Home Latest കടം കേറി കെട്ടിതൂങ്ങി ചത്ത രാഘവന്റെ മോനു കൊടുക്കാൻ ഒരു ചില്ലി കാശില്ല ഇവിടെ…

കടം കേറി കെട്ടിതൂങ്ങി ചത്ത രാഘവന്റെ മോനു കൊടുക്കാൻ ഒരു ചില്ലി കാശില്ല ഇവിടെ…

0

രചന : Arun Karthik

“കടം കേറി കെട്ടിതൂങ്ങി ചത്ത രാഘവന്റെ മോനു കൊടുക്കാൻ
ഒരു ചില്ലി കാശില്ല ഇവിടെ”

അറയ്ക്കലെ പലിശക്കാരൻ രാജൻ പിള്ള വരാന്തയിലെ ചാരുകസേരയിലിരുന്ന് ശബ്ദം കനപ്പിച്ചു പറയുമ്പോൾ തല കുമ്പിട്ടു നിൽക്കുകയായിരുന്നു ഞാൻ.

വാടക വീടിന്റെ മൂന്നു മാസത്തെ മുടങ്ങിപോയ തവണപൈസ കൊടുക്കാൻ വേണ്ടി വായ്പ ചോദിക്കാൻ പറഞ്ഞു വിട്ടതായിരുന്നു അമ്മയെന്നെ.

ഇരുമ്പുകൂട്ടിൽ കിടക്കുന്ന നായയെ അഴിച്ചു വിടണ്ടെങ്കിൽ ഇറങ്ങിക്കോ ഇപ്പൊതന്നെകണക്ക് നോക്കിയാൽ ഇപ്പോഴും 500 രൂപ ഇങ്ങോട്ട് കിട്ടാൻ ഉണ്ട്. ഈർക്കിലി പോലെയുള്ള ചെറുക്കൻ ആയി പോയി. അല്ലെങ്കിൽ വിറക് കീറി എങ്കിലും മുതലാക്കിയേനെ ഞാൻ..

തല കുനിച്ചു ഇറങ്ങി പോരുമ്പോൾ വരേണ്ടിയിരുന്നില്ലന്നു തോന്നിപ്പോയി..

നിറഞ്ഞ മിഴികൾ ആരും കാണാതെ മതിലിനു വെളിയിൽ വന്നു തുടച്ചുനീക്കി.

പലചരക്കു കടയിൽ, സ്കൂളിൽ, ചായകവലയിൽ, ചെല്ലുന്നിടത്തെല്ലാം കേൾക്കാൻ ഉണ്ടായിരുന്നത് ഒരേ വാചകം ആയിരുന്നു..

കടം കേറി മുടിഞ്ഞ രാഘവന്റെ മോനും കൂട്ടർക്കും ഒരു നയാപൈസ കൊടുക്കരുതെന്ന്..

തിരികെ വീട്ടിലേക്കു ചെല്ലുമ്പോൾ അര നാഴിഅരി അടുപ്പത്തേക്ക് ഇട്ടുകൊണ്ട് . അമ്മ നിസ്സഹായതയോടെ പറയുന്നുണ്ടായിരുന്നു അവസാനഅരിമണിയും തീർന്നെന്നു..

രാത്രി കഞ്ഞിപാത്രത്തിൽ വിരലിട്ടിളക്കി കൊണ്ട് കണ്ണൻ അമ്മയോടായി പറഞ്ഞു ഇതിൽ നിറയെ വെള്ളം മാത്രമേയുള്ളൂവെന്ന്..

ചെറിയ കുട്ടികൾ കഞ്ഞിവെള്ളം കുടിച്ചാൽ പെട്ടെന്ന് വലുതാകുമെന്ന് കള്ളം പറഞ്ഞു കൊണ്ട് എന്റെ പാത്രത്തിൽ നിന്നും പരതിയെടുത്ത ചോറ് വറ്റുകൾ ഞാനവന്റെ പാത്രത്തിലേക്കു പകർന്നു നൽകുമ്പോൾ അമ്മ നെടുവീർപ്പോടെ എന്നെ നോക്കുന്നുണ്ടായിരുന്നു.

ശപിക്കപ്പെട്ട അമ്മയായി പോയല്ലോ എന്ന ചിന്തയായിരിക്കണം അമ്മയുടെ മനസ്സിൽ എന്ന് തോന്നിയത് കൊണ്ട് തന്നെ ആ കാൽച്ചുവട്ടിൽ അമ്മയുടെ പാദങ്ങൾ അമർത്തുമ്പോൾ ആ മടിയിൽ കണ്ണൻ നിദ്ര പൂകിയിരുന്നു..

പിറ്റേന്ന് വിശപ്പടക്കാൻ പേരിന് ഒരു പേരയ്ക്ക പോലും ആ വീട്ടിലോ പറമ്പിലോ ഉണ്ടായിരുന്നില്ല, ചുറ്റുവട്ടത് നിന്നും കടം മേടിക്കാൻ ഒരു നാഴി അരിയും..

അനിയന്റെ വിശക്കുന്നുള്ള കരച്ചിൽ എന്റെ കാതുകളിൽ അലയടിച്ചപ്പോൾ വീടിനുള്ളിൽ അധികനേരമങ്ങനെ നിൽക്കാൻ കഴിഞ്ഞില്ല എനിക്ക്..

പുറത്തിറങ്ങി എങ്ങോട്ടെന്നില്ലാതെ നടക്കുമ്പോഴും ഇനി ആരും സഹായിക്കില്ലെന്ന് ഉറപ്പുണ്ടായിട്ടും ഞാനെന്ന പന്ത്രണ്ടു വയസ്സുകാരൻ നടന്നു കൊണ്ടേയിരുന്നു ഒരു നേരത്തെ ഭക്ഷണം തേടി..

കുറേ സമയത്തെ അലച്ചിലിനൊടുവിൽ നഗരസഭയിലെ മാലിന്യങ്ങളുടെ കൂടെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു കിടക്കുന്ന ഒരു പച്ചറൊട്ടിയിൽ എന്റെ മിഴികൾ ഉടക്കി .

അല്പം പൂത്തതെങ്കിലും വിശപ്പിന്റ കാഠിന്യത്താൽ അതെടുക്കാനായി ഞാൻ മുന്നോട്ട് ആഞ്ഞതും ഒരു തെരുവ് നായയാ റൊട്ടികഷ്ണം കടിച്ചുകൊണ്ട് ഓടി മറയുന്നത് നോക്കി നിൽക്കേണ്ടി വന്നു എനിക്ക്..

കടത്തിനു മേൽ കടം ആണെന്നറിഞ്ഞിട്ടും അനിയന്റെ മുഖമോർത്തപ്പോൾ കുമാരേട്ടന്റെ ചായക്കടയിലെ മൂന്നു പഴത്തിന് വേണ്ടി വീണ്ടും കൈ നീട്ടേണ്ടി വന്നപ്പോൾ നാണമില്ലാതെ കടം ചോദിക്കാൻ കാട്ടുപോത്തിന്റെ തൊലിക്കട്ടിയാണല്ലോ നിനക്കെന്ന് ചോദിച്ചു കൊണ്ടാണ് കുമാരേട്ടൻ എന്നെ എതിരേറ്റത്ത്

ഒടുവിൽ ഏഴു കന്നസ് വെള്ളം കടയിൽ കൊണ്ടെത്തിച്ചാൽ പഴമെടുത്തു കൊണ്ട് പൊയ്ക്കോളുവെന്ന നിബന്ധനയ്ക്ക് മുന്നിൽ അനുസരിക്കാതെ മറ്റു മാർഗം ഇല്ലായിരുന്നു എനിക്ക്..

പഞ്ചായത്ത് പൈപ്പിൽ നിന്നും പതിനാലു തവണയായി വെള്ളം കോരി നിറക്കേണ്ടി വന്നപ്പോഴും മൂന്നു പഴം കിട്ടുമല്ലോ എന്ന ചിന്ത മാത്രമായിരുന്നു എന്റെ മനസ്സിൽ..

വിശപ്പും ദാഹവും അലട്ടുമ്പോഴും കിട്ടിയ പഴവുമായി ഞാൻ വീട്ടിലേക്കു ഓടിചെല്ലുമ്പോൾ ഉമ്മറത്തു തന്നെ അമ്മയും അനിയനും എന്നെയും പ്രതീക്ഷിച്ചിരിപ്പുണ്ടായിരുന്നു.

ഞൊടിയിടയിൽ ആദ്യ പഴം കഴിച്ചിട്ട് വിശപ്പടങ്ങാതെ അനിയൻ അമ്മയെ വീണ്ടും നോക്കുമ്പോൾ കയ്യിലുള്ള രണ്ടാം പഴം കൂടി അമ്മ അവനു നൽകി മക്കൾ കഴിച്ചോന്നു പറയുമ്പോൾ എനിക്കായ് മാറ്റിവച്ച അവസാനപഴം അമ്മയ്ക്കായ് ഞാൻ വച്ചു നീട്ടി..

പഴത്തിന്റെ തൊലിയുരിഞ്ഞു താഴേക്കു ഇട്ട് അകത്തേക്കോടിയ അനിയന്റെ പിന്നാലെ അമ്മ നടന്നു നീങ്ങുമ്പോൾ ഞാൻ മുൻപേ കഴിച്ചതാണമ്മേന്ന് കള്ളം പറയാൻ മാത്രമേ എനിക്കപ്പോൾ തോന്നിയുള്ളു.

വരാന്തയിലെ ചെറുനടയിൽ വിശന്നു തളർന്നിരിക്കുമ്പോൾ എന്റെ മിഴികൾ അനിയൻ കഴിച്ചിട്ടേച്ചു പോയ മൂന്നു പഴത്തൊലിയിലേക്ക് ആയിരുന്നു.

മറ്റാരും കാണാതിരിക്കാൻ ചുറ്റുപാടും കണ്ണോടിച്ചു കൊണ്ട് വരാന്തയിലെ പഴത്തൊലികളിലേക്ക് കയ്യെത്തിപിടിക്കാൻ അല്പം പോലും കാലതാമസം എനിക്ക് വേണ്ടി വന്നിരുന്നില്ല..

പെട്ടെന്ന് പുറത്തേക്ക് വന്ന അമ്മ കണ്ടത് ആർത്തിയോടെ മൂന്നു പഴത്തൊലിയും കയ്യിലെടുത്തു പാതി ചവച്ചിറക്കുന്നയെന്നെ ആയിരുന്നു.

എന്തിനാ ഉണ്ണി നീ ഈ അമ്മയോട് കള്ളം പറഞ്ഞതെന്ന് ചോദിക്കുമ്പോൾ
കവിളിലേക്ക് ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചുകൊണ്ട് ഞാൻ പറഞ്ഞു..

നേടിയെടുക്കുന്നവരിലല്ല വിട്ടു കൊടുക്കുന്നവരിലാണ് ദൈവം കുടികൊള്ളുന്നതെന്നു അമ്മ തന്നെയല്ലേ എന്നെ പറഞ്ഞു പഠിപ്പിച്ചത്..

കടം വീട്ടലാണ് അമ്മേ ഇനി എന്റെ ലക്ഷ്യം. എന്റെ അമ്മയുടെ കണ്ണ് കലങ്ങാതിരിക്കാൻ, എന്റെ അനിയന്റെ വയർ പൊരിയാതിരിക്കൻ..

***** **** ****** ***** ********

പിറ്റേന്ന് അച്ഛന്റെ പഴയ ഒരു സൈക്കിൾ വാടകയുടെ പലിശയിനത്തിൽ ചേർക്കാണെന്നു പറഞ്ഞു വീടുടമ എടുത്തു കൊണ്ട് പോകുമ്പോൾ നിശ്ചലനായി നോക്കിനിൽക്കാനേ കഴിഞ്ഞുള്ളു എനിക്ക്..

അടുത്ത ദിവസം ടൗണിലെ കടയിൽ തുച്ഛമായ വരുമാനത്തിന് വെള്ളം കോരുമ്പോൾ, എന്റെയൊപ്പം പൊക്കമുള്ള ചെമ്പു കഴുകുമ്പോൾ, എച്ചിൽ പാത്രങ്ങൾ മാറ്റി മേശ തുടയ്ക്കുമ്പോൾ, കണ്ണന്റെ മുഖമായിരുന്നു എന്നെ തളരാതെ പിടിച്ചു നിർത്തിയത്..

തിരിച്ചു പോരാൻ നേരം കടയുടമയിൽ നിന്നും പൊതിഞ്ഞു മേടിക്കുന്ന പരിപ്പുവട പതിവായി കൊണ്ട് കണ്ണന് കൊടുക്കുമ്പോൾ,അവൻ അതാവേശത്തോടെ കഴിക്കുന്നത് കാണുമ്പോൾ അമ്മയ്ക്കൊപ്പം എന്റെയും ഉള്ളം നിറഞ്ഞു വരുമായിരുന്നു.

പണിയിലെ ആത്മാർത്ഥത കൊണ്ടോ അമ്മയുടെ പ്രാർത്ഥന കൊണ്ടോ ഉടമയുടെ വിശ്വാസപാത്രത്തിനൊപ്പം ശമ്പളവും കൂട്ടികിട്ടാൻ തുടങ്ങി..

വാടകവീടിന്റ കുടിശിക തീർത്തതും അനിയനെ പട്ടണത്തിലെ സ്കൂളിലേക്ക് പറഞ്ഞു വിടാനും കാലം സാക്ഷിയായി.

രാജൻപിള്ളയുടെ അടക്കം അച്ഛൻ വരുത്തി വച്ച കടങ്ങൾ ഓരോന്നായി തീർക്കുമ്പോഴേക്കും പഴയ പന്ത്രണ്ടുകാരന് ഇരുപതു വയസ്സ് പിന്നിട്ടു കഴിഞ്ഞിരുന്നു.

കണ്ണൻ കോളേജിൽ എത്തിയപ്പോൾ ചായക്കടയിൽ നിന്നും പെയിന്റ് ങ് പണിക്കും വാടകയ്ക്ക് രാത്രികാല ഓട്ടോ ഡ്രൈവിങ്ങിലേക്കു മാറുമ്പോഴും അവനു ജോലി കിട്ടുന്ന ദിവസം മാത്രമായിരുന്നു മനസ്സിൽ.

മിച്ചം പിടിച്ച പണത്തിൽ നിന്നും അച്ഛന്റെ പഴയ പൊടി പിടിച്ചു കിടന്ന ഒരു സൈക്കിൾ തിരികെ വീട്ടിലേക്കു കൊണ്ടുവന്നു വയ്ക്കുമ്പോൾ അച്ഛൻ കൂടെയുള്ള പോലെ തോന്നി.

“ആ ആക്രി മേടിക്കുന്ന ക്യാഷ് എനിക്ക് തന്നിരുന്നെങ്കിൽ ഞാൻ മുന്നറിലേക്കുള്ള കോളേജ് ടൂർ പോകുമായിരുന്നു”വെന്ന് അനിയൻ പറഞ്ഞപ്പോ പോക്കറ്റിലെ അവശേഷിച്ച നോട്ടുകൾ നൽകി കൊണ്ട് ഞാൻ പറഞ്ഞു.. മോൻ ടൂർ മുടക്കേണ്ട തികയാത്തത് ഏട്ടൻ നാളെ തരാമെന്നു..

മഴ നനയാതെ വീടിനോട് ചേർന്ന് ഞാൻ ആ സൈക്കിൾ ചേർത്ത് വച്ച് തുടയ്ക്കുമ്പോൾ എത്രയോ വട്ടം അതിൽ ഞാനും അവനും അച്ഛനൊപ്പം പറ്റി ചേർന്നിരുന്നതാണെന്ന് പാവം അനിയൻ അറിയില്ലല്ലോ!

കൊട്ടനിറച്ചു കടമല്ലാതെ അച്ഛന്റെ ഓർമ്മയ്ക്കായി എനിക്ക് ആകെയുണ്ടായിരുന്നത് ആ സൈക്കിൾ മാത്രമായിരുന്നത് കൊണ്ടാവാം അതുവഴി വന്ന അമ്മയാ സമയം എന്നെ തന്നെ നോക്കി നിന്നത്..

പഠിക്കാൻ ഹോസ്റ്റലിലേക്ക് മാറട്ടെയെന്ന കണ്ണന്റെ ചോദ്യത്തിന് സമ്മതം മൂളുമ്പോൾ ഈ വാടകവീട്ടിൽ എന്താ കുറവെന്ന് മാത്രം ഞാൻ അവനോട് ചോദിച്ചില്ല..

കോളേജിൽ ഡിസ്റ്റിങ്ഷനോട് കണ്ണൻ പാസ്സായെന്ന് അമ്മ വിളിച്ചു പറയുമ്പോൾ നട്ടുച്ചവെയിലിൽ നാലാൾ പൊക്കമുള്ള മതിൽപണിക്കായ് കരിങ്കൽ ചുമന്നിടുകയിരുന്നു ഞാൻ.

അന്ന് പണി നേരത്തെ നിർത്തി പതിവ് പരിപ്പുവടയുമായി ഞാൻ ഓടിചെന്നത് അവനെ ഒന്ന് നേരിൽ കാണാൻ വേണ്ടിയായിരുന്നു..

ഏട്ടന്റെ കുട്ടി ഇനിയും മുന്നേറാനാവുമെന്നു പറയാൻ, കെട്ടിപിടിച്ചു ഒന്ന് ആശ്ലേഷിക്കാൻ,സ്നേഹം കൊണ്ട് പൊതിയാൻ..എന്റെ മനസ്സ് വെമ്പൽ കൊള്ളുകയായിരുന്നു

കോളേജ് ഹോസ്റ്റലിലെ പയ്യൻ വന്നു കണ്ണനെ കൂട്ടി കൊണ്ട് പോയെന്ന് അമ്മ പറഞ്ഞപ്പോ പിന്നലെ പാതി തുരുമ്പിച്ച അച്ഛന്റെയാ പഴയ സൈക്കിളിൽ ഞാനും അവിടേക്ക് പോയി.

ഹോസ്റ്റലിൽ നിന്നും ബിരിയാണിയുടെ മണം മൂക്കിൽ അടിച്ചപ്പോൾ തന്നെ കണ്ണന്റെ സെലിബ്രേഷൻ ആണെന്ന് അവിടെ നടക്കുന്നത് എനിക്ക് മനസ്സിലായി.

തോളിൽ നിന്നും ഒറ്റതോർത്ത്‌ എടുത്തു സൈക്കിൾ ഹാൻഡിലിൽ തൂക്കിയിട്ട് വലതു കാലിനു തട്ടി സ്റ്റാൻഡിലേക്ക് കേറ്റി വയ്ക്കുമ്പോൾ കുറച്ചകലെ നിന്നും കണ്ണന്റെ ശബ്ദം ഞാൻ കേട്ടു.

“കൊട്ട ചുമന്ന തഴമ്പ് കൊണ്ടല്ല മോനേ രാപകൽ ഇല്ലാതെ എന്റെ ബ്രെയിൻ നല്ല പോലെ വർക്ക്‌ ചെയ്തിട്ട ഉയർന്ന മാർക്കൊടെ പാസ്സായതെന്നു..

അവൻ പറഞ്ഞതത്രയും ശരിയാണെങ്കിലും മനസ്സിൽ എവിടെയോ ഒരു ചെറു നീറ്റൽ അനുഭവപ്പെട്ട പോലെ തോന്നി.

മുന്നോട്ട് നടക്കാൻ കാലുകൾ വിമുഖത കാട്ടും പോലെ..

ഏട്ടനെ കൂടി വിളിക്കാമായിരുന്നില്ലേ ന്നുള്ള അവന്റെ സുഹൃത്തിന്റെ ചോദ്യത്തിന് എണ്ണകടലാസ്സിൽ പൊതിഞ്ഞ പതിവ് പരിപ്പുവടയും കൊണ്ട് വച്ചിട്ട് പോയികിടന്നു ഉറങ്ങുന്നുണ്ടാവും അദ്ദേഹം ഇപ്പോഴെന്ന് പറഞ്ഞു അവൻ ഊറിചിരിച്ചു.

നടന്ന നീങ്ങിയ കാലുകൾക്ക് ഒരു നിമിഷം ചലന ശേഷി നഷ്ടപ്പെട്ട പോലെ.
പിന്തിരിഞ്ഞു നടക്കുമ്പോ ആരോ വിളിച്ചു പറഞ്ഞു കണ്ണാ അത് നിന്റെ ഏട്ടൻ അല്ലെയെന്നു..

ഏട്ടൻ എന്താ ഇവിടെയെന്ന ചോദ്യത്തിന് നേരം വൈകിയില്ലേ കണ്ണാ ഏട്ടൻ വെറുതെ അന്വേഷിച്ചു വന്നന്നേയുള്ളു. എന്റെ കുട്ടി വലുതായ കാര്യം ഏട്ടൻ മറന്നു. അമ്മയൊട്ട് ഓർമിപ്പിച്ചതുമില്ല.

ഒരു പ്ലേറ്റിൽ നിറച്ച ബിരിയാണി കണ്ണന്റെ കൂട്ടുകാരൻ എന്റെ മുന്നിൽ കൊണ്ട് വന്ന് നീട്ടിയിട്ട് കഴിച്ചിട്ട് പോകാമെന്നു പറഞ്ഞപ്പോൾ ഞാൻ അതിലേക്ക് നോക്കി മൃദുവായി പുഞ്ചിരിച്ചിട്ട് പറഞ്ഞു.

കരിങ്കൽ പണിക്കു പോകുമ്പോ ചായക്കടയിൽ കഴിക്കാൻ കയറുമ്പോ കൂട്ടുകാർ എന്നെ കളിയാക്കാറുണ്ട്.. നിനക്ക് എന്നും ഈ പൊറോട്ടയും സാമ്പാറും മാത്രമേ ഉള്ളൊന്ന്..ഒരു ചിക്കൻ പീസ് മേടിച്ച അനിയന്റെ പഠിപ്പ് ഫിസ് കുറഞൊന്നും പോകില്ലെന്നു..

എഴുപത് രൂപയ്ക്ക് ഞാൻ ഒരു കറി മേടിക്കാതിരുന്നാൽ ആ കൂടെ കുറച്ചു പൈസ കൂടെ ചേർത്തു ഒരു കോഴി മേടിച്ചാൽ എന്റെ വീട്ടിൽ കണ്ണനും അമ്മയും വയർ നിറച്ചു ആഹാരം കഴിക്കുമെന്ന് അവർക്ക് അറിയില്ലല്ലോ..

കടം കേറി മരിക്കുന്നതിന് മുൻപ് അച്ഛൻ എനിക്ക് കൊണ്ട് തന്ന നെയ്യപ്പത്തിനും ഞാൻ കണ്ണനു കൊടുക്കുന്ന പരിപ്പുവടയ്ക്കും ഒരു വ്യത്യാസം മാത്രമേ ഉള്ളൂ.

എനിക്ക് കിട്ടിയത് കടം മേടിച്ചതും കണ്ണന് ഞാൻ കൊടുത്തത് എന്റെ ചങ്ക് വെള്ളമാക്കി ഞാൻ അധ്വാനിച്ചുണ്ടാക്കിയതും.. അല്ലെ കണ്ണാ..

ഏട്ടാ ഞാൻ അറിയാതെ വെള്ളപ്പുറത്തു പറഞ്ഞതാ എനിക്കറിയാം എന്റെ ഏട്ടൻ ആണ് എന്നെ ഇത്രയും വലുതാക്കിയത്..
ഏട്ടൻ എനിക്ക് മാപ്പ് തരണം.. ഞാൻ മൂലം ആ മനസ്സ് വേദനിച്ചെങ്കിൽ മാപ്പ്.

കണ്ണാ, നമ്മുടെ വീടിന്റ മുറ്റത്തു രണ്ടു ചെടി നിൽപുണ്ടായിരുന്നു. ഒരു കറിവേപ്പും പൂച്ചട്ടിയിൽ നിൽക്കുന്ന റോസാ ചെടിയും.. വെയിൽ അടിക്കാതിരിക്കാൻ റോസാ ചെടിയ്‌ക്കു ചുറ്റും മറച്ചിരുന്നു. ശക്തമായ മഴ വരുമ്പോൾ റോസ് ചെടി ഉമ്മറത്തേക്ക് മാറ്റി വച്ചിരുന്നു..പക്ഷേ എത്ര വെയിലേറ്റിട്ടും ആ കറിവേപ്പ് ഇല തന്നുകൊണ്ടേയിരുന്നു. അത് വെയിലേറ്റ് വാടിയപ്പോഴും അതിനെ ആരും ശ്രെദ്ധിച്ചില്ല.സമയാസമയം വെള്ളം നനച്ചു കൊടുത്തുമില്ല പക്ഷേ അത് ഒരിക്കലും കരിഞ്ഞു പോയില്ല.. കാരണം കറിവേപ്പിലയ്ക്ക് അറിയാമായിരുന്നു അത് കൊഴിഞ്ഞു പോയാൽ ഒരു പക്ഷേ..

പാതിയിൽ നിർത്തി ഞാൻ വീണ്ടും തുടർന്നു.

ഏയ്‌ സാരമില്ല കണ്ണാ നീ വേഗം വീട്ടിലേക്കു വാ അമ്മ അവിടെ നിന്നെയും കാത്തിരിപ്പുണ്ട് നീ ഉറങ്ങിയതിനു ശേഷമേ ആ പാവം ഉറങ്ങാറുള്ളു അറിയാമല്ലോ നിനക്ക്..

സ്റ്റാൻഡിൽ നിന്നും സൈക്കിൾ എടുത്തു തോളിലേക്ക് ആ തോർത്ത്‌ ഇട്ട് പെടൽ ചവിട്ടുമ്പോൾ പിന്നിലെ കരിയറിൽ എന്റെ വയറിനു വട്ടമിട്ട കൈകളുമായി എന്റെ കണ്ണൻ ഉണ്ടായിരുന്നു..

നട്ടുനനച്ച ചെടി ഒരിക്കലും വാടിപോകില്ലെന്ന സന്തോഷത്തിൽ ഞാൻ സൈക്കിൾ പെടൽ ആവേശത്തോടെ ആഞ്ഞു ചവിട്ടുന്നുണ്ടായിരുന്നു.

(കാർത്തിക് )
കടപ്പാട് :വായിച്ചു മറന്നൊരു പുസ്തകതാൾ.

LEAVE A REPLY

Please enter your comment!
Please enter your name here