Home Article പെണ്ണായാൽ അറപ്പ് പാടില്ല, കറിയിൽ കഷണങ്ങൾ തപ്പരുത്, ഇഷ്‌ടമില്ലാത്തതിനെ ഒക്കെ ഇഷ്‌ടപ്പെട്ടെന്നു കരുതിയങ്ങു ജീവിച്ചോളണം…

പെണ്ണായാൽ അറപ്പ് പാടില്ല, കറിയിൽ കഷണങ്ങൾ തപ്പരുത്, ഇഷ്‌ടമില്ലാത്തതിനെ ഒക്കെ ഇഷ്‌ടപ്പെട്ടെന്നു കരുതിയങ്ങു ജീവിച്ചോളണം…

0

രചന : Dr. Anuja Joseph

“പെണ്ണായാൽ അറപ്പ് പാടില്ല, കറിയിൽ കഷണങ്ങൾ തപ്പരുത്, ഇഷ്‌ടമില്ലാത്തതിനെ ഒക്കെ ഇഷ്‌ടപ്പെട്ടെന്നു കരുതിയങ്ങു ജീവിച്ചോളണം”

“ശരിയാണ് ചേച്ചി 100% ഞാൻ യോജിക്കുന്നു ”
നമ്മുടെ നാട്ടിലെ അറിവും ജീവിതപരിചയമുള്ള രണ്ടു പ്രശസ്ത സ്ത്രീകളുടെ സംഭാഷണമാണ് മേൽപ്പറഞ്ഞത്.

നൂറ്റാണ്ടുകൾക്കപ്പുറം നിൽക്കുന്ന അവരോടു ഒരേ സമയം അനുകമ്പയും സ്നേഹവും എനിക്ക് തോന്നിയാൽ തെറ്റിദ്ധരിക്കരുത്.
ജീവിതസാഹചര്യങ്ങൾ അടിച്ചേല്പിക്കുന്ന മാമൂലുകൾ!
ഇവിടെ പൊരിച്ച മീനിൽ പോലും വേർതിരിവാണ് അപ്പോഴാ.
“നീ പെങ്കൊച്ചാണ്, മീൻ തല കഴിച്ചാ മതി പോലും ”
അല്ലെ എന്തൊക്കെ പുകിലാണ്.

“പെങ്കൊച്ചിന് അറപ്പ് പാടില്ല”
ശെരിയാണല്ലോ, നിലം തൊടക്കലും കക്കൂസ് കഴുകലും, പിള്ളേർ അപ്പിയിട്ടാൽ വാരലും കഴുകലും എന്നു വേണ്ട സർവത്ര ജോലികളും മടി പിടിക്കാണ്ട് ചെയ്യണമെങ്കിൽ അറപ്പു ഇച്ചിരി പ്രശ്നമാണ്,
പണ്ട് കാലത്തു ആർത്തവരക്തത്തെ പ്രതിരോധിക്കാൻ പുരാതന രീതികൾ മാത്രം, സാനിറ്ററി പാഡും അത്രമേൽ പ്രചാരത്തിലില്ല, പെൺകുട്ടികളോട് അറക്കരുത്, ഇതു നിങ്ങളുടെ ശരീരത്തിന്റെ ഭാഗമാണ്, ആ ഉപദേശം അമ്മമാർ പറയുന്നതിൽ തെറ്റില്ല,

മുൻപുള്ളത് പോലെ പുരുഷന്മാർ മാത്രം ജോലി ചെയ്യുന്ന സ്ഥിതിയല്ല ഇപ്പോൾ, രണ്ടു കൂട്ടരും ജോലി ചെയ്താലേ കുടുംബം മുന്നോട്ടു പോകുള്ളൂ, ഈ സാഹചര്യത്തിൽ വീട്ടുജോലികൾ പങ്കു വയ്ക്കപ്പെടേണ്ടത് അനിവാര്യമാണ്. അല്ലാണ്ട് പഴമയുടെ കെട്ടഴിച്ചു പുകമറ സൃഷ്‌ടിക്കേണ്ടതിന്റെ ആവശ്യമുണ്ടോ,

പിന്നെയി കറിയിൽ കഷണം തപ്പരുത്, അതൊട്ടും മനസിലാകുന്നില്ല. ഏതാണ്ട് പൊരിച്ച മീനിന്റെ അവസ്ഥ, ആൺകൊച്ചായാലും പെങ്കൊച്ചായാലും നമ്മുടെ പിള്ളേരല്ലേ, അവർ നല്ല പോലെ കഴിച്ചങ്ങു വളരട്ടെയെന്നു വയ്ക്കണം, പിന്നല്ലാതെ, ചാറും കഷണവും തിരിക്കൽ മോശമല്ലേ!

പെണ്ണായാൽ ഏതു സാഹചര്യത്തിലും ഇഷ്‌ടപ്പെട്ടാലും ഇല്ലേലും അഭിനയിച്ചു അവിടങ്ങു നിന്നോളണം!
ഈ ഉപദേശം എല്ലാവർക്കും ഇല്ലേ, ക്ഷമയുടെയും സഹനത്തിന്റെയും പ്രതീകങ്ങളായി സ്ത്രീകളെ മാറ്റാനുള്ള സൈക്കോളജിക്കൽ മൂവ്,

ഇഷ്‌ടമില്ലാത്തിടത്തു തുറന്നു പറയാനുള്ള ആർജവം ആണിനും പെണ്ണിനും ഉണ്ടാകണം. അല്ലാതെ കണ്ണീർ കഥാപാത്രങ്ങളായി ഉപദേശത്തിന്റെ പഴംമൊഴിയിൽ ജീവിതം ഒടുങ്ങിത്തീർന്നാൽ നഷ്‌ടം അവരവർക്കു മാത്രം.

പുതുതലമുറക്ക് പഴമ സ്വീകരിക്കാം, നല്ല കാര്യങ്ങൾക്ക് കാതോർക്കാം, അതല്ലാതെ ഇങ്ങനെയാകണം പെങ്കൊച്ചുങ്ങൾ എന്നുള്ള മണ്ടൻ ആശയങ്ങൾക്ക് ഗുഡ്ബൈ പറയാനുള്ള കാലം അതിക്രമിച്ചിരിക്കുന്നു.
Dr. Anuja Joseph
Assistant Professor,
Trivandrum.

LEAVE A REPLY

Please enter your comment!
Please enter your name here