Home Latest “അല്ല നിങ്ങൾ ചായക്കകത്തിടാൻ ആണൊ മുളക് അന്വേഷിക്കുന്നെ ?”

“അല്ല നിങ്ങൾ ചായക്കകത്തിടാൻ ആണൊ മുളക് അന്വേഷിക്കുന്നെ ?”

0

“എടീ മുളക് എവിടെയാ ഇരിക്കുന്നെ ?”
അവളെന്നെ ഒന്ന് നോക്കിട്ടു വീണ്ടും പത്രത്തിലേക്ക് തല പൂഴ്ത്തി
“ചായ ഇത് വരെ കിട്ടിയില്ല “അശരീരി അവളുടെയാണ്. എന്നിട്ടു മുഖമുയർത്തി കൂട്ടിച്ചേർത്തു
“അല്ല നിങ്ങൾ ചായക്കകത്തിടാൻ ആണൊ മുളക് അന്വേഷിക്കുന്നെ ?”

“പൊന്നു മോളെ ചമ്മന്തി അരക്കാനാ.. നീ അല്ലെ പറഞ്ഞേ ഇന്ന് ദോശയും ചമ്മന്തിയും വേണമെന്ന് ” ഞാൻ അല്പം വിനയം അഭിനയിക്കാൻ തീരുമാനിച്ചു. പന്ത് അവളുടെ കോർട്ടിലാണ്
“അത് പിന്നേ അല്ലെ ?ആദ്യം ചായ ”
നിങ്ങൾ ഇത് കേട്ടു തെറ്റിദ്ധരിക്കണ്ട ഈ ഒറ്റ ദിവസം ഞങ്ങൾ റോളുകൾ പരസ്പരം ഒന്ന് മാറ്റി നോക്കിയതാ അതും അറിയണമല്ലോ ദാമ്പത്യ മാകുമ്പോൾ. എന്നും ഒരേ പോലെ എന്താ ഒരു രസം അല്ലെ ?ഞായറാഴ്ച ആയതു നന്നായി.. അല്ലേൽ ഇവളും ഞാനും ഇന്ന് ഓഫീസിൽ പോക്ക് ഉണ്ടാവില്ലാരുന്നു.
ഈ പണ്ടാരം മുളക് എവിടെ ആണൊ വെച്ചിരിക്കുന്നെ. നോക്കി നിൽക്കെ പാൽ തിളച്ചു. ചായപൊടി തികഞ്ഞ അഭ്യാസിയെപോലെ അതാ പാലിലേക്കു ചാടുന്നു.. അല്ല ഈയുള്ളവൻ ചാടിക്കുന്നു
ഈ പാലെന്താ ഇങ്ങനെ ചാടി വരണേ ഉസൈൻ ബോൾട്ടിനേക്കാൾ സ്പീഡ് ആണിവൻ.. അടുപ്പിനു ചുറ്റും വീണു അടുപ്പ് കേട്ടപ്പോൾ എനിക്കും അവനും സമാധാനം ആയി. അവന്റെ ചാട്ടം നിന്നു അല്ലേലും തറ പറ്റിയാൽ ഏതു കൊമ്പത്തെ അവന്റെം ചാട്ടം നിൽക്കും
അടുത്തതു് ദോശ മാവ്
അത് പ്രശ്നമില്ല… അരച്ച് വെച്ചിരിപ്പുണ്ട് എടുത്തു കല്ലിൽ ഒഴിച്ചാൽ മതി ശൂ ന്നു നിലവിളിച്ചു അവൻ ദോശ ആയിക്കൊള്ളും.. ദേഹം പൊള്ളിയാൽ ആരും എന്തും ആവൂലെ ?

തേങ്ങ….
ശ്ശേ തെറ്റിദ്ധരിക്കരുത് പ്ലീസ…് തേങ്ങ തിരുമ്മൽ ഒരു ഭീകര ജോലിയാണ്.. നിലത്തിരിക്കണം.. എന്റെ കുടവയർ കാരണം നിലത്തു എങ്ങനെ ഇരിക്കും…
മുട്ടുകൾ നിലത്തൂന്നി ചരിഞ്ഞു കിടന്നു എഴുനേറ്റു ചിരവയിൽ സ്വന്തം ഇരിപ്പിടം വെച്ചു. ഹോ ഇവളെ സമ്മതിക്കണം.
. കളരി പഠിക്കണം ഇതിനൊക്കെ കളരി
തേങ്ങ തിരുമ്മിയെടുത്തു. ഇനി എഴുനെൽക്കണ്ട… തേങ്ങയുമായി എഴുന്നേറ്റാൽ പണി പാളും. മുട്ടുകുത്തി നിവർന്നു ഇടതു കാൽ മുന്നിലേക്കു വെച്ച് ഒപ്പം കൈ നിലത്തുറപ്പിച്ചു.
ആഞ്ജനേയ !ഒരു വിധം എഴുനേറ്റു. വയസ്സ് മുപ്പതു ആയേ ഉള്ളു നടുവ് ഒക്കെ പോയി കിടക്കുവാ..
മുളക് കിട്ടി… ഒപ്പം പണിയും കിട്ടി. കറന്റ്‌ പോയി…
“എടീ മോളെ മുളക് പൊട്ടിച്ചതായാലോ “ഒരു സജഷൻ…. ഭാഗ്യം ഉണ്ടെങ്കിൽ സമ്മതിച്ചാലോ
അവൾ ചിരിച്ചു “ആയിക്കോട്ടെ ചേട്ടാ കൂട്ടത്തിൽ ഇച്ചിരി തേങ്ങയും കൂടെ…”
“ഭദ്രകാളി അവൾ അവസരം മുതൽ ആക്കുവാ… ദൈവമേ ഇവൾ അടുക്കളയിൽ കേറുമ്പോളും ഇമ്മാതിരി പണി കൊടുക്കണേ


ആർക്കും വേണ്ടാതെ കിടന്ന അരകല്ലിനു പോലും പുച്ഛം.. ഹും നടക്കട്ടെ.. പട പേടിച്ചു പന്തളത്തു ചെല്ലുമ്പോൾ അല്ലേലും ഇങ്ങനെ ആണല്ലോ. എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ എന്റെ വിധി
ചമ്മന്തി എന്നൊക്കെ ഞാൻ ഇതിനെ പറയും മറ്റാര് പറഞ്ഞില്ലേലും. കാക്കയ്ക്കും തൻ കുഞ്ഞ് പൊൻകുഞ്
ദോശ മാവ് ഒഴിച്ച് നോക്കി എന്തോ കുഴപ്പം ഉണ്ട് ഇളകുന്നില്ല.
“എണ്ണ പുരട്ടി ചുട്ടാലിളകുമായിരിക്കും ”
അവളാണ് വന്നു നില്പുണ്ട് പിന്നിൽ…ദുഷ്ട.. ഒരു കൈ സഹായം
“ഇതെന്താ കുരുക്ഷേത്ര ഭൂമിയോ ?”
അവളാണ്.. ചോദ്യം ന്യായം. ആരും ചോദിക്കും അടുക്കളയിൽ അമ്മാതിരി കോലാഹലമാണ്.. സത്യത്തിൽ ഈ പെണ്ണുങ്ങളെ സമ്മതിക്കണം. എന്തെല്ലാം ജോലികളാ ഒരേ സമയം ചെയുന്നത് ??
അല്ല അവളെ പറഞ്ഞിട്ടു കാര്യമില്ല ഞാൻ അവളീ ജോലി ചെയ്യുന്ന സമയത്തൊക്കെ മൊബൈലിലാണ് കൈ പ്രയോഗം നടത്താറ്.. എനിക്കിങ്ങനെ തന്നെ വേണം
ദോശ ആണത്രേ ദോശ… ഒരു സ്നേഹം വേണ്ടേ ?ദോശക്കു പോലും ഈയുള്ളവനോട് കരുണ ഇല്ല

ലോകത്തെ മിക്കവാറും എല്ലാ രാജ്യങ്ങളുടെ ആകൃതിയും വന്നു കഴിഞ്ഞു.. ചിലതൊക്കെ പൊളിഞ്ഞും പോയി. മൂന്നും നാലുമായി കീറി പോയതിനെ എടുത്തു അവൾ ഒരു നോട്ടം
“നീ എന്തിനാടീ നോക്കുന്നെ എത്ര വൃത്തം ഒപ്പിച്ചു ഉണ്ടാക്കിയാലും മുറിച്ചല്ലേ വായിലോട്ടു വെയ്ക്കുന്നെ ?”
അല്ല പിന്നേ… ഇനിയുമുണ്ട് ജോലി… നിലം തുടക്കണം തുണി നനയ്ക്കണം. ഉച്ചക്കത്തെ ചോറും കറിയും. എന്റെ ദൈവമേ കുരിശു ആയല്ലോ. ഒരു ആവേശത്തിന് കേറി ഏറ്റു പോയി. വാക്ക് മാറുന്നത് നമ്മൾ ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ള പണി ആണോ ??
പാവം ഇവൾ ഇത്രയും കഷ്ടപ്പെടുമ്പോൾ ഞാൻ മൊബൈലിലും നോക്കി ടിവിയിലും നോക്കി…ഇടയ്ക്കിടെ ചായ, കാപ്പി എന്നൊക്കെ ഓർഡർ കൊടുത്ത്. താമസിച്ചാൽ അവളുടെ അച്ഛനേം അപ്പൂപ്പനേം ഒരു കാരണം ഇല്ലാതെ സ്മരിച്ചും.. എന്റെ മനസാക്ഷി കാശിക്കു പോയോ ദൈവമേ !
നെഞ്ചിലൊരു പുകച്ചിൽ.. കണ്ണു നിറയും പോലെ തോന്നിയപ്പോൾ എഴുനേറ്റു.
“അവിടെ വെച്ചിട്ടു പോക്കോട്ടോ.. ഞാൻ ചെയ്തോളാം ”
അവളുടെ മുഖത്തു ചിരി.. മെല്ലെ അവൾക്കരികിൽ ചെന്ന് ചേർത്ത്
പിടിച്ചു. സ്നേഹത്തിന്റെയും കരുതലിന്റെയും മാതൃരൂപമാണ് ഭാര്യ. ഒരു അല്പം സ്നേഹം കൊടുത്താൽ ഒരു കടൽ തിരിച്ചു തരുന്നവൾ.
“സോറി ഡി..
“എന്തിനു? “അവളുടെ മുഖത്തു കള്ള ചിരി
“ദോശ വൃത്തം ആയില്ലല്ലോ സോറി ”
“ങേ ?””
അവൾ പൊട്ടിചിരിച്ചു കൊണ്ട് എന്റെ നേരെ വരുന്നുണ്ട്… ഞാൻ ഓടി….
ഓട്ടത്തിനിടയിൽ ഞാൻ ഒന്ന് തീരുമാനിച്ചു മൊബൈലിൽ പണിയുന്ന പണി സമയം അടുക്കളയിൽ പണിയാം അവൾക്കൊരു സഹായോം ആവും എനിക്ക് കാര്യങ്ങൾ പഠിക്കുകയും ചെയ്യാം. എപ്പോളാ ആവശ്യം വരുന്നെന്നു പറയാൻ പറ്റില്ലല്ലോ !

രചന: അമ്മു സന്തോഷ്

LEAVE A REPLY

Please enter your comment!
Please enter your name here