ്പി നൽകിക്കൊണ്ട് അയാളും അവനരികിലേക്ക് ഇരുന്നു.
മറുത്തൊന്നും പറയാതെ അവനും കഴിച്ചു തുടങ്ങി.

” രാജസ്ഥാനിൽ ആയിരുന്നു അല്ലെ.. ” ചന്ദ്രൻ ചോദിച്ചു.

“അതെ.. ഒന്നര വർഷമായി അവിടെയാണ്…”

” ഇനി തിരിച്ചു പോണുണ്ടോ…? ”

” പോണം….. പോകാതെ പറ്റില്ല ” അവൻ പറഞ്ഞു.

” പറ്റുമെങ്കിൽ കുറച്ചു നാൾ ഇവിടെ നിൽക്ക്… കുറെ ആയില്ലേ വന്നിട്ട്…”

” ഇല്ല…. പോണം…. ” അവൻ തല ഉയർത്താതെ പറഞ്ഞു
ചന്ദ്രൻ പിന്നീടൊന്നും പറയാൻ നിന്നില്ല. ഭക്ഷണം കഴിച്ചു കഴിഞ്ഞു പാത്രങ്ങൾ എല്ലാം എടുത്തുകൊണ്ട് അയാൾ ഒരു നെടുവീർപ്പോടെ മുറി വിട്ടു പോയി. മഹി വീണ്ടും മുറിയിലൂടെ കണ്ണോടിച്ചുകൊണ്ട് കട്ടിലിലായി കിടന്നു.

കുറച്ചു നേരം കിടന്നിട്ടും ഉറക്കം വരാത്തത് കൊണ്ട് അവൻ മേശമേൽ ഇരുന്ന ആൽബം കയ്യെത്തിച്ചു എടുത്തു നോക്കാൻ തുടങ്ങി. കൂടുതലും അവന്റെ ചെറുപ്പകാലത്തെയും സ്കൂൾ കോളേജ് ടൈമിൽ ഉള്ളതുമായ ഫോട്ടോസ് ആയിരുന്നു. താളുകൾ ഓരോന്നായി മറിക്കവേ ഒരു നായ്കുട്ടിയേയും ചേർത്ത് പിടിച്ചു പുഞ്ചിരിക്കുന്ന മൃദുവിന്റെ ഫോട്ടോ കണ്ടതും അവന്റെ മനസ് കലങ്ങി മറിഞ്ഞു.

” സ്കൂബി …… ” അവനാ നായ്കുട്ടിയുടെ ഫോട്ടോയ്ക്ക് മുകളിലൂടെ കൈകൾ കൊണ്ട് തലോടി മെല്ലെ വിളിച്ചു.

കണ്ണുകൾ അവളിലേക്കെത്തിയതും പെട്ടന്ന് തന്നെ ആൽബം മടക്കി വെച്ചു മഹി വീണ്ടും കണ്ണുകളടച്ചു കിടന്നു. മെല്ലെ മെല്ലെ എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു.

**********************************
രാവിലെ താഴെ നിന്നുള്ള ഒച്ചപ്പാടും ബഹളവും കേട്ടുകൊണ്ടാണ് മഹി കണ്ണ് തുറന്നത്. കണ്ണുകൾ തിരുമ്മി കൊണ്ട് ജനലിലൂടെ നോക്കിയതും താഴെ നിന്ന് പണിക്കാരോട് ഓരോന്നൊക്കെ പറഞ്ഞു കൊടുക്കുന്ന ചന്ദ്രനെയാണ് കണ്ടത്. കല്യാണം ഇങ്ങടുത്തെത്തിയല്ലോ..വീടും പരിസരവും വൃത്തിയാക്കുന്ന തിരക്കിൽ ആണ്.

പതിയെ അവനാ മുറി വിട്ട് താഴേക്ക് ഇറങ്ങി ചെന്നു.

” ചായ എടുത്തു വെച്ചിട്ടുണ്ട്..പോയി കുളിച്ചിട്ട് വാ മഹിയേട്ടാ ” അവനെ കണ്ടതും മീര അടുക്കളയിൽ നിന്ന് തല എത്തിച്ചു വിളിച്ചു പറഞ്ഞു.

തോർത്തും മുണ്ടും എടുത്തു അവൾ തന്നെ മഹിയുടെ കയ്യിലേക്ക് കൊടുത്തു. അവൻ അതും വാങ്ങി പുറത്തേക്ക് നടന്നു.

” ചന്തുമാമ്മേ…. നമുക്ക് കുളത്തിൽ പോയൊന്നു മുങ്ങിക്കുളിച്ചാലോ… ” ചന്ദ്രനെ കണ്ടതും അവൻ വിളിച്ചു ചോദിച്ചു.

കണ്ണുകൾ വിടർത്തി അവനെയൊന്ന് നോക്കികൊണ്ട് അയാൾ സമ്മതമെന്ന അർത്ഥത്തിൽ തലയാട്ടി. കയ്യിലിരുന്ന തൂമ്പ പണിക്കാരെ ഏല്പിച്ചു കൊണ്ട് അയാൾ ധൃതിയിൽ അവന്റെ അരികിലേക്ക് എത്തി.

” വാ… പോകാം ” നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് ഒപ്പിയെടുത്തുകൊണ്ട് അയാൾ പറഞ്ഞു. ഇരുവരും കുളം ലക്ഷ്യമാക്കി നടന്നു നീങ്ങി. പണ്ടും ഇങ്ങനെ തന്നെ ആയിരുന്നല്ലോ എന്നവൻ ഓർത്തു. ചന്തുമാമ്മയോടൊപ്പം കുളത്തിൽ മുങ്ങിക്കുളിക്കുന്നത് ഒരു രസമാണ്.

ആദ്യം കുറെ നേരം ഒരുമിച്ചു നീന്തും. പിന്നെ ചന്തുമാമ്മ കുളപ്പടവിൽ കയറി ഇരുന്ന് ഓരോരോ കാര്യങ്ങൾ പറയും.. കൂടുതലും പഴയ കാര്യങ്ങളും മറ്റുമാണ്. അതൊക്കെ കേട്ടുകൊണ്ട് അവനും ഇരിക്കും. കുളപ്പടവിൽ ഇരുന്ന് കൊണ്ട് വിശേഷങ്ങൾ പറയാൻ ചന്തുമാമയ്ക്കും അത്‌ കേൾക്കാൻ മഹിയ്ക്കും വല്ലാത്തൊരിഷ്ടമാണ്. വീണ്ടും ഇരുവരും വെള്ളത്തിലേക്കിറങ്ങി നീന്തിതുടിക്കും. എല്ലാം കഴിഞ്ഞു ഏറെ വൈകിയെ തിരികെ വരാറുള്ളു.

പഴയ പോലെ തന്നെ ചന്ദ്രൻ പടവിലേക്ക് ഇരുന്നു. മഹി കുളത്തിലേക്കും ഇറങ്ങി നീന്തി തുടങ്ങി. തണുത്ത വെള്ളത്തിലൊന്നു നീന്തിതുടിച്ചപ്പോൾ തന്നെ അവന്റെ ഉള്ളമാകെ തണുക്കുന്നുണ്ടായിരുന്നു.

” മഹി… അധിക നേരം വെള്ളത്തിൽ നിൽക്കേണ്ട ഇങ്ങു കയറി പോര്…. കുറെ നാൾ കൂടി ഇറങ്ങുന്നതല്ലേ…പനിയോ മറ്റൊ വരാൻ സാധ്യത ഉണ്ട്. ”
ചന്ദ്രൻ പടവിൽ ഇരുന്നു വിളിച്ചു പറഞ്ഞു.

” പനിയൊന്നും വരില്ല ചന്തുമാമ്മേ…. ഓർമ വെച്ച നാൾ മുതൽ നീന്തി വളർന്നതല്ലേ ഈ വെള്ളത്തിൽ.. കുറച്ചു നാൾ മാറി നിന്നെന്നു കരുതി ഒരു പനിയും പിടിക്കാൻ പോണില്ല ഇനി . ”

അവൻ വീണ്ടും നീന്തിതുടിക്കാൻ തുടങ്ങി. അല്പ നേരത്തിനു ശേഷം ചന്ദ്രനും കുളത്തിലേക്കിറങ്ങി, അവനോടൊപ്പം കൂടി.
നീണ്ട നേരത്തിനു ശേഷം ഇരുവരും ചെറിയ കിതപ്പോടെ പടവിലേക്ക് കയറി ഇരുന്നു.

” എന്തെ… ക്ഷീണിച്ചു പോയോ കാർന്നോരെ… ” മഹി കളിയായി ചന്ദ്രനോട് ചോദിച്ചു. മറുപടിയായി തന്റെ നരച്ചു തുടങ്ങിയ മുടിയിൽ തലോടി അയാളൊന്ന് ഉറക്കെ ചിരിച്ചു.

” വയസും പ്രായവുമൊക്കെ ആയില്ലേ… അതിന്റെയാ ക്ഷീണം… നീ പോയതിൽ പിന്നെ ഞാൻ അങ്ങനെ ഇങ്ങോട്ട് വരാറില്ല… വല്ലപ്പോഴും വരും… അത്ര തന്നെ.. ” അയാൾ പിന്നിലേക്ക് ചാരി ഇരുന്നു.

” ഇനിയിപ്പോ ഞാൻ ഉണ്ടല്ലോ… നമുക്ക് വരാം… ” കാലുകൾ വെള്ളത്തിലേക്ക് ഇറക്കിവെച്ചുകൊണ്ട് അവൻ പറഞ്ഞു.
ചന്ദ്രൻ ചിരിച്ചുകൊണ്ട് അവനെ തന്നെ നോക്കിയിരുന്നു.

കുറച്ചു നേരം കൂടി അവർ പടവിൽ ഇരുന്നു സംസാരിച്ചതിന് ശേഷം വീട്ടിലേക്ക് തിരിച്ചു.

മേലെപ്പാട്ടേക്ക് എത്തിയപ്പോൾ തന്നെ കണ്ടു മുറ്റത്തു ഒന്ന് രണ്ടു കാറുകൾ വന്നു കിടക്കുന്നത്. ആരാണെന്ന് സംശയിച്ചു നോക്കിയതും കാറിൽ നിന്നിറങ്ങിയ ആളെ കണ്ടു മഹിയുടെ കണ്ണുകൾ ചുമന്നു.

( തുടരും )

[Late ആയതിൽ ഒരു വലിയ സോറി. വ്യതിപരമായ ചില കാരണങ്ങളാൽ ആണ് ഇത്രയും വൈകിയത്.. അധികം വൈകാതെ തന്നെ അടുത്ത പാർട്ടുകൾ ഇടാം ]

LEAVE A REPLY

Please enter your comment!
Please enter your name here